വടക്കേ മലബാറിലെ തെയ്യങ്ങളില്‍ പ്രസിദ്ധമാണ് മാക്കം പോതി ( മാക്കം ഭഗവതി) തെയ്യം. ആ ദേശത്തിന്റെ മരുമക്കത്തായ കുടുംബവ്യവസ്ഥയിലുള്ള സംഘര്‍ഷങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വസ്തുതകള്‍ മാക്കം തെയ്യത്തില്‍ കാണാം. നിരപരാധികള്‍ക്ക് നേരെ നടക്കുന്ന അനീതികളുടെ മൂര്‍ത്തരൂപമാണ് മാക്കം തെയ്യം . മാക്കം തെയ്യത്തിന്റെ ഭാഗമായുള്ള തോറ്റം പാട്ടില്‍ പന്ത്രണ്ടു സഹോദരന്മാരുടെ ഏക സഹോദരിയായ മാക്കത്തിന്റെ കഥ വിവരിക്കുന്നുണ്ട്. പന്ത്രണ്ട് സഹോദരന്മാരുടെയും പ്രിയപ്പെട്ടവളായിരുന്നു മാക്കം . ഇതില്‍ അസൂയപൂണ്ട നാത്തൂന്മാര് (സഹോദര ഭാര്യമാര്‍) മാക്കത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള സന്ദര്ഭത്തിനായി തക്കംപാര്‍ത്തിരുന്നു. പന്ത്രണ്ട് സഹോദരന്മാരും കോലത്തിരിക്കുവേണ്ടി യുദ്ധത്തിനുപോയ കാലയളവില്‍ ഒരു ദിവസം മാക്കത്തിന്റെ ആര്‍ത്തവ ദിവസത്തില്‍ മാക്കത്തെ തറവാട്ടില്‍ തനിച്ചാക്കി നാത്തൂന്മാര് മാറി നിന്നു. അപ്പോള്‍ ആ തറവാട്ടിലേക്ക് എണ്ണവില്‍പ്പനക്കാരന്‍ വന്നു. തനിക്കു എണ്ണ വാങ്ങുവാന്‍ സാധിക്കാത്തതിനാല്‍ തറവാടിനകത്ത് കൊണ്ടുവന്നു വയ്ക്കുവാന്‍ മാക്കം പറഞ്ഞു. ഇതേസമയം പുറത്തു കാത്തു നിന്ന നാത്തൂന്മാര് അവിടെയെത്തി, ആരുമില്ലാത്ത സമയത്ത് അന്യപുരുഷന്മാരെ വീട്ടില്‍ കേറ്റിയെന്നു പറഞ്ഞു അവര്‍ മാക്കത്തെ അധിക്ഷേപിച്ചു.
മാക്കത്തിന്റെ നാത്തൂന്മാര് തങ്ങളുടെ ഭര്ത്താക്കന്മാരുടെ തറവാട്ടിലാണ് താമസിക്കുന്നത് എന്നത് ഈ കഥയിലെ സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. മരുമക്കത്തായ സമ്പ്രദായത്തില്‍ ഇത് അസാധാരണമായി തോന്നാമെങ്കിലും വടക്കേ മലബാറില്‍ സ്ത്രീകള്‍ തങ്ങളുടെ സംബന്ധക്കാരന്റെ തറവാട്ടിലേക്കു താമസം മാറുന്ന ഒരു പ്രക്രിയ നില നിന്നുരുന്നു എന്നുള്ളതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അവര്‍ ഇടയ്ക്കു സ്വന്തം തറവാടുകളിലേയ്ക്ക് പോവുകയും ബാക്കി സമയം മുഴുവന്‍ ഭര്ത്താക്കന്മാരുടെ തറവാടുകളില്‍ കഴിയുകയും ചെയ്തു. വിവാഹബന്ധം വേണ്ടെന്നു വയ്ക്കുകയോ, വിധവയാകുകയോ ചെയ്യുമ്പോള്‍ അവര്‍ തങ്ങളുടെ തറവാടുകളിലേക്കു മടങ്ങി വേറൊരു വിവാഹം ചെയ്യുന്നതുവരെ അവിടെ സ്ഥിരമായി താമസിക്കുന്നു.
