Homeചർച്ചാവിഷയം

കുടജാദ്രിയില്‍ കുടികൊള്ളാന്‍

ങ്ങനെയിരിക്കുമ്പോഴാണ് കുടജാദ്രിക്ക് പോകണം എന്നൊരുള്‍വിളി വന്നത്. ആദ്യമായിട്ടൊന്നുമല്ല, ഇതിനു മുന്‍പ് മൂന്നുവട്ടം ടിക്കറ്റ് എടുത്തു ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ വിളി കേട്ടിട്ട്. ഒരിക്കല്‍, എട്ടോ പത്തോ കൊല്ലം മുന്‍പ് പോയിട്ടുണ്ട്. വിളിക്കുന്നത് കാടാണ്, ഇറങ്ങിച്ചെല്ലാതെങ്ങനെ? നിഷയെ വിളിച്ചു ചോദിച്ചു, പോയേക്കാം എന്ന് അവളും പറഞ്ഞു . അടുത്ത ദിവസം ടിക്കറ്റു ബുക്ക് ചെയ്തു കുന്ദാപുര വരെ ഓഖക്ക് ( ആരാണാവോ). അതിന്‍റെ പിറ്റേ ദിവസം 30 -09 -2016 നു രാത്രി 8 നുള്ള ട്രെയിന്‍ കേറാന്‍ വൈകിട്ട് ആറേ മുക്കാലിന് തുണി തിരുമ്മിത്തീര്‍ത്ത് നിഷയെയും കൂട്ടി ഏഴേ മുക്കാലിന് സൗത്തിലെത്തി . രണ്ടു ചപ്പാത്തി പാഴ്സല്‍ വാങ്ങിയ നേരത്തേക്ക് റഷി വന്നു. ഏതോ കാലത്തെ ഒരു ഓര്‍മ്മബാക്കിക്ക് അവനൊരു ഡയറിമില്‍ക്ക് തന്നു. ഞങ്ങള്‍ ട്രെയിനില്‍ കയറി. അവന്‍ പോയി. ട്രെയിന്‍ ഓരോ യാത്രയിലും വ്യത്യസ്തമായ ഒരിടമാണ്. രാത്രി തീവണ്ടിത്താളത്തില്‍ ആടുന്ന ഒരു തൊട്ടിലായി. ഞാനിതാ പോകുന്നു.

ഉണര്‍ന്നത് 6.45 നാണ്. എവിടെയെത്തി ? സുരത്കല്‍. അടുത്തത് ഉഡുപ്പിയാണ്. അവിടെ ഇറങ്ങിയാലോ ചിത്തിരേച്ചീ എന്ന് നിഷ. പറ്റിയ കമ്പനി. ഇറങ്ങിയേക്കാം കൊച്ചേ . പല്ല് തേച്ചു മുഖം കഴുകി. ട്രെയിനില്‍ പതിവില്ലാത്തതാണ്, എന്നാലും നല്ല യാത്രയെന്ന് മനസ് പറയുന്നു.

ഉഡുപ്പി – ഇറങ്ങുമ്പൊ ആറരയാണോ അതോ ഏഴോ? ആ. നമ്മള്‍ അമ്പലത്തില്‍ പോവല്ലേന്ന് കുട്ടി. പിന്നല്ലാതെ. എന്നാ വാ.
പതിമൂന്നാം നൂറ്റാണ്ടില്‍ വൈഷ്ണവഗുരുവും ഷഡ്ദര്‍ശനങ്ങളില്‍ ദ്വൈതസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവുമായ മധ്വാചാര്യനാണ് ഉഡുപ്പിയില്‍ കൃഷ്ണമഠം സ്ഥാപിച്ചത്. പിന്നെ ഏതോ കാലത്ത് ദലിതനായ കനകദാസന്‍ എന്നൊരു കവി, അകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട് അകമറിഞ്ഞു വിളിച്ചപ്പോള്‍ കിഴക്കോട്ട് നിന്ന കൃഷ്ണന്‍ നേരെ പടിഞ്ഞാറേക്ക് തിരിഞ്ഞു, അന്നേരം ചുമരില്‍ വിള്ളലുണ്ടായി, കനകദാസന്‍ അങ്ങേരെ നേരിട്ട് കണ്ടു എന്നൊക്കെയാണ് കഥ.

