കടപ്പുറത്തെ കുടുംബമെന്നാല്‍ മദ്യപിച്ചും ചീട്ടു കളിച്ചും കുടുംബം നോക്കാതെ നടക്കുന്ന ആണുങ്ങള്‍ തെറി പറയുന്ന ‘ചാള മേരി’യെ പോലെയുള്ള പെണ്ണുങ്ങള്‍, വിദ്യാഭ്യാസമില്ലാത്ത ദുശ്ശീലങ്ങള്‍ ഉള്ള മക്കളൊക്കെയുള്ള കുടുംബമാകണം എന്നൊരു വാശി കേരളത്തിലെ പൊതുബോധത്തിനും, ഇവിടുത്തെ ദൃശ്യ മാധ്യമങ്ങള്‍ക്കും ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. മത്സ്യതൊഴിലാളി കുടുംബങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണം നിങ്ങള്‍ സൂക്ഷിക്കാത്തത് കൊണ്ടല്ലേ?,കിട്ടുന്ന പൈസയൊക്കെ നിങ്ങള്‍ കുടിച്ചും, നിക്ഷേപങ്ങള്‍ക്ക് മാറ്റാതെ ചിലവാക്കി കളയുന്നത് കൊണ്ടല്ലേ എന്ന ചോദ്യങ്ങള്‍ നേരിട്ട് കെട്ടിട്ടുമുണ്ട്. മറ്റു തദ്ദേശീയ (ഇന്‍ഡിജീനിയസ്) സമൂഹങ്ങളെ പോലെ തന്നെ മത്സ്യതൊഴിലാളി സമൂഹങ്ങള്‍ക്കും തനതായ സാമൂഹിക അവസ്ഥയും ജീവിത രീതികളും ചുറ്റുപാടുമാണ് ഉള്ളത്. തൊഴില്‍ സംബന്ധമായ സമാനതകള്‍ ഉള്ളപ്പോഴും ഓരോ തീരങ്ങളിലേയും മത്സ്യതൊഴിലാളി സമൂഹത്തിന്‍റെ മതത്തിനും ആചാരങ്ങള്‍ക്കും അനുസരിച്ച് സാമൂഹിക ചുറ്റുപാടിലും ജീവിത രീതിയിലും വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. കടലില്‍ പണിക്ക് പോകുന്ന ഓരോ മത്സ്യതൊഴിലാളിയും കുടുംബം നോക്കാന്‍വേണ്ടി പോകുന്നവരാണ്.വളരെ അപകടകരമായ കാലവസ്ഥ ഉള്ളപ്പോഴും ഗവണ്മെന്‍റ് നിര്‍ദ്ദേശം ലംഘിച്ച് കടലില്‍ പോകുന്നത് കുടുംബത്തെ ഓര്‍ത്താണ്. ലത്തീന്‍ കാത്തോലിക്ക സമുദായത്തില്‍പ്പെട്ട മത്സ്യ തൊഴിലാളി കുടുംബാംഗമെന്ന നിലയില്‍ കടപ്പുറത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് ‘കുടുംബ’മെന്ന സ്ഥാപനത്തിനു പുറത്തൊരു ജീവിതം സാധ്യമല്ലെന്ന് പറയാം. ജനനം മുതല്‍ മരണം വരെ കത്തോലിക്കാസഭാ വിശ്വാസത്തില്‍ ജീവിക്കുന്നവരായത് കൊണ്ട് തന്നെ സഭ പറയുന്ന കുടുംബവ്യവസ്ഥിതികളില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന സമൂഹമാണിത്. Family is family എന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഇതിന് ഉദാഹരണമാണ്.വിശ്വാസ ജീവിതത്തിന്‍റെ ഭാഗമായ മമ്മോദീസ മുതല്‍ മരണാനന്തര കര്‍മ്മങ്ങളില്‍ വരെ കുടുംബമെന്നതിന്‍റെ പങ്ക് വളരെ വലുതാണ്.കുടുംബാംഗങ്ങള്‍ ഒരുമിച്ചു ഇരുന്നുള്ള സന്ധ്യാ പ്രാര്‍ത്ഥനകളും ഒരു പ്രാദേശത്തെ കുറച്ചു കുടുംബങ്ങള്‍ ചേര്‍ന്നുള്ള കുടുംബയൂണിറ്റുകളും ഒക്കെ ആത്മീയ ജീവിതത്തിന്‍റെ എന്നതിലുപരി സാമൂഹിക ജീവിതത്തിന്‍റെ തന്നെ ഭാഗമാണ് ഇവിടെങ്ങളില്‍.അതുകൊണ്ട് തന്നെ കുടുംബ ജീവിതം അല്ലെങ്കില്‍ സന്യാസ ജീവിതം തിരഞ്ഞെടുത്ത് ജീവിക്കാന്‍ ഓരോ വ്യക്തിയും ഇവിടെ നിര്‍ബന്ധിതരാവുന്നു എന്ന് വേണമെങ്കില്‍ പറയാം .
