Homeചർച്ചാവിഷയം

കലാസംവിധാനത്തിലെ പെണ്‍കരുത്ത്

No photo description available.

മൂഹത്തിലെ പ്രത്യയശാസ്ത്രപരമായ താല്‍പര്യങ്ങളുടെയെല്ലാം അടിസ്ഥാനമായി സിനിമ എന്ന മാധ്യമം നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി.മാറുന്ന കാലത്തിന്‍റെ മാറുന്ന മുഖങ്ങള്‍ ആയിരുന്നു സിനിമ എന്നും അനാവരണം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ സിനിമകള്‍ പ്രതിവര്‍ഷം ഇറങ്ങുന്നത് ഇന്ത്യയിലാണ്. പക്ഷേ ഇത്രയധികം സിനിമകള്‍ ഇറങ്ങുന്ന ഇന്ത്യന്‍ സിനിമയില്‍ അഭിനേതാക്കള്‍ക്ക് പുറമേ തിരശ്ശീലക്ക് പിന്നില്‍ നില്‍ക്കുന്ന സ്ത്രീകളുടെ തൊഴിലിടങ്ങളെ കുറിച്ച് നാം ആലോചിക്കുമ്പോള്‍ വളരെ ചുരുക്കം മുഖങ്ങളെ മനസ്സിലേക്ക് കടന്നു വരാറുള്ളൂ. നായകന്‍റെ കീഴില്‍ നില്‍ക്കുന്ന നായിക കഥാപാത്രങ്ങളും സംവിധായകന്‍റെ കീഴില്‍ നില്‍ക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തെയും പ്രതിനിധാനം ചെയ്യുന്ന സിനിമകളില്‍ നിന്ന് കുറച്ചു മുന്നോട്ടു വന്നിട്ടുണ്ട് ഇന്ത്യന്‍ സിനിമയും അതില്‍ ഉള്‍ക്കൊള്ളുന്ന മലയാള ചലച്ചിത്ര മേഖലയും.
മലയാള സിനിമയിലേക്ക് കടക്കുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ശക്തമായ ഒരു പോരാട്ടം നടത്തുന്ന കാഴ്ച നമുക്ക് ദൃശ്യമാണ്. അഭിനയരംഗത്ത് മാത്രമല്ല പുരുഷന്‍റെ കുത്തകയായിരുന്ന മലയാള സിനിമയിലെ സംവിധാനം,നിര്‍മ്മാണം, കലാസംവിധാനം, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങി മറ്റു മേഖലകളിലേക്ക് തങ്ങളുടെ കഴിവുകളെ വ്യാപിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സാങ്കേതിക മേഖലകളിലെ സ്ത്രീസാന്നിധ്യം മലയാള സിനിമയില്‍ ശുഷ്കമാണെങ്കില്‍ കൂടി പോലും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയായി ചലച്ചിത്ര മേഖല ഇന്ന് മാറിക്കഴിഞ്ഞു.ശര്‍മിഷ്ഠ റോയ് (കലാസംവിധാനം), അഞ്ജലി ശുക്ല( ഛായാഗ്രഹണം),ഭാനു ആദിത്യ (വസ്ത്രാലങ്കാരം) തുടങ്ങിയ ക്യാമറക്ക് പിന്നിലുള്ള പ്രശസ്തരായ സ്ത്രീ സാന്നിധ്യത്തിലേക്ക് കടന്നുവന്ന മലയാള സിനിമയിലെ പെണ്‍കരുത്താണ് ദുന്ദു രഞ്ജീവ്.