എന്തായാലും കനകദാസന്‍ കൃഷ്ണനെ കണ്ട ചുമരിലെ ഒരു ജനാലയിലൂടെ ഞങ്ങളും കണ്ടു ഒരു വെളിച്ചം. ട്രാവല്‍ ബാഗ്, രാത്രി മുഴുവന്‍ ഇട്ടു കിടന്ന ജീന്‍സും ഷര്‍ട്ടും, കുളിച്ചിട്ടില്ല. എങ്കിലെന്താ, ചരിത്രമേറെ പറയാനുള്ള ക്ഷേത്രത്തിന് പുറംചമയങ്ങള്‍ നിസ്സാരമാണ് എന്ന് മനസിലായി ബാഗ് ഇവിടെ വെച്ചിട്ട് കയറി പൊക്കോളൂ എന്ന് കാവല്‍ക്കാരന്‍ പറഞ്ഞപ്പോള്‍.

മുരുഡേശ്വരം – ഉഡുപ്പിമഠത്തില്‍ നിന്നിറങ്ങി ചായയും ദോശയും കഴിച്ചു സമയം നോക്കുമ്പോ വെറും എട്ടര. കൊല്ലൂര്‍ക്ക് പോയാല്‍ അവിടെത്തന്നെ ആയിപ്പോകുമല്ലോ, വേറെ എന്താണ് വഴിക്ക് എന്ന് ഗൂഗിളിനോട് ചോദിച്ചു. പോ മുരുഡേശ്വരത്തേക്കെന്ന് ഗൂഗിള്‍ പറഞ്ഞു. എന്നാ ബാ പൂവാലാ എന്ന് നിഷ. ഞങ്ങളങ്ങനെ ബസില്‍ കയറി, എങ്ങോട്ട്? മുരുഡേശ്വരത്തേക്ക്.


ഉത്തരകന്നഡത്തിലെ ഭട്കല്‍ താലൂക്കിലാണ് മേല്‍പറഞ്ഞ ഇരുപത് നില കെട്ടിടം. എത്തിയത് നട്ടുച്ചക്കായതു കൊണ്ട് ഉച്ചി പൊള്ളിക്കുന്ന ചൂടും മൂന്നു ഭാഗത്തും ആവി പൊന്തിക്കുന്ന കടലും കൂടി നമ്മള്‍ക്ക് ആകെ കലി വന്നു. ശിവന്‍റെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. അത് നന്നായി കാണാന്‍ രാജമന്ദിരത്തിന്‍റെ ഇരുപതാം നിലയിലേക്ക് പത്തു രൂപ കൊടുത്തു ലിഫ്റ്റില്‍ പോണം. പോയി. കണ്ടു. 237.5 അടിയാണ് കെട്ടിടപ്പൊക്കം. അതായത് പത്തുരൂപക്ക് നമ്മള്‍ അത്ര പൊങ്ങി! ഇറങ്ങി താഴെ വന്ന് പ്രതിമ അടുത്തു നിന്ന് കാണാന്‍ പോയി. ഫോട്ടോഗ്രാഫര്‍മാരുടെ മേളമാണ്. ഒരു പടം എടുത്ത് അപ്പൊ കഴുകിത്തരും, അന്‍പത് രൂപ. ഫോട്ടോ ലാബ് പഴയൊരു സ്കൂള്‍ വാനാണ് . ഒരു രസം എന്താണെന്ന് വെച്ചാല്‍ കന്നഡക്കാരെ കാണാനില്ല . ആകെ മൊത്തം മുണ്ടുടുത്തവരും സെറ്റും മുണ്ടും ധരിച്ചവരും ആയ മലയാളികളാണ് . സമയം 11.30 . മടുപ്പായി . ഒരു ഷേക്ക് കഴിക്കണം എന്ന് അവള്‍ . ഞാനൊരു നാരങ്ങാവെള്ളം .

