തൊഴിലുറപ്പിനമ്മ
പോയ്ക്കഴിഞ്ഞ ശേഷം
പുള്ളിയുള്ള
സാരിയുടുത്തു
ഞാന്‍;
അന്നേരങ്ങളില്‍
മേലാകെ പുഴ, കാട്
വാലില്ലാനക്ഷത്രം'( കാലുകള്‍ക്കിടയിലും തലയ്ക്കുമേലെയുമുള്ള രഹസ്യങ്ങള്‍ – ആദിയുടെ കവിത)
സ്വത്വത്തെ രാഷ്ട്രീയമായി നിര്‍വചിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണ് കവിതകളാവുന്നത്. അതുപോലൊരു കവിതയാണ് ആദി. കുടുംബം, ഭരണകൂടം, നിലനില്‍ക്കുന്ന വ്യവസ്ഥിതി എന്നിവയെ മുന്‍നിര്‍ത്തിയുള്ള ആദിയുടെ വിശകലനത്തിന് ആഴത്തിലുള്ള രാഷ്ട്രീയ മാനങ്ങളുണ്ട്. ‘ഈ ജീവിതം എന്‍റെ മൗലികാവകാശമാണെന്ന’ നിരന്തരമായ ഓര്‍മ്മപ്പെടുത്തലുണ്ട്, കവിതയിലെന്നപോലെ വാക്കുകളിലും. തന്‍റെ ക്വീയര്‍ ലൈംഗികത പ്രഖ്യാപിക്കുമ്പോള്‍ തന്നെയും, വിമത ലൈംഗിക മുന്നേറ്റങ്ങള്‍ക്കുള്ളിലുള്ള ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ ചൂണ്ടികാണിക്കാന്‍ ആദിക്ക് സാധിക്കുന്നുണ്ട്.
ക്വിയര്‍ ആക്ടിവിസ്റ്റും കവിയുമായ ആദി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മലയാളം വിദ്യാര്‍ത്ഥി കൂടിയാണ്.
* ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്ന അന്‍പത് ദളിതുകളില്‍ ഒരാളായി ഔട്ട്ലുക് മാഗസിന്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുള്ളത് ക്വീയര്‍ ആക്ടിവിസ്റ്റും ആദിയുടെ സുഹൃത്ത് കൂടിയായിട്ടുള്ള ചിഞ്ചു അശ്വതി രാജപ്പനെയാണ്. ക്വീയര്‍, ദളിത് സ്വത്വങ്ങളില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ ചിഞ്ചുവിന്‍റെ ഈയൊരു നേട്ടത്തെ ആദി എങ്ങനെയാണ് വിലയിരുത്തുന്നത്.?
ചിഞ്ചു ഫേസ്ബുക്കില്‍ എഴുതുന്നുണ്ട് ഈയൊരു നൂറ്റാണ്ട് അംബേദ്ക്കറിന്‍റേതാവട്ടെയെന്ന് . ഔട്ട്ലുക് മാഗസിനില്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്ന അന്‍പത് ദളിതുകളിലൊരാളായിട്ട് കാഞ്ച ഐലയ്യയുടേയും,അരുവിയുടെയും,ഹിമദാസിന്‍റെയുമൊക്കെ പേരിനൊപ്പമാണ് ചിഞ്ചുവിനും ഇടം കിട്ടുന്നത്. കേരളത്തില്‍ നിന്നുള്ള ഒരേയൊരാള്‍, ട്രാന്‍സ് ആയ ഒരേയൊരാള്‍ അത്തരത്തില്‍ പല പ്രത്യേകതകളും ഈ നേട്ടത്തിന്‍റെ പിന്നിലുണ്ട്. മറ്റൊരു പ്രത്യേകത ഇന്‍റര്‍സെക്ഷണല്‍ ആയിട്ടുള്ള ധാരണയുണ്ടല്ലോ,ചിഞ്ചുവൊക്കെ നിരന്തരം പറയുന്ന ജാതിയും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചനകളുടെ രാഷ്ട്രീയമൂല്യം വളരെ വലുതാണ്. അതായത് കേരളം ഇന്‍റര്‍സെക്സക്ഷണല്‍ ധാരണക്ക് വലിയ സ്വീകാര്യതയൊന്നും ലഭിക്കുന്നയിടമല്ല. മുഖ്യധാരാ ക്വീയര്‍ സ്പേസ് കുറേക്കൂടി(ഇന്ത്യന്‍ സാഹചര്യം കൂടി കണക്കിലെടുത്താണ് ഞാനിത് പറയുന്നത്) സവര്‍ണ സ്വഭാവമുള്ള ഇടമാണ്. ഇപ്പോ നിങ്ങള് യൂണിവേഴ്സിറ്റികളിലും മറ്റും കാണുന്ന ക്വീയര്‍ സംഘടനകളുടെ സ്വഭാവം നോക്കുകയാണെങ്കില്‍ മനസ്സിലാകും അത് കൃത്യമായിട്ടും സവര്‍ണ സ്വഭാവംകാണിക്കുന്ന ആളുകളുടെ കൂട്ടമാണെന്ന് .അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ആഘോഷിക്കപ്പെടുന്ന ക്വീയര്‍ ആയ വ്യക്തികളെ നോക്കുകയാണെങ്കില്‍ അവരൊക്കെ സാമ്പത്തികമായി, ജാതിപരമായി ഒരു ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന പ്രിവിലേജ്ഡ് സ്പേസില്‍ നില്‍ക്കുന്ന ആളുകളാണ്. ഇന്ത്യയിലിപ്പോ അശോക് റോ കവി, ലക്ഷ്മി നാരായണ്‍ തൃപാഠി, ഹരീഷ് അയ്യര്‍ എന്നിവരൊക്കെയാണെങ്കിലും വളരെ പ്രിവിലേജ്ഡായ ഒരു സ്പേസില്‍ നില്‍ക്കുന്നവരാണ്.അതുകൊണ്ട് തന്നെ നിലനില്‍ക്കുന്ന ഭരണകൂടത്തിന്‍റെ താല്പര്യങ്ങളോട് ഒത്തുപ്പോവുന്ന ധാരയെയും കൂടിയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. മുഖ്യധാരാക്വീയര്‍ മുന്നേറ്റം പ്രത്യക്ഷത്തില്‍ തന്നെ ഹിന്ദുത്വ സംഘടനകളേയും അക്രമണങ്ങളെയുമൊക്കെ നിരന്തരം ന്യായികരിക്കുന്ന പണിയാണെടുക്കുന്നത്. അശോക് റോ കവിയൊക്കെ’ ദളിത് ക്വീയര്‍’ എന്ന് എന്തിനാണ് നിങ്ങള് പറയുന്നത് അതൊരു വിഘടനവാദമാണെന്നും മറ്റും പറയുന്നവരാണ്. ഏകശിലാത്മകമായ ക്വീയര്‍ ഐഡന്‍റിറ്റിയെ കുറിച്ചുള്ള ഒരു ചിന്തയാണ് അവരൊക്കെയും മുന്നോട്ട് വെയ്ക്കുന്നത്. ‘ഹിജഡ’ എന്ന വാക്ക് ഉപയോഗിക്കാന്‍ പോലും ലക്ഷ്മി നാരായണ്‍ തൃപാഠിയെപ്പോലുള്ളവര്‍ താല്പര്യപ്പെടുന്നില്ല.കാരണം അതിനൊരു ഉറുദു റൂട്ട് ഉണ്ടെന്നുള്ളതാണ് . അതുകൊണ്ടു തന്നെ ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ട രീതിയില്‍ ‘ കിന്നര്‍’ എന്ന ഐഡന്‍റിറ്റിയില്‍ അറിയപ്പെടാനാണ് അവരാഗ്രഹിക്കുന്നത്. പ്രത്യക്ഷത്തില്‍ തന്നെ വളരെ ഹൈന്ദവവല്‍ക്കരിക്കപ്പെട്ട നിലപാടുകള്‍ അവരുടേതായിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ നിന്നൊക്കെ വേറിട്ട് നിലനില്‍പ്പുള്ള ഒരു പ്രതിധാരയായിട്ടാണ് ഇന്‍റര്‍സെക്ഷണലായ ധാരണകളുള്ള ,ഡിസേബിള്‍ഡ് ആയിട്ടുള്ള അല്ലെങ്കില്‍ മുസ്ലീം ആയിട്ടുള്ള, ദളിത്, ബഹുജന്‍ ആയിട്ടുള്ള ആളുകളുടെ ഒരു ധാരയെ കാണേണ്ടതെന്ന് എനിക്ക് തോന്നുന്നു. അതില്‍ കേരളത്തില്‍നിന്നുള്ള പ്രധാനപ്പെട്ട ശബ്ദമാണ് ചിഞ്ചുവിന്‍റേത്.അതിന് കുറേക്കൂടി ശ്രദ്ധ കിട്ടുന്ന സമയമാണിത്.
