Homeചർച്ചാവിഷയം

കുടിയേറ്റം, അസംഘടിത മേഖല, സ്ത്രീകള്‍

യിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ് കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ വന്‍തോതിലുള്ള കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കുന്നത്. ഏതാണ്ട് ഇരുപത്തഞ്ച് ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ട് എന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തമിഴ്നാട്, വെസ്റ്റ്ബംഗാള്‍, ബീഹാര്‍, ആസ്സാം, ഒറീസ്സ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കുടിയേറ്റങ്ങള്‍ നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ കൂടുതല്‍ കുടിയേറ്റങ്ങള്‍ നടക്കുന്നതിന്‍റെ മൂലകാരണങ്ങള്‍ കേരളത്തെ അപേക്ഷിച്ചു പ്രകൃതി വിഭവങ്ങളാല്‍ സമ്പുഷ്ടമായ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജന വിരുദ്ധ വികസന നയങ്ങളാല്‍ ഉണ്ടാവുന്ന കുടിയൊഴിപ്പിക്കല്‍, തൊഴിലില്ലായ്മ, തുച്ഛമായ വേതനം, പ്രകൃതിക്ഷോഭങ്ങള്‍, കൃഷി നാശം, തുടങ്ങിയവയാണ്.
ഇന്ന് കേരളത്തിന്‍റെ ഉത്പാദന രംഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഭാവന ചെയ്യുന്ന സേവനങ്ങളുടെ പങ്ക് വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍, സാമൂഹിക സുരക്ഷ സംവിധാനങ്ങള്‍ തുടങ്ങിയവ ഇവര്‍ക്കായി നടപ്പിലാക്കുന്നുണ്ട്.

കേരളത്തിന്‍റെ വ്യവസായിക തൊഴില്‍മേഖല തലസ്ഥാനമാണ് എറണാകുളം. ഇവിടേക്കാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ എത്തുന്നത്. സംഘടിത- അസംഘടിത തൊഴില്‍മേഖലകളില്‍ പ്രത്യക്ഷമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കേ തന്നെ അസംഘടിത തൊഴില്‍ മേഖലകളിലേക്ക് കുടിയേറ്റ തൊഴിലാളികളുടെ കുത്തൊഴുക്ക് വ്യാപിക്കുന്നത് 2000ന് ശേഷമാണ്, പ്രത്യേകിച്ചു സ്ത്രീ തൊഴിലാളികളുടെ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചെറിയ പെണ്‍കുട്ടികളും ( പലരും ബാലവേലയുടെ പ്രായപരിധിക്കുള്ളില്‍ പെടുന്നവരാണ്) യുവതികളും ധാരാളമായി തൊഴില്‍ അന്വേഷിച്ചു കേരളത്തിലേക്ക് വരുന്നുണ്ട്. അന്താരാഷ്ട്ര കുടിയേറ്റത്തില്‍ ഉണ്ടായ വര്‍ധനവിന്‍റെ പ്രതിപ്രവര്‍ത്തനമായി ഈ ആഭ്യന്തരകുടിയേറ്റത്തെ പല പഠനങ്ങളിലും വിശേഷിപ്പിച്ചിട്ടുണ്ട്.

കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍
സേവ യൂണിയന്‍റെ ഭാഗമായി നടന്ന ‘ കുടിയേറ്റ സ്ത്രീ തൊഴിലാളികളുടെ ജീവിത -തൊഴില്‍ സാഹചര്യങ്ങളെ’ കുറിചുള്ള ഗവേഷണത്തെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുകയാണ് ഈ ലേഖനം.
കേരളസര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം അന്തര്‍സംസ്ഥാന കുടിയേറ്റതൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പുരുഷന്‍മാരാണ് എന്ന വസ്തുത നിലനില്‍ക്കേതന്നെ ന്യുനപക്ഷമായി തുടരുന്ന അസംഘടിതമേഖലയിലെ സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍ സര്‍ക്കാരിന്‍റെ കണക്കുകളിലോ, സര്‍വേകളിലോ പെടാതെ അദൃശ്യരായാണ് തൊഴിലിടങ്ങളില്‍ തുടരുന്നത്. തൊഴിലാളികള്‍ക്ക് വേതന സുരക്ഷിതത്വവും മറ്റു അനുകൂല തൊഴില്‍-ജീവിത സാഹചര്യവും ഒരുക്കുന്നതിനു മറ്റേതു സംസ്ഥാനങ്ങളെക്കാളുംവളരെ മുന്‍പിലാണ് കേരളം. കേരളത്തിലെ നിലവിലെ തൊഴില്‍ പങ്കാളിത്ത കണക്കുകള്‍ പരിശോധിച്ചാല്‍ പൊതു-സ്വകാര്യമേഖലകളില്‍ അന്തര്‍സംസ്ഥാന സ്ത്രീതൊഴിലാളികളുടെ പ്രാധിനിധ്യവും സേവനങ്ങളും ഒഴിച്ചുകൂടാനാവാത്തതാണെന്നു മനസിലാക്കാം.


