ലേയ പള്ളിപ്പറമ്പിൽ, തെക്കുംഭാഗം എറണാകുളം പള്ളി, 1950, courtesy: Poomala (പൂമാല) Elias collection
പലതരത്തില്‍ ഇസ്ലാം മതത്തോടു സാമ്യമുള്ള പിതൃദായക്രമം പിന്തുടരുന്ന വിഭാഗമാണ് യഹൂദമതം. മതപരമായ ബന്ധങ്ങള്‍ കിട്ടുന്നത് അമ്മയിലൂടെയാണ് എന്ന ഒരേയൊരു വ്യത്യാസമേയുള്ളു. ഗാര്ഹികസാമൂഹിക ജീവിതം പൂര്‍ണ്ണമായും നടത്തിക്കൊണ്ടു പോകുന്നത് പുരുഷന്മാര് മാത്രമാണ്. പഴയ കാലത്ത് സ്വത്തിന്മേലുള്ള പാരമ്പര്യാവകാശം ആണ്മക്കള്ക്ക് മാത്രമായിരുന്നു. ഏതായാലും മഹ്മൂദ് കൂരിയ ചൂണ്ടിക്കാണിക്കും പോലെ മാതൃദായവ്യവസ്ഥയ്ക്ക് പല രൂപങ്ങളുണ്ടെന്നും പിതൃദായവ്യവസ്ഥയോട് പലതരത്തില്‍ ചേര്‍ന്നു നിലല്ക്കാനും സഹവര്ത്തിയ്ക്കാനും കഴിവുറ്റതാണ് അതെന്നും ഉറപ്പാണ് (എം. കൂരിയ, ‘മാട്രിലിനീയല് നെഗോഷിയേഷന് വിത്ത് ഇസ്ലാം’, ഇന്റര്‍നാഷണല്‍ ഫെമിനിസ്റ്റ് ജേര്‍ണല്‍ ഓഫ് ദി പൊളിറ്റിക്സ്, 23 നം. 2 (2021), 192197). കൂരിയയുടെ ഗവേഷണങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിലെ യഹൂദന്മാരുടെ ചരിത്രം, ഇന്ത്യാസമുദ്ര മാതൃദായ സമുദായങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പഠിക്കാന്‍ ഞാനൊരുമ്പെട്ടത്.
കേരളത്തിലെ യഹൂദചരിത്രത്തെ നാം നോക്കിക്കാണുന്ന രീതിയ്ക്ക് സമൂലമായ ഒരു മാറ്റം ഈ വിഷയത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഉണ്ടാകേണ്ടതുണ്ട്. ചില ചരിത്രകാര്‍ കുറിയ്ക്കുന്നത് ജൂത അഭയാര്‍ത്ഥി തരംഗം 70 കോമണ്‍ ഇറയില് ജറുസലേമില്‍നിന്നും 1492-ല്‍ സ്പെയിനില്‍ നിന്നുമുള്ള പലായനങ്ങളിലൂടെയാണെന്നാണ്. പക്ഷേ, അത്തരം അനുമാനങ്ങള്‍ ചരിത്രത്തെയല്ല മറിച്ച് ഇതിഹാസങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ടവയാണ്. ഇതിനുപകരം തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത് പരിശോധിച്ചാല്‍ വിവിധ കാലഘട്ടങ്ങളില്‍ കച്ചവടത്തിനുള്ള അവസരങ്ങള്‍ തിരഞ്ഞ് യഹൂദവ്യാപാരികള്‍ മലബാര്‍ തീരത്ത് എത്തിച്ചേര്‍ന്നതായി കണ്ടെത്താനാണ് കഴിഞ്ഞിട്ടുള്ളത്. മിക്കപ്പോഴും അവര്‍ മുസ്ലിം വ്യാപാരികളുടെ ഒപ്പമാണ് വന്നിട്ടുള്ളത്. മലബാറില്‍ ജൂതരുടെ പ്രഥമ സാന്നിദ്ധ്യം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് കൊല്ലം തരിസാപ്പള്ളി ചെമ്പുതകിടുകളിലാണ് (849 സി.ഇ). കൊല്ലത്ത് ഒരു വ്യാപാരക്കരാര്‍ നിര്‍മ്മിക്കുന്നതില്‍ നാല് പേര്‍ഷ്യന്‍ യഹൂദ വ്യാപാരികള്‍ അറബികളുമായും പേര്‍ഷ്യക്കാരുമായും കൈകോര്‍ത്തിരുന്നു. അവരുടെ പേരുകള്‍ ഹിബ്രു ലിപിയില്‍ മുദ്രണങ്ങളില്‍ കൊത്തിവെച്ചിട്ടുണ്ട് (എം.