ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഡോക്ടര്‍മാരില്‍ നിന്ന് തുടര്‍ച്ചയായി നേരിടുന്ന വേര്‍തിരിവും അവഗണനയും കാരണം വൈദ്യപരിശോധനകള്‍ക്ക് പോലും പോകാന്‍ മടിക്കുന്ന ദുരവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. കാന്‍സര്‍ പ്രതിരോധത്തിനാവശ്യമായ പരിശോധനകളായ പാപ് ടെസ്റ്റുകള്‍, ട്രാന്‍സ് പുരുഷന്മാര്‍ക്കോ, പ്രൊസ്റ്റേറ്റ് പരിശോധനകള്‍ ട്രാന്‍സ് സ്ത്രീകള്‍ക്കോ നടത്താറില്ല. ട്രാന്‍സ് ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള വലിയ പ്രശ്നമാണിത്. ട്രാന്‍സ് വ്യക്തികളുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ അവര്‍ക്കാവശ്യമായ പല കാര്യങ്ങളും ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ഔദ്യോഗിക രേഖകളില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള ട്രാന്‍സ് പുരുഷന്മാര്‍ക്ക് യൂട്ടെറയ്ന്‍ ഫിബ്രയോഡിന്‍റെ ചികിത്സ നിഷേധിക്കപ്പെടുന്നു. കേരളാ ഗവണ്‍മെന്‍റ് ജെന്‍ഡര്‍ ഉറപ്പിക്കല്‍ ശസ്ത്രക്രിയക്കുള്ള ധനസഹായം തിരിച്ചടവ് രൂപത്തില്‍ നല്‍കുമെങ്കിലും ട്രാന്‍സിഷന് ആവശ്യമായ ഹോര്‍മോണ്‍ തെറാപ്പി പോലുള്ള മറ്റ് ചികിത്സാ നടപടികള്‍ക്കു വേണ്ടിയുള്ള തുടര്‍ ധനസഹായം നല്‍കാറില്ല. ഇത് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
ദേശീയ സര്‍വ്വേ അനുസരിച്ച് 6450 ട്രാന്‍സ് ജെന്‍ഡര്‍ , ജെന്‍ഡര്‍ നോണ്‍ കണ്‍ഫമിങ്ങ് വ്യക്തികളില്‍ 41% പേരും ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്‍റെ കാര്യത്തിലും ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടേണ്ടി വന്ന മെഡിക്കല്‍ അശ്രദ്ധയും ഗാര്‍ഹിക പീഡനങ്ങളും പൊതുവെയുള്ള ട്രാന്‍സ് ഫോബിക്ക് ആക്രമണങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും ആത്മഹത്യാ വര്‍ദ്ധനവിന്‍റെ പ്രധാന കാരണങ്ങളാണ്. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി ആയിരുന്ന അനന്യ കുമാരി അലക്സ് കഴിഞ്ഞ വര്‍ഷമാണ് അവരുടെ ജെന്‍ഡര്‍ ഉറപ്പിക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള അതിഭീകര വേദന കാരണം ആത്മഹത്യ ചെയ്തത്.
ഇരുപത്തെട്ട് വയസ് മാത്രം പ്രായമുള്ള അനന്യക്ക് ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യവും വേദനയും കാരണം അവരുടെ ജോലിയോ ദൈനദിന കാര്യങ്ങള്‍ തന്നെയോ ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായിട്ടുള്ള വൈകാരിക ട്രോമ യാണ് അനന്യയുടെ മരണത്തിനു കാരണം. ഭരണകൂടം ജെന്‍ഡര്‍ ഉറപ്പിക്കല്‍ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കുകയും, അത് നിരീക്ഷിക്കാന്‍ ഒരു എത്തിക്സ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യേണ്ടതാണ്.
