Homeചർച്ചാവിഷയം

കേരളം മാറിയെന്ന് ഇനിയും കള്ളം പറയരുത്

‘ജെന്‍ഡര്‍ ന്യൂട്രല്‍’ യൂണിഫോം സൃഷ്ടിച്ച ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഗവണ്മെന്‍റിന്‍റെ പല ഇടപെടലുകളും ‘ജെന്‍ഡര്‍’ വിഷയത്തിലുണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ കുമാരി അലക്സിന്‍റെ സ്ഥാപനവത്കൃത കൊലപാതകം ആരോഗ്യമേഖലയില്‍ ക്വിയര്‍ മനുഷ്യര്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചുള്ള വലിയ തരത്തിലുള്ള ചര്‍ച്ചയെ രൂപപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ മാസങ്ങളില്‍ അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പ്രീ-പ്രൈമറി തലം മുതലുള്ള പാഠപുസ്തകങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഈ ശ്രമങ്ങളും ‘ജെന്‍ഡര്‍’വിഷയമെന്നാല്‍ ‘സ്ത്രീകളെ സംബന്ധിച്ചത്’ എന്ന പരിമിതമായ നിര്‍വചനത്തിലേക്ക് ചുരുങ്ങിപ്പോകുമോ, ക്വിയര്‍ ഇന്‍ക്ലൂസീവായ ഒരു സമീപനം സ്വീകരിക്കപ്പെടുമോ എന്ന ചോദ്യങ്ങള്‍ സ്വാഭാവികമായും കേരളത്തിലെ ക്വിയര്‍ വ്യക്തികള്‍ക്കുണ്ടായിരുന്നു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയിലാണ്, വളയന്‍ചിറങ്ങര എല്‍.പി. സ്കൂളും ബാലുശ്ശേരി ഗവണ്മെന്‍റ് സ്കൂളും ‘ജെന്‍ഡര്‍ ന്യൂട്രല്‍’ യൂണിഫോമിന്‍റെ പേരില്‍ ചര്‍ച്ചയാകുന്നത്. പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഈ വിഷയത്തെപ്പറ്റി നാനാ തുറകളില്‍ നിന്നുയര്‍ന്നുകേട്ടു. പക്ഷേ, നമ്മുടെ ക്ലാസ് മുറികളും പാഠ്യപദ്ധതികളും സ്കൂള്‍ കെട്ടിടവുമെല്ലാം ജെന്‍ഡേര്‍ഡാണെന്നിരിക്കെ ‘ജെന്‍ഡര്‍ ന്യൂട്രലെന്ന’ ലേബലില്‍ സംഭവിക്കുന്ന ഇത്തരം പ്രതിവിപ്ലവങ്ങളിലൂടെ മാത്രം ക്ലാസ് മുറികളെ ഇന്‍ക്ലൂസീവാക്കാനാകുമെന്ന് കരുതുന്നത് ശരിയല്ല, അത്രയ്ക്ക് പഴഞ്ചന്‍ ഇടമാണത്. മുടി വളര്‍ത്തിയ, കാതു കുത്തിയ, കണ്ണെഴുതിയ ആണ്‍കുട്ടിയെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അധ്യാപകരെ ഞാന്‍ ഇപ്പോഴും എന്‍റെ ബി.എഡ്. ക്ലാസ്മുറിയില്‍ വരെ കാണുന്നുണ്ട്. അവരെന്നെ ഇപ്പോഴും പരസ്യമായി കളിയാക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം നടുവില്‍ കാലും നീട്ടിയിരുന്നാണ് നമ്മളീ ‘ജെന്‍ഡര്‍ ന്യൂട്രല്‍’ ചര്‍ച്ചയില്‍ ഘോര ഘോരം പ്രസംഗിക്കുന്നത്, അതിലൊരു പന്തികേടുണ്ട്.
നമ്മളുടെ സ്കൂളുകള്‍ ‘ജെന്‍ഡര്‍ ന്യൂട്രല്‍’ യൂണിഫോമിട്ട വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണോയെന്ന ചോദ്യമാണ് എന്‍റെ മനസ്സിലുള്ളത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിട്ട കുട്ടികള്‍ ഏത് ക്ലാസ് മുറിയിലേക്കാണ് കേറിച്ചെല്ലുന്നത്? ഏത് തരത്തിലുള്ള അധ്യാപകരാണ് അവരെ പഠിപ്പിക്കുന്നത്? – തുടങ്ങിയ നൂറു കൂട്ടം ആശങ്കകളുണ്ടുള്ളില്‍. സ്കൂളുകളിലേക്ക് പോകേണ്ട, കേരളത്തിലെ ബി.എഡ്.കോളേജുകളിലേക്ക് ഒന്നെത്തി നോക്കിയാല്‍ കാര്യങ്ങള്‍ക്ക് കുറേക്കൂടി വ്യക്തത കിട്ടും. അധ്യാപകവിദ്യാര്‍ത്ഥികളെ ഏത് വിധത്തിലാണ് ഈ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നറിഞ്ഞാല്‍ ചിലപ്പോഴെങ്കിലും ഞെട്ടലുണ്ടായേക്കും. പല സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് സാരി നിര്‍ബന്ധമാണ്.