ജാതിയും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള മനസ്സിലാക്കലുകള്‍, അതിനെക്കുറിച്ചുള്ള നിരന്തരമായ സംവാദങ്ങള്‍ എന്നിവയൊക്കെ നിലനിര്‍ത്തി കൊണ്ടുപോകേണ്ടതുണ്ട്.അങ്ങനെയാണ് ഈ സ്പേസിനകത്തുതന്നെയുള്ള ഒരു വരേണ്യധാരയോട് ക്രിട്ടിക്കലായിരിക്കാന്‍ പറ്റുകയെന്ന ബോധം ചിഞ്ചുവിനും എനിക്കും ഉനൈസിനുമൊക്കെയുണ്ട്. 2019 ലെ തെരഞ്ഞെടുപ്പില്‍ ദളിത് ക്വീയര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചിഞ്ചു മത്സരിക്കുകയും 494 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ചിഞ്ചുവിന്‍റെ ക്വീയര്‍ ,അംബേദ്കറൈറ്റ് സ്ഥാനാര്‍ഥിത്വത്തിന്‍റെ മൂല്യം വളരെ വിലപ്പെട്ടതാണ്. ആ വോട്ടുകള്‍ക്കും വലിയ മൂല്യമുണ്ട്.
* സ്വവര്‍ഗ്ഗ വിവാഹങ്ങളെ എതിര്‍ത്തുകൊണ്ട് സുപ്രീം കോടതിയില്‍ കേന്ദ്ര ഗവണ്‍മെന്‍റ് പറഞ്ഞ അഭിപ്രായം’ നമ്മുടെ സംസ്കാരത്തിന് വിരുദ്ധമാണെന്നാണ്’ ബഹുസ്വരതയെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു നെഹ്റുവിന്‍റെ തത്വം. എന്നാലിന്ന് ഏകഇന്ത്യയെ സൃഷ്ടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. സ്വവര്‍ഗാനുരാഗിയെന്ന നിലയില്‍ ഈയൊരു സാമൂഹിക സാഹചര്യം എങ്ങനെയാണ് അനുഭവപ്പെടുന്നത്?
ഭരണകൂടത്തിന് എന്തുനിലപാടുകള്‍ സ്വീകരിക്കണമെന്നതില്‍ വല്ലാത്തൊരു ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഐ പി സി 377 ഭാഗികമായി റദ്ദ് ചെയ്തു കൊണ്ട് ഉത്തരവ് ഒരിക്കലും പ്രതീക്ഷിച്ചതല്ല.കാരണം ശക്തമായി ഹിന്ദുത്വ ഭരണകൂടം നിലനില്‍ക്കുന്ന സമയത്ത് ഇങ്ങനൊരു വിധി ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പൊതുവില്‍ ഹിന്ദുത്വഭരണകൂടം ക്വീയര്‍ ആളുകള്‍ക്ക് മുകളില്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ നമുക്കറിയാവുന്നതാണ്. പക്ഷേ അതേസമയം, മുഖ്യധാരാ ക്വീയര്‍ പക്ഷത്തുള്ളവര്‍ ഇവര്‍ക്കുവേണ്ടി നിലനില്‍ക്കുന്നതായി കാണാം. ട്രാന്‍സ്ജെന്‍ഡേഴ്സിനു വേണ്ടി കൗണ്‍സില്‍ ഉണ്ടാക്കുന്നു.മോദിയൊക്കെ അതിന്‍റെ പ്രധാന ആളാകുന്നു. എന്തിനെയും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏറ്റെടുക്കാനുള്ള, സ്വാംശീകരിക്കാനുള്ള ശേഷി ഹിന്ദുത്വയ്ക്കുണ്ട്. അതൊരു പ്രധാനപ്പെട്ട തന്ത്രമാണ്. അംബേദ്ക്കറിനെ എങ്ങനെയാണോ അവരുടേതാക്കുന്നത് അതേ യുക്തി തന്നെയാണ് ക്വീയര്‍ വ്യവഹാരങ്ങളോടും അവര്‍ സ്വീകരിച്ചു പോകുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതായത് അവരിപ്പോ, ഇതിഹാസങ്ങളിലും പുരാണങ്ങളിലുമുള്ള അര്‍ദ്ധനാരീശ്വരന്‍ പോലുള്ള സങ്കല്‍പ്പങ്ങള്‍ മുന്‍നിര്‍ത്തി ട്രാന്‍സ് ഐഡന്‍റിറ്റിയെ സാധുകരിക്കാനാണ് ശ്രമിക്കുന്നത്. അക്കാദമിക് സര്‍ക്കിളുകളില്‍ ഉള്‍പ്പെടെ ഹിന്ദുത്വത്തെ മുന്‍നിര്‍ത്തിയുള്ള ക്വീയര്‍ നരേഷന് സ്വീകാര്യത ഉണ്ടാകുന്നുണ്ട്. ഈ ഏറ്റെടുക്കല്‍ ശ്രമങ്ങളെ എങ്ങനെ മറികടക്കണമെന്നത് ഒരു ചോദ്യമാണ്. ഇപ്പോ ഐ.പി.സി.377 റദ്ദ് ചെയ്ത സമയത്ത് സോ കോള്‍ഡ് ക്വീയര്‍ വരേണ്യ വ്യക്തികള്‍ പറഞ്ഞത് ക്വീയര്‍ വിമോചകനാണ് മോദി എന്നാണ്. ഇപ്പോള്‍ സ്വവര്‍ഗ വിവാഹത്തെ കേന്ദ്രം ഇത്തരത്തില്‍ തള്ളി പറയുമ്പോള്‍ ഹിന്ദുത്വത്തെ അനുകൂലിക്കുന്ന ക്വീയര്‍ ആളുകള്‍ ഇത് ഏത് തരത്തിലാണ് ന്യായീകരിക്കാന്‍ പോവുന്നത് എന്ന കാര്യത്തില്‍ എനിക്ക് കൗതുകമുണ്ട്. ആ രീതിയില്‍ വളരെ വൈരുദ്ധ്യമുള്ള നിലപാടുകളാണ് ഗവണ്‍മെന്‍റ് ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത് . ഐ.പി.സി. 