Homeചർച്ചാവിഷയം

കുട്ടിക്കഥകളുടെ മാന്ത്രികച്ചെപ്പുമായി കെ.എ.ബീന

മഞ്ജു എം. ജോയ്

ണിച്ചിത്രത്താഴിട്ട് പൂട്ടിയ മാന്ത്രികചെപ്പ് തുറക്കുന്നത് പോലെയാണ് കുട്ടിക്കഥകളെപ്പറ്റി കെ.എ. ബീന സംസാരിച്ച് തുടങ്ങിയാല്‍. ഒരായിരം അത്ഭുതകഥകള്‍ വര്‍ണ്ണശലഭ രൂപം പൂണ്ട് വാനില്‍ തുള്ളിക്കളിക്കും. കുഞ്ഞു മൂക്കിന്‍റെ തുമ്പത്ത് വന്നിരുന്ന് കാണാക്കഥകള്‍ പറയും. ആലീസിന്‍റെ അത്ഭുതലോകം തീര്‍ക്കും…
മലയാള ചെറുകഥാ സാഹിത്യത്തിലും സഞ്ചാര സാഹിത്യത്തിലും കെ.എ. ബീന മുങ്ങാംകുഴിയിടുമ്പോഴും, പച്ചപ്പായല്‍ പിടിച്ച കുളത്തിനരികിലെ അരിമുല്ലയും മഞ്ചാടിമണിയും തേടിയെടുക്കുന്ന കുട്ടി നൊടിയിടയില്‍ നമുക്കു മുന്നിലെത്തും. നെല്ലിമരം പൂത്തുലയുന്ന വിദ്യാലയത്തിരുമുറ്റവും, മണിക്കുട്ടി മേയുന്ന തൊടിയും അമ്പലപ്പറമ്പും ബാലവേദിയുമൊക്കെ മികവാര്‍ന്ന ദൃശ്യവിരുന്നൊരുക്കും. പുഴയൊഴുകുന്നതുപോലെ ബീന കുട്ടിക്കാലത്തെ വാക്കുകളിലൂടെ വരച്ചിടുമ്പോള്‍, ശ്രോതാക്കള്‍ക്ക് മുന്നില്‍ തെളിയുന്നത് കലപില കൊഞ്ചുന്ന ചുരുളന്‍ മുടിക്കാരിയായ കുസൃതിപെണ്‍കുട്ടിയാണ്. ഒരേസമയം അഞ്ചുവയസുകാരിയായും അമ്പതുവയസുകാരിയായും പകര്‍ന്നാടാന്‍ കഴിയുന്ന മനസാണ് കെ.എ. ബീനയെ മലയാളത്തിലെ മികച്ച ബാലസാഹിത്യകാരികളൊലാരാളാക്കുന്നത്.

