രാഷ്ട്രീയത്തിലെ സ്ത്രീയുടെ ഇടമെന്നത് തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റിന്റെയും, വിജയത്തിന്റെയും, കിട്ടാവുന്ന പദവികളുടെയും മാദ്ധ്യമശ്രദ്ധയുടെയും സാമൂഹ്യമാധ്യമങ്ങളിലെ ഫോളോവേഴ്സിന്റെയും അടിസ്ഥാനത്തില്‍ നിര്ണ്ണയിക്കപ്പെടൂകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത്, ഡോ. ആര്. ബിന്ദുവിനു ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ മാസങ്ങളോ, വര്‍ഷങ്ങള്‍ തന്നെയോ എടുക്കും.
പക്ഷെ, ഡോ. ആര്. ബിന്ദുവെന്ന രാഷ്ട്രീയപ്രവര്‍ത്തകയെ സംബന്ധിച്ച് ഈ പദവികളും അതിനെത്തുടര്‍ന്നു വരാവുന്ന മാധ്യമശ്രദ്ധയുമെല്ലാം, പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന നിരന്തരമായ പൊതുപ്രവര്ത്തനജീവിതത്തിന്റെ തുടര്‍ച്ച മാത്രമാണു. ഡോ. ബിന്ദുവിനെ സംബന്ധിച്ചു മാത്രമല്ല, രാഷ്ട്രീയരംഗത്തുള്ള ഒട്ടുമിക്ക സ്ത്രീകളെ സംബന്ധിച്ചും ഇതാണു യാഥാര്‍ത്ഥ്യം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രം പൊതുരംഗപ്രവേശനം നടത്തുന്നവര്‍ ഇല്ലെന്നില്ല. പക്ഷെ, രാഷ്ട്രീയം ജീവിതവഴിയായി തെരഞ്ഞെടുത്ത സ്ത്രീകളുടെ കാര്യമാണു.
ഡോ. ബിന്ദുവിനെ സംബന്ധിച്ച് രാഷ്ട്രീയജീവിതമെന്നത് വീട്ടില്‍ നിന്നു തന്നെ ആരംഭിച്ച ഒന്നായിരുന്നു. 1950-കളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാളുകള്‍ മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇരിങ്ങാലക്കുട സ്വദേശി എന്‍. രാധാകൃഷ്ണനെന്ന അദ്ധ്യാപകനെ സംബന്ധിച്ച്, മകള്‍ക്ക് രാഷ്ട്രീയപാഠങ്ങള്‍ ചൊല്ലിക്കൊടുക്കലും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടീയിലെ പിളര്‍പ്പിനു ശേഷം സി പി എമ്മില്‍ നിലയുറപ്പിച്ച രാധാകൃഷ്ണന് മാഷ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്സിലറുമൊക്കെയായി. രാധാകൃഷ്ണന് മാഷുടെ രാഷ്ട്രീയപ്രവര്‍ത്തനം പക്ഷെ, പ്രാദേശീകതലത്തില്‍ ഒതുങ്ങി നിന്നു.
ഡോ. ആര്. ബിന്ദുവിനെക്കുറിച്ചുള്ള എന്തു കുറിപ്പും എന്നെ സംബന്ധിച്ച് വ്യക്തിപരമാവാതെ തരമില്ല. ഒരുമിച്ചു പഠിച്ച്, ഒരുമിച്ചു വളര്‍ന്ന സുഹൃത്തുക്കളും സഖാക്കളുമായിരുന്നു എന്റെ അച്ഛന് കെ. വി. രാമനാഥനും, രാധാകൃഷ്ണന് മാഷും. ഒരേ സ്കൂളില്‍ അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും ആയിരുന്ന അവര്‍ പാര്‍ട്ടി പിളര്‍പ്പിനു ശേഷം പക്ഷെ, രണ്ടു ചേരികളിലായെന്നു മാത്രം. അത് സൗഹൃദത്തിനെയൊട്ട് ബാധിച്ചുമില്ല.
