Homeചർച്ചാവിഷയം

കേരള രാഷ്ട്രീയവും ദളിത് സ്ത്രീ പ്രാതിനിധ്യവും

ജാതി, മതം, ലിംഗം, ഭാഷ എന്നിവ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവേചനങ്ങള്‍ക്കുമെതിരായി വിഭാവനം ചെയ്തിരിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ഭരണഘടനയിലെ ആറ് മൗലിക അവകാശങ്ങളില്‍ ഒന്നായ തുല്യതക്കുള്ള അവകാശം. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന് എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും വിവേചനരഹിതമായ പ്രാതിനിധ്യം രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നത് യാഥാര്‍ത്യമാണ്. ജനസംഖ്യയിലും വോട്ടര്‍മാരിലും സ്ത്രീകള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള (1084: 1000) കേരളത്തിന്‍റെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. രാഷ്ട്രീയ സംഹിതകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റ് പ്രസ്ഥാനങ്ങള്‍ക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികകള്‍ തെളിയിക്കുന്നത്. വനിതാ മതില്‍, രാത്രി നടത്തം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയ സ്ത്രീപക്ഷ നടപടികള്‍ കൈകൊണ്ടുകൊണ്ട് സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുമെന്ന് അവകാശപ്പെട്ട എല്‍ഡിഎഫിന് പോലും 14ല്‍ കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള ലിംഗസമത്വമൊന്നും കൈവരിച്ചിട്ടില്ലെന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത് മുതല്‍ തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന വിമര്‍ശനമാണ്. എന്നാല്‍, എല്‍ഡിഎഫ് സ്വീകരിച്ച അതേ നിലപാട് തന്നെയാണ് മറ്റ് പ്രധാന മുന്നണികളായ യുഡിഎഫും ബിജെപിയും സ്വീകരിച്ചത്. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ലതികാ സുഭാഷ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്യുന്നതോടെയാണ് നടക്കാന്‍ പോകുന്ന 15ാമത് കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യങ്ങളെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇത്തവണ തുടക്കം കുറിക്കുന്നത്. പിറകെ അതുവരെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാതിരുന്ന ബിജെപിയുടെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായ ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയായതും.

1931 മുതല്‍ തന്നെ നിയമനിര്‍മാണ സഭയിലെ സ്ത്രീ മെമ്പര്‍മാരും സ്ത്രീകളുടെ പ്രതിനിധികളും സ്ത്രീക്ക് പൊതുസ്ഥാപനങ്ങളിലും സേവനങ്ങളിലും മാന്യമായ പ്രാതിനിധ്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം, 1957 മുതല്‍ 2004 വരെ കെ. ആര്‍ ഗൗരിയമ്മ മാത്രമായിരുന്നു കേരള മന്ത്രിസഭയിലെ സ്ത്രീ പ്രതിനിധിയായി ഉണ്ടായിരുന്നത്. നാളിത് വരെയാകട്ടെ 8 സ്ത്രീകള്‍ മാത്രമാണ് മന്ത്രി കസേരയിലെത്തിയിട്ടുള്ളത്. 13 മറ്റ് സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടും നാളിത് വരെ ഒരു വനിതാ മുഖ്യമന്ത്രി പോലും കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നതും ഇവിടെ രാഷ്ട്രീയത്തില്‍ ശക്തമായി തുടരുന്ന പുരുഷാധിപത്യത്തെ വ്യക്തമാക്കുന്നതാണ്. നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍, ഈ ലോക്സഭയില്‍ കേരളത്തെ പ്രതിനിധീകരിക്കാന്‍ ഒരേയൊരു സ്ത്രീ മാത്രമേ (5%) ഉണ്ടായിട്ടുള്ളൂ (രമ്യ ഹരിദാസ്- ആലത്തൂര്‍). രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് സ്ത്രീ മെമ്പര്‍മാരില്ല. നാളിത് വരെ കേരളത്തെ പ്രതിനിധീകരിച്ച് രാജ്യസഭയില്‍ എത്തിയിട്ടുള്ളത് മൂന്ന് സ്ത്രീകളാണ്.(ദേവകി ഗോപദാസ്, ലീല ദാമോദര മേനോന്‍, ടി.എന്‍ സീമ) നിയമസഭയില്‍ ഇപ്പോഴുള്ളതാകെട്ട ഒമ്പത് സ്ത്രീകളും.(6.48%). അധികാര രാഷ്ട്രീയത്തിലേക്ക് സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കാനായി വ്യക്തമായ നിയമങ്ങളും സംവരണവും ആവശ്യമാണ്. എന്നാല്‍ സ്ത്രീകളില്‍ തന്നെ പിന്നോക്കം നില്‍ക്കുന്ന ദളിത്-ആദിവാസി-മുക്കുവ സ്ത്രീകളുടെയും ലിംഗത്വ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും ലഭ്യമാക്കേണ്ടതുണ്ട്. കാരണം, രാഷ്ട്രീയ പാരമ്പര്യമുള്ള, സവര്‍ണ, സമ്പന്ന ചുറ്റുപാടില്‍ നിന്നുമുള്ള സ്ത്രീകള്‍ക്ക് കേരളത്തില്‍ അധികാര രാഷ്ട്രീയത്തില്‍ എത്താന്‍ മറ്റ് ജാതിയിലും സാമ്പത്തിക പരിസരത്തും നിന്നുമുള്ള സ്ത്രീകളെക്കാള്‍ സാധ്യത കൂടുതലാണെന്ന് തന്നെയാണ് ഇതുവരെയുള്ള രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിധ്യങ്ങള്‍ വ്യക്തമാക്കുന്നത്. സാമൂഹ്യ നവോത്ഥാന കാലഘട്ടങ്ങള്‍ മുതല്‍ തന്നെ ദളിത്-ആദിവാസി-മുക്കുവ സ്ത്രീകളുടെ സാന്നിധ്യം കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ നിലനിന്നിരുന്നു. സാമൂഹ്യഘടനയും അധികാരശ്രേണിയും കീഴാള സ്ത്രീകളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ കൈകൊണ്ട് മനുഷ്യാവകാശ സമരങ്ങളില്‍ പങ്കെടുത്ത ഒട്ടനവധി ദളിത് സ്ത്രീകളെ ചരിത്രത്തില്‍ കാണാനാകും. മാറ് മറയ്ക്കല്‍ സമരം, കല്ലുമാല സമരം തുടങ്ങി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നടത്തിയ ജന്മി വിരുദ്ധ സമരങ്ങളില്‍ വരെ ശക്തമായ ദളിത് ആദിവാസി മുക്കുവ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാല്‍ ഈ സ്ത്രീകള്‍ക്ക് വേണ്ട വിധത്തിലുള്ള അധികാര സ്ഥാനമാനങ്ങളോ അംഗീകാരങ്ങളോ ലഭ്യമാക്കിയിട്ടില്ല.