അമ്മക്കുട്ടിയുടെ ജനനം
ഒരു സ്ത്രീ പ്രസവിച്ചാല്‍ അവള്‍ അമ്മയായി. നവജാത ശിശുവിനെ മൂലപ്പാലൂട്ടുന്നത്, കുഞ്ഞാവ കമിഴ്ന്നു വീഴുന്നത്, പിച്ച വയ്ക്കുന്നത്, ചോറൂട്ടുന്നത്, അമ്മേ എന്നു വിളിക്കുന്നത്, ആദ്യാക്ഷരമെഴുതുന്നത് തുടങ്ങി ആസ്വദിക്കാനെത്രയെത്ര കാര്യങ്ങള്‍. പക്ഷേ, കുഞ്ഞാവ ജനിക്കുന്നതിനൊപ്പം മറ്റൊരാളും പിറക്കുന്നുണ്ട്. ഒരു അമ്മക്കുട്ടി. കുഞ്ഞാവ വളരുന്നതിനൊപ്പം അമ്മക്കുട്ടിയും വളരുകയാണ്. കുഞ്ഞിളം ചുണ്ടില്‍ മുലക്കണ്ണ് തിരുകി വയ്ക്കുന്നത്, വയറുനിറഞ്ഞ കുഞ്ഞിനെ ശ്രദ്ധയോടെ തോളത്തിട്ട് തട്ടി അകത്തെത്തിയ വായു പുറത്തേക്ക് കളയുന്നത്, ദേഹം മുഴുവന്‍ എണ്ണയിട്ടുഴിഞ്ഞ് കുഞ്ഞാവയുടെ ശരീരം പരിപാലിക്കുന്നത്, മാമൂട്ടുന്നത്, കുഞ്ഞിക്കൊഞ്ചലുകളും പല്ലില്ലാത്ത മോണകാട്ടിയുള്ള ചിരിയും വാവിട്ട കരച്ചിലും ആശയവിനിമയ ഉപാധികളാക്കല്‍ തുടങ്ങി അമ്മക്കുട്ടിയും ഓരോന്നും പഠിക്കുകയാണ്. കുഞ്ഞാവയ്ക്കൊപ്പം പിച്ചവച്ച് വളരുകയാണ്. ഇതേ ആശയം ജീവിതത്തില്‍ പകര്‍ത്തിയതിനാലാവണം എട്ടുവയസുകാരന്‍ അപ്പുവിന്‍റെ ഏകാന്തത മാറ്റാന്‍ തിരക്കേറിയ മാദ്ധ്യമപ്രവര്‍ത്തകയായ കെ.എ. ബീന എട്ടുവയസുകാരിയായ അമ്മക്കുട്ടിയായി പകര്‍ന്നാട്ടം നടത്തിയത്.

അമ്മ മകനെഴുതിയ ഡയറിക്കുറിപ്പുകള്‍
തിരഞ്ഞെടുപ്പ് കാലത്ത് അച്ഛനും അമ്മയും ആഴ്ചകളോളം ജോലിത്തിരക്കില്‍ മുഴുകിയപ്പോള്‍ വീട്ടില്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും കുഞ്ഞമ്മമാര്‍ക്കുമൊപ്പം കഴിഞ്ഞിരുന്ന അപ്പുവിന് സങ്കടമായി. ബന്ധുക്കളേറെയുണ്ടെങ്കിലും അവന് അമ്മയെ മിസ് ചെയ്തു. കളിപ്പാട്ടങ്ങളേറെയുണ്ടെങ്കിലും അവന് ബോറടിച്ചു. ഏകാന്തത തോന്നി. അപ്പു പിണങ്ങി. പിണക്കം മാറ്റാന്‍ അമ്മ നീണ്ട അവധിയെടുത്ത് കൂട്ടിരുന്നു. അപ്പു ഇണങ്ങിയില്ല. വായനാഭ്രാന്തനായ അപ്പുവിനെ മെരുക്കാന്‍ കെ.എ. ബീനയ്ക്ക് ഒരു ഉപായം തോന്നി. എട്ടുവയസുകാരി അമ്മക്കുട്ടിയായി മാറി. അമ്മക്കുട്ടിയുടെ കുട്ടിക്കാലത്തേക്ക് അപ്പുവിനെ കൈപിടിച്ച് നടത്തി. അപ്പുവിന്‍റെ ലോകത്തേക്ക് അമ്മക്കുട്ടിയുടെ ബാല്യകാലത്തെ ചേര്‍ത്തു നിറുത്തി.
പുള്ളിപ്പാവാടയും ബ്ളൗസുമിട്ട അമ്മക്കുട്ടിക്കൊപ്പം പഴയകാലത്തേക്ക് അപ്പു നടന്നു ചെന്നു. അമ്മക്കുട്ടി മണിക്കുട്ടിപ്പശുവിന്‍റെ പാലുകുടിക്കുന്നതും തൊടിയില്‍ കളിക്കുന്നതും കൂട്ടുകാര്‍ക്കൊപ്പം മണ്ണപ്പം ചുട്ടുകളിക്കുന്നതുമൊക്കെ അവന്‍ കണ്ടു. ഹാ! എന്തുരസം. അമ്മക്കുട്ടിയുടെ ലോകത്ത് ബോറടിയേയില്ല. പച്ചക്കടലുപോലുള്ള വയലിനരികിലൂടെ ഓടിയിട്ട് ക്ഷീണമറിയുന്നേയില്ല. സ്കൂള്‍ ബസില്ലാഞ്ഞിട്ടും സ്കൂളില്‍ പോകാന്‍ മടിയേതും തോന്നുന്നുമില്ല.

