Homeചർച്ചാവിഷയം

ലെറ്റസ് ബ്ലീഡ് ഫ്രീ: ടാബൂവില്‍ നിന്നും മര്യാദകളിലേക്കും സ്വതന്ത്ര ഇടത്തിലേക്കും

സൊമാറ്റോയുടെ ആര്‍ത്തവാവധി നയം ആര്‍ത്തവാവധിയെക്കുറിച്ചുള്ള തീവ്രമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതിന്‍റെ വെളിച്ചത്തില്‍ ഈ ലേഖനം ദൈനംദിന ജീവിതത്തില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള സാമൂഹിക ധാരണകളെ പരിശോധിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ ആര്‍ത്തവ മര്യാദയുടെ നൈരന്തര്യത്തെ വിശകലനം ചെയ്തുകൊണ്ട് ആര്‍ത്തവത്തിന്‍റെ വ്യക്തിഗത അനുഭവങ്ങള്‍ സാമൂഹിക ധാരണകളെ എങ്ങനെയാണ് സ്വാധീനിക്കുകയെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

ആമുഖം
സൊമാറ്റോയുടെ ആര്‍ത്തവാവധി നയത്തിനു വമ്പിച്ച സ്വീകാര്യതയും മൂര്‍ച്ചയുള്ള വിമര്‍ശനവും നേരിടേണ്ടി വന്നു. ഈ തീരുമാനം സാമൂഹികഇടങ്ങളില്‍ ആര്‍ത്തവത്തെ വെളിച്ചത്തേക്ക് കൊണ്ട് വരികയും അത്തരമൊരു അവധി വേണോ വേണ്ടയോ എന്നും, അത് സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു വിമോചനമാണോ എന്നതിനെക്കുറിച്ചുമുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. അത് ഫെമിനിസത്തിന്‍റെ, തുല്യതയില്ലാത്ത ലോകത്തിനെതിരെയുള്ള ദീര്‍ഘനാളായുള്ള പോരാട്ടത്തിന്‍റെ പരാജയമാണോ അതോ സ്ത്രീശരീരത്തിന്‍റെ ജൈവികമായ പ്രത്യേകതകള്‍ സ്വീകരിക്കപ്പെട്ടതിന്‍റെ ആഘോഷവേളയാണോ എന്ന വലിയ കോലാഹലങ്ങള്‍ തന്നെ പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കി. ഈ സംവാദങ്ങള്‍ തുടരവേ, പ്രസ്തുത തീരുമാനം ഞങ്ങളുടെ മനസ്സിലേക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ടു ഞങ്ങളുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുഭവിച്ചിരുന്നതോ പങ്കു വച്ചതോ ആയ ചില സംഭവങ്ങള്‍ കൊണ്ട് വരുന്നു. കോളേജ് കാലം മുതല്‍ തന്നെ നമ്മളില്‍ പലരും ആര്‍ത്തവവുമായി ബന്ധപ്പെട്ടു വേദനകളനുഭവിച്ചതും, പാവാടയിലെങ്ങാനും പുരണ്ട നേര്‍ത്ത ചോരപ്പാടുകള്‍ ചൂണ്ടിക്കാണിക്കുന്ന സഹയാത്രികരോട് ഒഴിവുകഴിവുകള്‍ പറഞ്ഞതും, അങ്ങനെ ഓര്‍ത്തെടുക്കാനാനവധി സംഭവങ്ങള്‍ കാണും നമുക്കോരോരുത്തര്‍ക്കും. പിന്നീട്, തൊഴില്‍ ചെയ്യുന്ന സ്ത്രീകളാവുമ്പോഴേക്കും നമ്മള്‍, ‘സാമൂഹിക അംഗീകാരമുള്ള,’ എന്നാല്‍ പെട്ടന്ന് മനസ്സിലാവുന്ന, ‘ഓ എനിക്ക് തലവേദനയാണ്’ അല്ലെങ്കില്‍ “ചെറിയ അസ്വസ്ഥതയാണ്” എന്നിങ്ങനെയുള്ള കാരണങ്ങള്‍ പറഞ്ഞുകൊണ്ട് വിശ്രമം ആവശ്യമാണെന്ന് പറയാതെ പറയും. തൊഴിലിടങ്ങളില്‍ സത്യസന്ധമായി ആരെങ്കിലും ഇത് തുറന്നു പറയാന്‍ തുനിഞ്ഞാല്‍, തന്‍റെ ശബ്ദം ഉയര്‍ന്നതിനെതിരെ അവള്‍ക്ക് തുറിച്ചു നോട്ടമോ ശാസനയോ നേരിടേണ്ടി വരുന്നു.

