കുട്ടികള്‍ അവരെ വായിക്കുമ്പോള്‍

Homeഅതിഥിപത്രാധിപക്കുറിപ്പ്

കുട്ടികള്‍ അവരെ വായിക്കുമ്പോള്‍

തസ്മിൻ

ഥ കേള്‍ക്കാന്‍ ഇഷ്ടമുള്ളൊരു കുട്ടി ഏതൊരാളുടെയും ഉള്ളിലുണ്ട്. പ്രായത്തിനും ദേശത്തിനും ഭാഷയ്ക്കും അപ്പുറത്തേയ്ക്ക് ഭാവന സഞ്ചരിക്കുമ്പോള്‍ ‘ഒരിടത്തൊരിടത്ത് ‘ എന്ന പറച്ചിലിലൂടെ എത്രയെത്ര ജീവിതങ്ങളും ഭാവങ്ങളും നേരറിവുകളും രസ വഴികളുമാണ് നമുക്ക് മുന്നില്‍ തുറന്നു കിട്ടുക. ബാലസാഹിത്യത്തിന്‍റെ നാള്‍വഴികളില്‍ വാമൊഴിക്കഥകളും കവിതകളും പാട്ടുകളും ചന്തം വിടര്‍ത്തി നിന്നതങ്ങനെയാണ്. മുത്തശ്ശിക്കഥകളായി കുട്ടികളിലേക്ക് പകര്‍ന്ന വായനയില്‍ സന്മാര്‍ഗകഥകളും ജന്തുകഥകളും നാട്ടറിവുകളും പുരാണ കഥകളുമായിരുന്നല്ലോ ഏറിയ ഭാഗവും. എന്നാല്‍ കാലു നീട്ടിയിരുന്ന് കഥ പറയുന്ന മുത്തശ്ശിയും അടുക്കളയില്‍ ഓടിത്തളരുന്ന അമ്മയും അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയും തീര്‍ത്ത ലോകത്തിനപ്പുറത്തേയ്ക്ക് കുഞ്ഞു മനസുകളിലേയ്ക്ക് െ1കാടുക്കാന്‍ മറ്റൊന്നില്ലായിരുന്നു ആ കഥാലോകത്ത്. ചില പെണ്‍വാര്‍പ്പ് മാതൃകളിലൂടെ തലമുറകള്‍ പങ്കുവയ്ക്കപ്പെട്ട ബാലകഥകളില്‍ മന:പ്പൂര്‍വ്വമായോ അല്ലാതെയോ കടന്നു കൂടിയ കീഴ്പെടലുകളും അടിച്ചമര്‍ത്തലുകളും വഴക്കങ്ങളും ആണധികാരത്തിന്‍റെ കൂട്ടിച്ചേര്‍ക്കലുകളായിരുന്നു. ആദ്യകാല ചിത്രവായനാപുസ്തകങ്ങളിലും ഈ പ്രവണത വ്യക്തമായും ഉള്‍ച്ചേര്‍ന്നിരുന്നു.
ഇത്തരത്തിലുള്ള കേള്‍വികളുടെയും വായനയുടെയും മുനമ്പില്‍ നിന്നു കൊണ്ട് വേണം ബാലസാഹിത്യത്തിലെ ഫെമിനിസത്തെക്കുറിച്ച് ചിന്തിക്കാന്‍. മലയാള സാഹിത്യത്തില്‍ ഇന്നും പൂര്‍വ്വ മാതൃകകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ബാലസാഹിത്യ കൃതികള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ മറ്റു ഭാഷകളിലാകട്ടെ അനുനിമിഷം രചനാതന്ത്രങ്ങളിലും വിഷയ സ്വീകരണത്തിലും ബാലസാഹിത്യ രംഗം പുരോഗമിക്കുന്നു. കുട്ടികളുടെ വായനയില്‍ ലിംഗനീതി, ലിംഗസമത്വം എന്നീ ആശയങ്ങളെ ഉള്‍ച്ചേര്‍ക്കുമ്പോള്‍ വളര്‍ന്നു വരുന്ന തലമുറയിലേക്ക് സ്വത്വബോധം പകര്‍ന്നു നല്‍കുകയാണല്ലോ നാം ചെയ്യുന്നത്. അത് തന്നെയാണ് കാലഘട്ടം ആവശ്യപ്പെടുന്നതും. ‘ചൊട്ടയിലെ ശീലം ചുടല വരെ ‘ എന്ന ചൊല്ല് നല്ല മനോഭാവങ്ങളും തിരിച്ചറിവുകളും കൈവരിച്ച ചിലരെങ്കിലും ജീവിതത്തില്‍ മാറ്റിയെഴുതും .
ജെന്‍റര്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട സാഹിത്യത്തെ കുട്ടികളെ കണ്‍മുമ്പില്‍ കണ്ടു കൊണ്ട് പൊളിച്ചെഴുത്ത് സാധ്യമാക്കിയ ധാരാളം എഴുത്തുകാര്‍ മറ്റു ഭാഷകളിലുണ്ട് . ഗ്രിം, ആന്‍ഡേര്‍സണ്‍, പെറോള്‍ട്ട് തുടങ്ങിയവരുടെ ഫെയറി ടെയ്ല്‍ സീരീസുകള്‍ ഇത്തരത്തില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച രചനകളാണ്. ജോഹന്നാസ് സ്പൈറിയുടെ ഹൈദി നന്മ ചൊരിഞ്ഞു കൊണ്ട് സ്വയംപര്യാപ്തയായിക്കൊണ്ട് ചിന്താ മണ്ഡലത്തില്‍ വായനക്കാരോടൊപ്പം നടക്കുന്നു. ഈ കഥകളിലെല്ലാം സ്ത്രീപക്ഷ കാഴ്ചപ്പാടോടെയുള്ള ശാക്തീകരണതന്ത്രങ്ങള്‍ കൃത്യമായി അയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ എഴുത്തിന്‍റെ പാരമ്പര്യ വഴികളില്‍ നിന്ന് വേറിട്ട നടപ്പു ശീലങ്ങളിലേക്ക് മലയാളത്തിലെ ബാലസാഹിത്യത്തെയും വളര്‍ത്തേണ്ടതുണ്ട്. ഇന്നലെ കണ്ട കുട്ടിയല്ല ഇന്നത്തെ കുട്ടി. കാലത്തിനനുസരിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് കുട്ടികളുടെ ചിന്തകളിലും മനോഭാവങ്ങളിലും അഭിരുചികളിലും അറിവ് നിര്‍മ്മാണ രീതികളിലും മാറ്റം വരുമല്ലോ.
പെണ്‍കുട്ടികള്‍ക്ക് അച്ചടക്കവും നല്ല കുടുംബിനിയാകാനുള്ള പരിശീലനവും കൊടുക്കാന്‍ കൗണ്‍സലിംങ് സെന്‍ററുകളും പരിശീലന ക്ലാസുകളും അന്വേഷിച്ച് നടക്കുന്ന മാതാപിതാക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയും ആത്മവിശ്വാസവുമാണ് അവര്‍ക്കാവശ്യം എന്ന യാഥാര്‍ത്ഥ്യമാണ് ആദ്യം തിരിച്ചറിയേണ്ടത്. ആണ്‍ പെണ്‍ ഭേദം കല്പിച്ച് വീടും സമൂഹവും പെരുമാറുമ്പോള്‍ ,അടക്കവും ഒതുക്കവും അടിച്ചേല്‍പ്പിച്ച് അപകര്‍ഷതാബോധത്തിലേയ്ക്ക് തള്ളിയിടുമ്പോള്‍ ,വര്‍ണ്ണ വര്‍ഗബോധങ്ങളാല്‍ തരംതിരിക്കുമ്പോള്‍ കുട്ടികള്‍ സ്വയം തന്നെ കണ്ടെത്തുന്നത് അവര്‍ വായിക്കുന്ന പുസ്തകങ്ങളിലൂടെയാവട്ടെ. കേള്‍ക്കുന്ന കഥകളവര്‍ക്ക് ഊര്‍ജ്ജമാകട്ടെ. എനിക്കു സാധിക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല എന്ന ആത്മവിശ്വാസവും തന്‍റേടവും പകര്‍ന്ന് നല്‍കുന്ന വായന വര്‍ഗ ,ലിംഗ ,രൂപ ബോധങ്ങള്‍ക്കതീതമായ തിരിച്ചറിവിലേയ്ക്ക് കുട്ടികളെ വഴി നടത്തും. യഥാര്‍ത്ഥ ഫെമിനിസവും ബാലസാഹിത്യവും ഒരേ ലെന്‍സിലൂടെ വായിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും അനുയോജ്യമായ പുതുമാതൃകകള്‍ പകര്‍ന്നു നല്‍കാന്‍ എഴുത്തുകാര്‍ക്ക് കഴിയണം. ലഭ്യമായ ബാലസാഹിത്യത്തിലെ സ്ത്രീപക്ഷ വായനയിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ ഇക്കാലത്തും വരും കാലങ്ങളിലും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന ബോധ്യത്തോടെ തുടര്‍വായനയിലേക്ക്യ്ക്കും പുനര്‍വായനയിലേയ്ക്കും നമ്മള്‍ കുട്ടിക്കാലത്ത് വായിച്ചതും കേട്ടതുമായ ഒരു പിടി കഥകളുമായി ചേര്‍ന്നിരിക്കാം.

