Homeചർച്ചാവിഷയം

ഇരകളെ കുറ്റവാളികളാക്കുന്ന ജില്ലാ കളക്ടര്‍

ന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അവരുടെ ആരോഗ്യവും ജീവനും നിലനിര്‍ത്താന്‍ പോരാടുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ഗൂഢാലോചനകളും അണിയറയില്‍ ശക്തിപ്പെടുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നു കൂടി എന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് അത്. 2020 ഫെബ്രുവരി 3-ന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗതീരുമാനപ്രകാരം മുന്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത്ത് ബാബു സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. ദുരിതബാധിതരെ കുറ്റവാളികളാക്കാനും ദുരിതബാധിതരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുമുള്ള വ്യഗ്രത ആ റിപ്പോര്‍ട്ടില്‍ കാണാം. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ദുരിതബാധിതരെയും വീണ്ടുംപ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പുനപ്പരിശോധന നടത്തണമെന്നാണ് ഈ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം.

മൂന്ന് തരത്തിലുള്ള പരിശോധനകള്‍ക്കു ശേഷമാണ് ദുരിതബാധിതരുടെ ലിസ്റ്റ് ഉണ്ടാക്കിയത്.
ഘട്ടം 1. അടുത്തുള്ള PHC / CHC കളില്‍ ദുരിതബാധിതരെന്ന് സംശയിക്കുന്നവരെ പരിശോധിക്കുന്നു. രോഗിയെ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് കണ്ടെത്തിയാല്‍ ഇതിനായുള്ള റിപ്പോര്‍ട്ട് നിര്‍ദ്ദിഷ്ട പെര്‍ഫോമയില്‍ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുന്നു.
ഘട്ടം

2. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ ടീം റിപ്പോര്‍ട്ടുകളില്‍ മേല്‍ സൂക്ഷമ പരിശോധന നടത്തുകയും ക്യാമ്പില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക സ്പെഷാലിറ്റി അടിസ്ഥാനത്തില്‍ തയ്യാറാക്കുകയും ചെയ്യുന്നു. (11 സ്പെഷാലിറ്റികള്‍)ഘട്ടം

3.മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി വിതരണം ചെയ്ത സ്ലിപ്പ് ലഭിച്ച വരെ മാത്രം ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നു.സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സ്പെഷലിസ്റ്റ് ഡോക്ടര്‍മാരാണ് ക്യാമ്പുകളില്‍ പരിശോധന നടത്തുന്നത്. ഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍ട്ടില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ഫീല്‍ഡുതല അന്വേഷണം കൂടിനടത്തിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുന്നത്.

ഇങ്ങനെ തയ്യാറാക്കിയ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ ആരാണ് അതിനുത്തരവാദികള്‍?
ഏത് സര്‍ക്കാര്‍ ക്ഷേമപദ്ധതികളിലും ഉദ്യോഗസ്ഥ അനാസ്ഥയും കെടുകാര്യസ്ഥതയും നിമിത്തം അനര്‍ഹര്‍ കടന്നു കൂടാറുണ്ടെന്നത് വാസ്തവമാണ്.  APL, BPL കാര്‍ഡുകളുടെ കാര്യത്തിലായാലും വോട്ടര്‍ ഐഡന്‍റിറ്റി കാര്‍ഡുകളുടെ കാര്യത്തിലായാലും ക്ഷേമ പെന്‍ഷനുകളുടെ കാര്യത്തിലായാലും നാം അത് കാണാറുണ്ട്. എന്നാല്‍ വ്യാജ വോട്ടര്‍ കാര്‍ഡ് ഉണ്ടെന്നതു കൊണ്ട് മുഴുവന്‍ കാര്‍ഡുകളും റദ്ദാക്കണമെന്നോ അനര്‍ഹര്‍ആജഘ കാര്‍ഡുകള്‍ കൈപ്പറ്റി എന്നതിന്‍റെ പേരില്‍ റേഷന്‍ കാര്‍ഡുകള്‍ മുഴുവന്‍ പുന:പ്പരിശോധിക്കണമെന്നോ ക്ഷേമപെന്‍ഷനുകള്‍ മുഴുവന്‍ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിക്കണമെന്നോ ഒരു സര്‍ക്കാരും തീരുമാനിക്കുകയില്ല.എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ വിചിത്രമായ ഒരു ശുപാര്‍ശയാണ് മുന്‍ ജില്ലാ കളക്ടര്‍ നല്കിയത്.ഭരണകൂടത്തിന്‍റെ വിഷപ്രയോഗത്താല്‍ മനസ്സും ശരീരവും തകര്‍ന്ന മുഴുവന്‍ പേരും പുതിയതായി മെഡിക്കല്‍ പരിശോധന നടത്തി യോഗ്യത തെളിയിക്കണമത്രെ.

