Homeചർച്ചാവിഷയം

കലാവിദ്യാര്‍ത്ഥിനിയില്‍ നിന്ന് കലാകാരിയിലേക്കുള്ള സാമൂഹിക ദൂരം

ലാവിദൃാഭൃാസത്തിലെ ലിംഗപൗരത്വം സാമൂഹൃജീവിതത്തില്‍ പൊതുവേ കാണുന്ന ലിംഗവിവേചനത്തിന്‍റെ പല സ്വഭാവങ്ങളും പേറുമെങ്കിലും അതിന്‍റെ നേര്‍ പ്രതിഫലനമല്ല. കാരണം, ആധുനികകല എന്ന വൃവഹാരം നല്‍കുന്ന ഒരു വിമോചകസ്വഭാവം പലപ്പോഴും ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ ഒരു ബാഹൃലക്ഷണമായിട്ടെങ്കിലും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഓരോ വിദൃാര്‍ത്ഥിനിയും ആന്തരികമായ ഒരു അന്വേഷണത്തിലേക്ക് എത്തിപ്പെടാന്‍ വേണ്ടി സ്വന്തം ശീലങ്ങളില്‍ പുറമേക്കു കാണും വിധം തന്നെ വലിയ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കപ്പെടും.
ഇരുപതാം നൂറ്റാണ്ടില്‍ ഗവ. ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആണരശുമേഖലകളായിരുന്നു എന്നതൊരു വാസ്തവമാണ്. കായികശേഷി കൂടുതല്‍ വേണ്ടതായ ശില്‍പ്പകല തിരഞ്ഞെടുത്തവരുടെ എണ്ണം കൈവിരലിലൊതുങ്ങും, നൂറ്റാണ്ടാകെ പരതിയാലും. കൊളോണിയല്‍ ആര്‍ട്ട് സ്ക്കൂള്‍ മാതൃകയില്‍ കൈത്തൊഴില്‍, സുകുമാരകല എന്നിങ്ങനെ കോഴ്സുകള്‍ വിവേചിച്ചുനിന്ന കാലമുണ്ടായിരുന്നു. അന്നത്തെ ഗ്രൂപ്പ് ഫോട്ടോകളില്‍ വിദൃാര്‍ത്ഥിനികളെ കാണുകയും ചെയ്യും. പക്ഷേ മികച്ച കുടുംബിനിയാകാനുള്ള തുന്നല്‍വേലയാണ് പലരുടെയും പഠനവിഷയമെന്നു കാണാം. എണ്ണച്ചായവിദൃയൊക്കെ ആണുങ്ങള്‍ക്കായിരുന്നു. പെണ്‍കുട്ടികളും സ്വാംശീകരിച്ചിരുന്ന ഇത്തരം വിവേചനങ്ങള്‍ ഇന്ന് അവസാനിച്ചു.
ഏകദേശം 2010നു ശേഷം കേരളത്തിലെ ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം താരതമേൃന വര്‍ദ്ധിച്ചിട്ടുണ്ട് എന്ന കാരൃം ആശാവഹമാണ്. എന്നിട്ടും വിദൃാര്‍ത്ഥിനികളെ ‘കലാകാരികള്‍’ ആക്കുന്ന സാമൂഹിക പ്രക്രിയ വളരെ ശോഷിച്ച ഒന്നാണ്.

