Homeചർച്ചാവിഷയം

കഥയമ്മയെ കണ്ടപ്പോള്‍

കവിത എസ്. കെ.

വായനയുടെ വര്‍ണ്ണ ചിറകിലേറി ആദ്യം പറന്നു തുടങ്ങുന്നത് കുട്ടിക്കാലത്താണ്. ചുറ്റുപാടുള്ള നിറമുള്ള കാഴ്ചകള്‍ക്ക് പിന്‍ബലമേകുന്ന ചെറുപുസ്തകങ്ങള്‍ തന്നെയായിരുന്നു വായനയില്‍ ആദ്യം കുട്ടുകാരായെത്തുന്നത്.ബാലമാസികകള്‍ക്ക് ഒപ്പം തന്നെ ബാലസാഹിത്യ കൃതികള്‍ വായനക്കായി കിട്ടി തുടങ്ങിയത് പി.സ്മാരക ഗ്രന്ഥാലയത്തില്‍ നിന്നുമാണ്. കഥകളുടെയും കവിതകളുടെയും വര്‍ണ്ണ പ്രപഞ്ചത്തിലൂടെയുള്ള യാത്രകള്‍ മനസ്സിലെ ഭാവനയെ തൊട്ടുണര്‍ത്താന്‍ തെല്ലൊന്നുമല്ല സഹായിച്ചത്. അതുകൊണ്ട് തന്നെ കുട്ടികളോട് രസകരമായി കഥ പറഞ്ഞു പോവുന്ന എഴുത്തുകാരുടെയൊക്കെ പേരുകള്‍ മനപ്പാഠമായിരുന്നു. പി. നരേന്ദ്രനാഥും, കുഞ്ഞുണ്ണി മാഷും, എം.എസ് കുമാറും ,പള്ളിക്കര മുഹമ്മദും, മുഹമ്മരമണനും, സിപ്പി പള്ളിപുറവുമൊക്കെ എഴുതിയത് വായിച്ച് രസിച്ച് നടക്കുന്നതിനിടയിലാണ്. സുമംഗല എന്ന പേര് കാണുന്നത്. കുഞ്ഞിക്കൂനനും പറയിപെറ്റ പന്തീരുകുലവും മാലിരാമായണവും, വായിച്ചു നില്‍ക്കുന്ന ടുത്തേക്കാണ് മിഠായിപ്പൊതി എന്ന സുമംഗലയുടെ കഥകള്‍ വരുന്നത് ‘വായനയുടെ വേറൊരനുഭവം സമ്മാനിക്കാന്‍ ആ പുസ്തകത്തിന് കഴിഞ്ഞു എന്നത് പിന്നെയും പിന്നെയും ആ എഴുത്തുകാരിയെ തേടി പോവാന്‍ എന്നിലെ കുട്ടിയെ പ്രേരിപ്പിച്ചു.ബാലസാഹിത്യ രംഗത്തെ സ്ത്രീകളായ എഴുത്തുകാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയതങ്ങനെയാണ്.

സുമംഗല

പുതിയ ബാലസാഹിത്യ കൃതികള്‍ ലൈബ്രറിയിലേക്ക് കൊണ്ടുവരുമ്പോള്‍ സുമംഗല എന്ന എഴുത്തുകാരിയുടെ പുസ്തകങ്ങള്‍ക്കായി കാക്കാന്‍ തുടങ്ങി. നെയ്പ്പായസവും, മഞ്ചാടിക്കുരുവും ഒക്കെ അങ്ങനെ പ്രിയംകരമായി അക്കാലത്ത് ഇറങ്ങിയിരുന്ന ബാലമാസികകളിലെ കഥകളില്‍ മൃഗങ്ങളൊക്കെയാവും കൂടുതല്‍ കഥകളിലും കഥാപാത്രങ്ങള്‍ എന്നാല്‍ സുമംഗലയുടെ ബാലകഥകള്‍ വായിക്കുമ്പോള്‍ അതിനൊരു വ്യത്യസ്ത ഉണ്ടെന്ന് തിരിച്ചറിയാന്‍ തുടങ്ങി.ഒരമ്മ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന പോലെ അവരുടെ എഴുത്തിനോട് ഒരു പ്രത്യേക ഇഷ്ടം.. അവരുടെ പുസ്തകങ്ങള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്ക് പിന്നെ വേറൊരു സ്വഭാവമുണ്ട് മുതിര്‍ന്നവര്‍ ചെയ്യുന്ന പോലെ വ്യക്തിഗത വിവരങ്ങള്‍ അതാരെ പറ്റിയാണെങ്കിലും കൂടുതല്‍ അന്വേഷിക്കില്ല. അങ്ങനെ സുമംഗല എന്ന എഴുത്തുകാരിക്ക് ഞാന്‍ മനസ്സിലൊരു ചിത്രം കൊടുത്തു. അവരുടെ പേരിന്‍റ പ്രത്യേകതയും എന്നെ ആകര്‍ഷിച്ചിരുന്നു. അതിനു ചേര്‍ന്ന ഒരു രൂപത്തില്‍ ഞാനവരെ സങ്കല്‍പിച്ചെടുത്തു കുട്ടിത്തത്തില്‍ നിന്ന് പതുക്കെ കൗമാരത്തിലേക്ക് കടന്നപ്പോഴും ഈ ഇഷ്ടം കൂടെ നിന്നു. അവരുടെ ചില പുസ്തകങ്ങള്‍ ആ കാലത്താണ് വായിക്കുന്നത്.

