Homeചർച്ചാവിഷയം

കുടുംബം : ഒരു തിരിഞ്ഞുനോട്ടം

കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇമ്പത്തിന് കുടുംബത്തിന് പുറത്തുപോകുന്ന ഗതികേടാണ് ഇപ്പോഴുള്ളത്. ഭാര്യയും ഭര്‍ത്താവും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്‍റെ പര്യായം ആയിട്ടാണ് കുടുംബം എന്ന വാക്കിനെ ഇന്ന് നമ്മള്‍ കാണുന്നത. അതായത് ഒരു അണുകുടുംബ കാലഘട്ടത്തില്‍ . അതുകൊണ്ടുതന്നെ കുടുംബത്തിന്‍റെ അധികാര ഘടനയിലും തൊഴില്‍ വിഭജനത്തിലും എല്ലാം മാറ്റങ്ങള്‍ ഉണ്ടാകണം എന്ന് പറയുമ്പോള്‍ അവിടെ ജീവിക്കുന്നവര്‍ തമ്മിലുള്ള സ്നേഹവും പരസ്പരാശ്രിതത്വവും നിഷേധിക്കുന്നതായി വിശ്വസിക്കുന്നു. അതിന്‍റെ ഭാഗമായി ഇരകളാക്കപ്പെടുന്നവര്‍ പോലും കുടുംബത്തിന്‍റെ മാറ്റം എതിര്‍ക്കുകയും ഭയപ്പെടുകയും ചെയ്യുന്നു.

ഇന്ന് നാം ജീവിക്കുന സമൂഹത്തിലെ അധികാര കേന്ദീകരണത്തിന്‍റെ ഏറ്റവും ചെറിയ യൂണിറ്റാണല്ലോ കുടുംബം . അത് സ്ത്രീകളുടെ ഇഛാനുസരണമായ തെരഞ്ഞെടുപ്പുകളെ നിഷേധിക്കുന്നു. ഈ നിഷേധം പുറത്തു നിന്ന് മാത്രമല്ല, കല്പിത കുടുംബങ്ങളെ ഉണ്ടാക്കാന്‍ സ്വയം ഇഷ്ടങ്ങളെ നിഷേധിക്കുന്നു. ഈ വിധത്തില്‍ വ്യക്തിയെ കണ്ടീഷന്‍ ചെയ്യുന്നത് തുടങ്ങുന്നത് കുടുംബത്തില്‍ നിന്നാണ്. ഒരു വ്യക്തിയില്‍ മൂല്യബോധം ആദ്യം രൂപപ്പെടുന്നത് കുടുംബത്തില്‍ നിന്നാണ്. ആണധികാരങ്ങളെ സ്വാഭാവീകമായി സ്വീകരിക്കപ്പെട്ട സമൂഹത്തിലെ മൂല്യങ്ങള്‍ ഇങ്ങനെ കുടുംബത്തില്‍ പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. കുടുംബം എക്കാലത്തും ഏകശിലാരൂപങ്ങളല്ല. സാമൂഹ്യ അധികാര ഘടനക്കനുസരിച്ച് ഗോത്രങ്ങളും കൂട്ടുകുടുംബങ്ങളും അണുകുടുംബങ്ങളും സിങ്കിള്‍ പേരന്‍റ് കടുംബങ്ങളുമൊക്കെയായി മാറി കൊണ്ടിരിക്കുന്നു.

നാം ഇന്ന് സ്വാഭാവികമായി പറയുന്ന അച്ഛന്‍ അമ്മ, കുട്ടികള്‍ അടങ്ങിയ കുടുംബങ്ങളില്‍ പുനരുല്പാദനത്തിന്‍റെ (മനുഷ്യരുടേയും അവരുടെ അധ്വാനശേഷിയുടയും നിര്‍മാണം) കുടുംബത്തിനകത്താണ് . അതിനാവശ്യമായ അധ്വാനവും സമയവും ചെലവഴിക്കാനുളള ബാദ്ധ്യത സ്ത്രീയുടേതാണ്. ഒരു പക്ഷേ വ്യവസായിക വിപ്ലവത്തിന് ശേഷം തൊഴിലാളികളെ കൊണ്ട് പരമാവധി സമയം പണിയെടുപ്പിക്കാന്‍ ഒരുക്കിയ ഒന്നായിരിക്കാമിത്. ശരീര നിര്‍മാണത്തിനുള്ള എല്ലാ അധ്വാനവും സ്ത്രീ കുടുംബത്തില്‍ ചെയ്യുന്നതിനാല്‍ തൊഴിലാളിയായ പുരുഷന്‍റെ മുഴുവന്‍ അധ്വാനവും മുതലാളിക്ക് പ്രയോജനപ്പെടുത്താം.

ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും അമ്മയുടെ പ്രകൃത്യായുള്ള കഴിവായതിനാല്‍ സാമൂഹ്യ ഉത്തരവാദിത്വമായ പരിചരണം പെണ്ണിന്‍റെ ബാദ്ധ്യതയാക്കി. സാമൂഹ്യ ഉത്തരവാദിത്വത്തില്‍ നിന്ന് വ്യക്തികളിലേക്കും കുടുംബത്തിലേക്കും സ്ത്രീയിലേക്കും ഏറ്റവും പ്രധാനമായ ഇത് ചുരുക്കി. ഉല്പാദന മേഖലയില്‍ തൊഴിലാളിയുടെ കഴിവ് പ്രതിഷേധങ്ങള്‍ ഇല്ലാതെ പരമാവധി ചൂഷണം ചെയ്യാന്‍ പുന:രുല്പാദനത്തിന്‍റെ ഈ ക്രമീകരണം സഹായകരമായി. ഉല്‍പ്പാദന മേഖലയിലക്ക് സ്ത്രീകള്‍ വന്നപ്പോഴും ഈ ഉത്തരവാദിത്വത്തിന് മാറ്റമുണ്ടായില്ല. മുഖ്യധാരാ അധികാര രാഷ്ട്രീയ പദവികളില്‍ പുരുഷന്മാരായതിന്നാല്‍ ഈ സംവിധാനം അവര്‍ക്ക് സൗകര്യപ്രദമായതിനാല്‍ ഈ പുന:രുല്പാദനത്തിന്‍റെ ബാധ്യതയും സമയവും അധ്വാനവും മുഖ്യ രാഷ്ട്രീയ വിഷയമാകുന്നില്ല. ഈ ബോധത്തെ നില നിര്‍ത്തി കൊണ്ട് മുതലാളിത്ത സമൂഹം മെക്കനൈസേഷന്‍ നടത്തി അധ്വാനഭാരം ലഘൂകരിച്ചു കൊണ്ടിരിക്കുന്നു. ഇത് സാമ്പത്തീക മടക്കം പല പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബം ഒരു ബാദ്ധ്യതയാകുന്നു. വീട്ടില്‍ ഭര്‍ത്താവും കുട്ടികളും മറ്റ് ബന്ധുക്കളും ഉണ്ട് എന്നത് സ്ത്രീക്ക് അവളുടെ സമയവും അധ്വാനവും ഇഷ്ടത്തിന് പ്രയോജനപ്പെടുത്താനുള്ള സാധ്യതയാകുന്നില്ല. മറിച്ച് ബാദ്ധ്യതയാകുന്നു.

എന്തുകൊണ്ട് അല്ലെങ്കില്‍ എങ്ങനെ കുടുംബം സ്ത്രീകള്‍ക്ക് ബാദ്ധ്യതയാകുന്നു? അത് ഒഴിവാക്കാന്‍ എന്തു ചെയ്യാനാകും എന്ന് പരിശോധിക്കുമ്പോള്‍. ഇന്ന് കുടുംബം രൂപപ്പെടുന്നത് തന്നെ ജാതിക്കും മതത്തിനും ആചാരങ്ങള്‍ക്കും അകത്താണ്. കുടുംബം ഒരു സാമൂഹ്യ സ്ഥാപനമാകുന്നു. (കുടുംബത്തിന്‍റെ രൂപീകരണം, അതിന്‍റെ ഘടനയില്‍ വന്ന മാറ്റങ്ങള്‍ …. ചരിത്രത്തിലേക്ക് കടക്കുന്നില്ല. ഇന്ന് സ്വീകരിക്കപ്പെട്ട , സര്‍ക്കാര്‍ കണക്കിലെ അണു കുടുംബം അടിസ്ഥാനമാക്കിയുള്ള ചിന്തയാണ്.)

