Homeചർച്ചാവിഷയം

കെ.കെ.രമയും രാഷ്ട്രീയ മണ്ഡലത്തിലെ സ്ത്രീവിരുദ്ധതയും

സാക്ഷര കേരളത്തിലെ രാഷ്ടീയ മണ്ഡലം ഇപ്പോഴും സ്ത്രീകള്‍ക്ക് സജീവമായി ഇടപെടാനോ നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിക്കാനോ സാധിക്കുന്ന ഒരു ഇടമല്ല. ആളുകള്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്വീകാര്യത നേടിയെടുക്കുന്നതിനും , സൈദ്ധാന്തിക തെളിച്ചങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും ചര്‍ച്ചകളിലൂടെ അത് വികസിപ്പിക്കുന്നതിനും തുടര്‍ച്ചയായ ഒഴിവു സമയങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയ മേഖല ആവശ്യപ്പെടുന്ന ഈ തുടര്‍ച്ചയായ സമയം പലപ്പോഴും സ്ത്രീയ്ക്ക് അപ്രാപ്യമായ ഒന്നാണ്. അതു കൊണ്ട് കുടുംബത്തിന്‍റെ അധികാരഘടനയെ അതേ മട്ടില്‍ നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുക എന്നത് സ്ത്രീക്ക് പലപ്പോഴും സാധ്യമാകുന്നില്ല.

