ലൈംഗികാതിക്രമത്തെക്കുറിച്ച് പിതൃമേധാവിത്വ സങ്കല്പത്തില്‍ ഉറച്ചുപോയ കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ബലം പ്രയോഗിച്ചുള്ള സംയോഗം എന്നതിനേക്കാള്‍, മറ്റൊരു വ്യക്തിയുടെ മേലുള്ള കടന്നു കയറ്റം എന്ന രീതിയിലാണ് ഇപ്പോള്‍ നമ്മളിതു കാണുന്നത്. മറ്റുള്ളവര്‍ അതിക്രമിച്ചു കടക്കാതെ സ്വയം സംരക്ഷിക്കേണ്ടത് സ്ത്രീയുടെ കടമയാണെന്ന ബോധത്തില്‍ നിന്നും വ്യവഹാരങ്ങളില്‍ നിന്നുമുള്ള മാറ്റമാണിത്.
സ്ത്രീകള്‍ക്കനുകൂലമായ നിയമങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടെയുള്ളൂ. അത് പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ പൊതുസമൂഹം ഒരുപാടു മാറേണ്ടതുണ്ട്. ഭരണഘടനയുടെ മൂല്യങ്ങളും സാമൂഹ്യനീതിയും ഒത്തുപോകണം. അത് കഴിയാത്തത് കൊണ്ടാണ് നിയമങ്ങള്‍ ഉണ്ടെങ്കില്‍ പോലും അവ ശരിയായ രീതിയില്‍ നടക്കാത്തത്.
ലൈംഗിക അതിക്രമങ്ങളില്‍ പലപ്പോഴും നീതി ലഭിക്കാതെ പോകുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ മൂല്യങ്ങള്‍ മൂലമാണ്. അക്രമം അനുഭവിക്കുന്ന സ്ത്രീയോട് അനുതാപത്തോടെ സമീപിക്കാന്‍ സ്വന്തം വീട്ടിലുള്ളവര്‍ക്ക് പോലും കഴിയാറില്ല. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രത്യേക പരിശീലനം ഇല്ലെങ്കില്‍ അവരും സമൂഹത്തില്‍ നിന്നു തന്നെ വരുന്നവരായത് കൊണ്ട്, എങ്ങനെ കരുതലോടെ അക്രമ വിധേയരെ സമീപിക്കണം എന്നറിയുന്നുണ്ടാവില്ല.
ഓരോരോ കാലത്തും നിലനില്‍ക്കുന്ന ആശയങ്ങളാണ് മെഡിക്കല്‍ സമൂഹത്തിലും പ്രതിഫലിക്കുന്നത്. മെഡിക്കല്‍ സയന്‍സില്‍ ഫോറന്‍സിക് മെഡിസിന്‍ ആണ് റേപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നത്. മാധ്യമങ്ങള്‍ പലപ്പോഴും ഇത് പൊലിപ്പിച്ച് ഒരു തരം ക്രൂരമായ ആസ്വാദ്യത ഉണ്ടാക്കുന്നത് പോലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ഈ വിഷയം ലഘുവായോ രസിപ്പിക്കുന്നതായോ ഒക്കെ ആയി കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്. പൊതുവേദികളിലും വിനോദങ്ങളിലും ഒക്കെ ഇത് തമാശയാകാറുണ്ട്. ഫോറന്‍സിക് ക്ലാസില്‍ ഒരിക്കല്‍ ഒരു പ്രൊഫസര്‍ വിഷയം അവതരിപ്പിച്ചത് ഇങ്ങനെ ഒരു ആമുഖത്തിലൂടെയാണ്. ‘If rape is inevitable, lie down and enjoy it.’ ഇത് കാലങ്ങളായി നില നിന്ന് പോന്ന ഒരു ചൊല്ലാണ്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ വഷളന്‍ ചിരിയും, പെണ്‍കുട്ടികളുടെ മുഖത്ത് ജാള്യതയും. ചിലരുടെ എങ്കിലും ഉള്ളില്‍ രോഷം ഇരച്ചു പൊന്തിയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു. അടുത്തിടെ പോലും ഈ ചൊല്ല് ഇന്ത്യയിലെ ഒരു നിയമസഭയില്‍ ഉയരുകയും എന്നാല്‍ പഴയതിനെ അപേക്ഷിച്ച് രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. നമ്മുടെ പൊതു വ്യവഹാരങ്ങള്‍ പതുക്കെ മാറുന്നത് കൊണ്ട് കൂടിയാണിത്. ഇക്കാലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇതൊന്നും ആസ്വദിക്കുമെന്ന് തോന്നുന്നില്ല. അഥവാ, ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
സ്ത്രീകള്‍ റേപ് ഇഷ്ടപ്പെടുന്നു എന്ന് പോലും വിശ്വസിച്ച് പോന്ന സമൂഹമാണ് നമ്മുടേത്. സ്ത്രീകളുടെ യോനിയില്‍ ഒരു താക്കോലിട്ടു തിരിച്ചാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം പോലെ, ലിംഗം ഉത്തേജനം ഉണ്ടാക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. മസ്തിഷ്കം ഉണര്‍ന്നാല്‍ മാത്രമാണ് ലൈംഗികതയും ഉണരുക എന്നവര്‍ അറിയുന്നില്ല. വൈദ്യശാസ്ത്രം തന്നെ പ്രത്യുത്പാദനവും ലൈംഗികതയും ജനനേന്ദ്രിയത്തിന്‍റെ മാത്രം ധര്‍മ്മമായി കണ്ടിരുന്നു. വ്യത്യസ്ത അവയവങ്ങളും രാസഘടകങ്ങളും, സാമൂഹ്യമായ ഘടകങ്ങള്‍ പോലും ഒത്തൊരുമിച്ചാണ് ഈ ധര്‍മ്മങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇന്ന് മനസ്സിലാക്കിയിട്ടുണ്ട്.