ഇത്തരം കുടുംബവ്യവസ്ഥയില്‍ രക്തബന്ധമുള്ള സ്ത്രീകളും പുരുഷന്മാരും (സഹോദരി സഹോദരന്മാര്, അമ്മയും മകളും, അമ്മാവനും മരുമക്കളും ) വിവാഹബന്ധത്തിലൂടെ വന്ന സ്ത്രീകളും (നാത്തുന്മാര്, അമ്മാവന്റെ ഭാര്യമാര്‍) എന്നിവര്‍ ഒരുപാടു കാലത്തേക്ക് ഒരു തറവാട്ടില്‍ ഒന്നിച്ചു താമസിക്കേണ്ടിവരുന്നുണ്ട്. 1940 കളില്‍ ഇ.ജെ. മില്ലര്‍ നടത്തിയ ഒരു വിവര ശേഖരണത്തില്‍ ഏതാണ്ട് 300 വര്‍ഷം പഴക്കമുള്ള തറവാടുകളില്‍ സഹോദരന്മാരുടെ ഭാര്യമാരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനര്‍ത്ഥം വടക്കേ മലബാറില്‍ ബ്രാഹ്മണന്മാരുമായിട്ടുള്ള സംബന്ധം തീരെ ഇല്ലായിരുന്നു എന്നല്ല, മറിച്ച് എണ്ണത്തില്‍ അത് കുറവായിരുന്നു. ബ്രാഹ്മണരുമായി സംബന്ധത്തിലേര്പ്പെട്ട ജന്മിഗൃഹങ്ങളില് സംബന്ധക്കാരനെ തറവാടിന് പുറത്തു പ്രത്യേക മഠം/പുരയിലാണ് താമസിപ്പിച്ചിരുന്നത് . ശുദ്ധാശുദ്ധങ്ങള്‍ വളരെയധികം ശക്തമായതുകൊണ്ടുതന്നെ സംബന്ധക്കാരന് സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്. നമ്പൂതിരി ഗ്രാമങ്ങള്‍ കൂടുതലും തെക്കേ മലബാറില്‍ / മധ്യ കേരളത്തിലായതിനാല്‍ വന്നുപോകുന്ന ഭര്‍ത്തൃബന്ധം പലപ്പോഴും സഹോദരമല്ലാത്ത ബഹുഭര്‍ത്തൃത്വത്തിനു തുല്യമായിരുന്നു.
വടക്കേ മലബാറില്‍ സ്ത്രീകള്‍ക്ക് ഒരു സമയം ഏക ഭര്‍ത്തൃബന്ധം എന്ന നിലയില്‍ ബന്ധങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഈ കാലത്ത് ബഹുഭര്ത്തൃത്വത്തിനെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഈ പ്രദേശങ്ങളില്‍ തറവാടുകള്‍ തമ്മില്‍ നല്ല ദൂരമുള്ളതിനാലും ഇടയില്‍ വനപ്രദേശമായതിനാലും വന്നുപോവുന്ന ഭര്‍ത്തൃബന്ധം പ്രയോഗികമായിരുന്നില്ല എന്ന് കാതലീന്‍ ഗൗവ് അഭിപ്രായപ്പെടുന്നു. മാത്രമല്ല നമ്പൂതിരി കുടുംബങ്ങള്‍ കൂടുതലും കേന്ദ്രീകരിച്ചിരുന്നത് തെക്കേ മലബാറിലെ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലാണ്. വടക്കേ മലബാറില്‍ ആകെയുള്ള പ്രധാന കുടുംബങ്ങള്‍ പെരിഞ്ചെല്ലൂര്‍ (തളിപ്പറമ്പിലും), പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ്. അവയാകട്ടെ തെക്കേ മലബാറില്‍ നിന്നും ഏതാണ്ട് 150 കിലോമീറ്റര്‍ ദൂരയാണുതാനും. ബ്രാഹ്മണേതര ( നായര്‍, മാപ്പിള, തീയ ) സമുദായങ്ങളാണ് വടക്കന്‍ മലബാറിലെ പ്രധാന ജന്മിമാര്. തെക്കേമലബാറുമായി താരതമ്യം ചെയ്യുമ്പോള്‍ വടക്കേ മലബാറിലെ ബ്രാഹ്മണേതര ജന്മികുടുംബങ്ങള്ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടായിരുന്നു.