സ്കൂള്‍ കാലഘട്ടത്തില്‍ എന്റെ മാത്രമല്ല, ഇരിങ്ങാലക്കുടയിലെ ഞങ്ങളുടെ തലമുറയിലെ സകല പെണ്‍കുട്ടികളുടെയും ആരാധനാപാത്രമായിരുന്നു ബിന്ദു. മൂന്ന് ക്ലാസ് താഴെയായിരുന്ന എന്നെ സംബന്ധിച്ച് പെര്‍ഫെക്റ്റ് റോള്‍ മോഡല്‍. അമ്മ ശാന്ത ടീച്ചറുടെ നാടായ കൊടുങ്ങല്ലൂരില്‍ നിന്ന് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളില്‍ ബിന്ദുവെത്തുന്നത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. ആ വര്‍ഷവും, അതിനടുത്ത വര്‍ഷവും സ്കൂള്‍ ലീഡര്‍. ഇരിങ്ങാലക്കുടയില്‍ മുന്തിയവരുടെ പെണ് മക്കളൊക്കെ അന്ന് പഠിച്ചിരുന്നത് ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റിലായിരുന്നു. പച്ചപ്പാവാടയും വെള്ള ബ്ലൗസുമിട്ട്, പച്ച റിബ്ബണ്‍ കൊണ്ട് മുട മെടഞ്ഞിട്ട് കെട്ടിപ്പോയിരുന്ന കോണ്‍വെന്റ് വിദ്യാര്‍ത്ഥിനികള്‍ക്ക് കടും നീലപ്പാവാടയിട്ട് മുടി തോന്നിയപോലെ കെട്ടി നടന്നിരുന്ന ഞങ്ങള്‍ ‘ഗേള്സ്കൂളുകാരെ’ അത്യാവശ്യം പുച്ഛമായിരുന്നു. ഗവ. ഗേള്‍സ് സ്കൂള്‍ നില്ക്കുന്ന പ്രദേശമായ ‘ചെട്ടിപ്പറമ്പ്’ എന്ന സ്ഥലപ്പേരു ചേര്‍ത്താണു ഞങ്ങളുടെ സ്കൂളിനെ പരിഷ്കാരികള്‍ പുച്ഛിച്ചിരുന്നത്. ‘ചെട്ടിപ്പറമ്പുകാര്’ എല്ലായ്പോഴും പഠനത്തിലും എസ് എസ് എല്‍ സി റിസള്‍ട്ടിലും, യുവജനോത്സവസ്കോറിലുമെല്ലാം രണ്ടടി പുറകില്‍ നിന്നു. മക്കളെ സര്‍ക്കാര്‍ സ്കൂളില്‍, മലയാളം മീഡിയത്തില്‍ തന്നെ പഠിപ്പിക്കുമെന്ന് വാശി പിടിച്ചിരുന്ന എന്റെ അച്ഛനെയും രാധാകൃഷ്ണന് മാഷെയും പോലുള്ള അദ്ധ്യാപകര്‍ മാത്രമേ തങ്ങളുടെ മക്കളെ അന്ന് സര്‍ക്കാര്‍ സ്കൂളിലേക്ക് വിടാറുള്ളൂ. പൊതുവെ, പഠനത്തില്‍ വളരെ പിന്നോക്കമായ, ഏറ്റവും ദരിദ്രമായ വീടുകളില്‍ നിന്നു വരുന്നവരായിരുന്നു ഞങ്ങളുടെ സഹപാഠികളധികവും. പരുക്കന്‍ നീലക്കോട്ടണ് പാവാടയും വെള്ള ബ്ലൗസും എല്ലാ സാമ്പത്തികാവസ്ഥകളെയും ഒന്നാക്കി. വഴിയിലൂടെ പോകുമ്പോള്‍, ‘ദേ ചെട്ടിപ്പറമ്പുകാര്..’ എന്ന പുച്ഛവാക്കുകള്‍ ഞങ്ങളൊക്കെ കേള്‍ക്കുന്നുണ്ടായിരുന്നു. എന്റെ അമ്മയും ‘ചെട്ടിപ്പറമ്പിലെ’ ഫിസിക്സ് ടീച്ചറായിരുന്നു. ബിന്ദുവിന്റെ അമ്മ ശാന്ത ടീച്ചര്‍ നടവരമ്പ് സ്കൂളിലെ കെമിസ്ട്രി ടീച്ചറും. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്ത്ഥിനികളാണെന്നതില് ഞങ്ങള്‍ അഭിമാനിക്കുകയാണു വേണ്ടതെന്ന പാഠവും അച്ഛനമ്മമാര്‍ ചെറൂപ്പത്തിലേ പഠിപ്പിച്ചിരുന്നതു കൊണ്ട് പരിഹാസങ്ങള്‍ ഞങ്ങളെയൊന്നും ബാധിച്ചതുമില്ല.
