Homeചർച്ചാവിഷയം

കഥകൾക്കപ്പുറത്തെ കുഞ്ഞുകാഴ്ചകൾ

കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് വാഗ്ദത്തഭൂമിയിലേക്കാണ്. നിനക്ക് ഞാൻ തണലാണെന്ന് അച്ഛനും അമ്മയും നൽകുന്ന ഉറപ്പിലേക്ക്. അമ്മിഞ്ഞപ്പാലായി, ഒരു ഞരക്കത്തിൽ ഉണരുന്ന ഉറക്കമായി, തുടങ്ങുന്ന ആ കാവലിന് അവർ വളരുന്നതിനൊപ്പം ആഴവും പരപ്പും കൂടും. കണ്ണും കാതും ഉറച്ചു കഴിഞ്ഞാൽ ആ കരുതൽ അവരുടെ കാഴ്ചയിലേക്കും കേൾവിയിലേക്കും നീളും. കുട്ടി എല്ലാം കണ്ടുകൂടാ, എന്തും കേട്ടുകൂടാ. കുട്ടിക്ക് ചുറ്റും ഉള്ള ലോകം അത്ര നല്ലതല്ല, മുഴുവനായി അവർക്ക് കേൾക്കാനും കാണാനും പറ്റിയതല്ല. ഒരുപാടൊരു പാടുണ്ട്, അവരോടു പറയാത്തത്, അവർ അറിയാൻ പാടില്ലാത്തത്. സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ ഒരു ഇളനീർമറയ്ക്ക് അപ്പുറത്തു കൂടെ നമ്മൾ കാണിച്ചു കൊടുക്കുന്നതാണ് കുട്ടികളുടെ ലോകം.

ജീവിതത്തിന്‍റെ കയ്പ് പലവുരു അരിച്ചെടുത്തതാണ് ബാലസാഹിത്യം. ആ കഥകളിൽ നന്മയും തിന്മയും കൃത്യമായി വരി തിരിഞ്ഞാണ് നിൽക്കുന്നത്. നന്മ ജയിക്കാനുള്ളതാണ്, തിന്മ തോൽക്കാനുള്ളതാണ്. തോൽക്കുന്ന തിന്മ കാട്ടിലേക്ക് ഓടി പോവുന്നതേ ഉള്ളു. തോറ്റവർ ഗുണപാഠങ്ങള്‍ പഠിപ്പിച്ച് മാറി നിൽക്കുന്നതേ ഉള്ളു. ജയിച്ചവർ ശിഷ്ടകാലം സന്തോഷത്തോടെ ജീവിക്കുന്നു. കുട്ടിക്കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളിലും കുട്ടികൾക്കായി നിർമ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളിലും അത് പോലെ തന്നെ ഉണ്ട് ജീവിതത്തിന്‍റെ ഈ പോറലൊട്ടും ഏല്പിക്കാത്ത ദ്വന്ദ്വത്വം.

മരണം കാണുന്ന കുട്ടികൾ

അമ്മയാവലിന്‍റെ ആദ്യ വർഷങ്ങൾ ഞാനും അങ്ങനൊക്കെ തന്നെ ആയിരുന്നു. ഞാനെന്‍റെ ഇരട്ടക്കുട്ടികൾക്ക് നന്മ തളിച്ച വർത്തമാനം ഊട്ടി. കഥകളെല്ലാം ശുഭപര്യവസായികളാണ് എന്ന് ആവർത്തിച്ചു പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. അവരത് വിശ്വസിച്ചു, അവരുടെ വൈകുന്നേര കാഴ്ചകളിൽ ഒന്നിൽ കഥയല്ലാത്ത ഒരു ജീവിതം ദാഹിച്ച് തളർന്ന് മരിയ്ക്കുന്നിടം വരെ.
മകന് മൃഗങ്ങളോടുള്ള ഇഷ്ടവും ആവേശവും കൊണ്ട് ഞങ്ങൾ തേടിപ്പിച്ച് ഒരുക്കിയ കാഴ്ചയായിരുന്നു ‘ബിബിസി’ യുടെ ‘ആഫ്രിക്ക’ സീരീസ്. നാല് വര്‍ഷം എടുത്തു നിർമ്മിച്ച, ഡേവിഡ് ആറ്റൻബറോയുടെ ഗംഭീര
ശബ്ദത്തിൽ നമ്മൾ കാണുന്ന ആ ലോകം പ്രകൃതി ഒരുക്കുന്ന ഒരു തൃത്തായമ്പകയാണ്. അന്ന് മൂന്നുവയസ്സുകാരായ എന്‍റെ കുട്ടികൾ കണ്ണിമയ്ക്കാതെ മൃഗങ്ങളെ കണ്ടു. ഇടയ്ക്ക് ചിരിച്ചു. ഇടയ്ക്ക് ഭയന്നു. എന്തൊക്കെയോ കുറെ മനസ്സിലായി. പക്ഷെ കാഴ്ചകൾക്കിടയിൽ എപ്പോഴോ ഒരാനക്കുട്ടി മരിച്ചു വീണു. ആഫ്രിക്കയിൽ ജലം തേടി മരുഭൂമി താണ്ടുന്ന ആനക്കൂട്ടത്തിലെ ഏറ്റവും ചെറിയത് ഒരെണ്ണം ലക്‌ഷ്യം വരെ എത്താനുള്ള ആവതില്ലാതെ, ജീവൻ ചേർത്ത് പിടിക്കാൻ അതിന്‍റെ അമ്മ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ, തോറ്റു വീണു. മരണം എന്ന് കേട്ടിട്ടേ ഇല്ലാത്ത എന്‍റെ കുട്ടികൾ മരണത്തിന്‍റെ ഭാഷ വേണ്ടാത്ത സങ്കടമറിഞ്ഞു, ആ ആനക്കുട്ടിയെ ഓർത്ത് പൊട്ടിക്കരഞ്ഞു.