ലൈംഗികതയുടെ ഗുണപരമായ വശങ്ങള്‍ മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, അതിലെ കുറ്റകൃത്യങ്ങള്‍ ഫോറന്‍സിക് മെഡിസിന്‍, വിഷയമാക്കിയിട്ടുണ്ട്. അതില്‍, ലിംഗയോനീ സംയോഗം (peno vaginal sex) ഒഴിച്ചുള്ള ലൈംഗിക ഇടപെടലുകള്‍ എല്ലാം ശാസ്ത്രീയമെന്നതിനെക്കാള്‍, സാമൂഹ്യ വ്യവഹാരക്കങ്ങള്‍ക്കനുസരിച്ചാണ് നിര്‍വ്വചിച്ചത്. സ്വയംഭോഗവും സ്വവര്‍ഗരതിയുമെല്ലാം രോഗമായോ കുറ്റമായോ കണ്ടത് ഇതു മൂലമാണ്.
നിര്‍ഭയ കേസിനെ തുടര്‍ന്ന് 2013 ലും 2018ലും ഉണ്ടായ ക്രിമിനല്‍ നിയമഭേദഗതി സാമൂഹ്യ വ്യവഹാരങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.കേസ് കൊടുക്കാന്‍ പോലും സ്ത്രീകള്‍ ധൈര്യപ്പെടാത്ത ഇടത്തില്‍ നിന്നാണ് ഇപ്പോള്‍ കുറെ ഒക്കെ മുന്നോട്ട് വന്നിട്ടുള്ളത്. കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ മെഡിക്കല്‍ തെളിവുകള്‍ വളരെ പ്രധാനമാണ്. ശരീരത്തിനും മനസ്സിനും മുറിവേറ്റിരിക്കുന്ന സ്ത്രീക്ക് വേദനയും അപമാനവും താങ്ങാന്‍ പറ്റാത്തതായിരിക്കും. അവരോട് സംസാരിക്കുമ്പോഴും ശരീരം പരിശോധിക്കുമ്പോഴും നല്ല കരുതല്‍ വേണം. ആശുപത്രിയില്‍ തിരക്കിനിടയില്‍ ആയിരിക്കും ഡോക്ടര്‍മാരും നഴ്സുമാരും ഇവരെ പരിശോധിക്കുന്നത്. ആ അവസ്ഥയും ലൈംഗിക അതിക്രമം ഏറ്റുവാങ്ങുന്നവരോട് സമൂഹത്തില്‍ പൊതുവേ കാണുന്ന സംശയവും ഒക്കെ ആരോഗ്യപ്രവര്‍ത്തകരെ ഈ ഘട്ടത്തില്‍ നിസ്സംഗരോ അസ്വസ്ഥരോ അനുതാപശൂന്യരോ ആക്കി മാറ്റിയേക്കാം. 2013ല്‍ ക്രിമിനല്‍ നിയമ ഭേദഗതി വരുന്നത് വരെ ഇക്കാര്യം ആരും പരിഗണിച്ചിരുന്നില്ല. എന്നാല്‍ അതിനു ശേഷം കേരള ഗവണ്മെന്‍റും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സന്നദ്ധ സംഘടനകളും നിലവിലുള്ള മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ സ്ത്രീ സൗഹാര്‍ദ്ദപരമായി മാറ്റി എഴുതാന്‍ മുന്നിട്ടു. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പിന്തുടര്‍ന്ന് കൊണ്ട് കൂടി ആയിരുന്നു ഇത്.
