Homeചർച്ചാവിഷയം

ജൂഡിത്ത് ബട്ട്ലര്‍

പ്പോഴാണ് നാം ബട്ട്ലറെക്കുറിച്ച് സംസാരിച്ച് തീര്‍ന്നത്. സഹദ്-സിയ ട്രാന്‍സ് ദമ്പതികളെപ്പറ്റി പൊതു-സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ബട്ട്ലറുടെ സിദ്ധാന്തങ്ങളെക്കുറിച്ച് ഇനിയും സംസാരിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാവുന്നു. ഈ ലേഖനത്തിനായി ബിന്ദു മേനോനോടും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷെറിന്‍ ടീച്ചറോടും ചര്‍ച്ച ചെയ്തപ്പോള്‍ ബട്ട്ലറുടെ പുതിയ എഴുത്തുകള്‍ക്ക് പ്രാധാന്യം കൊടുത്താലോ എന്നാണ് ആലോചിച്ചത്, കാരണം അവരുടെ എത്തിക്കല്‍ ഡെലിബറേഷന്‍സ്  തികച്ചും സമകാലീന പ്രസക്തി അര്‍ഹിക്കുന്നത് തന്നെയാണ്. എന്നാല്‍ ജൂഡിത്ത് ബട്ട്ലറുടെ സിദ്ധാന്തങ്ങളെക്കുറിച്ച് ഒരു നിരൂപണ ലേഖനം തയ്യാറാക്കുമ്പോള്‍ അവരുടെ പ്രശസ്തവും ഏവര്‍ക്കും സുപരിചിതവുമായ ജെന്‍ഡര്‍ പെര്‍ഫോമിറ്റിവിറ്റിയില്‍   നിന്ന് തന്നെ തുടങ്ങാം.

ബട്ട്ലറുടെ സിദ്ധാന്തങ്ങളെ മൂന്നായി തരംതിരിക്കുകയാണിവിടെ-(1) സെക്സ് , സെക്ഷ്വാലിറ്റി, ജെന്‍ഡര്‍ മുതലായ ആശയങ്ങളെ ഒരുമിച്ച് ചര്‍ച്ചയ്ക്കെടുക്കാം (2) ആലേഖന വ്യവഹാരങ്ങളെ ഒരുമിച്ച് തിയറൈസ് ചെയ്യാം (3) എത്തിക്കോ-ലീഗല്‍ ഡെലിബറേഷന്‍സാവും  മൂന്നാം ഭാഗം. ഈ മൂന്നു വിഭജനങ്ങളെയും പരിപോഷിപ്പിക്കുന്ന അന്തര്‍ധാര/അടിസ്ഥാനഘടകം പെര്‍ഫോര്‍മിറ്റിവിറ്റി ആണെന്ന് പറയാം.

1987 ല്‍ പ്രസിദ്ധീകരിച്ച Subjects of Desire: Hegelian Reflections in 20th Century France, 1990 ല്‍ പ്രസിദ്ധീകരിച്ച Gender Trouble : Feminism and the Subversion of Identity തുടര്‍ച്ചയായി 1993 ല്‍ പുറത്തുവന്ന Bodies That Matter: On the Discursive Limits of Sex എന്നീ പുസ്തകങ്ങള്‍ ആ വിഭാഗത്തില്‍പ്പെടും. സ്വന്തം എഴുത്തില്‍ തത്വശാസ്ത്രത്തിന്‍റെയും അക്കാദമിക് പദങ്ങളുടെയും അതിപ്രസരം സാധാരണ വായനക്കാരില്‍ നിന്ന് തന്‍റെ ആശയങ്ങളെ അകറ്റുന്നു എന്ന തോന്നലാവാം 2004 ല്‍ പ്രസിദ്ധീകരിച്ച Undoing Gender എന്ന കൃതിക്ക് പിന്നിലെ പ്രഥമ പ്രചോദനം. മുമ്പ് പ്രതിപാദിച്ച പ്രസിദ്ധീകരണങ്ങളിലെ ആശയങ്ങളെ ലളിതമായ ഭാഷയില്‍ സംക്ഷിപ്ത രൂപത്തില്‍ മുഖ്യധാര വായനക്കാരില്‍ എത്തിക്കുകയാണ് Undoing Gender.