ഗര്‍ഭിണികളായ വിദ്യാര്‍ത്ഥികളോട് യാതൊരു ദയയുമില്ലാതെ ‘കോഴ്സ് നിര്‍ത്തിപ്പോകൂ’ എന്ന് നിര്‍ബന്ധിക്കുന്നവരുണ്ട് അവിടെ. ഷാളിടാതെ ക്ലാസില്‍ വരരുതെന്ന അലിഖിത നിയമമുണ്ട്. ഈ നിയമത്തെ ചെറിയ തോതിലെങ്കിലും ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പരസ്യമായി നാണം കെടുത്താനും അധ്യാപകര്‍ മടിക്കാറില്ല. ‘അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമല്ല’ എന്ന ഉത്തരവ് വന്നപ്പോള്‍ ബോധം കെട്ടുപോയ അധ്യാപകരുണ്ടവിടെ. നാളെ മുതല്‍ ടീച്ചര്‍മാര്‍ ബിക്കിനിയിട്ടാകും സ്കൂളിലെത്തുകയെന്ന് ന്യായമായും അവര്‍ പേടിച്ചിട്ടുണ്ടാകും.

*വ്യക്തിപരമായത് രാഷ്ട്രീയമാകുമ്പോള്‍*
ഒരു ഗവ.ബി.എഡ്.കോളേജിലാണ് ഞാന്‍ പഠിക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ചകള്‍ ഒരു വശത്ത് ആഘോഷിക്കപ്പെടുമ്പോഴാണ് കോളേജിലെ ഒരു കൂട്ടം അധ്യാപകരില്‍ നിന്നും വസ്ത്രധാരണത്തിന്‍റെയും ക്വിയര്‍ ഐഡന്‍റിറ്റിയുടെയും പേരില്‍ വലിയ തോതിലുള്ള സദാചാര അതിക്രമങ്ങള്‍ എനിക്ക് നേരിടേണ്ടിവന്നത്. ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ആദ്യ സെമസ്റ്ററുകള്‍ മുതല്‍ ക്ലാസ് മുറിയില്‍ വലിയ വീര്‍പ്പുമുട്ടലുകളാണ് അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. ഞാന്‍ മുടി വളര്‍ത്തിയതിനെ കളിയാക്കി ക്ലാസില്‍ സംസാരിച്ച ഒരു അധ്യാപികയെ ഓര്‍ക്കുന്നു. ക്ലാസ്? മുറിയില്‍ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പരാമാര്‍ശങ്ങള്‍ നടത്തിയിരുന്ന അധ്യാപകരുണ്ട്. സ്വവര്‍ഗ്ഗലൈംഗികതയും ജെന്‍ഡര്‍ വൈവിധ്യങ്ങളുമെല്ലാം മാനസിക രോഗമാണെന്നാണ് അവര്‍ നിരന്തരം പറഞ്ഞിരുന്നത്. ഈ ക്ലാസ് മുറിയില്‍നിന്ന് ഞാനും എന്‍റെ സുഹൃത്തും ഇറങ്ങിയോടിയിട്ടുണ്ട്. പിന്നീട് ഈ ക്ലാസുകളില്‍ കയറാതെ കോളജ് ലൈബ്രറിയില്‍ പോയിരുന്നാണ് ഞങ്ങള്‍ പഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇതെല്ലാം സൂചിപ്പിച്ച് ഒരു പരാതി നല്‍കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇതിനെയെല്ലാം വളരെ നിസാരമായി തള്ളിക്കളയുകയാണുണ്ടായത്. ‘ക്ലാസ് മുറിയില്‍ അങ്ങനെ സിലബസിലില്ലാത്ത പലതും അധ്യാപകര്‍ പറയും’ എന്ന അദ്ദേഹത്തിന്‍റെ മറുപടി എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.

എന്‍റെ വസ്ത്രധാരണവും കോളേജിലെ അധ്യാപകരെ ചൊടിപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പരസ്യമായി തന്നെ അധ്യാപകരുടെ മോറല്‍ പൊലീസിങ് എനിക്ക് നേരിടേണ്ടിവന്നു. ഒരു അധ്യാപകന്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് എന്നെ അധിക്ഷേപിച്ചു; ‘നിന്‍റെ തുണിയാരാടാ ഊരിയത്, മര്യാദയ്ക്ക് നാളെ തുണി ഉടുത്ത് വരണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ കോളേജ് പ്രിന്‍സിപ്പലുമായി സംസാരിച്ചെങ്കിലും കോളേജില്‍ യാതൊരു പ്രശ്നവുമില്ല എന്ന മട്ടില്‍ ഏകപക്ഷീയമായാണ് സംസാരിച്ചിരുന്നത്. ‘വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലല്ലോ. ഇനി പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകരോട് സൂചിപ്പിക്കാം’ എന്നും അദ്ദേഹം പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം ആ ചര്‍ച്ച നീണ്ടു. പ്രശ്നങ്ങളെല്ലാം കോളജിനുള്ളില്‍ തന്നെ പരിഹരിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കുകയും പുറമേക്ക് പരാതി നല്‍കരുതെന്ന് പറയുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ നടന്ന ഒരു പൊതുപരിപാടിയില്‍ വെച്ച് പരസ്യമായി വീണ്ടും ഞാന്‍ അധിക്ഷേപിക്കപ്പെടുകയും അധ്യാപകര്‍ അത് നോക്കിനില്‍ക്കുകയും ചെയ്തു. ഇത് എന്നെ മാനസികമായി വളരെ തളര്‍ത്തി. അന്ന് വൈകിട്ടാണ് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് എഴുതിയിടുന്നത്. അധ്യാപകരുടെയും കോളജിന്‍റെയും പേരൊന്നും സൂചിപ്പിക്കാതെയാണ് ആ പോസ്റ്റിട്ടത്. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രശ്നത്തില്‍ ഇടപെടുകയും രമ്യമായി പ്രശ്നം പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് അന്ന് നല്‍കിയ പരാതിയില്‍ ഞാന്‍ എല്ലാ ബി.എഡ്. കോളേജുകളിലും പൊതുവില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നമെന്ന നിലയിലാണ് വിഷയത്തെ അവതരിപ്പിച്ചിരുന്നത്. വ്യക്തികളുടെ പ്രശ്നമായി ഇതിനെയൊന്നും ചുരുക്കിക്കാണാത്തതിനാല്‍ പരാതിയില്‍ അധ്യാപകരുടെ പേരുകളും പരാമര്‍ശിച്ചിരുന്നില്ല.
ഇതിനുശേഷവും അധ്യാപകര്‍ എനിക്കെതിരെ പല പ്രതികാര നടപടികളും സ്വീകരിച്ചിരുന്നു. ഒരു അധ്യാപകന്‍ അങ്ങേയറ്റം മോശമായി എന്നെപ്പറ്റി മറ്റ് വിദ്യാര്‍ഥികളോട് സംസാരിക്കുകയുമുണ്ടായി. ‘ആ വൃത്തികെട്ടവന്‍ കാരണം കോളജിന്‍റെ പേര് നശിച്ചു. അവന്‍റെ പണി ചെറ്റത്തരം എഴുതിയിടിലല്ലേ’ തുടങ്ങി വളരെ മോശമായാണ് അദ്ദേഹം സംസാരിച്ചത്. കോളജിലുണ്ടായ പ്രശ്നങ്ങള്‍ ഇത്ര ചര്‍ച്ചയായിട്ടും വീണ്ടും വീണ്ടും ഇത്ര ഗുരുതരമായ വീഴ്ചകള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എങ്ങനെയാണ്? എങ്ങനെയാണ് എന്‍റെ സ്വസ്ഥമായ വിദ്യാഭ്യാസ അന്തരീക്ഷവും സ്വകാര്യതയുമെല്ലാം നശിപ്പിക്കാന്‍ ഇവര്‍ക്കാകുന്നത്?