സ്ത്രീകളുടെ ശരീരത്തിന്‍റെ അധികാരം ഒരു പൗര എന്ന നിലക്ക് അവള്‍ക്കുണ്ടെന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പിക്കുന്നു എങ്കിലും നമ്മുടെ വ്യവഹാരങ്ങള്‍ എപ്പോഴും പിതൃമേധാവിത്വസമ്പ്രദായം നിലനിര്‍ത്തി പോന്നു. അതിന്‍റെ പ്രതിഫലനമാണ് വിധേയയായ സ്ത്രീയോടുള്ള കോടതി സമീപനങ്ങളിലും മെഡിക്കല്‍ പരിശോധനകളില്‍ പോലും കണ്ടിരുന്നത്. ഏറെ വിവാദമായ റ്റൂ ഫിംഗര്‍ ടെസ്റ്റ് (Two finger test) ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്.
ഇപ്പോള്‍ ഈ വിഷയത്തില്‍ ഫെമിനിസ്റ്റ്/ ഇന്‍റര്‍സെക്ഷണല്‍/ഇന്‍റര്‍ഡിസിപ്ലിനറി സമീപനങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചു വരുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. ഈ സന്ദര്‍ഭത്തില്‍ തിരുത്തി എഴുതപ്പെട്ട ലൈംഗികാതിക്രമ കേസുകളിലെ മെഡിക്കോ ലീഗല്‍ പ്രോട്ടോകോള്‍ പരിശോധിക്കുകയാണിവിടെ.
കുറ്റകൃത്യത്തിന് തെളിവുണ്ടാക്കുന്നതില്‍ മെഡിക്കല്‍ പരിശോധന പ്രധാന പങ്ക് വഹിക്കുന്നു. മുന്‍പ് പലപ്പോഴും ഈ സേവനം വിധേയരായ സ്ത്രീകള്‍ക്ക് വേണ്ട തരത്തില്‍ ലഭിക്കാതെ വന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ആശുപത്രികള്‍ തന്നെ എളുപ്പത്തില്‍ ലഭ്യമല്ലാതിരിക്കും. ചിലപ്പോള്‍ വനിതാ ഡോക്ടര്‍മാരില്ലാതിരിക്കും. ആ സന്ദര്‍ഭങ്ങളിലൊക്കെ പരിശോധന നിഷേധിക്കപ്പെടുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ ഇതിന്‍റെ ഗൗരവം വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാത്തതു കൊണ്ടാണ്. ധാര്‍മ്മികമായി ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുന്നത് നില നിന്നിരുന്ന സ്ത്രീ വിരുദ്ധമായ ലൈംഗിക വ്യവഹാരങ്ങള്‍ കൂടി ആയിരുന്നിരിക്കണം. നിയമപരമായ ബാദ്ധ്യതയിലൂടെ ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുന്നു. ലൈംഗികതയെ കുറിച്ച് വനിതാ ഡോക്ടര്‍മാരും സംസാരിച്ച് ശീലമില്ലാത്ത സംസ്കാരമാണ് നമ്മുടേത്. സംഭവത്തിന്‍റെ വിവരണം അന്വേഷിക്കുന്നിടത്ത് ഇതും വീഴ്ചകള്‍ക്കിടയാക്കിയേക്കും.
2013 ലെ ക്രിമിനല്‍ ഭേദഗതി കാതലായ മാറ്റമാണ് കൊണ്ടുവന്നത്. റേപ്പിന്‍റെ നിര്‍വ്വചനത്തില്‍ യോനിക്കുള്ളില്‍ ലിംഗം കടത്തുക മാത്രമല്ല, അതിനായി ശരീരത്തില്‍ നടത്തുന്ന ഏതു കയ്യേറ്റവും അതിന്‍റെയുള്ളില്‍ വരുമെന്നത് വലിയ ഒരു മാറ്റമാണ്. ആ സമയത്ത് ഏതെങ്കിലും സ്ത്രീ അത് തടഞ്ഞില്ല എന്നതും സമ്മതമായി പരിഗണിക്കുന്നില്ല.കൊളോണിയല്‍ കാലം മുതല്‍ നിലനില്‍ക്കുന്ന എവിഡെന്സ് ആക്ടിലെ 53എ) പ്രസക്തമല്ലാതാക്കിയത് ഒരു പ്രധാന വഴിത്തിരിവാണ്. ലൈംഗികാതിക്രമത്തിന് വിധേയയാക്കപ്പെട്ട സ്ത്രീയുടെ സമ്മതത്തെക്കുറിച്ചുള്ള വാദത്തില്‍ നേരത്തേ അവര്‍ക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നത് സമ്മതമായി കരുതേണ്ടതില്ല എന്നത് ഇത്രയും വൈകിയാണെങ്കിലും വലിയ മാറ്റമുണ്ടാക്കുന്നു. അതിനാല്‍ അതുമായി ബന്ധപ്പെട്ട വൈദ്യപരിശോധനയും അനാവശ്യമാണ്. ഈയൊരു വകുപ്പ് വെച്ചുകൊണ്ടാണ് കൂടുതലും സ്ത്രീകള്‍ക്കെതിരായ വിധികള്‍ നടത്തിയിരുന്നത്.മാത്രമല്ല ലൈംഗിക തൊഴിലാളികളെ, റേപ്പ് ചെയ്യുന്നത് കുറ്റമല്ല എന്നു പോലും ഇതു വച്ച് വ്യാഖ്യാനിച്ചിരുന്നു.