An arty love story

കണ്ണൂര്‍ സ്വദേശിനിയായ ദുന്ദു ചിത്രകാരനായ അച്ഛന്‍റെ കയ്യില്‍ ചേര്‍ത്ത പെന്‍സില്‍ കൊണ്ടാണ് മലയാള സിനിമയുടെ വര്‍ണ്ണ ലോകത്തേക്ക് പ്രവേശിക്കുന്നത്. സെന്‍റ് ജോസഫ് കോളേജ് ബാംഗ്ലൂരില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ അവസാന വര്‍ഷ ബിരുദ കോഴ്സ് ചെയ്യുമ്പോഴാണ് ആദ്യമായി കലാസംവിധാന രംഗത്തേക്ക് ദുന്ദു കടന്നുവരുന്നത്.’ദി അദര്‍ ലവ് സ്റ്റോറി’ എന്ന വെബ് സീരീസ് ആണ് ആദ്യ സ്വതന്ത്ര സംരംഭമെങ്കിലും ഇന്‍റെന്‍ഷിപ്പ് സമയത്ത്’ ജൂനുസ് മുഹമ്മദ് സംവിധാനം ചെയ്ത ഹണ്‍ഡ്രഡ് ഡേയ്സ് ഓഫ് ലവ്’ എന്ന സിനിമയില്‍ കലാസംവിധായകന്‍ അജയ് മാങ്ങാടിന്‍റെ സഹായി ആയിട്ടാണ് ദുന്ദു മലയാള സിനിമയില്‍ തുടക്കമിടുന്നത്. തുടര്‍ന്ന് റോക്ക് സ്റ്റാര്‍,മെക്സിക്കന്‍ അപാരത എന്നീ സിനിമകളിലും കലാ സംവിധാന സഹായിയായി തുടര്‍ന്നുപോന്നു. മെക്സിക്കന്‍ അപാരതയില്‍ കലാസംവിധായകന്‍ നിമേഷ് പാനൂരിന്‍റെ അസിസ്റ്റന്‍റ് ആയി വര്‍ക്ക് ചെയ്തത് സിനിമ മേഖലയില്‍ ദുന്ദുവിന് തന്‍റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നതിനുള്ള ആദ്യപടിയായിരുന്നു. ഉമാ കുമരപുരത്തിന്‍റെ ‘എക്രോസ് ഓഷ്യന്‍’ എന്ന ദ്വിഭാഷ ചിത്രത്തില്‍ സ്ത്രീകള്‍ മുഖ്യ കഥാപാത്രമായ ചിത്രത്തിന്‍റെ പശ്ചാത്തലം ഒരുക്കാന്‍ സ്ത്രീ തന്നെ വേണമെന്ന സംവിധായക താല്‍പര്യവും ദുന്ദുവിന്‍റെ കരിയറില്‍ വഴിത്തിരിവായി മാറി.

അത്രക്ക് എളുപ്പമായിരുന്നില്ല സിനിമയില്‍ ദുന്ദുവിന്‍റെ ആദ്യകാലങ്ങളില്‍ ഉള്ള യാത്ര. സിനിമയുടെ തിരശ്ശീലക്ക് പിന്നില്‍ കടന്നുവരുന്ന ഏതൊരു സ്ത്രീയും അനുഭവിച്ചതുപോലെതന്നെ കലാ സംവിധാന രംഗത്തേക്ക് കടന്നു വന്നപ്പോള്‍ പ്രോത്സാഹനത്തെക്കാളും അവഗണനകള്‍ ഒരു സ്ത്രീയെന്ന നിലയില്‍ ദുന്ദുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ സംഭവിക്കുന്ന പല പാക പിഴകള്‍ക്കും തന്‍റെ കുറ്റം അല്ലാതിരുന്നിട്ട് പോലും മറ്റുള്ളവരുടെ കണ്ണില്‍ തെറ്റിദ്ധരിക്കപ്പെട്ട പല സന്ദര്‍ഭങ്ങളും ദുന്ദു നേരിട്ടിട്ടുണ്ട്. തന്‍റെ മുന്നിലേക്ക് കടന്നുവന്ന ഇത്തരം സമീപനങ്ങളെ വാശിയോടെ എടുത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു ഊര്‍ജ്ജമാക്കി അവയെ മാറ്റി. ഒരു സ്ത്രീ എന്ന നിലയില്‍ സിനിമയുടെ ആഖ്യാനത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുരുഷ രാഷ്ട്രീയത്തെ തന്‍റെ കഴിവുകളാല്‍ ചോദ്യം ചെയ്ത ഒരു വ്യക്തിയാണ് ദുന്ദു. പുരുഷമേല്‍ക്കോയ്മയില്‍ നിലനിന്നിരുന്ന കലാസംവിധാനരംഗത്തില്‍ ഒരു സ്ത്രീക്ക് തന്‍റെ കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന സമൂഹത്തിന്‍റെ കാഴ്ചപ്പാടിനെ പൊളിച്ചടുക്കുകയാണ് ഈ കലാകാരി ചെയ്തത്.