സമരം കാണുന്ന കുട്ടികൾ

എബ്രഹാം ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, റൂബി ബ്രിഡ്ജസ്, ഹാരിയറ്റ് ടബ്മാൻ, റോസ പാർക്സ് എന്നീ പേരുകൾ അമേരിക്കയിൽ വളരുന്ന എന്‍റെ കുട്ടികൾക്ക് കിൻഡർഗാർട്ടൻ സിലബസ്സിന്‍റെ ഭാഗമാണ്. വംശീയതയും വർഗ്ഗവെറിയും അതിന്‍റെ അന്യായവും ഒക്കെ വക്കും തലയും മാത്രമാണെങ്കിലും അവർ പഠിക്കുന്നുണ്ട്. ആ കൂട്ടത്തിലേക്ക് ഈയിടെ അവർ എടുത്തു വെച്ച പേരാണ് ജോർജ് ഫ്ലോയ്ഡ്. ആ പേരിനോടൊപ്പം ഒരുപാട് ചോദ്യങ്ങളും അവർ എടുത്തെറിഞ്ഞു. അവരെ അവരുടെ അധ്യാപിക പഠിപ്പിച്ച ആദ്യ പാഠങ്ങളിൽ ഒന്ന് 911 ആണ് അവരുടെ ഏതു വലിയ പ്രശ്നത്തിനും ഉള്ള പരിഹാരം എന്നാണ്. പൊലീസ് രക്ഷകരാണ്. ആ പൊലീസ് എന്തിനു തെറ്റിന്‍റെ ഭാഗത്തു നിന്നു എന്ന്, ഒരാളെന്തിന് മരിച്ചു എന്ന് അവർക്ക് അറിയണമായിരുന്നു. വാർത്ത കാണുന്ന, വായിക്കുന്ന കൂട്ടത്തിൽ, ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന വാക്യത്തിന്‍റെ അർഥം വിശദീകരിച്ചു കൊടുക്കുന്ന കൂട്ടത്തിൽ, ഞങ്ങൾ ഒരുമിച്ചിരുന്ന് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന, പലപ്പോഴും കുട്ടികൾക്ക് ചേരാത്ത ഭാഷ പറയുന്ന, കുട്ടികൾക്ക് വഴങ്ങാത്ത കാഴ്ച കാണിക്കുന്ന, ഡോക്യുമെന്‍ററി കണ്ടു. സമരത്തിന്‍റെ, പ്രതിഷേധത്തിന്‍റെ ഏറ്റവും പുറത്തെ ഒരു വലയം എന്‍റെ കുട്ടികൾ തൊട്ടു. മനുഷ്യാവകാശം, പൗരാവകാശം എന്നിങ്ങനെ കുറെ വലിയ വാക്കുകൾ ആദ്യമായി കേട്ടു. “I hope they get their happily ever after” എന്നെന്‍റെ ആറ് വയസ്സുകാരി തന്നോട് തന്നെപറഞ്ഞു.