377 നെ ചുറ്റിപ്പറ്റി കൊളോണിയല്‍ കാലത്തെ ബ്രിട്ടീഷ് ഇറക്കുമതിയായ് മാത്രം സ്വവര്‍ഗഭീതിയെ ചുരുക്കാന്‍ പാടില്ല.അങ്ങനെ ചുരുക്കുന്നത് വഴി നിങ്ങളുടെ (ഹിന്ദു)പാരമ്പര്യം എല്ലാത്തരം ലൈംഗികതയേയും അംഗീകരിച്ചിരുന്ന വളരെ സമത്വസുന്ദരമായിരുന്ന ഭൂതകാലമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തെ കുറേക്കൂടി ശക്തിപ്പെടുത്താനായി ഉപകരിക്കുകയേ ഉള്ളൂ.ഇതിലൂടെ മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ സ്വവര്‍ഗഭീതിയുടെ ആളുകളായി ചിത്രീകരിക്കാനും എളുപ്പത്തില്‍ സാധിക്കുന്നു. ഹിന്ദുത്വം മതമെന്ന രീതിയില്‍ നില നില്‍ക്കാത്തത് കൊണ്ടുതന്നെ അതിനൊരു എലാസ്റ്റിക് സ്വഭാവമാണുള്ളത്. സെമറ്റിക് മതങ്ങള്‍ക്കുള്ളത് പോലെ കാര്‍ക്കശ്യങ്ങളോ മതഗ്രന്ഥങ്ങളോ ഹിന്ദുത്വയ്ക്ക് ഇല്ല.കാരണം ഹിന്ദു മതം നിലനില്‍ക്കുന്നില്ല എന്നത് കൊണ്ടു തന്നെയാണ്. അതൊരു ചിതറി കിടക്കുന്ന ഘടനയാണല്ലോ.ജാതി മാത്രമാണത്. ഒരു മതത്തിന്‍റെ സ്വഭാവം ഇല്ലാത്തതിനാല്‍ അതിന് പലതിനെയും ഏറ്റെടുക്കാന്‍ എളുപ്പത്തില്‍ സാധിക്കുകയും ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്.
ഹിന്ദുത്വ ഭരണകൂടത്തിന്‍റെ ഈ വിഷയത്തിലുള്ള അടിസ്ഥാന നിലപാടുകള്‍ വിരുദ്ധ സ്വഭാവമുള്ളതാണ്. ഒരു സമയത്ത് ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്ന് വരുന്ന മനുഷ്യര്‍ക്കുള്ള വിസിബിലിറ്റിയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്കൊരിക്കലും താഴേക്കിടയിലുള്ള, സെക്സ് വര്‍ക്ക് ചെയ്യുന്ന, ?ദളിത് ക്വീയര്‍’ എന്ന് സ്വയം അഡ്രസ്സ് ചെയ്യുന്ന ആളുകളെ ഏറ്റെടുക്കാന്‍ പറ്റില്ല.മറിച്ച് കമ്മ്യൂണിറ്റികളില്‍ വളരെ സുഖകരമായ ജീവിതം നയിക്കുന്ന,വര്‍ഗപരമായി ഉയര്‍ന്ന,ജാതിപരമായി ഉയര്‍ന്ന ,പ്രിവിലേജില്‍ നില്‍ക്കുന്ന ആളുകളെ അവര്‍ക്കേറ്റെടുക്കാന്‍ എളുപ്പമുണ്ട്. ആ ഏറ്റെടുക്കല്‍ തന്നെ പ്രശ്നമാണ്.ഒരേസമയം പുരോഗമനപരമായ നിലപാടും യാഥാസ്ഥിതികമായ നിലപാടുമെടുക്കേണ്ടിവരും. അവര്‍ ട്രാന്‍സ്ജെന്‍ഡര്‍ കൗണ്‍സില്‍ രൂപീകരിക്കുന്നു,പക്ഷേ സ്വവര്‍ഗ്ഗവിവാഹത്തെ എതിര്‍ക്കുന്നു.ഇതിനുള്ളിലുള്ള സമ്മര്‍ദ്ദമുണ്ട്.. ക്വീയര്‍ അനുകൂല മുഖം ഉണ്ടാക്കിയെടുത്താല്‍, മറ്റു മതങ്ങളെ എളുപ്പത്തില്‍ ഹോമോഫോബിക് ആയ മതങ്ങളെന്ന നിലയില്‍ മുദ്രകുത്താനും ആ രീതിയില്‍ പ്രയോജനപ്പെടുത്താനും ഹിന്ദുത്വ ഭരണകൂടത്തിന് സാധിക്കുമെന്നതാണ്.
ഇപ്പോ മുഹമ്മദ് ഉനൈസിനെപ്പോലുള്ളവര്‍ മുസ്ലീം ക്വീയര്‍ എന്നാണ് സ്വന്തം ഐഡന്‍റിറ്റിയെ വിശേഷിപ്പിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റി വലിയ സംവാദങ്ങള്‍ തന്നെ നടന്നു. ക്വീയര്‍ കമ്മ്യൂണിറ്റിയിലുള്ളവരും പുറമേ നിന്നുള്ളവരും ഈയൊരു പൊസിഷനെ വിമര്‍ശിക്കുകയുണ്ടായി. എങ്ങനെയാണ് മുസ്ലീം ആയ ഒരാള്‍ക്ക് അത്തരമൊരു ഐഡന്‍റിറ്റിക്കുള്ളില്‍ നിന്നുകൊണ്ട് ക്വീയര്‍ എന്ന് പറയാന്‍ പറ്റുക? മതം തന്നെ ക്വീയര്‍ വിരുദ്ധമാണ്,പിന്നെ നിങ്ങളെങ്ങനെയാണ് മുസ്ലീം ക്വീയര്‍ എന്ന് പറയുന്നത് ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു. കുറേ പേര്‍ മത ഗ്രന്ഥങ്ങളെ ഉപയോഗിച്ച് സ്വവര്‍ഗ്ഗാനുരാഗം പാപമാണെന്ന ക്യാംപയിനിങ്ങുകളൊക്കെ നടത്തി. ഇത്തരത്തില്‍ വളരെ ഹോമോഫോബിക്കായ ഒരന്തരീക്ഷം സോഷ്യല്‍ മീഡിയയില്‍ വളര്‍ന്നുവന്നു. ഇതിന് സമാന്തരമായ് തന്നെ ക്വീയര്‍ കമ്മ്യൂണിറ്റിയുടെ ഉള്ളില്‍ ഇസ്ലാമോഫോബിയയും വളരുന്നുണ്ട്. ഇതൊക്കെയാണ് ഇതിനുള്ളിലെ ഒരു തന്ത്രമെന്നത്.
*’ഒട്ടും പ്രണയമില്ലാതുമ്മവെക്കുമ്പോള്‍ ചുണ്ടു
മുറിയും…..
