Homeചർച്ചാവിഷയം

കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജാ ദിനങ്ങള്‍

കൊല്‍ക്കത്ത യാത്ര,അതൊരു സ്വപ്നമായിരുന്നു. കേട്ടറിവുകള്‍ ഒത്തിരിയുണ്ടായിരുന്നു കൊല്‍ക്കത്തയെ കുറിച്ച് -സിറ്റി ഓഫ് ജോയ്, ഹൂഗ്ലി നദിക്കരയില്‍ രൂപം കൊണ്ട നഗരം, വര്‍ണാഭമായ ആഘോഷങ്ങളും എഴുത്തും സംഗീതവും നൃത്തവുമായി കലാപ്രതിഭകളാല്‍ സമ്പുഷ്ട്ടമായ കലാ നഗരി, അടിച്ചമര്‍ത്തലിന്‍റേയും വെട്ടിപ്പിടിക്കലിന്‍റേയും ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെയും ചരിത്രം ഉറങ്ങുന്ന നഗരം 7 Sister states ലേക്കുള്ള പ്രവേശന കവാടം, Indo-Gangetic Alluvial Plain ല്‍ സ്ഥിതി ചെയ്യുന്ന മനോഹരമായൊരു ഭൂപ്രദേശം. അങ്ങനെ എന്നെ ആകര്‍ഷിച്ച കാര്യങ്ങള്‍ ഒത്തിരിയായിരുന്നു. കൊല്‍ക്കത്ത അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ദുര്‍ഗ പൂജ സമയത്താണെന്ന് മനസ്സിലാക്കി, പിന്നെ അന്നത്തേക്കായിരുന്നു ട്രിപ്പ് പ്ലാനിംഗ്. കൂടെ ഒരാള്‍ കൂടെ ഉണ്ടായിരുന്നേല്‍ എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസില്‍ വന്ന മുഖം – ഐറിന്‍. പിന്നെ ഓഫീസ് അവധി ഒപ്പിച്ചു. അവളെയും കൂട്ടി യാത്രക്ക് ഒരുങ്ങാന്‍ തുടങ്ങി. ഡയറക്ട് ടിക്കറ്റ് ഇല്ലെന്ന് കണ്ടതും യാത്ര ഘട്ടം ഘട്ടമാക്കി ഇറങ്ങിയും കയറിയും ഒരു യാത്ര.. ഇറങ്ങുന്നിടത്തെല്ലാം ഒന്നു രണ്ടു ദിവസം കറങ്ങി. യാത്ര ആരംഭിച്ചത് ഹൈദ്രബാദില്‍ നിന്നായിരുന്നു. ആദ്യം വിശാകപട്ടണം, അടുത്തത് പുരി പിന്നെ നേരെ കല്‍ക്കത്തക്ക്.