1988 ല്‍ പ്രസിദ്ധീകരിച്ച Performative Acts and Gender Constitution എന്ന ലേഖനത്തിലാണ് ജെന്‍ഡര്‍ പെര്‍ഫോമിറ്റിവിറ്റി എന്ന ആശയം ബട്ട്ലര്‍ ആദ്യമായി പ്രതിപാദിക്കുന്നത്. ഈ ലേഖനത്തിന്‍റെ വിപുലീകരണമായി വേണം ‘ജെന്‍ഡര്‍ ട്രബിളി’നെ കരുതാന്‍. സെക്സ് എന്ന പദത്തിന്‍റെ തത്വശാസ്ത്രപരമായ അര്‍ത്ഥതലങ്ങളെ തുറന്ന് കാട്ടുകയാണ് ഈ വ്യവഹാരം. സ്ത്രീ-പുരുഷന്‍ എന്നീ ദ്വന്ദ്വങ്ങളുടെ നിര്‍വചനം നല്‍കുന്നതിലപ്പുറം അധികാരക്രയവിക്രയങ്ങളെങ്ങനെ മേല്‍പ്പറഞ്ഞ കാറ്റഗറികളെ സൃഷ്ടിക്കുന്നു എന്ന് പരിശോധിക്കുന്നതിലാണ് ബട്ട്ലര്‍ ഊന്നല്‍ നല്‍കുന്നത്. ഈ പരിശോധനയിലൂടെ ഫെമിനിസത്തിന്‍റെ അടിത്തറ തന്നെ സബ്വേര്‍ട്ട് ചെയ്യുകയാണവര്‍. സെക്സ് എന്ന പദത്തിന്‍റെ സെമാന്‍റിക് ബാഗേജ് കണക്കിലെടുത്ത് ജെന്‍ഡര്‍ എന്ന പ്രയോഗത്തിലേക്കാണ് ശ്രദ്ധ തിരിയുന്നത്. സെക്സ് എന്ന വാക്ക് ഓരോ വ്യക്തിയിലും അടിച്ചേല്‍പ്പിക്കുന്ന വ്യവഹാര പരിമിതികളെക്കുറിച്ച് സംസാരിച്ച് തുടങ്ങി ജെന്‍ഡര്‍ എന്ന പ്രയോഗത്തിലേക്ക് പരിണമിക്കുമ്പോള്‍ സ്ത്രീ/പുരുഷന്‍ / ട്രാന്‍സ് ജെന്‍ഡര്‍ എന്നിങ്ങനെ പല സാമൂഹിക വിഭാഗങ്ങള്‍ക്ക് സാംസ്കാരിക ശക്തികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണ വ്യവഹാരങ്ങള്‍ കൂടുതല്‍ വായനകള്‍ക്ക്/വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുന്നു. മേല്‍പ്പറഞ്ഞ നിയന്ത്രണ ശക്തികള്‍ ആവര്‍ത്തന പ്രക്രിയയിലൂടെ ചില സ്വഭാവങ്ങളെ ഒരു പ്രത്യേക ജെന്‍ഡര്‍ കാറ്റഗറിയുടെ ചട്ടക്കൂടില്‍ സാധാരണവത്ക്കരിക്കുന്നു.

