Homeപഠനം

കാളിദാസികളാകുന്ന പെണ്‍പിറവികള്‍

കത്ത് കവിതകള്‍
പുറത്ത് കടമകള്‍
അകത്ത് നീലനിലാവ്
പുറത്ത് കത്തുന്ന വെയില്‍
അകത്ത് കാളി
പുറത്ത് ദാസി
പുറത്ത് നിന്ന് പൂട്ടിയ വാതില്‍
തുറക്കാനാവാതെ ഞാന്‍.. 1

ലളിതമായ ആവിഷ്കാരത്തിലൂടെ സ്ത്രീയവസ്ഥകളെ, സ്വത്വപ്രതിസന്ധികളെ ആഴത്തില്‍ അവതരിപ്പിക്കുകയാണ് കവിയിത്രി. അകത്ത് കാളിയും പുറത്ത് ദാസിയുമായ കാളിദാസികളാണ് ഇന്ന് ഏറെയും സ്ത്രീകള്‍. നിലവിലുളള പുരുഷനിര്‍മ്മിത ഭാഷയെ മാറ്റിയെടുത്ത് സ്വന്തമായി ഒരു ശൈലി വാര്‍ത്തെടുക്കേണ്ടതായിട്ടുണ്ട്. ഓരോ സ്ത്രീയ്ക്കും അത്തരത്തിലുള്ള ഒരു വാര്‍ത്തെടുപ്പിന്‍റെ സൂചനയാണ് ഓരോ പെണ്‍കവിതകളും. ഇങ്ങനെ അകത്തും പുറത്തും വെവ്വേറെ ജീവിതം നയിക്കേണ്ടി വരുന്നതിലെ ആത്മസംഘര്‍ഷമാണ് പുതുപെണ്‍ കവിതയില്‍ കണ്ടു വരുന്ന പൊതുവായ പ്രമേയം. വ്യത്യസ്തമായ ഇടങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട് വേറിട്ട പെണ്‍ശബ്ദങ്ങളെ പ്രകടമാക്കുകയാണ് ഗിരിജ പി.പാതേക്കര.
വിവാഹവും കുടുംബജീവിതവുമാണ് സ്ത്രീജീവിതത്തിന്‍റെ ഒരേയൊരു സാഫല്യം എന്നുകരുതിയിരുന്ന സാമൂഹ്യവ്യവസ്ഥിതിയോട് അക്ഷരത്തിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് പെണ്‍ കവിതകള്‍. സ്വകാര്യമായ ഇടങ്ങളില്‍ ഒതുങ്ങികൂടി അതിനുള്ളില്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന അന്തഃസംഘര്‍ഷങ്ങള്‍ മറ്റാരെങ്കിലുമായി പങ്കുവയ്ക്കാനോ എഴുത്തിലൂടെ പ്രകാശിപ്പിക്കാനോ സാധ്യമായിരുന്നില്ല. എന്നാല്‍ ഇന്ന് ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ എഴുത്തുകാരികള്‍ നേരിട്ട സര്‍ഗാത്മക പ്രതിസന്ധികള്‍ എഴുത്തിലൂടെ പ്രകാശിക്കപ്പെടുന്നു. പെണ്ണിന്‍റെ പ്രണയം,ദാമ്പത്യം, ഭക്തി,എഴുത്ത്, സാമൂഹിക-സംസ്കാരിക മേഘലകള്‍ എന്നിവയുടെ വെല്ലുവിളികളും സാഹിത്യത്തിലൂടെ ആവിഷ്കരിക്കപ്പെട്ടു. സ്ത്രീയെ സംബന്ധിച്ചടുത്തോളം അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണ് ഓരോ കവിതകളും. ഒരേ സമയം കുടുംബിനിയും കവയിത്രിയുമായി കഴിയേണ്ടി വരുന്നതിലെ ആത്മസംഘര്‍ഷങ്ങളില്‍ നിന്നാണ് ഗിരിജ പി.പാതേക്കര തന്‍റെ കവിതകള്‍ ഏറെയും എഴുതിയിരിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ട ജീവിതത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടുന്ന സ്ത്രീ ജീവിതത്തെയാണ് കൊണ്ടാട്ടം എന്ന കവിത ആവിഷ്കരിക്കുന്നത്
അപ്പോള്‍ക്കാണാം
ആത്മവീര്യത്തോടെ
തലയുയര്‍ത്തി
ഞാന്‍ പൊങ്ങിപ്പൊങ്ങി വരുന്നത്.
കടിച്ചാല്‍ പൊട്ടാത്തവണ്ണം
മൊരിയുന്നത് 2

സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞുനിന്ന ഒരു കാലത്തെ ഓര്‍ത്തുകൊണ്ട് തന്‍റെ വറ്റിപ്പോയ ജീവജലത്തെയും കൊത്തിനുറുക്കി വേവിച്ചൂറ്റിയപ്പോഴും നുറുങ്ങാതെ നിന്ന ആത്മാവും , ചോരയും നീരും വറ്റി ഒരു കൊണ്ടാട്ടമായി മാറിയത് കവയിത്രി തിരിച്ചറിയുന്നു. അവിടെനിന്നാണ് അവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.
തന്‍റെ ഊഴം കാത്തുനില്‍ക്കുന്ന പെണ്‍പിറവികളെയാണ്
പെണ്‍പിറവി എന്ന കവിത സൂചിപ്പിക്കുന്നത്. നിലനില്‍ക്കുന്ന പുരുഷ വര്‍ഗത്തെ, അധീശത്വവര്‍ഗത്തെ വൃദ്ധനായിരിക്കുന്നു തളര്‍ന്നിരിക്കുന്നു എന്നു സംബോധന ചെയ്താണ് ഓരോ പെണ്‍പിറവികളും തങ്ങളുടെ വരവ് അറിയിക്കുന്നത്. സാഹിത്യത്തിലും, ചരിത്രത്തിലും സാമൂഹിക-സാംസ്കാരിക മേഘലകളിലും സ്ത്രീകള്‍ തങ്ങളുടെ ഉജ്ജ്വലമായ വരവ് അറിയിക്കുന്നു.

ഞാനിപ്പോള്‍ പിറന്നതേയുള്ളു
പറഞ്ഞു തുടങ്ങുന്നതേയുള്ളു
നടന്നു പഠിക്കുന്നതേയുള്ളു.
ഇനി ഊഴം എന്‍റേതാണ്. 3

ആവര്‍ത്തിക്കപ്പെടുന്ന ഗാര്‍ഹികജോലികളാല്‍ തഴമ്പു നിറഞ്ഞ, അവളുടെ ശരീരത്തില്‍ കാലമെഴുതുന്ന കുറിപ്പുകള്‍ അവളെ കാലം എങ്ങനെ ആവിഷ്കരിക്കുന്നു എന്നു സൂചിപ്പിക്കുന്ന കവിതയാണ് അടയാളങ്ങള്‍