ഈ ആര്‍ത്തവാവധിയെക്കുറിച്ചുള്ള തീരുമാനത്തില്‍ ഞങ്ങളെ ആകര്‍ഷിച്ചത്, ഒഴിവുകഴിവുകള്‍ കണ്ടു പിടിക്കുന്നതിനു പകരം നേരിട്ട് നിങ്ങളുടെ സഹപ്രവര്‍ത്തകരോട്, നിങ്ങള്‍ക്ക് ആര്‍ത്തവസംബന്ധമായ ബുദ്ധിമുട്ടുകളാണെന്നു തുറന്നു പറയാം എന്നതാണ്. ‘ആര്‍ത്തവാവധിക്കു അപേക്ഷ നല്‍കുമ്പോള്‍ ആര്‍ക്കും ലജ്ജയോ കളങ്കമോ വേണ്ട, ‘സി.ഇ.ഒ ദീപിന്ദര്‍ ഗോയല്‍ ചൂണ്ടിക്കാണിച്ചു.’ നിങ്ങളുടെ ആള്‍ക്കാരോടോ ആന്തരിക സംഘങ്ങളോടോ ഇ-മെയിലിനോ നിങ്ങള്‍ ആര്‍ത്തവാവധിയിലാണെന്നു മറുപടി പറയുന്നതില്‍ ഒരു മടിയും വിചാരിക്കേണ്ടതില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു (Mihindukulasuriya 2020). എല്ലാ സ്ത്രീകള്‍ക്കും അത് വേണമെന്നില്ലായിരിക്കും, എന്നാല്‍ ഇതിനര്‍ത്ഥം ഒരു സ്ത്രീയ്ക്കും അത് വേണ്ട എന്നല്ല. ആര്‍ത്തവസമയത്ത് കഠിനമായ വേദനയും അസ്വസ്ഥതകളുമനുഭവിക്കുന്ന സ്ത്രീകളുണ്ട്, അവര്‍ക്കിതൊരു വലിയ ആശ്വാസമാകും. ഈ കഥയുടെ ഏറ്റവും നല്ല ഭാഗമെന്താണെന്നു വെച്ചാല്‍ അത് ചുറ്റുപാടും അടിഞ്ഞു കൂടിയ നിശബ്ദത തകര്‍ക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് എന്നതില്‍ സംശയമില്ല എന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ ആര്‍ത്തവമില്ല എന്ന് നിങ്ങള്‍ക്കിനി ഭാവിക്കേണ്ടി വരില്ല, അതും ഒരു സാനിറ്ററി നാപ്കിന്‍ വരെ പൊതിഞ്ഞു വാങ്ങേണ്ട അവസരത്തില്‍; ആ പൊതിയില്‍ നാപ്കിന്‍ ആണെന്ന് പൊതി കണ്ടാല്‍ എല്ലാവരും മനസ്സിലാകുകയും ചെയ്യുന്ന സാമൂഹിക ചുറ്റുപാടില്‍. ഇതുമായി ബന്ധപ്പെട്ടിങ്ങനെ പല കാര്യങ്ങളും അടക്കത്തില്‍ സംസാരിക്കുകയും രഹസ്യമാക്കി വെയ്ക്കുകയും ചെയ്യേണ്ടി വരുന്നുണ്ട്. തങ്ങള്‍ക്ക് ആര്‍ത്തവമാണെന്നു പറയുന്നതിന് പകരം, പെണ്‍കുട്ടികള്‍ക്കു ഒരു നൂറു ക്ളിഷേ ഒഴിവുകഴിവുകള്‍, അസ്വസ്ഥതയാണെന്നും തലവേദനയാണെന്നും വയറുവേദനയാണെന്നും നിഷ്കളങ്കമായി പറയേണ്ടി വരുന്നു. അതെ, ആര്‍ത്തവത്തെക്കുറിച്ചു നിശബ്ദതയും നിഗൂഢതയും പാലിക്കുന്ന സമൂഹത്തില്‍ അതത്ര എളുപ്പത്തില്‍ പറയാന്‍ കഴിയില്ല. ഒരിയ്ക്കല്‍ ഞങ്ങളുടെ സുഹൃത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനോട് സാനിറ്ററി നാപ്കിന്‍റെ പാക്കറ്റ് പൊതിയണ്ട എന്ന് പറഞ്ഞപ്പോള്‍ അയാളവളെ പരിഭ്രമത്തോടെ നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു, “സഹോദരി, ഇത്തരം സാധനങ്ങള്‍ നന്നായി പൊതിയണം. ആളുകള്‍ കണ്ടാലെന്തു പറയും?” ഓരോ പാക്കറ്റും വെവ്വേറെ പൊതിയാന്‍ അയാള്‍ നിര്‍ബന്ധിച്ചു, ഒടുവില്‍ തന്‍റെ പാക്കിംഗ് വ്യായാമം പൂര്‍ത്തിയാക്കിയപ്പോള്‍, അയാള്‍ അത്യധികം സന്തോഷവാനും സംതൃപ്തനുമായി, വിശാലമായ ചിരിയോടെ പത്രത്തില്‍ പൊതിഞ്ഞ ചെറിയ പാക്കറ്റുകള്‍ അവള്‍ക്ക് നല്‍കി. വിഡ്ഢിത്തമോ തമാശയോ ആയി തോന്നിയേക്കാമെങ്കിലും, അത് ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ആഴത്തിലുള്ള കളങ്കത്തെയും വളരെ സാധാരണവും ജീവശാസ്ത്രപരമായ ഈ പ്രക്രിയയോടുള്ള സാമൂഹിക മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.