ജെ.എല്‍.ആസ്റ്റിന്‍റെ  സ്പീച്ച്-ആക്ട് തത്വം/സിദ്ധാന്തം, ദെറീദയുടെ  iterability എന്നിവയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്ന ബട്ട്ലര്‍ ആവര്‍ത്തനത്തിലൂടെ, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും, സാമൂഹിക-സാംസ്കാരിക ശക്തികളിലൂടെ രൂപാന്തരം കൊള്ളുന്ന ആശയമായാണ് ജെന്‍ഡര്‍ നിര്‍മ്മിക്കുന്നത്. ദ്വന്ദ്വങ്ങളിലൂടെ മാത്രം പ്രവര്‍ത്തിച്ചു പോരുന്ന പാശ്ചാത്യ തത്വശാസ്ത്രം അങ്ങനെ രണ്ടു ജെന്‍ഡര്‍ എന്ന പൊതുനിയമത്തില്‍ എത്തിച്ചേരുന്നു. ജെന്‍ഡര്‍ സാമൂഹിക-സാംസ്കാരിക ശക്തികളാല്‍ നിര്‍മ്മിതമാണെന്നിരിക്കെ അതെങ്ങനെ രണ്ടില്‍ ഒതുങ്ങുന്നു? പലതരം ആവര്‍ത്തനസ്വഭാവങ്ങള്‍ പലതരം ജെന്‍ഡര്‍ എന്ന ആശയത്തിലേക്ക് വഴിവെക്കേണ്ടതല്ലേ എന്ന പ്രസക്തമായ ചോദ്യമാണ് ബട്ട്ലറുടെ ജെന്‍ഡര്‍ തത്വങ്ങള്‍ നമ്മളിലേക്ക് എത്തിക്കുന്നത്.

അക്കാദമിക് മേഖലയില്‍ പ്രത്യേകിച്ച് മാനവിക വിഷയങ്ങളുടെ വ്യവഹാരങ്ങളില്‍ ജെന്‍ഡര്‍ എന്ന തത്വത്തിന്‍റെ അടിസ്ഥാനം ലഘൂകരിക്കപ്പെടുന്നു എന്നിരിക്കെ ഇന്ത്യന്‍ ചിന്താധാരയില്‍ ദ്വന്ദ്വങ്ങളില്‍ നിന്ന് മാറി ചിന്തിക്കുക ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത സഹദ്-സിയ വിഷയത്തിലെ പ്രതികരണങ്ങളില്‍ പകല്‍പോലെ വ്യക്തം. നവജാത ശിശുവിന്‍റെ സെക്സ്/ജെന്‍ഡര്‍ എന്തുകൊണ്ട് പുറത്തു പറയുന്നില്ല? ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞ് പല ബൈനറികളെയും വെല്ലുവിളിക്കുന്നു. അപ്പോള്‍ അവിടെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്വത്വ രാഷ്ട്രീയം എന്താവും? ബട്ട്ലര്‍ മുന്നോട്ടുവെച്ചു പോരുന്ന താത്വിക അവലോകനങ്ങളില്‍ വ്യക്തി/വ്യക്തിത്വം എന്നിവ ജെന്‍ഡര്‍ പ്രകടനങ്ങളിലൂടെ ഉണ്ടാവുന്നു എന്നിരിക്കെ ചെറുതും വലുതുമായ വ്യതിയാനങ്ങള്‍ കേരളത്തിന്‍റെയും ഇന്ത്യയുടെയും പൊതുമണ്ഡലങ്ങളില്‍ എങ്ങനെ സൈദ്ധാന്തികവത്കരിക്കപ്പെടുന്നു? പെര്‍ഫോര്‍മന്‍സ്, (പെര്‍ഫോര്‍മാറ്റിവിറ്റി) എന്നീ പദങ്ങള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ നേരിടുന്ന ആശയപരമായ അവ്യക്തത മുതല്‍ ഇന്ത്യന്‍ ചിന്താധാര ജെന്‍ഡേര്‍ഡ് വ്യക്തിത്വങ്ങളെ പ്രതിനിധാനം ചെയ്യുന്ന രീതി വരെ വെല്ലുവിളികളാവുന്നു.