കളക്ടറുടെ ആരോപണങ്ങള്‍
1. 125 പേര്‍ മരണ ശേഷവും പല തവണ പെന്‍ഷന്‍ തുക കൈപ്പറ്റി.
2. 3 പേര്‍ ഒരു മാസത്തില്‍ 2 തവണ പെന്‍ഷന്‍ കൈപ്പറ്റി.
3. വന്ധ്യത എന്ന കാരണത്താല്‍ പട്ടികയില്‍ ഉള്‍പ്പെട്ട 55 പേരില്‍ 28 പേര്‍ പിന്നീട് പ്രസവിച്ചു. ഒരു ദുരിതബാധിതക്ക് miscarriage ഉണ്ടായി. അതു പോലെ വന്ധ്യത ബാധിച്ച 55 പേരില്‍ 13 ദമ്പതികളുണ്ട്. അതായത് 26 പേര്‍. ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ കൈപ്പറ്റി.
4. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ദുരിതബാധിതരെ (മാനസിക-ശാരീരിക-ചലനശേഷിയില്ലാത്തവര്‍) ശുശ്രൂഷിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന 700 രൂപ ദുരിതബാധിതപ്പട്ടികയിലുള്‍പ്പെട്ട മറ്റ് വിഭാഗത്തില്‍പ്പെട്ട രോഗികളെ ശുശ്രൂഷിക്കുന്ന 131 പേര്‍ കൈപ്പറ്റുന്നു.
5. ദേശീയ ആരോഗ്യ ദൗത്യം ചികിത്സക്കായുള്ള സാക്ഷ്യപത്രം കണ്ണൂര്‍ -കാസര്‍കോഡ് ജില്ലകളിലെ എം പാനല്‍ ചെയ്ത ആശുപത്രികളെ ഒഴിവാക്കി മംഗലാപുരത്തുള്ള എം പാനല്‍ ചെയ്ത ആശുപത്രികളിലേക്ക് നല്‍കുന്നു.
6. സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സാ ചെലവ് നല്കുന്നത് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിലെ പ്രോഗ്രാം മാനേജരാണ്. അതിനായി അവിടെ കരാര്‍ ജീവനക്കാരാണ് ബില്ലുകള്‍ കൈകാര്യം ചെയ്യുന്നത്. പകരം സര്‍ക്കാര്‍ ഫിനാന്‍സ് വകുപ്പിലെയോ ഓഡിറ്റ് വകുപ്പിലെയോ ഉദ്യോഗസ്ഥരെ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നിയമിക്കണം.
7. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ദേശീയ ആരോഗ്യ ദൗത്യം കാര്യാലയം വഴി ചികിത്സ നല്കി.ഇത് പാവപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ മുടങ്ങാന്‍ കാരണമാകും.
8. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്കുന്നത് തിരുവനന്തപുരത്തുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഓഫീസാണ്. 12-ാം ക്ലാസ് പൂര്‍ത്തീകരിക്കുന്നതു വരെയാണ് സ്കോളര്‍ഷിപ്പ് .അതിനിടയില്‍ മരണപ്പെട്ടോ എന്ന കാര്യത്തില്‍ ഗടടങ അന്വേഷണമൊന്നും നടത്തുന്നില്ല
9.സമരത്തെ തുടര്‍ന്ന് 9.5.2013 ല്‍ ഇറങ്ങിയ ഉത്തരവ് പ്രകാരം ദുരിതബാധിതരുടെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ബി.പി.എല്‍ ആക്കാന്‍ തീരുമാനിച്ചിരുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ളവരും ഈ ആനുകൂല്യം കൈപ്പറ്റുന്നു.
10. ആദ്യ മെഡിക്കല്‍ ക്യാമ്പ് നടന്ന 2010 ന് മുമ്പ് മരണപ്പെട്ടതും മരണം എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് ഫീല്‍ഡ് ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതുമായ 734 പേരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്.ഇവരില്‍ 72 വയസ്സിനുമേല്‍ പ്രായമുള്ള 42 പുരുഷന്‍മാരും 78 വയസ്സിനുമേല്‍ പ്രായമുള്ള 10 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് വിരോധാഭാസമാണ്.
11. 2010 ന് മുമ്പ് മരണപ്പെട്ട 113 പേര്‍ 2010 ലെക്യാമ്പില്‍ പങ്കെടുക്കുകയും ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
12. ശാസ്ത്രീയ നിഗമനങ്ങള്‍ക്കപ്പുറം വൈകാരികമായിട്ടാണ് ഡോക്ടര്‍മാര്‍ ദുരിതബാധിതരെ തീരുമാനിച്ചത്.
13. ഒരു വ്യക്തി 2 മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് രണ്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
അവസാനമായി കളക്ടര്‍ സജിത്ത് ബാബു സര്‍ക്കാരിലേക്ക് നല്കിയ ശുപാര്‍ശകള്‍ ഇവയാണ്.
1. യഥാര്‍ത്ഥ എന്‍ഡോസള്‍ഫാന്‍ രോഗികളെ കണ്ടെത്തുന്നതിനുള്ള വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ അടിയന്തിരമായി പുറപ്പെടുവിക്കേണ്ടതാണ്.
2. കണ്ടെത്തിയ അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.
3.ഐ.സി.ഡി.സി. സൂപ്പര്‍വൈസര്‍മാരെക്കൊണ്ട് സമയബന്ധിതമായി ഒറ്റത്തവണ വിവരശേഖരണം നടത്തുകയും പീന്നീട് ഐ.സി.ഡി.സി. സൂപ്പര്‍വൈസര്‍മാര്‍ ,അംഗന്‍വാടി ടീച്ചര്‍മാര്‍, എന്നീ ഉദ്യോഗസ്ഥര്‍ മുഖേന പ്രതിമാസം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിത നിലവാരത്തിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളേണ്ടതാണ്.
4. സുപ്രീം കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ഹൈക്കോടതി എന്നിവയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് അര്‍ഹരായവരെ കണ്ടെത്തുന്നതിനായി, മെഡിക്കല്‍ ക്യാമ്പുകളിലൂടെ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട 6727 പേരെയും വീണ്ടും വിദഗ്ദ ഡോക്ടര്‍മാരെക്കൊണ്ട് പുനപ്പരിശോധന നടത്തുന്നതിനുള്ള നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് മുഖേന സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