ഇന്ത്യയില്‍ മറ്റേതു സംസ്ഥാനങ്ങളെ അപേക്ഷിച്ചും ഏറ്റവും കൂടുതല്‍ സ്ത്രീതൊഴിലാളികള്‍ കുടിയേറ്റം ചെയ്യാന്‍ താല്പര്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. അതിനു അടിസ്ഥാന കാരണം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇവിടെ നല്‍കി പോരുന്ന ഉയര്‍ന്ന വേതനനിരക്കാണ്. കൂടാതെ കേരളത്തിലെ പൊതു ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല എന്നിവയുടെ ഉയര്‍ന്ന നിലവാരം മറ്റു കാരണങ്ങളായി നിരീക്ഷിക്കാം. എന്നാല്‍ ഇതിനൊക്കെ പുറമെ കേരളത്തിലെ മതനിരപേക്ഷ സമൂഹം ഈ തൊഴിലാളികള്‍ക്ക് നല്‍കുന്ന സാമൂഹിക അന്തരീക്ഷം രാജ്യത്ത് മറ്റൊരിടത്തും ലഭ്യമല്ല എന്നത് പ്രത്യേകം നിരീക്ഷിക്കേണ്ട ഒന്നാണ്. എറണാകുളം ജില്ലയില്‍ പ്രധാനമായും മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കാക്കനാട്,എളമക്കര, വാതുരുത്തി, തേവര എന്നീ പ്രദേശങ്ങളിലാണ് തൊഴിലാളികള്‍ കുടുംബമായും കൂട്ടമായും കുടിയേറി പാര്‍ക്കുന്നത്.

മുകളില്‍ സൂചിപ്പിച്ചത് പോലെ എറണാകുളം കേരളത്തിന്‍റെ വ്യാവസായിക തൊഴില്‍ തലസ്ഥാനം ആയതുകൊണ്ടും തൊഴിലിടങ്ങളും തൊഴിലവസരങ്ങളും വലിയ തോതില്‍ വര്‍ധിച്ചു വരുന്നതുകൊണ്ടുമാണ് ഈ പ്രദേശങ്ങളില്‍ കേരളത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച ധാരാളമായി കുടിയേറ്റം നടക്കുന്നത്. തൊഴിലിനായുള്ള കുടിയേറ്റത്തില്‍ തമിഴ്നാട് നിന്നുമാണ് ആദ്യമായി സ്ത്രീ തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത്. ഇന്ന് കേരളത്തില്‍ ഏറ്റവും അധികം സ്ത്രീ കുടിയേറ്റ തൊഴിലാളികളും തമിഴ്നാട്ടില്‍ നിന്നാണെങ്കിലും പൊതുവായി തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളെ ഇതര സംസ്ഥാന തൊഴിലാളികളായി കണക്കാക്കാറില്ല എന്നതാണ് വാസ്തവം. തമിഴ്നാടിന് പുറമേ ഒറീസ,ബീഹാര്‍, ജാര്‍ഖണ്ഡ്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതലായി സ്ത്രീകള്‍ എറണാകുളം ജില്ലയില്‍ തൊഴിലന്വേഷകരായി എത്തുന്നത്.

ഒറീസ്സ,ബീഹാര്‍, ജാര്‍ഖണ്ഡ്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറ്റം ചെയ്യുന്നതില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. കുടുംബത്തിനുള്ളിലെ ദാരിദ്ര്യവും പട്ടിണിയും ആണ് മറ്റു സംസ്സ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ ഇവരെ നിര്‍ബ്ബന്ധിതരാക്കുന്നത്. ചെറുപ്രായത്തില്‍ കുടിയേറ്റം ചെയ്യുന്ന പല പെണ്‍കുട്ടികളും തങ്ങളുടെ വിവാഹത്തിനായി കുറച്ചു പണം എങ്കിലും സ്വരൂപിക്കണം എന്ന താല്‍പര്യത്തോടുകൂടിയാണ് എത്തുന്നത്. അവരുടെ ദൈനംദിന ആവശ്യങ്ങളും ഇതിനൊപ്പം നടന്നു പോവും എന്നത് ഇവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികളുടെ തൊഴില്‍ തിരഞ്ഞെടുപ്പിലും പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. തമിഴ്നാട് നിന്നുള്ള സ്ത്രീ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലും ആക്രിശേഖരണ മേഖലയിലും തൊഴില്‍ ചെയ്യുമ്പോള്‍ ഒറീസയില്‍ നിന്നുള്ള തൊഴിലാളികള്‍ കൂടുതലായും മത്സ്യ-ഭക്ഷ്യ സംസ്കരണ തൊഴിലിലും, വസ്ത്ര നിര്‍മാണ തൊഴിലിലും, ഗാര്‍ഹികതൊഴിലിലും ആണ് ആണ് ഏര്‍പ്പെടുന്നത്. സ്ത്രീ തൊഴിലാളികളുടെ പ്രധാന തൊഴില്‍ മേഖലകള്‍ നിര്‍മാണകമ്പനികള്‍, ഗാര്‍ഹിക തൊഴില്‍, ഹോട്ടലുകള്‍, സലൂണ്‍, വസ്ത്ര നിര്‍മാണ മേഖലകള്‍ തുടങ്ങിയവയാണ്. അവിവാഹിതരായ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നത് പ്രധാനമായും മത്സ്യ -ഭക്ഷ്യ സംസ്കരണ മേഖലയിലേക്കാണ്. 18നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഇവരില്‍ 80 ശതമാനം പേരും. തുടക്കത്തില്‍ 250 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ലഭിക്കുന്ന ജോലിയില്‍ പ്രവേശിക്കാനുള്ള യോഗ്യത ആധാര്‍ കാര്‍ഡും 18 വയസ്സും മാത്രമാണ്. അപ്രന്‍ടീസ് വിഭാഗത്തിലാക്കി 16 വയസ്സു മുതലും തൊഴില്‍ ചെയ്യാനായി പെണ്‍കുട്ടികളെ ഏജന്‍റുമാര്‍ ധാരാളമായികൊണ്ടുവരാറുണ്ട്.