രാധാകൃഷ്ണന് മാഷുടെ മകള്‍ ആര്. ബിന്ദുവെന്ന ബിന്ദ്വേച്ചി സ്കൂള്‍ ലീഡറായതോടെ ‘ചെട്ടിപ്പറമ്പുകാരായ’ ഞങ്ങള്‍ക്ക് ശരിക്കും അഭിമാനിക്കാനുള്ള എന്തൊക്കെയോ കൈവന്നുവെന്ന് കുട്ടികള്‍ക്കൊക്കെ തോന്നാന്‍ തുടങ്ങി. അത്രക്കും താരമായിരുന്നു ബിന്ദുവന്ന്. പ്രസംഗം, കഥാരചന, കവിതാരചന, ഉപന്യാസം, കഥകളി എല്ലാറ്റിനും ഒന്നാം സമ്മാനം. ആ വര്‍ഷം, ചരിത്രത്തിലാദ്യമായി ഞങ്ങളുടെ സ്കൂള്‍ ഉപജില്ലാ കലോത്സവത്തിനു ഓവറോള്‍ ട്രോഫി നേടി. അന്നത്തെ എന്റെയൊപ്പം ഉയരമുള്ള ആ കൂറ്റന്‍ ട്രോഫി രാത്രി വൈകിയ വേളയില്‍ കലോത്സവവേദിയായിരുന്ന ഗവ. ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ഏറ്റു വാങ്ങി കൊണ്ടു വന്നത് എന്റെ വീട്ടിലേക്കായിരുന്നു. പിറ്റേന്ന് ബിന്ദുവിന്റെ നേതൃത്വത്തില്‍ ചെട്ടിപ്പറമ്പുകാര് ആഹ്ലാദപ്രകടനം നടത്തി. ഗേള്‍സിനു പിന്നെയും കിട്ടി ട്രോഫികള്‍. അത്ലറ്റിക്സ് മത്സരത്തില്‍ ഓവറോള്‍ ട്രോഫിയും ഞങ്ങളുടെ സ്കൂളിലെത്തി.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ‘ചെട്ടിപ്പറമ്പുകാര്’ എന്ന് കളിയാക്കപ്പെട്ടിരുന്ന ആ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് ആ ട്രോഫികള്‍ നല്കിയ അഭിമാനം ചില്ലറയായിരുന്നില്ല എന്ന് മനസ്സിലാവുന്നു. അതിലേക്ക് ഞങ്ങളെ നയിച്ചത് എന്നും തലയുയര്‍ത്തിപ്പിടിച്ച്, രണ്ടു കൈയും വീശി ഇരിങ്ങാലക്കുട നടയിലൂടെ ഒരു പറ്റം പെണ്‍കുട്ടികളെ നയിച്ചു കൊണ്ട് സ്കൂളിലേക്ക് പോകാറുള്ള ബിന്ദുവെന്ന കുട്ടീയും.
അന്നേ തുടങ്ങിയതാണു ആര്. ബിന്ദുവിന്റെ രാഷ്ട്രീയപ്രവര്‍ത്തനം. സെന്റ്. ജോസഫ്സ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴും അത് തുടര്‍ന്നു. ആദ്യം ഫൈനാട്സ് സെക്രട്ടറിയും, പിന്നെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറും, പുറകെ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സിണ്ടിക്കേറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി ബിന്ദു തെരഞ്ഞെടുക്കപ്പെടുന്നത് തികച്ചും പ്രതികൂലമായ രാഷ്ട്രീയാന്തരീക്ഷത്തിലാണു. കേരളത്തിലെ കരുണാകര ഭരണകാലത്താണു സര്‍ക്കാര്‍ പ്രതിനിധികളുടെ വോട്ടുകള്‍ പോലും നേടി മോശമല്ലാത്ത ഭൂരിപക്ഷത്തില്‍ ബിന്ദു ജയിക്കുന്നത്. ടി. എന്‍. ജയചന്ദ്രനായിരുന്നു അന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍.