ഉമ്മ വെക്കുമ്പോളൊക്കെ എനിക്കും ചുണ്ടു മുറിഞ്ഞു ‘ആദിയുടെ വരികളാണ്. പോയകാലത്തിന്‍റെ മുറിവുകളുണ്ട് വരികളില്‍. ഇത്തരം ചൂഷണങ്ങള്‍ക്ക് കാരണമാവുന്നത് ലൈംഗിക അസമത്വവും സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങളും കൂടിയാണ്. എന്നാലിന്ന് വിദ്യാഭ്യാസത്തിലൂടെ ഇത്തരം ചൂഷണങ്ങളെ മറിക്കടക്കാന്‍ സാധിച്ചിട്ടുണ്ടോ ? ആദിയുടെ അനുഭവം പങ്കുവെക്കാമോ?
അതിലിപ്പോ അംബേദ്ക്കര്‍ പറഞ്ഞപോലെ ജാതിമാറാതെ കുറേകൂടി മെച്ചപ്പെട്ട ജീവിതം ജീവിക്കണമെങ്കില്‍ വിദ്യാഭ്യാസപരമായ ഉയര്‍ച്ചകൊണ്ട് പറ്റുമെന്ന ധാരണയുണ്ടല്ലോ. അതുപോലെ തന്നെ ക്വീയര്‍ കമ്മ്യൂണിറ്റിയെ സംബന്ധിച്ചെടുത്തോളം വിദ്യാഭ്യാസം ഒരു പ്രധാനപ്പെട്ട ഘടകമാണ്. അവരുടെ ജീവിത നിലവാരം ഉയര്‍ത്താനാണെങ്കിലും വിദ്യാഭ്യാസം സഹായിച്ചേക്കും.പക്ഷേ അതിലൊരു ചോദ്യം വരുന്നത്,വിദ്യാഭ്യാസം നേടാനുള്ള സാധ്യത എല്ലാ ക്വീയര്‍ മനുഷ്യര്‍ക്കുണ്ടോ എന്നതാണ്. പലര്‍ക്കും വളരെ ചെറുപ്പത്തില്‍ തന്നെ പഠിത്തം നിര്‍ത്തേണ്ടി വരുന്നുണ്ട്. അതാകട്ടെ, നിലനില്‍ക്കുന്ന വ്യവസ്ഥ അവരെ ഉള്‍ക്കൊള്ളാന്‍ പാകമാവുന്നില്ലെന്നതുകൊണ്ടാണ്. അത്തരമൊരു പ്രശ്നം ഇതിലുണ്ട്. എന്നാല്‍ കേരളത്തിന്‍റെ സാഹചര്യത്തില്‍ കുറേക്കൂടി സ്കോളര്‍ഷിപ്പുകളും മറ്റുമായി സപ്പോട്ട് സിസ്റ്റം നിലനില്‍ക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
പിന്നെ ഈ വരികള്‍ വന്ന സന്ദര്‍ഭം, നമ്മുടെ പങ്കാളിയെ തേടുക എന്ന സംഗതിയുണ്ട്. നമ്മള്‍ ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന സമയത്ത് അതിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന മേല്‍/ കീഴ് ഘടനകളൊക്കെയുണ്ട്. നമ്മുടെ ബാക്ക്ഗ്രൗണ്ട്, നമ്മുടെ ശരീരം അത്തരത്തില്‍ പലതിന്‍റേയും അടിസ്ഥാനത്തിലാണത് നിലനില്‍ക്കുന്നത്. ഇതിനുള്ളില്‍ എന്നെപ്പോലുള്ള ഒട്ടും പ്രിവിലേജ്ഡ് അല്ലാത്ത വ്യക്തിക്ക് എങ്ങനെയാണ് സര്‍വൈവ് ചെയ്യാന്‍ പറ്റുക. അതായത് ഡേറ്റിങ് ആപ്പുകളൊക്കെ ഉപയോഗിക്കുന്ന സമയത്ത് ഒരു ദളിതായ വ്യക്തി മാട്രിമോണിയല്‍ പേജ് നോക്കുന്ന പോലെയാണ് അനുഭവപ്പെടുക.അതായത് എസ്.സി, എസ്.ടി ഒഴികെ എന്ന് കാണുന്നത് പോലെ, ഈ ശരീര ഘടനയുള്ളവര്‍ വേണ്ട, കറുത്തവര്‍ വേണ്ട, തടിച്ചവര്‍ വേണ്ട, ഫെമിനൈനായവര്‍ വേണ്ട, പ്രായം കൂടുതലുള്ളവര്‍ വേണ്ട…ഇങ്ങനെയുള്ള കണ്ടീഷന്‍സാണ് ഡേറ്റിങ് ആപ്പുകളിലെ പ്രൊഫൈലുകളില്‍ നമുക്ക് കാണാന്‍ പറ്റുക . അങ്ങനെ വരുമ്പോ നമ്മുടേത് യാതൊരു മൂല്യവുമില്ലാത്ത ശരീരമാവുന്നു. ഞാന്‍ പലപ്പോഴും പല പ്രൊഫൈലുകളിലും കാണാറുണ്ട് Demi Sexual ( വൈകാരികബന്ധം ഉണ്ടായതിന് ശേഷം മാത്രം ശാരീരിക ബന്ധം ഉണ്ടാവുക) ആയ ആളുകള്‍ എന്നൊക്കെ.എങ്ങനെയാണ് സെക്സ് വര്‍ക്ക് ചെയ്യുന്ന ഒരാള്‍ക്ക് Demi Sexual ആവാന്‍ പറ്റുക എന്നൊരു ചോദ്യം അവിടെയുണ്ട്. ഞാന്‍ എപ്പഴും വിചാരിക്കാറുണ്ട് എനിക്കൊന്നും ഒരിക്കലും റിലേഷന്‍ഷിപ്പിലാവാനുള്ള സാധ്യത പോലും അവശേഷിക്കുന്നില്ലെന്ന് . നമ്മളെത്ര ഉദാത്ത വല്‍ക്കരിച്ച് പറഞ്ഞാലും പ്രണയമെന്നൊക്കെ പറയുന്നത് പ്രിവിലേജുകള്‍ കയ്യാളുന്ന ശരീരങ്ങള്‍ക്ക് പറ്റുന്ന ഒരു സംഗതിയാണ്. നമുക്കൊന്നും അതിലേക്ക് യാതൊരു പ്രവേശനവുമില്ല. പിന്നെയുള്ളത് എന്നേക്കാള്‍ പ്രായമുള്ള എന്‍റെച്ഛന്‍റെ പ്രായമുള്ള പുരുഷന്മാര്‍ക്കേ നമ്മളെ വേണ്ടതൊള്ളു. അവര് തന്നെ നമ്മുടെ ശരീരം രണ്ടാംകിടയാണെന്നുള്ള രീതിയിലാണ് പരിഗണിക്കുന്നത്. നമുക്ക് വൃത്തിയില്ലെന്നാണവര്‍ പറയുന്നത്.വൃത്തിയില്ലാന്ന് പറയുമ്പോള്‍ നമ്മുടെ ശരീരത്തിന് നിറമില്ലെന്നാണവര്‍ ഉദ്ദേശിക്കുന്നത്.ഇതൊക്കെ കേട്ടാണ് നമ്മളതിനുള്ളില്‍ നില്‍ക്കുന്നത്.കമ്മ്യൂണിറ്റിയുടെ ഉള്ളില്‍ പോലും ഇതുണ്ട്. പിന്നെ കമ്മ്യൂണിറ്റിയുടെ ഉള്ളിലുള്ള മനുഷ്യരെല്ലാം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മനുഷ്യരാണെന്ന് ശാഠ്യം പിടിക്കാന്‍ പറ്റില്ലലോ , സമൂഹത്തിന്‍റെ എല്ലാതരം സ്വാധീനങ്ങളും ഇതിനുള്ളിലുമുണ്ട്. സ്ത്രീ വിരുദ്ധതയും, ഹോമോഫോബിയയും, ട്രാന്‍സ് ഫോബിയയും ഒക്കെ ഇതിലുണ്ട്. പലതരത്തില്‍ ചിതറി കിടക്കുന്ന ഘടനയാണിത്. ഓരോരുത്തരുടേയും പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ഇപ്പോ ഒരു പുരുഷ സ്വവര്‍ഗാനുരാഗിയും, സ്ത്രീ സ്വവര്‍ഗാനുരാഗിയും, ട്രാന്‍സ് ആയ വ്യക്തിയും, ഇന്‍റര്‍ സെക്സ് ആയ വ്യക്തിയും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. പ്രശ്നങ്ങള്‍ പല തരത്തിലുള്ളതാണ്, പലവിധത്തിലുള്ളതാണ്. എന്നാല്‍ വ്യവസ്ഥാപിത സമൂഹത്തിന്‍റേതായ എല്ലാ പ്രശ്നങ്ങളും ഇതിനുള്ളിലുണ്ടെന്ന് സാമാന്യവല്‍ക്കരിച്ച് കാണാനും പറ്റില്ല. കൂറേക്കൂടി ക്രിട്ടിക്കല്‍ ആകേണ്ടതുണ്ട്.