സമ്മേളനങ്ങളിലും സമരങ്ങളിലും കൂടുതല്‍ ജനപിന്തുണ പ്രകടമാക്കുന്നതിനുള്ള ഉപാധികളാണ് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സ്ത്രീകള്‍ .ആണുങ്ങള്‍ തീരുമാനിക്കുന്ന ,സജ്ജീകരിക്കുന്ന, നടത്തുന്ന പരിപാടികളില്‍ അവരുടെ നിര്‍ദ്ദേശാനുസരണം പങ്കെടുക്കുക എന്ന വളരെ ലളിതമായ ജോലിയേ സ്ത്രീകള്‍ ചെയ്യേണ്ടതുള്ളു. അതിനു മുമ്പും അതിനു ശേഷവും അവരുടെ ജീവിതത്തിന് യാതൊരു മാറ്റവുമില്ല .ഗൃഹ ജോലികളെല്ലാം ചെയ്തുവെച്ച് വന്ന് സമരത്തില്‍ പങ്കെടുത്ത് തിരിച്ചുപോയി ഗൃഹ ജോലികള്‍ ചെയ്യുക എന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിലെ സാധാരണ അംഗങ്ങളായ സ്ത്രീകളുടെ മാത്രം പതിവല്ല . നേതൃസ്ഥാനത്തേക്കും ഭരണരംഗത്തേക്കും വരുന്ന സ്ത്രീകള്‍ പോലും തങ്ങളുടെ സ്ഥാനാരോഹണത്തിന് മുമ്പും ശേഷവും മാറാത്ത കുടുംബഘടനയുടെ ഭാഗമായിരിക്കുന്നവരാണ്.
ഭാവിയില്‍ വനിതാ സംവരണ ബില്‍ പാസ്സാവുകയും രാഷ്ട്രീയ മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരികയും ചെയ്തതു കൊണ്ടു മാത്രം സ്ത്രീ പ്രാതിനിധ്യത്തിന്‍റെ പ്രശ്നം അവസാനിക്കുകയില്ല .ഇങ്ങനെ കടന്നു വരുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം. രാഷ്ട്രീയം തങ്ങളുടെ കൂടി ഇടമാണെന്ന് തിരിച്ചറിയുകയും നേതൃശേഷിയും സംഘടനാപാടവവും രാഷ്ട്രീയ പരിജ്ഞാനവും നേടിയെടുത്ത് മുന്നോട്ട് പോകുകയും ചെയ്യണം. ഇതൊന്നും ഒരു സ്ത്രീക്ക് എളുപ്പമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകരാകുക എന്നതു പോലും സാധ്യമാകുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ പോലും പ്രചാരണവും സജ്ജീകരണങ്ങളും ആണുങ്ങള്‍ തന്നെ ഏറ്റെടുത്തു നടത്തുന്നതാണ് പലപ്പോഴും കാണുന്നത്. സ്ഥിരം ചെയ്യുന്നതുകൊണ്ടും ആണിന്‍റെ പ്രവൃത്തികളായി ഇവ അംഗീകരിക്കപ്പെടുന്നതുകൊണ്ടും ആണുങ്ങള്‍ക്കിത് എളുപ്പമായിരിക്കുകയും അന്വേഷിക്കാനും കണ്ടെത്താനും ഇടപെടാനുമുള്ള സാഹചര്യങ്ങളും സമയവും ഇല്ലാത്തത് സ്ത്രീകളെ പിന്നോട്ട് വലിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ മാത്രമായ കൂട്ടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തന്നെ പൊതുവായ കൂട്ടങ്ങളില്‍ നിശബ്ദരാവുകയും ആണുങ്ങള്‍ എല്ലാം ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നത് കാണാം.
രാഷ്ട്രീയ മണ്ഡലം ജനാധിപത്യത്തിന്‍റെയും സാമൂഹ്യനീതിയുടെയും തുല്യതയുടെയും ആശയങ്ങളാലും സംവാദങ്ങളാലും പ്രവര്‍ത്തനങ്ങളാലും നിര്‍മ്മിതമാകുകയും നിലനില്‍ക്കുകയും ചെയ്യുന്ന ഇടമായി സങ്കല്‍പ്പിക്കപ്പെടുമ്പോഴും പ്രായോഗിക രാഷ്ട്രീയവും തെരഞ്ഞെടുപ്പു രാഷ്ട്രീയവും രാഷ്ട്രീയ നിരക്ഷരതയും വ്യക്തിതാല്പര്യങ്ങളും ജനാധിപത്യരഹിത ഹിംസകളും കൊണ്ട് നിരന്തരമായി അട്ടിമറിക്കപ്പെടുന്ന ഇടം കൂടിയാണത്. ജനാധിപത്യപരമെന്ന് സങ്കല്പിക്കപ്പെടുന്ന രാഷ്ട്രീയ മണ്ഡലത്തിന്‍റെ സ്ത്രീ സൗഹൃദപരമല്ലാത്ത അന്തരീക്ഷത്തില്‍ തങ്ങളുടെ കഴിവ് കൊണ്ട് ഉയര്‍ന്നു വരുന്ന സ്ത്രീകള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നുവെന്നതും നിരീക്ഷിക്കേണ്ടതാണ്. അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് സ്ത്രീകള്‍ പറഞ്ഞാല്‍ അത് സ്ഥാനമോഹമായി തെറ്റിദ്ധരിക്കപ്പെടാം. അതിനാല്‍ മറ്റ് പലയിടങ്ങളിലുമെന്നപോലെ രാഷ്ടീയ മണ്ഡലത്തിലും അര്‍ഹമായ പ്രാതിനിധ്യത്തെ ചൊല്ലി നിശബ്ദരായിരിക്കാന്‍ സ്ത്രീകള്‍ ശീലിക്കുന്നു.
സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളോട് സൗഹാര്‍ദ്ദപൂര്‍വ്വം ഇടപെടുന്ന അണികളും നേതാക്കന്മാരും എതിര്‍ പാര്‍ട്ടിയില്‍ പെട്ട സ്ത്രീകളോട് ജനാധിപത്യ മര്യാദകളില്ലാതെ പെരുമാറുന്നതും രാഷ്ട്രീയത്തില്‍ നാം കാണുന്നു. അടുത്തിടെ ഇത്തരം ആക്രമങ്ങള്‍ക്ക് ഏറെ ഇരയാകേണ്ടി വന്ന ഒരു സ്ത്രീയാണ് കെ.കെ.രമ . അവരുടെ രാഷ്ട്രീയത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിന് പകരം മുന്‍വിധിയോടെയുള്ള പരിഹാസം , വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങള്‍ ,അവരുടെ സ്വകാര്യ ഇഷ്ടങ്ങളുടെ മേലെയുള്ള കടന്നുകയറ്റങ്ങള്‍ ഇവയുണ്ടാവുന്നത് ഒട്ടും ആശ്വാസ്യമല്ല.
ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്ന് പെട്ടെന്നൊരു ദിവസം രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയല്ല കെ.കെ.രമ . 1988 മുതല്‍ 94 വരെ അവര്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. 93ല്‍ ടഎക യുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. വിവാഹ ശേഷമുള്ള കാലത്ത് ഒഞ്ചിയത്ത് മഹിളാ അസോസിയേഷന്‍ ഏരിയാക്കമ്മറ്റി മെമ്പറായിരുന്നു. 2012 മെയ് 4ന് ശേഷം അവര്‍ ഞങജ ( ക) ല്‍ പ്രവര്‍ത്തിക്കുന്നു. ഇങ്ങനെയുള്ളൊരു സ്ത്രീ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച ശേഷവും മത്സരിച്ച് വിജയിച്ച ശേഷവും അവരുടെ അര്‍ഹതയേക്കുറിച്ചു മാത്രമല്ല അവരുടെ വ്യക്തി ശുദ്ധി യേക്കുറിച്ചും , മനസ്സില്‍ അടങ്ങാത്ത പക വെച്ചു കൊണ്ടും അവരെ തളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടും നടത്തുന്ന പ്രചാരണങ്ങളും ആരോപണങ്ങളും രാഷ്ട്രീയ മണ്ഡലത്തിന്‍റെ സ്ത്രീവിരുദ്ധതയെയും മനുഷ്യത്വമില്ലായ്മയെയും വെളിപ്പെടുത്തുന്നതാണ്. ആസ്ഥാന വിധവ എന്നും ഭര്‍ത്താവിനെ വിറ്റു തിന്നുന്ന ജീവി എന്നും അവര്‍ പരിഹസിക്കപ്പെട്ടു. അവരുടെ കോലം കെട്ടി എതിരാളികള്‍ തെരുവുകളില്‍ ആഭാസ നൃത്തം നടത്തി. ജനപ്രതിനിധി എന്ന നിലയില്‍ ഒരാളുടെ കഴിവ് വിലയിരുത്തേണ്ടത് അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ്. എന്നാല്‍ നിയമസഭയിലേക്ക് ജയിച്ചു വന്ന സമയത്ത് ‘നിയമസഭയില്‍ തൂത്തുവാരാനും ചായകൊടുക്കാനും പറ്റിയവള്‍’ എന്നാണ് അവര്‍ വിലയിരുത്തപ്പെട്ടത്. എന്നിട്ടും ആ സ്ത്രീ തളരാതെ മുന്നോട്ട് തന്നെ പോകുന്നു എന്നത് കാണാതിരിക്കാന്‍ കഴിയില്ല.