പുതിയ പ്രോട്ടോകോള്‍ സ്ത്രീ സൗഹാര്‍ദ്ദപരമാണെന്ന് അതിന്‍റെ ആമുഖത്തില്‍ തന്നെ പറയുന്നു. അതിജീവിതര്‍ക്ക് ഏറ്റവും ഗുണകരമായ തരത്തിലുള്ള പരിശോധനയും ചികിത്സയും മാനസികപിന്തുണയും നല്‍കണമെന്ന് അത് അനുശാസിക്കുന്നു. കൂടാതെ, അംഗപരിമിതര്‍, ട്രാന്‍സ്ജെന്‍റര്‍ മനുഷ്യര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നല്‍കേണ്ട പ്രത്യേക ശ്രദ്ധയേയും വിവരിക്കുന്നുണ്ട്. പോക്സോ (2019) നിയമത്തിനു ശേഷം അതിലെ വ്യവസ്ഥകളും ഈ പ്രോട്ടോകോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉദാഹരണത്തിന് കുട്ടിയെ പരിശോധിക്കുമ്പോള്‍ അവര്‍ക്ക് താല്പര്യമുള്ള മുതിര്‍ന്നവര്‍ കൂടെയുണ്ടാകണം. രക്ഷാകര്‍ത്താവിന്‍റെ സമ്മതമെന്ന പോലെ കുട്ടിയുടെ ശാരീരിക- മാനസികാവസ്ഥയും പ്രധാനമാണ്. മെഡിക്കല്‍ പരിശോധന നടത്തുന്നവര്‍ പോലീസുമായും സാമൂഹ്യ നീതിവകുപ്പിലുള്ളവരുമായും ബന്ധപ്പെട്ട മറ്റു ഏജന്‍സികളുമായും അടുത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരും. ഉദ്ദേശ്യലക്ഷ്യങ്ങള്‍ എല്ലാവരും ഒരു പോലെ ഉള്‍ക്കൊള്ളണം.
പോലീസില്‍ പരാതി ലഭിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറിനകം മെഡിക്കല്‍ പരിശോധന നടത്തിയിരിക്കണം. അത് വനിതാ ഡോക്ടര്‍, കഴിയുമെങ്കില്‍ ഗൈനക്കോളജിസ്റ്റ് ചെയ്യണം. ഗുണനിലവാരം മെച്ചപ്പെടുത്താനും കൂടി ഉള്ള ശ്രമമാണിത്. ഒരു പക്ഷെ,വനിതാ ഡോക്ടര്‍ ഒട്ടും ലഭ്യമല്ലെങ്കില്‍, അടിയന്തിരത കണക്കിലെടുത്ത് നഴ്സോ ബന്ധുവോ ആയ, ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തില്‍ മാത്രം ആണ്‍ ഡോക്ടര്‍ക്ക് പരിശോധിക്കാവുന്നതാണ്. 357 ഇപ്രകാരവും പോക്സോ പ്രകാരവും നിര്‍ദ്ദിഷ്ട ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഐപിസി 166 പ്രകാരം, സമയത്ത് ചികിത്സ നല്‍കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാവുന്നതാണ്. പോലീസിനെ അറിയിക്കാതിരിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇതെല്ലാം മെഡിക്കോ ലീഗല്‍ പ്രോട്ടോകോളില്‍ എടുത്തു പറയുന്നുണ്ട്. അതിക്രമം നടന്നു എന്നതിന് തെളിവായ ശുക്ലം, രക്തം, മറ്റു വസ്തുക്കള്‍ എന്നിവ ശേഖരിക്കുകയും ഡി.എന്‍.എ പരിശോധനക്ക് അയക്കുകയും ചെയ്യുക ഡോക്ടറുടെ കര്‍ത്തവ്യമാണ്. 357 ഇ പ്രകാരം അവര്‍ക്ക് ആവശ്യമായ സൗജന്യ ചികിത്സയും നല്‍കേണ്ടതാണ്.