ഇന്ത്യയുടെ ഭരണഘടന നിര്‍മാണ സമിതിയിലെ ഏക ദളിത് വനിതയായ ദാക്ഷായണി വേലായുധന് കേരളം നല്‍കിയ സ്ഥാനം എന്തായിരുന്നുവെന്നത് തന്നെയാണ് കേരളം ഇവിടുത്തെ ദളിത് സ്ത്രീകളോട് എന്തുചെയ്തുവെന്ന് മനസിലാകാന്‍. ദാക്ഷായണി വേലായുധനെ പോലൊരു ശക്തയായ സ്ത്രീയുടെ ബുദ്ധിയോ, പ്രവര്‍ത്തി പരിചയമോ ഉപയോഗപ്പെടുത്താന്‍ പോലും കേരളം തയാറായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയാലും അനുഭവ സമ്പത്ത് നേടിയാലും ഇത് പോലുള്ള ഒഴിവാക്കലുകള്‍ ദളിത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണിത്. അതായത് ദളിത് സ്ത്രീകള്‍ അവരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്ക അവസ്ഥകളെ അതിജീവിച്ച് വിജയം കൈവരിച്ചാലും ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കല്‍ സിസ്റ്റത്തിലെ പുരുഷന്മാരും അതിലേക്ക് കണ്ടീഷന്‍ഡ് ആയ സ്ത്രീകളും ദളിത് സ്ത്രീയുടെ കഴിവുകളെ അംഗീകരിക്കാന്‍ മടി കാണിക്കുന്നവരാണ്. കേരളം രൂപികൃതമായതിന് ശേഷമുള്ള രാഷ്ട്രീയ അധികാര വിഭവത്തിന്‍റെ ഗുണഭോക്താക്കളാകാന്‍ എത്ര ദളിത് ആദിവാസി മുക്കുവ സ്ത്രീകള്‍ക്ക് കഴിഞ്ഞുവെന്ന് പരിശോധിച്ചാല്‍ മാത്രം മതിയാകും കേരള രാഷ്ട്രീയത്തില്‍ നിന്നും പുറന്തള്ളപ്പെട്ട സ്ത്രീ വിഭാഗങ്ങളേതെന്ന് മനസിലാക്കാന്‍.