King Fish | കിംഗ് ഫിഷ് - Mallu Release | Watch Malayalam Full Movies

ഏതു തൊഴിലിടങ്ങളിലും സമത്വം വേണം എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ സ്ത്രീകളും. പക്ഷേ പല സന്ദര്‍ഭങ്ങളിലും ഈ സമത്വം നമുക്ക് ലഭിക്കുന്നില്ല എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. പ്രത്യേകിച്ച് വേതനത്തിന്‍റെ കാര്യത്തില്‍. പക്ഷേ സിനിമയിലെ കലാസംവിധാനരംഗത്ത് പുരുഷന്‍റെ മേല്‍ക്കോയ്മ നില നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പോലും പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഒരു അസമത്വവും ദുന്ദുവിന് നേരിടേണ്ടി വന്നട്ടില്ല. മറിച്ച് തങ്ങളുടെ കഴിവിനനുസരിച്ച് വര്‍ദ്ധിച്ചുവരുന്ന പ്രതിഫലവും, കലാസംവിധായികക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന മികച്ച സംവിധായകരുടെ കൂടെ സേവനമനുഷ്ഠിക്കാന്‍ സാധിച്ചതും തന്‍റെ ഭാഗ്യമായിട്ടാണ് ദുന്ദു കരുതുന്നത്.

കലാസംവിധാന രംഗത്ത് മാത്രമല്ല പ്രൊഡക്ഷന്‍ ഡിസൈനര്‍,അഭിനയം എന്നിങ്ങനെ സിനിമകളുടെ വ്യത്യസ്ത മേഖലകളിലുള്ള പലതരം സാധ്യതകളെ സ്ത്രീ സമൂഹത്തിലേക്ക് എത്തിക്കുവാന്‍ ദുന്ദുവിന് സാധിച്ചിട്ടുണ്ട്. ഗൗതമന്‍റെ രഥം,ഓപ്പറേഷന്‍ ജാവ, പെന്‍ഡുലം, കിംഗ് ഫിഷ്,ലില്ലി,പത്മ തുടങ്ങി ഒട്ടനവധി സിനിമകളില്‍ കലാസംവിധായികയായും ‘പവിയേട്ടന്‍റെ മധുര ചൂരല്‍’എന്ന സിനിമയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയും ലില്ലിയിലെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയും ഗൗതമിന്‍റെ രഥം, ഓപ്പറേഷന്‍ ജാവ എന്നിവയില്‍ അഭിനേത്രിയായും സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങി നില്‍ക്കുകയാണ് ദുന്ദു രഞ്ജീവ്.സിനിമക്ക് പുറമേ ഭീമ, മലബാര്‍ ഗോള്‍ഡ്, ഡാബര്‍, ഗൂഗിള്‍ പേ തുടങ്ങിയ പരസ്യ ചിത്രങ്ങളും ദുന്ദുവിന്‍റെ കലാസംവിധാനത്തിലെ മികവിനെയാണ് ചൂണ്ടിക്കാട്ടുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ ശ്രീ മോഹന്‍ലാല്‍ പറഞ്ഞതുപോലെ ‘ മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞാന്‍ സഞ്ചരിക്കും’-ഇത്തരം സഞ്ചാരത്തിലൂടെ തന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുകയാണ് ദുന്ദു ചെയ്തത്. ഒപ്പം ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങുന്ന മങ്ങലേറ്റ പല സ്ത്രീഹൃദയങ്ങള്‍ക്കും തൊഴില്‍ സാധ്യതകളുടെ ഒരു വര്‍ണ്ണനാ ലോകം സൃഷ്ടിച്ചെടുക്കുവാന്‍ ഈ കലാസംവിധായകക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെ തന്‍റെ തൊഴിലിടങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീ സമൂഹത്തിന് ഒരു പ്രതീക്ഷയുടെ കിരണമാണ് ദുന്ദു എന്ന കലാസംവിധായിക പകര്‍ന്നു നല്‍കിയത്.