മിക്ക കേസുകളിലും റിപ്പോര്‍ട്ടിംഗ് നടക്കുന്നത് ദിവസങ്ങള്‍ക്കോ, ആഴ്ചകള്‍ക്കോ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം പോലുമോ ആയിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധനയുടെ ഉദ്ദേശ്യം പരിഗണിച്ചാണ് ഡോക്ടര്‍ കക്ഷിയെ സമീപിക്കേണ്ടത്. കുറ്റകൃത്യത്തെ സംബന്ധിച്ച തെളിവിന്, കൂടുതല്‍ ഉറപ്പിന് വേണ്ടിയാണ് മെഡിക്കല്‍ പരിശോധന നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ ഓര്‍ക്കണം. അത്തരം തെളിവുകള്‍ ശാസ്ത്രീയമായി ലഭിക്കില്ല എന്ന് സംഭവ വിവരണത്തില്‍ നിന്ന് ലഭിക്കുന്ന പക്ഷം- ഉദാഹരണത്തിന് കാലതാമസം- അനാവശ്യമായ പരിശോധന, വിവേചനപൂര്‍വ്വം ഒഴിവാക്കണം. ലിംഗ പ്രവേശം നടന്നിട്ടില്ലെന്ന് സ്ത്രീയുടെ മൊഴിയില്‍ തന്നെ പറയുന്നുണ്ടെങ്കില്‍ ഉള്ള് പരിശോധനയുടെ ആവശ്യമില്ലല്ലോ. എന്നാല്‍, മുമ്പ് ഇത്തരം വിവേചനരഹിതമായ പരിശോധനകള്‍ നടന്നിരുന്നതായി സ്ത്രീകള്‍ എഴുതിയിട്ടുണ്ട്. ദേഹപരിശോധന സ്ത്രീകള്‍ പലപ്പോഴും വീണ്ടും ഒരു ശാരീരിക അക്രമം പോലെ അനുഭവിച്ചിട്ടുള്ളതായി ധാരാളം സാക്ഷ്യങ്ങളുണ്ട്. കക്ഷികള്‍ക്ക് ശാരീരികമായി ഉണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കണമെന്ന അന്താരാഷ്ട്രമായ മാനദണ്ഡങ്ങളൊക്കെ നമ്മുടെ പുതിയ പ്രോട്ടോക്കോളും അനുശാസിക്കുന്നുണ്ട്. മാറി വന്ന റേപ്പിന്‍റെ നിര്‍വ്വചനത്തിന്‍റെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാകുന്നു. യോനീ പ്രവേശം മാത്രം കുറ്റകരം എന്നത് സ്ത്രീയെ ലൈംഗികവസ്തുവായി കാണുന്നതിന്‍റെ ലക്ഷണമാണല്ലോ. എന്നാല്‍, സ്ത്രീയുടെ ശരീരത്തില്‍ സമ്മതമില്ലാതെയുള്ള ഏതു സ്പര്‍ശവും കുറ്റകരമാണെന്നത് സ്ത്രീയെ പൗരയായി കാണുന്ന ആധുനികബോധത്തിന്‍റെ സൃഷ്ടിയാണ്. പുതിയ നിര്‍വ്വചന പ്രകാരം , ലൈംഗിക വേഴ്ചയിലേക്ക് ലക്ഷ്യം വച്ചുള്ള ഏതു പ്രവര്‍ത്തനവും കുറ്റകരമാണ്.
വളരെ നീണ്ട പരിശോധനകള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കണ്ടതിനാല്‍ പുതിയ പ്രോട്ടോകോള്‍ അവ ചുരുക്കുകയും എന്നാല്‍,ആവശ്യമുള്ളത് ഉള്‍ക്കൊള്ളുകയും ചെയ്തു കൊണ്ട് വിധേയക്കും പരിശോധകകക്കും ഈ പ്രക്രിയ എളുപ്പമാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ ദേഹപരിശോധനയെക്കാള്‍ സ്ത്രീയുടെ മൊഴിക്കും മറ്റു സാഹചര്യതെളിവുകള്‍ക്കുമാണ് പ്രാധാന്യം. വേണ്ട സന്ദര്‍ഭങ്ങളില്‍ ദേഹപരിശോധനയുടെ ആവശ്യകത, മാനസിക പിന്‍തുണയോടെ കക്ഷിയെ ബോദ്ധ്യപ്പെടുത്തുകയും, സമ്മതത്തോടെ മാത്രം അത് ചെയ്യുകയുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരു തരത്തിലും സമ്മതമില്ലാതെയോ ബലം പ്രയോഗിച്ചോ അത് ചെയ്യാന്‍ പാടുള്ളതല്ല. യാന്ത്രികമായ തരത്തിലല്ല, അനുതാപത്തോടെയും വിവേചനബുദ്ധിയോടെയുമാണ് ഈ നടപടികള്‍ ചെയ്യേണ്ടതെന്ന് കേരള പ്രോട്ടോകോള്‍ അര്‍ത്ഥമാക്കുന്നു.