സ്ത്രൈണതയോടുള്ള പേടി, ഗേ ആയ വ്യക്തികള്‍ക്ക് സ്ത്രൈണതയുണ്ടെങ്കില്‍ അവരെ മിസ്സ് ജെന്‍ഡര്‍ ചെയ്യുക. അവരുടെ ലൈംഗിക റോളിനെക്കുറിച്ചുള്ള മുന്‍വിധിയുണ്ടാക്കിയെടുക്കുക അങ്ങനെ ക്വീര്‍ സര്‍ക്കിളുകള്‍ക്കുള്ളില്‍ തന്നെ ധാരാളം പ്രശ്നങ്ങളുണ്ട്.എന്തുകൊണ്ട് നമുക്കങ്ങനെ പ്രണയമില്ലാതെ ഉമ്മവെക്കേണ്ടി വരുന്നു അല്ലെങ്കില്‍ ചുണ്ടു മുറിയേണ്ടി വരുന്നു എന്ന് ചോദിക്കുന്ന സമയത്ത് സ്വാഭാവികമായും നമ്മുടെ പ്രിവിലേജില്ലായ്മ, നിലനില്‍ക്കുന്ന ഈയൊരു ഡോമിനന്‍റ് ഘടനക്കുള്ളില്‍ സ്ഥാനമെന്താണന്ന ഒരു ചോദ്യം, നമുക്കുള്ള സാധ്യതകള്‍ എന്തൊക്കെയാണെന്ന ചോദ്യം ഒക്കെ സാധുതയുള്ളതാണ്. അതായത് ഉയര്‍ന്ന ജീവിതം ജീവിക്കുന്ന വ്യക്തിക്ക് ഇങ്ങനെയൊരു സ്ഥിതിയുണ്ടാവില്ല. ഇങ്ങനെ പോവേണ്ടി വന്നാലും ഇത്തരത്തിലുള്ള വലിയ അബ്യൂസുകളൊന്നും നേരിടേണ്ടി വരില്ല. നമ്മുടെ ശരീരത്തോട് കാണിക്കുന്ന അവമതിപ്പോ മുന്‍വിധിയോ അത്തരം അവഗണനകളൊന്നും അവര്‍ക്ക് നേരിടേണ്ടി വരില്ല.
* ‘ കവിതയെഴുതാനെനിക്കറിവില്ല ഇതു
മുഴുവനുമെന്‍റെയാത്മഹത്യാ കുറിപ്പാണ്’. അനുഭവങ്ങളെ രാഷ്ട്രീയമായി പകര്‍ത്തുന്നിടത്താണ് ആദിയുടെ വരികള്‍ക്ക് തീക്ഷ്ണത കൈവരുന്നത്. ഇന്ന് മൂത്തോന്‍ പോലുള്ള സിനിമകള്‍ നമുക്കിടയിലേക്ക് വരുന്നുണ്ട്. സമകാലിക സാഹിത്യം, കല മുതലായവ കൂടുതല്‍ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?
സിനിമയായാലും കലയായാലും നിലവില്‍ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലുകളുണ്ടാവുമെന്നതിന്‍റെ ബോധ്യത്തിന് പുറത്താണ് അത്തരമൊരു മാറ്റം. ചാന്തുപ്പൊട്ടില്‍ നിന്ന് മൂത്തോനിലേക്കുള്ള ഒരു ഷിഫ്റ്റ് വളരെ പ്രകടമാണ്. പിന്നെ, സാഹിത്യത്തില്‍ നമ്മള് പലപ്പോഴും ക്വീയര്‍ കൃതികളായി പരിഗണിക്കാറുള്ളത് മുഖ്യധാരാ എഴുത്തുകാര്‍ എഴുതുന്ന ക്വീയര്‍ പ്രമേയമുള്ള രചനകളാണ്. ക്വീയറായ എഴുത്തുകാര്‍ പലപ്പോഴും വിസിബിളല്ല. വിജയരാജമല്ലികയല്ലാതെ അങ്ങനെയൊരാളില്ല.ഒരു ശൂന്യതയുണ്ട്. ക്വീയറായ എഴുത്തുകാരില്‍ പലരും അദൃശ്യരാണ്. പുതിയ പദസൃഷ്ടി നടത്തുക, നിലനില്‍ക്കുന്ന പദങ്ങളുടെ അര്‍ത്ഥത്തെ അപ്പാടെ മറിച്ചിടുക അങ്ങനെ പല തരത്തിലാണ് വിജയരാജമല്ലികയുടെ കവിതകള്‍ പ്രസക്തമാവുന്നതെന്ന് എനിക്ക് തോന്നുന്നു.മല്ലിക ഇന്‍റെര്‍ സെക്സ് ആയ കുട്ടികള്‍ക്കായി താരാട്ട് പാട്ട് എഴുതുന്നു.ഇതിനെയൊക്കെ രാഷ്ട്രീയപരമായി തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്.ഒരു ക്വീര്‍ സാഹിത്യ ധാര രൂപപ്പെടണമെങ്കില്‍ ധാരാളം സമയമെടുക്കും.സ്വന്തം അനുഭവങ്ങളെ കുറിച്ചെഴുതുക എന്നത് സ്വയം അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്. കുറേക്കൂടി ദൃശ്യതയുണ്ടാകേണ്ടതുണ്ട്.ഇന്‍വിസിബിളായി നില്‍ക്കുന്ന എഴുത്തുകാര് മുന്നോട്ട് വരണം.കാലമെടുത്താണെങ്കിലും അങ്ങനെയൊരു ക്വീയര്‍ധാര മലയാളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* ‘സ്വയംഭോഗം ചെയ്യാന്‍ പോലും സ്വന്തമായൊരു മുറിയില്ലാത്ത മനുഷ്യര്‍ക്കെങ്ങനെയാണ് സ്വന്തം ലൈംഗികതയും ലിംഗത്വവുമൊക്കെ തുറന്നു പറയാനൊക്കുക’ എന്ന ആദിയുടെ കുറിപ്പ് ഫേസ്ബുക്കില്‍ കാണാനിടയായി. തൃഷ്ണ, വിചാരലോകം എന്നിവയൊക്കെ ആസ്വദിക്കുന്നതിനും രൂപപ്പെടുത്തുന്നതിലും ‘വീട്’ എന്നതിന് പ്രസക്തിയുണ്ട്. ആദിയുടെ വീടനുഭവം പറയാമോ ?
ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട് ഹരീഷ് അയ്യരുടെ അമ്മ പത്മാഅയ്യര് മകന്‍റെ തുറന്ന് പറച്ചിലുണ്ടായപ്പോ, ഹിന്ദു പത്രത്തില്‍ പരസ്യം കൊടുത്തു. വരനെ ആവശ്യമുണ്ട്, വെജിറ്റേറിയനാണ്, മൃഗ സ്നേഹിയാണ്, ജാതി പ്രശ്നമില്ല, അയ്യരാണെങ്കില്‍ സന്തോഷം! ആ ഒരു അമ്മയില്‍ നിന്ന് എന്‍റെമ്മയിലേക്കുള്ള ദൂരം എത്രയാണെന്ന്? അത് പലതരത്തില്‍ നിര്‍ണയിക്കപ്പെട്ടതാണ്. എന്‍റെയമ്മ എങ്ങനെയായിരിക്കും ഇതിനോട് പ്രതികരിക്കുന്നത്? വിദ്യാഭ്യാസമില്ലാത്ത, സാധാരണജീവിതം നയിക്കുന്ന, കൂലിപ്പണിയെടുക്കുന്ന ഒരു സ്ത്രീ ഏത് തരത്തിലായിരിക്കും ഇതിനോട് പ്രതികരിക്കുന്നത്? എങ്ങനെയായിരിക്കും ഇതിനെ ഉള്‍കൊള്ളുന്നത് ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എനിക്കുണ്ടാവുന്നുണ്ട്. വീടിനുള്ളില്‍ തുറന്ന് പറച്ചിലുകളുണ്ടാകേണ്ടത് അത്യാവശ്യമാണ്. പക്ഷേ അത്തരം ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ കുറേയധികം ഊര്‍ജം ചിലവിടേണ്ടതായി വരും. തുറന്നു പറച്ചിലിനുള്ള ഊര്‍ജം നമുക്കുണ്ടോ? അല്ലെങ്കില്‍ അതിനുള്ള സാധ്യതയുണ്ടോ?ഏത് തരം മനുഷ്യര്‍ക്കാണ് തുറന്ന് പറച്ചിലുകള്‍ സാധ്യമായിട്ടുള്ളത്? ഏത് തരം മനുഷ്യരാണ് തുറന്ന് പറച്ചിലുകള്‍ കഴിഞ്ഞ് ഇവിടെ നില്‍ക്കുന്നത്? ആരാണ് നമുക്ക് മാതൃകയായി ചൂണ്ടികാണിക്കാനുള്ളത്? എന്ന് നോക്കുന്ന സമയത്ത് എല്ലാവരും ഉയര്‍ന്ന ജാതിയിലുള്ള,വര്‍ഗ്ഗ നിലയില്‍ ഉയര്‍ന്ന ജീവിതം ജീവിക്കുന്ന ആളുകളാണ്. ഇവിടെ നമ്മളെപ്പോലെ പ്രിവിലേജില്ലാത്ത മനുഷ്യരുടെ അതിജീവനം ഒട്ടും എളുപ്പമല്ല.
ഞാന്‍ വീടിനെ നോക്കികാണുന്നത് പ്രദീപന്‍ മാഷ് പറഞ്ഞത് പോലെയാണ്. വീട്ടിലേക്ക് പോവുകയെന്നാല്‍ ജാതിയിലേക്ക് പോവുകയാണെന്ന്.അതായത് ജാതിയിലേക്ക് മാത്രമല്ല നിങ്ങള് പോവുന്നത്, പല തരത്തിലുള്ള അടിച്ചമര്‍ത്തല്‍ ഘടനയിലേക്ക് ആകെയാണ് നിങ്ങള് കയറി ചെല്ലുന്നത്.വീട് ഒരു അടഞ്ഞ ഘടനയായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. നമ്മുടെ സ്വതന്ത്രമായ ആവിഷ്കാരങ്ങളെയെല്ലാം അപ്പാടെ റദ്ദുചെയ്യുന്ന ഒന്ന്. എന്‍റെ വ്യക്തിപരമായ കാര്യം മാത്രമല്ല, പൊതുവില്‍ ക്വീര്‍ ആയ,സ്ത്രീയായ വ്യക്തിയെ സംബന്ധിച്ചെടുത്തോളം വീട് ഒരടഞ്ഞ സ്പേസ് ആണ് . എന്‍റെ ഒരു കൂട്ടുകാരിക്ക് ലെസ്ബിയന്‍ ആണെന്ന് തുറന്ന് പറയാന്‍ പറ്റില്ല. എനിക്ക് ഒരു പക്ഷേ തുറന്ന് പറയാന്‍ സാധിക്കും.അതൊരു ആണ്‍ പ്രിവിലേജ് തന്നെയാണ്. അത് ഞാന്‍ പിടിച്ചു വാങ്ങുന്ന പ്രിവിലേജല്ല. അത് പാട്രിയാര്‍ക്കല്‍ സിസ്റ്റം അനുവദിച്ചു തരുന്നതാണ്. ഞാനെന്‍റെ ഐഡന്‍റിറ്റി തുറന്നു പറയുന്നു എന്നതിനര്‍ത്ഥം ഞാനെന്‍റെ ആണ്‍ പ്രിവിലേജിനെ പ്രയോജനപ്പെടുത്തുന്നു എന്ന് കൂടിയാണ്. എന്ത് കൊണ്ടാണ് ലെസ്ബിയന്‍ സ്ത്രീകള്‍ തുറന്ന് പറയാത്തത് എന്നതിനുള്ള പ്രധാന കാരണവും ഇതാണ്. ആണുങ്ങള്‍ക്ക് ലഭിക്കുന്ന സാധ്യത അവര്‍ക്കില്ല. കുടുംബം എന്ന ഘടനയും ദേശം എന്ന സങ്കല്‍പ്പവും തമ്മില്‍ ഒരു നൈരന്തര്യമുണ്ട്. ദേശരാഷ്ട്രത്തെ രൂപപ്പെടുത്തുന്ന യൂണിറ്റാണ് കുടുംബം . ആ ഘടനയെ നിലനിര്‍ത്തേണ്ടത് ഉല്പാദനക്ഷമമായ ഭിന്ന ലൈംഗികതയില്‍ ഊന്നികൊണ്ടാണ്.
* ക്യാമ്പസുകളില്‍ ട്രാന്‍സ് സൗഹാര്‍ദ്ദ ഇടം സൃഷ്ടിക്കുന്നതിനായി യു.ജി.സി പ്രത്യേക ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ് തലം മുതല്‍ ഹോസ്റ്റലില്‍ വരെ വിവേചനരഹിതമായ അന്തരീക്ഷം നിലനില്‍ക്കേണ്ടതുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ആദിയുടെ ക്യാമ്പസ് അനുഭവം എങ്ങനെയുള്ളതായിരുന്നു ?