സിണ്ടിക്കേറ്റ് അംഗമായിരുന്നതു കൊണ്ട് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ തന്നെ എം. എം ഇംഗ്ലീഷിനു ചേര്‍ന്ന ബിന്ദു, അവിടന്നു പോയത് ന്യൂഡല്‍ഹിയില്‍ ജെ. എന്‍. യുവിലേക്കാണു. എം. ഫില്‍ ചെയ്യാന്‍. ജെ. എന്‍. യു എന്നൊക്കെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കേട്ടു തുടങ്ങുക മാത്രം ചെയ്തിരുന്ന കാലത്തായിരുന്നു ബിന്ദു അവിടന്ന് എം. ഫില്‍ ചെയ്തത്.
എം. ഫില്‍ കഴിഞ്ഞ സമയത്താണു എ വിജയരാഘവനുമായുള്ള വിവാഹം. സംഘടനാപ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടിയിലെ സഖാക്കളെ വിവാഹം കഴിച്ച്, അരങ്ങത്തു നിന്നും അടുക്കളയിലേക്ക് പരിപൂര്‍ണ്ണമായി പിന്‍വാങ്ങല്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളിലെ വനിതാ പ്രവര്‍ത്തകരെ സംബന്ധിച്ച് ഏറെ സാധാരണമാണല്ലോ. ഉദാഹരണങ്ങള്‍ ഏറെയാണു. ഭര്‍ത്താവിന്റെ രാഷ്ട്രീയജീവിതത്തിനു കഞ്ഞിയും കറിയും വെച്ചു കൊടുക്കുന്നതും ഒരു രാഷ്ട്രീയപ്രവര്ത്തനമാണല്ലോ എന്ന് ആശ്വസിക്കുന്നവര്‍ കുറച്ചൊന്നുമല്ല. ബിന്ദുവിന്റെ രാഷ്ട്രീയജീവിതം പക്ഷെ, വിവാഹത്തോടെ അസ്തമിച്ചില്ല. കേരളവര്‍മ്മ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ച ശേഷം, അദ്ധ്യാപകസംഘടനയില്‍ മാത്രമല്ല, ജനാധിപത്യ മഹിളാ അസോസിയേഷന്റെയും, സി പി എമ്മിന്റെയും സജീവപ്രവര്‍ത്തകയായി ബിന്ദു രാഷ്ട്രീയജീവിതം തുടര്‍ന്നു. തൃശൂരിന്റെ ആദ്യത്തെ വനിതാ മേയറായി. തൃശൂരില്‍ നടന്ന ഒരുപാട് സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായിരുന്നു ബിന്ദു അതിനു മുമ്പേ തന്നെ. പലപ്പോഴും ചെറിയ മകനെയും കൊണ്ടാണു ബിന്ദു സമരവേദികളിലും സമ്മേളനവേദികളിലുമൊക്കെ എത്താറുള്ളത്. മകന് ഇന്ന് അഭിഭാഷകനാണു. കഴിഞ്ഞ വര്‍ഷം, ലോക്ക് ഡൗണ്‍ തുടങ്ങിയ സമയത്ത് ബിന്ദു മകന്റെ ഫോട്ടോയുടെ കൂടെ ഇങ്ങനെ ഫേസ് ബുക്കില്‍ കുറിച്ചു: “കൊറോണ ലോക്ക് ഔട്ട് ദിനങ്ങളില്‍ സാമൂഹ്യമായ ഉത്കണ്ഠകള്ക്കപ്പുറം വ്യക്തിപരമായി സന്തോഷിക്കുന്ന ഒരാള്‍ – ഒരു മാസമായി അച്ഛനെയും അമ്മയെയും ഒരുമിച്ച് വീട്ടില്‍ കാണാന്‍ കഴിയുന്നതിലുള്ള ആഹ്ലാദമാണു അവനു…. കുറെ കാലമായി അവനു പരാതികളാണു…. അവന്റെയുള്ളിലെ അഭാവങ്ങളുടെ നീറ്റലുകള്‍ ചില നേരങ്ങളില്‍ തിരതള്ളി പുറത്ത് വരാറുണ്ട്…..