*ആദ്യം അധ്യാപകരെ മനുഷ്യരാക്കണം*
വല്ലാത്ത ഫ്യൂഡല്‍ ബോധമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിക്ക അധ്യാപകര്‍ക്കുമുള്ളത്. ഒരാള്‍ക്ക് വേണ്ടി ലോകം മാറണോ-എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നെപ്പോലെയുള്ള മനുഷ്യരൊന്നും പഠിക്കേണ്ടതില്ലെന്ന ധാര്‍ഷ്ട്യമാണ് അവര്‍ക്ക്. മാത്രമല്ല,അധ്യാപനത്തെ മുന്‍നിര്‍ത്തിയുള്ള പലേ സ്റ്റീരിയോടൈപ്പുകളും ഭീകരമായ വിധത്തില്‍ ഇവിടെ വേരോടിയിരിപ്പുണ്ട്. അധ്യാപനം ദൈവവൃത്തിയാണത്രെ,അധ്യാപകന്‍ ദൈവവും. ഈ കെട്ട വ്യവസ്ഥയെ മൊത്തത്തില്‍ ചുമക്കുന്ന പണിയാണ് അവരെടുക്കേണ്ടത്. വിദ്യാര്‍ത്ഥികളുടെ മുടിയും തുണിയുമൊക്കെയാണ് അധ്യാപകരുടെ പ്രധാന വിഷയം.

