ആകാശത്തിനുമപ്പുറം സ്വപ്നം കണ്ട്, ആ സ്വപ്നം കൈയെത്തിപ്പിടിച്ച് ലോകമെങ്ങുമുള്ള പെണ്‍കുട്ടികള്‍ക്ക് അളവില്ലാത്ത പ്രചോദനമേകിയ കല്പനാ ചൗള കണ്ണീരോര്‍മ്മയായി മാറിയിട്ട് രണ്ട് പതിറ്റാണ്ട്. ബഹിരാകാശ അനന്തതയിലേക്ക് പറന്നുയര്‍ന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കല്പന. അതിനു മുമ്പ് ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മ മാത്രമാണ്. ഹരിയാനയിലെ കര്‍ണാലില്‍ ജനിച്ച് നാസയുടെ ബഹിരാകാശസംഘത്തില്‍ അംഗമായി കല്പന കൈയെത്തിപ്പിടിച്ച വിസ്മയ നേട്ടങ്ങളുടെ തിളക്കം കാലമെത്ര കഴിഞ്ഞാലും മങ്ങില്ലെന്നുറപ്പ്.
1962 മാര്‍ച്ച്-17 ന് ഹരിയാനയിലെ കര്‍ണാലില്‍ ബനാറസി ലാല്‍ ചൗളയുടെയും സന്‍ജ്യോതി ചൗളയുടെയും നാലു മക്കളില്‍ ഇളയ കുട്ടിയായിട്ടാണ് കല്പനയുടെ ജനനം. മൂന്നു വയസ്സുള്ളപ്പോള്‍ത്തന്നെ ആകാശത്തു വിമാനങ്ങള്‍ പറക്കുന്നത് കൗതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നു കുഞ്ഞു കല്പന. ചിറകടിച്ചു പറക്കുന്ന പക്ഷികളും ആ പെണ്‍കുട്ടിയെ ഏറെ ആകര്‍ഷിച്ചു. കുറച്ചു കൂടി വളര്‍ന്നപ്പോള്‍ അനന്തവിഹായസ്സിന്‍റെ വിസ്മയങ്ങളിലേക്ക് തനിക്കും പറന്നുയരണമെന്ന ആഗ്രഹത്തിനു ചിറകുകള്‍ മുളച്ചു.
കര്‍ണാലിലെ ടാഗോര്‍ സ്ക്കൂള്‍, പഞ്ചാബ് എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കല്പന യു.എസ്സിലേക്ക് പോവുകയും ടെക്സാസ് സര്‍വ്വകലാശാലയില്‍ നിന്നും 1984-ല്‍ എയ്റോസ്പേസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ചെയ്തു. അതിനിടെ വൈമാനിക പരിശീലകനായ ജീന്‍ പിയറി ഹാരിസണെ കല്പന ജീവിതപങ്കാളിയുമാക്കി. 1988-ല്‍ കൊളറാഡോ സര്‍വ്വകലാശാലയില്‍ നിന്നും എയ്രോസ്പേസ് എഞ്ചിനീയറിങ്ങില്‍ ഡോക്റ്ററേറ്റും നേടി. അതേ വര്‍ഷം തന്നെ നാസയുടെ എമിസ് റിസര്‍ച്ച് സെന്‍ററില്‍ ഗവേഷകയായി ചേര്‍ന്ന കല്പനയുടെ ഗവേഷണ മേഖല കമ്പ്യൂട്ടേഷണല്‍ ഫ്ലൂയിഡ് ഡൈനാമിക്സ് ആയിരുന്നു.1994-ല്‍ ആണ് കല്പനയുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കിക്കൊണ്ട് നാസ അവരെ ബഹിരാകാശപ്പറക്കലിനുള്ള ആസ്ട്രോനോട്ട് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. കഠിന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ 1996-ല്‍ എസ്.ടി.എസ്-87 ദൗത്യത്തില്‍ മിഷന്‍ സ്പെഷ്യലിസ്റ്റ് ആയും റോബോട്ടിക് ആം ഓപ്പറേറ്റര്‍ ആയും നിയമിതയായി.
