Homeഅഭിമുഖം

ലൈംഗികാതിക്രമങ്ങളെ അഭിമുഖീകരിക്കുമ്പോള്‍

സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. സന്ധ്യാ ജനാര്‍ദ്ധനന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെയും സ്ത്രീശാക്തീകരണത്തെയും കുറിച്ച് സംസാരിക്കുന്നു.

അഡ്വ. സന്ധ്യാ ജനാര്‍ദ്ധനന്‍

1. നമ്മുടെ ചുറ്റും സ്ത്രീകള്‍ ഒരുപാട് അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ കരുണയുടെയും കരുതലിന്‍റെയും മറവില്‍ അതിക്രമം നടക്കുന്നുണ്ട്. ഇത് മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ആണോ നമ്മുടെ സാമൂഹികവ്യവസ്ഥ മനസിലാക്കിയാല്‍ തന്നെ അതിനെതിരെ പ്രതികരിക്കാനുള്ള ധൈര്യവും ചുറ്റുപാടും അവര്‍ക്കുണ്ടോ?
എനിക്ക് തോന്നുന്നത് പല തരത്തിലുള്ള അതിക്രമങ്ങളും നടക്കുന്നുണ്ട്. അതില്‍ തന്നെ പലതും പതിഞ്ഞ സ്വഭാവത്തില്‍ നടക്കുന്നവയാണ്. ഇവയൊക്കെ ചൂഷണമാണെന്ന് മനസ്സിലാക്കുക എന്നതാണ് ആദ്യ കടമ്പ . മനസ്സിലാക്കിയതിനുശേഷം നമ്മുടെ സാമൂഹിക വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഇതിനെതിരെ പ്രതികരിക്കുക എന്നുള്ളതാണ് രണ്ടാമത്തെ കാര്യം. എന്നാല്‍ ഇന്ന് ഇവയൊന്നും വകവയ്ക്കാതെ ഒരുപാട് സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ഈ മാറ്റം പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. നമ്മുടെ സ്ത്രീകള്‍ ഇപ്പോള്‍ മാറ്റത്തിന്‍റെ പാതയിലാണ്. സ്ത്രീ ശാക്തീകരണ പ്രക്രിയ പ്രകടമായി നമുക്ക് ചുറ്റും കാണാന്‍ കഴിയുന്നുണ്ട്. ഈ മാറ്റത്തിന് അടിത്തറയിട്ട കാരണങ്ങളില്‍ ഒന്നായി എനിക്ക് തോന്നുന്നത് 2017 ല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്ന ചര്‍ച്ചകളാണ്. ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ സ്ത്രീകളെ മുന്‍നിരയിലേക്ക് എത്തിക്കുന്നതായി കാണാന്‍ കഴിഞ്ഞു. പക്ഷെ ഇതിലുള്ള ഒരു പ്രശ്നം എന്തെന്നാല്‍ ഇങ്ങനെ മുന്നിലേക്ക് വരുന്ന സ്ത്രീകളെ പിന്‍തുണയ്ക്കാനായി ഒരു സൗഹൃദ സമ്പ്രദായം ഈ നാട്ടിലുണ്ടാവണം എന്നുള്ളതാണ്. അങ്ങനെയൊരു വ്യവസ്ഥ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് വളരെ വലിയൊരു കാര്യമായിരിക്കും.

2.ഇത്തരത്തിലുള്ള കേസുകള്‍ കോടതികളില്‍ എത്തുമ്പോള്‍ വൈകാരികതയുടെ ഭാഗമായി അവയെല്ലാം വളച്ചൊടിക്കപ്പെടുന്നുണ്ടോ? കൃത്യമായ രീതിയില്‍ നീതി നടപ്പില്ലാക്കുന്നുണ്ടോ…?
സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ പലപ്പോഴും അവരുമായി ബന്ധപ്പെട്ട് സമുഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകള്‍ കേസിനെയും വിധിയെയും സ്വാധീനിക്കുന്നതായി എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തെളിവുകളെ അടിസ്ഥാനമാക്കിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും ചില സാഹചര്യങ്ങളില്‍ ആത്മനിഷ്ഠയായാണ് വിധികള്‍ വരുന്നത്. ഇത് കൊണ്ടാണല്ലൊ പല കീഴ്ക്കോടതി വിധികളെയും മാറ്റിമറിക്കുന്ന മേല്‍കോടതി വിധികള്‍ വന്നിട്ടുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തെ കാലയളവിനുള്ളില്‍ നിന്ന് നോക്കിയാല്‍ നമ്മുടെ നിയമങ്ങളും സംവിധാനങ്ങളുമൊക്കെ ഒരുപാട് പരോഗമിച്ചതായി കാണാന്‍ കഴിയും. എന്നാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ നമ്മളിന്നും പിന്നിലാണെന്നാണ് എനിക്ക് തോന്നുന്നത്. നിയമനിര്‍മ്മാണത്തിലൂടെ മാത്രം ഇത് കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയില്ല. ഒരു സ്ത്രി എന്തെങ്കിലും തരത്തിലുള്ള അനീതി നേരിട്ടാല്‍, അതിനെതിരെ പോരാടണം എന്ന് ഉറപ്പിച്ചാല്‍ അവിടം മുതല്‍ അവര്‍ക്ക് ഉറച്ച പിന്തുണയുമായി നിലകൊള്ളാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയണം. നിലവിലുള്ള സഹായസംവിധാനങ്ങളെ പറ്റി വ്യക്തമായ ബോധവല്‍ക്കരണം സ്ത്രീകള്‍ക്ക് നല്‍കേണ്ടതും അനിവാര്യമാണ്.

