ബഹിരാകാശയാത്ര നടത്തിയത് മൂന്നു തവണ. അതേ വനിത പസിഫിക്കിലെ അത്യഗാധമായ മരിയാനാ ട്രഞ്ചിന്‍റെ ഭാഗമായ ചലഞ്ചര്‍ ഗര്‍ത്തവും കീഴടക്കി ചരിത്രം കുറിച്ചു. ബഹിരാകാശ നടത്തം നടത്തിയ ആദ്യ അമേരിക്കന്‍ വനിത, ചലഞ്ചര്‍ ഗര്‍ത്തത്തിലെത്തിയ ആദ്യ വനിത (അതും അറുപത്തിയെട്ടാം വയസ്സില്‍!) എന്നീ റെക്കോഡുകള്‍ക്കുടമയായ ആ വനിതയാണ് കാതറിന്‍ ഡി. സള്ളിവന്‍ എന്ന കാത്തി സള്ളിവന്‍.
1951-ല്‍ ന്യൂജേഴ്സിയില്‍ ഡൊണാള്‍ഡ് പോള്‍ സള്ളിവന്‍റെയും ബാര്‍ബറ കെല്ലിയുടെയും മകളായാണ് കാതറീന്‍ സള്ളിവന്‍റെ ജനനം. പിന്നീട് ആ കുടുംബം കലിഫോര്‍ണിയയിലേക്ക് ചേക്കേറിയതോടെ ഹാവന്‍ഹേസ്റ്റ് എലിമെന്‍ററി സ്ക്കൂളില്‍ ആയി കാതറീന്‍റെ സ്ക്കൂള്‍ വിദ്യാഭ്യാസം. പില്‍ക്കാലത്ത് ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കന്‍ വനിത എന്ന റെക്കോഡിനുടമയായ സാലി റീഡ് കാതറീന്‍റെ സഹപാഠിയായിരുന്നു.1973-ല്‍ സാന്താക്രൂസിലെ കലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നും ഭൗമശാസ്ത്രത്തില്‍ ബിരുദം നേടിയ കാതറീന്‍ പിന്നീട് ഡല്‍ഹൗസി സര്‍വ്വകലാശാലയില്‍ നിന്ന് ജിയോളജിയില്‍ ഡോക്റ്ററേറ്റും കരസ്ഥമാക്കി. ഗവേഷണത്തിന്‍റെ ഭാഗമായി നിരവധി സമുദ്ര പര്യവേക്ഷണങ്ങളില്‍ പങ്കാളിയാവാന്‍ അവസരവും ലഭിച്ചു.
കടലാഴങ്ങളെ സ്നേഹിച്ച കാതറീനെ കാത്തിരുന്നത് ബഹിരാകാശത്തിന്‍റെ അപാരതയായിരുന്നു.1978-ല്‍ നാസയുടെ ബഹിരാകാശ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറു വനിതകളില്‍ ഒരാളായതോടെ കാതറിന്‍ സള്ളിവന്‍റെ സ്വപ്നങ്ങള്‍ ആകാശത്തിനുമപ്പുറം ചിറകുവിരിച്ചു. 1984-ലെ ടഠട41ഏ ദൗത്യത്തില്‍ ചലഞ്ചര്‍ സ്പേസ് ഷട്ടിലില്‍ ബഹിരാകാശത്തേക്ക് പറന്ന കാതറിന്‍ മൂന്നര മണിക്കൂര്‍ നീണ്ട ബഹിരാകാശ നടത്തത്തിലൂടെ ചരിത്രം കുറിച്ചു. 1990-ലെ ടഠട31, 1992ലെ ടഠട 45 തുടങ്ങിയ ദൗത്യസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാതറീന്‍ സള്ളിവന്‍ ആകെ മൂന്നു തവണയാണ് ബഹിരാകാശത്തേക്ക് പറന്നത്. മൂന്നു ദൗത്യങ്ങളിലായി 532 മണിക്കൂറോളം ബഹിരാകാശത്തു ചെലവഴിച്ചു.
1993-ല്‍ കാതറിന്‍ നാസ വിട്ടു. ആകാശത്തിന്‍റെ അപാരത കൈയെത്തിപ്പിടിച്ചപ്പോഴും ആഴക്കടലിന്‍റെ അഗാധത കാതറീനെ മാടിവിളിക്കുന്നുണ്ടായിരുന്നു. നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. 2020-ല്‍ 68-ആം വയസ്സില്‍ സമുദ്രത്തിന്‍റെ അത്യഗാധതയിലേക്ക് ഊളിയിടുന്ന അതിസാഹസിക ദൗത്യത്തിന് കാതറിന്‍ ആത്മവിശ്വാസത്തോടെ തയ്യാറായത് ലോകത്തെ അമ്പരപ്പിച്ചു. അതും അറിയപ്പെടുന്നതില്‍ വച്ച് ഭൂമിയിലെ ഏറ്റവും ആഴമുള്ള ചലഞ്ചര്‍ ഗര്‍ത്തത്തിലേക്ക്! ഇയോസ് എക്സ്പെഡിഷന്‍സ് കമ്പനിയുടെ ദൗത്യത്തില്‍ കാതറിനൊപ്പം വിക്റ്റര്‍ വെസ്കോവോ എന്ന സമുദ്രപര്യവേക്ഷകനുമുണ്ടായിരുന്നു ഇതുവരെ ആകെ എട്ടു പേര്‍ മാത്രമാണ് ചലഞ്ചര്‍ ഗര്‍ത്തത്തില്‍ എത്തിയത്. അതില്‍ ആദ്യ വനിതയാണ് കാതറിന്‍. 32-ആം വയസ്സില്‍ ബഹിരാകാശ നടത്തം നടത്തിയ ആദ്യ വനിതയായി ലോകത്തെ വിസ്മയിപ്പിച്ച കാതറിന്‍ 68-ആം വയസ്സില്‍ അമുദ്രത്തിന്‍റെ അത്യഗാധത കീഴടക്കി വീണ്ടും വിസ്മയമായി. മൂന്നു ബഹിരാകാശ ദൗത്യങ്ങളും ചലഞ്ചര്‍ ഗര്‍ത്തത്തിലേക്കുള്ള പര്യവേക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയതിലൂടെ ബഹിരാകാശവും ആഴക്കടലുമൊന്നും സ്ത്രീകള്‍ക്ക് അപ്രാപ്യമല്ല എന്ന സന്ദേശം തന്നെയാണ് കാതറിന്‍ ലോകത്തിനു നല്‍കുന്നത്.
COMMENTS