Homeചർച്ചാവിഷയം

കരുത്തുള്ള കാളി ജീവിതത്തിലും സിനിമയിലും ഫൈറ്റര്‍

സംഘട്ടനം മാഫിയ ശശി എന്നത് മലയാളിക്ക് സുപരിചിതം. എന്നാല്‍ ഇപ്പോള്‍ ഒരു പെണ്‍പേര് കൂടിയുണ്ട്. മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഫൈറ്റ് മാസ്റ്റര്‍ -കാളി.

മാഫിയ ശശിയുടെ അസിസ്റ്റന്‍റായി മാമംഗലം സ്വദേശിയായ കാളി സംഘട്ടനത്തിലേക്ക് എത്തുന്നത് ജീവിതത്തിന്‍റെ സംഘട്ടന വഴികളെ അതിജീവിച്ചാണ്. അനാഥത്വം, ദാരിദ്ര്യം, പീഡനം, ചൂഷണം -ഉദ്വേഗജനകമായ സിനിമാക്കഥയെക്കാള്‍ വെല്ലുന്ന ജീവിതമാണ് കാളിക്കുള്ളത്.

വ്യക്തി ജീവിതത്തിന്‍റെ തീനോവുകളില്‍ നിന്ന് ആര്‍ജിച്ച കരുത്തുമായാണ് സിനിമായി ടത്തില്‍ കാളിയെത്തുന്നത്.
സ്ത്രീകളുടെ അവസരങ്ങള്‍ പൊതുവേ കുറവായ സിനിമയില്‍ സ്റ്റണ്ട് പോലുള്ള മേഖലയുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ശേഷി / ഊറ്റം എന്നിവ പുരുഷന്മാര്‍ക്ക് പതിച്ചു കൊടുത്ത് അതിനനുസരിച്ച് സമൂഹം സജ്ജമാക്കുന്ന വ്യവസ്ഥയില്‍ ഒരു സ്ത്രീക്ക് ഈ തൊഴില്‍ മേഖലയിലെത്താന്‍ സ്വന്തം മനോബലം മാത്രമാകും കൈമുതല്‍. സ്റ്റണ്ട് മാസ്റ്റേഴ്സ് യൂണിയനില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം പോലും അനുവദിക്കപ്പെടുന്നില്ല. പെണ്ണുങ്ങളോ എന്ന് പരിഹാസവും അവഗണനയും ചൊരിയുന്ന മുഖങ്ങള്‍ക്കു മുന്നില്‍ കഴിഞ്ഞ 10 വര്‍ഷമായി കാളി തലയുയര്‍ത്തി പൊരുതുന്നു.


സ്റ്റണ്ട് എന്നാല്‍ അടിപിടി മാത്രമല്ല. ചലഞ്ചുള്ള നിരവധി ആക്ഷനുകള്‍ അതിന്‍റെ ഭാഗമാണ്.അപകടം പിടിച്ച പലതും നായകരല്ല ചെയ്യുന്നതെന്ന് അറിയാമെങ്കിലും ഡ്യൂപ്പിനെ ഓര്‍മിക്കുക കുറവാണ്. ഡ്യൂപ്പായി നിരവധി സിനിമകള്‍ കാളി ചെയ്തിട്ടുണ്ട്. ശ്വേത മേനോനും സനുഷയ്ക്കും ഡ്യൂപ്പായിട്ടുണ്ട്. അപകടങ്ങളും ഉണ്ടായിട്ടുണ്ട്. കഥാപാത്രവിശേഷങ്ങളൊന്നും അറിഞ്ഞില്ലെങ്കിലും സിനിമ കാണുമ്പോള്‍ ഇതു താനാണല്ലോ എന്ന് തിരിച്ചറിയുന്നതാണ് സിനിമയുടെ രീ (നീ)തി! പക്ഷേ കാളി പിന്നോട്ടേക്കല്ല, മുന്നോട്ട് തന്നെയാണ്. വളര്‍ത്തു മാതാപിതാക്കള്‍ പാകപ്പെടുത്തിയ ധന്യയില്‍ നിന്ന് വളര്‍ന്നു കാളിയിലേക്കെത്തിയതുപോലെ..

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തില്‍ മാഫിയാ ശശിയുടെ അസിസ്റ്റന്‍റ് ആയി തുടങ്ങിയ കാളി അമ്പതിലധികം സിനിമകളില്‍ വര്‍ക്ക് ചെയ്തു. അഭിമാനവും സാമ്പത്തിക സ്വയംപര്യാപ്തതയും നല്കിയത് ഈ തൊഴിലിടമാണ് എന്ന് ആത്മവിശ്വാസത്തോടെ പങ്കുവക്കുന്ന കാളി,ജീവിതത്തില്‍ പോരാടാന്‍ ഉറപ്പിച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ്.
തോല്ക്കും.
പിന്നെയും തോല്ക്കാം.
പക്ഷേ പോരാട്ടം നിര്‍ത്താതിരിക്കുക
ജയിക്കുന്ന ദിനം വന്നെത്തുമെന്ന് കാളി.

ഡോ.അനു പാപ്പച്ചന്‍
അധ്യാപിക
എഴുത്തുകാരി
വിമല കോളജ്,തൃശൂര്‍

COMMENTS

COMMENT WITH EMAIL: 0