Homeകവിത

ഇനി വിചാരണ

ണ്ണാഴങ്ങളില്‍ ഇരുള്‍മൂടിയിട്ടോ
നീ എന്നെ അറിയാതെപോയി?
പല കാലങ്ങളിലൂടെ
സങ്കല്പയാത്ര ചെയ്തു വന്നതല്ല , ഞാന്‍ .
ആടും മാടും കുത്തിനിറച്ച
നോഹയുടെപേടകത്തിലെ
കോലാഹലങ്ങളിലും,
നീ നിറഞ്ഞുനിന്ന
ഗാഗുല്‍ത്താ മലയിലെ ,
നീ പോലും കേള്‍ക്കാതെപോയ
വിലാപമാറ്റൊലികളിലുമൊന്ന് എന്‍റേതായിരുന്നു .
മുള്‍ക്കിരീടം ചൂടി, ഇന്നലെകളുടെ കുഴിമാടങ്ങളില്‍
കണ്ണീര്‍ വാര്‍ത്തും
മെഴുകുതിരിയായി വിയര്‍ത്തുരുകിയും
നിന്‍റെ ആണ്‍-പെണ്‍ സൃഷ്ടികളേകിയ
ശാപവാക്കുകളും ചാട്ടയടികളുമേറ്റ് ,
പൊള്ളുന്ന വെയിലില്‍
കല്ലേറെത്രയായിരമേറ്റ് രക്തം ചിന്തിച്ചിന്തി
എന്‍റെയീ ജന്മം

മതി
കുരിശില്‍നിന്നിറങ്ങിവരൂ
പ്രതിക്കൂട്ടില്‍ കയറിനില്‍ക്കൂ
ഇനി നിന്‍റെ വിചാരണ…

മൂന്നാം നാളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട .
പാരില്‍ രണ്ട് കളങ്ങളിലായി
നീ വരച്ചിട്ട
കാപട്യങ്ങളുടെ
കൂമ്പു നുള്ളൂ
നിന്‍റെ വിശ്വാസികള്‍
നിനക്ക് വേണ്ടി വാദിക്കട്ടെ
എനിക്കുവേണ്ടിയീ
വൈവിദ്ധ്യമാര്‍ന്ന പ്രകൃതിയും..!
ഭരണഘടനയില്‍ കൈവെച്ചുപറയൂ
സത്യം മാത്രം,
മനുഷ്യപ്പിറവി
ആണും പെണ്ണും മാത്രമായായിരുന്നോ?
പറയൂ പരനെ
കരുണാമയനേ
മൗനത്തേക്കാള്‍ വലിയ
പാപമുണ്ടോ?

വിജയരാജമല്ലിക
ട്രാന്‍സ് ജെന്‍ഡര്‍ കവയിത്രി,
സാമൂഹിക പ്രവര്‍ത്തക,

COMMENTS

COMMENT WITH EMAIL: 0