ആര്‍ത്തവത്തെ സംബന്ധിച്ചുള്ള നിഗൂഢതയും നിശബ്ദതയും വളരെക്കാലം മുമ്പേ തന്നെ, ജെര്‍മെയ്ന്‍ ഗ്രീര്‍ തന്‍റെ പ്രധാന കൃതിയായ ഫീമെയില്‍ യൂനക് (1970)ല്‍ പ്രസ്താവിക്കുന്നു, ‘ആര്‍ത്തവത്തോട് നമുക്കിപ്പോഴും പ്രകടമായ വെറുപ്പ് ഉണ്ട്, പ്രധാനമായും അത് ഉയര്‍ന്നു വന്നിരിക്കുന്നത് രഹസ്യാത്മകതയില്‍ നിന്നാണ്. സ്ത്രീകള്‍ ഇപ്പോഴും സാനിറ്ററി പാഡുകള്‍ വലിയ വിവേചനത്തോടെയാണ് വാങ്ങുന്നത്, അതിനു വേണ്ടി മാത്രം അവര്‍ ഹാന്‍ഡ്ബാഗുകള്‍ കൊണ്ട് പോകുന്നു. (57)’ അവരിപ്രകാരം തുടര്‍ന്നു: “നിങ്ങള്‍ക്ക് വിമോചനം നേടിയ ഒരുവളാണെന്നു സ്വയം തോന്നുന്നുവെങ്കില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ നിങ്ങളുടെ ആര്‍ത്തവരക്തമൊന്നു രുചിച്ചു നോക്കണം- അത് നിങ്ങളെ അസുഖപ്പെടുത്തുന്നുവെങ്കില്‍ നിങ്ങളിനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട് (57).’ തീര്‍ച്ചയായും ഇത് നമ്മുടെ കമല ദാസ് നമ്മോടു ആവശ്യപ്പെട്ടത് ഓര്‍മ്മപ്പെടുത്തിത്തരുന്നു: “അവനു എല്ലാം നല്‍കുക/ നിങ്ങളെ ഒരു സ്ത്രീയാക്കുന്നത് അവനു നല്‍കുക നീണ്ട / മുടിയുടെ സുഗന്ധം/ മാറിടങ്ങള്‍ക്കിടയിലെ വിയര്‍പ്പിന്‍റെ ഗന്ധം/ ചൂടുള്ള ആര്‍ത്തവരക്തത്തിന്‍റെ ഞെട്ടല്‍ ഒപ്പം നിങ്ങളുടെ / അവസാനിക്കാത്ത സ്ത്രൈണ ദാഹങ്ങളും” (1216). ‘പുരുഷന്മാര്‍ ആര്‍ത്തവിച്ചിരുന്നെങ്കില്‍’ എന്ന Gloria Steinem ന്‍റെ കൗതുകകരമായ നിരീക്ഷണങ്ങള്‍ ഒരു പക്ഷേ അതിലും പ്രശസ്തമാണ്. മറ്റു പുസ്തകങ്ങളിലൊന്ന് ക്രിസ് ബോബെലിന്‍റെ ന്യൂ ബ്ലഡ് : തേര്‍ഡ് വേള്‍ഡ് ഫെമിനിസം ആന്‍ഡ് ദി പൊളിറ്റിക്സ് ഓഫ് മെന്‍സ്ട്രഷന്‍ (2010) ആണ്, അതില്‍ അവള്‍ ആര്‍ത്തവ ആക്ടിവിസത്തിന്‍റെ തുടക്കവും പരിണാമവും കണ്ടെത്തുകയും ആര്‍ത്തവ ആക്ടിവിസ്റ്റ് പ്രസ്ഥാനത്തിന്‍റെ രണ്ട് പ്രധാന വിഭാഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു- ‘ഫെമിനിസ്റ്റ് ആത്മീയതവാദികളും'(feminist spiritualists) ‘സമ്പൂര്‍ണ ആര്‍ത്തവവാദികളും’ (radical menstruators). 1970കള്‍ സ്ത്രീകളുടെ ആരോഗ്യ പ്രസ്ഥാനം, പരിസ്ഥിതിവാദം, ഉപഭോക്തൃ ആക്ടിവിസം എന്നിവയുടെ സംയോജനത്തോടെ ആര്‍ത്തവ പ്രവര്‍ത്തനത്തിന്‍റെ ഉയര്‍ച്ചയും നിര്‍ണായകമായ ആര്‍ത്തവ ബോധത്തിന്‍റെ വികാസവും കണ്ടു. സ്ത്രീകളുടെ ആരോഗ്യ പ്രസ്ഥാനം പുരുഷ മേധാവിത്വ ??സംവിധാനത്തിലുള്ള വൈദ്യ ശാസ്ത്രത്തില്‍ സ്വന്തം ശരീരത്തിനും ആരോഗ്യത്തിനും മേലുള്ള സ്ത്രീകളുടെ നിയന്ത്രണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആര്‍ത്തവ പ്രവര്‍ത്തകര്‍ ആര്‍ത്തവ ഉല്‍പന്നങ്ങളുടെ സുരക്ഷയെയും ആര്‍ത്തവത്തെക്കുറിച്ചുള്ള സാമൂഹിക ധാരണയെയും ചോദ്യം ചെയ്തു (Mathew 2018:197).