സി.എസ്.ചന്ദ്രികയുടെ പ്രണയകാമസൂത്രത്തിന് കവിത ബാലകൃഷ്ണന്‍ വരച്ചത്

കലാവിദൃാഭൃാസസ്ഥാപനം പൊളിച്ചെഴുതിയ വൃക്തിത്വവുമായി പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ പലരും ആ പരിണാമത്തിന് സഹായകമായ ഒരു സാമൂഹിക പിന്തുണ നേടാന്‍ പ്രയാസപ്പെടുന്നു.
ഈയടുത്ത് കേരളചരിത്രത്തിലാദൃമായി ഒരു ദൃശൃകലാകാരിക്കൂട്ടായ്മ ഉണ്ടായി. (Collective of Women in Visual Art). നിലവില്‍ അതൊരു വാട്സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ്. കോവിഡുകാലത്ത് രൂപമെടുത്തത്. പക്ഷേ ഈ കൂട്ടായ്മ കൂട്ടായി ചര്‍ച്ച ചെയ്ത് ഗവണ്‍മെന്‍റില്‍ സമര്‍പ്പിച്ച ഒരു മെമോറാണ്ടമുണ്ട്. ‘കലാകാരി’യുടെ സമകാലിക സാമൂഹിക സാഹചരൃങ്ങളെപ്പറ്റി അതില്‍ പറയുന്ന കാരൃങ്ങളിങ്ങനെയാണ് :
ഈ സമൂഹത്തിലെ കനത്ത സ്ത്രീവിവേചനത്തെ അതിജീവിക്കുന്ന കലാകാരികളുടെ സംഖ്യ 150നു താഴെ മാത്രമേ ഉള്ളൂ. അതില്‍തന്നെ കലയെ ഒരു മുഴുവന്‍ സമയ പ്രവൃത്തിയായിക്കണ്ട് സ്റ്റുഡിയോ പ്രാക്ടീസ് ചെയ്യുന്നവര്‍ നാല്‍പതോളവും വരും. ഇതില്‍ തന്നെ സ്വന്തം കല വിപണനം ചെയ്ത് സ്വയം പര്യാപ്തരായി ജീവിക്കാന്‍ സാധിക്കുന്നവര്‍ 20നു താഴെയേ വരൂ. ഇതിന് ഞങ്ങള്‍ക്ക് വ്യക്തമായി കാണാവുന്ന ചില കാരണങ്ങളുണ്ട്.
ഏറ്റവും മുഖ്യമായിട്ടുള്ളത് പൊതുജീവിതത്തില്‍ സ്ത്രീയുടെ വ്യക്തിവികാസത്തിന് അനുകൂലമായ പങ്കാളിത്തമില്ല. അതിനാല്‍ത്തന്നെ കലയുമായി ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലും തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള അധികാരവുമില്ല. കലാ മേഖല പൊതുവേ പിന്തുടരുന്നത് പാരമ്പര്യമായ രീതിയിലുള്ള അധികാര ഘടന (പുരുഷാധികാര കേന്ദ്രീകൃതം) തന്നെയാണ്. സര്‍ഗ്ഗാത്മകമായ അന്വേഷണങ്ങളുള്ള സ്വതന്ത്ര ബുദ്ധിയായ സ്ത്രീക്കുമേല്‍ സമൂഹം ബോധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന, സദാചാര പ്രശ്നങ്ങളാല്‍ നിരന്തരം വേട്ടയാടുന്ന ജീവിതവും പുരുഷകേന്ദ്രീകൃത മൂല്യങ്ങളാല്‍ ശ്വാസം മുട്ടിക്കുന്ന ഗാര്‍ഹിക ജീവിതവും കര്‍മരംഗത്ത് നിരന്തരം പാര്‍ശ്വവല്‍ക്കരണ- അദൃശ്യവത്കരണ-നിശ്ശബ്ദവല്‍ക്കരണതന്ത്രങ്ങളുടെ പ്രയോഗങ്ങള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ന് നിലകൊള്ളുന്ന മൂല്യവ്യവസ്ഥയില്‍ തികച്ചും സങ്കുചിതമായൊരു ‘കുടുംബിനി’ നിര്‍വചനത്തില്‍ മാത്രമായി ഒതുങ്ങാതെ ഏതു തുറയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, കൃത്യമായ സാമൂഹിക പിന്തുണയില്ലാത്തതിന്‍റെ പേരില്‍ സ്വയം ഒതുങ്ങുകയോ ഒതുക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ട്.

 

 

 

 

 

കവിത ബാലകൃഷ്ണന്‍
ചിത്രകാരി, കലാനിരൂപക

 

 

 

COMMENTS

COMMENT WITH EMAIL: 0