മരുമക്കത്തായ കുടുംബങ്ങളിലെ താമസരീതികള്‍ തികച്ചും വ്യത്യസ്തങ്ങളായിരുന്നു. സംബന്ധക്കാരന്റെ തറവാട്ടിലുള്ള ജീവിതം പുറത്തുനിന്നും വന്ന ഭാര്യമാരും, നാത്തൂന്മാരും, അമ്മമാരും തമ്മില്‍ ചേര്‍ന്നുള്ള വൈകാരികമായി പലതലത്തിലുള്ള – സ്നേഹപൂര്‍വ്വമോ അല്ലെങ്കില്‍ പകയോടെയോയുള്ള – ബന്ധങ്ങളാണ് സൃഷ്ടിച്ചത്. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ അച്ഛന്റെ ബന്ധത്തിലുള്ളവരോടാണ് കൂടുതല്‍ അടുപ്പം പുലര്‍ത്തിയത്. അച്ഛന്റെ സഹോദരിയുടെ മകനെയാണ് പെണ്‍കുട്ടി പലപ്പോഴും വിവാഹം കഴിക്കേണ്ടിവരിക. അച്ഛന്റെ സഹോദരിയെ പ്രായമനുസരിച്ച് വലിയമ്മ അല്ലെങ്കില്‍ ഇളേമ്മ എന്ന് വിളിച്ചു. എന്നാല്‍ തെക്കേ മലബാറില്‍ ഇവരെ അമ്മായി എന്നാണ് വിശേഷിപ്പിക്കുന്നത്. വടക്കേ മലബാറില്‍ കുട്ടികള്‍ അച്ഛന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ദുഃഖം ആചരിക്കുകയും ചെയ്യുമ്പോള്‍ തെക്കേ മലബാറില്‍ അത് നിലനിന്നിരുന്ന കീഴ്വഴക്കങ്ങള് ലംഘിച്ചു മാത്രമേ പങ്കെടുക്കാന്‍ സാധിച്ചിരുന്നുള്ളു. രക്തബന്ധങ്ങളിലും വൈവാഹികബന്ധങ്ങളിലുമുള്ള വിരോധങ്ങളും പകയുമെല്ലാം പല നാട്ടു പറച്ചിലുകളിലും കാണാം. ഉദാഹരണത്തിന് ‘അമ്മായിയമ്മയെ കല്ലിന്മേല് വച്ചിട്ട് മറ്റൊരു കല്ലുകൊണ്ട് നാരായണാ’. നാത്തൂനെ ചക്കില്‍ ചേര്‍ത്തുകെട്ടി ചോര വരുന്നതുവരെ പണിയെടുപ്പിക്കുക എന്നുള്ളത് മറ്റൊരു പറച്ചിലാണ് .