ലേഖനത്തിന്‍റെ തുടക്കത്തില്‍ ബട്ട്ലറുടെ ചിന്താധാരയെ മൂന്നായി വിഭജിച്ചിരുന്നുവല്ലോ, രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ ഇതേ വെല്ലുവിളികള്‍ തന്നെ വീണ്ടും ചര്‍ച്ചയാക്കേണ്ടിയിരിക്കുന്നു. Giving an Account of Oneself എന്ന പ്രസിദ്ധീകരണത്തില്‍ സ്വയജ്ഞാനത്തിന്‍റെ പരിമിതികളെക്കുറിച്ചാണ് ബട്ട്ലര്‍ സംസാരിക്കുന്നത്. ഞാന്‍ ‘ക’ എന്ന വ്യക്തിക്ക് (subject) സ്വയജ്ഞാനം അപ്രാപ്യമില്ല, പക്ഷേ ഈ ജ്ഞാനം അപാകതകള്‍/പരിമിതികള്‍ നിറഞ്ഞതാണ്. കാരണങ്ങള്‍ പലതാണ്-ഒന്ന്, എന്‍റെ സ്വയജ്ഞാനം ഭാഷയില്‍ നിക്ഷിപ്തമാണെന്നിരിക്കെ, ഭാഷയുടെ അനുമാനങ്ങള്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങള്‍ ഞാന്‍ എന്ന വ്യക്തിയുടെ പൂര്‍ണമായ സ്വയജ്ഞാനത്തിന് വിലങ്ങുതടിയാവുന്നു. രണ്ട്, ‘ഞാന്‍’ എന്ന വ്യക്തി/വ്യക്തിത്വം ഉണ്ടാവുന്നത് സാംസ്കാരിക സാമൂഹിക ശക്തികളാല്‍ പ്രേരിതങ്ങളായ ആവര്‍ത്തന പ്രക്രിയകളിലൂടെ ആയതുകൊണ്ട് സ്വയജ്ഞാനത്തിന്‍റെ ധാര്‍മ്മികതയും പ്രതിബദ്ധതയും ബാഹ്യവും ഉള്‍പ്രേരിതമല്ലാത്തതും ആകുന്നു.

ഇപ്പോള്‍ പ്രതിപാദിച്ച കൃതിയില്‍ വ്യക്തിയുടെ പ്രകടന പരിമിതികള്‍ വിശകലനം ചെയ്യപ്പെട്ടെങ്കില്‍ Excitable Speech: A Politics of the Performative, Precarious Life: The Powers of Mourning and Violence എന്നീ രചനകള്‍ collective പ്രകടനങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. Excitable Speech വിദ്വേഷ പ്രസംഗങ്ങളുടെ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ Excitable Speech മനുഷ്യസഹജമായ ദുഃഖം, ദുര്‍ബലത, ഹിംസ എന്നീ അവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നു.

ഒരു പൊതുമണ്ഡലം അംഗീകൃത വ്യവഹാരങ്ങളെ എങ്ങനെ നിര്‍വചിക്കുന്നു? ആരാണ് എങ്ങനെയാണ് ഈ വ്യവഹാര മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്? ഫൂക്കോഡിയന്‍ തത്വങ്ങളുടെ പ്രകടമായ സ്വാധീനം ബട്ട്ലറുടെ Excitable Speech ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത വ്യവഹാരങ്ങളുടെ പരിമിതി നിര്‍ണ്ണയിക്കുന്നതിലെ പ്രശ്നാത്മകതയെക്കുറിച്ച് പ്രതിപാദിക്കുന്നത് വിദ്വേഷ പ്രസംഗം, സെന്‍സര്‍ഷിപ്പ് എന്നീ വിഷയങ്ങളിലൂടെയാണ്. ബട്ട്ലറുടെ അഭിപ്രായത്തില്‍ ഒരു  വിഷ്യവാണി പോലെ ഒരു വിദ്വേഷ പ്രസംഗം അത്തരത്തില്‍ മുദ്രകുത്തപ്പെടുമ്പോള്‍ കൂടുതല്‍ പ്രസക്തി/വിദ്വേഷം ആര്‍ജിക്കുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളെ പ്രശ്നാവത്കരിക്കുമ്പോള്‍ ഒരു പ്രതിവിധി അവര്‍ മുന്നോട്ടു വയ്ക്കുന്നതായി വായനയില്‍ തോന്നുന്നില്ല. രാഷ്ട്രീയ- ഭരണസംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ലേബലിംഗ് അപ്പാടെ ഉപേക്ഷിക്കുകയോ തള്ളിക്കളയുകയോ ചെയ്താലുണ്ടാവുന്ന അരാചകത്വം/അരക്ഷിതാവസ്ഥ കണക്കിലെടുക്കേണ്ടതുണ്ട്.