ഹിന്ദിമാലൂം എന്ന് ഓട്ടോക്കാരന്‍ . അങ്ങനെ ബസ് സ്റ്റോപ്പില്‍ തിരികെയെത്തി . ചേട്ടാ പോകുമോ കൊല്ലൂര്‍ക്ക് എന്ന് ബസുകാരോട് വിളിച്ചുചോദിച്ചു. ഇല്ല കൊച്ചേ ബൈന്ദൂര് എറങ്ങീട്ട് ബസ് മാറിക്കേറി പോണം ന്ന് കിളി പറഞ്ഞു . എന്നാപ്പോട്ടെ ബസ് ബൈന്ദൂര്‍ക്ക് , ടിം. ബൈന്ദൂര്‍ ബസ്സ്റ്റോപ്പില്‍ അരയോ അതില്‍ അധികമോ മണിക്കൂര്‍ നിന്നിട്ടാണ് കൊല്ലൂര്‍ക്ക് ബസ് വന്നത് . അതിനിടെ അവിടെ വന്ന സകലമാനസ്കൂള്‍ പിള്ളേരും ഇതേതാണ് ഈ അലവലാതികള്‍ എന്ന് നോക്കിയത് അവരുടെയല്ല നമ്മുടെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ് , അല്ലേ നിഷമോളേ .
അങ്ങനെ ഹനുമാന്‍ വന്നു , കൊല്ലൂര്‍ക്കുള്ള ബസാണ് . നന്നായി വിശക്കുന്നുണ്ട് . എന്നെ കൊണ്ടുപോ കാറ്റേ , എന്നെ കൊണ്ടുപോ കാടേ?

കൊല്ലൂര്‍ – മൂന്നുമണിയോടെ ബസിറങ്ങി , മഴ ചാറുന്നു . മുകളിലേക്ക് നോക്കെന്ന് എന്നെ വിളിക്കുന്നുണ്ട് . കേള്‍ക്കാം . മണ്ണുതൊട്ട് നെറുകില്‍ വെച്ചു , കാട് അമ്മയാണ് . നേരെ നടക്കുംവഴിക്ക് ഇടത്തൊരു കൊച്ചുകട .

താ ചേട്ടാ ചോറും രസോം മോരും പിന്നെ എന്താന്നു വെച്ചാ അതൊക്കെ . ബോട്ടിലില്‍ വെള്ളം തീര്‍ന്നു . അതും ചൂടുവെള്ളം നിറച്ചു താ . ഊണ് ഗംഭീരം . നിറഞ്ഞു . നിറയെ ആളുകള്‍ വന്നിറങ്ങുന്നു , നവരാത്രിയിലെ ആദ്യരാത്രിയാണ് ഇന്ന് . ഒക്ടോബര്‍ 1. റൂമൊക്കെ ഫുള്ളാണെന്ന് കടക്കാരന്‍ . എവിടെ കിടക്കും രാത്രി ? ആ . വാ നോക്കാം . ലഗേജ് ഇറക്കി വെക്കണം . അതാണ് കാര്യം . രണ്ട് ഹോട്ടല്‍ കയറി . എസി മുറിയെ ഒഴിവുള്ളു, വലിയ വില കൊടുക്കേണ്ടി വരും. ദേ നില്‍ക്കുന്നു കൈരളി റസിഡെന്‍സി . പഴക്കമില്ലാത്ത കെട്ടിടം. മുറിയുണ്ടോ ചേട്ടാ ? ഒണ്ട്, 500 റുപ്യ, സ്റ്റാന്‍ഡേര്‍ഡ് റൂം. വാ. നല്ല മുറി . എന്നാ ചേട്ടന്‍ പൊക്കോ. അയ്യടീ, താഴെ വന്ന് കാശ് താ, നിന്‍റെ അഡ്രസും. പ്ലിങ്. ബാ പൂവാലാ .
സൗപര്‍ണിക – സുപര്‍ണന്‍ എന്നൊരു ഗരുഡന്‍ ഈ നദിക്കരയില്‍ തപസു ചെയ്ത് മോക്ഷം പ്രാപിച്ചെന്നും അങ്ങനെയാണ് സൗപര്‍ണിക എന്ന പേരു കിട്ടിയതെന്നും ഒരു കഥയുണ്ട് .

