“എനിക്ക് ഒരു ടെലിസ്ക്കോപ്പ് നല്‍കൂ. ഞാന്‍ വിസ്മയങ്ങള്‍ വിരിയിക്കാം” ഇങ്ങനെ പറഞ്ഞൊരു വനിതയുണ്ട് ജയിംസ് വെബ്ബ് ടെലിസ്ക്കോപ്പിനു പിന്നില്‍ എന്നറിയാമോ? അതാരെന്നാണോ? ജെയിന്‍ റിഗ്ബി തന്നെ. പ്രപഞ്ചത്തിന്‍റെ അനന്തവിസ്മയങ്ങളിലേക്ക് മിഴി തുറന്നുകൊണ്ട് ജയിംസ് വെബ്ബ് ടെലിസ്കോപ്പ് കാണിച്ചുതന്ന മിഴിവേറും ദൃശ്യങ്ങള്‍ അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് ലോകം നോക്കിക്കണ്ടത്. മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കാര്യക്ഷമമായ ഈ ബഹിരാകാശ ടെലിസ്കോപ്പ് ചുരുള്‍നിവര്‍ത്താന്‍ പോവുന്ന പ്രപഞ്ചരഹസ്യങ്ങളിലേക്ക് ലോകം മിഴിനട്ടിരിക്കുമ്പോള്‍ അതിന്‍റെ ഓപ്പറേഷന്‍സ് പ്രോജക്റ്റ് സയന്‍റിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ജെയിന്‍ റിഗ്ബിയെ നാം തീര്‍ച്ചയായും അറിയേണ്ടതുണ്ട്.
ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്താണ് റിഗ്ബി ആസ്ട്രോഫിസിക്സിലേക്ക് അകൃഷ്ടയായത്. ആദ്യ യു.എസ്,വനിതാ ബഹിരാകാശ സഞ്ചാരിയായ സാലി റീഡ് ആണ് പെണ്‍കുട്ടികള്‍ക്ക് ജ്യോതിര്‍ഭൗതികമൊക്കെ പഠിക്കാന്‍ പറ്റുമെന്ന ബോധ്യം തന്നിലുണ്ടാക്കിയതെന്ന് അവര്‍ പറയുന്നു. ബഹിരാകാശ ഗവേഷണമൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന ധാരണ തിരുത്തിക്കുറിച്ചിട്ടുതന്നെ കാര്യമെന്ന് ആ പെണ്‍കുട്ടി മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു. പെന്‍സില്‍വാനിയ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ബിരുദം നേടിയ ശേഷം ഗാലക്സികളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് അരിസോണ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റും നേടി. കാര്‍ണെജീ ഒബ്സര്‍വേറ്ററിയില്‍ ആയിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനം. സ്പിറ്റ്സര്‍ ഫെല്ലോ ആയും പ്രവര്‍ത്തിച്ചു.
ജെയിന്‍ റിഗ്ബി
ഈ അനുഭവസമ്പത്തുമായാണ് ജെയിന്‍ റിഗ്ബി നാസയുടെ ഗൊദ്ദാര്‍ദ് സ്പേസ് ഫ്ലൈറ്റ് സെന്‍ററില്‍ ശാസ്ത്രജ്ഞയായി എത്തുന്നത്. വിവിധ ബഹിരാകാശ ടെലിസ്കോപ്പുകള്‍ നിരന്തരം ഉപയോഗിച്ചതില്‍ നിന്നുള്ള അനുഭവ പരിചയം ഈ വനിതയെ നാസയുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. ഗാലക്സികളുടെ ഉത്ഭവ പരിണാമങ്ങള്‍, ഗാലക്സീ കേന്ദ്രത്തിലെ തമോഗര്‍ത്ത രൂപീകരണം, നക്ഷത്ര ജനനം, മൂലകങ്ങളുടെ പിറവി തുടങ്ങി റിഗ്ബിക്ക് താല്പര്യമുള്ള മേഖലകള്‍ നിരവധിയായിരുന്നു. ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. നാസയുടെ ന്യുസ്റ്റാര്‍ മിഷന്‍ സംഘത്തിലും അംഗമാണീ ശാസ്ത്രജ്ഞ. 2010-ല്‍ ആണ് ജെയിന്‍ ജയിംസ് വെബ്ബ് സംഘത്തില്‍ എത്തുന്നത്. 2018-ല്‍ അതിന്‍റെ ഓപ്പറേഷന്‍സ് പ്രോജക്റ്റ് സയന്‍റിസ്റ്റ് പദവിയിലുമെത്തി. 2021 ഡിസംബര്‍ 25-ന് ജയിംസ് വെബ്ബ് ടെലിസ്കോപ്പ് വിക്ഷേപിച്ചതു മുതല്‍ അത് അതിവിദൂരതയില്‍ മിഴിതുറക്കും വരെ വിശ്രമം എന്തെന്നറിയാതെ പ്രവര്‍ത്തിക്കുകയായിരുന്നു ജെയിനും സഹപ്രവര്‍ത്തകരും.
ശാസ്ത്രപ്രചാരണത്തിലും മുന്‍ പന്തിയിലാണ് ജെയിന്‍. ജ്യോതിശാസ്ത്രത്തെക്കുറിച്ചും ബഹിരാകാശ ടെലിസ്കോപ്പുകളെക്കുറിച്ചുമൊക്കെ സാമാന്യ ജനങ്ങളോട് അവര്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നേച്ചര്‍ മാഗസിന്‍ തെരഞ്ഞെടുത്ത ശ്രദ്ധേയരായ പത്തു വ്യക്തികളില്‍ ഒരാള്‍ റിഗ്ബിയായിരുന്നു. അമേരീക്കന്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റി എല്‍ജിബിറ്റി വര്‍ക്കിങ് ഗ്രൂപ്പിന്‍റെ സ്ഥാപക അംഗം കൂടിയാണ് റിഗ്ബി. ആസ്ട്രോണമിയില്‍ അവസര സമത്വത്തിനായി ഇന്‍ക്ലൂസീവ് ആസ്ട്രോണമിക്കും അവര്‍ തുടക്കം കുറിച്ചു.
COMMENTS