തൊഴില്‍/ജീവിത സാഹചര്യങ്ങള്‍
താമസവും ഭക്ഷണവും കമ്പനിയുടെ ചിലവില്‍ ആണെങ്കിലും ഈ അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ മിക്കതും ഇന്ത്യയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് തുല്യമാണ്.ഒരു നാലു മുറി വീട് കമ്പനി വാടകക്ക് എടുത്ത് 50 മുതല്‍ 65 വരെ സ്ത്രീ തൊഴിലാളികള്‍ വരെ തിങ്ങിപ്പാര്‍ത്തു കഴിയേണ്ട ദയനീയമായ അവസ്ഥയാണ് അവിടെ കാണാന്‍ സാധിക്കുന്നത്. അവര്‍ക്ക് ആ ഒരു മുറിക്കുള്ളില്‍ അനുവദിക്കപ്പെടുന്നത് ഒരു പായ വിരിക്കാനുള്ള സ്ഥലം മാത്രമാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെയോ, മറ്റു ഇന്ത്യന്‍ തൊഴിലാളി നിയമങ്ങളോ അതും കൂടാതെ ഒരു മനുഷ്യന് അവകാശമുള്ള സാമാന്യ സൗകര്യങ്ങളോ പരിഗണനയോ കൊടുക്കാതെ മാസത്തില്‍ 30 ദിവസവും 9 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെയും അടിമപ്പണി ചെയ്യുന്ന നിസ്സഹായരാണ് ഈ കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍.

ഒറീസയില്‍ നിന്നുള്ള തൊഴിലാളികളില്‍ ഭൂരിപക്ഷവും ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള ഗ്രാമീണരും അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത പെണ്‍കുട്ടികളുമാണ്. കേരളത്തില്‍ ജോലിചെയ്ത് തിരികെ ഗ്രാമത്തിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ ജീവിതനിലവാരവും ജീവിതശൈലിയും കണ്ട് ആകൃഷ്ടരായി കുടിയേറുന്നവരാണ് മത്സ്യ സംസ്കരണ മേഖലയിലെ യുവതികളില്‍ ഏറെയും. അവര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ഒന്നും ബാധകമല്ല എന്ന് തൊഴില്‍ ദാതാക്കള്‍ മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണവും താമസ സൗകര്യവും തങ്ങളുടെ ഔദാര്യമായാണ് ഈ മുതലാളിമാര്‍ കാണുന്നത്. അതിന്‍റെ പേരില്‍ മെച്ചപ്പെട്ട വേതനവും മറ്റു ആനുകൂല്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. സംഘടിത മേഖലയിലാണ് ഈ പെണ്‍കുട്ടികള്‍ തൊഴിലെടുക്കുന്നതെങ്കിലും അവിടെ നിലവിലുള്ള ആനുകൂല്യങ്ങളൊന്നും അവര്‍ക്ക് ലഭ്യമാവുന്നില്ല. പി. എഫും ഇ.എസ്.ഐയും ഒക്കെ നല്കണമെങ്കിലും ഈ കുട്ടികളുടെ അജ്ഞതയും തൊഴിലിലെ അദൃശ്യതയും അത്തരം അവകാശങ്ങളില്‍ നിന്നെല്ലാം അവരെ അകറ്റുന്നു.
മലയാളി സ്ത്രീ തൊഴിലാളികളെപ്പോലെ തന്നെ തമിഴ് സ്ത്രീകളും നിര്‍മ്മാണ തൊഴിലുകളില്‍ നേരിടുന്ന വേതനത്തിലുള്ള വിവേചനം അനുഭവിക്കുന്നവരാണ്. നിര്‍മ്മാണ ജോലിയില്‍ 700 രൂപ മുതല്‍ 900 രൂപ വരെ ലഭിക്കുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ജോലി ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇതിന് പ്രധാന കാരണമായി പറയുന്നത് ഒരു തമിഴ് സ്ത്രീ തൊഴിലാളിയുടെ ഒരു ദിവസത്തെ കൂലി കൊടുത്താല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടു പുരുഷ തൊഴിലാളികളെകൊണ്ട് തൊഴിലടുപ്പിക്കുവാന്‍ കഴിയും എന്നതാണ്. അതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷ തൊഴിലാളികളെ നിര്‍മാണ തൊഴില്‍മേഖലയിലേക്ക് കൂടുതലായി തിരഞ്ഞെടുക്കുന്നു. അവര്‍ ചെറിയ കൂലിയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാനും തയ്യാറാണ്. മറ്റൊരു കാരണമായി ഇവര്‍ പറയുന്നത് തൊഴിലാളികളുടെ തെരഞ്ഞെടുപ്പില്‍ ആദ്യം പരിഗണിക്കുന്നത് തൊഴിലാളി യൂണിയനുകളില്‍ അംഗത്വമുള്ള തൊഴിലാളികളെയാണ്, എന്നാല്‍ വാതുരുത്തി തേവര, എന്‍എഡി ഗേറ്റ് പോലെയുള്ള സ്ഥലങ്ങളില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും തൊഴിലാളി സംഘടനകളില്‍ അംഗത്വം ഇല്ല . ഇവിടെത്തെ നിര്‍മ്മാണം മേഖലയിലെ തൊഴില്‍ ലഭ്യത കുറവ് കാരണം നല്ലൊരു ശതമാനം തമിഴ് സ്ത്രീകളും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവുകയോ, ചെറിയൊരു ശതമാനം സ്ത്രീകളും ഇവിടെ വഴിയോര കച്ചവടം, ചായക്കടകള്‍, തട്ടുകടകള്‍ പോലെയുള്ള കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തിട്ടുണ്ട്.