പരിശോധനക്കുള്ള സ്ഥലം സ്ത്രീകള്‍ക്ക് ആശ്വാസകരം ആയിരിക്കണമെന്നും, വസ്ത്രം ആവശ്യമെന്ന് വരികില്‍ പല അളവിലുള്ളവ കരുതിവെക്കണമെന്നും പ്രോട്ടോകോള്‍ പറയുന്നുണ്ട്. . പരിശോധന കിറ്റ് ആശുപത്രികളില്‍ എപ്പോഴും ലഭ്യമായിരിക്കണം.
ആവശ്യമായ ചികിത്സാ സൗകര്യം ഉറപ്പു വരുത്തണം. ഇതില്‍ അപകടനില തരണം ചെയ്യാനുള്ളത്, മുറിവുകള്‍ ഉണക്കുന്നതിനാവശ്യമായത്, ലൈംഗിക രോഗത്തിന് സാദ്ധ്യത ഉണ്ടെങ്കില്‍ അത് തടയാനാവശ്യമായത്, ഗര്ഭം തടയാനുള്ള നടപടികള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു. ഇതെല്ലാം തന്നെ വ്യക്തിയുടെ അറിവോടും സമ്മതത്തോടും കൂടി ആയിരിക്കണം.ബലാല്‍സംഗത്തിന് വിധേയയായ സ്ത്രീയെ അത് ചെയ്ത പുരുഷനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുക എന്ന പ്രാകൃതരീതി നിലനിന്നിരുന്നു എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. ഇപ്പോഴും അത്തരം സംസാരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നു എന്നത് വിചിത്രമാണ്. കക്ഷിയുടെ രഹസ്യാത്മകത (confidentiality) സൂക്ഷിക്കുക എന്നതും ഡോക്ടറുടെ കടമയാണ്. മറ്റുള്ളവര്‍ക്ക് ലഭ്യമാകാത്ത തരത്തില്‍ എല്ലാ റെക്കോര്‍ഡുകളും സൂക്ഷിക്കാനും ശ്രദ്ധിക്കണം.വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്നും ഇത് ഒഴിവാക്കിയിട്ടുണ്ട്.
ഇത് ചെയ്യേണ്ടി വരുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ഈ പ്രോട്ടോകോളില്‍ നിര്‍ബ്ബന്ധമായും പരിശീലനം നല്‍കിയിരിക്കണം.പരിശോധന ആവശ്യമാണെങ്കിലും ചിലപ്പോള്‍ ഭയമോ അസ്വസ്ഥതയോ മൂലം കക്ഷി സമ്മതം നല്കാതിരുന്നേക്കും. അത്തരം സന്ദര്‍ഭത്തില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങള്‍ അവരെ സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നതും ഡോക്ടറുടെ കര്‍ത്തവ്യമാണ്.
മാനസികമായി പിന്തുണച്ചു കൊണ്ട് എങ്ങനെ വിവരങ്ങള്‍ ശേഖരിക്കാമെന്നതും പരിശോധനകള്‍ നടത്താമെന്നുള്ളതും ഒക്കെ പരിശീലനം ആവശ്യമുള്ളതാണ്. കക്ഷിയെ മോശക്കാരിയായി കാണുകയോ മോശമായ വാക്കുകള്‍ ഉപയോഗിക്കുകയോ ഒന്നും ചെയ്യാന്‍ പാടുള്ളതല്ല. അനുതാപത്തോടെയും സൗഹാര്‍ദ്ദത്തോടെയും മാത്രമേ അവരെ സമീപിക്കാന്‍ പാടുള്ളൂ. വിരുദ്ധമായ ഒരു സംസ്കാരം ഇപ്പോഴും നില നില്‍ക്കുന്നത് കൊണ്ടും അത്തരം സംഭവങ്ങള്‍ നേരത്തേ ഉണ്ടായിട്ടുള്ളത് കൊണ്ടുമാണ് ഇതെടുത്ത് പറയുന്നത്. അതിജീവിതക്ക് തെല്ലെങ്കിലും കുറ്റബോധമോ ഭയമോ ഒക്കെ ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കാനും മനോസംഘര്‍ഷം പരമാവധി കുറക്കാനുമുള്ള ശ്രമങ്ങള്‍ ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കക്ഷി പറയുന്ന പ്രധാന കാര്യങ്ങള്‍ വിട്ടു കളയാനോ പറയാത്ത കാര്യങ്ങള്‍ കൂട്ടി ചേര്‍ക്കാനോ പാടില്ല. അപമാനിക്കപ്പെടുന്നതോ വേദനിപ്പിക്കുന്നതോ ആയ ചോദ്യങ്ങള്‍ വിവേചനപൂര്‍വ്വം ഒഴിവാക്കണം. ഇടക്ക് ചോദ്യങ്ങള്‍ ചോദിച്ച് തടസ്സപ്പെടുത്താതെ തുടര്‍ച്ചയായി പറയാന്‍ അനുവദിക്കുകയും അവര്‍ പറയുന്നത് ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും വേണം.സംസാരത്തിനിടക്ക് അവര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ ഇടവേള നല്‍കിയ ശേഷം വീണ്ടും തുടരണം.