ആദ്യ യാത്രക്കുള്ള (Vizag ലേക്ക്) തത്ക്കാല്‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല.പക്ഷെ യാത്ര ആരംഭിച്ചില്ലെങ്കില്‍ പ്ലാന്‍ ആകെ പാളിപ്പോകും. രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ജനറല്‍ ടിക്കറ്റ് എടുത്തു. ജീവിതത്തിലെ ദൂരയാത്രയിലെ ആദ്യ ജനറല്‍ ടിക്കറ്റ് ആയിരുന്നു. അങ്ങനെ ട്രെയിന്‍ വന്നു, മുന്നില്‍ കണ്ട ഒരു ചേട്ടനോട് ജനറല്‍ കംപാര്‍ട്ട്മെന്‍റ് എവിടെയാണെന്ന് ചോദിച്ചു എന്‍ജിന്‍ ചേര്‍ന്നാണെന്ന് ആളു പറഞ്ഞു , അപ്പോഴാണ് ഞങ്ങള്‍ തിരിച്ചറിയുന്നത് ഞങ്ങള്‍ ട്രെയിനിന്‍റെ ഏറ്റവും അവസാനത്തിലാണെന്ന്. ഞങ്ങള്‍ മുന്നോട്ട് നടന്നു , പോലീസുകാര്‍ ഓരോരുത്തരെയായി കയറ്റാന്‍ തുടങ്ങുകയായിരുന്നു. ഞങ്ങള്‍ ആണെങ്കില്‍ ഏറ്റവും പിറകില്‍. എന്തു ചെയ്യും എന്നറിയാതെ അവലാതി ആയി.അങ്ങനെ നില്‍ക്കെ നേര്‍ത്തെ കണ്ട ചേട്ടന്‍ ആ വഴിയെ പോയപ്പോള്‍ ഞങ്ങള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു, ‘എന്തു പറ്റി ടിക്കറ്റില്ലേ? വായോ ഞാന്‍ ഒരു വഴി കാണിച്ചു തരാം ‘ എന്നു പറഞ്ഞ് ഞങ്ങള്‍ക്ക് മുന്നില്‍ ഒരു കംപാര്‍ട്ട്മെന്‍റ് കാണിച്ചു തന്നു ലേഡീസ് ജനറല്‍ കംപാര്‍ട്ട്മെന്‍റ്. തള്ളിപ്പിടിച്ച് കയറി കൂടി രണ്ട് സീറ്റ് ഉറപ്പിച്ചു. ഉടനെ തന്നെ ട്രെയിന്‍ എടുത്തു. ആ കംപാര്‍ട്ട്മെന്‍റില്‍ പല തരം ആളുകളുണ്ടായിരുന്നു. ജോലി കഴിഞ്ഞു പോകുന്നവര്‍, വിരുന്നു പോകുന്നവര്‍, മുതിര്‍ന്ന ആളുകള്‍, കുട്ടികള്‍, സ്ത്രീകള്‍, കച്ചവടക്കാര്‍ അങ്ങനെ പലരും .അവരില്‍ നിന്നെല്ലാം വസ്ത്രധാരണം കൊണ്ടും ഭാഷകൊണ്ടും വ്യത്യസ്തരായ രണ്ടു പേര്‍ ഞങ്ങളായിരുന്നു, ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി.

സൗഹൃദ സംഭാഷണങ്ങള്‍ ആരംഭിച്ചു.’ ഇത്രയും നല്ല രീതിയില്‍ ജീവിക്കുന്ന നിങ്ങള്‍ എന്താ ഈ കംപാര്‍ട്ട്മെന്‍റില്‍? രണ്ട് പെണ്‍കുട്ടികള്‍ ഈ നേരത്ത് എന്തിന് ട്രെയിനില്‍ Vizagല്‍ എന്തിനാ? എങ്ങോട്ടാ? അങ്ങനെ ചോദ്യങ്ങള്‍ പലവിധം.  എല്ലാത്തിനും ഞങ്ങള്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നൊള്ളൂ – ജീവിതം പഠിക്കാന്‍ ‘ലോക്കല്‍ ലൈഫ്’ ഒരു പ്രൊജക്ടിനോട് അനുബന്ധിച്ചുള്ള യാത്ര.ഒരു നുണയായിരുന്നെങ്കില്‍ കൂടി ഞങ്ങള്‍ അത് പഠിക്കാന്‍ ആരംഭിക്കുകയായിരുന്നു. നന്മയുള്ള കുറെ മനുഷ്യരെ അന്ന് പരിചയപ്പെട്ടു. ഇടക്ക് ചീത്ത വിളിയും കച്ചറകളൊക്കെ ഉണ്ടാവുന്നുണ്ട്.സ്ത്രീകളെ തൊട്ടും തലോടിയും ചിലര്‍, ചിലരൊക്കൊ പ്രതികരിക്കുന്നു, ചിലരൊക്കെ നിസ്സഹായകരായി കരയുന്നു, മറ്റു ചിലര്‍ അവരെപ്പോലെ ആസ്വദിക്കുന്നു. മണിക്കൂറുകള്‍ കടന്നു പ്പോയി. ഓരോരുത്തരായി ഇറങ്ങി തുടങ്ങി ,പോകുന്നവരെല്ലാം യാത്രാമംഗളങ്ങള്‍ നേര്‍ന്നു, സേഫ് ആയി പോയി വരാന്‍ ആശംസിച്ചു.  എന്നിരുന്നാലും ലോകത്തില്‍ എല്ലാത്തിനെയും കണ്ണടച്ചു വിശ്വസിക്കാന്‍ മാത്രം ഞങ്ങള്‍ക്കായില്ല, അതിനാല്‍ തന്നെ ഈ യാത്ര ഉറക്കമില്ലാത്തൊരു രാത്രി ഞങ്ങള്‍ക്ക് സമ്മാനിച്ചു.