പൊതുവില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെയും ശരീര ഭാഷയേയും സംബന്ധിച്ച് ധാരാളം മുന്‍വിധികള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെ സംബന്ധിച്ച് ഇത്തരം മുന്‍വിധികളും നിയന്ത്രിക്കാനുള്ള ശ്രമങ്ങളും അധികവുമാണ്. കെ.കെ.രമ സാരിയുടുക്കാത്തതിനെ ചൊല്ലിയാണ് ആദ്യം ചര്‍ച്ച നടന്നതെങ്കില്‍ പിന്നീടത് സാരി ഉടുത്തതിനെപ്പറ്റിയായി. തന്‍റെ ശരീരത്തിന്‍റെയും വസ്ത്രധാരണത്തിന്‍റെയും മേല്‍പോലും ഒരു സ്ത്രീക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു അടഞ്ഞ ഇടമായി രാഷ്ട്രീയ മണ്ഡലം നില്‍ക്കുന്നത് എത്ര ലജ്ജാകരമാണ് . ഇത്തരം യാഥാസ്ഥിതിക ധാരണകളെ നിലനിര്‍ത്തേണ്ട ഇടമാണോ രാഷ്ട്രീയ മണ്ഡലം ? രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തന്നെ തങ്ങളുടെ ശരീരഭാഷയിലൂടെയും വസ്ത്രധാരണത്തിലൂടെയും ഇത്തരം യാഥാസ്ഥിതികമായ ധാരണകള്‍ക്കും ഒതുക്കലുകള്‍ക്കുമെതിരായ നിലപാടു സ്വീകരിക്കാന്‍ ബോധപൂര്‍വ്വമായി ശ്രമിക്കേണ്ടതാണ്. അത്തരം സംവാദങ്ങളൊന്നും രൂപപ്പെടാതിരിക്കുന്ന രാഷ്ട്രീയ മേഖലയിലാണ് കെ.കെ.രമയെന്ന സ്ത്രീയുടെ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള നിലവാരം കുറഞ്ഞ ചര്‍ച്ചകള്‍ നടക്കുന്നത്. ഭര്‍ത്താവ് മരിച്ച സ്ത്രീ എന്തുടുക്കണം എങ്ങനെ നടക്കണമെന്ന് അനുശാസിക്കുന്ന യാഥാസ്ഥിതിക സമൂഹത്തിന്‍റെ അതേ രീതി തന്നെ പുരോഗമനപ്പാര്‍ട്ടികളുടെ അണികള്‍ പിന്തുടരുന്നു എന്നത് ആത്മപരിശോധന നടത്തേണ്ട വിഷയമാണ്.