ഈ തൊഴില്‍ മേഖലകള്‍ക്ക് പുറമെ മറ്റു പ്രധാന തൊഴില്‍ മേഖലകളായ പ്ലൈവുഡ് കമ്പനികള്‍, ഇഷ്ടിക നിര്‍മ്മാണ കമ്പനികള്‍, തീപ്പെട്ടി നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവ പ്രധാനമായും പെരുമ്പാവൂര്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മറ്റു ചെറുതും വലുതുമായ നിര്‍മ്മാണ കമ്പനികളാണ് വെസ്റ്റ് ബംഗാള്‍, ആസാം, ഒറീസ, ഡല്‍ഹി, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന സ്ത്രീ തൊഴിലാളികളുടെ തൊഴിലിടങ്ങളും തൊഴില്‍ ധാതാക്കളും. പെരുമ്പാവൂരിനടുത്ത് ബംഗാളികള്‍ മാത്രം താമസിക്കുന്ന ബംഗാള്‍ കോളനി തന്നെ രൂപപ്പെട്ടിട്ടുണ്ട്.

ഈ തൊഴില്‍ മേഖലകളിലാണ് ഏറ്റവും വലിയ രീതിയില്‍ തൊഴിലാളികള്‍ ചൂഷണത്തിന് വിധേയരാവുന്നത്. മിക്ക ചൂഷണങ്ങളും ഫാക്ടറികള്‍ക്ക് അകത്ത് നിശബ്ദമായി നടക്കുന്നതിനാല്‍ മുഖ്യധാരയില്‍ അറിയപ്പെടാതെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും പോകുന്നു എന്നതാണ് വസ്തുത. കൂലി നല്‍കാത്ത അവസ്ഥകള്‍, അവധി ഇല്ലാത്തത്, സൂപ്പര്‍വൈസര്‍മാരുടെ പീഡനങ്ങള്‍ ഇവയെല്ലാം ഈ മേഖലയില്‍ സാധാരണമാണ്. ഉത്തരേന്ത്യന്‍ സ്ത്രീ തൊഴിലാളികള്‍ ശാരീരികവും മാനസികവുമായി ചൂഷണത്തിന് വിധേയമാകുന്ന ഈ തൊഴില്‍ മേഖലകളില്‍ ഗവണ്‍മെന്‍റോ മറ്റു മനുഷ്യാവകാശ സംഘടനകളോ,തൊഴിലാളി സംഘടനകളോ തിരിച്ചറിയാതെയോ ഇടപെടാതെയോ പോകുന്നു എന്നത് യാഥാര്‍ഥ്യമാണ്.

കേരളത്തിലെ സേവന മേഖലകളില്‍ പ്രധാനമായും ജോലി ചെയ്യുന്നത് ആസാം, ഡല്‍ഹി, മിസോറാം, ഡാര്‍ജിലിംഗ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീ തൊഴിലാളികളാണ്. ഇവരെല്ലാവരും തന്നെ വിവിധ ട്രൈബല്‍ മേഖകകളില്‍ നിന്നുള്ളവരാണ്. ബ്യൂട്ടി പാര്‍ലറുകള്‍ റസ്റ്റോറന്‍റുകള്‍, മസാജിങ്-സ്പാ സെന്‍ററുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ തുടങ്ങിയ തൊഴിലിടങ്ങളിലേക്കാണ് ഈ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രധാനമായും എത്തിച്ചേരുന്നത്. ദൈനംദിനം ഹോസ്പിറ്റാലിറ്റി മേഖല വളര്‍ന്നു കൊണ്ടിരിക്കുന്ന ജില്ലയാണ് എറണാകുളം, അതിനാല്‍ തന്നെ ഏതൊരു റസ്റ്റോറന്‍റോ ബ്യൂട്ടിപാര്‍ലറോ എടുത്ത് കഴിഞ്ഞാല്‍ അവിടങ്ങളിലൊക്കെ ഒരു അന്തര്‍ സംസ്ഥാന കുടിയേറ്റ സ്ത്രീയെ എങ്കിലും കാണാന്‍ സാധിക്കും.