സ്ഥലപരിമിതി മൂലം ഒരു വീട്ടില്‍ തന്നെ രണ്ടും മൂന്നും കുടുംബങ്ങളോ,അഞ്ചില്‍ കൂടുതല്‍ അംഗങ്ങളോ താമസിക്കുന്ന രീതിയാണ് മിക്കവാറും തീരപ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുക. ഇത്തരം വീടുകളില്‍ ഒരാള്‍ക്ക് സ്വന്തമായി ഒരു മുറിയോ, സ്വാകാര്യതയോ, വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയോ, കക്കൂസോ ഉണ്ടായിരിക്കുകയില്ല. വളരെ ചെറിയ സൗകര്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കഴിയുന്ന ഇത്തരം വീടുകളില്‍ സ്ത്രീകളാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍, കൊറോണ, ലോക്ഡൗണ്‍ പോലെയുള്ള സാഹചര്യങ്ങള്‍ ഈ വീടുകളെ എങ്ങനെ ബാധിക്കുമെന്നുള്ളത് കഴിഞ്ഞ കോവിഡ് പ്രതിസന്ധി കാലത്ത് വിശാലമായ എസി മുറികള്‍ ഉള്ള വീടുകളില്‍ ഇരുന്നു പൂന്തുറയിലെ സ്ത്രീകളെ കുറ്റം പറഞ്ഞ കേരള സമൂഹം ചിന്തിക്കുന്നത് നന്നായിരിക്കും. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ ലൈഫ് മിഷന്‍ പോലെയുള്ള പദ്ധതികളില്‍ പ്രതീക്ഷ വെച്ചരിക്കുമ്പോഴും വീണ്ടും കുടുസ് മുറികള്‍ ഉള്ള ഫ്ളാറ്റ് ജീവിതം തന്നെയാണ് ഇവരെ കാത്തിരിക്കുന്നത്.എന്നാല്‍ മത്സ്യ മേഖലയിലെ യന്ത്രവല്‍ക്കരണവും,ഗള്‍ഫ് കുടിയേറ്റവും മൂലം സാമ്പത്തിക പുരോഗതി ഉണ്ടായ ചുരുക്കം ചില തീരദേശങ്ങളില്‍, നാലോ അഞ്ചോ അംഗങ്ങള്‍ ഉള്ള അണുകുടുംബ വ്യവസ്ഥയിലേക്ക് മാറുന്നതായും കാണാം. ഇവിടങ്ങളില്‍ ഉള്ളവര്‍ക്ക് സ്വന്തമായി ഭൂമിയും സൗകര്യമുള്ള വീടുകളും ഉണ്ട് . എല്ലാ സമൂഹങ്ങളെയും പോലെ പുരുഷാധിപത്യ കുടുംബങ്ങളാണെങ്കിലും പൂര്‍ണ്ണമായും ആണ്‍ ഭരണമുള്ള കുടുംബങ്ങളല്ല എന്ന് പറയേണ്ടി വരും. ആണുങ്ങള്‍ കടലില്‍ പോയി കിട്ടുന്ന വരുമാനം (മുഴുവന്‍ /ഒരു ഭാഗം)വീട്ടിലെ കാര്യങ്ങള്‍ക്കായി സ്ത്രീകളെ ഏല്പിക്കുന്ന ശീലം കാലങ്ങളായി തുടരുന്നു. അതായത് വീട്ടിലെ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് സ്ത്രീകളാണ്.