ദിവസങ്ങള്‍ കടന്നു പോയി. വിശാഖപട്ടണവും പുരിയും കടന്ന് ഞങ്ങള്‍ 4-ാം ദിവസം കൊല്‍ക്കത്തയിലെത്തി. Howrah Railway station ജന നിബിഡമായ ഇന്ത്യയിലെ നീളം കൂടിയതും ഏറ്റവും പഴക്കം ചെന്നതുമായ ഒരു റെയില്‍വെ സ്റ്റേഷന്‍ 32, 34 പ്ലാറ്റ്ഫോമുകള്‍ ഉണ്ട് ഇവിടെ.

ഈ യാത്രയിലേക്ക് ഒരാള്‍ കൂടി ഇവിടെ വെച്ച് ചേര്‍ക്കപ്പെട്ടു . നന്ദു. പിന്നീട് അങ്ങോട്ട് ദുര്‍ഗാപൂജ ദിനങ്ങള്‍ ഞങ്ങള്‍ മൂവര്‍ സംഘം ആയിട്ടായിരുന്നു യാത്ര. ആഘോഷങ്ങളോടനുബന്ധിച്ച് നഗരമാകെ അതിന്‍റെ ഒരുക്കത്തില്‍ ആയിരുന്നു. ചുറ്റിലും മാല ബള്‍ബുകള്‍. അലങ്കാര പണികള്‍ കൊണ്ടും റോഡും ഇരുവശങ്ങളും കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിച്ചു വെച്ചിരിക്കുന്നു, ഇടക്കിടക്ക് pandal കാണാം. ദുര്‍ഗാദേവിയുടെ വിവധ ഭാവങ്ങള്‍, അവിടെ അലങ്കാര പണികള്‍ കെങ്കേമമായി നടക്കുന്നുണ്ട്. പൂജയും പ്രാര്‍ത്ഥനയും ഭക്തിഗാനങ്ങളും അന്തരീക്ഷമാകെ നിറഞ്ഞിരുന്നു.

രാത്രിയാണ് ആഘോഷങ്ങളുടെ തുടക്കം എന്നറിഞ്ഞ ഞങ്ങള്‍ കൊല്‍ക്കത്ത ചുറ്റി കാണാനായി തീരുമാനിച്ചു.ڔരാവിലെകളില്‍ വിക്ടോറിയ മെമ്മോറിയല്‍ ഹാള്‍, സയന്‍സ് സിറ്റി, സെന്‍റ് പോള്‍സ് കത്തീഡ്രല്‍, ബിര്‍ള പ്ലാനിറ്റോറിയം ഒക്കെ കണ്ടു നടന്നപ്പോള്‍ വൈകുന്നേരങ്ങള്‍ pandal സന്ദര്‍ശിക്കാം എന്നു തീരുമാനിച്ചു. ഇന്ത്യയിലെ പുരാതന നഗരങ്ങളില്‍ പേരുകേട്ട ഒന്നാണ് കൊല്‍ക്കത്ത. അതിശയിപ്പിക്കുന്ന മനുഷ്യനിര്‍മിതികളാല്‍ സമ്പുഷ്ടമായ നഗരം,  വിക്ടോറിയ മെമ്മോറിയല്‍ ഹാള്‍, സയന്‍സ് സിറ്റി, ബിര്‍ള പ്ലാനിറ്റോറിയം ഒക്കെ അതിനുത്തമ ഉദാഹരണങ്ങളാണ്. ഇത്തവണത്തെ കൊല്‍ക്കത്ത യാത്രയില്‍ പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നൊരു സഞ്ചാരിക്കപ്പുറം അവരില്‍ ഒരാളായി ആഘോഷങ്ങളില്‍ പങ്കുചേരാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അതിനായി ഞാന്‍ സന്ധ്യ മയങ്ങാന്‍ കാത്തിരുന്നു.