വീട്ടില്‍ നിന്നും കുറേക്കൂടി ദൂരത്ത് നില്‍ക്കണമെന്ന ആഗ്രഹത്താലാണ് കാലടിയിലേക്ക് വരുന്നത്. എന്‍റെ ക്ലാസിലുള്ള പലരും പല ജില്ലകളില്‍ നിന്ന് വന്നവരാണ്. കാലടി യൂണിവേഴ്സിറ്റി വളരെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ പറ്റുന്ന ചെറിയൊരു സ്പേസ് ആണ്. കാലടിയുടെ ഒരു പൊതുസ്വഭാവം അത് കുറേക്കൂടി ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ള യൂണിവേഴ്സിറ്റിയാണ്. ക്യാമ്പസ് കുറേക്കൂടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സ്പേസാണ്. തിരുത്താണി വിദ്യാര്‍ത്ഥി കൂട്ടം പോലുള്ള രാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു കൂട്ടം ക്യസമ്പസില്‍ സജീവമാണ്. എന്‍റെ ഡിപ്പാര്‍ട്ട്മെന്‍റിലെ കൂട്ടുകാരാണെങ്കിലും നമ്മളെ അംഗീകരിക്കുന്നവരാണ്. വലിയ തരത്തിലുള്ള അബ്യൂസ് ഒന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അതില്‍ വളരെ സന്തോഷവുമുണ്ട്.
എന്നാല്‍, ക്യാമ്പസ് വളരെ ക്വീയര്‍സൗഹാര്‍ദ്ദപരമായ പുരോഗമനപരമായ ഒരു സ്പേസാണെന്ന് ഞാന്‍ പറയുന്നുമില്ല. യാതൊരു പ്രശ്നവുമില്ലാത്ത ഒരിടം എന്നൊക്കെ പറഞ്ഞാല്‍ അതൊരു ഉട്ടോപ്യന്‍ സങ്കല്‍പ്പം കൂടിയാണ്. പ്രോഗ്രസീവ് സ്പേസില്‍ നിന്നുള്ള അതിക്രമങ്ങള്‍ കുറേക്കൂടി സൂക്ഷ്മ സ്വഭാവത്തിലുള്ളതാണ്. നമ്മളെ ഏതെങ്കിലും തരത്തില്‍ ഒറ്റപ്പെടുത്താനായിരിക്കും അവര്‍ ശ്രമിക്കുക. ഇപ്പോ ക്വീയര്‍ ആയ തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികളുണ്ടാവില്ലേ.അവരെ സംബന്ധിച്ചെടുത്തോളം, തുറന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളോട് മിണ്ടുന്നത്, കൂടെ നടക്കുന്നത്, അത് അവര്‍ക്കൊരു പ്രതിസന്ധിയുണ്ടാക്കും ‘ഇവരുടെ കൂടെ നടന്നാല്‍ ഞങ്ങളുടെ ഐഡന്‍റിറ്റി കൂടെ പ്രശ്നത്തിലാകുമെന്നാണവര്‍ കരുതുന്നത്. അതവരുടെ പ്രശ്നം കൊണ്ടു മാത്രമല്ല മറിച്ച് സമൂഹം ഉണ്ടാക്കിയെടുത്ത ബോധ്യങ്ങളുടെ പ്രശ്നം കൂടിയാണ്. പിന്നെ ഇപ്പോ നമുക്കെതിരെ ഒരു പരാതി വന്നത് ‘മലയാളത്തിലെ കുട്ടികള്‍ ഹോസ്റ്റല്‍ കുണ്ടന്‍ കളിക്കായി ഉപയോഗിക്കുന്നു എന്നാണ്’ എനിക്കത് വലിയ ഷോക്കായി . നമ്മളോട് ചിരിച്ചു സംസാരിക്കുന്ന വ്യക്തിയാണ് ഈ പരാതി കൊടുക്കുന്നത്. അത്തരത്തില്‍ നമ്മളെയിങ്ങനെ ഫുള്‍ടൈം ഹൈപ്പര്‍ സെക്ഷല്‍ ആയിട്ട് ചിത്രീകരിക്കുന്ന രീതിയുണ്ട്. അതുപോലെതന്നെ നമ്മുടെ വസ്ത്രധാരണത്തെ കുറിച്ച് …. ഞാനെപ്പോഴും ചിന്തിക്കാറുണ്ട് ഒരു ജെന്‍റര്‍ ക്വീയര്‍ ആയ വ്യക്തി ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്ന് . ഞാന്‍ എനിക്ക് കംഫര്‍ട്ടായ വസ്ത്രം ധരിച്ചാണ് ക്ലാസ് മുറിയിലേക്ക് വരുന്നത്. അതേ സമയം ഒരധ്യാപകന്‍ പറയുന്നു ‘ഇത്തരം വസ്ത്രം ധരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ‘ പക്ഷേ എനിക്കെതിരെ നടപടിയൊന്നും എടുക്കാനോ ഞാന്‍ ഉപയോഗിക്കുന്ന വസ്ത്രം പാടില്ലെന്ന് പറയാനോ ആരും മുതിര്‍ന്നില്ല. എന്നാല്‍ ഒരു യൂണിവേഴ്സിറ്റി അധ്യാപകന്‍ അങ്ങനെയൊരു കമന്‍റ് പറയുന്നതില്‍ വലിയ പ്രശ്നമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനുള്ളില്‍ തന്നെ ഇന്‍റേണലായി അതിനെ റദ്ദ് ചെയ്യാനുള്ള ശബ്ദങ്ങള്‍ അവിടെതന്നെയുണ്ട്. അതാണ് യൂണിവേഴ്സിറ്റിയുടെ ഒരു സവിശേഷതയെന്നാണ് ഞാന്‍ കരുതുന്നത്.
* വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ട്രാന്‍സ് സുഹൃത്തുക്കള്‍ എത്തുന്നുണ്ട്. ഇത്തരമൊരു പ്രാതിനിധ്യസ്വഭാവം ക്യാമ്പസില്‍ മാറ്റമുണ്ടാക്കുന്നുണ്ടോ
ഇപ്പോ കുറേയധികം മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. എസ് എഫ് ഐ പോലുള്ള പല സംഘടനകളും ക്വീയര്‍ ആയിട്ടുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നുമുണ്ട്. അവരൊക്കെയും ക്വീയര്‍ വിഷയത്തെ ഏറ്റെടുക്കുമ്പോള്‍ പുരോഗമനപരമായ നിലപാടായിട്ടാണ് കാണുന്നത്. അങ്ങനെയൊരു പുരോഗമനപരതയുടെ ഉള്ളില് വെക്കേണ്ട വിഷയം മാത്രമല്ലിത്. പുരോഗമനപരമായ ഒന്നായി ഈ വിഷയത്തെ സ്ഥാനപ്പെടുത്തുമ്പോള്‍ പലരും ഇതില്‍ നിന്ന് പുറന്തള്ളപ്പെടും. ഇതിന്‍റെ പ്രതി(ശത്രു)പക്ഷത്ത് സ്വാഭാവികമായും ഒരു യാഥാസ്ഥിതികധാര രൂപപ്പെടും. പല സംഘടനകളും ക്വീയര്‍ അനുകൂല മുഖമുണ്ടാക്കിയെടുക്കുമെങ്കിലും ഇവരുടെ മുദ്രാവാക്യങ്ങളിലൊക്കെ ശിഖണ്ഡിയും ഭയങ്കര ഹോമോഫോബിക്കായ തെറികളുമുണ്ടാകാറുണ്ട്.നമ്മള് തിരുത്തേണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. പരസ്യമായി തന്നെ അവരുടെ നേതാക്കന്മാരും മറ്റും ഇത്തരം വാക്കുകള്‍ എടുത്തുപയോഗിക്കും നമ്മളതിനെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭമുണ്ടായിട്ടുണ്ട്. പക്ഷേ കുറേക്കൂടി രാഷ്ട്രീയ പ്രതിനിധ്യം ഉണ്ടാവുന്നുണ്ട്. പ്രാതിനിധ്യം കിട്ടുകയെന്ന് വെച്ചാല്‍ അതൊരു ദൃശ്യതയെ സംബന്ധിച്ച കാര്യമാണ് .അതൊരു മാറ്റമാണ്.