ഒന്ന് സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതോടെ സ്വാഭാവികമായ ഒഴുക്കു നഷ്ടപ്പെടുകയും കെട്ടി നിര്‍ത്തപ്പെടുകയും സംഘര്‍ഷഭരിതമാകുകയും ചെയ്യുന്നു. സംഘര്‍ഷങ്ങള്‍ വ്യക്തി പ്രശ്നങ്ങളായി ചുരുക്കുകയും പരിഹാരം തേടുകയാണ് ഇന്ന്. ഇത് വ്യക്തിയുടെ മാനസീകവും ശാരീരികവുമായ ആരോഗ്യത്തെ പോലെ ഒരു സമൂഹത്തിന്‍റെ ആരോഗ്യത്തേയും ബാധിക്കുന്നു. അനാരോഗ്യകരമായ ഒരു സമൂഹത്തില്‍ ലഹരിയും വയലന്‍സും അസമാധാനവും അനിശ്ചിതത്വവും സ്വാഭാവികമാണ്. തിരിച്ചും ഒരു രാഷ്ട്രത്തിന്‍റെ വികസന ലക്ഷ്യവും പൗരന്മാര്‍ക്ക് വിഭവങ്ങളിലുള്ള അവകാശവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും പുന:രുല്പാദനം നടക്കുന്ന കുടുംബത്തെ ആരോഗ്യമുള്ളതാക്കും. അതായത് രാഷ്ട്രത്തിന്‍റെ അധികാര ഘടനയും വിഭവങ്ങളും വികസന സങ്കല്പങ്ങളും അടങ്ങുന്ന മാക്രോ പൊളിറ്റിക്സും വ്യക്തിയെ നിര്‍മ്മിക്കുന്ന കുടുംബത്തിന്‍റെ മൈക്രോ പൊളിറ്റിക്സും പരസ്പര പൂരിതമാണ്. അതുകൊണ്ട് നമ്മള്‍ എന്നും കേള്‍ക്കുന്ന വ്യക്തി നന്നായാല്‍ കുടുംബം നന്നാവും കുടുംബം നന്നായാല്‍ നാട് നന്നാവും നാട് നന്നായില്‍ രാജ്യം നന്നാവും എന്നതു പോലുള്ള യാന്ത്രിക വാദങ്ങള്‍ വിഢിത്തമാകുന്നത്.

ഒരു മനുഷ്യന് ജനിക്കാനും വളരാനും നിലനില്‍ക്കാനും അധ്വാനവും സമയവും സ്ഥലവും വിഭവങ്ങളും ആവശ്യമാണ്. ഇതിന്‍റെ ലഭ്യതയും ക്രമീകരണവും ഒരു മുഖ്യധാരാ രാഷ്ട്രീയ വിഷയമാണ്. ജനാധിപത്യ ഭരണത്തില്‍ ഇത് ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമാണ്. വ്യക്തികളെ ഒരു സാമൂഹ്യ ജീവിയാക്കുന്നതില്‍ വിദ്യാഭ്യാസവും കലയും സാഹിത്യവും എല്ലാം തെരഞ്ഞെടുക്കാന്‍ കഴിയണം. മതങ്ങള്‍ ജന്മം കൊണ്ടോ ആചരങ്ങള്‍ കൊണ്ടോ അല്ല അത് ഉന്നയിക്കുന്ന മൂല്യങ്ങള്‍ ബോദ്ധ്യപ്പെട്ട് വേണമെങ്കില്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇതെല്ലാം ദീര്‍ഘകാല ലക്ഷ്യങ്ങളാണെങ്കില്‍ ഇന്ന് ഇപ്പോള്‍ മുതല്‍ തുടങ്ങേണ്ട പലതുമുണ്ട്. പ്രകൃതിയേയും സമൂഹത്തേയും സ്വന്തം ശരീരത്തേയും ആസ്വദിക്കാന്‍ ശീലിക്കുക. കുടുംബം വീട്ടകം മാത്രമല്ലെന്നും വീടിന് പുറത്തും സൗഹൃദത്തിന്‍റേയും കൂട്ടായ്മയുടേയും ഇടപെടലിന്‍റേയും സ്പെയ്സ് ഉണ്ടാകണം. കുടുംബം രൂപം കൊള്ളുന്ന
വിവാഹത്തിന് മുന്‍പ് തന്നെ വിവാഹം ഒരു ദിവസമല്ല, ഒരു ജീവിതമാണ് എന്ന് തിരിച്ചറിയുക. ഇത് ഒരു സോഷ്യല്‍ കോണ്‍ട്രാക്റ്റ് ആണെന്നും പിരിയാനും സാദ്ധ്യതയുണ്ടെന്ന യാഥാര്‍ത്ഥ്യ ബോധം ഉണ്ടാകണം. അങ്ങനെ സംഭവിച്ചാല്‍ ശൂന്യമാകാതിരിക്കാനുള്ള കരുതല്‍ വേണം. മദ്യം, മയക്കുമരുന്ന്, സീരിയല്‍, ഭക്തി, ആര്‍ഭാടം തുടങ്ങിയ ലഹരി കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അസംതൃപ്തമായ കുടുംബ അന്തരീക്ഷം മറികടക്കാന്‍ സൃഷ്ടിക്കുന്ന രഹസ്യ ബന്ധങ്ങള്‍ മുതലെടുപ്പുകളിലേക്കും കൂടുതല്‍ മാനസീക സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നു. ഗവണ്മേന്‍റ് (ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍) ഔദാര്യം പോലെ വച്ചു നീട്ടുന്ന പദ്ധതികള്‍ അവകാശമായി പ്രായോഗീകമായി ആസൂത്രണം ചെയ്ത് ഉപയോഗിക്കാന്‍ കഴിയണം.. പരമ്പരാഗതമായ ജീവിത രീതികളില്‍ ഉറച്ചുനില്‍ക്കാതെ കാലഘട്ടങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന മാറ്റങ്ങളെ പരിശോധിക്കാനും ആവശ്യമായ പരിഷ്കരിക്കാനും തയ്യാറാകണം.

നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിഹാരത്തിന് ഓടുന്നതിന് പകരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഒപ്പം നില്‍ക്കാനും തയ്യാറാവണം. കുടുംബം ഒറ്റപ്പെട്ട ഒരു സ്ഥാപനമല്ല. അത് സമൂഹത്തിന്‍റ ഭാഗമാണ്. സമൂഹത്തെ രൂപപ്പെടുത്തുന്നതിന് വലിയ പങ്കുണ്ട്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കുടുംബ ബന്ധങ്ങളിലും ഘടനയിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇന്ന് മാറ്റങ്ങള്‍ ഉണ്ടാകുന്നത് അധികാരികളുടെ അധികാരം ഉറപ്പിക്കല്‍, കമ്പോളങ്ങളുടെ വിവണനം വര്‍ദ്ധിപ്പിക തുടങ്ങിയ ആവശ്യത്തിലാണ്. പൗരന്‍റെ സ്വാതന്ത്ര്യവും (സ്ത്രീയുടെ സ്വാതന്ത്ര്യവും ) വിപണിയിലെ ചരക്കുകള്‍ വാങ്ങിക്കുന്നതിലേക്ക് ഒതുക്കുന്നു. ഒരു റേഡിയോയില്‍ നിന്ന് ഒരു ഗ്രാമം മുഴുവന്‍ പാട്ടും വാര്‍ത്തകളും കേട്ടിരുന്നിടത്തുനിന്ന് ഒരു കുടുംബത്തിലല്ലാ, ഓരോ മുറിയിലും ടി.വി സ്വാതന്ത്ര്യത്തിന്‍റെ ചിഹ്നമായി. വീട്ടില്‍ ഒരു സോപ്പുപെട്ടിയിലെ ഒരു സോപ്പില്‍ നിന്ന് ഓരോരുത്തര്‍ക്കും പലതരം സോപ്പുകളായി. (ഇത് ഫാക്ടറികളില്‍ നിന്നു മാത്രമല്ല, കുടുംബങ്ങളില്‍ തന്നെ മാലിന്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി ) അതായത് മറ്റുള്ളവരുമായി സഹകരിക്കാനും പങ്കുവക്കാനുമുള്ള മൂല്യം നഷ്ടപ്പെടുത്തിയത് കുടുംബത്തില്‍ നിന്നുതന്നെയാണ്. ഉപഭോഗ സംസ്കാരത്തിനും വിപണിയുടെ തന്ത്രത്തിലും പെട്ടുപോയിട്ടുണ്ട്. സ്ത്രീക്ക് മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നത് സ്ത്രീകളാണെന്നതിനാല്‍ വിപണി പരസ്യങ്ങള്‍ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തുന്നു. ഈ വാങ്ങല്‍ ശേഷിയുടെ പരിമിതികള്‍ സ്ത്രീകളെ മാനസീകമായി അതൃപ്തരാക്കുന്നു. ഇന്നത്തെ കുടുംബത്തിലെ ആവര്‍ത്തന വിരസമായ ജോലികളും അതൃപ്തികളും , സംശയങ്ങളും , ഒറ്റപ്പെടലുകളും , മരണം, കൊലപാതകം, അതിക്രമങ്ങള്‍, യുദ്ധങ്ങള്‍, ദാരിദ്ര്യം, രോഗങ്ങള്‍ …. അനിശ്ചിതത്വമായ സാമൂഹ്യ ഘടകങ്ങളും കുടുംബത്തിലുണ്ടെങ്കിലും പ്രണയവും പ്രതീക്ഷകളും സ്വപ്നങ്ങളും ഇന്നും കടുംബത്തില്‍ തന്നെയാണ് തേടുന്നത്.

ശോഭ
ഗ്ലൂക്സോ ബയോളജിക്കല്‍സിലെ ഉദ്യോഗസ്ഥയായിരുന്നു.

COMMENTS

COMMENT WITH EMAIL: 0