കെ.എ. ബീന

അത്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ അമ്മക്കുട്ടിയുടെ ലോകം കണ്ട് അപ്പു വിസ്മയഭരിതനായി. ആരുമിതുവരെ വായിക്കാത്ത അമ്മക്കുട്ടിയുടെ കഥകള്‍ വായിച്ച് അപ്പു തുള്ളിച്ചാടി. അപ്പുവിനായി അമ്മയെഴുതിയ ഡയറിക്കുറിപ്പുകള്‍ പിന്നീട് പുസ്തകങ്ങളായി. ആയിരക്കണക്കിന് കുട്ടികള്‍ അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്കൂള്‍, അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍ എന്നിവ വായിച്ച് അപ്പുവിനെപ്പോലെ അമ്പരന്നു. സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഈ പുസ്തകങ്ങള്‍ നെഞ്ചോട് ചേര്‍ത്തുറങ്ങി. കുട്ടികളുടെ മനസുള്ള മുതിര്‍ന്നവരും ഈ പുസ്തകം ഏറ്റെടുത്തു. മലയാള ബാലസാഹിത്യകൃതികളില്‍ അമ്മക്കുട്ടി സ്വന്തം ഇടം തീര്‍ത്തു.


ഇനിയും വളരാത്ത കുട്ടി
കുട്ടികള്‍ക്ക് വേണ്ടി മുതിര്‍ന്നവരെഴുതുന്ന പുസ്തകങ്ങള്‍ പലപ്പോഴും ഒരേ പാറ്റേണിലായിരിക്കും. കഥയ്ക്കൊടുവില്‍ ഒരു സാരോപദേശം അല്ലെങ്കില്‍ നന്മയുടെ സന്ദേശം. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കിയുള്ള കൃതികളിലാവട്ടെ, പലപ്പോഴും ആണ്‍കുട്ടിയായിക്കും നായകന്‍. കെ.എ. ബീനയുടെ കുട്ടിക്കാലത്താവട്ടെ, പഞ്ചതന്ത്രകഥകളും, മാലി സാഹിത്യവും ഐതിഹ്യമാലയുമൊക്കെയായിരുന്നു വായിക്കാന്‍ ലഭിച്ചിരുന്നത്. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ അക്കാലത്ത് തീരെ വിരളമായിരുന്നു.
‘ അന്നത്തെക്കാലത്ത് കിട്ടുന്നതൊക്കെ വായിക്കുന്നതാണ് രീതി. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളോ, പ്രസിദ്ധീകരണങ്ങളോ കാര്യമായി ലഭിച്ചിരുന്നില്ല. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാലകാല്യസഖിയാണ് ഞാനാദ്യം വായിച്ച പുസ്തകം. വിശ്വവിഖ്യാതമായ മൂക്കാണ് വായിച്ചു കേട്ട പുസ്തകങ്ങളില്‍ ആദ്യത്തേത്. ഖസാക്കിന്‍റെ ഇതിഹാസം വായിച്ചത് ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ്. ബാലരമയോ, പൂമ്പാറ്റയോ പോലുള്ള പ്രസിദ്ധീകരണങ്ങളൊന്നും അക്കാലത്ത് ലഭിച്ചിരുന്നില്ല.’- കെ.എ. ബീന ഓര്‍ത്തെടുക്കുന്നു.