ഇങ്ങനെയുള്ള സങ്കീര്‍ണ്ണമായ പശ്ചാത്തലത്തിലാണ് മാക്കംപൊതിയുടെ തോറ്റം പാട്ടില്‍ വൈകാരികമായി തകര്‍ന്ന സഹോദരീസഹോദര ബന്ധങ്ങളെയും ഭാര്യഭര്‍ത്തൃ ബന്ധങ്ങളെക്കുറിച്ചുമൊക്കെ വിവരിക്കുന്നത്. തോറ്റം പാട്ടില്‍ പറയുന്നു, ഉണ്ണിച്ചിറയ്ക്കു ഒരുപാടു പ്രാര്‍ത്ഥനകള്‍ക്കു ശേഷം ലഭിച്ച മകളാണ് മാക്കം. തോറ്റത്തിലെ ഉണ്ണിച്ചിറയുടെ വാക്കുകള്‍ മാതൃദായക്രമത്തില്‍ പെണ്‍കുട്ടിക്കുള്ള ഉത്കൃഷ്ടമായ സ്ഥാനത്തെ സൂചിപ്പിക്കുന്നു. ഉണ്ണിച്ചിറ തന്റെ പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്നത് പെണ്വരത്തിനാണ്. ആണ്വരമായി പന്ത്രണ്ടു കുട്ടികളുണ്ടെങ്കിലും പെണ്‍കുട്ടിയില്ലെങ്കില്‍ തന്റെ തറവാടിന് പിന്‍ഗാമിയില്ലാതെ വരുമെന്നാണ് ഉണ്ണിച്ചിറ പറയുന്നത്.
ദൈവം :
നീ അല്ലെ പെണ്ണെ
മുന്നാള് പന്തീരാണ്ടുവരം കൊണ്ടത് ?
മറുപടി:
പന്തീരാണ്ടു വരം മുന്നേ ഞാന്‍
കൊണ്ടുപോയതില്‍
പന്ത്രണ്ടും ആണ്‍വരമല്ലേ
കിട്ടിയതെനക്കേ
ഉണ്ണിച്ചിറയുടെ തറവാടിനെകുറിച്ചുള്ള വരികളുടെഅര്‍ത്ഥം ഇങ്ങനെയാണ് :
ഒരു മലയുടെ അറ്റം മുതല്‍ മറ്റൊരു മലയുടെ അറ്റം വരെ
ഉള്ള ഭൂസ്വത്തുനമ്മള്ക്കുണ്ടെ
ഒരു കടല്‍ മുതല്‍ മറ്റൊരു കടല്‍ വരെ
ഏല തോട്ടവും ചന്ദനത്തോട്ടവും
അളന്നു തീര്‍ക്കാന്‍ പറ്റാത്തത്ര സ്വത്തും
സ്വത്തിനൊരു ഉടമയില്ലല്ലോ.
സ്വത്തുക്കളുടെ അവകാശവും തറവാടിന്റെ പിന്തുടര്ച്ചയും ഉറപ്പാക്കുന്നത് പെണ്സന്തതിയാണ്. തറവാട് അന്യംനിന്നുപോകാതിരിക്കുവാന് പെണ്‍കുട്ടി അത്യാവശ്യമാണ്.
ഉണ്ണിച്ചിറയുടെ സങ്കടം ഇപ്രകാരമാണ്:
എന്റെ ഈയൊരു കുഞ്ഞിമംഗലം തറവാട് വാഴാന്‍ വേണ്ടി ഒരു പെണ്‍സന്തതി ആകുന്ന വരത്തെത്തന്നു എനിക്ക് മോക്ഷം തന്നില്ല മോചനം.
സ്വത്തിനെക്കുറിച്ചും മോക്ഷത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത് മരുമക്കത്തായസമ്പ്രദായത്തില്‍ പെണ്‍കുട്ടിയുടെ ഭൗതികമായും ആത്മീയമായുംഉള്ള പ്രാധാന്യത്തെക്കുറിച്ചാണ്. കടാങ്കോട് മാക്കം തെയ്യത്തിന്റെ തോറ്റം മറ്റുള്ളവയെക്കാള്‍ കൂടുതല്‍ നീളമുള്ള തോറ്റമാണ്. അതില്‍ ഉണ്ണിച്ചിറയുടെ പ്രസവ തയ്യാറെടുപ്പുകള്‍ വിശദമായി വിവരിച്ചിട്ടുണ്ട്.