ദുന്ദു രഞ്ജീവ് രാധ
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി. ഡോ. രഞ്ജീവ് , ഡോ. രാധ എന്നിവരുടെ മകളായി ജനനം. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം മംഗളൂരുവില്‍ യോഗ & നാച്ചുറോപ്പതി കോഴ്സിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല പകരം തിരുവനന്തപുരം ടൂണ്‍സ് അക്കാഡമിയില്‍ നിന്നും ആനിമേഷന്‍ കോഴ്സ് പഠിച്ചു. ശേഷം സെന്‍റ് ജോസഫ് കോളേജ് ബംഗളൂരുവില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍സില്‍ ബിരുദം നേടി. ബംഗളൂരില്‍ ബിരുദത്തിന്‍റെ അവസാനം തന്നെ മലയാള സിനിമയില്‍ കലാസംവിധാന മേഖലയില്‍ തുടക്കമിട്ടു. ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയുടെ കലാ സംവിധാന സഹായി ആയിട്ടാണ് ദുന്ദു മലയാള സിനിമയില്‍ തുടക്കമിടുന്നത്. തുടര്‍ന്ന് റോക്ക് സ്റ്റാര്‍, മെക്സിക്കന്‍ അപാരത തുടങ്ങിയ സിനിമകളിലും കലാ സംവിധാനത്തില്‍ സഹായി ആയി പ്രവര്‍ത്തിച്ചു. The other love story എന്ന ടിവി സീരീസിലാണ് ആദ്യമായി സ്വതന്ത്ര കലാസംവിധാനം നിര്‍വ്വഹിക്കുന്നത്.

കലാസംവിധാനം
പത്മ(2022)
ഓപ്പറേഷന്‍ ജാവ (2021)
പെന്‍ഡുലം (2021)
കിംഗ് ഫിഷ് (2020)
ഗൗതമന്‍റെ രഥം (2020)
ലില്ലി(2018)
അസിസ്റ്റന്‍റ് ആര്‍ട്ട് ഡയറക്ഷന്‍
ഒരു മെക്സിക്കന്‍ അപാരത (2017)
100 ഡേയ്സ് ഓഫ് ലവ് (2015)
റോക്ക്സ്റ്റാര്‍ (2015)
അസിസ്റ്റന്‍റ് ഡയറക്ടര്‍
പവിയേട്ടന്‍റെ മധുരച്ചൂരല്‍ (2018)
പ്രൊഡക്ഷന്‍ ഡിസൈനര്‍
ലില്ലി(2018)
അഭിനയിച്ച സിനിമകള്‍
പത്മ (2022)
ഓപ്പറേഷന്‍ ജാവ (2021)
ഗൗതമന്‍റെ രഥം (2020)
അവാര്‍ഡുകള്‍
ബെസ്റ്റ് ആര്‍ട്ട് ഡയറക്ടര്‍ അവാര്‍ഡ്(2018)

അനു വി.എസ്.
റിസര്‍ച്ച് സ്കോളര്‍, വിമല കോളജ്, തൃശൂര്‍

COMMENTS

COMMENT WITH EMAIL: 0