മകന്‍ ജനിച്ചപ്പോഴാകട്ടെ, കെ.എ. ബീന ഉള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കുട്ടിയും പുനര്‍ജ്ജനിച്ചു. അപ്പുവിനൊപ്പം അമ്മക്കുട്ടിയും വളര്‍ന്നു. അമ്മ- മകന്‍ എന്ന തരത്തിലുള്ള ആശയവിനിമയമായിരുന്നില്ല അവര്‍ തമ്മില്‍. ഉറ്റകൂട്ടുകാരായിരുന്നു ഇരുവരും. സംസാരവും പ്രവൃത്തിയുമെല്ലാം സമപ്രായക്കാരെപ്പോലെ. ജനറേഷന്‍ ഗ്യാപ്പില്ലാതെ അപ്പുവിന്‍റെ മനസിലേക്കും അതുവഴി ആയിരക്കണക്കിന് കുട്ടികളുടെയുള്ളിലേക്കും അമ്മക്കുട്ടിയായി കെ.എ. ബീനയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞത് അതുകൊണ്ട് കൂടിയാണ്.
‘അക്കാലത്ത് എന്‍റെ ഏറ്റവുമടുത്ത ഫ്രണ്ട് അപ്പുവായിരുന്നു. അവന് ഞാനും. അതുകൊണ്ടാണ് എട്ടുവയസുകാരനെപ്പോലെ ചിന്തിക്കാനും ആ ഭാഷയില്‍ എഴുതാനും കഴിഞ്ഞത്. അപ്പു വന്നപ്പോഴാണ് എന്‍റെയുള്ളില്‍ ഇനിയും വളരാത്ത ഒരു കുട്ടിയുണ്ടെന്ന് മനസിലാകുന്നത്.
കടലുകാണാഗ്രഹിക്കുന്ന, കഥ കേള്‍ക്കാനിഷ്ടപ്പെടുന്ന, കുസൃതിക്കുടുക്കയായ പെണ്‍കുട്ടി. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ കുട്ടി അതുപോലെതന്നെയുള്ളിലുണ്ട്. പുതിയകാലത്തെ കുട്ടികളുടെ വളര്‍ച്ചയെ, അവരുടെ രീതികളെ, അവരുടെ ഇടങ്ങളെ കൗതുകപൂര്‍വം വീക്ഷിക്കുകയാണ് ആ കുട്ടി. എനിക്കു തോന്നുന്നത് എല്ലാവരുടെ ഉള്ളിലും ഇതുപോലൊരു കുട്ടിയുണ്ടെന്നാണ്. വളരുമ്പോള്‍, മുതിര്‍ന്നവരെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍, നമുക്ക് നാം തന്നെ ചില വച്ചുകെട്ടലുകളും നിബന്ധനകളും ഏല്പിക്കുമ്പോള്‍ ഈ കുട്ടിത്തം മറഞ്ഞുപോകുന്നു. ആ കുട്ടി നമ്മുടെയുള്ളില്‍ നിന്ന് അകന്നു പോകുന്നു. അതുകൊണ്ടാവണം കുട്ടികളെപ്പോലെ ഉപാധികളില്ലാതെ സ്നേഹിക്കാനോ, നിഷ്കളങ്കമായി കാര്യങ്ങളെ സമീപിക്കാനോ മുതിര്‍ന്നവര്‍ക്ക് കഴിയാത്തത്. ഇതാണ് ബാലസാഹിത്യ രചയിതാക്കളും കുട്ടികളും തമ്മിലുള്ള വിടവ്. കുട്ടിക്കൊപ്പം നിന്ന് അവരുടെ വീക്ഷണത്തിലൂടെ, അവരുടെ ഭാഷയിലെഴുതുമ്പോഴേ അത് മികച്ച ബാലസാഹിത്യ കൃതിയാകുന്നുള്ളൂ. ‘- ബീന പറയുന്നു.