കളക്ടറുടെ വാദങ്ങള്‍ക്ക് മറുപടിയുണ്ട്
1. മരണ ശേഷം ആരെങ്കിലും പെന്‍ഷന്‍ തുക കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദികള്‍ കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരാണ്. മാസത്തിലൊരിക്കല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമ മന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരാണ് അക്കാര്യം ചെയ്യേണ്ടത്.എല്ലാ മരണങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം.ബാങ്ക് അക്കൗണ്ടുകളിലേക്ക് വളരെ വൈകി എത്തുന്ന ആനുകൂല്യങ്ങള്‍ എന്താണ്, ഏത് കാലത്തേതാണ് എന്ന് തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് എന്താണ് മാര്‍ഗ്ഗം? അതു കൊണ്ട് തന്നെ മരണ ശേഷവും ആരുടെയെങ്കിലും അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ ഇരകളല്ല. ഉദ്യോഗസ്ഥരാണ്.

2. ആരെങ്കിലും മാസത്തില്‍ 2 തവണ പെന്‍ഷന്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദിമതിയായ രേഖകള്‍ ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ മാത്രമാണ്. കൃത്യതയില്ലാതെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ പണം പിന്‍വലിച്ച ദുരിതബാധിതര്‍ക്ക് ഇതില്‍ പങ്കില്ല.