സുഖപ്രസവത്തിനുവേണ്ടിയുള്ള വ്യായാമങ്ങള്‍, പാരമ്പര്യ എണ്ണ ഉഴിച്ചിലുകള്‍, പ്രസവഗൃഹനിര്മാണം, ശേഷം ആ ഗൃഹത്തെ അഗ്നിക്കിരയാക്കുന്നത് തുടങ്ങിയ പ്രസവ കാര്യങ്ങളെ ദീര്‍ഘമായി വിവരിക്കുന്നു. കൂടാതെ തേജസ്സ്വിയായ കുട്ടിയുടെ വിശേഷണങ്ങളുമുണ്ട് . മാക്കത്തിനെ വളരെയധികം കരുതലോടെയാണ് വളര്‍ത്തിയത്. മാക്കം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയപ്പോള്‍ ഗുരു ഒരു സ്വര്‍ണ എഴുത്താണി സമ്മാനമായി നല്കി. മാക്കത്തിന്റെ പന്തല്‍ മംഗലം ( താലികെട്ടുകല്യാണം ) ആഘോഷപൂര്‍വ്വം നടത്തി. ശേഷം മാക്കത്തെ വിവാഹം കഴിച്ചയാളിനെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണ്. പിന്നീട് മാക്കത്തിന്റെ കുഞ്ഞിമംഗലം തറവാടിനെക്കുറിച്ചും നാത്തൂന്മാരുടെ പകയെക്കുറിച്ചുമാണ് തോറ്റം വിശദീകരിക്കുന്നത്.
സഹോദരന്മാര് ജയിച്ച് തിരിച്ചുവന്നപ്പോള്‍ നാത്തൂന്മാര് മാക്കത്തിനെക്കുറിച്ചു പറഞ്ഞ അപവാദങ്ങള്‍ വിശ്വസിച്ചു. പിന്നീടവര്‍ മാക്കത്തെയും രണ്ടു മക്കളെയും ചതിയിലൂടെ കൊന്നു. മാക്കത്തിന്റെയും കുട്ടികളുടെയും കൊലപാതകം ആ തറവാടിനെ നാശത്തിലേക്കെത്തിച്ചു. അനന്തരഫലമായി സഹോദരന്മാര് തമ്മില്‍ വഴക്കുണ്ടായി. അവര്‍ സ്വന്തം വാളുകൊണ്ട് വെട്ടി മരിച്ചു. നാത്തൂന്മാര്ക്കു ഭ്രാന്തുപിടിച്ചു, അങ്ങനെ കടാങ്കോട്തറവാട് നശിച്ചുപോയെന്നും തോറ്റം പാടുന്നു.
