ഏപ്രില്‍ കഴിഞ്ഞ് മാസങ്ങളോളം കഴിഞ്ഞു. സെപ്തംബര്‍ ആയി. ഇനിയും സ്കൂളുകള്‍ തുറന്നിട്ടില്ല. കോവിഡ് അതിപ്രസരത്തിലെത്തിയിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് അത് പരക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു. ആളുകള്‍ സാധാരണ പോലെ നിത്യജോലികള്‍ക്ക് ഇറങ്ങിത്തുടങ്ങിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയാണെങ്കില്‍ ഒരിക്കലുമില്ലാത്തവിധം മൈനസ് വളര്‍ച്ചയിലാണ്. തൊഴിലില്ലാതെ, ജീവിക്കാന്‍ വരുമാനമില്ലാതെ പട്ടിണിയുടെ ഒരു കാലം വളരെ അടുത്തുവന്നിരിക്കുന്നു. നമ്മുടെ നാട്ടിലെ പൊതുവിതരണ സമ്പ്രദായം കുറേയേറെ ഫലപ്രദമായി പട്ടിണി തടയാന്‍ നോക്കി. കാര്യങ്ങള്‍ പക്ഷെ, അതിന്‍റെയും കൈവിട്ടു പോവുകയാണ്.
റെയില്‍വെ, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, എയര്‍ ഇന്ത്യാ കമ്പനി എന്നീ പൊതുസംവധാനങ്ങള്‍ (സര്‍ക്കാര്‍ ഉടമയിലുള്ള) കോര്‍പ്പറേറ്റുകള്‍ക്ക് നൂറുശതമാനം വിറ്റഴിക്കുന്ന തിരക്കിലാണ്. കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ അതിഭീകരമായ ജനാധിപത്യവിരുദ്ധ നയങ്ങള്‍ ഒന്നൊന്നായി നമുക്ക് മേല്‍ അടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തെ സുപ്രീംകോടി വിധികളാണ് ഏറെ ഞെട്ടലുണ്ടാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഒരിക്കലുമില്ലാത്തവിധം ബാബറി മസ്ജിദ് പൊളിച്ചിടത്തുതന്നെ രാമജډഭൂമി ക്ഷേത്രം പണിയാന്‍ അന്യായമായി അനുമതി കൊടുത്തു. ഒരു കോവിഡ് നിയന്ത്രണങ്ഹളും അതിന് ബാധകമല്ല. ആ പണി ദ്രുതഗതിയില്‍ നടക്കുന്നു. ജനാധിപത്യ-മതേതര-ബഹുസ്വരമൂല്യങ്ങളുയര്‍ത്തിപ്പിടിച്ച സ്വതന്ത്ര ഇന്ത്യയുടെ സംസ്ക്കാരം (അതിന് പോരായ്മകളും പരിമിതികളുമുണ്ടാവാം) പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നു. കുഞ്ഞുനാള്‍ മുതല്‍ തന്നെ സ്വാധീനിച്ചു തുടങ്ങണമെന്ന് തീരുമാനിച്ച് വിഭ്യാഭ്യാസനയം തന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. ദശവര്‍ഷങ്ങളായുള്ള അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ (സ്ത്രീ, ദലിത്, ആദിവാസി, എല്‍ജിബിടി, മത ന്യൂനപക്ഷ) പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നിയമപരമായ അവകാശങ്ങള്‍, പുതിയ നിയമപരിഷ്ക്കരണങ്ങളിലൂടെ ആകെ അട്ടിമറിയ്ക്കാന്‍ പോകുന്നു.
ഒരു പൗരനെ/പൗരയെ യാതൊരു തെളിവുകളും ആവശ്യമില്ലാതെതന്നെയും ഏ.പി.ഏ, എന്‍.എസ്.ഏ. തുടങ്ങിയ പൈശാചിക നിയമങ്ങള്‍ തലങ്ങും വിലങ്ങും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സി.എ.എ., എന്‍.ആര്‍.സി., എന്‍.പി.ആര്‍, എന്നീ അങ്ങേയറ്റം വിവേചനപരമായ നയങ്ങള്‍ക്കെതിരെ പോരാടാന്‍ തയ്യാറായതിന് ജാമിയമിയാ ഇസ്ലാമിയ, ജെ.എന്‍.യു. തുടങ്ങിയ പ്രശസ്ത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളേയും അവിടുത്തെ ഉല്പതിഷ്ണുക്കളായ അദ്ധ്യാപകരേയും തുരുതുരാ അറസ്റ്റു ചെയ്തുകൊണ്ടിരിക്കുന്നു. ഭീമാ കൊറേഗാവ് സംഭവത്തിന്‍റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രമുഖ വ്യക്തികളെ അറിയില്ലേ? എഴുപതോളം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഇടപെടല്‍ നടത്തിയ ഡോ. കഫീല്‍ഖാന്‍ എന്ന മനുഷ്യസ്നേഹിയെ ഏഴുമാസങ്ങളോളം എന്‍.എസ്.ഏ. (National Security Act) ചുമത്തി ജയില്‍ ജീവിതത്തിലേക്ക് തള്ളിവിട്ടതും ഓര്‍ക്കുക.