എസ്.ടി.എസ് -87 ദൗത്യത്തിന്‍റെ ഭാഗമായി 1997 നവംബര്‍ 19 ന് കൊളംബിയ പേടകത്തില്‍ അഞ്ച് ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം കല്പന പറന്നുയര്‍ന്നത് തന്‍റെ എക്കാലത്തെയും വലിയ സ്വപ്നത്തിലേക്ക് തന്നെയായിരുന്നു. ബഹിരാകാശത്തെ ഭാരമില്ലായ്മ ശരീരത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനം, സൂര്യന്‍റെ ബാഹ്യപാളികളെക്കുറിച്ചുള്ള പഠനം എന്നിവയായിരുന്നു 15 ദിവസം നീണ്ട ബഹിരാകാശ ദൗത്യത്തിന്‍റെ ലക്ഷ്യങ്ങള്‍. ഇതിനായി നിര്‍മ്മിച്ച സ്പാര്‍ട്ടന്‍ എന്ന ഉപഗ്രഹത്തിന്‍റെ ഭ്രമണപാതയില്‍ പിഴവ് സംഭവിച്ചപ്പോള്‍ മറ്റ് രണ്ട് ആസ്ട്രോനോട്ടുകള്‍ക്ക് അത് പരിഹരിക്കാന്‍ സ്പേസ് വോക്ക് നടത്തേണ്ടിവന്നു. ഈ പിഴവിന്‍റെ കാരണം ആദ്യം കല്പനയുടെ മേല്‍ ആരോപിക്കപ്പെട്ടെങ്കിലും അന്വേഷണത്തിനൊടുവില്‍ സോഫ്റ്റ്വെയര്‍ ഇന്‍റര്‍ഫേസിലെ പിഴവാണ് ഇതിനു കാരണമായതെന്ന് നാസ കണ്ടെത്തുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു.
കല്പനയുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായി 2000-ല്‍ നാസ വീണ്ടും അവരെ ബഹിരാകാശദൗത്യസംഘത്തിലേക്ക് തെരഞ്ഞെടുത്തു. എസ്.ടി.എസ്-107 എന്ന ദൗത്യമായിരുന്നു അത്. അങ്ങനെ 2003 ജനുവരി 16 ന് മറ്റ് ആറു ബഹിരാകാശ യാത്രികര്‍ക്കൊപ്പം കൊളംബിയ പേടകത്തില്‍ കല്പന വീണ്ടും അനന്ത വിഹായസ്സിലേക്ക് പറന്നുയര്‍ന്നു. സുപ്രധാനമായ ഈ ശാസ്ത്ര ഗവേഷണ ദൗത്യത്തില്‍ എണ്‍പതോളം പരീക്ഷണങ്ങള്‍ അവര്‍ ബഹിരാകാശത്തു പൂര്‍ത്തിയാക്കി. എന്നാല്‍ കൊളംബിയ പേടകത്തിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ലോകത്തെ കണ്ണീരണിയിച്ച ദുരന്തയാത്രയായി മാറുകയായിരുന്നു. 2003 ഫെബ്രുവരി 1-ന് ഭൂമിയിലേക്കുള്ള മടക്കയാത്രയില്‍ ലാന്‍ഡിങ്ങിനു വേറും 16 മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ കൊളംബിയ പേടകം തകര്‍ന്ന് കല്പനയടക്കം ഏഴു ബഹിരാകാശ യാത്രികരുടെയും ജീവന്‍ പൊലിഞ്ഞു.
കല്പനയോടുള്ള ബഹുമാനാര്‍ഥം ഇന്ത്യയുടെ മെറ്റ്സാറ്റ് എന്ന കാലാവസ്ഥാ ഉപഗ്രഹത്തിന് കല്പന-1 എന്ന് പുനര്‍നാമകരണം നടത്തിയിട്ടുണ്ട്. അതിരുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് എന്നുമൊരു മാതൃക തന്നെയാണ് കല്പനാ ചൗള.
COMMENTS