തുച്ഛമായ വരുമാനത്തില്‍ കൂടുതല്‍ സമയം തൊഴിലെടുപ്പിച്ചുകൊണ്ട് ഇവരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നതായി നേരിട്ടുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. താമസവും ഭക്ഷണവും ഉടമകള്‍ നല്‍കുന്നതിനാല്‍ തന്നെ ദിവസവും 12-14 മണിക്കൂര്‍ ജോലി ചെയ്താലും മാസം വെറും 15,000 രൂപ വരെമാത്രമേ ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുള്ളു. ഇവരൊന്നും അവരുടെ സംസ്ഥാനങ്ങളിലോ കേരളത്തിലോ തൊഴിലാളികളായി കണക്കാക്കപ്പെടുന്നില്ല. തൊഴില്‍ സംബന്ധമായ കണക്കുകളിലോ സര്‍വ്വേകളിലോ ഉള്‍പ്പെടാതെ തൊഴില്‍ ചെയ്യുന്നത് കൊണ്ട് തന്നെ അവരുടെ തൊഴില്‍ അവകാശങ്ങള്‍ ആരുടേയും വിഷയമല്ലാതാവുന്നു.

ڔകേരളത്തില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റം വന്‍തോതില്‍ വ്യാപിച്ചതിനുശേഷം മലയാളികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ട് എന്ന് എല്ലാ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ പരാതി പറയുന്നത് കേള്‍ക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഏതു തൊഴില്‍ ചെയ്യാനും തുച്ഛമായ വേതനത്തിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തയ്യാറാകുന്നതും കേരളത്തിലെ തൊഴിലാളികളെ അപേക്ഷിച്ച് തൊഴില്‍ നൈപുണ്യവും തൊഴില്‍ ചെയ്യാനുള്ള സന്നദ്ധതയും അവര്‍ക്കുണ്ട് എന്നുള്ളതുമാണ് എല്ലാ തൊഴില്‍ ദാതാക്കളും കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കാനുള്ള പ്രധാന കാരണം.

കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍
കേരളത്തില്‍ നിലനിന്നിരുന്ന ഗാര്‍ഹിക തൊഴിലിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അതില്‍ പൂര്‍ണമായും മതപരമോ ജാതീയമോ ആയ വേര്‍തിരിവ് പ്രകടമായിരുന്നു. കൂടാതെ മലയാളികള്‍ മാത്രമായിരുന്നു ഗാര്‍ഹിക തൊഴിലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ തന്നെ അകം /പുറം വീട്ടു പണികളില്‍ ജാതീയമായ വിഭജനം നിലനിന്നിരുന്നു. ശുദ്ധ/ അശുദ്ധ സങ്കല്പങ്ങളും ഗാര്‍ഹിക തൊഴിലില്‍ സര്‍വ സാധാരണമായിരുന്നു. എന്നാല്‍ വ്യാവസായികവല്‍ക്കരണത്തിന്‍റെയും നഗരവല്‍ക്കരണത്തിന്‍റെയും സാമൂഹിക മാറ്റത്തിന്‍റെയും സ്വാധീനത്തിന്‍റെ ഫലമായി ഗാര്‍ഹിക തൊഴിലാളികളുടെ തിരഞ്ഞെടുപ്പില്‍ പ്രകടമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. പ്രധാനമായും മലയാളികളുടെ വീടുകളില്‍ ഗാര്‍ഹിക തൊഴിലിനായി തമിഴ് സ്ത്രീ തൊഴിലാളികള്‍ പ്രവേശിക്കുകയും എന്നാല്‍ ഇപ്പോ അത് ബംഗാളി/ ഒറിയ/ബീഹാര്‍/ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ തുടങ്ങിയവരിലേക്ക് എത്തിനില്‍ക്കുകയും ചെയ്യുന്നു. ഫ്ളാറ്റുകളില്‍ സ്ഥിരതാമസമാക്കി ഗാര്‍ഹിക തൊഴില്‍ എടുക്കുന്ന സ്ത്രീകളിലേക്ക് നേരിട്ട് എത്തിച്ചേരുക പ്രയാസമേറിയ കാര്യമാണ് കാരണം ജോലി ചെയ്യുന്ന ഭൂരിഭാഗം സ്ത്രീകളും ഉടമകളുടെ കൂടെ ഫ്ലാറ്റുകളിലോ വീടുകളിലോ തന്നെയാണ് താമസം. എന്നാല്‍ സ്വന്തം വീടുകളില്‍ താമസിച്ച് പകല്‍ സമയങ്ങളില്‍ ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുമായുള്ള ഇടപെടലുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നവരുടെ തൊഴില്‍ സമയമോ തൊഴില്‍ രീതികളോ തൊഴില്‍ വേതനത്തെ പറ്റിയോ ഒരു തരത്തിലുമുള്ള ഏകീകരണവും ഇല്ല എന്നതാണ്. പകല്‍ സമയങ്ങളില്‍ മാത്രം ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെയും വീട്ടുടമസ്ഥര്‍ അവരുടെ സമയത്തെയും അധ്വാനത്തെയും പലരീതിയില്‍ ചൂഷണം ചെയ്യുന്നുണ്ട്. ഒരു വീട്ടിലെ മുഴുവന്‍ ജോലിയും ചെയ്തിട്ടും വൈകുന്നേരം വരെ വെറും 300 രൂപ മാത്രം ദിവസക്കൂലി ഉള്ള കുടിയേറ്റ സ്ത്രീകളും എറണാകുളം ജില്ലയില്‍ ഉണ്ട്. പലവിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും നിശബ്ദമായി സഹിക്കുവാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികളാണ് ഗാര്‍ഹിക തൊഴിലാളികള്‍, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളായ സ്ത്രീകള്‍. മുഴുവന്‍ സമയം നില്‍ക്കുന്നവരില്‍ കൂടുതലും ചെറിയ പെണ്‍കുട്ടികളാണ്. അവരുടെ നാടുകളില്‍ നിന്നും മധ്യവര്‍ത്തികള്‍ മുഖേനയാണ് ഇവരില്‍ ഭൂരിഭാഗവും വീടുകളിലേക്ക് എത്തപ്പെടുന്നത്. തീരെ താണവേതനവും മോശം ജീവിത സാഹചര്യങ്ങളും ആണ് ഇവര്‍ നേരിടേണ്ടി വരുന്നത്. ഒരിക്കല്‍ ഉടമയുടെ വീടിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഇവരെക്കുറിച്ച് ഒന്നും തന്നെ അറിയാന്‍ സാധിക്കില്ല. ലൈംഗിക ചൂഷണങ്ങളുടെയും മറ്റു പീഡനങ്ങളുടെയും ധാരാളം അനുഭവങ്ങള്‍ അവരുടെ സ്വന്തം സ്ഥലത്ത് പോയാല്‍ ധാരാളം കേള്‍ക്കാം. ഈ അടുത്ത സമയത്താണല്ലോ കോഴിക്കോട് ഒരു കുട്ടിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അനുഭവം അയല്‍ക്കാരിലൂടെ പുറംലോകം അറിഞ്ഞത്.

കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍
എല്ലാവിധ തൊഴിലാളികളും രാജ്യത്ത് നേരിടുന്ന വിവിധ തൊഴില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കേ തന്നെ കുടിയേറ്റ തൊഴിലാളികള്‍ പ്രത്യേകിച്ച് കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ അസംഘടിത മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയരായി കൊണ്ടേ ഇരിക്കുന്നു. കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ക്ക് തങ്ങള്‍ ഏര്‍പ്പെടുന്ന തൊഴിലില്‍ വിനിയോഗിക്കുന്ന ശാരീരിക അധ്വാനത്തിനോ സമയത്തിനോ തക്കതായ വേതനം ലഭിക്കുന്നില്ല എന്നതാണ് ഈ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. തൊഴില്‍രഹിതരും ദരിദ്രരുമായ കുടിയേറ്റ സ്ത്രീ തൊഴിലാളികളുടെ ജീവിതാവസ്ഥയെ ഏറ്റവും ജീര്‍ണിച്ചതും പ്രാകൃതവുമായ രീതിയിലാണ് തൊഴില്‍ദാതാക്കള്‍ ചൂഷണം ചെയ്യുന്നത് എങ്കിലും അരക്ഷിതരായ കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ക്ക് ഈ അടിമത്വവും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഉത്തരേന്ത്യന്‍ സ്ത്രീ തൊഴിലാളികളില്‍ അവരുടെ സംസ്ഥാനങ്ങളിലെ ജീവിതനിലവാരത്തെക്കാള്‍ കേരളത്തിലെ തൊഴില്‍ വേതനവും ജീവിതനിലവാരവും താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ അവര്‍ മെച്ചപ്പെട്ട ശൈലിയിലുള്ള ജീവിതം നയിക്കുന്നു എന്ന ആശ്വാസം കണ്ടെത്തുകയും അതില്‍ സംതൃപ്തരായി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം. പക്ഷേ ചില വസ്തുതകള്‍ നിരീക്ഷിച്ചാല്‍ ചൂഷണത്തിന്‍റെ അളവ് മനസ്സിലാക്കാവുന്നതാണ്. പ്രധാനമായും തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍ ഇതിനുദാഹരണമാണ്. താമസത്തിനായി ഇവര്‍ക്ക് ലഭിക്കുന്ന വീടുകളിലും ഹോസ്റ്റലുകളിലും ഉള്‍ക്കൊള്ളാവുന്നതിലും അധികം തൊഴിലാളികളെ താമസിപ്പിക്കുകയും ബാത്റൂമുകളോ ടോയ്ലറ്റുകളോ അത്യാവശ്യത്തിന് ലഭിക്കാത്തതും ശുദ്ധജലത്തിന്‍റെ ലഭ്യത കുറവും ഈ സ്ഥലങ്ങളില്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. പ്രധാനമായും വാതുരുത്തി, പാതാളം, പത്തടിപ്പാലം കളമശ്ശേരി തുടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന ഇടങ്ങളില്‍. ഹോസ്റ്റലുകളുടെ കാര്യവും മറിച്ചില്ല അറുപതോളം പേര്‍ക്ക് വെറും രണ്ടു ബാത്റൂമുകളും രണ്ട് ടോയ്ലറ്റുകളും മാത്രമാണ് ഹോസ്റ്റലുകളില്‍ ഉള്ളത്. ചിലയിടങ്ങില്‍ അത് ഒന്നിലേക്കു ചുരുങ്ങുന്നുണ്ട്. പൊതു ശുചിയിടങ്ങളില്‍ മാത്രംതങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന അവസ്ഥയാണ് പല കുടിയേറ്റ താമസ ഇടങ്ങളിലും നിലവിലുള്ളത്.
ڔകുടുംബമായി താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭീമമായ വാടക കൊടുക്കേണ്ടി വരികയും എന്നാല്‍ കുറഞ്ഞ സൗകര്യങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു ആനുകൂല്യങ്ങളും ഈ തൊഴിലാളികള്‍ക്ക് ലഭിക്കാറില്ല. ഗവണ്‍മെന്‍റിന്‍റെ നടപടിക്രമങ്ങളെ പറ്റി അറിവില്ലാത്തതു കൊണ്ട് മാത്രം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതെ ഇരിക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. സേവ ഈ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ഉചിതമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും ബോധവല്‍ക്കരണങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്. മുര്‍ഷിദാബാദ്, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ കൂടുതലായും കുടുംബമായാണ് കേരളത്തില്‍ എത്തുന്നത് ഇക്കൂട്ടര്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പ്രത്യേകം താല്‍പര്യം കാണിക്കുന്നതായി കാണാം എങ്കിലും ഗവണ്‍മെന്‍റിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ആവാസ് കാര്‍ഡ് പോലെയുള്ള ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രാപ്പ്യമല്ല.

കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിടങ്ങളിലും താമസസ്ഥലത്തും നടത്തിയ സര്‍വ്വേകളിലും പഠനങ്ങളിലും വ്യക്തമാകുന്ന കാര്യങ്ങള്‍ എല്ലാ തൊഴിലിടങ്ങളിലെയും കുടിയേറ്റങ്ങളിലെയും തൊഴില്‍ ചൂഷണങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ പോലെ കേരളത്തിലും പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ സ്ത്രീ തൊഴിലാളികള്‍ പലവിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങള്‍ക്കും അടിചമര്‍ത്തപ്പെടലുകള്‍ക്കും വിധേയരാവുന്നുണ്ട് എന്നതാണ്. പുരുഷ കുടിയേറ്റ തൊഴിലാളികളോടൊപ്പം തന്നെ സ്ത്രീ തൊഴിലാളികളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു സംസ്ഥാനമാണ് കേരളം. സ്ത്രീ കുടിയേറ്റ തൊഴിലാളികളില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് കേരളത്തിന്‍റെ കുടിയേറ്റ പ്രവണതകളെ മുഴുവനായും മാറ്റിമറിച്ചിരിക്കുന്നു, ആദ്യഘട്ടങ്ങളില്‍ കുടുംബമായി കുടിയേറിയ സ്ത്രീകള്‍ ഇന്ന് ഒറ്റക്കും മറ്റു സ്ത്രീ സുഹൃത്തുക്കളോടൊപ്പവും കുടിയേറിക്കൊണ്ട് വലിയൊരു മാറ്റത്തിലേക്ക് എത്തിനില്‍ക്കുന്നു. സുരക്ഷിതമല്ലാത്ത ജോലിയും ജീവിത സാഹചര്യങ്ങളും നല്‍കിക്കൊണ്ട് ഈ സ്ത്രീ തൊഴിലാളികളെ അദൃശ്യരായി മാത്രം നിലനിര്‍ത്തികൊണ്ട് അവരുടെ അധ്വാനശേഷിയും ശാരീരിക സാന്നിധ്യവും പൊതുസമൂഹത്തിനു മുന്നില്‍ നിന്നും മറച്ചുവെക്കപ്പെടുന്നു. ഈയൊരു പ്രവണത സര്‍ക്കാറിന്‍റെ ആനുകൂല്യങ്ങളില്‍ നിന്നും മറ്റു തൊഴില്‍ യൂണിയനുകളുടെ ഇടപെടലുകളില്‍ നിന്നും ഈ തൊഴിലാളികളെ മാറ്റിനിര്‍ത്തുകയും ദുര്‍ബലരാക്കുകയും ചെയ്യുന്നു. അവരുടെ സംസ്ഥാനങ്ങളിലാകട്ടെ ഈ തൊഴിലാളികളെ കുറിച്ചുള്ള യാതൊരു ധാരണയുമില്ല. എവിടേക്ക് പോകുന്നു എന്നോ ഏതു തൊഴില്‍ സ്വീകരിക്കുന്നു എന്നോ സര്‍ക്കാരുകള്‍ക്ക് ഒരു രേഖയുമില്ല. അതുകൊണ്ട് തന്നെ ഇവരുടെ അവകാശങ്ങളെ കുറിച്ചു വിലപേശുവാനോ സുരക്ഷിതത്വം ഉറപ്പാക്കണം എന്നവകാശപ്പെടുവാനോ അവരുടെ ഗവണ്മെന്‍റുകള്‍ക്ക് സാധിക്കുന്നില്ല. അവരുടെ സാമുഹ്യ സുരക്ഷിതത്വം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല.