മെഡിക്കല്‍ അവഗണനക്ക് പല തലങ്ങളുണ്ട്. ഡോക്ടര്‍മാര്‍ ഞങ്ങളെ വിശദമായി പരിശോധിക്കാറില്ല; പള്‍സ് എടുക്കാന്‍ പോലും ഭയക്കുന്നു; ശരീരിക പരിശോധനയില്ലാതെ തന്നെ മരുന്നുകള്‍ കുറിക്കുന്നു; ഞങ്ങളുടെ ലൈംഗിക അവയവങ്ങളെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചുമുള്ള ഞങ്ങളുടെ സ്വകാര്യതയില്‍ കൈ കടത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു. പ്രത്യേകിച്ച് ചെറിയ ക്ലിനിക്കുകളിലും ഗവണ്‍മെന്‍റ് ആശുപത്രികളിലും വളരെയധികം മുന്‍ വിധികളോടു കൂടിയ പെരുമാറ്റങ്ങളാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. ഇത് എന്‍റേയും എനിക്കറിയാവുന്ന പല ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടേയും അനുഭവങ്ങളാണ്.
കേരളത്തിലെ മിക്ക ഹോസ്പിറ്റലുകളിലും ശസ്ത്രക്രിയകള്‍ നടത്തുന്നത് WPATH മാര്‍ഗ്ഗരേഖകള്‍ പാലിക്കാതെയും ഭീമമായ തുക ഈടാക്കിക്കൊണ്ടുമാണ്. 2019 -ല്‍ നടന്ന ഒരു പഠനം പറയുന്നത് , ജെന്‍ഡര്‍ അഫര്‍മേറ്റിവ് ആരോഗ്യപരിപാലനത്തിനുള്ള ഉപാധികള്‍ കേരളത്തിലെ ഗവണ്‍മെന്‍റ് ആശുപത്രികളില്‍ തീര്‍ത്തും കുറവാണ് എന്നാണ്. ഇക്കാരണത്താല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഒരുത്തരവാദിത്വവുമില്ലാത്ത സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടതായി വരുന്നു. മേല്‍പറഞ്ഞ പഠനം സൂചിപ്പിക്കുന്നത് ജെന്‍ഡര്‍ ഉറപ്പിക്കല്‍ ശസ്ത്രക്രിയകളും അതിനെ തുടര്‍ന്നുള്ള മെഡിക്കല്‍ പ്രക്രിയകളും ജീവന്‍രക്ഷാ ഉപാധികളായല്ല മറിച്ച് ആഢംബരമായിട്ടാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളത് എന്നാണ്.
പൈലറ്റ് പരിശീലനത്തിനായി ഞാന്‍ വൈദ്യപരിശോധനക്ക് വിധേയനായപ്പോള്‍ വ്യക്തിപരമായി എനിക്ക് മെഡിക്കല്‍ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ മാനസിക രോഗിയല്ലെന്നു സ്ഥിരീകരിക്കുന്ന ചികിത്സയില്‍ നിന്ന് എനിക്ക് സങ്കീര്‍ണ്ണതകളൊന്നും അനുഭവപ്പെടുന്നില്ല എന്ന് സ്വയം തെളിയിക്കാന്‍ നിര്‍ബന്ധിതമായ ഒരു സാഹചര്യത്തിലൂടെ ഞാന്‍ കടന്നുപോയി. ഒരു ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി ആയി ജീവിക്കുന്നത് ചികിത്സയില്ലാത്ത, നിരന്തരമായ രോഗാവസ്ഥ പോലെയാണ് സമൂഹം നോക്കിക്കാണുന്നത് എന്നത് കൊണ്ടു തന്നെ വീണ്ടും വീണ്ടും സ്വയം ‘പ്രൂവ്’ ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. സിസ് – മനുഷ്യര്‍ അനുഭവിക്കേണ്ടാത്ത ശാരീരികവും മാനസികവുമായ ഇത്തരം ചോദ്യങ്ങളും പരീക്ഷണങ്ങളും ഞങ്ങള്‍ നിരന്തരം അനുഭവിക്കേണ്ടതായി വരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകാരോഗ്യ സംഘടന ‘ജെന്‍ഡര്‍ ഇന്‍കോണ്‍ഗ്രുവന്‍സ്’ ഒരു രോഗമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച് പൊതു സമൂഹത്തിന് വ്യക്തമായ അറിവോ ധാരണയോ ഇല്ല. അവര്‍ എന്നെ ഇന്ത്യന്‍ ഏവിയേഷനിലെ ആദ്യത്തെ ട്രാന്‍സ് വ്യക്തി എന്നു വിളിക്കുമ്പോഴും എനിക്കാവശ്യമുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നില്ല. അവര്‍ക്ക് വേണ്ട മാര്‍ഗ്ഗരേഖകള്‍ ഇല്ല എന്ന വാദം കള്ളമാണ്. മാത്രമല്ല ഇക്കാരണത്താല്‍ എന്‍റെ സ്വകാര്യതയെ മാനിക്കാതെ എന്നെ നിരന്തരമായി ചോദ്യം ചെയ്യലുകള്‍ക്കും ശാരീരിക പരിശോധനകള്‍ക്കും വിധേയമാക്കുന്നത് ഒട്ടും തന്നെ ശരിയല്ല. എന്‍റെ മെഡിക്കല്‍ രേഖകളില്‍ ഏവിയേഷന്‍ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെയില്ല.
എന്‍റെ ശാരീരിക അഭിമാനത്തിന്‍റേയും അന്തസ്സിന്‍റേയും അവകാശങ്ങള്‍ എവിടെ ? ട്രാന്‍സ് വ്യക്തികളുമായി യാതൊരുവിധ മുന്‍പരിചയവുമില്ലാത്ത ഒരു കൂട്ടം ആള്‍ക്കാര്‍ എന്‍റെ വിധിയെഴുതുന്നത് തികഞ്ഞ അനീതിയല്ലേ ?
ട്രാന്‍സ് വ്യക്തികളെ രോഗവത്കരിച്ചും അനാവശ്യമായി മെഡിക്കല്‍ കാവല്‍ക്കാരായി ചമഞ്ഞും അവര്‍ ഞങ്ങളെ വീണ്ടും അടിച്ചമര്‍ത്തുകയാണ്. എല്ലാ മെഡിക്കല്‍ പരിശോധനകളിലും ഞാന്‍ ക്ഷമതയുള്ളയാളാണെന്ന് തെളിയിച്ചിട്ടും എനിക്കവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നു മാത്രമല്ല പൈലറ്റ് ട്രെയിനിങ്ങിന് അത്യന്താപേക്ഷിതമായ ഫ്ളൈയിങ്ങ് പരിശീലനത്തില്‍ നിന്ന് ഞാന്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഒരേ ഒരു കാരണത്താല്‍ എന്നെ അവര്‍ മാറ്റി നിര്‍ത്തി. WHO ICD 11 അനുസരിച്ച് ‘ജെന്‍ഡര്‍ ഇന്‍കോണ്‍ഗ്രുവെന്‍സി’നെ നിര്‍വ്വചിക്കുന്നത് ജനിക്കുമ്പോള്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള സെക്സും ഒരു വ്യക്തിയുടെ അനുഭവത്താലുള്ള ജെന്‍ഡറും തമ്മിലുള്ള വ്യത്യാസം എന്ന രീതിയിലാണ്. ഇതില്‍ വ്യക്തമായിത്തന്നെ ‘ജെന്‍ഡര്‍ ഇന്‍കോണ്‍ഗ്രുവെന്‍സ്’ ഒരു രോഗമല്ല എന്ന് പ്രതിപാദിച്ചിട്ടുണ്ട്. ലൈംഗിക ആരോഗ്യത്തെ സംബന്ധിച്ച അദ്ധ്യായത്തിലാണ് ജെന്‍ഡര്‍ ഇന്‍കോണ്‍ഗ്രുവെന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ഇതു മാത്രമല്ല, കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മെഡിക്കല്‍ രംഗത്തുള്ള ലിംഗവിവേചനങ്ങള്‍ തടയാന്‍ മെഡിക്കല്‍ കരിക്കുലത്തില്‍ ജെന്‍ഡര്‍ വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം എന്ന് കേന്ദ്രഗവണ്‍മെന്‍റിനോട് ശുപാര്‍ശ ചെയ്തിരുന്നു. കൗതുകമെന്നു പറയട്ടെ, ഇന്ത്യന്‍ ഗവണ്‍മെന്‍റ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചിന് ഇതേ കാര്യങ്ങള്‍ തന്നെ നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. പക്ഷേ, നാളിതുവരെ മഹാരാഷ്ട്രയിലല്ലാതെ മറ്റൊരു ഇന്ത്യന്‍ മെഡിക്കല്‍ കരിക്കുലത്തിലും ജെന്‍ഡര്‍ സമത്വത്തെക്കുറിച്ചുള്ള ഒരദ്ധ്യായം പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. മെഡിക്കല്‍ കരിക്കുലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ശരീരിക-മാനസിക കാര്യങ്ങളെക്കുറിച്ചും , ചികിത്സയെക്കുറിച്ചും , അവര്‍ നേരിടുന്ന പ്രത്യേക അവസ്ഥകളെ കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഞങ്ങള്‍ മെഡിക്കല്‍ രംഗത്ത് അനുഭവിക്കുന്ന ഒരു പാട് വിവേചനങ്ങള്‍ക്ക് അറുതി വരും. എല്‍.ജി.ബി.റ്റി. കമ്മ്യൂണിറ്റിക്ക് ആരോഗ്യ സംരക്ഷണ രംഗത്ത് തുല്യത ഉറപ്പാക്കാന്‍ വേണ്ടി ആന്‍റി ഡിസ്ക്രിമിനേഷന്‍ പോളിസി രൂപീകരിക്കേണ്ടത് അനിവാര്യമാണ്.
മെഡിക്കല്‍ അശ്രദ്ധ മാത്രമല്ല കേരളത്തിലെ പല ആശുപത്രികളിലും കണ്‍വെര്‍ഷന്‍ തെറാപ്പിയും നടക്കുന്നുണ്ട്. 2015 ല്‍ സാമൂഹ്യ നീതി വകുപ്പ് നടത്തിയ സര്‍വ്വേ പ്രകാരം കേരളത്തില്‍ 25000 – ഓളം ട്രാന്‍സ്ജെന്‍ഡര്‍ – ഇന്‍റര്‍ സെക്സ് വ്യക്തികള്‍ ഉണ്ട് . ഇരുപത്തഞ്ച് വയസ് കഴിഞ്ഞിട്ടും സ്വന്തം സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ കുടുംബത്തോടോ സമൂഹത്തോടോ തുറന്നു പറയാന്‍ കഴിയാത്ത നിരവധി എല്‍.ജി.ബി.റ്റി. ക്യു.ഐ.എ. പ്ലസ് വ്യക്തികള്‍ ഉള്ള നാടാണ് നമ്മുടേത്. സ്വന്തം സ്വത്വം മറച്ചുവെക്കാന്‍ നിര്‍ബന്ധിതരാകുന്ന ഇവര്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കും വൈകാരിക പീഡനങ്ങള്‍ക്കും നിരന്തരം ഇരയാക്കപ്പെടുന്നു. വിവാഹപ്രായമെന്ന സാങ്കല്‍പിക കടമ്പയെത്തുമ്പോള്‍ ജെന്‍ഡര്‍ ബൈനറിക്കുള്ളില്‍ ഇവരെ തളച്ചിടാനുള്ള സാധ്യത കൂടുന്നു. സ്വന്തം സ്വത്വം വെളിപ്പെടുത്തുന്ന പല ക്വിയര്‍ വ്യക്തികളും കൗണ്‍സെലിങ്ങ്, റിട്രീറ്റ് എന്നീ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന കണ്‍വെര്‍ഷന്‍ തെറാപ്പികള്‍ക്ക് വിധേയരാക്കപ്പെടുന്നു. ഇന്ത്യയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള നിയമവിരുദ്ധ തെറാപ്പികള്‍ നടക്കുന്നുണ്ട്. ഞാന്‍ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്ന് വെളിപ്പെടുത്തിയ സമയത്ത് എന്നെയും പല കണ്‍വെര്‍ഷന്‍ തെറാപ്പികള്‍ക്കും കൊണ്ടുപോകുകയും അവിടെ നിന്നൊക്കെ അസഹനീയമായ ശാരീരിക-മാനസിക പീഡനങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്.