ഫെമിനിസം കാണുന്ന കുട്ടികൾ

സുഹൃത്തുക്കൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, സിനിമകൾ എന്നിവയിലൊക്കെ എന്‍റെ കുട്ടികൾക്ക് പ്രാപ്യത ഒന്നാണ്. തിരഞ്ഞെടുപ്പും താല്പര്യവും സ്വാഭാവികമായും ഒന്നല്ല. അതോടൊപ്പം, ആൺകുട്ടിയും
പെൺകുട്ടിയും ആയതിന്‍റെ പേരിൽ, അവരുമായി ഇടപെടുന്ന പുറംലോകവും ഒന്നല്ല. പലപ്പോഴും സ്ത്രീലിംഗം പാടെ വിട്ടു പോവുന്ന ആഖ്യാനങ്ങളോട് കലഹിച്ചും, അതിനെയൊക്കെ തുടരെ ചോദ്യം ചെയ്തുമാണ് എന്‍റെ മകൾ വളരുന്നത്. മകൻ പക്ഷെ, രക്ഷയ്ക്ക് വരുന്ന രാജകുമാരനിലൂടെ, അവനൊരു ആൺകുട്ടി ആണെന്ന് പറയുന്ന ബന്ധുവിലൂടെ, എണ്ണത്തിൽ ഒരുപാട് കൂടുതലുള്ള സൂപ്പർ ഹീറോസിലൂടെ, അവന്‍റെ ചുറ്റും നടക്കുന്ന ആണധികാര സംസാരങ്ങളിലൂടെ, ആണ് പെണ്ണിന് മുകളിലാണെന്നു തുടരെ കേൾക്കുന്നുണ്ട്, അത് ശരിയാണെന്നു ഇടയ്ക്കൊക്കെ ധരിക്കുന്നുമുണ്ട്. തെറ്റായ ധാരണകളെ മായ്ച്ചെഴുതാനും കൂടി ഉള്ള ഇടമാണ് വീട്. സ്ത്രീ പുരുഷന് ഒപ്പമല്ല എന്ന് പുറത്തു നിന്ന് കേൾക്കുന്ന അത്രയും തവണ അതങ്ങനെ ആണെന്ന് കുട്ടികൾ അകത്തു നിന്ന് കേൾക്കണം. നിത്യജീവിതത്തിൽ അവർക്കത് പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം. സ്നേഹം, കാരുണ്യം, ബഹുമാനം, അനുതാപം, ഒക്കെ പോലെ
തന്നെ ഫെമിനിസവും ഞങ്ങൾക്ക് വർത്തമാനത്തിനും കഥകൾക്കും വിഷയമാണ്. ഫെമിനിസത്തിന്‍റെ ഭാഷ സംസാരിക്കുന്ന പുസ്തകങ്ങളുടെയും ചലച്ചിത്രങ്ങളുടെയും കൂട്ടത്തിൽ ഞങ്ങൾക്ക് കണ്ട് ഇഷ്ടപ്പെട്ട, കുട്ടികൾക്ക് ദഹിക്കുന്ന ഒരു കാഴ്ചയായിരുന്നു നെറ്റ്ഫ്ലിക്സിലെ ‘ബികമിങ്.’ ബരാക്ക് ഒബാമയുടെ ഭാര്യയായ മിഷേലിനെ കുട്ടികൾക്കറിയാം. ‘ഞാൻ ഒബാമയുടെ ഭാര്യ മാത്രമല്ല’ എന്ന് പറയുന്ന, എല്ലാവരുടെയും കണ്ണിൽ നോക്കി സംസാരിക്കുന്ന, പൊട്ടിച്ചിരിക്കുന്ന, മുന്നിൽ തടിച്ചു കൂടിയ ആയിരങ്ങളെ കൂസാതെ പ്രസംഗിക്കുന്ന മിഷേൽ അവർക്ക് സ്ത്രീശാക്തീകരണത്തിന്‍റെ ഒരു പാഠപുസ്തകമായി.

ചരിത്രം കാണുന്ന കുട്ടികൾ

ഇരുപതോളം നിമിഷങ്ങളിൽ ലളിതമായി ചരിത്രത്തിലെ ഒരുപാട് ഏടുകൾ തൊട്ടു പോവുന്ന രസകരമായ ഒരു ഡോക്യുമെന്‍ററി സീരീസ് ആണ് നെറ്റ്ഫ്ലിക്സിലെ ‘ഹിസ്റ്ററി 101.’ കുട്ടികൾക്ക് മുൻപരിചയം ഉള്ള ബഹിരാകാശവും റോബോട്ടും ഒക്കെ അതിൽ അവർ താല്പര്യത്തോടെ
കണ്ടിരുന്ന വിഷയങ്ങളാണ്. സംഭാഷണത്തിന്‍റെ, ചോദ്യങ്ങളുടെ ഒരു പുതിയ ചാല് തുറന്നിട്ടത് പക്ഷെ ഫാസ്റ്റ് ഫുഡിന്‍റെ ചരിത്രവും ദോഷവും ഒക്കെ വിശദീകരിച്ച അദ്ധ്യായം ആണ്. കുഞ്ഞു പുസ്തകങ്ങളിൽ നല്ല ഭക്ഷണം കഴിക്കേണ്ടതിന്‍റെ ആവശ്യകത എത്രയോ തവണ ഓർമപ്പെടുത്തലായി അവർ വായിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഉണ്ടാക്കാത്ത പ്രതികരണം ഭക്ഷണത്തെ കുറിച്ചുള്ള കാഴ്ച അവരിൽ ഉണ്ടാക്കി. ചോദ്യത്തിന് മുകളിൽ ചോദ്യം കൂട്ടി വെച്ച് അവർ ഇന്ന് ആരോഗ്യത്തെ കുറിച്ചും ശരീരത്തെ കുറിച്ചും പഠിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റൊരാളിന്‍റെ ശരീരത്തെ, ഭക്ഷണശീലങ്ങളെ വിമർശിക്കുന്നതിലെ ശരികേട് അവർക്ക് മനസ്സിലാവുന്നുണ്ട്.