സൂര്യന്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ pandalകള്‍ ഓരോന്നായി ഞങ്ങള്‍ കയറി കാണാന്‍ തുടങ്ങി. തീര്‍ത്തും വ്യത്യസ്തമായൊരു അനുഭൂതിയായിരുന്നു അത്. ജീവന്‍ തുടിക്കുന്ന പ്രതിമകള്‍, പാപം ചെയ്തവരെ കൊന്നൊടുക്കുന്ന ഒരു ദുര്‍ഗ ദേവിയെ കേട്ടറിഞ്ഞ എനിക്ക് ഈ സൗന്ദര്യം തുടിക്കുന്ന പുഞ്ചിരിക്കുന്ന ദേവിയെ കണ്ടപ്പോള്‍ തെല്ലൊന്നു സംശയം തോന്നി.

ക്രൂരനായ മഹിഷാസുരന്‍ തപസുചെയ്ത്  ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി. സ്ത്രീകള്‍ മാത്രമേ തന്നെ കൊല്ലാവൂ എന്ന് വരവും നേടി. അതിനുശേഷം ദേവന്മാരുമായി നൂറുവര്‍ഷം നീണ്ടുനിന്ന മഹായുദ്ധത്തില്‍ മഹിഷാസുരന്‍ വിജയിച്ചു. മഹിഷാസുരനെ വധിക്കാനായി ദേവന്മാര് ശിവനേയും മഹാവിഷ്ണുവിനേയുംڔശരണം പ്രാപിച്ചു. അവരുടെ ശരീരത്തില്‍ നിന്നും പുറപ്പെട്ട ഉജ്ജ്വലമായ പ്രകാശം ഭൂമിയില്‍ പതിച്ച് ദുര്‍ഗാദേവി രൂപംകൊണ്ടു. ഹിമവാന്‍  ഒരു സിംഹത്തെയും ദേവിക്ക് സമ്മാനിച്ചു. ആ സിംഹത്തിന്‍റെ പുറത്തുകയറി ദുര്‍ഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം. നവരാത്രിയില്‍ ദുര്‍ഗ്ഗയുടെ ഒന്‍പത് രൂപങ്ങളെയും ആരാധിക്കുന്നു. ഇതാണ് നവദുര്‍ഗ്ഗ.

ഇങ്ങനെ ഓരോ pandal കയറി ഇറങ്ങിപ്പോഴും ഇതിനു പിന്നിലെ ഐതീഹ്യം മനസിലാക്കി നടന്നു നീങ്ങി. റോഡിനു ഇരുവശവും ലേശം ഉള്ളിലേക്ക് കയറിയാണ് ഈ pandal കള്‍ സ്ഥിതി ചെയ്യുന്നത് , വഴി നീളെ അലങ്കരിച്ചിരുന്നു പലതരം ലൈറ്റുകള്‍ വെച്ച്. ഒരു പന്തല്‍ ചുറ്റിലും തുണിയും മറ്റും വെച്ചുമൂടി ഒരു ഒറ്റമുറി വീടുപ്പോലെ. കവാടം കടന്നാല്‍ ഒരു ഹാള്‍, ഒരു ദിശയില്‍ പല വലിപ്പത്തിലുള്ള ദുര്‍ഗ പ്രതിമകള്‍, ഭക്തിഗാനങ്ങള്‍ ഉരുവിട്ട് ചിലരൊക്കെ ഇരിപ്പുണ്ടവിടങ്ങളില്‍, പൂജാരി പൂജ ചെയ്ത് പ്രസാദംനല്‍കുന്നു, ചില സ്ഥലങ്ങളില്‍ തിരക്കു കാരണം കാണാന്‍ സാധിച്ചില്ല. അങ്ങനെ ഇരിക്കെ വിശ്വ പ്രസിദ്ധമായ കാളീ ഘട്ടിലെ കാളീ ക്ഷേത്രം കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു . ഊബര്‍ ബുക്കുചെയ്തു അങ്ങോട്ട് യാത്രയായി.

