Homeപെൺപക്ഷം

കര്‍ഷക സമരത്തിന്‍റെ വിജയം ഒരു ചരിത്ര സംഭവം

ഴിഞ്ഞ നവംബറില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മാസങ്ങള്‍ക്കുമുമ്പ് കേന്ദ്ര പാര്‍ലമെന്‍റ് പാസാക്കിയ മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ ആരംഭിച്ച സമരം, ഇന്ന് നരേന്ദ്ര മോദി -അമിത്ഷാ സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പരാജയത്തില്‍ എത്തിനില്‍ക്കുകയാണ്.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന ഭക്ഷ്യ വിതരണ സമ്പ്രദായത്തിന്‍റെ നട്ടെല്ലൊടിക്കുന്നതും ഇന്ത്യയിലെ അംബാനി, അദാനി തുടങ്ങിയ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്‍റെ ഭക്ഷ്യമാര്‍ക്കറ്റ് പൂര്‍ണമായും തീറെഴുതിക്കൊടുക്കുന്നതുമായ ഈ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഐതിഹാസികമായ, താരതമ്യം പോലുമില്ലാത്ത ത്യാഗങ്ങളടങ്ങിയ ധീരവും തുടര്‍ച്ചയായുള്ളതുമായ ദില്ലി ചലോ കര്‍ഷകസമരം നമുക്കൊക്കെ ഒരു പുതിയ തിരിച്ചറിവ് നല്‍കിയിരിക്കുന്നു. നീതിയുക്തമായ, ജനകീയമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ച്ചയായ നിശ്ചയദാര്‍ഢ്യത്തോടു കൂടിയ സമരം ചെയ്താല്‍, അത് നേരിട്ട് ബാധിക്കുന്ന വിഭാഗത്തിന്‍റെ മുഴുവന്‍ ജാതി- മത -ലിംഗ ഭേദമില്ലാത്ത ഒറ്റക്കെട്ടായ പിന്തുണയുണ്ടെങ്കില്‍ ഏത് സേച്ഛാധികാരിയായ ഭരണാധിപനും കീഴടങ്ങേണ്ടി വരുമെന്ന് ഈ സമരം നമ്മെ പഠിപ്പിച്ചു.

2014 മുതല്‍ ഇന്ത്യക്കുമേല്‍ പതിച്ച ആ കൂരിരുട്ടിന്‍റെ കരാളഹസ്തങ്ങള്‍ മനസ്സുറപ്പോടെ തട്ടിമാറ്റി ജനാധിപത്യത്തിന്‍റെ, ജനനീതിയുടെ വെളിച്ചം പരത്താനുള്ള കവാടം തുറക്കാന്‍ ഈ സമരത്തിന് കഴിഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയത്തിനു വേണ്ടിയാണ് ഈ പിന്മാറ്റം മോഡി നടത്തിയതെന്ന് നമുക്കറിയാം. പക്ഷേ, അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തറപറ്റിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്ക്കുകയാണ്. ബംഗാളിലും ഇന്ത്യയിലെ മറ്റിടങ്ങളിലും ഉണ്ടായതു പോലെ ഒരു തിരിച്ചടി നല്‍കാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം.

രണ്ടാം സ്വാതന്ത്ര്യസമരത്തിന്‍റെ ഈ കാഹളം നമ്മള്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ഏറ്റെടുക്കാന്‍ ഇനി ഏറെ താമസം വരില്ല. ഈ സവര്‍ണ്ണ ഹിന്ദുത്വഫാസിസ്റ്റ് ഭരണം അവസാനിപ്പിച്ചേ തീരു. ഇത് നമ്മുടെ നിലനില്പ്പിന്‍റെ പ്രശ്നമാണ്. കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത ബാങ്കിങ്ങ്, റെയില്‍വെ, വ്യോമഗതാഗതം, പെട്രോളിയം ഉല്പന്നങ്ങള്‍, ഇലക്ട്രിസിറ്റി തുടങ്ങിയ എല്ലാ നിര്‍ണായക മേഖലകളും പോലെ ഭക്ഷ്യമേഖല തകര്‍ക്കാനുള്ള തീരുമാനം തകര്‍ത്ത കര്‍ഷക വിപ്ലവ സംഘടനകള്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും!

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0