തെരഞ്ഞെടുപ്പില്‍ കെ.കെ.രമ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വലതുപക്ഷം അവരെ പിന്തുണയ്ക്കുകയുമാണ് ചെയ്തത്. തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കും സ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിനും വേണ്ടി സഖ്യങ്ങളും ധാരണകളുമുണ്ടാക്കുമ്പോള്‍ പല വിട്ടുവീഴ്ച്ചകളും ഇടതുപക്ഷവും വലതുപക്ഷവും ചെയ്യുന്നുണ്ട്. കേരളത്തിലും പുറത്തും ഇത്തരം വിട്ടുവീഴ്ച്ചകള്‍ ചെയ്യാന്‍ മടിക്കാത്ത പ്രസ്ഥാനങ്ങളും അവരെ പിന്തുണയ്ക്കുന്നവരുമാണ് കെ.കെ.രമയുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നത് എന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. എങ്കില്‍ പോലും കെ.കെ. രമയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആരോഗ്യകരമായ സംവാദങ്ങള്‍ ആവാം എന്നു കരുതുന്നു. എന്നാല്‍ രാഷ്ട്രീയ മണ്ഡലം രാഷ്ട്രീയ ആശയങ്ങളുടെ സംവാദസ്ഥലവും പ്രയോഗസ്ഥലവുമായിരിക്കുന്നതിന് പകരം വ്യക്തിഹത്യയുടെയും പകയുടെയും ഇടമായി നില്‍ക്കുന്നു എന്നത് ഖേദകരമാണ്. ഭര്‍ത്താവിന്‍റെ സാന്നിധ്യമാണ് തന്നിലൂടെ ഉറപ്പിക്കപ്പെടുന്നത് എന്ന നിലപാടെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് അധികം പുകഴ്ത്തി പറയാനൊന്നുമില്ലെന്ന് രമയുടെ എതിരാളികള്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ എന്തുകൊണ്ട് അവര്‍ ഇത്രയേറെ വിമര്‍ശിക്കപ്പെടുന്നു എന്ന് ആലോചിക്കുമ്പോഴാണ് അവരെ പിന്തുണയ്ക്കേണ്ടതുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടുക. കെ.കെ.രമയെ എതിര്‍ക്കുന്നത് അവരെ ഭയപ്പെടുന്നവരാണ്. ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകികളാണ്. കെ.കെ.രമയുടെ സാന്നിധ്യം ടി.പി യുടെ മരണമോര്‍പ്പിക്കുന്നു എന്നതാണ് പ്രശ്നം. അതു കൊണ്ടു തന്നെ അവരുടെ സാന്നിധ്യം കൊലപാതക രാഷ്ട്രീയത്തിനെതിരായ ഒരു വിധിയായി നില്‍ക്കുന്നു. ഇടതുപക്ഷത്തിന്‍റെ പുരോഗമന നിലപാടുകളോടൊപ്പമുള്ള എല്ലാ സങ്കുചിതത്വങ്ങളെയും ദൗര്‍ബ്ബല്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നുണ്ട് കെ.കെ.രമ എന്ന സ്ത്രീ . അവരെ നിരന്തരമായി അഭിമുഖീകരിച്ച് തങ്ങളെ തന്നെ തിരുത്തിക്കൊണ്ട് ഇടതുപക്ഷം മുന്നോട്ട് പോകേണ്ടതുണ്ട്.

 

 

 

 

 

നിഷി ജോര്‍ജ്ജ്
കരിന്തളം ഗവണ്‍മെന്‍റ് കോളേജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്യുന്നു. ഗോവിന്ദ പൈ (ജീവചരിത്രം) ,മണിക്കൂര്‍ സൂചിയുടെ ജീവിതം ( കവിതാ സമാഹാരം) മഴയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന ആകാശം ( കവിതാ സമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

COMMENTS

COMMENT WITH EMAIL: 0