കൂടാതെ ഇവിടുത്തെ മിക്കവാറും സ്ത്രീകള്‍ മീന്‍ വില്പന, മീന്‍ ഉണക്കി വില്‍ക്കുക, പീലിംഗ്, തുടങ്ങിയ നിരവധി മത്സ്യബന്ധന അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടു സ്വയം വരുമാനമുള്ളവര്‍ കൂടിയാണ്. മത്സ്യതൊഴിലാളി സമൂഹത്തിലെ സ്ത്രീകള്‍ വീടു നോക്കലും, കുട്ടികളുടെ കാര്യങ്ങള്‍ക്കും പുറമെയാണ് ഈ ജോലികള്‍ കൂടി ചെയ്യുന്നതെന്ന് ഓര്‍ക്കുക. പലപ്പോഴും വീട്ടിലെ അവസ്ഥയും സാമൂഹിക ചുറ്റുപാടുമാണ് ഇവരെ ഈ ഇരട്ടി പണിയെടുക്കാന്‍ നിര്‍ബന്ധിതിതരാക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. മുന്‍കാലങ്ങളില്‍ വീടിനോട് അടുത്ത് തന്നെയായിരുന്നു ഇത്തരം തൊഴിലില്‍ ഇവര്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ യന്ത്രവല്‍ക്കരണവും മുതലാളിത്തത്തിന്‍റെ കടന്നു കയറ്റവും മൂലം വീടിനടുത്തുള്ള ജോലി സാധ്യത കുറയുകയും വീട്ടു ജോലികള്‍ തീര്‍ത്തതിന് ശേഷം ദൂരെയുള്ള ഇത്തരം തൊഴിലിടങ്ങളിലേക്ക് പോകുന്നവരാണ് ഇന്ന് പല സ്ത്രീകളും. കുടുംബത്തിലെ ബുദ്ധിമുട്ട് മൂലം കുറഞ്ഞ കൂലി സ്വീകരിച്ചു കൊണ്ട് തണുപ്പ് വളരെ കൂടിയ ചുറ്റുപാടുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതി യൂണിറ്റുകളില്‍ ജോലിക്ക് പോകുന്ന സ്ത്രീകളും,ഗള്‍ഫ്, ഇസ്രായേല്‍ പോലെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്ന സ്ത്രീകളും ഇന്ന് തീരപ്രദേശങ്ങളില്‍ ഉണ്ട്. വീട്ടു ജോലികളില്‍ പുരുഷന്‍റെ പങ്കാളിത്തം വളരെ വളരെ കുറവാണ് അല്ലെങ്കില്‍ തീരെ ഇല്ല എന്ന് തന്നെ പറയണം. വീട്ടു ജോലി ചെയ്യുന്ന പുരുഷന്‍ എന്നത് നാണക്കേട് ആയി കരുതുന്ന പുരുഷന്‍മാര്‍ മാത്രം അല്ല സ്ത്രീകളും ഉണ്ട് എന്നതാണ് വാസ്തവം. സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളവരാണ് എങ്കിലും സ്ത്രീകളുടെ വരുമാനം മിക്കവാറും കുട്ടികളുടെ പഠനം,പെണ്‍ കുട്ടികളുടെ വിവാഹം, സ്വര്‍ണം, നിക്ഷേപം പോലെയുള്ള കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് വിനയോഗിക്കുക. അത് പോലെ തന്നെ ‘കുടി ചിട്ടികള്‍’ പോലെയുള്ള സ്ത്രീകള്‍ കൂട്ടായി ചേര്‍ന്ന് നടത്തുന്ന ചില ചെറിയ നിക്ഷേപങ്ങളുമുണ്ട്. മക്കള്‍ തങ്ങളെ പോലെ മത്സ്യതൊഴിലാളിയാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍പേരും.
എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാണ് ഓരോ കുടുംബവും ശ്രമിക്കുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ചു ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം തീരങ്ങളില്‍ കൂടി വരുന്നു. എന്നാല്‍ മുന്‍പ് കുടുംബനാഥന്‍ നോക്കാത്ത വീട് പോറ്റാന്‍,തല ചുമടായി മീന്‍ കൊണ്ട് നടന്നു വില്പന നടത്തി കുടുംബം പോറ്റിയ സ്ത്രീകളുടെ ഇപ്പോഴത്തെ തലമുറ പക്ഷേ ബിരുദവും ബിരുദാനന്തര ബിരുദവും എഞ്ചിനീയറിംഗ് ഡിഗ്രിയും ഉണ്ടെങ്കിലും ജോലിക്ക് പോകാത്ത പ്രവണത തീര പ്രദേശങ്ങളില്‍ കൂടുതലാണ്. മറ്റൊന്ന് ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ തങ്ങളെക്കാള്‍ വിദ്യഭ്യാസം കുറഞ്ഞ പുരുഷന്മാരെയാണ് മിക്കവാറും വിവാഹം കഴിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഇന്നും സ്ത്രീധന സമ്പ്രദായം വളരെ ശക്തമായ് നിലനില്‍ക്കുന്നുണ്ട് എന്നതും അതില്‍ കുടുംബമെന്ന സ്ഥാപനത്തിന്‍റെ പങ്കും എടുത്തു പറയേണ്ട ഒന്നാണ്. കുടുംബത്തിലെ പെണ്‍കുട്ടിയെ വലിയ തുക സ്ത്രീധനവും സ്വര്‍ണവും കൊടുത്തു കല്യാണം കഴിപ്പിച്ചയക്കുക എന്നത് ആ വീട്ടിലെ പിതാവ് /സഹോദരന്‍റെ ചുമതലയായി ആണ് സമൂഹം നോക്കി കാണുന്നത്. പെണ്‍കുട്ടിക്ക് ഉയര്‍ന്ന തുക സ്ത്രീധനം കൊടുക്കുമ്പോള്‍ അത് വീട്ടിലെ ആണുങ്ങളുടെ തന്‍റേടമായും, ഒരു പുരുഷന് ഉയര്‍ന്ന സ്ത്രീധനം കിട്ടുമ്പോള്‍ അത് പുരുഷന്‍റെ യോഗ്യതയുടെ പ്രതിഫലമായും കണക്കാക്കപ്പെടുന്ന പുരുഷാധിപത്യ പ്രകടനങ്ങളാണ് വിവാഹ മാര്‍ക്കറ്റുകള്‍ എന്നതാണ് യാഥാര്‍ഥ്യം. ‘നിന്‍റെ മോക്ക് എത്രാ കൊടുക്കുന്നെ? മോന് എത്ര കിട്ടും’ എന്ന ചോദ്യം വിവാഹമുറപ്പിച്ച് കഴിഞ്ഞാല്‍ ഇവിടങ്ങളില്‍ പതിവാണ്. ഇത്തരം സമൂഹിക ചുറ്റുപാടില്‍ വീടും,സ്ഥലവും വിറ്റിട്ടോ കടമെടുത്തോ വലിയ തുക മകള്‍ക്ക് സ്ത്രീധനം കൊടുത്തു വിവാഹം നടത്താന്‍ നിര്‍ബന്ധിതരാകുന്ന കുടുംബങ്ങളും, അഭിമാന പ്രശ്നമായി കണ്ടു സ്ത്രീധനം ചോദിച്ചു വാങ്ങുന്ന കുടുംബങ്ങളുമുണ്ട്. സഹോദരിമാരുടെ വിവാഹങ്ങള്‍ക്കും, വീട് വെക്കുന്നതിനുമൊക്കെയായി ഉന്നത വിദ്യാഭ്യാസത്തിനു പോകാതെ ആണ്‍കുട്ടികള്‍ ഗള്‍ഫിലേക്ക് കുടിയേറുന്നതും കൂടി വരുന്നു. ഉയര്‍ന്ന ശമ്പളം മാത്രമല്ല ഗള്‍ഫില്‍ ജോലിയുള്ളവര്‍ക്ക് നാട്ടിലെ മത്സ്യതൊഴിലാളിയെക്കാള്‍ ഡിമാന്‍ഡ് വിവാഹ മാര്‍ക്കറ്റില്‍ ലഭിക്കും എന്നുള്ളതും കുടിയേറ്റത്തിന് കാരണമാവുന്നു. ആഘോഷങ്ങള്‍, പെരുന്നാളുകള്‍, ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയവക്കൊക്കെ കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേരുക,ഒന്നിച്ചു ഭക്ഷണം കഴിക്കുക, മറ്റു ബന്ധുക്കളെ കാണാന്‍ പോവുകയൊക്കെ പതിവാണ്. ആഘോഷങ്ങളെ കുടുംബവുമായി ഒത്തുകൂടാനുള്ള അവസരമായി ആണ് കാണുന്നത്. കുടുംബത്തില്‍ പുരുഷനുള്ളത്ര സഞ്ചാര സ്വാതന്ത്ര്യം പലപ്പോഴും ഇവിടുത്തെ സ്ത്രീകള്‍ക്കില്ല. പുരുഷന്‍ കടല്‍ പണിക്ക് ശേഷം കടലോരങ്ങളില്‍ സമയം ചിലവഴിക്കുമ്പോള്‍ സ്ത്രീക്ക് ജോലികഴിഞ്ഞാലും, വീട്ടു ജോലി, പ്രാര്‍ത്ഥനകള്‍, ഇവയൊക്കെയാണ്. അതിനുശേഷം സമയം ലഭിക്കാറില്ല എന്നു മാത്രമല്ല സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം പലപ്പോഴും തീര്‍ത്ഥാടന യാത്രകളില്‍ ഒതുങ്ങുന്നു.
കടലും കടലോരവും പുരുഷന് മുന്നില്‍ എപ്പോഴും തുറന്നു കിടക്കുമ്പോള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് രണ്ടും അന്യമായ കടപ്പുറങ്ങള്‍ ഇവിടെയുണ്ട്. മത്സ്യബന്ധന മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം ഒഴിച്ച്കൂടാന്‍ പറ്റാത്തത് എന്നു പറയുമ്പോഴും ഇന്ത്യയില്‍ ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് ഉള്ള ഏക വനിത ചേറ്റുവ സ്വദേശി രേഖ മാത്രമാണ്.എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീ സാന്നിധ്യമുണ്ടായിട്ടും ഇന്നും കടലിലെ പണി പുരുഷന്‍റേത് മാത്രമായി ചുരുങ്ങുന്നു. കുടുംബമെന്നാല്‍ സ്ത്രീയും പുരുഷനും മക്കളും ‘കാത്തോലിക്ക സഭാ കുടുംബം’ എന്ന കാഴ്ചപ്പാടില്‍ നിന്ന് എല്‍ജിബിടിക്യു കുടുംബാംഗത്തെയോ,സമൂഹത്തെയോ, കുടുംബത്തെയോ, ഉള്‍കൊള്ളാന്‍ മാത്രം തീരദേശം വളര്‍ന്നോ എന്നത് സംശയമാണ്. മതത്തിന്‍റെ പാപ,സദാചാര ബോധത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മറ്റു സമൂഹങ്ങളിലെ കുടുംബങ്ങളെ അപേക്ഷിച്ചു കുടുംബത്തിനകത്തെ ജീവിത രീതിയിലും കുടുംബ ബന്ധങ്ങളിലും അധികാര വ്യവസ്ഥയിലും വ്യത്യസ്ഥത പുലര്‍ത്തുന്നവരാണ് മത്സ്യതൊഴിലാളി കുടുംബങ്ങള്‍.
ആണ്‍ കേന്ദ്രീകൃത സമൂഹമാണെങ്കിലും വീടിന്‍റെ സര്‍വ്വ അധികാരി മിക്കപ്പോഴും സ്ത്രീകളാണ്. കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കുന്നു, നടപ്പിലാക്കുന്നു എന്നതിനപ്പുറം വ്യക്തമായി തങ്ങളുടെ നിലപാടുകള്‍ കുടുംബത്തിലായാലും സമൂഹത്തിലായാലും പറയാന്‍ തക്ക തന്‍റെടമുള്ള,സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരാണ് മത്സ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍.
അനിഷ എ. മെന്‍റസ്
ഹൈദരാബാദ് ഇ ടിവി ഭാരതില്‍
മുന്‍ മാധ്യമ പ്രവര്‍ത്തക
COMMENTS