പരിശോധനയും വിവരശേഖരണവും നടത്തുമ്പോള്‍ അതിജീവിതയുടെ സ്വകാര്യത മാനിക്കേണ്ടതുണ്ട്. സ്വകാര്യവും ലോലവുമായ ഭാഗങ്ങളില്‍ മുറിവ് പറ്റിയിട്ടുണ്ടെങ്കില്‍. അവരുടെ വേദനയും പരിഭ്രമവും കണക്കിലെടുത്ത് വേണം പരിശോധന നടത്തുവാന്‍. റ്റൂ ഫിംഗര്‍ ടെസ്റ്റി (Two finger test)നെ പറ്റി ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അത് ചെയ്യാന്‍ പാടില്ലെന്ന് തന്നെയാണ് നിയമം അനുശാസിക്കുന്നത്. 2013 ലെ ക്രിമിനല്‍ ഭേദഗതി ഇതെടുത്ത് പറയുന്നുണ്ട്. രോഗങ്ങള്‍ നിര്‍ണ്ണയിക്കാനും ഗര്‍ഭകാലത്തുമൊക്കെ യോനിക്കുള്ളില്‍ കൈ കടത്തി ചെയ്യുന്ന വജൈനല്‍(Vaginal) പരിശോധന റേപ്പിനു ശേഷം ചെയ്യുന്നത് മിക്കപ്പോഴും അനാവശ്യമായിട്ടായിരിക്കും. മുറിവുകളുള്ളപ്പോള്‍ അതിന്‍റെ തീവ്രത അളക്കാന്‍ വേണ്ടി മാത്രമാണ് അത് ചെയ്യാവുന്നത്. എന്നാല്‍ പിതൃമേധാവിത്വമൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി നേരത്തേ ഇത് സ്ത്രീയുടെ കന്യകാത്വം പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഒന്ന്, നേരത്തേ സ്ത്രീക്ക് മറ്റു ബന്ധങ്ങളുണ്ടായിട്ടുണ്ടോ എന്ന് നോക്കി ലൈംഗികാതിക്രമം എന്ന കുറ്റകൃത്യം തന്നെ റദ്ദു ചെയ്യാന്‍. രണ്ട്, അടുത്തുണ്ടായ അതിക്രമത്തില്‍ ലിംഗപ്രവേശം നടന്നിട്ടുണ്ടെങ്കില്‍ മാത്രം അത് റേപ് ആയി പരിഗണിക്കാന്‍. രണ്ടായാലും, ഇത് അശാസ്ത്രീയവും അധാര്‍മ്മികവുമാണ്. സ്ത്രീയുടെ മുന്‍കാല ബന്ധങ്ങള്‍ അന്വേഷിക്കുന്നത് ഈ കേസിന് ബാധകമാകാത്തതും സ്ത്രീയുടെ ലൈംഗിക കര്‍തൃത്വത്തിന്‍റെ നിഷേധവുമാണ്. ലിംഗപ്രവേശം എപ്പോഴും കന്യാചര്‍മ്മം പൊട്ടിപ്പോകുന്നതിനും വിരല്‍ കടത്തുന്നതിനുമുള്ള കാരണമാകുന്നില്ലെന്നതും അതിന് സ്പോര്‍ട്ട്സ് പോലെയുള്ള പല പ്രവൃത്തികളും കാരണമാകാം എന്നതും ഇതിന്‍റെ അശാസ്ത്രീയതയും വെളിവാക്കുന്നുണ്ട്. ഈ കാരണങ്ങളൊക്കെ കൊണ്ട് പുതിയ പ്രോട്ടോകോള്‍ ഇതിന് അംഗീകാരം നല്‍കുന്നില്ല. റേപ്പിന്‍റെ നിര്‍വ്വചനത്തില്‍ ലിംഗപ്രവേശം മാത്രമല്ല ഇപ്പോള്‍ ഉള്ളതെന്നതും അത് ശരീരത്തിന് മേലുള്ള എല്ലാ കടന്നു കയറ്റവും ഉള്‍ക്കൊള്ളുന്നു എന്നതും കന്യകാത്വ പരിശോധനയെ അസാധുവാക്കുന്നു. പകരം നഖം കൊണ്ടും