Homeവഴിത്താരകൾ

ഇനി “അമ്മ” എന്ത് ചെയ്യും?

സന്ദേഹം ഒരു ഗൃഹനാഥന്‍ മരിച്ച വീട്ടില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. അതിന്‍റെ സ്വാഭാവികതയിലെ ഒട്ടും ആശാവഹമല്ലാത്ത അന്തര്‍ധാരയെ കുറിച്ച് നമ്മള്‍ ആലോചിക്കാറുണ്ടോ? അമ്മയൊഴികെ നാട്ടുകാരെയും വീട്ടുകാരെയും ആശങ്കാഭരിതരാക്കുന്ന ഈ പ്രശ്നം സൂചിപ്പിക്കുന്നത് സമൂഹത്തിന്‍റെ ഉത്തരവാദിത്തത്തെയല്ല ; മറിച്ചു, ഭര്‍ത്താവ് മരിച്ച പ്രത്യേകിച്ചും മുതിര്‍ന്ന സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയില്ല എന്ന മുന്‍വിധിയെയാണ്. അമ്മക്കോ ഭാര്യക്കോ ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ ? ആരും കാണാന്‍ ശ്രമിക്കാത്ത ആ മൗനത്തെ ഭേദിക്കാനാണ് സീമ പെഹ്വയുടെ ആദ്യ സംവിധാന സംരംഭമായ രാമപ്രസാദ് കെ തെഹെര്‍വി എന്ന ചലചിത്രം ശ്രമിക്കുന്നത്.