ഡൈവര്‍ കുശലാനേഷ്വണങ്ങള്‍ക്കൊടുവില്‍ ഇറങ്ങാന്‍ നേരം ഞങ്ങളോട് പറഞ്ഞു , ഇടത്തുവശത്തോട്ട് അധികം പോകരുത്, സുരക്ഷിതമല്ല ഈ സമയം റെഡ് സ്ട്രീറ്റ് ഏരിയ ആണ്. മനസില്‍ പൊടുന്നനെ എന്തൊക്കെയോ കടന്നു പോയി. കഥകളിലും വാര്‍ത്തകളിലും സിനിമയിലും വായിച്ചും കേട്ടുമറിഞ്ഞ വേശ്യാകേന്ദ്രം. അതിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഭാഗത്തു കൂടെയാണ് കടന്ന് പോകുന്നതെന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു ഭയം അനുഭവപ്പെട്ടു. ദുര്‍ഗ പൂജ ദിനങ്ങള്‍ ആയതു കൊണ്ട് ജനനിബിഡമായിരിക്കും സുരക്ഷിതമായിരിക്കും എന്നെല്ലാം കരുതി ഞങ്ങള്‍ അമ്പലത്തിന്‍റെ വഴിയെ നടന്നു. കേരളത്തിലെ ഒരു ക്ഷേത്ര പരിസരം മനസില്‍ സങ്കല്‍പ്പിച്ച് ഒരു ദൈവീക അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതായി ആഗ്രഹിച്ചെങ്കിലും കടന്നു ചെന്നത് മറ്റൊരു ലോകത്തേക്കായിരുന്നു. വെളിച്ചം നന്നേ കുറവുള്ള തെരുവ് ,അവിടവിടങ്ങളിലായി തെരുവ് വിളക്കുകള്‍ ഉണ്ട്, ചെറിയ ചില കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് വരുന്ന കുറച്ചു പേരെ കാണാം. ഞങ്ങള്‍ ഉള്ളിലേക്ക് നടന്നു, വശങ്ങളില്‍ ഒച്ചയും അനക്കവുമെല്ലാം ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു, അടഞ്ഞു കിടക്കുന്ന കടകള്‍ക്ക് മുന്നില്‍ ചില മനുഷ്യ ക്കോലങ്ങളും നിഴലുകളും ഞങ്ങള്‍ കണ്ടു. പെട്ടെന്ന് കുറെ വാഹനങ്ങള്‍ ആ വഴിയെ കടന്നു പോയി.