മൂകാംബിക ക്ഷേത്രപരിസരത്ത് എത്തുമ്പോഴേക്ക് 64 ഇനം ഔഷധച്ചെടികളില്‍ തട്ടി അതിന്‍റെയൊക്കെ ഗുണവും കൊണ്ടാണത്രേ നദിയുടെ വരവ് , അതിനാല്‍ രോഗനാശിനിയെന്നും സൗപര്‍ണിക അറിയപ്പെടുന്നു . താഴേക്ക് ഒഴുകി വരാഹി , കേദക , ചക്ര , കുബ്ജ നദികളുമായി ചേര്‍ന്ന് നമ്മുടെ അറബിക്കടലിലേക്ക് എത്തും ഈ നദിയും .

മുറിയില്‍ ബാഗ് വെച്ചു. കുളിക്കാന്‍ പോകാല്ലേ എന്നു നിഷ . തോര്‍ത്തും കുപ്പായവും എടുത്ത് ഇറങ്ങി . മഴയാണ് . തലേന്നു വീട്ടില്‍ നിന്ന് ഇട്ട കുപ്പായമാണ് ദേഹത്ത് . കുളിച്ചുമാറണം . അവിടെ ചെല്ലുമ്പോള്‍ കുപ്പായം മാറ്റാനുള്ള മുറിക്കൊന്നും വാതിലില്ല . എന്താ വഴി ? വാ രണ്ടു കാവിമുണ്ട് വാങ്ങാം , അല്ല പിന്നെ . അതിനെനിക്ക് നീന്താന്‍ അറിയില്ല കൊച്ചേ . (നിഷക്ക് അസ്സലായി നീന്താന്‍ അറിയും , പാവം ഞാന്‍ . ) അതിനു നടക്കാനുള്ള വെള്ളമല്ലേ ഒള്ളൂ ചേച്ചീ . വാ . അങ്ങനെ ജീന്‍സിനെ കരക്ക് ഉപേക്ഷിച്ചു മുണ്ടുടുത്തു മുങ്ങി. എന്താ സുഖം . തലക്ക് മേലെ മഴ, ഉടലോ മുങ്ങിത്താണ് . ഇങ്ങനെ കെട്ടിപ്പിടിക്കാതെന്നെ വെള്ളമേ . ആനന്ദം . പോരാന്‍ നേരം രണ്ടു കല്ലെടുത്തു . ഇറങ്ങുന്ന എല്ലാ പുഴകളില്‍ നിന്നും അച്ഛ കൊണ്ടുവരുമായിരുന്നു , ഇനി ഞാനും . നനഞ്ഞു മുറി വരെ . നിഷ മുണ്ടുടുത്തിട്ട് ശേലുണ്ട് . മലയാളികള്‍ നോക്കിപ്പോകുന്നു . ഞങ്ങള്‍ വെറുതെ ഹാപ്പിയാണ് . പരസ്പരം നിയന്ത്രണങ്ങളില്ലാത്ത നല്ല കൂട്ട് ഏതു പോക്കും ഹാപ്പിയാക്കും .

