Homeപെൺപക്ഷം

കര്‍ഷക സമരത്തോടൊപ്പം ചേരുക! നമ്മുടെ നാടിനെ രക്ഷിക്കുക!

അജിത കെ.

ണ്ടു മാസങ്ങളില്‍ അധികമായി ഡല്‍ഹിയിലും ചുറ്റുവട്ടത്തും നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് . നമ്മുടെ രാജ്യത്തിന്‍റെ അന്നദാതാക്കളായ പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ ലക്ഷോപലക്ഷം കര്‍ഷകര്‍ ഡല്‍ഹിയിലെ കൊടും തണുപ്പിലും (ചിലപ്പോള്‍ മൈനസ് ഡിഗ്രി ആണ്) ഇടയ്ക്കിടെ പെയ്യുന്ന മഴയിലും യാതൊരു തരത്തിലും കുലുങ്ങാതെ ആബാലവൃദ്ധം സമരം ചെയ്യുന്നതിനെ, അതും ഈ കോവിഡ് കാലത്ത്, നീചമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കയാണ് നരേന്ദ്ര മോഡി-അമിത്ഷാ ഭരണകൂടം. പതിനൊന്ന് തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒട്ടും തന്നെ അംഗീകരിക്കാതെ ആ ചര്‍ച്ചകള്‍ പൊളിയുന്ന പൊള്ളിക്കുന്ന അനുഭവം നമ്മെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വ്വമാണെന്ന് പറയാതെ വയ്യ. അദാനി – അംബാനി എന്നീ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് കാര്‍ഷിക സമ്പദ്ഘടനയാകെ തീറെഴുതിക്കൊടുക്കാന്‍ വഴിയൊരുക്കുന്ന 3 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചേ തീരൂ എന്നും കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക തന്നെ വേണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ഇന്ത്യയിലെ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണ സമ്പ്രദായത്തെ, എഫ്.സി.ഐ യെ പൂര്‍ണമായും തകര്‍ക്കാന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ള ഈ നിയമങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റാനും ജീവന്‍ നിലനിര്‍ത്താനും നിര്‍ണായക പങ്കുവഹിക്കുന്ന റേഷന്‍ സമ്പ്രദായത്തിന്‍റെ അന്ത്യം കൂടിയായിരിക്കും.
പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില നിര്‍ണയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങിയത് മുതല്‍ കോര്‍പ്പറേറ്റുകളാണ് അവയുടെ വില നിര്‍ണയിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പോലും നമ്മുടെ പെട്രോളിനും ഡീസലിനും നിത്യേനയെന്നോണം വിലകൂടുന്നു. ജനാധിപത്യം ഇവിടെ ഒരു നോക്കുകുത്തി ആയിത്തീരുന്നത് നമുക്ക് പുത്തരിയല്ല . അതുപോലെ തന്നിഷ്ടംപോലെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തി നാട്ടില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി കൊള്ളലാഭത്തിന് ഭക്ഷ്യധാന്യങ്ങള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഈ നിയമങ്ങളിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് കൈവരുന്നു. മാത്രമല്ല നീതിന്യായ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ പോലും ജനങ്ങള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമായി പറയുന്നതാണ് മൂന്നാമത്തെ നിയമം. എന്തിനാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ ഷിംലയില്‍ സംഭവിക്കുന്നത് അറിയുക:
ഷിംലയില്‍ ആപ്പിള്‍ തോട്ടങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ ആപ്പിള്‍ വാങ്ങിയാണ് രാജ്യത്തുടനീളം വിറ്റിരുന്നത്. കച്ചവടക്കാര്‍ക്ക് ചെറിയ വെയര്‍ ഹൗസ് മാത്രമേ ഉള്ളൂ. അദാനിയുടെ കണ്ണ് ഈ കച്ചവടത്തിലായിരുന്നു. ഹിമാചല്‍ പ്രദേശില്‍ ഒരു ബിജെപി സര്‍ക്കാര്‍ ആയതുകൊണ്ട് അവിടെ ഭൂമി എടുക്കുന്നതിനും ബാക്കി പേപ്പര്‍ നടപടിക്കും അദാനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. വ്യാപാരികളുടെ വെയര്‍ ഹൗസിനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് വലുപ്പമുള്ള വലിയ വെയര്‍ ഹൗസ് അദാനി നിര്‍മ്മിച്ചു.
ഇപ്പോള്‍ അദാനി ആപ്പിള്‍ വാങ്ങാന്‍ തുടങ്ങി. കര്‍ഷകരുടെ കയ്യില്‍ നിന്നും ആപ്പിള്‍ വാങ്ങിയിരുന്ന ചെറുകിട വ്യാപാരികള്‍ കിലോക്ക് 20 രൂപ ആണ് നല്‍കിയത്. അദാനി ആപ്പിള്‍ വാങ്ങിയത് കിലോ 22 രൂപക്ക്. അടുത്ത വര്‍ഷം അദാനി കിലോ 23 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ചെറുകിട വ്യാപാരികള്‍ അവിടെ അദാനിയുമായി പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മറ്റു തൊഴിലുകള്‍ തേടിപ്പോയി. അദാനി അവിടെ കുത്തകയായപ്പോള്‍ ആപ്പിളിന് 6 രൂപയാണ് കിലോയ്ക്ക് വില കൊടുക്കുന്നത്. ഇപ്പോള്‍ ചെറുകിട വ്യാപാരികള്‍ ഇല്ല. അവിടെ കിലോ 6 രൂപയ്ക്ക് അദാനിക്ക് ആപ്പിള്‍ വില്‍ക്കാന്‍ കര്‍ഷകന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇപ്പോള്‍ അദാനി ഒരു കിലോ ആപ്പിളിന് 6 രൂപ കര്‍ഷകനില്‍ നിന്ന് വാങ്ങി കിലോയ്ക്ക് 100 രൂപ സ്റ്റിക്കര്‍ ഒട്ടിച്ചു വില്‍ക്കുന്നു.
അതെ, കര്‍ഷകരോടൊപ്പം നമുക്കും ചേരാം ഈ സമരം വിജയിപ്പിച്ചെടുക്കാന്‍. അല്ലെങ്കില്‍ കര്‍ഷകര്‍ മാത്രമല്ല ജനാധിപത്യവും മതേതരത്വവും മറ്റു ഭരണഘടനാ മൂല്യങ്ങളുമെല്ലാം കടലിലേക്കെറിയപ്പെടുന്ന കാലം വിദൂരമല്ല.

 

 

 

 

അജിത കെ.

COMMENTS

COMMENT WITH EMAIL: 0