ചിത്രം ഇറങ്ങിയത് 2019 ലാണ് . എനിക്ക് കാണാന്‍ കഴിഞ്ഞത് 2021ല്‍ ഒ ടി ടി പ്ലാറ്റഫോമായ നെറ്ഫ്ലിക്ക്സിലൂടെയാണ്. സീമ പെഹ് വ എന്ന ചലച്ചിത്ര/ടെലിവിഷന്‍ അഭിനേത്രിയെയാണ് നമുക്കു കൂടുതല്‍ പരിചയം.മലയാളിയായ ടെലിവിഷന്‍ പ്രേക്ഷക പ്രത്യേകിച്ചും അവരെ അറിയുന്നത് ദൂരദര്‍ശന്‍ സീരിയലായ ഹം ലോഗിലെ ബഡ്കിയായിട്ടാണ്.സീമയുടെ കലാജീവിതത്തിലെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഈ സിനിമയില്‍ നസീറുദ്ദിന്‍ ഷായുടെയും സുപ്രിയ പാഥക്കിന്‍റെയും സാന്നിധ്യം ഹിന്ദി ചലച്ചിത്ര ലോകത്തിലെ മധ്യവര്‍ത്തി/ സമാന്തര സിനിമകളുടെ ചില ഓര്‍മ്മകള്‍ പുതുക്കുന്നുണ്ട് . ഹ്രസ്വമെങ്കിലും പ്രധാനമാണ് നസീറുദ്ദീന്‍ ഷായിലൂടെ അവതരിക്കപ്പെടുന്ന രാമപ്രസാദ് എന്ന പരേതന്‍. സംഗീതജ്ഞന്‍ കൂടിയായ ഈ കാരണവരുടെ മരണശേഷം ആ വലിയ വീട്ടില്‍ എത്തിപ്പെടുന്ന മക്കളും മരുമക്കളും പേരക്കുട്ടികളും സഹോദരങ്ങളും അടങ്ങുന്ന കുടുംബ സംഗമത്തില്‍ സംഭവിക്കുന്ന സംഘര്ഷങ്ങളും,ആവലാതികളും,അസംതൃപ്തികളിലൂടെയുമാണ് തിരക്കഥ വികസിക്കുന്നത്.മരണാനന്തരം നടക്കേണ്ട പതിമൂന്നു ദിവസത്തെ ദുഃഖാചരണത്തില്‍ നിന്നാണ് സിനിമയുടെ ശീര്‍ഷകം രൂപപ്പെടുന്നത്.ഇതില്‍ ഒരു ഇന്ത്യന്‍ പ്രേക്ഷകക്കു പ്രത്യേകം പുതുമയൊന്നും തോന്നാന്‍ വഴിയില്ല . ഒരാളുടെ മരണത്തിനു ശേഷം കുടുംബ ബന്ധങ്ങളിലെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുന്നതും ഏറ്റവും അടുപ്പമുള്ളവരില്‍ പോലും സ്വാര്‍ത്ഥചിന്തകള്‍ വെളിപ്പെടുന്നതും ഒക്കെ ഹാസ്യത്തിലൂടെയും ട്രാജഡിയിലൂടെയും എല്ലാം നമ്മള്‍ പലവുരു കണ്ടതാണ്. പക്ഷെ സീമ തന്‍റേതായ ശൈലിയില്‍ പരിചിതമായ ഒരു ജീവിതാനുഭവത്തിനു വ്യത്യസ്തമായ ദൃശ്യഭാഷ നല്‍കാന്‍ ശ്രമിക്കുന്നു. പരിചരണത്തിലെ ഒതുക്കവും കരുതലും മതിപ്പുളവാക്കുന്നു.
സുദീപ് സെന്‍ഗുപ്തയുടെ ക്യാമറ ആംഗിളുകള്‍ ആ വീട്ടില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഒരു അകലത്തില്‍ നിന്നാണ് വീക്ഷിക്കുന്നത്…അതൊരു ദാര്‍ശനിക അകലമാണെന്നു തോന്നിപോകും.വളരെ കാര്യമാത്രപ്രസക്തമായി മരണത്തെ നേരിടുന്ന ഒരു കുടുംബത്തെയാണ് നമ്മള്‍ കാണുന്നത്.മെലോഡ്രാമക്കും വൈകാരിക ധാരാളിത്തത്തിനും സാധ്യതയുള്ള ഒരു പ്രമേയം മനുഷ്യബന്ധങ്ങളിലെ ഉപരിപ്ലവതകളും കാപട്യങ്ങളും അനാവരണം ചെയ്യാനുള്ള നിമിത്തമായി മാറുന്നു.ക്ലോസ് അപ്പ് ഷോട്ടുകള്‍ വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്.ഇവിടെ ‘അമ്മ ഒരു നിഷ്പക്ഷയായ കാണിയായി മാറുകയാണ്. പെറ്റു വളര്‍ത്തിയ മക്കളും അവരുടെ കുടുംബങ്ങളും ആടിത്തകര്‍ക്കുന്ന നാടകത്തെ നിസ്സംഗയായി, പരാതിയില്ലാതെ വീക്ഷിയ്ക്കുന്ന കാണി.ഒരു തരത്തിലും ഭര്‍തൃദുഃഖത്തിന്‍റെ സ്ഥിരം പല്ലവികള്‍ അവര്‍ പാടുന്നില്ല.അവര്‍ക്കു യഥാര്‍ഥത്തില്‍ ദുഃഖമുണ്ടോ എന്ന് പോലും മരുമക്കള്‍ സംശയിക്കുന്നുണ്ട്.അവരുടെ വികാരങ്ങളുടെ സങ്കീര്ണതയാണ് നമുക്ക് അനുഭവവേദ്യമാകുന്നത്.വൃദ്ധനായ രാമപ്രസാദിന്‍റെ ശവമഞ്ചം വീടിനു പുറത്തേക്കു
പോകുമ്പോള്‍, ആ വഴിയേ വീട്ടിനുള്ളിലേക്ക് ഭൂതകാലത്തില്‍ നിന്ന് കയറി വരുന്ന ചെറുപ്പക്കാരനായ രാമപ്രസാദിനെയാണ് ‘അമ്മ കാണുന്നത്.ഒരു നിമിഷം തുളുമ്പി നില്‍ക്കുന്ന കണ്ണീരില്‍ ചിരി പടരുന്നു.ഭൂതവും വര്‍ത്തമാനവും ഇട കലരുന്ന ഓര്‍മകളിലൂടെ സിനിമ ഒഴുകുമ്പോള്‍ ജീവിതത്തിന്‍റെ നിസ്സംഗമായ ഒഴുക്കാണ് ഫോക്കസില്‍ നില്‍ക്കുന്നത്.
വളരെ ഏകാന്തമായ ഒരു വാര്ധക്യ ജീവിതം നയിച്ചിരുന്ന രാമപ്രസാദിന്‍റെയും ഭാര്യയുടെയും വിജനവും മൂകവുമായ ഇരുട്ട് തളം കെട്ടി നിന്നിരുന്ന ആ വീട് ഒരൊറ്റ രാത്രി കൊണ്ട് ശബ്ദമുഖരിതമാകുന്നു.’അമ്മ’ എന്ന പേരിനാല്‍ മാത്രം നമ്മള്‍ അറിയുന്ന രാമപ്രസാദിന്‍റെ പത്നിയുടെ ചുറ്റും മറ്റൊരു ലോകംതന്നെ ആ ദുഃഖാചരണത്തില്‍ കെട്ടിപ്പടുക്കപ്പെടുന്നു. സാധാരണ ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒരവധി കിട്ടിയ പോലെ ആണ്മക്കളും പേരക്കുട്ടികളും ആസ്വദിക്കുന്നതു കാണുമ്പോള്‍ ,ചടങ്ങു നടക്കുമ്പോഴും സെല്‍ഫി എടുക്കുന്ന തന്‍റെ കുടുംബത്തെ കാണുമ്പോള്‍ രാമപ്രസാദിന്‍റെ ഭാര്യ അറിയുന്നു—താന്‍ അനുഭവിക്കുന്ന വേര്‍പാട് മറ്റാരും ആ തീവ്രതയില്‍ അനുഭവിക്കാന്‍ സാധ്യതയില്ല എന്ന് .


