നീ കവിതയെഴുതിയില്ലെങ്കില്‍ ഞങ്ങള്‍ക്കെന്തു നഷ്ടം?
തൊടിയിലെ പൂക്കള്‍ പറഞ്ഞു
ഞങ്ങള്‍ക്കെന്തു നഷ്ടം?
മാവിന്‍ കൊമ്പിലെ കുയില്‍ ആവര്‍ത്തിച്ചു.
പൂവിന്നടുത്തു വന്ന പൂമ്പാറ്റകള്‍ കളിയാക്കിച്ചിരിച്ചു.
ആര്‍ക്കു വേണം നിന്‍റെ കവിതകള്‍?
തിരസ്കരണത്തിന്‍റെ ഒച്ചയുയര്‍ത്തി പത്രാധിപന്മാര്‍.
കുഴിച്ചുമൂടെന്ന് വീട്ടുകാര്‍.
മേഘങ്ങള്‍ ധൃതിയിലോടി
കാറ്റ് വന്നതേയില്ല
ഇളം വെയിലുണ്ടോ മുറ്റത്ത് എന്നു നോക്കി പൂച്ച മലര്‍ന്നു കിടന്നു.
ദേഷ്യപ്പെട്ട
അണ്ണാന്‍ പിറുപിറുത്തു
നശിച്ച മഴയെന്ന് കാക്കയും കിളിയും ചിലച്ചു
കറുത്ത ലോകമെന്ന് ദു:ഖിതരും നിന്ദിതരും
വിപ്ലവമെന്ന് സഖാക്കള്‍
ആഡംബരമെന്ന് മുതലാളിമാര്‍
അവള്‍ കവിതയെഴുത്ത് നിര്‍ത്തി
ലോകത്തിനൊന്നും സംഭവിക്കുന്നില്ലെന്ന് അവള്‍ക്കു മനസ്സിലായി.
പക്ഷേ
എഴുതാതെ പോയ കവിതകള്‍ അവള്‍ക്കകമേ
സ്വയമുള്‍വലിഞ്ഞ് അനുഭവത്തിളക്കമാര്‍ന്ന്
ഒരു നാള്‍ ആകാശത്തേക്ക് കുതിച്ചുയര്‍ന്ന് പുതിയൊരു നക്ഷത്രമായി
അവളില്ലാതായപ്പോഴും
അവളുടെ കവിതകളങ്ങനെ പ്രകാശിച്ചു കൊണ്ടിരുന്നു.
അവള്‍ക്കു ശേഷം വന്നവരെ നോക്കി
കണ്ണിറുക്കിക്കൊണ്ടിരുന്നു.
കവിതകള്‍ നശിക്കയില്ലെന്ന്
സമാശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു.
COMMENTS