* ‘ കല്യാണപന്തലില്‍ പെണ്ണുങ്ങളെല്ലാം
അകത്ത് അടുക്കളയില്‍ അടുപ്പില്‍
ആണുങ്ങളെല്ലാം
കോലായില്‍ മുറ്റത്ത് പറമ്പില്‍ പന്തലില്‍
ഞാനാണെങ്കിലെവിടെ
നില്‍ക്കണമെന്നറിയാതെ വെയിലത്ത് വയലില്‍’ ആദിയുടെ വരികളാണ്. ഭിന്ന ലൈംഗികതയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന കുടുംബമെന്ന സ്ഥാപനം പലപ്പോഴും വൈവിധ്യങ്ങളെ മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെക്കുറിച്ചുള്ള ആദിയുടെ നിരീക്ഷണം വ്യക്തമാക്കാമോ?
കുടുംബം ഒരടഞ്ഞഘടനയാണ്. അതിന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നത് ഇത്തരമൊരു ബൈനറിയെ മുന്‍നിര്‍ത്തിയുള്ള പ്രണയം, കാമന അതിനെയൊക്കെയാണ്. അതില്‍ തന്നെ ജാതി, മതം, വര്‍ഗം എന്നിവ പ്രധാന ഘടകങ്ങളാകുന്നുണ്ട്. ജാതി മാറിയുള്ള ഹെട്രോസെക്ഷ്വല്‍ ബന്ധത്തെപ്പോലും സ്വീകരിക്കാന്‍ പറ്റാത്ത ഒരു സ്പേസിനകത്താണ് നമ്മള്‍ ആണ്‍ – ആണ്‍, പെണ്‍ – പെണ്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കാന്‍ മുതിരുന്നത്. ഭിന്ന ലൈംഗികവല്‍ക്കരിക്കപ്പെട്ട കുടുംബമാണ് നമ്മുടേത്. അതിനുള്ളില്‍ തന്നെ അച്ഛനാണ് കേന്ദ്രം. ഭിന്നലൈംഗികവല്‍ക്കരിക്കപ്പെട്ട കുടുംബമായതിനാല്‍ ബൈനറിക്കപ്പുറമുള്ള ബന്ധങ്ങളെയൊന്നും അതംഗീകരിക്കാന്‍ പോകുന്നില്ല. ഹോമോസെക്ഷ്വലായ വ്യക്തികള്‍ കുടുംബങ്ങള്‍ക്കുള്ളില്‍ നേരിടുന്ന കറക്ടീവ് റേപ്പ് പോലുള്ള നിരവധി പ്രശ്നങ്ങളുണ്ട് .അതായത് ഗേ, ലെസ്ബിയന്‍ ഒക്കെയായ വ്യക്തികളെ കുടുംബത്തിലുള്ള ആളുകളെകൊണ്ട് റേപ്പ് ചെയ്യിപ്പിക്കുക. അങ്ങനെ അവരുടെ ലൈംഗിക ആഭിമുഖ്യം മാറും. സ്ത്രീയാണെങ്കില്‍ പുരുഷനെ കൊണ്ട്, പുരുഷനാണെങ്കില്‍ സ്ത്രീയെ കൊണ്ട് . നിര്‍ബന്ധിത ഇന്‍റര്‍കോഴ്സിലേക്ക് നയിച്ചാല്‍ അവരുടെ ലൈംഗിക ആഭിമുഖ്യം നേരായ ലൈംഗികതയായി മാറുമെന്ന തെറ്റിധാരണയുണ്ട്. വലിയ അതിക്രമങ്ങള്‍ നടക്കുന്ന ഇടം കൂടിയാണ് കുടുംബങ്ങള്‍.രണ്ടാഴ്ച്ച മുമ്പാണ് ഒരു ട്രാന്‍സ്ജെന്‍റര്‍ സുഹൃത്തിനെ സ്വന്തം ചേട്ടന്‍ തല്ലിക്കൊന്നത്. സമൂഹത്തിനോടുള്ള വലിയ പ്രതിബന്ധതയുണ്ട് കുടുംബത്തിന്.അതിന്‍റെ തുടര്‍ച്ചയായാണ് ഈ അതിക്രമങ്ങളെയൊക്കെ മനസ്സിലാക്കേണ്ടത്. നമ്മള് ഇങ്ങനെ അകത്തിനെ ക്രമപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ അകം ഇതുവരെ നിലനിന്നപോലെ നിലനിര്‍ത്താനുള്ള പെടാപാടാണ് നമുക്കുള്ളത്. വീട് പുറംതള്ളിയ വ്യക്തിയെന്നാല്‍ ദേശം പുറം തള്ളിയ വ്യക്തി കൂടിയാണ്.ഇതോടെ നമ്മള്‍ എല്ലാ രേഖകളും നഷ്ടപ്പെട്ട ശരീരമായി മാറുകയാണ് .അതായത് ദേശം പുറംതള്ളിയ വ്യക്തി ദേശത്തിന്‍റെ യാതൊരു ആനുകൂല്യവുമില്ലാത്ത വെറും ശരീരമായി മാറുന്നത് പോലെ തന്നെയാണത്. അതോണ്ടാണ് ട്രാന്‍സ് ആയ വ്യക്തികള്‍ക്ക് ഭിക്ഷയെടുക്കേണ്ടി വരുന്നത്.യാതൊരു ആനുകൂല്യവുമില്ലാതാവുമ്പോള്‍ അവര്‍ക്ക് അരികുകളിലേക്ക് പോവേണ്ട ഒരവസ്ഥയുണ്ടാവുന്നു. സെക്സ് വര്‍ക്ക് ചെയ്യേണ്ട ഒരവസ്ഥയുണ്ടാകുന്നു. അത്തരത്തില്‍ ദേശവും കുടുംബവും തമ്മിലുള്ള നൈരന്തര്യത്തിന്‍റെ തുടര്‍ച്ചയിലാണ് ഇത്തരം അതിക്രമങ്ങള്‍ സംഭവിക്കുന്നതെന്ന് തോന്നുന്നു.
ഉമ്മു ഹബീബ
ഗവേഷക, മലയാള വിഭാഗം
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല കാലടി.
COMMENTS