ഇരുവശത്തും കുറെ സ്ത്രീകള്‍ പല പ്രായക്കാര്‍ മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച് മുഖം നിറയെ തനിക്ക് ഇണങ്ങാത്ത തരം മേക്കപ്പ് വാരിപ്പൊത്തി കൈയില്‍ ഒരു ചെറിയ ബാഗുമായി നില്‍ക്കുന്നു, അവര്‍ തമ്മില്‍ തമ്മില്‍ڔ കുശലാന്വേഷണങ്ങള്‍ നടത്തുന്നു, ചിലരൊക്കെ പരസ്പരം കളിയാക്കുന്നു , ഇട്ടിരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും അണിഞ്ഞ ആഭരണങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതെ ഇവരാണ് ഈ തെരുവിന്‍റെ അവകാശികള്‍. വാ തന്ന ദൈവം തിന്നാനും തരുമെന്ന് ആരോ പറഞ്ഞപ്പോള്‍ ഇവരെപ്പോലുള്ളവരെ ദൈവം പറ്റിച്ചു. ജീവിക്കാന്‍ ശരീരം വില്‍ക്കേണ്ടി വന്നവര്‍. അവരെ ഈ തൊഴിലിലേക്ക് എത്തിച്ചത് എന്തായിരിക്കും? അവരുടെ ആദ്യ ദിവസം എങ്ങനെ കഴിഞ്ഞു പോയിരിക്കും? തുടര്‍ന്നുള്ള ദിനങ്ങള്‍ അവരെ ഈ തൊഴിലില്‍ പിടിച്ചു നിര്‍ത്തിയ ഘടകം എന്തായിരിക്കും? ഇവരില്‍ എത്ര പേര്‍ സ്വമേധയാ ഈ തൊഴിലെന്താണെന്ന് തിരിച്ചറിഞ്ഞ്  വന്നു ചേര്‍ന്നവര്‍ കാണും? എത്ര പേര്‍ പലരുടേയും കെണിയില്‍ വീണ് രക്ഷപ്പെടാന്‍ സാധിക്കാത്തവരായുണ്ട്? ഇവരുടെ മാനസികാവസ്ഥ എന്തായിരിക്കും ഇപ്പോള്‍?അവരുടെ സന്തോഷങ്ങള്‍ എന്തൊക്കെ ആയിരിക്കും? ദു:ഖങ്ങളോ? അവര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ? അവര്‍ക്ക് കുടുംബമുണ്ടോ? ഇന്ന് ഭക്ഷണം കഴിച്ചു കാണുമോ? അങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്തത്ര ചോദ്യങ്ങള്‍ മനസില്‍ ഉയര്‍ന്നു കൊണ്ടിരുന്നു. ഈ ഉത്സവ നഗരിയില്‍ എല്ലാവരും ആഘോഷിക്കുമ്പോള്‍ ഇവര്‍ ഇപ്പോഴും ഈ വഴിയരികില്‍ ആ തെരുവിനു പുറത്തെ ചൂടും തണുപ്പുമറിയാതെ തനിക്കറിയാത്ത തന്നെയറിയാത്ത ആര്‍ക്കൊക്കെയോ വേണ്ടി കാത്തിരിക്കയാണ്.. കുറച്ചു കൂടെ അകത്തോട്ട് നടന്നു ഏകദേശം അമ്പലത്തോട് അടുത്തു തുടങ്ങിയിരുന്നു, ഇരു വശത്തേയും ആളുകളില്‍ വല്ലാതെ ശ്രദ്ധ ചെലുത്താതെ നടക്കവെ വലതു വശത്തായി ഒരു കൂട്ടം സ്ത്രീകള്‍ നില്‍ക്കുന്നു, മുന്നില്‍ കണ്ട അതേ മട്ടും ഭാവവും ഉള്ളവര്‍. പക്ഷെ ഒരു മിന്നായം പ്പോലെ അതിലൊരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടു, വ്യക്തത വരുത്താന്‍ ഞാന്‍ ഒന്നൂടെ ശ്രദ്ധിച്ചു നോക്കി, ഏകദേശം ഹൈസ്ക്കൂള്‍ പ്രായം സീക്കന്‍സ് വെച്ച ഒരു ചുരിദാര്‍ ധരിച്ചിരിക്കുന്നു, ആ കൂട്ടത്തിലെ മറ്റു സ്ത്രീകളോട് കുശലം പറഞ്ഞും തല്ലിക്കളിച്ചും അവള്‍ അവരില്‍ ഒരാളായി നില്‍ക്കുന്നു. മനസ്സാകെ സങ്കടത്തിലായി, ഞാന്‍ ഒന്നു പിറകോട്ട് ആലോചിച്ചു.