കേരളത്തില്‍ ഭരിക്കുന്നത് എല്‍.ഡി.എഫാണ്. വ്യത്യസ്തമായ, കുറേക്കൂടി ജനകീയമായ ഒരു ഭരണം നമ്മള്‍ പ്രതീക്ഷിച്ചു പോകുമല്ലൊ. തുടക്കത്തില്‍ അങ്ങനെയൊക്കെ ധാരണയുണ്ടാക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുകയും ചെയ്തു. മാത്രമല്ല, ആരോഗ്യമേഖലയുടെ ചുക്കാന്‍ പിടിക്കുന്ന ശൈലജ ടീച്ചര്‍ കോഴിക്കോട്ടെ നിപാവൈറസിനേയും അതിനേക്കാള്‍ ഭീകരമായ കോവിഡ്-19 നെയും കൈകാര്യം ചെയ്ത രീതി അത്യന്തം പ്രശംസനീയമാണ്. പക്ഷെ, കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ നടത്തിയ ചില ഇടപെടലുകള്‍ ഏറെ ഞെട്ടലും വേദനയുമുണ്ടാക്കിയിട്ടുണ്ട്.
2019 നവംബര്‍ ഒന്നാംതീയ്യതി കോഴിക്കോട്ടെ സി.പി.എം. പാര്‍ട്ടി പ്രവര്‍ത്തകരായ അലന്‍, താഹ എന്നീ ചെറുപ്പക്കാരെ പന്തീരാങ്കാവ് വെച്ച് അറസ്റ്റു ചെയ്ത് അവര്‍ക്കെതിരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യു.എ.പി.എ. എന്നീ ഭീകര നിയമപ്രകാരം കേസെടുത്ത നടപടിയാണ് അതിലൊന്ന്. ചില ലഘുലേഖകളും നോട്ടീസും കൈയ്യില്‍വെച്ചു. ചില പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു എന്ന കുറ്റം ചുമത്തിയാണ് ഈ ആക്ട് പ്രയോഗിച്ചത്. യു.എ.പി.എ., എന്‍.എസ്.എ. എന്നിവ കരിനിയമങ്ങളാണെന്നും അവ പിന്‍വലിക്കണമെന്നും ശക്തമായ നിലപാടുള്ള ഒരു പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി പദവിയിലിരിക്കുമ്പോഴാണ് ഇത് സംഭവിച്ചതെന്നു മാത്രമല്ല, പിന്നീട് ഓരോ ഘട്ടത്തിലും ഈ ചെറുപ്പക്കാര്‍ മാവോയിസ്റ്റുകളാണെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അവരുടെ അറസ്റ്റിനെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എത്രയും വേഗം ആ വകുപ്പ് പിന്‍വലിക്കപ്പെടുമെന്ന ധാരണ പ്രചരിപ്പിക്കപ്പെട്ടു. എങ്കിലും പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് കൈകാര്യം ചെയ്യുന്ന എന്‍.ഐ.എ. എന്ന അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കുന്ന ചിത്രമാണ് നമ്മള്‍ കണ്ടത്. യാതൊരു ക്രിമിനല്‍ കുറ്റവും ചെയ്യാതെ ജനാധിപത്യപരമായി കാര്യങ്ങള്‍ അറിയാനുള്ള തങ്ങളുടെ അവകാശം ഉപയോഗിച്ച അലനും താഹയും അറസ്റ്റു ചെയ്യപ്പെട്ടതുമുതല്‍ സി.പി.എമ്മിനകത്തും പൊതുസമൂഹത്തിലുമുണ്ടായിരുന്ന അസ്വസ്ഥത അത് തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റിനു മുമ്പിലും എത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇപ്പോഴത്തെ ഭരണത്തിന്നിടയില്‍ ചെയ്ത വലിയൊരു വിഡ്ഢിത്തമാണ് ഇത്. എന്തായാലും ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിനു ഇവരെ രണ്ടുപേരെയും ഇവര്‍ കുറ്റവാളികളല്ല എന്ന് അസന്ദിഗ്ദ്ധമായി സമര്‍ത്ഥിച്ചു കൊണ്ട് എന്‍.ഐ.എ. കോടതി ജാമ്യം നല്‍കി. ഇത് ചരിത്രത്തിന്‍റെ ഒരു വിരോധാഭാസം തന്നെ.
മാത്രമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ പൊലീസും കോടതിയും നീതിരഹിതമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ മുമ്പില്‍ നിരന്നിരിക്കുന്നത്. വാളയാര്‍, പാലത്തായി… പീഡിപ്പിക്കപ്പെട്ട കൊച്ചു പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാതിരിക്കാനും പണവും രാഷ്ട്രീയ സ്വാധീനവുമുള്ള പ്രതികളെ സംരക്ഷിക്കാനും സ്ത്രീ പ്രസ്ഥാനങ്ങള്‍ ഏറെ പോരാടി നേടിയെടുത്ത കൊച്ചു പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ സര്‍ശനമായി നേരിടുന്ന പോക്സോ ആക്ടിനെ നിര്‍വ്വീര്യമാക്കാനും ഉയര്‍ന്ന പൊലീസുദ്ദ്യോഗസ്ഥډാര്‍ വരെ കച്ചകെട്ടിയിറങ്ങുന്ന അതിനീചമായ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ നിരന്നുനില്‍ക്കുന്നു! സ്ത്രീസുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമായ ഈ സര്‍ക്കാരിന് ഉണ്ടായ മൂല്യച്ച്യുതി ഒന്നുകൊണ്ടും നീതീകരിക്കാനാവില്ല.
നാട്ടിലെ ചിത്രം ഒന്ന് ചുരുക്കിക്കാണിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍നിന്നും നമ്മള്‍ പഠിക്കേണ്ട പാഠമെന്താണ്?
ജനാധിപത്യ-മതേതര മൂല്യങ്ങള്‍ നമ്മുടെ നാട്ടില്‍ പുനഃസ്ഥാപിക്കാന്‍, വരും തലമുറയ്ക്ക് വളരാന്‍ ആവശ്യകരമായ ഒരു സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുണ്ടാക്കാന്‍ നാമിനി ആരെ ആശ്രയിക്കണം.
അജിത കെ.
COMMENTS