അമ്പലം – മുറിയില്‍ വന്ന് നനഞ്ഞതു മാറ്റി . സന്ധ്യ. അമ്പലത്തില്‍ പോയി. ധാരാളം ജനങ്ങള്‍. മലയാളികളാണ് അധികവും. നവരാത്രി ആഘോഷം തുടങ്ങുന്നു. സരസ്വതീമണ്ഡപത്തില്‍, പുറത്തെ സ്റ്റേജില്‍, കീര്‍ത്തനങ്ങള്‍, നൃത്തം, നിറയെ കുട്ടികള്‍, വലിയ ക്യൂ. ദേവിയെ കണ്ടോ? നല്ല ഭംഗി അല്ലെ? കറങ്ങി നടന്നു പത്തര വരെ. കഴിക്കണ്ടേ? ഒരു കടയില്‍ കഞ്ഞിയും ക്യാബേജ് തോരനും. ഇനി ഉറങ്ങാം. വെളുപ്പിന് മേലെ പോണം. രാത്രി, ഇവളിത് ആരോടാണ് ഫോണില്‍ ഇത്ര വിശേഷം പറയുന്നത്? ഹോ അമ്മയാണ്, ശേഷം ചേച്ചിയും. ഈ പ്രായത്തില്‍ കുട്ടികള്‍ ഇത്ര കൂട്ടാവുമോ വീട്ടുകാരുമായി ? ഇത്തിരി ബഹുമാനം അവള്‍ക്കിരിക്കട്ടെ. എന്നെയാരും വിളിച്ചില്ല . സാരമില്ല . ആകെയുള്ള വിളിക്ക് ചെവി കൊടുത്താണ് ഞാന്‍ ഇവിടെ എത്തിയത്. ഉറങ്ങ്.

കൊഡചാദ്രി അഥവാ കുടജാദ്രി – രാവിലെ 4.30 ന് ഉണര്‍ന്നു. ആദ്യത്തെ ജീപ്പില്‍ പോകണം. കുളിച്ചു വന്നപ്പോ 5.15. മുറി ചെക്ക് ഔട്ട് ചെയ്തു. ബാഗ് പുറത്തൊരു മുറിയില്‍ വെച്ചു. ഓടി. ദാ ജീപ്പ് . ആകെ 14 ആളായി . ഒരു ജീപ്പില്‍ എട്ടാളാണ് . 2400 രൂപ . നിങ്ങള് കേറിക്കോ പോകാം . കേറി . കൂടെ പ്രായമായവരാണ് മുഴുവന്‍ . ഇനി ശബ്ദമെന്തിനാണ് ? കാഴ്ചയും കേള്‍വിയും മാത്രം മതി. കാട് , നടന്നാണ് കയറേണ്ടത്. അവള്‍ക്ക് നാളെ ജോലിക്ക് പോണം . പോകുന്ന വഴിക്കാണ് കാട് കാണുക, നോക്കിയിരിക്ക് . ഞാന്‍ പറയില്ല, ഈ മലക്ക് ഐതിഹ്യവും ചരിത്രവും ഏറെയാണ് . അതു പറയാന്‍ ഞാന്‍ ആളല്ല. ഏറെ വളഞ്ഞു ജീപ്പോടിക്കുന്ന ചേട്ടന്‍, നല്ല ഡ്രൈവറാണ് . അവള്‍ അഗുംബെ പോയ വിശേഷം പറയുന്നു . കൂടെയുള്ള അമ്മൂമ്മ എവിടെ നിന്നാണെന്നും തനിച്ചേ ഉള്ളോ എന്നും ചോദിക്കുന്നു. എനിക്ക് ആകാശം തൊടണം. കരയണം .