കുട്ടിയെഴുത്ത് അത്ര എളുപ്പമല്ല
കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത് ഒട്ടും എളുപ്പമല്ല. മുതിര്‍ന്നവര്‍ക്കുള്ള എഴുത്ത് താരതമ്യേന അല്പം എളുപ്പമാണ് താനും. നോവലോ കഥയോ കവിതയോ എന്തുമാകട്ടെ, വിഷയം ലഭിച്ചാലുടന്‍ എഴുതിത്തുടങ്ങാം. സ്വന്തം അഭിപ്രായമോ, സ്വാംശീകരിച്ചെടുത്ത അഭിപ്രായമോ അതില്‍ പ്രകടിപ്പിക്കാം. വായനക്കാരന് അത് സ്വീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യാം. സമൂഹത്തിന് അനുകൂലിക്കുന്നതിനൊപ്പം തന്നെ വിമര്‍ശിക്കാം. പ്രതിഷേധിക്കാം. പക്ഷേ, കുട്ടികളങ്ങനെയല്ല. വായിക്കുന്ന ഓരോ പുസ്തകവും അവരുടെ ബോധമണ്ഡലങ്ങളെ അറിയാതെ സ്വാധീനിക്കും. അവരുടെ ചിന്തകളില്‍, കാഴ്ചപ്പാടുകളിലൊക്ക അത് പ്രതിഫലിക്കും. അതിനാല്‍ കുട്ടികള്‍ക്കായുള്ള എഴുത്തില്‍ വളരെയധികം ശ്രദ്ധയും ആലോചനയുമൊക്കെ വേണമെന്നാണ് കെ.എ. ബീന പറയുന്നത്. കാരണം മുതിര്‍ന്നവരുടെ വികലമായ കാഴ്ചപ്പാടുകളോ, നിലപാടുകളോ പുതുനാമ്പുകളെ സ്വാധീനിച്ച് വളര്‍ച്ച മുരടിപ്പിക്കാന്‍ ഇടയാക്കരുത്.
‘കുട്ടികള്‍ക്ക് വേണ്ടിയെഴുതുന്നത് ഒരുതരം തപസാണ്. അതില്‍ മുതിര്‍ന്നവരുടെ ഇന്‍റലക്ച്വല്‍ ഭാരങ്ങള്‍ ഒഴിച്ചുവയ്ക്കണം. നാം ജീവിതത്തില്‍ ആര്‍ജ്ജിച്ചെടുത്ത ധാരണകള്‍, നല്ലതും ചീത്തയുമായ നമ്മുടെ ജീവിതാനുഭവങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍ തുടങ്ങി നമ്മളെ സംബന്ധിച്ചതെല്ലാം മാറ്റിവയ്ക്കണം. കപട സദാചാര ബോധവും അഹംഭാവവും ഒഴിവാക്കണം.
കുട്ടികളെപ്പോലെ നിഷ്കളങ്കരായ മനസൊരുക്കിയെടുക്കണം. പ്രസാദാത്മകമായ രീതിയില്‍ വിഷയങ്ങളെ സമീപിക്കണം. സൂക്ഷ്മമായി എഴുതണം. ‘- ബീന പറയുന്നു.