3.നിയമപരമായി ഒരു വ്യക്തിക്ക് സമ്മതം നല്‍കാന്‍ ഉള്ള പ്രായം ഏതാണ് ?പോക്സോ കേസുകളില്‍ സമ്മതത്തിനുള്ള പ്രാധാന്യം എന്താണ്?
18 വയസ്സിനു താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതോ ലൈംഗികചുവയോടെ നോക്കുന്നതോ പോലും ഒരു അതിക്രമായാണ് നിയമം കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിക്ഷാനടപടികളുമൊക്കെയാണ് POSCO Act ല്‍ പറയുന്നത്. കുട്ടിയുടെ സമ്മതത്തോടുകൂടി ലൈ0ഗികബന്ധതില്‍ ഏര്‍പ്പെട്ടാലും അത് ശിക്ഷാര്‍ഹമാണ്. ഈ നിയമം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഒന്നാണ്. അതുകൊണ്ടു തന്നെ ഇത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെല്ലാം സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത് . അതിന്‍റേതായ പ്രാധാന്യത്തോടെ ഈ നിയമത്തെ കാണണം എന്നാണ് എനിക്ക് തോന്നുന്നത്. കണ്‍സെന്‍റ് പോലെയുള്ള കാര്യങ്ങള്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ത്താല്‍ അവയൊക്കെ വളച്ചൊടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുട്ടികള്‍ക്കും വ്യക്തമായ അവബോധം നല്‍കേണ്ടതുണ്ട്.

4. താങ്കള്‍ക്ക് ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവും. വൈകാരികമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. അതില്‍ നിന്നെല്ലാം എങ്ങനെയാണ് മുക്തി നേടുന്നത് അല്ലെങ്കില്‍ എപ്പോഴും ഒരു അഭിഭാഷക എന്ന നിലക്ക് വസ്തുതകള്‍ മാത്രം അടിസ്ഥാനമാക്കി നില്‍ക്കാന്‍ കഴിയുമോ ? ഒരു മനുഷ്യന്‍ എന്ന നിലക്ക് വൈകാരികമായി ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?
ഞാനൊരു അഭിഭാഷകയാകുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. ‘സ്ത്രീവേദി’, ‘സഖി’ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയത്താണ് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും നിയമപരമായി അത് കൈകാര്യം ചെയ്യാനും അവരുടെ കൂടെ അണിചേര്‍ന്ന് പോരാടാനും ഒരു അഭിഭാഷകയ്ക്ക് കഴിയും എന്നുള്ളത് മനസ്സിലാക്കിയതു കൊണ്ടാണ് ഈ രംഗത്തേക്ക് ഞാന്‍ ചുവടെടുത്ത് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ പ്രശ്നങ്ങളും വെല്ലുവിളികളുമെല്ലാം നേരിടാന്‍ പാകത്തിന് മനസ്സിനെ പരുവപ്പെടുത്തിയിട്ടുണ്ട്. ഒരു അഭിഭാഷക എന്നതിലുപരി ഒരു ആക്റ്റിവിസ്റ്റായി തന്നെയാണ് ഞാനിപ്പോഴും ഏതൊരു കേസിനെയും സമീപിക്കുക. ദിനംപ്രതി അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും കഥകള്‍ കേള്‍ക്കുമ്പോള്‍ ചില സമയങ്ങളില്‍ മാനസികമായി ബുദ്ധിമുട്ട് തോന്നാറുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അടുത്ത സുഹൃത്തുക്കളുമായോ മകളുമായോ സംസാരിക്കാറുണ്ട്.