ആര്‍ത്തവ മര്യാദകള്‍
ആര്‍ത്തവത്തെക്കുറിച്ചുള്ള അവബോധവും ആക്ടിവിസവും വര്‍ദ്ധിച്ചുവരുന്നുണ്ടെങ്കിലും, ദൈനംദിന ജീവിതത്തില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള വ്യക്തിഗത അനുഭവങ്ങള്‍ നാം ജീവിക്കുന്ന സമൂഹത്തിന്‍റെ ലിംഗപരമായ മുന്‍വിധികളില്‍ നിന്ന് മുക്തമല്ല. ആര്‍ത്തവ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും സാധാരണ സംഭാഷണങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നതും മുതല്‍ അത്തരം സംഭവങ്ങളുടെ ചലച്ചിത്ര പ്രതിനിധാനങ്ങളില്‍ വരെ, ആര്‍ത്തവ മര്യാദകള്‍ കാണാതെ പോകാനാവില്ല. കഴിഞ്ഞ ദശകത്തിലെ ഒരു ജനപ്രിയ മലയാളം സിനിമയില്‍, ഒരു വനിതാ കലാലയത്തില്‍ പ്രവേശനം നേടിയ ഏക വിദ്യാര്‍ത്ഥിക്ക്  (male student) അബദ്ധത്തില്‍ സാനിറ്ററി നാപ്കിന്‍ ലഭിച്ചപ്പോള്‍ അയാള്‍ അപമാനകരമായ അവസ്ഥയില്‍ അകപ്പെടുന്ന ഒരു രംഗമുണ്ട്. ക്ലാസ്സിലെ പെണ്‍കുട്ടികള്‍ വൃത്തിയായി പൊതിഞ്ഞ പാക്കറ്റ് പരസ്പരം കൈമാറുകയും, അവന്‍റെ ഊഴമായപ്പോള്‍ അവന്‍ തന്‍റെ മുന്നില്‍ ഇരിക്കുന്ന വ്യക്തിക്ക് അത് കൈമാറുന്നത് ടീച്ചര്‍ കാണുകയും ചെയ്യുന്നു. പാക്കറ്റില്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുമ്പോള്‍, അവന്‍ ലജ്ജിക്കുകയും, ക്ലാസ്സ് മുഴുവന്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുമ്പോള്‍, ടീച്ചര്‍ ആരെങ്കിലും (ഒരു പെണ്‍കുട്ടി) അവനില്‍ നിന്ന് അത് മേടിക്കാന്‍ ആവശ്യപ്പെടുന്നു. ഇത് പ്രേക്ഷകരെ നാണിപ്പിക്കുകയും ഉച്ചത്തില്‍ ചിരിപ്പിക്കുകയും ചെയ്ത നിഷ്കളങ്കവും രസകരവുമായ ഒരു രംഗം ആയിത്തോന്നുമെങ്കിലും, ആര്‍ത്തവ മര്യാദയുടെ ഏക നിയമവും ഒരു പ്രധാന ആശയവും വെളിപ്പെടുത്തുന്നു- “സ്ത്രീകള്‍ ഒരു തരത്തിലും ആര്‍ത്തവത്തിലേക്ക് പുരുഷന്മാരുടെ ശ്രദ്ധയെ ആകര്‍ഷിക്കരുത്”. പലരും ‘മെന്‍സ്ട്രല്‍ ടാബൂ’; ‘മെന്‍സ്ട്രല്‍ സ്റ്റിഗ്മ’ എന്നിങ്ങനെയുള്ള പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സോഫി ലോവ്സ് എന്ന ഇംഗ്ലീഷ് സോഷ്യോളജിസ്ട് ‘ആര്‍ത്തവ മര്യാദ’ എന്ന പദം ഉപയോഗിച്ചുകൊണ്ട് ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളും പുരുഷന്മാരും പാലിക്കുന്ന സാമൂഹിക നിയമങ്ങള്‍ അല്ലെങ്കില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട സാമൂഹിക ആചാരങ്ങള്‍ സൂചിപ്പിക്കുന്നു. പലപ്പോഴും ‘ആര്‍ത്തവ മര്യാദ’ എന്നാല്‍ എന്താണെന്ന് വ്യക്തമായി പഠിപ്പിക്കുന്നില്ലെങ്കിലും അറിയാതെ തന്നെ മുതിര്‍ന്ന സ്ത്രീകളില്‍ നിന്നും പെണ്കുട്ടികളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെടുന്നു. ആര്‍ത്തവ മര്യാദയുടെ ഏറ്റവും പ്രധാനപ്പെട്ടതും പൊതുവായതുമായ ഘടകങ്ങള്‍ ഒളിയ്ക്കുകയോ മറയ്ക്കുകയോ ചെയ്യുക, പൊതു / സ്വകാര്യ വ്യത്യാസം, രഹസ്യവും നിശബ്ദതയും, അല്ലെങ്കില്‍ പ്രത്യേക ഭാഷയുടെ ഉപയോഗം എന്നിവയാണ്. ഒരു വലിയ പൊതുവിടത്തില്‍ മാത്രമല്ല, ഏറ്റവും സ്വകാര്യയിടങ്ങളിലും ആര്‍ത്തവ മര്യാദകള്‍ പാലിക്കപ്പെടണമെന്നു പ്രതീക്ഷിക്കപ്പെടുന്നു (ഉദാ: ഒരു കുടുംബത്തില്‍) (ങമവേലം 2018: 400). ഗേള്‍സ് ഇന്‍ പവര്‍ (2006) എന്ന തലക്കെട്ടിലുള്ള തന്‍റെ കൃതിയില്‍ ലോറ ഫിംഗേഴ്സണ്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഭാഷയുടെ ‘പ്രത്യേക ഉപയോഗം’ ആഴത്തില്‍ വിശകലനം ചെയ്യുന്നു. അത്തരം പദപ്രയോഗങ്ങള്‍ അത് നേരിട്ട് പ്രസ്താവിക്കാനോ പരസ്യമായി പരാമര്‍ശിക്കാനോ പാടില്ല എന്ന ആശയത്തെ ശക്തിപ്പെടുത്തുകയും, അതേസമയം സംസാരിക്കുന്ന ആളുടെ ആര്‍ത്തവത്തെക്കുറിച്ചുള്ള മനോഭാവവും വെളിപ്പെടുത്തുന്നു.