3. വന്ധ്യതാ ലിസ്റ്റില്‍പ്പെട്ട ആരെങ്കിലും ചികിത്സയിലൂടെ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അല്ല എന്നത് വിചിത്രമായ ഒരു കണ്ടെത്തലാണ്. വന്ധ്യത ലിസ്റ്റില്‍ പെട്ടവര്‍ഒരിക്കലും പ്രസവിക്കാന്‍ പാടില്ല എന്നാണോ കളക്ടര്‍ ഉത്തരവിടുന്നത്.
13 ദമ്പതിമാര്‍ 2 പേരും പെന്‍ഷന്‍ കൈപ്പറ്റുന്നത്രെ. വിവിധ ഘട്ട പരിശോധന കളിലൂടെ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടതു കൊണ്ടാണ് അവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നത്. ക്ഷേമ പെന്‍ഷനുകള്‍ വ്യക്തികള്‍ക്കാണ്. അവര്‍ ഒരേ കുടുംബമാണോ, ദമ്പതികളാണോ, എന്നതൊന്നും പെന്‍ഷന്‍ വാങ്ങുന്നതില്‍ പരിഗണിക്കാറുമില്ല. രണ്ടു പേരും ദുരിതബാധിതരാണ്.

4. ആശ്വാസം കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 700 രൂപ വീതം ശുശ്രൂഷകര്‍ക്ക് അനുവദിച്ചത് ലിസ്റ്റില്‍പ്പെടാത്ത മറ്റ് രോഗികള്‍ക്കും കൂടി അനുവദിക്കുന്നതിന് പറയുന്ന പേരാണ് മനുഷ്യത്വം .സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ് അത്. തെറ്റായി ആര്‍ക്കെങ്കിലും അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് തിരുത്താവുന്നതേയുള്ളു.

5. ജില്ലയില്‍ മെഡിക്കല്‍ കോളേജോ ,ന്യൂ റളജിസ്റ്റിന്‍റെയോവിദഗ്ദ ഡോക്ടര്‍മാരുടേയോ സേവനമോ ലഭ്യമല്ല എന്നത് വസ്തുതയാണ്. രോഗികളെ വിദഗ്ദ ചികിത്സ കിട്ടുന്നഏറ്റവും അടുത്തുള്ള മംഗലാപുരത്തെ എം പാനല്‍ ചെയ്ത ആശുപത്രികളില്‍ ചികിത്സയ്ക്ക് കൊണ്ടുപോവുക എന്നത് രോഗികളുടെ അവകാശവും അവരോടുള്ള നീതിയുമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ളചികിത്സാ സഹായങ്ങളും സൗകര്യങ്ങളും നിഷേധിക്കുന്ന സമീപനമായിരുന്നു മുന്‍ കളക്ടര്‍ സജിത്ത് ബാബുവിന്‍റേത്.

6. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ സ്ഥിര ജീവനക്കാരെ നിയമിക്കേണ്ട ഉത്തരവാദിത്തവും ഓഡിറ്റിന് ഫലപ്രദമായ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാരിനാണ്. ദുരിതബാധിതര്‍ക്കല്ല

7. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ കള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ദുരിതബാധിതരുടെ പട്ടിക പ്രസിദ്ധീകരിക്കുക. അക്കാലയളവിനുള്ളില്‍ ഗുരുതര രോഗം ബാധിച്ചവരാണ് കളക്ടറുടെയും ഡി.എം.ഒയുടെയുമൊക്കെ പ്രത്യേക അനുമതിയോടെ സൗജന്യ ചികിത്സാ സഹായം കൈപ്പറ്റുന്നത്.സര്‍ക്കാര്‍ വരുത്തുന്ന കാലതാമസമാണ് ഇത്തരം ഒരു സ്ഥിതിയുണ്ടാക്കുന്നത്. വിരലിലെണ്ണാവുന്ന രേക്ഷികള്‍ക്ക് മാത്രമാണ് ഇങ്ങനെയൊരു അനുമതി ലഭിച്ചിട്ടുള്ളത്. ഇതൊരു വലിയ ക്രമക്കേടാണെന്ന മട്ടില്‍ റിപ്പോര്‍ട്ട് എഴുതി വെക്കുന്ന ഈ മനുഷ്യന്‍ മനുഷ്യന്‍ എന്ന പദവിക്കു പോലും അര്‍ഹനല്ല.സര്‍ക്കാര്‍ സേവനങ്ങളില്‍ ഇരുന്നു കൊണ്ട് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഈ ഉദ്യോഗസ്ഥന്‍ ആര്‍ക്കു വേണ്ടിയാണ് റിപ്പോര്‍ട്ടുകള്‍ എഴുതുന്നത്?