പിന്നീട് കലാമണ്ഡലത്തില്‍ വച്ച് അഛന്‍ അവിടുത്തെ പബ്ലിസിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥയായ ശ്രീമതി ലീല നമ്പൂതിരിപ്പാടിനെ പരിചയപ്പെടുത്തി തന്നു. (അഛന്‍ ഈയ്യങ്കോട് ശ്രീധരന്‍ അന്ന് കലാമണ്ഡലം സെക്രട്ടറിയായിരുന്നു) ഏട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയ്ക്ക് ഒളപ്പമണ്ണ ഒ എം സി യുടെ മകള്‍ ലീല നമ്പൂതിരിപ്പാടിനോട് പ്രത്യേകിച്ചൊരു മമതയൊന്നും തോന്നിയിരുന്നില്ല. എങ്കിലും ഞാനവരെ തന്നെ ശ്രദ്ധിച്ചു നിന്നു. എന്തിനാണ് അച്ഛനെനിക്ക് ഇവരെ പരിചയപ്പെടുത്തി തന്നത് എന്ന ചോദ്യം ഉള്ളില്‍ ഉയര്‍ന്നു. ഈ പേരിലല്ല ഇവര്‍ നിങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അറിയപ്പെടുന്നത് എന്ന് അച്ഛന്‍ എന്നോട് പറയുമ്പോള്‍ അവരൊന്നു പതിയെ ചിരിച്ചു. നീ എപ്പോഴും പറയാറില്ലേ ബാലസാഹിത്യകാരി സുമംഗലയേ പറ്റി.ആ സുമംഗലയാണ് ഇത്. എന്‍റെ അല്‍ഭുതം എന്‍റെ കണ്ണില്‍ ദര്‍ശിച്ച അവരെന്നെ നോക്കി ‘പിന്നെയും ഒരു ചിരി സമ്മാനിച്ചു ന്താന്‍ മനസ്സില്‍ വരച്ച രൂപ മേയല്ല യഥാര്‍ത്ഥത്തില്‍ ‘ അവര്‍ക്ക് എങ്കിലു. വീണ്ടും, കാണുമ്പോള്‍ കുറെ നേരം സംസാരിക്കാനും കുറെ ചോദ്യങ്ങള്‍ ചോദിക്കാനുമൊക്കെ മനസ്സ് കൊണ്ടാഗ്രഹിച്ചു പക്ഷേ പല പല കാരണങ്ങളില്‍ അതൊരാഗ്രഹമായി മാത്രം കിടന്നു. പിന്നീട് അവരുടെതായി പല അഭിമുഖങ്ങളും വായിച്ച് ആ സാഹിത്യ യാത്രയുടെ ആഴം മനസ്സിലാക്കി തന്‍റെ മകള്‍ക്ക് വേണ്ടി പറഞ്ഞ കഥകളിലൂടെയാണ് സുമംഗല ബാലസാഹിത്യ രംഗത്തേക്ക് വരുന്നത് എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വായനാശീലം അതിനെ പരിപോഷിപ്പിച്ചെടുത്തിരുന്നു എന്നു അവര്‍ പറയുന്നു..

