കെവ്ലാര്‍ എന്ന വ്യാപാര നാമത്തില്‍ അറിയപ്പെടുന്ന വിസ്മയ പോളിമെര്‍ എല്ലാവര്‍ക്കും പരിചിതമായിരിക്കും. എന്നാല്‍ നിരവധി അടുക്കള ഉപകരണങ്ങളിലും സ്പോര്‍ട്സ് ഉപകരണങ്ങളിലും മല്‍സരയോട്ടത്തിനുള്ള മോട്ടോര്‍ വാഹന ടയറുകളിലും തുടങ്ങി ബുള്ളറ്റ് പ്രൂഫ് കവചങ്ങളിലും ബഹിരാകാശ രംഗത്തും വരെ അത്ഭുതങ്ങള്‍ വിരിയിച്ച ഈ വിസ്മയ പോളിമെര്‍ കണ്ടുപിടിച്ചത് ഒരു വനിതയാണെന്ന് എത്ര പേര്‍ക്കറിയാം ? സ്റ്റെഫാനീ ക്വോലെക് എന്ന അമേരിക്കന്‍ രസതന്ത്രജ്ഞയാണ് ആ വനിത.അറിയുമോ കെവ്ലാര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞയെ?
1923-ല്‍ യു.എസ്സിലെ പിറ്റ്സ്ബര്‍ഗില്‍ ജോണ്‍ ക്വോലെക്കിന്‍റെയും നെലീ ക്വോലെക്കിന്‍റെയും മകളായാണ് സ്റ്റെഫാനിയുടെ ജനനം. കുട്ടിക്കാലത്തു തന്നെ പ്രകൃതിയിലെ വിസ്മയക്കാഴചകളിലേക്കും ശാസ്ത്രത്തിലേക്കും കുഞ്ഞു സ്റ്റഫാനിയെ നയിക്കാന്‍ പിതാവ് പ്രത്യേകം ശ്രദ്ധിച്ചു. ഒരു ഡോക്റ്റര്‍ ആവുക എന്ന സ്വപ്നം കൂടെക്കൊണ്ടു നടക്കുമ്പോഴും ഫാഷന്‍ ഡിസൈനിങ്ങിലും തല്പരയായിരുന്നു സ്റ്റെഫാനി. 1946-ല്‍ കാര്‍ണെജീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടിയ ശേഷം വൈദ്യശാസ്ത്ര പഠനത്തിനു ചേരാനുള്ള ശ്രമങ്ങള്‍ തുടങ്ങി ആ പെണ്‍കുട്ടി. അതിനു വേണ്ട പണം സ്വരൂപിക്കാന്‍ ഒരു താല്‍ക്കാലിക ജോലി അത്യാവശ്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ഡ്യൂപോണ്ട് കെമിക്കല്‍ കമ്പനിയില്‍ ഒഴിവുണ്ടെന്നു കണ്ട് ജോലിക്ക് അപേക്ഷിച്ചത്. അധികം വൈകാതെ ആ ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍ക്കാലിക ജോലി എന്നു കരുതി അവിടെയെത്തിയ സ്റ്റെഫാനി നീണ്ട നാല്പതു വര്‍ഷമാണ് അവിടെ ജോലി ചെയ്തത്!
അതീവ ദൃഢതയുള്ളതും ഭാരം കുറഞ്ഞതും സ്ഥിരതയേറിയതുമായ ഒരു പുത്തന്‍ സിന്തറ്റിക് പോളിമെറിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഡ്യൂപോണ്ട് കമ്പനി. സൈനികര്‍ക്ക് സുരക്ഷിതമായ പടച്ചട്ടയ്ക്ക് കൂടി ഉപയോഗയോഗ്യമാവുന്ന ഒന്നായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായുള്ള സിന്തറ്റിക് പോളിമര്‍ ഗവേഷണങ്ങളില്‍ ഉള്‍പ്പെട്ടതോടെ സ്റ്റെഫാനി അതില്‍ ആകൃഷ്ടയാവുകയും തന്‍റെ മേഖല ഇതു തന്നെ എന്ന് ഉറപ്പിക്കുകയും ചെയ്തു. 1950 കളിലും 1960-കളിലും അരോമാറ്റിക് പോളിഅമൈഡ് വിഭാഗത്തില്‍പ്പെടുന്ന സിന്തറ്റിക് പോളിമെറുകളില്‍ സ്റ്റെഫാനി നടത്തിയ ഗവേഷണങ്ങള്‍ ബലവും ദൃഢതയും തീപിടിക്കാത്തതുമായ, സ്റ്റീലിനു ബദലായിപ്പോലും ഉപയോഗിക്കാന്‍ കഴിയുന്ന പോളിമെറുകളുടെ വിസ്മയ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടിയത്.
സിന്തറ്റിക് പോളിമെര്‍ ചരിത്രത്തിലെ വഴിത്തിരിവു തന്നെയായ കെവ്ലാര്‍ എന്ന വ്യാപാര നാമത്തില്‍ അറിയപ്പെടുന്ന പോളി-പാരാ-ഫിനൈലീന്‍ ടെറിഫ്താലമൈഡ് എന്ന പുതു തലമുറ പോളിമെറിന്‍റെ കണ്ടുപിടിത്തത്തിലേക്ക് അവരെ നയിച്ചതും ഈ ഗവേഷണങ്ങള്‍ തന്നെ. ഗവേഷണരംഗത്തെ മികവിന് ഡ്യൂപോണ്ട് കമ്പനി ലവോസിയെ മെഡല്‍ നല്‍കി ആദരിച്ച ആദ്യ വനിതയാണ് സ്റ്റെഫാനി. ഈ കണ്ടുപിടിത്തത്തില്‍ നിന്ന് സാമ്പത്തികലാഭമുണ്ടാക്കാനൊന്നും ശ്രമിക്കാതെ പുതിയ പോളിമെറിന്‍റെ പേറ്റന്‍റ് ഡ്യൂപോണ്ട് കമ്പനിക്കു കൈമാറുകയായിരുന്നു അവര്‍. എന്നാല്‍ നൂറുകണക്കിനുപകരണങ്ങളില്‍ കെവ്ലാര്‍ അവശ്യ ഘടകമായി മാറിയതോടെ പല ഗ്രേഡില്‍ ഈ പോളിമര്‍ രംഗത്തിറക്കി ഡ്യൂപോണ്ട് കമ്പനി വന്‍ ലാഭമാണുണ്ടാക്കിയത്. 1986-ല്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി ഡ്യൂപോണ്ടില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷവും സ്റ്റെഫാനി കമ്പനിയുടെ കണ്‍സള്‍ട്ടന്‍റായി തുടര്‍ന്നു. അതിനിടയില്‍ കുട്ടികള്‍ക്കായി ആകര്‍ഷകമായ രസതന്ത്ര ക്ലാസ്സുകള്‍ എടുത്തു. നൈലോണ്‍ റോപ് ട്രിക്ക് പോലുള്ള പരീക്ഷണങ്ങള്‍ വികസിപ്പിച്ചു. 2014 ജൂണ്‍ 18-ന് അന്തരിക്കുന്നതു വരെ വിശ്രമമില്ലാതെ രസതന്ത്രത്തിന്‍റെ അത്ഭുതലോകത്തു സഞ്ചരിച്ച് വിസ്മയങ്ങള്‍ വിരിയിച്ച സ്റ്റെഫാനീ ക്വോലെക്കിനെ നാം തീര്‍ച്ചയായും അറിയേണ്ടതുണ്ട്.
COMMENTS