നിലവിലെ സ്ത്രീ പ്രാതിനിധ്യത്തിന്‍റെ കണക്കുകള്‍ എടുത്താല്‍, രാജ്യസഭയില്‍ ഉള്ള ഒമ്പത് സ്ത്രീകളില്‍ രണ്ട് പേര്‍ മാത്രമാണ് പട്ടിക ജാതി/പട്ടിക വകുപ്പില്‍ നിന്നുള്ളവര്‍ ( സികെ. ആശ, ഗീത ഗോപി). എസ്.സി എസ്ടി റിസര്‍വേഷന്‍ സീറ്റില്‍ നിന്നാണ് ഇവര്‍ രാജ്യസഭയിലേക്ക് എത്തിയത്. 1971ല്‍ ഭാര്‍ഗവി തങ്കപ്പന് ശേഷം പാര്‍ലമെന്‍റ് അംഗമാകുന്ന രണ്ടാമത്തെ ദളിത് സ്ത്രീയാണ് രമ്യ ഹരിദാസ്. കേരളത്തില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഏക മന്ത്രി പി.കെ ജയലക്ഷ്മി ആയിരുന്നു. 2021 ല്‍ നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷനിലെ സ്ഥാനാര്‍ത്ഥി പട്ടിക നമുക്ക് പരിശോധിക്കാം. എസ്.സി എസ്ടി സംവരണ സീറ്റുകളില്‍ മൂന്ന് പ്രധാന രാഷ്ട്രീയമുന്നണികളില്‍ നിന്നുമായി ആകെ പതിമൂന്ന് സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. രാഷ്ട്രീയവത്കരിക്കപ്പെട്ട ദളിത് സ്ത്രീകള്‍ക്ക് സംവരണ സീറ്റുകളില്‍ പോലും അര്‍ഹമായ സ്ഥാനം ലഭ്യമാക്കാന്‍ ഇവിടുത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദളിത് സ്ത്രീകള്‍ ജനറല്‍ സീറ്റില്‍ നിന്ന് മല്‍സരിക്കുന്ന കാലം സമീപകാലത്തൊന്നും സ്വപ്നങ്ങളില്‍ പോലും നടക്കുന്ന ഒന്നല്ല. ഒരുപക്ഷേ നിലവില്‍ ജനറല്‍ സീറ്റില്‍ നിന്ന് മത്സരിക്കുന്ന ഒരേയൊരു ദളിത്സ്ത്രീ ഭാഗ്യവതി മാത്രമായിരിക്കും. കേരളത്തിലെ ഒരു ദളിത് അമ്മക്ക് നീതി കിട്ടാനായി എന്തൊക്കെ ചെയ്യേണ്ടി വരുമെന്നതിന്‍റെ നേര്‍ക്കാഴ്ചയായി വേണം ഭാഗ്യവതിയുടെ സമരങ്ങള്‍ നോക്കിക്കാണാന്‍. ഒരുപക്ഷേ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധീരമായ രാഷ്ട്രീയമാണ് ഭാഗ്യവതിയുടെ സ്ഥാനാര്‍ത്ഥിത്വം.

കേരളത്തില്‍ ആദിവാസി ഭൂമി അവകാശങ്ങള്‍ക്ക് വേണ്ടി നിരവധി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ട് സജീവരാഷ്ട്രീയത്തിലേക്ക് നടന്നു കയറിയ സികെ ജാനു ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുണ്ട്. ഇത് ചെറുതല്ലാത്ത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പക്ഷേ ഇവിടുത്തെ ഇടത് വലതുപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഇന്നുവരെ സി കെ ജാനു എന്ന ആദിവാസി സ്ത്രീയോടും അവരുള്‍പ്പെടുന്ന ആദിവാസി സമൂഹത്തോടും കാണിച്ച അനീതികള്‍ക്ക് ഉത്തരമുണ്ടായോ എന്ന ചോദ്യം നിലനിര്‍ത്തികൊണ്ട് വിമര്‍ശനം ഉയര്‍ത്തുന്നതില്‍ ശരികേടുണ്ട്. സി.കെ ജാനു മാത്രമല്ല, നീതിക്കും അവകാശങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമൊക്കെയായി കേരളത്തില്‍ നിരന്തരം സമരത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഗോമതിയക്ക, ഗീത, ബിന്ദു തങ്കം കല്യാണി, വിജയരാജ മല്ലിക തുടങ്ങി ഒരു വലിയ നിര സ്ത്രീകളുടെ സമരങ്ങള്‍, അവര്‍ ഇടപെടുന്ന വിഷയങ്ങളുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ ഇവിടുത്തെ രാഷ്ട്രീയതലതൊട്ടപ്പന്മാര്‍ വളരേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള രാഷ്ട്രീയപരമായ വളര്‍ച്ചയോടൊപ്പം നിയമനിര്‍മാണം, സംവരണം പോലുള്ള ബോധപൂര്‍വവും നിര്‍ബന്ധിതവുമായ ശ്രമങ്ങളിലൂടെ വേണം പുരുഷാധിപത്യത്തിന്‍റെ നേരിട്ടുള്ള ഇരകളായ ദളിത്-ആദിവാസി-മുക്കുവ സ്ത്രീകളുടെയും ലിംഗത്വ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മാന്യമായ പ്രാതിനിധ്യവും പങ്കാളിത്തവും നടപ്പിലാക്കാന്‍.

 

 

 

 

 

ആരതി എം. ആര്‍.
സ്വതന്ത്ര ഗവേഷക, വിസ്കോണ്‍സിന്‍ മാഡിസണ്‍, റിസര്‍ച്ച് അസിസ്റ്റന്‍റ്

COMMENTS

COMMENT WITH EMAIL: 0