അന്തഃസംഘര്‍ഷങ്ങളുടെ കാര്‍മേഘങ്ങള്‍ കോരിക്കെട്ടി പെയ്യുന്ന പെരുമഴക്കാലങ്ങള്‍…… ഇപ്പോള്‍, നാളെ ലോകത്തിന്റെ തന്നെ ജീവിതം എന്തായി തീരും എന്ന സമസ്യ അമ്പരിപ്പിക്കുമ്പോഴും, കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഉടയോനായി ക്ഷുബ്ധയൗവ്വനം……. ഉല്ലാസവാനായ ഒരു കുട്ടിയില്‍ നിന്ന് കൗമാരക്കാരന്റെ സ്വത്വപ്രതിസന്ധികളിലൂടെ യുവാവിന്റെ താമ്പോരിമയിലേക്കുള്ള അശ്വവേഗങ്ങള്‍ കൗതുകത്തോടെ, അവിശ്വസനീയതയോടെ ഞാന്‍ നോക്കി നില്ക്കുന്നു…
മകനു കൂട്ടിരിക്കാന്‍ വേണ്ടി സ്വജീവിതം ഹോമിക്കാന്‍ തയ്യാറാവാതിരുന്ന ഒരമ്മയുടെ വാക്കുകള്‍….. ആ തെരഞ്ഞെടുപ്പില്‍ ഒട്ടും പശ്ചാത്താപമില്ലാത്ത അമ്മയും, പരാതിയുണ്ടെങ്കിലും പരിഭവമില്ലാത്ത മകനും.
ജെ. എന്‍. യുവില്‍ നിന്ന് തുടങ്ങി വച്ച് മുടങ്ങിപ്പോയ പി. എച്ച്. ഡി ബിന്ദു മുഴുവനാക്കുന്നത് കഴിഞ്ഞ വര്‍ഷമാണു. കാലിക്കറ്റ് യൂണീവേഴ്സിറ്റിയില്‍ നിന്ന് വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റും കവിയും പത്രപ്രവര്‍ത്തകയുമായ ആന്‍ജെലാ കാര്‍ട്ടറിന്റെ കൃതികളെ മുന്‍ നിര്‍ത്തി, സാഹിത്യത്തിലെ ലിംഗപദവി ബന്ധങ്ങളെക്കുറിച്ചായിരുന്നു ബിന്ദുവിന്റെ ഗവേഷണപ്രബന്ധം. തിയേറ്റര്‍ പഠനങ്ങളും സാഹിത്യ സിദ്ധാന്തങ്ങളുമാണു ഇഷ്ട വിഷയങ്ങള്‍.
ഈ യാത്രയിലൂടെയാണു ബിന്ദു അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വീണ്ടും ഇരിങ്ങാലക്കുടയിലെത്തുന്നത്. ഇരിങ്ങാലക്കുടക്കാരെ സംബന്ധിച്ചിടത്തോളം അത് പഴയ് ബിന്ദുവിന്റെ തിരിച്ചു വരവായിരുന്നു. ആദ്യമായിട്ടെന്നു തന്നെ പറയാം, ഇരിങ്ങാലക്കുടക്കാരിയായ ഒരു ജനപ്രതിനിധിയെ ഇരിങ്ങാലക്കുടക്കു കിട്ടി. നാട്ടിലെ ആദ്യത്തെ വനിതാ എം. എല്‍. എയും ഏറെ പരിചിതമായ മേഖല തന്നെയാണു ബിന്ദുവിനു കിട്ടിയിരിക്കുന്ന പോര്‍ട് ഫോളിയോ. വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ സര്‍വ്വകലാശാലയുടെ ഭരണനിര്‍വ്വഹണവുമായി അടുത്തിടപഴകിയ പരിചയം, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ ബിന്ദുവിനെ സഹായിക്കുമെന്നുറപ്പാണു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികള്‍ ചെറുതൊന്നുമല്ല. കാതലായ അഴിച്ചുപണികളും ഉടച്ചുവാര്‍ക്കലുകളും വേണ്ടി വന്നേക്കും. ആ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നതിലാണു ഡോ. ആര്. ബിന്ദുവെന്ന ഭരണാധിപയുടെ കാര്യക്ഷമതയെ ലോകം വിലയിരുത്താന്‍ പോകുന്നത്.
രേണു രാംനാഥ്
പത്രപ്രവര്‍ത്തക, നാടക കലാപ്രവര്‍ത്തക
COMMENTS