ഓണ്‍ലൈന്‍ ലോകത്തെ കുട്ടികള്‍
ബാലസാഹിത്യകൃതികളെ കൃത്യമായി വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന എഴുത്തുകാരിയാണ് ബീന. നിരവധി അവാര്‍ഡ് കമ്മിറ്റികളുടെ ജൂറിയംഗമായും പ്രവര്‍ത്തിച്ചുവരുന്നു.
‘ആയിരക്കണക്കിന് പുതിയ ബാലസാഹിത്യ രചനകളില്‍ കുട്ടികള്‍ക്ക് വേണ്ടി അവരുടെ ഭാഷയിലെഴുതുന്ന പുസ്തകങ്ങള്‍ അപൂര്‍വ്വമാണ്. ‘ഉണ്ണിക്കുട്ടന്‍റെ ലോകം’ ഈ തലമുറയിലെ എത്ര കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാവും? പശുത്തൊഴുത്ത്, ചാണകം, ചാണകപ്പുഴു എന്നിവ ഒന്നും കുട്ടികള്‍ക്ക് അറിയില്ല. നാലുമണിക്ക് കൊഴുക്കട്ട ആസ്വദിച്ച് കഴിക്കാനോ, അമ്മൂമ്മക്കഥകള്‍ കേള്‍ക്കാനോ അവര്‍ക്ക് താത്പര്യമില്ല. അത്തരം ഫാന്‍റസികള്‍ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഫ്ളാറ്റില്‍ വളരുന്ന കുട്ടികള്‍ക്ക് മരമോ ചെടിയോ മണ്ണോ ആയി യാതൊരു തരത്തിലും ബന്ധപ്പെടാനാകുന്നില്ല. അണുകുടുംബത്തില്‍ അച്ഛനും അമ്മയും ജോലിക്കാരായ കുട്ടികള്‍ക്ക് സ്കൂളിനപ്പുറം മറ്റൊരു ലോകമില്ല. ലോകം മുഴുവന്‍ കൊവിഡ് വ്യാപിച്ചതോടെ ക്ളാസുകള്‍ വരെ ഓണ്‍ലൈനായി. കാര്‍ട്ടൂണുകളും വീഡിയോകളും മൊബൈല്‍ ഫോണും ഓണ്‍ലൈന്‍ ഗെയിമുകളും നിറഞ്ഞ മറ്റൊരു ലോകത്താണ് ഇന്നത്തെ കുട്ടികള്‍ ജീവിക്കുന്നത്. പ്ളാവില കോട്ടുന്നതോ മണ്ണപ്പം ചുടുന്നതോ അവര്‍ക്കറിയില്ല. അത്തരം കാര്യങ്ങള്‍ വായിക്കുന്നത് അവരെ ബോറടിപ്പിച്ചേക്കും.
അവര്‍ക്ക് വേണ്ടി എഴുതുമ്പോള്‍ ഐതിഹ്യമാലകളോ സാരോപദേശകഥകളോ പറ്റില്ല. അവരുടെ ലോകത്തേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷയിലെഴുതണം. എന്നാലേ അവര്‍ക്കത് ആസ്വദിക്കാനാവൂ. അതാണ് കാലോചിതമായ മാറ്റം ബാലസാഹിത്യത്തിലും വരണമെന്ന് പറയുന്നത്. ഇന്നത്തെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള കൃതികള്‍ വരണം. ഉണ്ണിയപ്പം ചുടുന്ന കാര്യമല്ല, മറിച്ച് സ്വിഗ്ഗി വഴി ആഹാരം ഓര്‍ഡര്‍ ചെയ്യുന്നതാണ് ഇന്നത്തെ കുട്ടികള്‍ക്ക് കൂടുതല്‍ വേഗത്തില്‍ മനസിലാകുന്നത്. ഈര്‍ക്കിലിയും ചിരട്ടയും കൊണ്ട് വണ്ടി ഉണ്ടാക്കുന്നതല്ല, മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി കളിപ്പാട്ടം വാങ്ങുന്നതാണ് അവര്‍ക്ക് കൂടുതല്‍ അറിയാവുന്നത്. ഇത്തരം അനുഭവങ്ങള്‍ വിലയിരുത്തി നമ്മുടെ എഴുത്ത് രീതി മാറ്റണം. അത്തരം പുസ്തകങ്ങള്‍ വായനയിലേക്ക് തിരിച്ചെത്തിക്കുമെന്നറുപ്പാണ്.’- ബീനയുടെ വാക്കുകളില്‍ ആത്മവിശ്വാസം തുളുമ്പുന്നു.