കുടിയേറ്റത്തിന്‍റെ അനൗദ്യോഗികത, ആഘാതങ്ങള്‍, പരിഹാരങ്ങള്‍
നിലവിലുള്ള കണക്കുകളും മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നത് അനുസരിച്ച് വലിയൊരു വിഭാഗം സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍ ഒരുവിധത്തിലുമുള്ള ഔദ്യോഗിക രേഖകളിലോ, കരാറുകളിലോ ഉള്‍പ്പെടാതെ കേരളത്തിലേക്ക് കുടിയേറുകയും തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണ്. അതിനാല്‍ തന്നെ തൊഴില്‍ സുരക്ഷിതത്വമില്ലാത്ത മേഖലകളില്‍ പണിയെടുക്കുമ്പോള്‍ അവരുടെ ജീവന് തന്നെ ഭീഷണി ഉണ്ടാവുകയും മറ്റെന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോള്‍ പോലും സര്‍ക്കാറിനോ മറ്റ് സംഘടനകള്‍ക്കോ യാതൊരുവിധത്തിലും ഇടപെടുവാന്‍ സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്. ഇവിടുത്തെ തൊഴില്‍ദാതാക്കളുടെ ഇഷ്ടമനുസരിച്ച് അവരെ എങ്ങനെയും ഉപയോഗിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്യുന്നു. മരണം സംഭവിച്ചാല്‍ പോലും അറിയാനാവാത്ത സ്ഥിതിയാണ് ഉള്ളത്. പലപ്പോഴും മൃതദേഹങ്ങള്‍ അവരുടെ സ്വന്തം നാട്ടിലേക്കു എത്തിക്കാനുള്ള സംവിധാനം പോലും ലഭ്യമല്ലാതെ പോവുന്നു. ശരിയായ മേല്‍വിലാസമില്ലാത്തതും കുടുബാംഗങ്ങള്‍ക്ക് തൊഴില്‍ സ്ഥലത്തെകുറിച്ച് ധാരണ ഇല്ലാത്തതും ഇതിനു കാരണമാണ്. അതിനാല്‍ തന്നെ ഈ പ്രവണതകള്‍ക്ക് മേല്‍ അടിയന്തരമായി അവരുടെ കുടിയേറ്റ ഉറവിട-ലക്ഷ്യ സര്‍ക്കാരുകളും പരസ്പരം കരാറുകളില്‍ ഏര്‍പ്പെടുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്താല്‍ മാത്രമേ ഈ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്ക പെടുകയുള്ളു. മറ്റു തൊഴില്‍ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെ നടക്കുന്ന കോണ്‍ട്രാക്റ്റുകളില്‍ നിയമ നടപടികള്‍ ഉറപ്പാക്കി തൊഴിലാളികളെ ബോധവല്‍ക്കരിക്കണം. മധ്യവര്‍ത്തികളുടെ (ാശററഹല മഴലിേെ) ശൃംഖലകളെ നിയമവിധേയമാക്കണം. പ്രത്യേകിച്ചും ഗാര്‍ഹിക തൊഴിലാളിമേഖലകളില്‍ ഇവരുടെ കടന്നുകയറ്റം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള സാമൂഹിക ബന്ധവും ഇല്ലാതെയാണ് ഗാര്‍ഹിക തൊഴിലിനായി കടത്തികൊണ്ട് വരുന്ന പെണ്‍കുട്ടികളെ തൊഴിലിടങ്ങളില്‍ ആക്കുന്നത്. സ്വകാര്യ വീടായത് കൊണ്ട് തന്നെ അവിടെ കയറി കഴിഞ്ഞാല്‍ പുറംലോകം അന്യമായി മാറുന്നു. ഗവണ്‍മെന്‍റ് ഇത്തരം തൊഴില്‍ മേഖലയിലുള്ള സ്ത്രീ തൊഴിലാളികള്‍കളുടെ നിര്‍ബ്ബന്ധിത രജിസ്ട്രേഷനും മിനിമം കൂലിയും സുരക്ഷിതമായ താമസസൗകര്യവും ഒരുക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടിയേറ്റം അനിവാര്യതയായി നിലനില്‍ക്കുമ്പോള്‍ അതിലെ ഏറ്റവും അസംഘടിതര്‍ക്ക് തൊഴില്‍ അവകാശങ്ങളും സുരക്ഷിതമായ കുടിയേറ്റവും ലഭ്യമാക്കാനുള്ള ഉത്തരവാദിത്ത്വം സര്‍ക്കാരുകള്‍ക്കാണ്.

സുമ കോട്ടൂര്‍
സേവ കേരളയുടെ കുടിയേറ്റ
തൊഴിലാളികളുടെ പഠന/സംഘാടന
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്കുന്നു

COMMENTS

COMMENT WITH EMAIL: 0