5. എല്‍.ജി.ബി.ടി.ക്യു.ഐ.എ+ സമൂഹത്തിന് നിയമപരമായി എത്രത്തോളം സംരക്ഷണം കിട്ടുന്നുണ്ട് ?
അവര്‍ക്ക് നിയമം ഉറപ്പു നല്‍കുന്ന അവകാശങ്ങളും നീതിയും എങ്ങനെ ഉറപ്പു വരുത്താം?
ഭരണഘടന ഉറപ്പു നല്‍കുന്ന എല്ലാ അവകാശങ്ങളുമുള്ള പൗരന്മാരാണെങ്കില്‍ പോലും സാമ്പത്തിക ചൂഷണം, ലൈംഗിക ചൂഷണം തുടങ്ങിയ ഒട്ടേറെ വിവേചനങ്ങള്‍ നേരിടുന്ന ഒരു വിഭാഗമാണ് എല്‍.ജി.ബി.ടി.ക്യു.ഐ.എ+ സമൂഹം. 2020 ജനുവരി 10 നാണ് ട്രാന്‍സ്ജെന്‍റര്‍ ആക്റ്റ് നിലവില്‍ വരുന്നത്. ട്രാന്‍സ്ജെന്‍റര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഈ നിയമം ഒരു പരിധിവരെ വിജയിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഹോമോസെക്ഷ്വല്‍ വ്യക്തികളോടുള്ള സമൂഹത്തിന്‍റെ കാഴ്ച്ചപാടിലാണ് മാറ്റം വരേണ്ടത്. എല്‍.ജി.ബി.ടി.ക്യു.ഐ.എ+ സമൂഹത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ അവരുടെ ദൃശ്യത (visibility) കൂട്ടാന്‍ പരിശ്രമിക്കുന്നത് വളരെയധികം പ്രതീക്ഷയുളവാക്കുന്ന ഒരു കാര്യമാണ്. ഇതോടൊപ്പം നിയമത്തിന്‍റെ പരിരക്ഷ കൂടി ഉറപ്പാക്കാന്‍ സാധിച്ചാല്‍ അത് വലിയൊരു മാറ്റത്തിലേക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.

6.ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന ഒരുപാട് പേര്‍ ഇപ്പോള്‍ പുറത്തേക്ക് എത്തുന്നുണ്ട്.അവരും ഈ സോഷ്യല്‍ സിസ്റ്റത്തിന്‍റെ ഭാഗമാണ്.പല കാര്യങ്ങളും തുറന്ന് പറയുന്നതില്‍ മടി ഉണ്ടാവാന്‍ സാധ്യതയുണ്ട്.അതിനെയൊക്കെ എങ്ങനെ അഡ്രസ് ചെയ്യും? മാറ്റത്തിന്‍റെ പാതയില്‍ നില്‍ക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ നമുക്കെങ്ങനെ അവരെ പിന്‍തുണക്കാം ?
താന്‍ നേരിടുന്നത് അതിക്രമം ആണെന്ന് ഒരു സ്ത്രീ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തിലുള്ള പീഡനങ്ങള്‍ താന്‍ സഹിക്കേണ്ടതില്ല എന്ന് ഉറച്ച തീരുമാനം എടുക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ തീരുമാനം ഒരു സ്ത്രീ എടുത്താല്‍ മാത്രമേ നിയമപരമായും മാനസികമായുമൊക്കെ മറ്റുള്ളവര്‍ക്ക് അവരെ പിന്‍തുണയ്ക്കാന്‍ കഴിയുകയുള്ളു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുന്‍വിധികളൊന്നും കൂടാതെ സ്ത്രീകളെ പിന്‍തുണയ്ക്കേണ്ടത്. ഉത്ര, വിസ്മയ തുടങ്ങിയ പെണ്‍കുട്ടികള്‍ക്കുണ്ടായ അനുഭവങ്ങളെല്ലാം നാം ഭീതിയോടെയാണ് കണ്ടത്. ഈ കേസുകളുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളെല്ലാം തന്നെ വലിയൊരു മാറ്റത്തിന് വഴിതെളിക്കുന്നതായി കാണാന്‍ കഴിയുന്നുണ്ട്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളുമായി ഒരുപാട് സ്ത്രീകള്‍ മുന്നിലേക്ക് വരുന്നുണ്ട്.

7.സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സ്ത്രീകള്‍ മാത്രം ചിന്തിച്ചാല്‍ മതിയോ? അത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമല്ലേ?
നിര്‍ഭാഗ്യവശാല്‍ സ്ത്രീശാക്തീകരണത്തെ ഒരു ഏകവഴി പ്രക്രിയയാണ്. പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ ഇത് സംബന്ധിച്ച കാര്യങ്ങളെല്ലാം മനസ്സിലാക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള , സ്വന്തമായി നിലപാടുള്ള, സാമ്പത്തിക സ്ഥിരതയുള്ള ഒരു പെണ്‍കുട്ടിയോട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ കെല്‍പ്പുള്ളവരായി നമ്മുടെ ആണ്‍കുട്ടികളെ നമ്മള്‍ വാര്‍ത്തെടുക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. ഇനിയുള്ള കാലത്ത് ഭര്‍ത്താവിനെയും മക്കളെയും സേവിക്കുന പരിചാരകയായി ഒതുങ്ങികൂടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകില്ല. വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും തന്നെ ജെന്‍ററിനെ കുറിച്ചും ജീവിതനൈപുണ്യത്തെ കുറിച്ചുമൊക്കെ വ്യക്തമായ ധാരണ എല്ലാ കുട്ടികള്‍ക്കും നല്‍കണം. ഇങ്ങനെയുള്ള നിരന്തരമായ ഇടപെടലുകളിലൂടെ മാത്രമേ നമുക്ക് ഈ ലോകത്തെ ഒരു സമത്വസുന്ദരമാക്കാന്‍ കഴിയുകയുള്ളു.

മാളവിക എം.ദേവി
പി ജി വിദ്യാര്‍ത്ഥി
കമ്മ്യൂണിക്കേഷന്‍ &ജേര്‍ണലിസം
കേരള സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0