ഓരോ അടയാളങ്ങളും
പോയ കാലത്തേക്ക്
പിന്നോട്ടിറങ്ങാന്‍
എനിക്കുമാത്രം സ്വന്തമായ
രഹസ്യതുരങ്കങ്ങളാണ് !
കാലം ശരീരത്തില്‍
മായ്ക്കാനാവാത്ത
കുറിപ്പുകളെഴുതുമ്പോള്‍
ഡയറിയിലെഴുതാന്‍ സമയവും
സൂക്ഷിക്കാനിടവുമില്ലാത്ത
പെണ്‍ വിധിയില്‍
എന്തിനു വിലപിക്കണം? 4
അനുവദിച്ചു നല്‍കിയ സ്വാതന്ത്ര്യത്തിലും അസ്വാതന്ത്ര്യത്തിന്‍റെ ചങ്ങലകെട്ടുകള്‍ കാണുകയാണ് കവിത്രി ڇചങ്ങലകള്‍چ എന്ന കവിതയില്‍. എന്തെല്ലാം പുരോഗതികള്‍ ഉണ്ടായാലും ഉയിരിനെപ്പൂട്ടിയ ചങ്ങലകള്‍ വലിയൊരു പ്രശനം തന്നെയാണെന്ന തിരിച്ചറിവാണ് ഈ കവിത.
അന്യനെക്കണ്ടല്‍ കുരയ്ക്കുകയും
കള്ളനെ കടിക്കയുമല്ലേ വേണ്ടത് !
വീട്ടിന്നൊരലങ്കാരമാവാതെയും
വാലാട്ടാതെയുമെങ്ങനെയാണ് !
ഉയിരിനെപ്പൂട്ടിയ ഈ ചങ്ങലകള്‍
എങ്ങനെയാണറുത്തു മാറ്റേണ്ടത് ? 5
ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വഴുതി വീണ സ്ത്രീജന്മങ്ങളെയാണ് വഴുക്കലുകള്‍ എന്ന കവിത ആവിഷ്കരിച്ചിരിക്കുന്നത്.
കതിര്‍ മണ്ഡപത്തില്‍
തൂവിപ്പോയ വിളക്കെണ്ണയില്‍
കാലിടറി
അമ്മയായപ്പോള്‍
ഉണ്ണിമൂത്രത്തില്‍ വഴുതി
പുതിയ വീട്ടില്‍
തിളച്ചുപൊങ്ങി
പാരന്നൊഴുകിയ
പാലില്‍ വഴുതി. 6
ആദ്യമായി വഴുതി വീണതെന്നായിരുന്നു ? എന്നു ചോദിച്ചു കൊണ്ട് പിഞ്ചുകാലിടറിയതും ജീവിതത്തിലുടനീളം വഴുക്കിവീണ സന്ദര്‍ങ്ങളെയും കവിയിത്രി ഓര്‍ക്കുന്നു. ഒടുവില്‍ എഴുന്നേല്‍ക്കാനാവാതെ നിലയറ്റ കയത്തിലേക്ക് നുറുങ്ങിച്ചിതറിയ അസ്ഥികള്‍ ചേര്‍ത്തുവച്ച് ഇരുമ്പ് ദണ്ഢില്‍ നട്ടും ബോള്‍ട്ടും ഇട്ട് മുറുക്കി ഒരു ഉരുക്കു വനിതയായി താന്‍ മാറിയ സന്ദര്‍ഭം ഒരു സ്ത്രീയുടെ അവസ്ഥാന്തരങ്ങളെ സൂചിപ്പിക്കുന്നു.
പേടിപ്പെടുത്തുന്ന സമകാലജീവിത യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളേണ്ടി വരുന്ന, തിമിരം ഒരു അനുഗ്രഹമായി കാണുന്ന സ്ത്രീയെ ആവിഷ്കരിക്കുന്ന കവിതയാണ് ڇڅനേര് വെളിപ്പെട്ടു കാണുമ്പോള്‍എന്ന കവിത. തിമിരത്തിന്‍റെ തിരശ്ശീല മാറ്റി യാഥാര്‍ഥ്യത്തിലേക്ക് നോക്കുന്ന കവിയിത്രി കാണുന്നത് പ്രണയം നഷ്ടപ്പെട്ട മകനെയും മകളെയുമാണ്. മുറ്റത്തെ കടലാസു ചെടികള്‍ പൂത്തുപടര്‍ന്ന തെച്ചിയും ചെമ്പരത്തിയുമായി സങ്കല്പിച്ചതും ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന വിലകൂടിയ പെയിന്‍റിങ് മരിച്ചുപോയ തന്‍റെ, ഭര്‍ത്താവിന്‍റെ ചിത്രമാണെന്നു കരുതി എന്നും തൊഴുതതും പോലുളള അബന്ധങ്ങള്‍ തന്‍റെ തിമിരകാലത്തുണ്ടയതാണ്. ഇതുവരെ കരുതിയതും ചെയ്തതും എല്ലാം തെറ്റായിരുന്നുവെന്നും തന്‍റെ കാഴ്ചപ്പാടുകളില്‍ നിന്നും താന്‍ ജീവിക്കുന്ന ലോകം ഏറെ അകന്നുവെന്നും മനസിലാക്കുന്ന നിമിഷം തനിക്ക് തിമിരം ഒരു അനുഗ്രഹമായിരുന്നുവെന്നും അത് തിരികെ ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. ചുറ്റും കാണുന്ന യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, ഇരുട്ടിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന കവിത്രിയെയാണ് ഈ കവിതയില്‍ കാണാന്‍ കഴിയുന്നത്.