ദൈനംദിന ജീവിതത്തിലെ ആര്‍ത്തവ മര്യാദകളെക്കുറിച്ചുള്ള ഒരു ചര്‍ച്ച, ആര്‍ത്തവത്തെ സമകാലിക കാലഘട്ടത്തില്‍ ലജ്ജാകരമാക്കുന്നതോ അല്ലെങ്കില്‍ അതിനോടുള്ള പ്രബലമായ സാമൂഹിക മനോഭാവത്തെ രൂപപ്പെടുത്തുന്നതോ ആയ ഘടകങ്ങള്‍ കൃത്യമായി എന്തെല്ലാമാണെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. ആര്‍ത്തവത്തെക്കുറിച്ചുള്ള, ‘നിഗൂഢമായിരിക്കേണ്ടത്’ അല്ലെങ്കില്‍ ‘അശുദ്ധം’ എന്നിങ്ങനെയുള്ള സാമൂഹിക-സാംസ്കാരിക ധാരണ കണക്കിലെടുക്കെടുക്കുമ്പോള്‍, മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ ആര്‍ത്തവത്തെ ‘പരാജയം’ അല്ലെങ്കില്‍ ‘പരാജയപ്പെട്ട ഉല്‍പ്പാദനം’ അല്ലെങ്കില്‍ ഗര്‍ഭാശയ പാളിയുടെ ‘അവശിഷ്ടങ്ങള്‍’ എന്നിങ്ങനെ പ്രതിനിധാനം ചെയ്തിരിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അതിന്‍റെ പിന്നിലുള്ള ശാസ്ത്ര തത്വങ്ങള്‍ നിരാകരിക്കാതെ തന്നെ മറഞ്ഞിരിക്കുന്ന പ്രതിനിധ്യത്തിന്‍റെ രാഷ്ട്രീയം ശ്രദ്ധിക്കേണ്ടതുണ്ട്. സമകാലിക കാലഘട്ടത്തില്‍ ആര്‍ത്തവത്തിന്‍റെ സാമൂഹിക ഘടനയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളില്‍, വാണിജ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മികച്ച ബ്രാന്‍ഡായ സാനിറ്ററി നാപ്കിന്‍ അല്ലെങ്കില്‍ മറ്റ് ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പും ഉപയോഗവും അവ ഉപയോഗിച്ച് പരിഹരിക്കാന്‍ കഴിയുന്ന ഒരു ‘ശുചിത്വ പ്രശ്നമായാണ്’ വളരെക്കാലമായി ആര്‍ത്തവത്തെ കാണുന്നത്. “വൃത്തിയായി സൂക്ഷിക്കപ്പെടെണ്ട”തെന്നും ആര്‍ത്തവ രക്തത്തിലെ അഴുക്കിനെക്കുറിച്ചുമാണ് ‘സാനിറ്ററി നാപ്കിന്‍’ എന്ന വാക്ക് പോലും ഒരാളെ ഓര്‍മിപ്പിക്കുന്നത് . ആര്‍ത്തവ ഉല്‍പന്നങ്ങളുടെ വ്യാവസായിക വളര്‍ച്ച ആര്‍ത്തവത്തെ ഒരു ‘ശുചിത്വ പ്രതിസന്ധിയാക്കി മാറ്റി, ഉചിതമായ ഉല്‍പ്പന്നം തിരഞ്ഞെടുക്കുന്ന പ്രക്രിയ ഇതിലൂടെ ലഘൂകരിക്കപ്പെട്ടു’ വ്യവസായത്തിന്‍റെയും വൈദ്യശാസ്ത്രത്തിന്‍റെയും യോജിപ്പില്‍, വാണിജ്യസാമ്പത്തിക ശക്തി സ്ത്രീശരീരത്തെക്കുറിച്ചുള്ള വ്യവഹാരത്തില്‍ ആധിപത്യം സ്ഥാപിച്ചു. ഹഫ്നഗേല്‍ ചൂണ്ടിക്കാണിച്ചതുപോലെ, (1) ശുദ്ധീകരിക്കല്‍ ആര്‍ത്തവത്തെ ഒരു ശുചിത്വ പ്രതിസന്ധിയായി വിപണനം ചെയ്യുന്നതിലൂടെ ആര്‍ത്തവ പ്രക്രിയ നിയന്ത്രിക്കുന്നതിന് പ്രത്യേക ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടതുണ്ട് എന്ന ധാരണ സൃഷ്ടിക്കപ്പെട്ടു (2) രോഗാവസ്ഥ: ശാരീരികവും ഹോര്‍മോണ്‍ സംബന്ധമായതുമായ രോഗങ്ങളില്‍ ഒന്നായി ആര്‍ത്തവം മാറ്റപ്പെട്ടു. (3) വില്പന: ആര്‍ത്തവവും ആര്‍ത്തവകാലവും ആര്‍ത്തവ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി വാങ്ങേണ്ട ജീവിത സംഭവങ്ങളായി സ്ഥാപിക്കപ്പെട്ടു . . . ‘ (2012: 85) അങ്ങനെ വാണിജ്യം ഒരു വാഹനമായി മാറി. ശരിയായ ആര്‍ത്തവ ഉല്‍പ്പന്നം ഉപയോഗിച്ചു ‘രക്തസ്രാവം’ നിയന്ത്രിക്കുന്നതിലൂടെ, സ്ത്രീ ശരീരത്തിന്‍റെ ‘പ്രതിസന്ധി’ എളുപ്പത്തില്‍ പരിഹരിച്ചു ആര്‍ത്തവം നന്നായി ‘നിയന്ത്രിക്കപ്പെടണം’ എന്ന അടിസ്ഥാന ആശയത്തിലാണ് വ്യവസായം അഭിവൃദ്ധി പ്രാപിക്കുന്നത്.

