നമ്മള് വിചാരിക്കുന്നപോലൊന്നുമല്ല കാര്യങ്ങള്‍. കേരളത്തിലെ സ്ത്രീപീഡനക്കേസുകളെല്ലാം പ്രതികളെ നിരപരാധികളാക്കുന്ന ഒരുതരം ‘പീഡനബാധ’ കയറിയതുപോലെ കളിക്കുകയാണ്. സമത്വബോധമുള്ള ഒരു സംവിധാനവും ഇവിടില്ലെന്നു കരുതാന്‍ ഞാന്‍ ആളല്ല. ആരെയാണ് കുറ്റം പറയേണ്ടത് എന്നറിയില്ല. സര്‍ക്കാരിനെ കുറ്റം പറയണോ?, നിയമ സംവിധാനത്തെ കുറ്റം പറയണോ? ആണധികാരത്തെ കുറ്റംപറയണോ? അറിയില്ല, അറിയില്ല. കേരളത്തില്‍ ഉണ്ടാകുന്ന സ്ത്രീ പീഡനക്കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നോ, പെണ്ണിന്‍റെ താല്‍പര്യപ്രകാരം ചെയ്തതാണെന്നോ ഉള്ള തീര്‍പ്പിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഈ പെണ്ണുങ്ങളെല്ലാം ഇത്ര അഹങ്കാരികളും ‘പുരുഷലമ്പടരും’ ആയിരുന്നെന്ന് ഓരോ കേസിന്‍റേയും വിധി വന്നുകഴിയുമ്പോള്‍ മാത്രമാണ് ഈയുള്ളവള്‍ക്ക് മനസ്സിലാകുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയുടേയും ഫ്രാങ്കോ ഏമാന്‍ പീഡിപ്പിച്ച കന്യാസ്ത്രീയുടേയും കാര്യങ്ങള്‍ എടുത്തു പറയേണ്ടതാണ്.
പീഡകരായവര്‍ക്ക് സോഷ്യല്‍മീഡിയയിലും മറ്റും വരുന്ന സപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ അമ്പരന്നുപോവുന്നുണ്ട്.പല പുരുഷന്മാരും സ്തീകളും ഇക്കാര്യത്തില്‍ ഒരുമിച്ചു നില്‍ക്കുകയാണ്. നമ്മളെല്ലാം വേണ്ടുവോളം വികസിച്ചുകഴിഞ്ഞു എന്നും ,ഇനി ഹൈസ്പീഡില്‍ തിരുവനന്തപുരത്തെത്തിയാല്‍ മതിയെന്നുംപറഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് ഈ പെണ്ണും പെണ്ണുകേസും ഒന്നും ഒരു വിഷയമല്ലതന്നെ.അതുപറഞ്ഞപ്പോഴാണ്ആ പ്രയോഗത്തിന്‍റെ വിരുദ്ധാര്‍ത്ഥം ഓര്‍മ്മവന്നത്.പെണ്ണുകേസില്‍നിന്ന് ഒഴിവായാല്‍ , അതില്‍പെട്ടവര്‍ക്ക് പൂച്ചെണ്ടാണ് കാത്തിരിക്കുന്നത്. പെണ്ണൊരിക്കലും ഒഴിവാകുന്നില്ലാത്തതുകൊണ്ട് അവള്‍ക്ക് പരിഹാസച്ചെണ്ടും.
നമ്മുടെ മുഖ്യമന്ത്രി ഒരുകാര്യം പറഞ്ഞത് (മനോരമപത്രം 23, 2022) സത്യമാണ്. പോലീസുകാര്‍ ശമ്പളംകൊണ്ട് തൃപ്തിപ്പെടണമെന്ന്. ജോലിക്കനുസരിച്ചുള്ള ശമ്പളംകിട്ടുന്നുണ്ടാവുമല്ലോ. പക്ഷേ, പോലീസുകാര്‍ മാത്രം ശമ്പളംകൊണ്ട് തൃപ്തിപ്പെട്ടാല്‍ മതിയോ എന്നാണ് എന്‍റെ സംശയം. സ്ത്രീപീഡകര്‍ക്കെതിരെ കര്‍ശനമായനിലപാടെടുക്കുന്ന ഒരു സര്‍ക്കാരാണ് നമുക്കുവേണ്ടത്.പണ്ടുകൊടുത്ത വാഗ്ദാനങ്ങളൊക്കെ ഒന്നു പൊടിതട്ടിയെടുത്താല്‍ സാധിക്കാവുന്നതേയുള്ളൂ.
COMMENTS