ആര്. രാഘവവാരിയര്‍, കേശവന് വെളുത്താട്ട്, തരിസാപ്പള്ളി പട്ടയം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2013). തുടര്‍ന്നു വന്ന നൂറ്റാണ്ടുകളില്‍ അധിനിവേശത്തിന് മുന്‍പുള്ള ഇന്ത്യാസമുദ്ര വിപണന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ നഗരങ്ങളിലൊന്നായി മാറി കൊല്ലം. ഈ നാല് യഹൂദ വ്യാപാരികള്‍ ഒരു പക്ഷേ പേര്‍ഷ്യയിലേയ്ക്ക് മടങ്ങിയിട്ടുണ്ടാകാം. രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രമാണ് മലബാര്‍ തീരത്തേക്ക് യാത്ര ചെയ്ത യഹൂദ വ്യാപാരികളെക്കുറിച്ചുള്ള തെളിവുകള്‍ വീണ്ടും ലഭിയ്ക്കുന്നത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും ലെവാന്റില്‍ നിന്നും യെമനില്‍ നിന്നുമുള്ള അറബി-യഹൂദ വ്യാപാരികളായിരുന്നു അവര്‍. പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ ജൂഡോ-അറബിക് വ്യാപാരക്കത്തുകളിലൂടെ ആശയവിനിമയം നടത്തിയവരായിരുന്നു അവര്‍. ഇവരുടെ വ്യാപാരരേഖകള്‍ കെയ്റോവിലെ ഒരു ജൂതപ്പള്ളിയിലെ കൈയ്യെഴുത്തു പ്രതികള്‍ സൂക്ഷിയ്ക്കുന്ന ഗെനീസ എന്നു വിളിയ്ക്കുന്ന മുറിയില്‍ സുരക്ഷിതമായി ഇരിപ്പുണ്ട്. (എസ്.ഡി. ഗോടൈന് ആന്റ്വ എം.എ. ഫ്രൈഡ്മാന്, ഇന്ത്യാ ട്രേഡേഴ്സ് ഓഫ് ദ മിഡില്‍ ഏജസ് : ഡോക്യുമെന്റ് ഫ്രം ദ കെയ്റോ ഗെനീസ ‘ഇന്ത്യാ ബുക്’, ലീഡെന്‍: ബ്രില്‍ 2008).
ഈ കാലഘട്ടത്തിന്റെ അടുത്തിടകളില് ജൂതര്‍ ക്രമേണ ഇവിടെ വാസമുറപ്പിയ്ക്കാനാരംഭിച്ചു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിനു മുന്‍പായി ഇവിടെ സ്ഥിരതാമസമാക്കിയ ജൂതരെക്കുറിച്ച് രേഖകളൊന്നും തന്നെ ഇല്ല. എങ്കിലും അറബി ജൂതരും പ്രാദേശികമായ വിവിധ ജാതികളില്‍പെട്ടവരും തമ്മിലുള്ള ബന്ധങ്ങള്‍ ഉറവെടുത്തതിന് തെളിവ് നിര്‍ദ്ദേശിക്കുന്ന അവലംബിയ്ക്കാവുന്ന രേഖകളുണ്ട്. പ്രശസ്തനായ ജൂതവ്യാപാരി അബ്രഹാം ബെന്‍ യിജുവിന് തന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന ഒരു നായരുടെ സഹോദരിയില്‍ കുഞ്ഞുങ്ങളുണ്ടായിരുന്നു. കെയ്റോ ഗെനീസയില് ബെന്‍ യിജു ബാക്കിയാക്കിയ രേഖകള്‍ വായിച്ചാല്‍ അദ്ദേഹത്തിന്റെ അളിയനായ നായര്‍, ജൂഡോ-അറബിക് രീതിയില്‍ ‘ദാബട്ടന്’ എന്നറിയപ്പെട്ടിരുന്ന ധര്മ്മടത്തുകാരനായിരുന്നിരിക്കാനാണ് സാദ്ധ്യത. ആ നായര്‍ ബിസിനസ്സുകാരനും അദ്ദേഹത്തിന്റെ സഹോദരിയും ഒരു തുടര്‍ മരുമക്കത്തായ തറവാടിന്റെ ഭാഗങ്ങളും ആയിരുന്നിരിയക്കാം.