മോഹമില്ലാഞ്ഞിട്ടല്ല
നേരമില്ലാഞ്ഞിട്ടാണ്
കാരണം
അവളില്ലാതായാലും
മക്കള്‍ക്കു പറയണ്ടേ
ഓണമെന്നാല്‍ ഓര്‍മ്മയാണ്
അമ്മയാണ്, അടുക്കളയാണ്
സ്നേഹമാണ് എന്നൊക്കെ. 7.
അടുക്കളയുടെ മണത്തിലൂടെ ഗാര്‍ഹിക പരിസരങ്ങളില്‍ മാത്രമാണ് അമ്മ ഓര്‍മ്മിക്കപ്പെടുന്നത്. ഓണം ആഘോഷമാക്കാന്‍ ഓടിനടന്ന് എല്ലാം ഒരുക്കുന്ന തിരക്കില്‍ തന്‍റെ സന്തോഷങ്ങള്‍ മറക്കുന്ന, വേണ്ടന്നു വയ്ക്കുന്ന ഒരു സാധാരണക്കാരിയാണ്  ഓണമെന്നാല്‍ അവള്‍ക്ക്  എന്ന കവിത. ഒരേ സമയം സ്ത്രീകള്‍ സാമൂഹിക- സാംസ്കാരിക ഇടങ്ങളില്‍ ശോഭിക്കുമ്പോള്‍, കുറച്ചുപേര്‍ മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം ബലിയാടാവുന്നു
വായനയിലേക്കോ എഴുത്തിലേക്കോ കടക്കാന്‍ മനസ് ഏറെ ആഗ്രഹിക്കുന്നുണ്ടെ ങ്കിലും കടമകള്‍ക്കു വേണ്ടി അവള്‍ മോഹങ്ങളെ തിരസ്കരിക്കുന്നു. അമ്മയുള്ള ഓണനാളുകള്‍ മക്കള്‍ക്ക് ഗംഭീരമാക്കികൊടുക്കണം എന്ന മോഹമാണ് അവളില്‍ താന്‍ ഇല്ലാതായാലും ഓണത്തിലൂടെ അടുക്കളയിലൂടെ അവര്‍ തന്നെ ഓര്‍ക്കും എന്ന് അവള്‍ പറയുന്നു ഓരോ സ്ത്രീയുടെയും നിസ്സഹായവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. അടുക്കളയുടെ ത്യാഗത്തിന്‍റെ ഔന്നത്യത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഓരോ സ്ത്രീയും തങ്ങളുടെ കഴിവുകള്‍ അടുപ്പിലും വിഴുപ്പിലും ഹോമിക്കുന്നു.
ടച്ച് മി നോട്ട് എന്നത്
തൊട്ടാല്‍ വാടിയായതെങ്ങനെയെന്നും
ഒരെത്തും പിടിയും കിട്ടുന്നില്ല.
എന്നെ തൊടരുതേയെന്ന
ഒരപേക്ഷയാണതെന്ന്
ആരെങ്കിലും കരുതിക്കാണുമോ ?
എങ്കിലതും തെറ്റാണ്.
അതൊരാജ്ഞയാണ് !
തൊടരുതെന്നെയെന്ന
ആയിരം മുള്ളകളുള്ള
ഒരാജ്ഞ !
തൊടുന്നവനെ
മുറിപ്പെടുത്തുമെന്ന
ഒരു മുന്നറിയിപ്പ് ! 8.
ഇവിടെ പുരുഷന്‍റെ കാഴ്ചപ്പാടിനോടുള്ള വിയോജിപ്പ് പ്രകടമാണ്. തൊട്ടാല്‍ വാടി എന്നാല്‍ തൊട്ടാല്‍ വാടുന്നവള്‍ അല്ല എന്ന് ശക്തമായി വായിക്കുകയാണ് ടച്ച് മി നോട്ട് എന്ന കവിത. ആത്മദൈര്യവും ചങ്കൂറ്റവും ഇള്ള സ്ത്രീയാണ് ഈ കവിതയില്‍, തന്‍റെ നേരെ നീളുന്ന കൈകള്‍ക്കും കാമം നിറഞ്ഞ കണ്ണുകള്‍ക്കും എതിരെ മുള്ളുകള്‍ പ്രയോഗിക്കും എന്നാണ് തൊട്ടാവാടി പറയുന്നത്. പ്രതിരോധിക്കാന്‍ കെല്പുള്ള മുള്ളിന്‍റെ ഒരാവരണം എല്ലാ സ്ത്രീകളിലും ഉണ്ടാവണം, തൊട്ടാല്‍ വാടുന്നവള്‍ അല്ല എന്ന സന്ദേശമാണ് ഈ കവിത..
പൊടിയണിഞ്ഞ പുസ്തകങ്ങളും
മഷിയുണങ്ങിയ പേനകളും വിറ്റ്
പിന്നീടവള്‍
ഡെറ്റോളും ലൈസോളും വാങ്ങി
തന്നെത്താന്‍ തൂത്തു തുടച്ചു മിനുക്കി
ഒരു പൊടിപോലുമില്ലാ –
കണ്ടുപിടിക്കാനെന്നായപ്പോള്‍
അവളുടെ കാതില്‍
പ്രണയപൂര്‍വ്വം അയാള്‍ മന്ത്രിച്ചു-
ഇപ്പോഴാണിത് വീടായത്
നീയിവീടിന്‍ വിളക്കായത് 9.