കുട്ടികള്‍ വായന മറക്കുന്നുവോ?
പുസ്തകം കൈയിലെടുത്ത് വായിച്ചാലേ വായനയാകൂ എന്ന വാശി ഉപേക്ഷിക്കേണ്ട സമയമാണിത്. കമ്പ്യൂട്ടറിലും മൊബൈലിലും പാഠപുസ്തകങ്ങള്‍ വായിക്കുകയും ക്ളാസുകള്‍ ലഭിക്കുകയും ചെയ്യുന്ന കുട്ടികളുടെ വായനയും അത്തരത്തില്‍ വഴിമാറണം. മൊബൈലിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കണം. അതിനെക്കുറിച്ച് ബാലസാഹിത്യ ശില്പശാലകള്‍ സംഘടിപ്പിക്കണം. ഊര്‍ജ്ജസ്വലമായ പുതു ചിന്തകള്‍ വരണം. യൂ ട്യൂബിലൂടെ പുസ്തകവായനയും പുസ്തകമെഴുത്തും പഠിപ്പിക്കണം. ചിത്രപുസ്തകങ്ങള്‍ വീഡിയോയായി വരണം. ന്യൂ മീഡിയയിലൂടെ കുട്ടികളെ പുസ്തകങ്ങളെ ലോകത്തേക്ക് കൈപിടിച്ചെത്തിക്കണം. പതിയെ അവര്‍ വായനയില്‍ ആനന്ദം കണ്ടെത്തും. പുസ്തകങ്ങലെ തേടിപ്പിടിക്കാന്‍ തുടങ്ങും.

റഷ്യ കണ്ട ബീന
സോവിയറ്റ് സാഹിത്യത്തിന്‍റെ ആരാധികയാണ് ബീന. അച്ഛന്‍റെ ബാല്യം, തവള രാജകുമാരന്‍, ചുക്കും ഗെക്കും തുടങ്ങി റഷ്യന്‍ ബാലസാഹിത്യം തീര്‍ത്ത വിസ്മയലോകത്ത് വളര്‍ന്ന ബീനക്കുട്ടിക്ക്, അവിചാരിതമായാണ് റഷ്യയില്‍ പോകാന്‍ അവസരം ലഭിച്ചത്. 1977ല്‍ മോസ്കോയില്‍ നടന്ന കുട്ടികളുടെ സാര്‍വദേശീയോത്സവത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധികളില്‍ ഒരാളായിരുന്നു കെ.എം.ബീന. വായിച്ചറിഞ്ഞ നാട് നേരില്‍ കണ്ടപ്പോള്‍ ബീന അത്ഭുതം കൂറി. അത് പുതുമ ചോരാതെ പുസ്തകത്തിലാക്കിയപ്പോള്‍ പിറന്നത് ബാലസാഹിത്യമല്ല, ബാലിക എഴുതിയ സഞ്ചാര സാഹിത്യമാണ്. 1981ലാണ് ‘ബീന കണ്ട റഷ്യ’ പ്രസിദ്ധീകരിക്കുന്നത്. പിന്നീടങ്ങോട്ട് തുടര്‍ച്ചയായ 40 വര്‍ഷവും നിരന്തരം എഡിഷനുകള്‍ പുറത്തിറങ്ങുകയും വില്ക്കപ്പെടുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ ബീനയുടെ വാക്കുകളിലൂടെ റഷ്യയെ അറിഞ്ഞു.
തങ്ങളുടെ സ്വപ്നലോകത്ത് സഞ്ചരിച്ച് തിരിച്ചെത്തിയ പെണ്‍കുട്ടിയെ അവര്‍ അത്ഭുതത്തോടെ നോക്കി. സ്വന്തമെന്ന് കരുതി സ്നേഹിച്ചു.
‘എന്‍റെ ടീനേജ് കാലത്താണ് ബീന കണ്ട റഷ്യ വായിക്കുന്നത്. സമൊവാറില്‍ തിളപ്പിച്ച ഉപ്പിട്ട ചായയും, മഞ്ഞിലൂടുരുളുന്ന തെന്നുവണ്ടിയും, റഷ്യന്‍ വാക്കുകളുമൊക്കെ ആ പുസ്തകത്തിലൂടെയാണ് അനുഭവഭേദ്യമായത്. അതുമാത്രമല്ല, ലോകം ചുറ്റാന്‍ പ്രായമൊരു തടസമല്ലെന്നും സഞ്ചാരമാണ് മനുഷ്യനെ നവീകരിക്കുന്നതെന്നും മനസിലാക്കിത്തന്നത് ആ പുസ്തകമാണ്. എന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജമേകിയത് ബീന എന്ന പെണ്‍കുട്ടിയുടെ അക്ഷരങ്ങളാണ്.’- ഇതിനകം 55 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഫോട്ടോഗ്രാഫറും ടൂറിസ്റ്റ് മാസികകളുടെ എഡിറ്ററുമായ കെ.വി.രവിശങ്കര്‍ പറയുന്നു.