പല ലേഖനങ്ങളിലും അബ്രഹാം ബെന്‍ യിജുവിന്റെ ജീവചരിത്രം പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (എലിസബത്ത് ലംബോണ്, അബ്രഹാംസ് ലഗേജ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 2018). അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മലയാളത്തില്‍ ‘ആശു’ എന്നും ഹീബ്രുവില്‍ ‘ബെറാഖാ’ എന്നുമായിരുന്നു. മലബാര്‍ തീരത്തെത്തിക്കഴിഞ്ഞ് ഒട്ടും താമസമില്ലാതെ, 1132 ഒക്ടോബര്‍ 17-ാം തീയതി തയ്യാറാക്കിയ ഒരു അടിമ വിടുതല്‍ ഉടമ്പടി (ഡീഡ് ഓഫ് മാനുമിഷന്) കണ്ടെത്താനായിട്ടുണ്ട്. അതില്‍ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത് ആശുവിനെ ഒരു അടിമപ്പെണ്കുട്ടിയായി യജമാനത്തിയുടെ കൈയില്‍നിന്നും വാങ്ങി, മതപരിവര്‍ത്തനം നടത്തി അവളെ ഭാര്യയാക്കി എന്നാണ്. പക്ഷേ തന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന നായരുടെ സഹോദരിയെ എങ്ങനെ അടിമയായി അദ്ദേഹം വാങ്ങി? ഈ സമസ്യയ്ക്ക് ഒരുപാട് നിര്‍ദ്ധാരണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവയില്‍ സുവ്യക്തവും വിശ്വസനീയവുമായത് ഒന്നേയുള്ളു. കഥകള്‍ ബെന്‍ യിജു കെട്ടിച്ചമച്ചവയാണ്. ആശുവില് ജനിച്ച കുഞ്ഞുങ്ങളുടെ ജൂതവംശത്വം നിയമാനുസൃതമാക്കാനുള്ള ഒരു രേഖ നിര്‍മ്മിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അല്ലെങ്കില്‍ സ്വത്തുക്കള്‍ ഏദനിലെ യെമനി ജൂതസഭ കണ്ടുകെട്ടുക തന്നെ ചെയ്യുമായിരുന്നു. ജൂത പിന്തുടര്ച്ചാ നിയമം അത്തരത്തിലായിരുന്നു. പിന്തുടര്ച്ചാവകാശികള് ജൂതരെന്ന് തെളിയിക്കാനായില്ലെങ്കില്‍ സ്വത്തുക്കള്‍ സ്വാഭാവികമായും ജൂതസഭയിലേക്ക് പോകും (ഒ. ഗംലിയേല്‍, ‘ആശു ദ കണ്‍വെര്‍ട്ട് : എ സ്ലേവ് ഗേള്‍ ഓര് നായര്‍ ലാന്റ് ഓണര്‍?’ എന്ടാങ്കള്ഡ് റിലീജിയന്‍സ് 6, 2018). യഥാര്‍ത്ഥത്തില്‍ യിജു ആദ്യമായി ചെയ്ത ഒരു ചെപ്പടിവിദ്യയൊന്നുമായിരുന്നില്ല ഇത്. കെയ്റോ ഗെനീസയില് ജൂത മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെക്കുറിച്ച് പഠിയ്ക്കുന്ന പണ്ഡിതനായ മോഷെ യാഗുര്‍ വിവരിയ്ക്കുന്നത്, ജൂതരല്ലാത്ത സ്ത്രീകളുമായുണ്ടായിരുന്ന പ്രേമബന്ധങ്ങളെ സാധൂകരിക്കാന്‍, നിയമാനുസൃതമാക്കാനുള്ള ‘അതിവേഗ’ മതപരിവര്‍ത്തനത്തിനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു ‘സാങ്കല്പിക അടിമത്തം’ എന്നാണ്. (മോഷെ യാഗുര്‍, ‘റിലീജിയസ് ഐഡന്റിറ്റി ആന്റ്കമ്മ്യൂണല് ബൗണ്ടറീസ് ഇന്‍ ഗെനീസ സൊസൈറ്റി (ടെന്‍ന്ത്-തേര്‍ട്ടീ സെന്ച്വറീസ്) : പ്രൊസെലിറ്റ്സ്, സ്ലേവ്സ്, അപ്പോസ്തലേറ്റ്സ്’, പിഎച്ച്ഡി ., ഹിബ്രു യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം (2017), 115). അനന്തരാവകാശത്തെ ചുറ്റിപ്പറ്റിയുള്ള ഗെനീസ രേഖകളിലെ നിയമവ്യവഹാരങ്ങള്‍ ഒരു ചോദ്യം ആവര്ത്തിലച്ചുയര്ത്തുന്നു. മതപരിവര്ത്തിതയായ അമ്മ തന്റെ അടിമസ്ഥിതിയില് നിന്നും മോചിതയാക്കപ്പെടുന്നത് ജൂത കാമുകന്റെ/ഭര്‍ത്താവിന്റെ/യജമാനന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് ശേഷമോ അതിന് മുമ്പോ?
പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തിനടുത്തായി കെയ്റോ ഗെനീസയില് നിന്നും ഇന്ത്യന്‍ ജൂതവ്യാപാരികള്‍ അപ്രത്യക്ഷരാകുകയാണ്. എന്തായാലും ജൂതരും മലബാര്‍ തീരവുമായുള്ള സമ്പര്‍ക്കവും ഒരു പക്ഷേ, പ്രാദേശിക സ്ത്രീകളുമായുള്ള മിശ്രവിവാഹങ്ങളും തുടര്‍ന്നിരിക്കണം. രേഖകളോ തെളിവുകളോ ഒന്നുംതന്നെ അവശേഷിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ വടക്കന്‍, മദ്ധ്യ ഭാഗങ്ങളില്‍ നിരവധി ജൂത കുടുംബങ്ങള്‍ ഉരുത്തിരിഞ്ഞിരിക്കാനും സാദ്ധ്യതകള്‍ ഏറെയാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ 1269-ല്‍ ചേന്ദമംഗലത്തുനിന്ന് കണ്ടെടുത്ത സാറാ ബാത് ഇസ്രായേല്‍ (മതപരിവര്ത്തിതയാകാനാണിട) എന്ന ഒരു പേര് ഹീബ്രുവില്‍ കൊത്തിവെച്ച ഒരു ശവക്കല്ലറ ഇതിനുള്ള ഒരു തെളിവായിട്ടെടുക്കാം. ശവമടക്കിന് കുറച്ചു ഭൂമിയും അതില്‍ പേര് കൊത്തിവെയ്ക്കാനുമെല്ലാമുള്ള ചെലവ് വഹിക്കാനാവുന്നിടത്തോളം ധനസ്ഥിതിയുമുണ്ടായിരുന്നവരായിരിക്കണം അവരുടെ മക്കള്‍ക്ക് 137 വര്‍ഷം മുമ്പുണ്ടായിരുന്ന ആശുവിനെപ്പോലെ ഈ മതപരിവര്‍ത്തിത സ്ത്രീയും ഭൂവുടമകളായിരുന്ന ഏതോ തറവാട്ടിലെ അംഗമായിരുന്നിരിക്കണം. സാങ്കല്പിക അടിമത്തം എന്ന അതിവേഗ മതപരിവര്‍ത്തന പ്രക്രിയയിലൂടെയാകാം ഈ സ്ത്രീയും ജൂതമതക്കാരിയായത്.
അധിനിവേശത്തിന് മുന്‍പുള്ള കാലത്ത് അടിമത്തം എന്നത് അയിത്തത്തിന്റെയോ വംശത്തിന്റെയോ ഒന്നും പ്രശ്നമായിരുന്നില്ലെന്ന് വായനക്കാര്‍ ഏതായാലും ദയവായി ഓര്‍ക്കുക. അടിമകളും സ്വതന്ത്രവ്യക്തികളും തമ്മിലുള്ള വ്യത്യാസം തീരുമാനിക്കപ്പെട്ടിരുന്നത് ഭൂവുടമാവകാശം അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നു. പ്രത്യേകിച്ചും (ജൂതര്‍ അവിഭാജ്യഘടകമായിരുന്ന) ഇസ്ലാമിക ലോകത്തില്‍ അടിമത്തം എന്നത് ഒരു താല്‍ക്കാലിക സ്ഥിതി മാത്രമായിരുന്നു. കാലക്രമത്തില്‍ പല അടിമകളും മോചിപ്പിക്കപ്പെടുകയും അവരുടെ യജമാനരുടെ അനന്തരാവകാശികളായി മാറുകയും ചെയ്തിട്ടുണ്ട്. ഈജിപ്തിലെ മാംലുക് സാമ്രാജ്യത്തിലെപ്പോലെ (1250-1517) ഇസ്ലാമിക ലോകത്തിലെ അടിമകളില്‍ ചിലര്‍ രാജാക്കന്മാര് വരെ ആയിത്തീര്‍ന്നിരുന്നു. മുസ്ലീങ്ങളെപ്പോലെ തന്നെ ജൂതരും അടിമകളെ മതപരിവര്‍ത്തനം ചെയ്യിക്കുകയും അവരെ സമുദായത്തിലേക്കും കുടുംബത്തിലേക്കും സ്വീകരിക്കുകയും ചെയ്തു. ഇന്ത്യാ മഹാസമുദ്രത്തിന്റെ തീരപ്രദേശങ്ങളില്‍ മുസ്ലീങ്ങളെയും ജൂതരെയും തങ്ങളുടെ സമുദായങ്ങളെയും വ്യാപാരശൃംഖലകളെയും സ്ഥാപിക്കാനും വിപുലീകരിക്കാനും ഇത് സഹായിച്ചിട്ടുമുണ്ടാകാം. ജൂത ഹലാഖാ എന്ന നിയമവ്യവസ്ഥ മതപരിവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കിയിരുന്നു എന്നതാണ് ജൂത, മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. എങ്ങനെയായാലും അധിനിവേശ പൂര്‍വ്വം കേരളത്തില്‍ ജൂത, മുസ്ലിം വ്യാപാരികള്‍ ഭൂവുടമകളാകാനും കച്ചവടം പോഷിപ്പിക്കാനും സ്വാധീനവും ധാരാളം ഭൂമിയുള്ള കുടുംബങ്ങളില്‍ നിന്നും മിശ്രവിവാഹം ചെയ്തിരിയ്ക്കാനുമുള്ള സാദ്ധ്യതകള്‍ ഏറെയുണ്ട്. മലബാറില്‍ ഭൂവുടമസ്ഥാവകാശത്തിന്റെയും ഭരണാധികാരത്തിന്റെയും പ്രാദേശിക മാതൃദായക്രമവുമായി ജൂത പിതൃദായക്രമം വളരെയേറെ വിലപേശലുകള്‍ നടത്തിയിരുന്നിരിക്കാന് ഇടയുണ്ട്. ഭര്‍ത്താവിനെ പരാമര്‍ശിക്കുമ്പോള്‍ ജൂതമലയാളം ഉപയോഗിക്കുന്ന അവസാന വ്യക്തി കൂടി ഇന്നും ‘പുതിയാപ്ല’ എന്ന വാക്കുപയോഗിക്കാന്‍ കാരണം ഇതു തന്നെയായിരിക്കണം. പ്രഗല്ഭ ഭാഷാ പണ്ഡിതന് ശ്രീ. ടി.ബി. വേണുഗോപാലപ്പണിക്കരുടെ അഭിപ്രായപ്രകാരം ഈ വാക്ക് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് അമ്മാമന്റെ മകനാണ് ഏറ്റവും അഭികാമ്യനായ ഭര്‍ത്താവ് എന്ന മാതൃദായക്രമം സാക്ഷ്യപ്പെടുത്തുന്ന ‘മാമന്’ എന്നും ‘പിള്ള’ എന്നുമുള്ള രണ്ടു വാക്കുകളുടെ മിശ്രണം കൊണ്ടാണ്.
ഗെനീസ കാലഘട്ടത്തിനുശേഷം ജൂത കുടുംബങ്ങള്‍ ക്രമത്തില്‍ സ്ഥിര സമുദായങ്ങളായി കടലിനക്കരെ പാശ്ചാത്യ നാടുകളിലെ ജൂതരുമായി ബന്ധം പുലര്‍ത്തിക്കൊണ്ടുതന്നെ ഇവിടെ തുടര്‍ന്നു. 1344-ല്‍ കൊച്ചിയിലെ സ്വാഭാവിക തുറമുഖം നിര്‍മ്മിക്കപ്പെട്ട വന്‍ വെള്ളപ്പൊക്കത്തിനു ശേഷം മൂന്നു കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ പ്രദേശത്തുനിന്നുമുള്ള വ്യാപാരികളുടെ സഹായത്തോടെ പ്രാദേശിക ജൂതര്‍ കൊച്ചിയിലെ ജൂതപ്പള്ളി സ്ഥാപിച്ചു. 1954-ല്‍ ഈ സമുദായം ഇസ്രായേലിലേക്ക് കുടിയേറുന്നതുവരെ കൊച്ചിയിലെ കടവുംഭാഗം ജൂതപ്പള്ളിയുടെ തട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു കല്ലില്‍ ഈ വിവരങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ഈ ശിലാലിഖിതങ്ങള്‍ നിര്‍മ്മിച്ച ജൂതര്‍, അക്കാലത്ത് യൂറോപ്യന്‍ ജൂതര്‍ മാത്രം ഉപയോഗിച്ചിരുന്ന ‘ആനോ-മൂണ്ഡിത’എന്ന കാലഗണനക്രമമാണ് ഉപയോഗിച്ചിട്ടുള്ളത്. യൂറോപ്യന്‍ ജൂതരുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധം സാക്ഷ്യപ്പെടുത്തുന്നതാണിത്. ഈ പടിഞ്ഞാറന്‍ ജൂതര്‍ പ്രാദേശിക ജൂത കുടുംബങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കാം. ഒരു പക്ഷേ ചേന്ദമംഗലത്തെ സാറാ ബാത് ഇസ്രായേലിന്റെ പിന്തുടര്ച്ചക്കാരുമായും.