ഒരു ക്വിയര്‍ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ ഗ്ലോറിഫിക്കേഷനെ ചോദ്യം ചെയ്യാതെ ഒരു തരത്തിലും ഇത്തരം ഇടങ്ങളിലേക്ക് കേറിയിരിക്കാനാകില്ല. കേരളത്തില്‍ അനീറഫാത്തിമയെ പോലൊരു ട്രാന്‍സ് സ്ത്രീയ്ക്ക് ജോലി ചെയ്യാനാകാതെ ദയാഹര്‍ജി കൊടുക്കേണ്ട സ്ഥിതി പോലും വന്നിട്ടുണ്ട്. സ്കൂളുകള്‍ ഞങ്ങളുടെ നേരെ മുഖം തിരിക്കുന്നു. എല്ലാവിധ ക്വാളിഫിക്കേഷനും ഉണ്ടായിട്ടും ഒരു ട്രാന്‍സ് സ്ത്രീയായതിന്‍റെ പേരില്‍ അവര്‍ക്ക് അധ്യാപികയായി ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഇതേ പ്രശ്നമാണ് ഭാവിയില്‍ ഞങ്ങളും നേരിടാന്‍ പോകുന്നത്. അധ്യാപകരെ സെക്ഷ്വാലിറ്റിയുടെ പേരില്‍ പിരിച്ചുവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. അലിഗഡ്ഡ് യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്ന രാമചന്ദ്രസിറസിന് ലൈംഗികതയുടെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്നു. ഹെട്രോസെക്ഷ്വലായ മനുഷ്യര്‍ക്ക് ചുറ്റിലും നിരവധി മാതൃകകളുണ്ട്. ഡോക്ടറായും എഞ്ചിനീയറായും ടീച്ചറായും ചുറ്റിലും അവര്‍ക്ക് ആളുകളുണ്ട്. ക്വിയര്‍ മനുഷ്യര്‍ക്കങ്ങനെ മാതൃകയാക്കാന്‍ പോലും മനുഷ്യരില്ല. ഉള്ളതാകട്ടെ കൊല്ലപ്പെട്ട,ആത്മഹത്യ ചെയ്ത, ജോലി നഷ്ടമായ, ഈ സിസ്റ്റത്തില്‍ നിന്ന് പുറംതള്ളപ്പെട്ട മനുഷ്യരാണ്.

‘അധ്യാപകന്‍/അധ്യാപിക’ എന്ന റോളിനെപ്പറ്റി നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പല തരം സ്റ്റീരിയോടൈപ്പുകളുണ്ട്. അങ്ങേയറ്റം ഡിഹ്യുമനൈസ് ചെയ്യപ്പെട്ട ഒരു വിഭാഗമാണ് അധ്യാപകരെന്ന് പറയാം. അധ്യാപകര്‍ മനുഷ്യരല്ല, അവരുടെ തലയ്ക്ക് ചുറ്റും വെള്ളിവെളിച്ചമുണ്ടെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട്, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ രക്ഷിക്കാന്‍ അധ്യാപകരെ ആദ്യം മനുഷ്യരാക്കേണ്ടതുണ്ട്. ക്ലാസ്സെടുക്കുന്നതില്‍ കവിഞ്ഞ് വിദ്യാര്‍ത്ഥികളുടെ മുടി വളര്‍ന്നിട്ടുണ്ടോ, ഷാളിട്ടിട്ടുണ്ടോ, കാല് മൂടിയിട്ടുണ്ടോ തുടങ്ങിയ ആശങ്കകളുള്ള അധ്യാപകരാണേറെയും. മറ്റൊരു ജോലിയ്ക്കും ഇല്ലാത്ത എന്തോ ഒരു അധികമൂല്യം ഈ പണിയ്ക്കുണ്ടെന്ന നരേറ്റീവാണ് ബി.എഡ്.കോളേജുകളില്‍ മരുന്ന് പോലെ നല്‍കികൊണ്ടിരിക്കുന്നത്. അധ്യാപനത്തെ ചുറ്റിപ്പറ്റിയുള്ള ഈ തരത്തിലുള്ള ഗ്ലോറിഫിക്കേഷനെ പലപ്പോഴായി ക്ലാസ്സ്മുറിയില്‍ തന്നെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അത്തരം ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഗുണപരമായി മനസ്സിലാക്കാനുള്ള സന്നദ്ധതയൊന്നും ക്ലാസ്മുറികള്‍ക്കുണ്ടാകാറില്ല. വാ മൂടിക്കെട്ടി എല്ലാറ്റിനും തലയാട്ടുന്ന വിദ്യാര്‍ത്ഥികളെയാണ് അവര്‍ക്ക് ആവശ്യം. ക്ലാസ്സ്മുറിയില്‍ അധ്യാപകര്‍ എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയാതെ പാവ പോലിരിക്കാന്‍ കുട്ടികളും ശ്രദ്ധിക്കുന്നു. ഇരുപത് വയസ്സ് മുതല്‍ മുപ്പത് കഴിഞ്ഞ ആളുകള്‍ വരെ ഞാനിരിക്കുന്ന ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികളായി ഇരിപ്പുണ്ട്. കോളേജില്‍ എനിക്ക് ഒരു പ്രശ്നം നേരിട്ടപ്പോള്‍ പരസ്യമായി എനിക്കൊപ്പം നില്‍ക്കാനോ, പ്രതികരിക്കാനോ ചുരുക്കം ചിലരാണുണ്ടായിരുന്നത്. ഇന്‍റേണല്‍ മാര്‍ക്കിനെയും മറ്റും പേടിച്ച് മിണ്ടാണ്ടിരുന്നവരാണേറെയും. അവരെ കുറ്റം പറയാനൊന്നും പറ്റില്ല. അത്തരം വിദ്യാര്‍ത്ഥികളെയാണ് നമ്മുടെ സിസ്റ്റത്തിന് വേണ്ടത്.