ഈ ചര്‍ച്ചയില്‍ പ്രാധാന്യമുള്ള മറ്റൊരു അനുബന്ധ ഘടകം ഒരു ‘മാതൃകാ’ ഉടല്‍ അവതരിപ്പിക്കുന്നത്തിലെ പരസ്യങ്ങളുടെ പങ്ക് ആണ്. അത് ഒരു അനുയോജ്യമായ ശരീരത്തെ പ്രതിനിധീകരിക്കുന്നു എന്ന് മാത്രമല്ല, ഈ ശരീരത്തെ ഉപഭോക്താക്കള്‍ നേടിയെടുക്കാന്‍ ശ്രമിക്കേണ്ട അഭിലഷണീയമായ ഒന്നായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ആര്‍ത്തവത്തെ ‘വാണിജ്യവല്‍ക്കരണം’ എന്ന് പറയുമ്പോള്‍, കോര്‍പ്പറേറ്റ് മേഖല ‘മാതൃകാ ‘സ്ത്രീ ശരീരം എന്ന ആശയം തീരുമാനിക്കുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്യുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ആര്‍ത്തവ ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയുമെന്നതില്‍ സംശയമില്ല, എന്നാല്‍ ഈ പരസ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അടിസ്ഥാന ആശയങ്ങള്‍ കാണാതെ പോകാനാവില്ല. ലാറ ഫ്രീഡന്‍ഫെല്‍ഡ്സ്, The Modern Period (2009) എന്ന തന്‍റെ കൃതിയില്‍, പരസ്യദാതാക്കള്‍ ഒരു ആധുനിക ശരീരത്തെ, നന്നായി കൈകാര്യം ചെയ്യപ്പെടുന്നതും ദുര്‍ഗന്ധമില്ലാത്തതും ചോര്‍ന്നൊലിക്കാത്തതും സ്വയംബോധമോ ഉത്കണ്ഠയോ ഉണ്ടാക്കാത്തതും ആര്‍ത്തവത്തിന്‍റെ തെളിവൊന്നും പ്രദര്‍ശിപ്പിക്കാത്തതുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നതായി കുറിക്കുന്നു. സ്ക്രീനില്‍ നമ്മള്‍ കാണുന്ന സാനിറ്ററി നാപ്കിനുകളുടെ മിക്ക പരസ്യങ്ങളും, ഒരു പെണ്‍കുട്ടി തനിക്ക് ആര്‍ത്തവമാണെന്ന് കണ്ടെത്തുകയും ശരിയായ ബ്രാന്‍ഡ് സാനിറ്ററി നാപ്കിന്‍ ലഭിക്കുമ്പോള്‍ അവളുടെ പെട്ടെന്നുള്ള ഉത്കണ്ഠ പരിഹരിക്കപ്പെടുകയും ചെയ്യുന്ന ഒരു ക്ലീഷേ ആശയം ഉപയോഗിക്കുന്നു. ആര്‍ത്തവമാണെന്ന് മറയ്ക്കുന്നതാണ് നല്ലതാണെന്ന ആശയമാണ് ഈ പരസ്യങ്ങളില്‍ നമ്മില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത്. വെളുത്ത വസ്ത്രം ധരിച്ച് രസകരമായ പാര്‍ട്ടിക്ക് പോകുന്ന പെണ്‍കുട്ടിയായാലും ട്രോഫിയുമായി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്ന സ്കൂള്‍ വിദ്യാര്ഥിനിയായാലുമെല്ലാം ശരിയായ ആര്‍ത്തവ ഉല്‍പ്പന്നം തിരഞ്ഞെടുത്ത് ‘ആര്‍ത്തവ പ്രദര്‍ശന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെ’ കുറിച്ചാണ് പരസ്യങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് തോന്നുന്നു. ആത്യന്തികമായി, ആര്‍ത്തവ ഉല്‍പ്പന്നത്തിന്‍റെ ശരിയായ ബ്രാന്‍ഡ് എന്നാല്‍ വെളുത്ത വസ്ത്രത്തില്‍ ഒരു രക്തക്കറ പോലും ഉണ്ടാക്കാത്ത ഒന്നാണ് എന്നതാണ്! അത്തരം പരസ്യങ്ങള്‍ പ്രത്യക്ഷത്തില്‍ പുരോഗമനപരവും ആധുനികവുമാണെന്ന് തോന്നുമെങ്കിലും, പ്രത്യേകിച്ച്, ആര്‍ത്തവിക്കുന്ന പെണ്ണുടലുകള്‍ക്കുറിച്ചുള്ള അവരുടെ ധാരണയില്‍, ‘ആര്‍ത്തവത്തെക്കുറിച്ചു ആകുലതയില്ലാത്ത ശക്തരും ആഹ്ലാദഭരിതരുമായ സ്ത്രീകളുടെ’ ചിത്രങ്ങള്‍ കാണാമെങ്കിലും, ആര്‍ത്തവവും സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട നാണക്കേടിനെയും വൃത്തിയെയും പറ്റിയുള്ള ലിംഗപക്ഷപാതപരമായ ചരിത്രസങ്കല്‍പ്പങ്ങളുടെ അടിയൊഴുക്കും ദര്‍ശിക്കാതിരിക്കാനാവില്ല.