ദ റിപ്പോര്‍ട്ടര്‍
പത്രപ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുമ്പോഴാണ് കെ.എ. ബീന ‘ദ റിപ്പോര്‍ട്ടര്‍’ എന്ന പുസ്തകമെഴുതുന്നത്. മാദ്ധ്യമ റിപ്പോര്‍ട്ടിംഗിനെപ്പറ്റി സമഗ്രവും ലളിതവുമായി പ്രതിപാദിക്കുന്ന പുസ്തകം കുട്ടികളുടെയുള്ളിലെ മാദ്ധ്യമ പ്രവര്‍ത്തന ചിന്തയെ കരുപിടിപ്പിക്കാനുതകുന്നതാണ്. സ്ത്രീശാക്തീകരണമെന്നതിന് അത്ര പ്രാധാന്യമില്ലാതിരുന്ന അക്കാലത്തും ബീനയുടെ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍ മൂന്നു പെണ്‍കുട്ടികളാണ്. ടെലിവിഷന്‍, റേഡിയോ, പത്ര റിപ്പോര്‍ട്ടര്‍മാരായ മൂവരും അവരവരുടെ മേഖലയെക്കുറിച്ച് സംസാരിക്കുന്നതാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം. വളരെ ഗഹനമായ വിഷയങ്ങളെ കുട്ടികള്‍ക്ക് മനസിലാകുന്നത തരത്തില്‍, അതേസമയം കാര്യമാത്ര പ്രസക്തമായി അവതരിപ്പിക്കാന്‍ ലേഖികയ്ക്കുള്ള കഴിവ് ഈ പുസ്തകത്തിലൂടെ മനസിലാക്കാനാകും. സങ്കീര്‍ണമായ വിഷയങ്ങള്‍ പോലും അന്തസത്ത ചോരാതെ കുട്ടികളിലെത്തിക്കാനാവുമെന്നതിന് ഉദാഹരണമാണിത്.

ഇനിയുമേറെയുണ്ട് ഈ മാന്ത്രിക ചെപ്പില്‍
കേട്ടറിഞ്ഞതിലും വായിച്ചറിഞ്ഞതിലും അപ്പുറമുള്ള കാര്യങ്ങള്‍ക്ക് പിന്നാലെ പായുകയാണ് കെ.എ. ബീനയിലെ കുസൃതിക്കുട്ടി. ന്യൂമീഡിയയില്‍ വളരുന്ന പുതുതലമുറയെ രസിപ്പിക്കുന്ന വിധം നവീനമായ വിഷയങ്ങള്‍ കണ്ടെത്തി രസകരമായി എഴുതി പുസ്തകമാക്കാനുള്ള പദ്ധതിയാണിവര്‍. അതിനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കേവലം ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ക്ക് പുറമെ, പുതുതലമുറയിലെ നിരവധികുട്ടികളെ കൃത്യമായി നിരീക്ഷിച്ചും അവരോട് ആശയവിനിമയം നടത്തിയും അവര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കാന്‍ കഥാകാരി എടുക്കുന്ന പരിശ്രമം അഭിനന്ദനാര്‍ഹം തന്നെയാണ്. ഓണ്‍ലൈന്‍ ലോകത്ത് കുരുങ്ങിക്കിടക്കുന്ന ഈ കുരുന്നുകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താനുതകുന്ന വിധം പുസ്തകങ്ങളെഴുതാനാണ് ബീനയുടെ നീക്കം.
കാത്തിരിക്കുകയാണ് കുട്ടിപ്പട്ടാളം…

 

 

 

 

മഞ്ജു എം. ജോയ്
സബ് എഡിറ്റര്‍, കേരള കൗമുദി