സോഷ്യല്‍ മീഡയയില്‍ നടക്കുന്ന പൊളിറ്റിക്കല്‍ കറക്ട്നെസ്സ് കോലാഹലങ്ങള്‍ കേട്ട് കേരളം മാറിയെന്ന ഒരു നിഗമനത്തില്‍ നമുക്ക് എളുപ്പം എത്തിച്ചേരാം. അത് താരതമ്യേന എളുപ്പമുള്ള പണിയുമാണ്. യാഥാര്‍ത്ഥ്യം ഈ പൊലിറ്റിക്കലി-കറക്റ്റഡ് സോഷ്യല്‍ മീഡിയ ഉണര്‍വുകള്‍ക്കും എത്രയോ ദൂരെയാണ്. സാമൂഹിക മാറ്റമാണ് നമ്മള്‍ ഭാവന ചെയ്യുന്നതെന്നിരിക്കെ സജീവമായ സമരങ്ങളും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആലോചനകളും സംഘാടനങ്ങളും നമുക്ക് ആവശ്യമാണ്. കുറുക്കുവഴികളിലൂടെ നേടുന്നതൊന്നും ശാശ്വതമല്ലെന്ന തിരിച്ചറിവ് പ്രധാനവുമാണ്. സോഷ്യല്‍ മീഡിയയിലെ പൊളിറ്റിക്കലി കറക്റ്റഡ് മനുഷ്യരല്ല എന്‍റെ ചുറ്റിലുമുള്ളത്,അത്തരം മനുഷ്യര്‍ എന്‍റെ പഞ്ചായത്തില്‍ പോലുമില്ല. അതുകൊണ്ട്, കേരളം മാറിയെന്ന പറച്ചില്‍ നമ്മളുടെ പൊളിറ്റിക്കല്‍ പൊട്ടന്‍ഷ്യലിനെ അപ്പാടെ നിര്‍വീര്യമാക്കിക്കളയുന്നതാണ്. ഇത്തരം കുറുക്കുവഴികള്‍ സാമൂഹികമാറ്റത്തെക്കുറിച്ചുള്ള തീര്‍ത്തും തെറ്റായ ഒരു ധാരണ രൂപപ്പെടുത്തിയെടുക്കാനെ ഉപകരിക്കുകയുള്ളൂ. അതുകൊണ്ട്, കേരളം മാറിയെന്ന് കള്ളം പറയരുത്. വളരെ ആഴത്തില്‍ വേരോടിയിരിക്കുന്ന ഒരു വ്യവസ്ഥയോടാണ് കലഹമെന്നിരിക്കെ കുറുക്കുവഴികളിലൂടെയുള്ള വിമോചനം സാധ്യമേയല്ല.

ആദി
കവി, ക്വിയര്‍ ആക്ടിവിസ്റ്റ്

 

COMMENTS

COMMENT WITH EMAIL: 0