ഉപസംഹാരം
“ആര്‍ത്തവം സ്ത്രീകളെ അപരയാക്കുന്നില്ല; അവള്‍ അപരയായതുകൊണ്ടാണ് ആര്‍ത്തവം ഒരു ശാപ’മെന്നു എലിസബത്ത് കിസ്ലിംഗ് ശരിയായി നിരീക്ഷിക്കുന്നു  (qtd. in Hufnagel 2012: 1). ആര്‍ത്തവം ഒരു പുരുഷ പ്രശ്നമായിരുന്നെങ്കില്‍ എന്ന, ആര്‍ത്തവത്തെക്കുറിച്ച് സാധ്യമായതും തികച്ചും വ്യത്യസ്തമായ ധാരണ അവതരിപ്പിക്കുന്നതുമായ, Gloria Steinem ന്‍റെ കള Men Could Menstruate,” എന്ന തമാശയും ചിന്തയും ഉണര്‍ത്തുന്ന ഒരു ഭാഗം വായിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തവും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ ‘ആര്‍ത്തവാവധി’ എന്ന സ്ത്രീകളുടെ പ്രശ്നമായ യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍, അത് ഒരു തരത്തിലും സ്ത്രീ ബലഹീനതയെ അല്ല അംഗീകരിക്കുന്നത്, സ്ത്രീ ശരീരത്തിന്‍റെ ആരോഗ്യകരമായ സ്വീകാര്യതയെയാണ്. ആര്‍ത്തവമുള്ള അവരുടെ ശരീരത്തെക്കുറിച്ചു ലജ്ജിക്കേണ്ട കാര്യമില്ലെന്ന് നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അത് ദൈനംദിന തലത്തില്‍ ആര്‍ത്തവത്തെ അപകീര്‍ത്തി നീക്കുകയും അതേക്കുറിച്ച് ക്രിയാത്മകമായ സംഭാഷണം ആരംഭിക്കുകയും ചെയ്യുന്നു എന്നതാണ്. ആര്‍ത്തവാവധിയെ സ്ത്രീസമൂഹം എങ്ങനെ കാണുന്നു എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവസംബന്ധമായി ഒരു ദിവസം അവധി ആവശ്യപ്പെടുന്ന സ്ത്രീകള്‍ ബലഹീനരോ അല്ലെങ്കില്‍ ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ പെരുപ്പിച്ചുകാട്ടുന്നവരോ ആയി വിലയിരുത്തപ്പെടുന്നു. സ്ത്രീകള്‍ ബലഹീനരാണ് എന്ന തരത്തിലുള്ള ഇത്തരം തെറ്റായ അനുമാനങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്. ഒരു സ്ത്രീക്ക് ആര്‍ത്തവാവധി വേണ്ടി വരുമ്പോള്‍ മറ്റൊരാള്‍ക്ക് അത് ആവശ്യമില്ലാതെ വരുന്നു. അതുപോലെ, ആര്‍ത്തവാവധി എന്ന ലഭ്യമായ ഓപ്ഷന്‍ ഉപയോഗിക്കുന്നതില്‍ ലജ്ജാകരമായ യാതൊന്നും ഉണ്ടാകേണ്ടതില്ല, ‘ആളുകള്‍ എന്ത് പറഞ്ഞേക്കാം’ എന്ന ചിന്ത തള്ളിക്കളയേണ്ടതാണ്.

ആര്‍ത്തവ ആക്ടിവിസം എന്നത് പ്രത്യേകമായ എന്തെങ്കിലും പ്രിവിലെജുകള്‍ ആവശ്യപ്പെടുന്നില്ല, അത് വ്യത്യസ്തതകള്‍ അംഗീകരിച്ചു കൊണ്ടുള്ള സമത്വമാണാവശ്യപ്പെടുന്നത്. ആര്‍ത്തവത്തെക്കുറിച്ചു തന്‍റെ കലയിലൂടെ സംസാരിക്കാനാരംഭിച്ച ജെന്‍ ലൂയിസ്, കവിതാശകലങ്ങളിലൂടെ ആര്‍ത്തവത്തെക്കുറിച്ചുള്ള ആശങ്കകളവതരിപ്പിച്ച എമിലി ബാസ്, ലുസില്ലെ ക്ലിഫ്ടണ്‍, ‘Happy to Bleed’ or ‘Red Alert: You’ve Got a Napkin’ തുടങ്ങിയ നമ്മുടെ രാജ്യത്തെ ആര്‍ത്തവ കാമ്പയിനുകള്‍,Red Cycle പോലുള്ള ഗ്രൂപ്പുകള്‍ എന്നിവര്‍ ആര്‍ത്തവം എന്നത് അശുദ്ധമായ ഒരു പ്രക്രിയ അല്ലെന്നും അത് നിശബ്ദമാക്കപ്പെടേണ്ടതോ ഒളിച്ചു വെക്കേണ്ടതോ ആയിട്ടുള്ള നിസ്സാരകാര്യമല്ലെന്നു വെളിവാക്കുന്നു. ആര്‍ത്തവാവധി തീര്‍ച്ചയായും ആര്‍ത്തവ കളങ്കം മായ്ക്കുന്നതിനും കൂടുതല്‍ ലിംഗ സൗഹൃദ പ്രൊഫഷണല്‍ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ധീരമായ ചുവടുവയ്പ്പാണെങ്കിലും, ഇനിയും വളരെയധികം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ട്. അങ്ങനെ ആര്‍ത്തവാവധി വന്നെങ്കിലും, ആര്‍ത്തവത്തെക്കുറിച്ചുള്ള സ്റ്റിഗ്മ ഇനിയും ഇനിയും മാറേണ്ടതുണ്ട്….