ജോലിയുടെയും കുടുംബത്തിന്‍റെയും ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ അവരുടെ സാഹിത്യ യാത്രകളും മുടക്കമില്ലാതെ പോവുന്നത് കണ്ടു. ബാല്യവും കൗമാരവും കടന്ന് യൗവനത്തിലെത്തിയിട്ടും ഞാനവരെ വായിച്ചു കൊണ്ട് എന്‍റെ കുട്ടിത്തത്തെ മനസ്സില്‍ നിന്നും മാറ്റാതെ നിര്‍ത്തി. കുറിഞ്ഞിയും കൂട്ടുക്കാരും, മിഠായിപ്പൊതിയും, മഞ്ചാടിക്കുരുവും, തത്ത പറഞ്ഞ കഥകളും നെയ്പ്പായസവും പഞ്ചതന്ത്ര കഥകളുമൊക്കെ കുട്ടികളിലേക്കെത്തിച്ച സുമംഗല. ബാലസാഹിത്യ ലോകത്ത് സ്ത്രീ സാന്നിധ്യം നന്നേ കുറവായിരുന്ന കാലത്ത് ആ മേഖലയില്‍ തന്‍റെ സ്ഥാനം കഥപറച്ചിലിന്‍റെ വേറിട്ട ശൈലിയിലൂടെ ഉറപ്പിച്ചു നിര്‍ത്തിയ കുട്ടികളുടെ കഥയമ്മ ഇന്ന് കഥ മുത്തശ്ശിയായി എഴുത്തില്‍ സജീവമാണ്. പിന്നീട് അച്ഛന്‍ കലാമണ്ഡലത്തിലുണ്ടായിരുന്ന ആ കാലയളവിലാണ് അവര്‍ കലാമണ്ഡലം ചരിത്രം എഴുതുന്നത്.ബാലസാഹിത്യ മേഖലയില്‍ മാത്രമല്ല, ഇതര സാഹിത്യ മേഖലകളിലും, പരിഭാഷയിലും ഇവര്‍ തന്‍റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. വലിയവരുടെ കഥ പറയാന്‍ വലിയ ബുദ്ധിമുട്ടില്ല. കുട്ടികളുടെ കഥ പറയാനും കുട്ടികളോട് കഥ പറയാനുമാണ് ഏറെ പ്രയാസമുള്ളതെന്ന് എനിക്ക് ഒരു എഴുത്തുകാരി എന്ന നിലയില്‍ ബോധ്യപ്പെട്ട കാര്യമാണ്. കുട്ടികളെ ഒരു പാടിഷ്ടമുള്ളതും കൊണ്ടും മനസ്സിലെ കുട്ടി ഇടക്കിടക്ക് വന്ന് കലപില കൂട്ടുന്നത് കൊണ്ടും ബാലസാഹിത്യ രംഗത്തെ എഴുത്തുകാരോട് തീര്‍ത്താല്‍ തീരാത്ത ആദരവാണ് ഉള്ളത്.ബാലസാഹിത്യ രംഗത്തെ പുരുഷ സാന്നിധ്യത്തെ മാനിച്ചുകൊണ്ട് തന്നെ സ്ത്രീ സാന്നിധ്യങ്ങളെ ഒന്നുകൂടി ഉയര്‍ത്തി പിടിക്കാന്‍ ആഗ്രഹിക്കുന്നത് കഥ പറച്ചലിലെ അമ്മ മനസ്സ് കൊണ്ട് കൂടിയാണ്.
ഇതെഴുതുമ്പോഴും എന്‍റെ മുന്നിലുള്ള പുസ്തകങ്ങളില്‍ എന്നെ ഭ്രമിപ്പിച്ചു കൊണ്ടി സുമംഗലയുടെ കുട്ടികളുടെ രാമായണം ചിരിക്കുന്നുണ്ട്. മകള്‍ക്കായി വാങ്ങിയതാന്നെങ്കിലും എന്നിലെ കുട്ടിയെ കൂടി ഉണര്‍ത്തുന്ന അതേ ചിരിതന്ന് പുസ്തകത്തിന്‍റെ ഏടുകള്‍ പതുക്കെ മറിഞ്ഞു തുടങ്ങി.

 

 

 

 

 

കവിത എസ്. കെ.
അദ്ധ്യാപിക, എഴുത്തുകാരി

 

COMMENTS

COMMENT WITH EMAIL: 0