സാമ്പ്രദായിക സ്ത്രീ ജീവിതത്തിന്‍റെ നേര്‍പകര്‍പ്പാണിത്.  ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിക്കുന്ന, അവരുടെ ആരോഗ്യത്തിനും യശസ്സിനും വേണ്ടി പ്രയത്നിക്കുന്ന സ്ത്രീയാണ് വീടിന്‍റെ ഐശ്വര്യം. വായനയും എഴുത്തും ഒരിക്കലും ഒരു വീട്ടമ്മയ്ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന പുരുഷസമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഒതുങ്ങുന്ന സ്ത്രീ ജീവിതങ്ങള്‍ക്ക് എന്നും വീടിന്‍റെ വിളക്കായി എരിഞ്ഞു തീരാം.
അലക്ക്കല്ല്, തൂപ്പ്, വെപ്പുപണി, കിടപ്പുമുറി, ഇവിടെയൊന്നും അവള്‍ക്ക് സ്ഥാനമില്ലെങ്കില്‍ വീട്ടില്‍ മറ്റൊരിടത്തും അവള്‍ക്ക് തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ല, അവള്‍ വീടിനുപുറത്താണ് എന്ന സത്യത്തെ വെളിപ്പെടുത്തുന്ന കവിതയാണ്  അവള്‍ ചില ഇടങ്ങള്‍ അവള്‍ക്കായി നിശ്ചയിച്ചിട്ടുണ്ട്.
അബലയായും അടിമയായും
ചപലയായും മൃദുലയായുംമെല്ലാം
പല വേഷങ്ങള്‍ കെട്ടി
ഓരോ വേഷവും
ഓരോ ഒളിയിടമായിരുന്നു
അവള്‍ക്ക്. 10
പ്രച്ഛന്നവേഷങ്ങള്‍ കെട്ടിയാടി തീര്‍ക്കുന്ന സ്ത്രീ ജീവിതങ്ങളാണ്  പ്രച്ഛന്നം  എന്ന കവിത. ചുണ്ടില്‍ ചിരി ചേര്‍ത്തുവച്ച് അവള്‍ അവളെതന്നെ പറ്റിച്ചു. ഒടുവില്‍ ചുണ്ടിലെ മായാത്ത ചിരിയില്‍ അവള്‍ ഉള്ളിലെ കെടാത്ത തീയും മെരുങ്ങാത്ത കരുത്തും അവള്‍ ഒളിപ്പിച്ചു. തന്‍റെ കരുത്തും സര്‍ഗ്ഗാത്മകതയും അവള്‍ മറച്ചുകൊണ്ട് പലവേഷങ്ങള്‍ കെട്ടിയാടുന്നു. ഒരേ സമയം കുടുംബിനിയും കവിയിത്രിയുമായി കഴിയേണ്ടിവരുന്നതിലെ ആത്മസംഘര്‍ഷം വെളിപ്പെടുത്തുന്ന കവിതയാണ്  ഗ്യഹപാഠങ്ങള്‍
എരിവുമുപ്പും പുളിയും
ചേര്‍ത്തു കറികളും
മധുരംവെച്ചു പൊതി –
ഞ്ഞിലയടയുമുണ്ടാക്കുമ്പോള്‍
ഞാന്‍ സങ്കലപ്പിക്കും
ഞാനൊരു കവയിത്രിയാണെന്ന് 11
തങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം ഒരു സാഹസിക കൃത്ര്യമാണ് ഓരോ സ്ത്രീയ്ക്കും. ഓരോ സ്ത്രീയും ഓരോ വാക്കും ഉച്ചരിക്കുന്നത് എഴുതുന്നത് ഈ നിശബ്ദയെ ഭേദിച്ചുകൊണ്ടാണ്. തീവ്രമായ ഇച്ഛാശക്തിയോടെ മാത്രമാണ് ഒരുവള്‍ക്ക് എഴുതുകയോ വരയ്ക്കുകയോ അഭിനയിക്കുകയോ ചെയ്തു തുടങ്ങാന്‍ കഴിയുന്നത് .