മുകളില്‍, മൂലസ്ഥാനം . തീര്‍ത്ഥം . നടന്നു കയറണം, സര്‍വജ്ഞനായ ശങ്കരന്‍റെ പീഠം വരെ . കോടമഞ്ഞ്. തണുപ്പ് . കാട്. സ്നേഹം. നടക്കാം. വഴി നിറയെ പ്ലാസ്റ്റിക്. കാട്ടിലെ ഇറങ്ങി ചെല്ലാവുന്ന വഴികള്‍ നിറയെ മദ്യക്കുപ്പികള്‍. ലെയ്സ് പാക്കറ്റുകള്‍ . കുഞ്ഞുങ്ങളുടെ നാപ്പികള്‍. ക്ഷമിക്കണം , എന്‍റെ വര്‍ഗ്ഗമാണിത് ചെയ്യുന്നത്. തല കുനിക്കാതെ വയ്യ. മുകളിലെത്തി. ഇരുന്നു. ചിത്രമൂലക്ക് പോകാന്‍ വേറെ ആരുമില്ല. മഴ ചാറുന്നുണ്ട്. വഴുക്കും. ഇറങ്ങേണ്ട. വേണ്ട. പോകാം ? ശരി .
ഞാന്‍ വന്നില്ലേ , ഇനി എന്‍റെ കൂടെ വാ. വരാം, നടക്ക്. ഞാന്‍ തിരിഞ്ഞു നോക്കിയാല്‍ ? സാരമില്ല, ഞാനുണ്ട് കൂടെ.
വീണ്ടും ഉഡുപ്പി – അല്ല നിഷേ, തിരികെ എങ്ങനെ പോകും ? ടിക്കറ്റ് എടുത്തിട്ടില്ലല്ലോ. ഹാഹാഹാഹാ… ഹ്ഹഹാ… സമയം എത്രയായി ? താഴെ എത്തിയപ്പോ 11 .30. പുട്ടും കടലയും കഴിച്ചു ഹോട്ടലില്‍ ചെന്ന് ഫ്രഷായി വന്നപ്പോ. ഇറങ്ങും വഴി മാത്യാ മാതയുടെ അമ്പലത്തില്‍ പോയി. മൂകാംബിക അമ്പലത്തിന്‍റെ ആര്‍ച് വെച്ചിരിക്കുന്ന ഇടത്ത്. ട്രൈബല്‍ ദൈവങ്ങളാണ്. ദേവിയുടെ കാവല്‍ക്കാര്‍. കാവില്‍ ചെന്ന പോലെ. കുട്ടികള്‍ ഇല്ലാത്തവര്‍ കെട്ടി തൂക്കിയ തൊട്ടിലുകളാണ് നിറയെ. എല്ലാം നിറച്ചു കൊടുക്ക് അമ്മേ ഉഡുപ്പിക്ക് പോയാലോ. രാത്രി പൂര്‍ണ എക്സ്പ്രസുണ്ട് ജനറല്‍ എടുക്കാംലെ ? വാ നോക്കാം. ഉഡുപ്പീല്‍ എത്തുമ്പോ 3.30. ഇനിയോ? ഗൂഗിളേ, ഒന്ന് പറ. ആ, ദേ മാല്‍പെ ബീച്ച്. ബാ പൂവാലാ, ബസീക്കേറ് .