8.വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ എന്തെങ്കിലും അശ്രദ്ധ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അതിന് ദുരിതബാധിതരെ കുറ്റവാളിയാക്കിയിട്ട് എന്ത് മാനസികാനന്ദമാണ് ഈ കളക്ടര്‍ക്ക് കിട്ടുന്നതെന്ന് അത്ഭുതപ്പെടാനേ കഴിയൂ.

9. എല്ലാ ദുരിതബാധിതര്‍ക്കും അജഘ കാര്‍ഡ് എന്നത് ഒരു സര്‍ക്കാര്‍ ഉത്തരവാണ്. അവര്‍ക്ക് ലഭിക്കുന്ന ഈ സവിശേഷാവകാശത്തിന്‍റെ മാനദണ്ഡം ദുരിതബാധിതരാണ് എന്നത് മാത്രമാണ്. കാറില്‍ വന്ന് റേഷന്‍ വാങ്ങിപ്പോകുന്ന ഫോട്ടോ സഹിതമാണ് അദ്ദേഹം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കൊറോണക്കാലത്ത് റേഷന്‍ കാര്‍ഡുള്ള കഅട കാര്‍ക്ക് പോലും സൗജന്യക്കിറ്റ് ലഭ്യമായ ഒരു നാട്ടിലാണ് ഈ കഅട കാരന്‍ ദുരിതബാധിതരെ അപമാനിക്കുന്നത്. പ്രളയകാലത്തും , കൊറോണക്കാലത്തും ദുരിതകാലത്തുമൊക്കെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ മറ്റ് പരിഗണനകള്‍ ഒന്നുമില്ലാതെ നല്കുന്നതാണ്.

10. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരൊന്നും കേരളത്തിന്‍റെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തിനു മേല്‍ ജീവിച്ചിരിക്കാന്‍ പാടില്ലെന്ന് കണ്ടെത്താന്‍ ഈ ഐ.എ.എസ് കാരന് എങ്ങനെയാണ് ധൈര്യം കിട്ടുന്നത് എന്ന് അത്ഭുതപ്പെടാനേ നമുക്ക് കഴിയൂ. ദുരിതബാധിതരൊക്കെ ആ യുസ്സെത്തും മുമ്പ് മരിച്ചു തീരണമെന്ന് തീട്ടൂര മിറക്കാന്‍ ആരാണ് ഈ കളക്ടര്‍?!

11. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് 2010 നു മുമ്പ് മരിച്ച 113 പേര്‍ 2010 ലെ മെഡിക്കല്‍ ക്യാമ്പില്‍ തയ്യാറാക്കിയ പട്ടികയിലുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ ആ ലിസ്റ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥരാണ്. മരിച്ചു പോയ ദുരിതബാധിതര്‍ക്ക് ഇതിന്‍റെ ഉത്തരവാദിത്തമില്ല

12. ശാസ്ത്ര നിഗമനങ്ങള്‍ക്കപ്പുറം വൈകാരികമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പട്ടിക തയ്യാറാക്കിയെന്ന ഈ ശാസ്ത്ര വിശ്വാസിയുടെ നിഗമനം എന്തടിസ്ഥാനത്തിലാണ്? ദുരിതബാധിതരോട് മനുഷ്യത്വം കാട്ടുന്നതില്‍ ഇയാള്‍ക്കുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ പ്രകടമാവുന്നത്.