സര്‍ഗ്ഗാത്മകമായ ഈ ഇച്ഛാശക്തിയെ പുച്ഛിച്ചുതള്ളുകയോ അവഗണിക്കുകയോ ആണോ പുരുഷാധികാരലോകം ചെയ്യുക. കാരണം കലയുടെ മാത്രമല്ല മൂല്യനിര്‍ണയത്തിന്‍റെയും ആധിപത്യം പുരുഷന്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു. സ്ത്രീ എഴുതിത്തുടങ്ങിയപ്പോഴേക്കു സാഹിത്യത്തിന്‍റെ ഗണങ്ങളെല്ലാം പുരുഷന്‍റെ കൈയാല്‍ അവന്‍റെ ഉള്ളം കൈയില്‍ ഉറച്ചു പോയിരുന്നു. സ്വന്തം ആവിഷ്കാരത്തിനുതകുന്ന സാഹിത്യഗണത്തെ ഒരുവള്‍ സ്വയം വാര്‍ത്തെടുക്കേണ്ടതുണ്ട്.12 ഇത്തരമൊരു സാഹചര്യത്തിലാണ് ഗിരിജ പി. പാതേക്കരയുടെ കവിതകളുടെ പ്രസക്തി. ആ ഇച്ഛാശക്തിയെ തന്‍റെ പരിമിതികളില്‍ നിന്ന് ഉയര്‍ത്തി തന്‍റേതായ ഇടം കണെത്താന്‍ ശ്രമിക്കുന്നു. സ്വത്വം, കുടുംബം, അധികാരം, രാഷ്ട്രീയം, കല, സാഹിത്യം, പാരമ്പര്യം, ഭാവുകത്യം, സദാചാരം, ലൈംഗികത, തുടങ്ങിയ എല്ലാ ഘടകങ്ങളും പുരുഷ കേന്ദ്രിതമാണ്. അവിടെയാണ് സ്ത്രീ അവളുടെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്  വെറും ശരീരം മാത്രമായി സ്ത്രീയെ കണ്ടിരുന്ന ഒരു സമൂഹത്തിനു മുന്നില്‍ തലച്ചോറുള്ള, ചിന്തിക്കുന്ന, വികാര വിചാരങ്ങളുള്ള ഒരു സ്ത്രീ വ്വക്തിത്വത്തെ അവഗണിക്കാനാവാത്തവിധം അവര്‍ പിടിച്ചു നിര്‍ത്തി നിങ്ങള്‍ സങ്കല്പിക്കുന്ന സ്ത്രീയല്ല ശരിയായ സ്ത്രീ എന്നാണ് ഷിന്ദേ പ്രഖ്യാപിച്ചത് (13) ചിന്താശക്തിയുള്ള ഒരു പൂര്‍ണ വ്വക്തിത്വമായി സമൂഹം സ്ത്രീയെ അംഗികരിക്കണമെന്ന അവകാശവാദമാണ് ഷിന്ദേ ഉയര്‍ത്തിയത.്
അനുഭവങ്ങളുടെ വളച്ചുകെട്ടില്ലാത്ത ആവിഷ്കരണമാണ് ഇന്ന് പെണ്‍ കവിതകള്‍ ഓരോന്നും, ബഹുസ്വരങ്ങളുടെ ആഖ്യാനരൂപമായി മാറിയ പുതു കവിത അനുദിനം ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നു. തന്‍റെ ദുരിത ജീവിതം പറയാനും എഴുതാനും അറിയാനും ഉള്ള തികച്ചും വൈകാരികമായ ഒരിടമായി കവിത മാറുന്നു. സ്ത്രീയുടെ ഊഴം എപ്പോഴും ഏറ്റവും ഒടുവില്‍ ആണ് എന്ന ധാരണ ഊട്ടിയുറപ്പിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ആത്മവീര്യം പകര്‍ത്തുന്ന ഈ കവിതകള്‍ തികച്ചും പെണ്‍പിറവികളുടെ അന്തഃസത്തയെ തുറന്നുകാട്ടുന്നു. കാളിദാസികളാകുന്ന പെണ്‍ ജീവിതങ്ങളാണ് നമുക്ക് ചുറ്റിനും ഉള്ളത്.