കുട്ടികൾ എന്തുകൊണ്ട് നല്ല ഭക്ഷണം കഴിക്കണം, അവർ കൂട്ടുകാരായി കരുതുന്ന കാർട്ടൂൺ കഥാപാത്രങ്ങൾ എങ്ങനെ ടിവിയിൽ പ്രത്യക്ഷപ്പെടുന്നു, ബഹിരാകാശ പേടകത്തിന്‍റെ അകം എങ്ങനിരിക്കും, തുമ്പിയുടെ ജീവചക്രംഎന്താണ്, എന്നിങ്ങനെ കുട്ടികളുടെ ഏത് കൗതുകത്തിനും ഉത്തരം ഇന്ന് ആപ്പുകളായി, യൂട്യൂബ് വിഡിയോകളായി, ചാനൽ പരിപാടികളായി ദൃശ്യമാധ്യമങ്ങളിൽ ധാരാളമാണ്. കുട്ടികൾക്കായി പ്രത്യേകം നെയ്‌തെടുക്കുന്ന ഈ ദൃശ്യവിരുന്നുകളിൽ പക്ഷെ, മനപ്പൂർവമായ ഒരു മയപ്പെടുത്തലുണ്ട്. ഇവയിലൊന്നും ഇല്ലാത്ത കാഴ്ചയുടെ തീവ്രത കൊണ്ട് തന്നെയാവണം ഡോക്യൂമെന്‍ററികൾ കുട്ടികൾക്ക് പ്രിയപ്പെട്ടതായി തീരുന്നത്. മുഴുവനായി ഗ്രഹിച്ചിട്ടല്ലെങ്കിലും മുതിർന്നവരുടെ കാഴ്ചകളിലേക്ക് ഇടയ്ക്കൊന്ന് പാളി നോക്കുന്നത്, എടുത്താൽ പൊങ്ങാത്ത വാക്കുകളും തത്ത്വങ്ങളും കേൾക്കുന്നത്, അവർക്കിഷ്ടമാണ്. അതും വിദ്യാഭ്യാസമാണ്. യാഥാർഥ്യത്തിന് വല്ലാത്ത പുകച്ചിലും നീറ്റലുമാണ് . അവരവരുടെ സാമൂഹിക സാമ്പത്തിക വിശേഷാധികാരങ്ങൾ അനുവദിക്കുന്ന അത്രയും കാലം മാതാപിതാക്കൾ കുട്ടികളെ അതിൽ നിന്നൊക്കെ പൊതിഞ്ഞു പിടിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അവരുടെ ലോകം കഥകളും പാട്ടുകളും കളിപ്പാട്ടങ്ങളും ജ്വലിത വർണ്ണങ്ങളും കൊണ്ട് നിറച്ചു കൊണ്ടേ ഇരിക്കും. പക്ഷെ മെല്ലെ മെല്ലെ അച്ഛനും അമ്മയ്ക്കും അപ്പുറത്തെ ലോകത്തേയ്ക്ക് കുട്ടി ഇറങ്ങും. ആ ഇറങ്ങിപ്പോക്കിൽ വലിയ തീരുമാനങ്ങൾ തനിയെ എടുക്കേണ്ടവരാണ്, വലിയ തിരഞ്ഞെടുപ്പുകൾ തനിയെ നടത്തേണ്ടവരാണ് കുട്ടികൾ. അന്ന് ശരിയുടെ ഭാഗത്തു നിൽക്കാൻ അവരെ കൂടുതൽ പ്രാപ്തി ഉള്ളവരാക്കി തീർക്കട്ടെ കഥകളും കഥകൾക്കപ്പുറത്തെ കാഴ്ചകളും ആയി നമ്മൾ കൈയ്യിൽ വച്ച് കൊടുക്കുന്നഅനുഭവങ്ങളുടെ തുണ്ടുകൾ.

 

(കുറെ വായിക്കുന്ന കുറച്ചെഴുതുന്ന പ്രവാസയാണ് സ്മിത വള്ളത്തോള്‍)

COMMENTS

COMMENT WITH EMAIL: 0