2004 ല്‍ പ്രസിദ്ധീകരിച്ച Precarious Life മനുഷ്യസഹജമായ അനിശ്ചിതത്വം, ദുര്‍ബലത എന്നിവയിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്. തത്വശാസ്ത്രം, സിദ്ധാന്തം എന്നീ അമൂര്‍ത്തമായ മേഖലകളില്‍ നിന്ന് സമകാലിന പ്രശ്നങ്ങളുമായി നേരിട്ടുള്ള സംവാദം Excitable Speech, Precarious Life എന്നീ പുസ്കതങ്ങളില്‍ കാണാം.

ഭരണസംവിധാനങ്ങള്‍ എങ്ങനെ സ്റ്റേറ്റ് ലെസ്  ജനതയെ സൃഷ്ടിക്കുന്നു? ഈ ചോദ്യം അധികാര ദുര്‍വിനിയോഗം, മനുഷ്യാവകാശ ലംഘനം തുടങ്ങി തീവ്രവാദി-തീവ്രവാദം നിര്‍വചനങ്ങളിലേക്കും നയിക്കുന്നു. ആഗോളതലത്തില്‍ ശ്രദ്ധയും ശക്തിയുമാര്‍ജ്ജിച്ച ഭീകരതക്കെതിരായ യുദ്ധം, അതിന്‍റെ തുടര്‍ച്ചയായ ഗ്വാണ്ടനാമോ ബേ പോലെയുള്ള കറുത്ത അദ്ധ്യായങ്ങള്‍, അംഗീകൃത പൗരത്വമില്ലാത്ത സ്റ്റേറ്റ് ലെസ്  ജനത ഇവയെല്ലാം ഇഴ ചേര്‍ന്നുകിടക്കുന്ന കണ്ണികളാണ്. ഭരണകൂടം, ഭരണസംവിധാനങ്ങള്‍, നിയമവ്യവസ്ഥകള്‍ ഇവ തമ്മില്‍ പ്രശ്നാത്മകമായ ഒരു ബന്ധമാണ് ബട്ട്ലര്‍ വീക്ഷിക്കുന്നത്. താല്‍പര്യാനുസരണം comply/suspend എന്ന സ്ഥിതി തന്നെ അരാചകത്വം അല്ലേ എന്ന ചോദ്യം 2023 ലും പ്രസക്തമായതു തന്നെ.