പ്രാദേശിക സമുദായങ്ങളില്‍ നിലനില്‍ക്കുന്ന അധികാരശ്രേണികളെയും, തറവാടുകളില്‍ നടക്കുന്ന മണ്ണിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള സാമ്പത്തിക അധികാര വടംവലികളെയും തെയ്യത്തിന്റെ ഭാഗമായുള്ള അനുഷ്ഠാനങ്ങളില്‍ നമുക്ക് കാണാവുന്നതാണ്. തെയ്യം കെട്ടുന്നത് ജാതിശ്രേണിയില്‍ അടിച്ചമര്‍ത്തപ്പെട്ട വണ്ണാന്‍, മലയന്‍ മുതലായ വിഭാഗക്കാരാണ്. തെയ്യം കെട്ടുന്ന ദിവസം ഇവര്‍ ദൈവമായിമാറുന്നു. അന്ന് ജാതിശ്രേണിയുടെ മുകളില്‍ നിന്ന് ജന്മിയെ വിമര്‍ശിക്കാനും തെറ്റുകള്‍ക്ക് ശിക്ഷ നല്‍കാനും ഇവര്‍ക്ക് സാധിക്കുന്നു. അതോടൊപ്പംതന്നെ ചിലയിടങ്ങളില്‍ പ്രാദേശികമായ ആചാരങ്ങളില്‍ മാപ്പിള കുടുംബങ്ങള്‍ക്ക് കൃത്യമായി നിര്‍വചിച്ച സ്ഥാനങ്ങളുണ്ട്. കളിയാട്ടത്തിലെ ചില തെയ്യവുമായി ബന്ധപെട്ടു ചില പ്രത്യേക അവകാശങ്ങള്ത്തന്നെയുണ്ട്. തെയ്യങ്ങളായ അലി ചാമുണ്ഡി, ബാപ്പിരിയ എന്നിവര്‍ മാപ്പിളവീരയോദ്ധാക്കളാണ്. കാഞ്ഞങ്ങാട് മുച്ചിലോട്ടുഭഗവതിയുടെ കാവിലെ പെരുങ്കളിയാട്ടം തുടങ്ങുന്നതുതന്നെ ആ പ്രദേശത്തെ ഒരു മാപ്പിള തറവാട്ടില്‍ നിന്നും കൊടുക്കുന്ന കയറും തൊട്ടിയുമുപയോഗിച്ചു വെള്ളം കോരിയിട്ടാണ് .
മരുമക്കത്തായസമ്പ്രദായത്തില്‍ നാത്തൂന്മാര് അല്ലെങ്കില്‍ അമ്മായിഅമ്മമാരില് ഉണ്ടാവുന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള സന്ദര്‍ഭങ്ങള്‍ മാക്കംപോതി തെയ്യത്തില്‍ കാണാം. മരുമക്കത്തായസമ്പ്രദായത്തിന്റെ പ്രാധാന്യം പറയുന്നതോടൊപ്പം അതിനകത്തുള്ള അസ്ഥിരതകളും കലഹങ്ങളും, എതിര്‍പ്പുകളും എങ്ങനെയാണ് ബന്ധങ്ങളിലെ വൈകാരികതയെ നശിപ്പിച്ച് പൂര്‍ണമായും നാശത്തിലേക്കു നയിക്കുന്നത് എന്നും തോറ്റം പ്രതിപാദിക്കുന്നു. മരുമക്കത്തായകുടുംബത്തിലെ ബന്ധങ്ങളിലുണ്ടാവുന്ന വിദ്വേഷങ്ങള്‍, വെറുപ്പും പകയും മൂലം ഉണ്ടാകാനിടെയുള്ള ദുരന്തത്തിന്റെ വലിപ്പം,ആഴം എല്ലാം ഇതില്‍ അടിവരയിടുന്നുണ്ട്. മാക്കത്തിനും കുട്ടികള്‍ക്കും നേരിടേണ്ടി വന്ന അനീതിയെ വീണ്ടും വീണ്ടും എടുത്തു പറയുന്നതിലൂടെ സമൂഹത്തിനോട് തോറ്റം വ്യവസ്ഥാപിത കുടുബങ്ങളിലെ സഹോദരിസഹോദര, ഭാര്യാഭര്‍ത്തൃ ബന്ധങ്ങളിലുണ്ടാവുന്നവൈകാരികമായ തകര്ച്ചഉണ്ടാക്കുന്നനാശനഷ്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പുനല്‍കുന്നുണ്ട്.
പ്രവീണ കോടോത്ത്
പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്ററഡീസ് , തിരുവനന്തപുരം
പരിഭാഷ : ശ്രീദേവി ഡി.
സ്വതന്ത്രഗവേഷക, ഇന്ദ്രിയാനുഭവപഠനം, സാഹിത്യപഠനം, ദൃശ്യസംസ്കാരപഠനം, എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
COMMENTS