1489-ല്‍ സ്പെയിനിലെ കാസ്റ്റിലില്‍ നിന്നും ഒരു ജൂതവ്യാപാരി കൊച്ചിയിലെത്തുന്നു. 1344-ല്‍ പണിത ജൂതപ്പള്ളിക്ക് തെല്ല് വടക്കുമാറി മറ്റൊരു പള്ളികൂടി പണിയാനദ്ദേഹം പ്രാദേശിക ജൂതരുടെ സഹായം തേടുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം നിലവില്‍ വന്ന പരദേശി ജൂതപ്പള്ളിക്ക് സ്വല്പം തെക്കു ഭാഗത്തുള്ളതിനാല്‍ ഈ പള്ളി തെക്കുംഭാഗം എന്ന പേരില്‍ അറിയപ്പെട്ടതായിരിക്കാം. സ്പാനിഷ് ജൂതവ്യാപാരി ജേക്കബ് കാസ്റ്റിലി, ഒരു പ്രാദേശിക ജൂത വനിതയെ വിവാഹം കഴിച്ചിരിക്കാനാണ് സാദ്ധ്യത. കാരണം പിന്നീട് പതിനെട്ടാം നൂറ്റാണ്ട് വരെ അദ്ദേഹത്തിന്റെ മക്കളുടെയും പേരക്കുട്ടികളുടെയും പേരുകള്‍ കൊച്ചിയിലെയും പറവൂരിലെയും രേഖകളില്‍ ഇടംപിടിച്ചു കാണുന്നു. 1686-ല്‍ കേരളത്തില്‍ ഡച്ച്-പോര്‍ച്ചുഗീസ് ജൂതര്‍ വന്നു ചേര്ന്നുപ്പോള് കാസ്റ്റിലി കുടുംബാംഗങ്ങളെ അവര്‍ മുദ്രകുത്തിയത് ‘വെള്ളക്കാരല്ലാത്തവര്‍’ എന്നായിരുന്നു. അതിനര്‍ത്ഥം അവര്‍ മിശ്ര മൗലികത ഉള്ളവരാണ് എന്നു തന്നെയാണ്.
എന്തിനാണ് ജേക്കബ് കാസ്റ്റിലി കൊച്ചിയില്‍ രണ്ടാമതൊരു ജൂതപ്പള്ളി നിര്‍മ്മിച്ചത്? ജൂതരിലെ വിഘടനവാദ സമുദായത്തില്‍പെട്ട മിക്കവാറും മാടായില്‍, ഒരു കുടുംബത്തില്‍ നിന്നായിരിക്കാം അദ്ദേഹം വിവാഹം കഴിച്ചത്. ഇതിനുള്ളത് സാഹചര്യത്തെളിവുകളാണ്. ‘അബിഗെയ്ല്‍ മാടായി’ എന്നു പേരുള്ള ഒരു സ്ത്രീ 1876-ല്‍ ജൂത മലയാളത്തില്‍ അവരുടെ പേരോടുകൂടിയുള്ള ഒരു നോട്ടുപുസ്തകം എഴുതിവെച്ചിട്ടുള്ളതായി കാണുന്നു. അതില്‍ ഏറ്റവും പഴക്കമേറിയ ജൂതമലയാളപ്പാട്ടുകള്, പതിനഞ്ചാം നൂറ്റാണ്ടോടുകൂടി മലയാള സാഹിത്യത്തില്‍ പ്രചാരം നിലച്ച മോന, എതുക താളത്തിലുള്ള പയ്യന്നൂര്‍ പാട്ടിന്റെ അതേ താളത്തിലും രീതിയിലും സമാനമായി ഉപയോഗിച്ചിട്ടുണ്ട്. അബ്രഹാം ബെന്‍ യിജുവിന്റെ വ്യാപാര ശൃംഖല വടക്കേ മലബാര്‍ കേന്ദ്രീകരിച്ചായിരുന്നു എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ധര്‍മ്മടത്ത് ഒരു വെങ്കലക്കമ്പനി സ്ഥാപിച്ചിരുന്നു അദ്ദേഹം. അവിടെ പണിയെടുക്കാന്‍ യെമനില്‍ നിന്നും ജൂത ജോലിക്കാരെ കുടിയേറ്റക്കാരായി കൊണ്ടുവരിക കൂടി ചെയ്തു അദ്ദേഹം. പിന്നീട് ആണ്മകക്കള്ക്കും മകള്‍ക്കുമൊപ്പം യെമനിലേക്ക് മടങ്ങിയപ്പോള്‍ ഈ വ്യാപാര സംരംഭം കടലിനക്കരെയുള്ള ജൂതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ചെറിയ സമുദായമായി മാറിയിരിക്കാം. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില്‍ കൊച്ചിയെ ഉയര്‍ന്നു വരുന്ന ഒരു തുറമുഖ നഗരമായി തിരിച്ചറിഞ്ഞ് മാടായിയിലെ ജൂതര്‍ കാസ്റ്റിലില്‍ നിന്നുള്ള സ്പാനിഷ് ജൂതവ്യാപാരിയുമായി ചേര്‍ന്ന് 1489-ല്‍ തെക്കുംഭാഗം ജൂതപ്പള്ളി പണിയാന്‍ ഉത്സാഹിച്ചിട്ടുണ്ടാകാം.
ഈ നിഗമനത്തെ തുണക്കുന്ന മറ്റൊരു തെളിവു കൂടിയുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, 1535 നും 1552 നുമിടയിലായി അറബി സംസാരിക്കുന്ന യഹൂദനായ ഒരാള്‍ കെയ്റോവിലെ റബ്ബി ഡേവിഡ് ബെന്‍ സിംറായ്ക്ക് ഒരു ഹലാഖി സംബന്ധമായ സംശയക്കുറിപ്പ് അയച്ചു. മിക്കവാറും ആ ആള് അക്കാലത്തെ പോര്‍ച്ചുഗീസ് രേഖകളില്‍ പേര് രേഖപ്പെടുത്തിയിട്ടുള്ള ഐസക് ഡി കെയ്റോ ആയിരിക്കാനാണ് സാദ്ധ്യത. (ജോസ് ആല്ബുര്ട്ടോ റോഡ്രിഗ്സ് ദ സില്വാ തവിം, പുരിം ഇന്‍ കൊച്ചിന് അറ്റ് ദ മിഡില്‍ ഓഫ് ദ സിക്സ്റ്റീന്ത് സെഞ്ചുറി അക്കോര്‍ഡിംഗ് റ്റു ലിബ്സണ്സ് ഇന്ക്വിസിഷന് ട്രയല്‍സ’ ജേര്‍ണല്‍ ഓഫ് ഇന്‍ഡോ-ജൂഡായിക് സ്റ്റഡീസ് (2010), .10) രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള കടുത്ത മത്സരമാണ് നിയമപ്രശ്നമായിട്ടുള്ളത്. അവയില്‍ ഒന്ന് ദരിദ്രവും ചെറുതുമാണെങ്കിലും ‘ശുദ്ധ’ ജൂതപാരമ്പര്യം അവകാശപ്പെടുന്നതാണ്. മറ്റേത് വലുതും ധനസ്വാധീനമുള്ളതുമാണ്. കൊച്ചിയിലെ രാജകുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്ന ഈ സമുദായമായിരുന്നു തുറമുഖ നഗരത്തിലെ കച്ചവടത്തില്‍ ഏകാധിപത്യം പുലര്‍ത്തി യിരുന്നത്. ‘ശുദ്ധ’ ജൂതന്മാരെന്നവകാശപ്പെടുന്ന ചെറിയ വിഭാഗത്തിന് അടിമ പിന്തുടര്ച്ചക്കാരെന്ന് പാതിത്യം കല്പിക്കുകയാല്‍ ഇവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനോ വിവാഹബന്ധങ്ങള്‍ സ്ഥാപിക്കാനോ താല്പര്യം അശേഷമില്ല. വലുതും ധനികവുമായ സമുദായം ഉദ്ഭവിച്ചിരിക്കുന്നത് പേര്‍ഷ്യ, യെമന്‍, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളിലെ ജൂതവ്യാപാരികളില്നിന്നാണ് എന്നാണവരുടെ വാദം. ഈ വ്യാപാരികള്‍ പ്രാദേശികരായ വേശ്യാസ്ത്രീകളെയും അടിമപ്പെണ്കുട്ടികളെയും വിവാഹം കഴിച്ചു. നിയമപരമായ സംശയങ്ങളുന്നയിച്ചിട്ടുള്ള കക്ഷി എഴുതിയിട്ടുള്ളത്, ചെറിയ, ദരിദ്രമായ സമുദായം മറ്റേ കൂട്ടരെ അടിമ പിന്തുടര്ച്ച ക്കാര് എന്നാരോപിക്കുന്നത് അസൂയയും വെറുപ്പും കാരണമാണെന്നാണ്. വലിയ സമുദായം ധനികം കൂടിയാണ് എന്നുള്ളതുമൂലം അസൂയ വര്‍ദ്ധിക്കുന്നു. ധനസ്വാധീനമുള്ള അംഗബലം കൂടുതലുള്ള സമുദായാംഗങ്ങള്‍ നല്ല, നിഷ്ഠയുള്ളവരും ജൂതമത സംബന്ധിയായ ഗ്രന്ഥങ്ങളിലും രീതികളിലുമെല്ലാം അറിവുള്ളവരുമാണ് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘ശുദ്ധ’ ജൂതര്‍ എന്നവകാശപ്പെടുന്നവര്‍ കേരളത്തിലല്ലാതെ വേറെ ഒരു സ്ഥലത്തുനിന്നുമുള്ള പാരമ്പര്യം അവകാശപ്പെടുന്നില്ല എന്ന വസ്തുത വ്യക്തമാക്കുന്നത്, അവര്‍ മലബാറി ജൂതന്മാ രായിരുന്നു എന്നാണ്. 1489-ല്‍ കൊച്ചിയില്‍ പുതിയ ജൂതപ്പള്ളി പണിയാന്‍ ജേക്കബ് കാസ്റ്റിലിയെ സഹായിച്ചവരാണ് അവര്‍ എന്നും അനുമാനിക്കാം.