തസ്മിൻ

എറണാകുളം ജില്ലയിൽ പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ അദ്ധ്യാപിക. സാഹിത്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. 
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: തീവണ്ടി, തല തെറിച്ചവളുടെ സുവിശേഷം, മക്കന (കവിതാ സമാഹാരങ്ങൾ) ഉപ്പുമാവ് ( ഓർമ്മക്കുറിപ്പ്) സുമയ്യ (ബാലസാഹിത്യ നോവൽ)
പുരസ്ക്കാരങ്ങൾ: തീവണ്ടി എന്ന കവിതയ്ക്ക് പെരുമ്പാവൂർ ആശാൻ സ്മാരക കവിതാ പുരസ്ക്കാരം ലഭിച്ചു.സർഗഭൂമി കഥാപുരസ്ക്കാരം ,മഴവെയിൽക്കൂട്ട് സോഷ്യൽ മീഡിയ സാഹിത്യ പുരസ്‌ക്കാരം, കെ.എസ്.ടി.എ സംസ്ഥാനതല കവിതാ പുരസ്കാരം 2018, ലേഖനത്തിനുള്ള പുരസ്ക്കാരം 2020
പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂർ മേഖല കമ്മറ്റി അംഗമാണ്. 

COMMENTS

COMMENT WITH EMAIL: 0