മാല്‍പെ – അതിസുന്ദരമായ ഒരു കടല്‍ത്തീരം. ഉഡുപ്പിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരം. സ്പീഡ് ബോട്ട് , ബീച്ച് വോളിബോള്‍ മുതലായ പല പല അഭ്യാസങ്ങളും നടക്കുന്നു . ലഗ്ഗേജ് റൂം തുറന്നിട്ടില്ല . നിഷ അവളുടെ യാത്രാ ഗ്രൂപ്പില്‍ നമ്മള്‍ നില്‍ക്കുന്ന ഇടം ഷെയര്‍ ചെയ്യുന്നു . ആരോ പറയുന്നു സെന്‍റ് മേരീസ് ഐലന്‍ഡില്‍ പോകാന്‍ . ആ ഷോള്‍ വിരിച്ചു ഇരിക്കാം ഇവിടെ . നല്ല രസം . ഗാന്ധി ജയന്തിയാണ് . ബീച്ചില്‍ ഗാന്ധിപ്രതിമ. അവിടെ പാട്ടും മേളവുമുണ്ട് . ചെറുപ്പക്കാരാണ് . നമ്മള്‍ പോകുന്നോ ഐലന്‍ഡില്‍ ? നോക്കാം. ഇതെന്താണ് ഈ കൂടാരം ? ദേ ടിക്കറ്റു കട . എത്രയാണ് ചേട്ടാ ഐലണ്ടില്‍ പോകാന്‍ ? ടിക്കറ്റു എടുത്തില്ലേ ഇതുവരെ ? ലാസ്റ്റ് ബോട്ട് അഞ്ചു മണിക്കാണ് . സമയം നാലേമുക്കാല്‍ . അവിടെ നിക്ക് നോക്കട്ടെ . പിറകില്‍ നിന്ന് മലയാളത്തില്‍ ഒച്ചകള്‍ . വേഗം വാടാ …
സെന്‍റ് . മേരീസ് ഐലന്‍ഡ് – 88 മില്യണ്‍ വര്‍ഷം മുന്‍പ് ഇപ്പോള്‍ ആഫ്രിക്കക്കാരിയായ മഡഗാസ്കര്‍ ദ്വീപ് റ്റാറ്റാ പറഞ്ഞു പോയത് ഇവിടെ നിന്നാണ് . അന്നേരമോ മറ്റോ ഉണ്ടായ അഗ്നിപര്‍വതസ്ഫോടനഫലമായി ഉണ്ടായ ബാള്‍ട്ടിക് പാറകളാണ് ഈ ദ്വീപിലെ ആകര്‍ഷണം . ഷഡ് കോണുകളില്‍ ഈ പാറകള്‍ ഉള്ളത് ഇന്ത്യയില്‍ ഈ ദ്വീപില്‍ മാത്രമാണ് . ദ്വീപ് നിറയെ തെങ്ങാണ്.
മറ്റു പലതും പോലെ ഈ ദ്വീപും വാസ്കോ ഡാ ഗാമയാണ് കണ്ടുപിടിച്ചത് .

ബീച്ചില്‍ നിന്ന് സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലാത്ത ബോട്ടിലാണ് കടലിലൂടെ ദ്വീപ് വരെ കൊണ്ടുപോകുക . ഇരുന്നൂറ്രൂപയാണ് ഒരാള്‍ക്ക് . മലയാളികളും സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജീവനക്കാരുമായ ദര്‍ശനും ശ്രീവത്സനും കൂട്ടുകാരും അപ്പോഴേക്ക് ഞങ്ങളുമായി കൂട്ടായി . ബോട്ടില്‍ പത്ത് മിനിട്ടോളം ഉണ്ട് ദ്വീപ് വരെ . അതിസുന്ദരമായ ദ്വീപ് . എത്തിയത് സന്ധ്യക്കായതു കൊണ്ട് സ്വര്‍ണനിറമുള്ള സൂര്യരശ്മികള്‍ മണ്‍നിറമുള്ള പാറമേല്‍ പൊന്നുരുക്കുന്നു . എന്താണ് ജീവിതം , ഇവിടെയിങ്ങനെ കടലിലേക്ക് നോക്കി നില്‍ക്കലല്ലാതെ . കുറെ ഫോട്ടോ എടുത്തു . ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടെ വന്നാല്‍ ഉഷാറാകും , പക്ഷെ വൈകിട്ട് വരണം . എന്‍റെ കവിതയുടെ പേര് പോലെ ഒറ്റക്കൊരു പൂവരശ് ദ്വീപിനു കാവലുണ്ട് . പാറകളില്‍ കക്കകള്‍ ഒട്ടിപ്പിടിച്ച്. അര മണിക്കൂറാണ് അനുവദിച്ചിരുന്ന സമയം. ബോട്ട് പോയല്ലോ ! ഇന്നിവിടെ ഉറങ്ങാം. സുഖം, സ്വസ്ഥം . പക്ഷേ നോക്ക്, കുറെ പേരുണ്ട്, അവര്‍ വേറെ ബോട്ട് അയക്കുന്നു. തിരികെ പോരുമ്പോ തിരിഞ്ഞു നോക്ക് . ഒരൊറ്റനക്ഷത്രം. നീ ഹാപ്പിയല്ലേ? എന്നെയോര്‍ക്കാതെ .