കേരളത്തിലെ ജൂതസമുദായത്തില്‍ നിലനിന്നിരുന്ന അടിമത്തം, മിശ്രവിവാഹം, മാതൃദായക്രമം തുടങ്ങിയ രീതികളിലേക്ക് നമ്മെ എത്തിക്കുന്നതാണ് ഈ ഹിബ്രുരേഖ. അബ്രഹാം ബെന്‍ യിജുവിനെയും അദ്ദേഹത്തിന്റെ മതപരിവര്‍ത്തിത ഭാര്യ ആശുവിനെയും നമ്മെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് കൊച്ചിയിലെ ഈ വലിയ ധനികസമുദായത്തിന്റെ വിവരണം. കടവുംഭാഗത്ത് താമസമുറപ്പിച്ചിരുന്ന സമുദായം ധനികരും അന്നത്തെ കൊച്ചി രാജകുടുംബത്തിനോടും മന്ത്രിമാരോടും ബന്ധമുള്ളതും ആയിരുന്നിരിക്കണം. ഇടയ്ക്കെപ്പോഴോ വെച്ച് അബ്രഹാം ബെന്‍ യിജുവിനെയും മറ്റ് ജൂതവ്യാപാരികളെയും പോലെ ഭൂവുടമകളായ മരുമക്കത്തായ കുടുംബങ്ങളില്‍ മിശ്രവിവാഹം ചെയ്യാന്‍ അധിനിവേശ പൂര്‍വ്വ മതപരിവര്‍ത്തനത്തിന്റെ ‘സാങ്കല്പിക അടിമത്ത’ അതിദ്രുത വഴികള്‍ സ്വീകരിച്ചിട്ടുണ്ടാവാം. അബ്രഹാം ബെന്‍ യിജുവിന്റെ മക്കള്‍ ജൂതയല്ലാത്ത ഒരു സ്ത്രീയില്‍ ജനിച്ചവരാകയാല്‍ അദ്ദേഹത്തിന്റെ സ്വത്തിന് അവര്‍ അവകാശികളല്ല എന്നു വാദിച്ച യെമന്‍ ജൂതന്മാരെപ്പോലെ, ചില സാമൂഹിക സാമ്പത്തിക ഉദ്ദേശങ്ങള്‍ കണ്ടുകൊണ്ടുണ്ടായതാകാം മറ്റേ സമുദായത്തിന്റെ ആരോപണങ്ങളും അപവാദ പ്രചാരണങ്ങളും.
അങ്ങനെ പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ കേരളത്തില്‍ മാതൃദായക്രമം അനുവര്‍ത്തിക്കുന്ന ജൂതകുടുംബങ്ങളെക്കുറിച്ച് നമുക്ക് തെളിവുകളില്ല എന്നിരിക്കേ, ഈ സമുദായത്തിന് ചരിത്രത്തില്‍ അമ്മ വഴി പാരമ്പര്യമുള്ളതായി നമുക്ക് കണ്ടെത്താം. ഒരളവുവരെ ഇതിന്റെ അവശേഷിപ്പുകള്‍ ഇവരുടെ പല അനുഷ്ഠാനങ്ങളിലും ഇപ്പോഴും നമുക്ക് കണ്ടെത്താം. ഒരു കാലത്ത് നിലനിന്നിരുന്ന ജൂതസ്ത്രീകളുടെ പാട്ടുകളിലും, ‘മാപ്പിള’ തുടങ്ങിയ വാക്കുകളിലും ഇസ്രായേലിലുള്ള മലബാറി ജൂതരുടെ ഇടയില്‍ ഇന്നും നിലവിലുള്ള ആചാരങ്ങളിലും (ഉദാ: ഓരോ സെപ്റ്റംബര്‍-ഒക്ടോബര്‍ കാലത്തും സമുദായത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷാംഗത്തെ ബഹുമാനിച്ചുകൊണ്ടു നടത്തുന്ന പ്രത്യേക ചടങ്ങ്) ഇതിന്റെ നിഴലുകള്‍ തന്നെയാണ് കാണുന്നത്. ‘ഒന്നാം കാര്ണ്ണോര്’ എന്നറിയപ്പെടുന്ന ഈ ചടങ്ങ് ഒരു മരുമക്കത്തായ തറവാട്ടിലെ പ്രധാനിയായ പുരുഷ സ്ഥാനത്തെ ബഹുമാനിക്കുന്നതിന്റെ സൂചന തന്നെയാണ്.
ഓഫിറ ഗംലിയേല്‍
പ്രൊഫസര്‍, യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ക്കോ, യുണൈറ്റെഡ് കിംഗ്ഡം
വിവര്‍ത്തനം: ഗൗരി എം. കെ.
ബി.എസ്.എന്‍.എല്‍.ലില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും തിരിച്ചും പന്ത്രണ്ടോളം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
COMMENTS