കുറിപ്പുകള്‍
(.1)ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 36
(.2) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 16
(.3) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 19
(.4) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 23
(.5) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 28
(.6) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 34
(.7) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 44
(.8) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 55
(.9) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 57
(10) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 65
(11) ഗിരിജ  പി.പാതേക്കര 2012 പെണ്‍ പിറവി : ഡി.സി.ബുക്സ്, പുറം : 46
(12)ഗീത , എഴുത്തമ്മമാര്‍ ; കേരള  ഭാഷ ഇന്‍സ്റ്റിറ്റൂട്ട് തിരുവനന്തപുരം, പുറം: 18
(13)മാനസി. താരബായ് തെളിച്ച പെണ്‍പഥങ്ങള്‍, മാതൃഭൂമി ആഴചപ്പതിപ്പ്.മാര്‍ച്ച് – 10 , 2019 .

സഹായകഗ്രന്ഥങ്ങള്‍
(1)ഗിരിജ പി.പാതേക്കര. 2012, പെണ്‍പിറവി : ഡി.സി.ബുക്സ്, കോട്ടയം
(2)ഗീത, 2014, എഴുത്തമ്മമാര്‍ : കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
(3)ഗീത, 2002, ആധുനിക മലയാള കവിതയിലെ സ്ത്രീപക്ഷ സമീപനങ്ങള്‍, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
(4)ഷീബാ ദിവാകരന്‍. ഡോ 2014 പെണ്‍കവിത മലയാളത്തില്‍ , കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ആനുകാലികങ്ങള്‍
(1) മാനസി താരാബായ് തെളിച്ച പെണ്‍പഥങ്ങള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 10, 2019

 

 

 

 

 

പാര്‍വ്വതികൃഷ്ണ പി.എല്‍.
ഗവേഷക, എം.ജി.കോളേജ് ,
ഗവേഷണ കേന്ദ്രം, തിരുവനന്തപുരം

COMMENTS

COMMENT WITH EMAIL: 0