എന്‍റെ ഹൈസ്ക്കൂള്‍കാലം. മനസ്സു നിറയെ സ്വപ്നങ്ങളുമായി സ്കൂള്‍ജീവിതത്തില്‍ നിന്നും കലാലയ ജീവിതം സ്വപ്നം കണ്ടു നടന്നകാലം, പഠിക്കണമെന്നും എന്നെ കാത്തിരിക്കുന്ന ഒരു വിശാലമായ ലോകം മുന്നില്‍ ഉണ്ടെന്നും വിശ്വസിച്ച് അതിലേക്കുള്ള വഴികള്‍ അന്വേഷിച്ച് നടന്നകാലം. ടീനേജിന്‍റെ അവസാന വര്‍ഷങ്ങള്‍, ശരീരത്തിന്‍റേയും മനസിന്‍റേയും വളര്‍ച്ചയുടെ കാലം, ചെറിയ ചെറിയ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിറഞ്ഞ ജീവിതം, ചോരത്തിളപ്പു തുടങ്ങിയ സമയം. ഇങ്ങനെയെല്ലാം ജീവിക്കേണ്ടിയിരുന്ന ഒരുവള്‍ ഇതാ ഈ തെരുവില്‍. ഞങ്ങളെ ആകെ സങ്കടത്തിലാക്കി അവള്‍. തുടര്‍ന്ന് ക്ഷേത്രം ദര്‍ശിക്കാനുള്ള മനസൊന്നും തോന്നിയില്ല, ഞങ്ങള്‍ തിരിഞ്ഞു നടന്നു. എന്നെ കൊണ്ട് ഒന്നും ഇവര്‍ക്കായി ചെയ്തു കൊടുക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടു. ആ ഇടുങ്ങിയ തെരുവില്‍ പുറം ലോകം കാണാതെ കുടുങ്ങിപ്പോയ സ്ത്രീകളേയും കുട്ടികളേയും ഓര്‍ത്ത് ഞങ്ങള്‍ സങ്കടപ്പെട്ടു, അതിനപ്പുറം ഒന്നും ചെയ്യാനില്ലാതെ നിസ്സഹായരായി ഞങ്ങള്‍ മൂന്നു പേരും ആ തെരുവില്‍ നിന്നും ഇറങ്ങി. അവരപ്പോഴും ഇതെന്നുമറിയാതെ വഴിയരികില്‍ കാത്തിരിപ്പ് തുടര്‍ന്നു.

സിറ്റി ഓഫ് ജോയ് എന്ന് ആരോ വിളിക്കപ്പെട്ട, എന്നാല്‍ എല്ലായിടത്തെയും പ്പോലെ സന്തോഷവും ദു:ഖവും ഇടകലര്‍ന്ന ഒരു നഗരമാണ് കൊല്‍ക്കത്ത. ഇവിടെ സഞ്ചരിക്കുന്ന കാര്‍ മുതല്‍ ഓരോ തെരുവിനും പാലങ്ങള്‍ക്കും മതാരാധാനലങ്ങള്‍ക്കും കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും റോഡിനും കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും കുടിക്കുന്ന ചായക്കും വരെ ഒരു ചരിത്രം പറയാനുണ്ട്. ഹുഗ്ലി നദിക്ക് വശങ്ങളിലായി കിടക്കുന്ന 2 നഗരങ്ങള്‍ (Howrah & Kolkata) ചേര്‍ന്നതാണ് കൊല്‍ക്കത്ത. ആദ്യക്കാലങ്ങളില്‍ മുഗള്‍ വംശവും പിന്നീട് ബ്രിട്ടീഷുകാരും ഭരിച്ച നാട്. അതിന്‍റേതായ പ്രൗഢിയും ഗാംഭീരതയുമെല്ലാം ഒരു വശത്തുണ്ടെങ്കില്‍ കൂടി നരകയാതന നിറഞ്ഞ മറ്റൊരു വലിയ ജനസമൂഹം ഈ മഹാനഗരത്തിനു പിന്നാപ്പുറങ്ങളില്‍ ജീവിക്കുന്നുണ്ട്.

അങ്ങനെ ജനറല്‍ കംപാര്‍ട്ട്മെന്‍റിലെ ഉറക്കമില്ല രാത്രികള്‍, രാത്രിയും പകലും ഇല്ലാതെ നടന്ന വഴികള്‍, കണ്ടുമുട്ടിയ കുറെ നല്ലവരായ പല ദേശക്കാര്‍ എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ചു. മരിക്കുവോളം മറക്കാനാവാത്ത വേദനിപ്പിക്കുന്ന ഓര്‍മകള്‍ സമ്മാനിച്ച ആദ്യ കൊല്‍ക്കത്ത യാത്ര.

ശിവാനി
GISF എഞ്ചിനീയര്‍
ഹൈദ്രബാദ്

 

 

 

COMMENTS

COMMENT WITH EMAIL: 0