ഇരുപത്തൊന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന അഞ്ജന എന്ന ക്വിയര്‍ ആയ എന്‍റെ സുഹൃത്തിനെ അവളുടെ സ്വത്വത്തെ അംഗീകരിക്കാത്ത കുടുംബം ഒരു കണ്‍വെര്‍ഷന്‍ തെറാപ്പി സ്ഥാപനത്തില്‍ കൊണ്ടുപോയാക്കുകയുണ്ടായി. അവിടെ അവളുടെ സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ ‘മാറ്റാനുള്ള’ ഭീകരമായ ശാരീരിക-മാനസിക പീഡനങ്ങളും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും താങ്ങാനാവാതെ അവള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടതായി വന്നു.
ഒരു വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്‍റേഷനെ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ള അക്രമപരവും ആഘാതകരവും വൈകാരികമായി തളര്‍ത്തുന്ന തരത്തിലുമുള്ള രീതികളാണ് കണ്‍വെര്‍ഷന്‍ തെറാപ്പിയില്‍ ഉള്‍പ്പെടുന്നത്. ഇത്തരം തെറാപ്പികളുടെ ഭാഗമായി മതപരമായ ഉപദേശം, ഹോര്‍മോണ്‍ ചികിത്സകള്‍, ഇലക്ട്രോ – കണ്‍വള്‍സിവ് ചികിത്സ എന്നീ രീതികളും പിന്തുടരുന്നുണ്ട്. ലോകമെമ്പാടുമുള്ള മാനസികാരോഗ്യ സ്ഥാപനങ്ങള്‍ ഇത്തരം രീതികളെ അപലപിച്ചിട്ടുണ്ട്. കണ്‍വെര്‍ഷന്‍ തെറാപ്പിക്ക് യാതൊരു ശാസ്ത്രീയാടിസ്ഥാനവും ഇല്ല എന്നു മാത്രമല്ല, സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ അങ്ങനെ മാറ്റാന്‍ കഴിയുന്ന കാര്യവുമല്ല.
ഗാര്‍ഹിക പീഡനം
ക്വിയര്‍ വ്യക്തികള്‍ തങ്ങളുടെ ജെന്‍ഡര്‍ സ്വത്വം അവരുടെ കുടുംബങ്ങളോട് വെളിപ്പെടുത്തുമ്പോള്‍ മിക്കവാറും മാതാപിതാക്കള്‍ തന്നെ ഇവരെ ഗാര്‍ഹിക പീഡനത്തിന് ഇരകളാക്കുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ പോലും ഈ അവസ്ഥക്കൊരു വ്യത്യാസവുമുണ്ടാകുന്നില്ല എന്നു മാത്രമല്ല, പോലീസുകാരുടെ അനുഭാവം മിക്കപ്പോഴും മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും. ക്വിയര്‍ വ്യക്തികള്‍ മാതാപിതാക്കളില്‍ നിന്നനുഭവിക്കുന്ന ശാരീരിക പീഡനങ്ങള്‍ ഗാര്‍ഹിക പീഡനമായി കരുതപ്പെടുന്നില്ല; അതു കൊണ്ടു തന്നെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുമില്ല. തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളില്‍ നിന്ന് ക്വിയര്‍ വ്യക്തികളെ അകറ്റുകയും അവരെ ശാരീരികമായി മുറിപ്പെടുത്തുന്നതു വഴി അവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും ചെയ്യന്നതാണ് മാതാപിതാക്കളുടെ മറ്റൊരു തന്ത്രം. ഉദാഹരണത്തിന് സ്പോര്‍ട്സില്‍ വളരെ മിടുക്കിയായിരുന്ന എന്‍റെ ഒരു ക്വിയര്‍ സുഹൃത്തിന്‍റെ കാല്‍ അവളുടെ മാതാപിതാക്കള്‍ തന്നെ തല്ലിയൊടിച്ചു. ആസിഡ് ആക്രമണ ഭീഷണി വരെ മാതാപിതാക്കളില്‍ നിന്ന് നേരിടേണ്ടിവന്ന ആളുകള്‍ ക്വിയര്‍കമ്മ്യൂണിറ്റിയില്‍ ഉണ്ട്. ക്വിയര്‍ ആക്ടിവിസ്റ്റുകളോ സംഘടനകളോ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ മാതാപിതാക്കളും പോലീസും ഒരുപോലെ സര്‍വൈവേഴ്സിനെ മാനസികമായി ബ്ലാക്ക് മെയ്ല്‍ ചെയ്യുന്നു. സ്വന്തം ജെന്‍ഡര്‍ സ്വത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടുന്ന ഇവര്‍ക്ക് ഈ ഗാര്‍ഹിക പീഡനാനുഭവങ്ങള്‍ താങ്ങാനാവാത്ത വലിയ ഭാരമാണ്. ക്വിയര്‍ വ്യക്തികളെ കുടുംബങ്ങളില്‍ നിന്ന് പുറത്താക്കുന്ന രീതിയും കേരളത്തിലുണ്ട്. ഇങ്ങനെ പുറത്താക്കപ്പെടുന്നവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നുള്ളത് എല്‍.ജി.ബി.റ്റി. ക്യു.ഐ.എ. പ്ലസ് സംഘടനകളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. കേരള സര്‍ക്കാര്‍ പിന്തുണയോടു കൂടിയ അഞ്ച് സേഫ്റ്റി ഹോമുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരള സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ സേഫ്റ്റി ഹോമുകള്‍ നടത്തിയിരുന്നു . ട്രാന്‍സ് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഒരു ഷെല്‍റ്റര്‍ ഹോം തിരുവനന്തപുരത്തും ട്രാന്‍സ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളത് എറണാകുളത്തും മതസ്ഥാപനങ്ങള്‍ക്ക് കീഴില്‍ നടക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലുള്ള ട്രാന്‍സ്ഫോബിക്ക് – ബൈ ഫോബിക് ഹോമോഫോബിക് വ്യവഹാരങ്ങള്‍ കാരണം കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ഇവിടങ്ങളില്‍ പോകാന്‍ മടിയാണ്.
ആഴത്തിലുള്ള ഹോമോഫോബിക് – ട്രാന്‍സ്ഫോബിക് നിലപാടുകളും നിയമ പരിരക്ഷയിലുള്ള കുറവും ക്വിയര്‍ സമൂഹത്തെ വീണ്ടും പാര്‍ശ്വവത്കരിക്കുന്നു. കേരളത്തില്‍ സുരക്ഷിതമായ ഇടങ്ങളും ക്യൂര്‍ സൗഹൃദ ഷെല്‍റ്റര്‍ ഹോമുകളും നിര്‍മ്മിക്കുന്നതിനോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ ക്വിയര്‍ ഇന്‍ക്ലൂസിവ് ആയ നയങ്ങളിലൂടേയും കുടുംബങ്ങള്‍ക്കായുള്ള കൗണ്‍സലിങ്ങ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടേയും മാത്രമേ ക്വിയര്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് ഒരു പോംവഴി കണ്ടെത്താനാവൂ.
COMMENTS