Homeചർച്ചാവിഷയം

ഇവിടെ പുരുഷനും സ്ത്രീക്കും രണ്ടു നീതി

ബെറ്റി ലൂയിസ്

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ  സ്ത്രീകളും  കുഞ്ഞുങ്ങളും, സുരക്ഷിതത്വം  അര്‍ഹിക്കുന്നവരാണ്. അത് അവരുടെ കുടുംബങ്ങളിലാണെങ്കിലും,  സമൂഹത്തിലാണെങ്കിലും, തൊഴിലിടങ്ങളിലാണെങ്കിലും. ഇതോടൊപ്പം ഒരു  കാര്യം കൂടി ഓര്‍ക്കണം. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഈ സമൂഹിക വ്യവസ്ഥയില്‍ തന്നെ  ചിലപ്പോഴെങ്കിലും ചില  പുരുഷന്മാരും  ഇരകളാക്കപ്പെടാറുണ്ട്. അതേ സമയം ഏറ്റവും ക്രൂരവും ഹീനവും വ്യാപകവുമായ വിവേചനത്തിനും അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയരാക്കപ്പെടുന്നത് സ്ത്രീകളും, ലിംഗഭേദമെന്യേ കുഞ്ഞുങ്ങളുമാണ്.

ഇവിടെ ജനാധിപത്യവിരുദ്ധമായ അധികാരപ്രയോഗത്തിന്‍റെ പ്രശ്നങ്ങളും കാണാന്‍ കഴിയും. മേധാവി സ്ത്രീയോ  പുരുഷനോ അഥവാ സവര്‍ണരോ ആയിക്കോട്ടെ, അവര്‍ ഇച്ഛിക്കുന്നതാണ് തീരുമാനമായി നടപ്പില്‍ വരിക.  അത് കുടുംബത്തിലായാലും, ഭരണകൂടത്തിലായാലും തൊഴിലിടത്തിലായാലും സമൂഹത്തിലായാലും.

1995 മുതല്‍ എന്‍റെ പ്രവര്‍ത്തന മേഖല ടെലിവിഷന്‍ ചാനലുകളിലായിരുന്നു. അതിനു മുന്‍പായി മഹിളാ അസോസിയേഷന്‍റെ കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇടയ്ക്കു മൂന്നു മാസം  ഡല്‍ഹിയിലെ ഒരു സ്കൂളില്‍ ജോലി നോക്കി. ഈ രണ്ടു ജോലികളിലും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് സ്ത്രീകളോടായിരുന്നു.

ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്നത് ഇതിനു ശേഷമാണ്. അവിടെ ഞങ്ങള്‍ പങ്കെടുക്കുന്ന അവലോകന യോഗങ്ങളില്‍ ഓരോരുത്തര്‍ക്കും പറയുവാനുള്ളത് അവതരിപ്പിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന സമീപനമാണ് ശ്രീ ശശികുമാര്‍ കാണിച്ചിട്ടുള്ളത്. അത് വിയോചിപ്പുകളും ആവാം.  ജീവിതത്തില്‍ പിന്നീട് പല ഇടങ്ങളിലേക്കും ചേക്കേറിപ്പോയ ഞങ്ങളിലെല്ലാവര്ക്കും ഓര്‍മയില്‍ സൂക്ഷിക്കാനും പാഠങ്ങള്‍ ഉള്‍കൊള്ളാനും ലഭിച്ച അവസരമായിരുന്നു ആ പ്രഭാത യോഗങ്ങള്‍. തൊഴിലിടങ്ങളില്‍ തുറന്നു സംസാരിക്കാന്‍ സ്വാതന്ത്ര്യം പകര്‍ന്നു തന്ന ആ സംസ്കാരത്തെ ‘ശശികുമാര്‍ സ്കൂള്‍’ എന്ന് പല അവസരങ്ങളിലും  അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുമായിരുന്നു.

ജോലി ചെയത ഇടങ്ങളിലൊന്നും തന്നെ  ഒരു സ്ത്രീ എന്ന വിവേചനം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. വ്യക്തിപരമായ വിഷമതകള്‍ തരണം ചെയ്യേണ്ട അവസരങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും.

ഏഷ്യാനെറ്റില്‍ നിന്നും കൈരളിയിലേക്ക് മാറിയപ്പോള്‍   പുരുഷന്മാര്‍ സാധാരണ ഏറ്റെടുക്കാറുള്ള തസ്തികയാണ് എനിക്കു ലഭിച്ചത്. പല പ്രൊജക്ടുകളിലും ക്രൂവിന്‍റെ കൂട്ടത്തില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടാകാറുണ്ടായിരുന്നുള്ളു. പലയിടങ്ങളിലും തനിയെ  യാത്രകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷെ സ്ത്രീ എന്ന നിലയില്‍ ഒരു പ്രയാസവും എനിക്കവിടെ ഒരിക്കലും ഉണ്ടായിട്ടില്ല..