ഗ്രന്ഥസൂചി

Bobel, Chris (2010): New Blood: Third- Wave Feminism and the Politics of Menstruation, USA: Rutgers UP.

“Capitalizing on the Curse: The Business of Menstruation.” Google Books. <https://books.google.co.in/books/about/Capitalizing_on_the_Curse.html?id=K-XaAAAAMAAJ&source=kp_book_description&redir_esc=y>

Das, Kamala. “The Looking Glass.” PoemHunter.com. < https://www. poemhunter. com/poem/the-looking-glass-11/ >

Fingerson, Laura (2006): Girls in Power: Gender, Body, and Menstruation in Adolescence, Albany: State U of New York P.

Frank, Priscilla. “Artist Explores The Unexpected Beauty Of Menstrual Blood Using Macrophotography.” Huffpost. 07 Dec 2017. <https://www.huffingtonpost.in/entry/jen-lewis-beauty-in-blood_n_7205908?ri18n=true >

Freidenfelds, Lara (2009): The Modern Period: Menstruation in Twentieth- Century America, USA: John Hopkins UP.

Greer, Germaine (1971): The Female Eunuch, USA: McGraw.

Hufnagel, Glenda Lewin (2012): A History of Women’s Menstraution from Ancient Greece to the Twenty- First Century: Psychological, Social, Medical, Religious, and Educational Issues, USA: Edwin Mellen Press.

Johari, Aarefa. “‘Red Alert: You’ve Got a Napkin’ campaign – Kerala activists fight menstrual taboos #Vaw.” Kractivism. <https://kractivist.org/red-alert-youve-got-a-napkin-campaign-kerala-activists-fight-menstrual-taboos-vaw/ >

Laws, Sophie (1990): Issues of Blood: The Politics of Menstruation, London: Macmillan.

Martin, Emily (1991): “The Egg and the Sperm: How Science has Constructed a Romance Based on Stereotypical Male- Female Roles.” Signs Vol 16, No 3, pp 485- 501. JSTOR. Web. <https://web.stanford.edu/~eckert/PDF/Martin1991.pdf>

—  (2001): The Woman in the Body: A Cultural Analysis of Reproduction, Boston: Beacon Press.

Mathew, Rosemaria Regy (2018): “The Crimson Journey from Taboo to Etiquette.” Language in

India Vol 18, No 3, pp 398-406. Web. <http://languageinindia.com /march2018/ rosemariacrimsonjourney1.pdf>

—  (2018): “A Bloody Fight: An Overview Of Menstrual Activism.” Global Journal of Advanced Research Vol 5, No 5, pp 197-199. Web. < http://gjar.org/ publishpaper /vol5issue5/ d823r27.pdf >

Mihindukulasuriya, Regina. ‘They need to rest this out’ — Zomato introduces ‘period leave’ for

women, transgender staff.” The Print. 09 Aug 2020.< https://theprint.in/india/they-need-to-rest-this-out-zomato-introduces-period-leave-for-women-transgender-staff/478084/ >

Sathyendran, Nita. “Thinking Red and Green.” The Hindu. 02 June 2017.

<https://www.thehindu.com/society/shradha-shreejaya-on-the-pioneering-work-of-sustainable-menstruation-kerala-collective/article18707416.ece>

Steinem, Gloria “If Men Could Menstruate.” <http://ww3.haverford.edu/ psychology/ ddavis/

p109g/steinem.menstruate.html>

“The Last Enemy To Be Conquered Is Mother Nature: Menstruation in Advertising.”

<https://www.reed.edu/anthro/adprojects/2011/case_jacobson_spillane/#:~:text=The%20Always%20slogan%2C%20%22Have%20a,advertisements%20for%20Tampax%20brand%20tampons>

“Why are Indian women ‘Happy to Bleed’?” BBC. 23 Nov 2015.

<https://www.bbc.com/news/world-asia-india-34900825 >

Wisher, Yolanda. “Rubyfloetics: A Period Poem Mixtape.” Poetry Foundation, 29 Apr. 2015.

Web. <https://www.poetryfoundation.org/harriet/2015/04/rubyfloetics-a-period-poem-mixtape>

റോസ്മരിയ മാത്യു
സീനിയര്‍ റിസര്‍ച്ച് ഫെല്ലോ
ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് ഗാന്ധിഗ്രാം റൂറല്‍
ഇന്‍സ്റ്റിട്യൂട്ട് തമിഴ്നാട്

 

 

 

 

 

 

 

 

 

 

 

ഡോ.എസ്. ബാലസുന്ദരി
അധ്യാപിക
ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്
ഗാന്ധിഗ്രാം റൂറല്‍
ഇന്‍സ്റ്റിട്യൂട്ട് തമിഴ്നാട്

 

 

 

 

 

 

 

 

 

 

വിവര്‍ത്തക:
ഡോ. അനു കുര്യാക്കോസ്
അധ്യാപിക, ഇംഗ്ലീഷ് വിഭാഗം
എസ്.ആര്‍.എം.യൂണിവേഴ്സിറ്റി
ആന്ധ്ര പ്രദേശ്

COMMENTS

COMMENT WITH EMAIL: 0