കടിയേറ്റും ഉള്ള മുറിപ്പാടുകള്‍, മറ്റു സാഹചര്യ തെളിവുകള്‍ എന്നിവയ്ക്ക് ഒക്കെയാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, ലിംഗപ്രവേശം അതിക്രമത്തിന് തെളിവ് നല്‍കുന്ന സമയത്ത് മുറിവുകള്‍, ശുക്ലത്തിന്‍റെ സാന്നിദ്ധ്യം എന്നിവയൊക്കെ വച്ച് അത് നല്‍കുകയും വേണം.ഏത് തരത്തിലുള്ള അതിക്രമമാണ് നടന്നതെന്നത് വിശദമായി വിവരശേഖരണത്തില്‍ മനസ്സിലാക്കുകയും അതിന് ആസ്പദമായി ശരീരപരിശോധന നടത്തുകയും ചെയ്താല്‍ അത് അതിജീവിതക്ക് പ്രയാസങ്ങള്‍ കുറയ്ക്കാന്‍ സഹായകമാവും. ദേഹത്ത് മുറിവുകളോ മറ്റു അടയാളങ്ങളോ ഇല്ല എന്നത് മാത്രം കൊണ്ട് ലൈംഗികാതിക്രമം നടന്നില്ല എന്ന് പറയാന്‍ സാധിക്കില്ല. പല കേസുകളിലും ഇവയുടെ അഭാവമുണ്ടായിരിക്കും. അതിനാല്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അത് കൂടി ശ്രദ്ധിക്കണം.
കേരള ഗവണ്മെന്‍റിന്‍റെ പുതിയ മെഡിക്കോ ലീഗല്‍ പ്രോട്ടോകോള്‍ സ്ത്രീസൗഹാര്‍ദ്ദപരമായ മെഡിക്കല്‍ സമീപനത്തിന് ഊന്നല്‍ നല്‍കുന്നു എന്ന് പറയാം. ഏകീകൃതമായ പരിശോധനക്കായി ഒരു കിറ്റി (Sexual Assault Forensic Evidence (SAFE)നുള്ള നിര്‍ദ്ദേശം അതിലുണ്ട്. ഡോക്ടര്‍മാരുടെ റോള്‍ അതില്‍ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. എങ്ങനെ സെന്‍സിറ്റിവ് ആയി വിക്ടിമിനെ സമീപിക്കണമെന്നും അവര്‍ക്ക് മാനസികപിന്തുണ നല്‍കിക്കൊണ്ട് വിവരങ്ങള്‍ ശേഖരിക്കണമെന്നും പറയുന്നു. മൊഴി എടുക്കലും പരിശോധനയും വിക്ടിമിനെ വീണ്ടും ഉപദ്രവിക്കാനല്ല, കോടതിയില്‍ തെളിവുകളെ ശക്തിപ്പെടുത്താനാണെന്ന ബോദ്ധ്യത്തോടെ അത് ചെയ്യണം. ചികിത്സ ആവശ്യമുണ്ടെങ്കില്‍ കൃത്യമായി അവസ്ഥ നിര്‍ണ്ണയിച്ച് സൗജന്യമായി അത് നല്‍കണം. മാനസികമായി പ്രശ്നം അനുഭവിക്കുന്നുണ്ടെങ്കില്‍ കൗണ്‍സിലിംഗ് സേവനമോ മറ്റു ചികിത്സയോ കിട്ടാനുള്ള നടപടികള്‍ എടുക്കണം എന്നു തുടങ്ങി എല്ലാ നടപടികളും വിശദീകരിക്കുന്നുണ്ട്. അതേ സമയം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനവും ആശുപത്രിയില്‍ സൗകര്യങ്ങളും കൂടി ഒരുക്കിയാല്‍ മാത്രമേ ഇതെല്ലാം പ്രാവര്‍ത്തികമാവൂ. സ്ത്രീ സംഘടനകള്‍ ജാഗ്രതയോടെ നിരീക്ഷിക്കേണ്ട കാര്യങ്ങളാണിവ.
COMMENTS