2015 ല്‍ പുറത്തിറങ്ങിയ Notes Toward a Performative Theory of Assembly ഏറ്റവും അടുത്തിടെ (2020) പ്രസിദ്ധീകരിച്ച The Force of Non-Violence എന്നീ പുസ്തകങ്ങള്‍ പെര്‍ഫോര്‍മന്‍സ്/പെര്‍ഫോമിറ്റിവിറ്റി, നറേറ്റീവ്, നീതിശാസ്ത്രം എന്നിങ്ങനെ ബട്ട്ലറുടെ മൂന്നു പ്രിയപ്പെട്ട വ്യവഹാരങ്ങളെ കോര്‍ത്തിണക്കുന്നു. 2014 ല്‍ കൊടുമ്പിരി കൊണ്ട ‘ബ്ലാക്ക് ലൈഫ്സ് മാറ്റര്‍’ പ്രസ്ഥാനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്‍റെ രാഷ്ട്രീയം പൊതുയോഗങ്ങളുടെ പ്രകടനങ്ങള്‍ വഴി എങ്ങനെ ശക്തിപ്പെടുന്നു എന്ന് മനസ്സിലാക്കാനുള്ള ശ്രമമാണ്. ഒരു പൊതുയോഗം രണ്ടുതരത്തില്‍ പരിണമിക്കാം-ഹിംസയില്‍ കലാശിക്കാം അല്ലെങ്കില്‍ സമാധാനപരമായി പ്രതിഷേധം രേഖപ്പെടുത്താം. റാഡിക്കല്‍ മാര്‍ക്സിസം ശുപാര്‍ശ ചെയ്യുന്ന സായുധ സമര മാര്‍ഗ്ഗങ്ങളെ നേരിട്ടല്ലാതെ വിമര്‍ശിക്കുന്നുണ്ട് ഇവിടെ. സാമൂഹിക തുല്യതയ്ക്കു വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങളില്‍ അഹിംസ സമരമാര്‍ഗ്ഗങ്ങള്‍ നിഷ്ക്രിയ പരിശീലനങ്ങളായി തള്ളിക്കളയേണ്ടതില്ല എന്ന് ഗാന്ധിയെ ഓര്‍മ്മിപ്പിക്കും വിധം ബട്ട്ലര്‍ പറഞ്ഞു വയ്ക്കുന്നു.

സിമോണ്‍ ഡി ബുവെ, ദെറിദ, ഫ്രോയ്ഡ്, ലക്കാന്‍, ജൂലിയ ക്രിസ്തേവ, ലെവിനാസ്, അഗംബെന്‍, നീചെ എന്നിങ്ങനെ വിവിധ എഴുത്തുകാരുടെ സിദ്ധാന്തങ്ങളില്‍ നിന്ന് ബട്ട്ലര്‍ പ്രേരണ ഉള്‍ക്കൊള്ളുന്നു. ഇതുതന്നെയാണ് ബട്ട്ലറുടെ ഏറ്റവും വലിയ പ്രത്യേകതയും ദോഷവും. പലപ്പോഴും വളരെ തന്മയത്വത്തോടെ മേല്‍പ്പറഞ്ഞവരുടെ പല പശ്ചാത്തലങ്ങളിലുള്ള സിദ്ധാന്തങ്ങള്‍ ഇഴചേര്‍ക്കുന്ന ബട്ട്ലര്‍ പക്ഷേ സ്വന്തം സിദ്ധാന്തങ്ങളില്‍ ഒരു അപ്പോറിയ സൃഷ്ടിക്കുന്നു. അന്തര്‍ലീനമായ വൈരുദ്ധ്യങ്ങള്‍ ഇങ്ങനെ വ്യവഹാരങ്ങള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ രൂപപ്പെടുന്നു. എന്നാലും, പെര്‍ഫോമിറ്റിവിറ്റി എന്ന ആശയം മനുഷ്യവ്യവഹാരങ്ങളുടെ വിവിധ മേഖലകളെ സൂക്ഷ്മമായി മനസ്സിലാക്കുന്നതില്‍ പുതിയ വാതായനങ്ങള്‍ തുറന്നിടുന്നു എന്ന് നിസ്സംശയം പറയാം.

സുൽഫിയ സന്തോഷ്

 

 

 

 

 

 

ടി. കെ. എം.കോളേജ്   ഓഫ് ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ ഇംഗ്ലീഷ് വിഭാഗം അസ്സിസ്റ്റന്‍റ്‌ പ്രൊഫസർ. ഹൈദരാബാദ് ഇഗ്ളീഷ് ആൻഡ് ഫോറിൻ ലാങ്ഗ്വേജസ് സർവകലാശാലയിൽ  നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.

COMMENTS

COMMENT WITH EMAIL: 0