13. ഒരു വ്യക്തി തന്നെ രണ്ട് ക്യാമ്പില്‍ പങ്കെടുത്ത് 2 ലിസ്റ്റിലും ഉള്‍പ്പെട്ടു എന്നാണ് ഇദ്ദേഹത്തിന്‍റെ മറ്റൊരു കണ്ടെത്തല്‍.തീരാദുരിതം പേറുന്ന രോഗികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പങ്കെടുപ്പിക്കുന്ന എല്ലാ മെഡിക്കല്‍ ക്യാമ്പിലും പങ്കെടുക്കും .1200 – 1700 ഒക്കെയുള്ള പെന്‍ഷന്‍ തുക അക്കൗണ്ടുകളില്‍ പലപ്പോഴും കൃത്യമായി എത്താത്തതു കൊണ്ടു തന്നെ രണ്ട് പെന്‍ഷന്‍ വന്നിട്ടുണ്ടെങ്കില്‍ത്തന്നെ അവര്‍ തിരിച്ചറിയാറില്ലെന്നതാണ് വാസ്തവം. തിരിച്ചറിഞ്ഞവര്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കാനും ശ്രദ്ധിക്കാറുണ്ട്.ഇത്തരം വീഴ്ചകള്‍ വരുത്തുന്നതിന് ഉത്തരവാദികള്‍ സര്‍ക്കാര്‍ സംവിധാനവും ഉദ്യോഗസ്ഥരുമാണ്. അത് കണ്ടെത്താന്‍ ഔദ്യോഗിക രേഖകള്‍ മാത്രം മതിയെന്നിരിക്കെ അന്വേഷിക്കാനെന്ന വ്യാജേന പോലീസ് ഇന്‍റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ വീട്ടിലേക്കയച്ച് രോഗികളെ ഭയപ്പെടുത്താനുള്ള ശ്രമം പോലും ഈ ജില്ലാ കളക്ടരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

ഡോ.സജിത്ത് ബാബു കീടനാശിനിക്കമ്പനികളുടെ ജിഹ്വ
കേരള കാര്‍ഷിക സര്‍വ്വകലാശാലയും പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനും കൂടിച്ചേര്‍ന്നാത്ത് കാസര്‍ഗോട്ട് എന്‍ഡോ സള്‍ഫാന്‍ എന്ന മാരക വിഷം തളിച്ചത്.ഇതേ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അധ്യാപക നായിരുന്നു കാസര്‍ കോട്ടെ ഈ മുന്‍ ജില്ലാ കളക്ടര്‍ .ഒരു ശാസ്ത്ര അന്ധവിശ്വാസിയുടെ മുന്‍വിധികളും കാര്‍ഷിക സര്‍വ്വകലാശാലയോടുള്ള കൂറുമാണ് അദ്ദേഹത്തെ ഈ റിപ്പോര്‍ട് തയാറാക്കുമ്പോള്‍ സ്വാധീനിച്ചത് എന്ന് വ്യക്തമാണ്. ഒരേയിനം കിടനാശിനി നിബന്ധന കളൊന്നും പാലിക്കാതെ ദശകങ്ങളോളം ഏരിയല്‍ സ്പ്രേ ചെയ്യാന്‍ കൂട്ടുനിന്ന കക്ഷിശാസ്ത്രജ്ഞന്‍ മാരുടെ കുലത്തില്‍പ്പെട്ട ഈ ജില്ലാ കളക്ടര്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പരമാവധി ദ്രോഹങ്ങള്‍ ചെയ്തിട്ടാണ് സ്ഥലം മാറിപ്പോയത്. മനുഷ്യത്വത്തിന്‍റെ കണിക പോലുമില്ലാത്ത യന്ത്രമനുഷ്യര്‍ സൃഷ്ടിച്ചു വെച്ച ദുരന്തങ്ങളില്‍പ്പെട്ട കുഞ്ഞുങ്ങള്‍ അടക്കമുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ,തലയുടെ ഭാരം താങ്ങാനാവാതെ, കിടന്ന കിടപ്പില്‍ നിന്ന് അനങ്ങാന്‍ കഴിയാതെ, മാനസിക വെല്ലുവിളികള്‍ നേരിട്ടു കൊണ്ട് മരിച്ചുവീഴുമ്പോള്‍ ,അവരെപ്പെറ്റ വയറുകള്‍ കണ്ണീരു പോലും വറ്റി നിലവിളിക്കുമ്പോള്‍ മുഴങ്ങുന്ന പൊട്ടിച്ചിരികളില്‍ നിന്ന് ഒരു ശബ്ദം ഈ ദുരിതബാധിതര്‍ എക്കാലവും പ്രത്യേകം ഓര്‍ത്തുവെക്കും.

സുല്‍ഫത്ത് എം.
എന്‍ഡോസള്‍ഫാര്‍ സമര ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍

 

COMMENTS

COMMENT WITH EMAIL: 0