സെന്‍റ് മേരീസ് ഐലന്‍ഡ്

ബീച്ചില്‍ വന്നു ദര്‍ശനോടും കൂട്ടുകാരോടും യാത്ര പറഞ്ഞു. തിരികെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനിലേക്ക് . ഭക്ഷണം കഴിച്ചു . ടിക്കറ്റ് എടുത്തു , പൂര്‍ണക്ക് . വെയിറ്റിങ് ഷെഡിലെ ബാത് റൂമില്‍ കുളിച്ചു കുപ്പായം മാറി . എത്ര സിംപിളാണ് കാര്യങ്ങള്‍ . നിഷ പോയിരിക്കുന്നത് സെക്യൂരിറ്റിയുടെ സീറ്റിലാണ് , ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ . അകത്തു കുറെ മലയാളികള്‍ . അവരോടൊക്കെ മിണ്ടി മിണ്ടി ഇരിക്കുമ്പോ ആള്‍ക്കാര്‍ നിഷയുടെ മുന്നില്‍ ചില്ലറപ്പൈസ വെച്ചു പോകുന്നു . ഇതെന്താ കഥ ! ഹാഹാ … ബാത് റൂം ഉപയോഗിച്ചതിനുള്ള കൂലിയാണ് , സെക്യൂരിറ്റി സീറ്റില്‍ ഇരുന്നത് കൊണ്ടുണ്ടായ ഗുണം . ആ ചേട്ടന്‍ അടക്കം ചിരിയായി . പൂര്‍ണ വന്നു , രാത്രിയായി . എവിടെ റ്റി.റ്റി. ആര്‍ ? ദേണ്ട് . ഓടിക്കോ . ചേട്ടാ രണ്ട് പെമ്പിള്ളേരാണ് . അത്യാവശ്യ യാത്രയായത് കൊണ്ട് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാന്‍ പറ്റിയില്ല . എറണാകുളം വരെ പോണം. രണ്ട് ബര്‍ത്ത് താ പ്ലീസ് . നിക്ക്, നോക്കട്ടെ. മിഡില്‍ ബര്‍ത്ത് പറ്റുവൊ ? പിന്നേ. എന്നാ വാ . ദേനാ ഇവിടെ കെടന്നോ. കാശ് താ. ചേട്ടന്‍ നല്ലവനാണ് ചേട്ടാ. ചേട്ടനെ ദൈവം കാക്കും. എന്നാ കെടന്നോ കൊച്ചെ. ഗുന്നൈറ്റ്. രാവിലെ നോര്‍ത്തില്‍ എറങ്ങാ. എവിടെയെത്തി? ഇടപ്പള്ളി. കൊറേ നേരമായി നിര്‍ത്തി ഇട്ടേക്കണേ. എറങ്ങിയാലോ ചിത്തിരേച്ചീ? നീ എറങ്ങടി കൊച്ചേ. ഹമ്പടാ ദേ എറണാളം . വാ കാടേ, വീട്ടീപ്പോകാ.

ചിത്തിര കുസുമന്‍
2021ലെ കവിതക്കുള്ള സാഹിത്യ
അക്കാദമി കനകശ്രീ അവാര്‍ഡ് ജേതാവ്

 

COMMENTS

COMMENT WITH EMAIL: 0