കൈരളിയുടെ തുടക്കക്കാലത്തു തിരുവനന്തപുരം വടക്കേ കൊട്ടാരത്തില്‍ കൈരളി ടീവി  പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍, പ്രോഗ്രാം പ്രൊഡക്ഷനിലുള്ളവര്‍ക്ക്, പലപ്പോഴും, പകല്‍ രാവാവുന്നത് പോലും   അറിയില്ലായിരുന്നു. ഇന്‍ഡോര്‍  വര്‍ക്ക് അല്ലെങ്കില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോകുമ്പോള്‍ പുറത്ത് വെയിലാണോ മഴയാണോ എന്നൊന്നും ഓര്‍ക്കാറില്ലായിരുന്നു.  അക്കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സന്തോഷത്തോടെ എല്ലാവരും പ്രവര്‍ത്തിക്കുമായിരുന്നു. ആരും നിര്‍ബന്ധിച്ചിട്ടല്ലായിരുന്നു ഞങ്ങള്‍ അങ്ങിനെ ജോലി ചെയ്തിരുന്നത്. ഞങ്ങള്‍ക്കെല്ലാം കൈരളി ഒരു വികാരമായിരുന്നു. പ്രൊഡ്യൂസര്‍മാരായ സന്ധ്യ ബാലസുമയ്ക്കും, സജിത മഠത്തിലിനും, ക്യാമറയിലെ ലൈലയ്ക്കും, ലൈബ്രറിയിലെ ചിത്രയ്ക്കും  റിസെപ്ഷനിലുണ്ടായിരുന്ന വനിതാ ജീവനക്കാര്‍ക്കും, ന്യൂസിലെ വനിതാ  സഹപ്രവര്‍ത്തകര്‍ക്കും എല്ലാവര്‍ക്കും അന്നത്തെ ഞങ്ങളുടെ ഉത്സാഹത്തെ  കുറിച്ച്  ഇതേ അഭിപ്രായമായിരിക്കും ഉണ്ടാവുക.

ഇതെല്ലാം പരാമര്‍ശിക്കപ്പെടുമ്പോഴും പല തൊഴിലിടങ്ങളിലും സ്ത്രീകളുടെ  തൊഴില്‍ ജീവിതം സുഗമമല്ല എന്ന് ഒട്ടു മിക്ക സ്ത്രീകള്‍ക്കും അനുഭവബോധ്യമുള്ളതാണ്. പല മേഖലകളിലും സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നു. ശബ്ദമുയര്‍ത്തുന്നവരെ ഒരു ജനാധിപത്യ ബോധവുമില്ലാതെ അടിച്ചമര്‍ത്തുന്നത് ഈ ‘പ്രബുദ്ധ  കേരളത്തില്‍’ പോലും നമുക്ക് കാണാന്‍ കഴിയുന്നു. ഒരേ തൊഴില്‍ മേഖലയിലെ സഹപ്രവര്‍ത്തകക്കെതിരെ പരാമര്‍ശങ്ങള്‍ തൊഴിലിടത്തിനും  സംഘടനയ്ക്കും പുറത്തു പറയാന്‍  അമിതമായി ഉത്സാഹിക്കുന്ന  പുരുഷന്‍മാരെ നമുക്കറിയാം. എന്നാല്‍ അത് സംബന്ധിച്ച  വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാകുന്ന സ്ത്രീക്കു അതിനുള്ള സ്വാതന്ത്ര്യം പുരുഷധിപത്യ  സമൂഹം തടയുന്നു. ഇവിടെ പുരുഷനും സ്ത്രീക്കും രണ്ടു നീതി എന്നത് വ്യക്തം.

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അത് തൊഴിലിടത്തിലായാലും, സൈബറിടത്തിലായാലും, മറ്റെവിടെയാണെങ്കിലും, കര്‍ശനമായി നിര്‍ത്തലാക്കേണ്ടത് സമൂഹത്തിന്‍റെ നന്മക്കും ആരോഗ്യകരമായ സംസ്കാരത്തിനും അനിവാര്യമാണ്.  അതിനുതകുന്ന വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നിയമങ്ങളും നടപ്പിലാക്കേണ്ടത് ഏതൊരു ഭരണകൂടത്തിന്‍റെയും പ്രഥമ കടമകളില്‍ ഒന്നാണ്…

(എസ്.എഫ്.ഐ.യിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബെറ്റി 1995 ല്‍ തുടക്കം മുതല്‍  ഏഷ്യാനെറ്റിന്‍റെയും 2000 മുതല്‍ കൈരളി ചാനലിന്‍റയും വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.  കൈരളി ചാനല്‍  പ്രമോഷന്‍ ഡയറക്ടറായിരുന്നു. സ്വരലയ സിക്രട്ടറിയാണ്.  മുന്‍ മന്ത്രിയും സി.പി.എം.പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബിയാണ് ജീവിത പങ്കാളി)

 

COMMENTS

COMMENT WITH EMAIL: 0