സീമ പെഹ്വ തന്നെ മുന്‍പ് രചിച്ച പിണ്ട് ദാന്‍ എന്ന നാടകത്തിന്‍റെ ചലചിത്രാവിഷ്കാരമാണ് ഈ സിനിമ.ഷായ്ക്കും സുപ്രിയക്കും പുറമെ പ്രഗത്ഭരായ പല തലമുറകളിലെ അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.കോങ്കോണ സെന്‍ ശര്‍മ്മ,പരംബ്രത ഭട്ടാചാര്യ , വിനയ് പാഥക് വിക്രാന്ത് മാസ്സീ എന്നിങ്ങനെ നാടകത്തിലും സിനിമയിലും ഉള്ള ചെറുതും വലുതുമായ അനേകം ആര്‍ട്ടിസ്റ്റുകള്‍. ഇത്ര കഴിവുള്ള അഭിനേതാക്കളെ സിനിമ വേണ്ടുന്ന വിധം പ്രയോജനപ്പെടുത്തിയോ എന്ന സംശയം ചില വിമര്‍ശകര്‍ ഉയര്‍ത്തിയിട്ടുണ്ട്.നമ്മള്‍ ശീലിച്ചു പോന്ന ‘പ്രകടന’മല്ല അഭിനയം എന്ന് ഈ സിനിമ പറയാതെ പറയുന്നുണ്ട്.വളരെ കുറച്ചുരംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഷായുടെ ഓരോ ചലനവും, ഓരോ ഉടലനക്കവും ഒരു അഭിനയ വിദ്യാലയമാണ്!


‘ഇനി അമ്മ ഒറ്റക്ക് എങ്ങിനെ ജീവിതത്തെ നേരിടും’ എന്ന മക്കള്‍ ഓരോരുത്തരും അവരുടെ മുറികളിലെ സ്വകാര്യതയില്‍ പിറുപിറുക്കുന്നതു കേള്‍ക്കാം .സിനിമ നമുക്കായി സൂക്ഷിച്ചു വെക്കുന്ന അദ്ഭുതകരമായ രഹസ്യവും അതാണ്.അമ്മ ആരുടെയും കൂടെ പോകുന്നില്ല .പതിമൂന്നാം ദിവസത്തെ ചടങ്ങുകള്‍ കഴിഞ്ഞു ഓരോരുത്തരായി യാത്ര പറഞ്ഞു ഇറങ്ങി കഴിയുമ്പോള്‍ അമ്മ ആ വീട്ടിനുള്ളിലേക്ക് പിന്‍വാങ്ങുന്നു.തന്‍റെ മുറിയിലെത്തി അലമാര തുറക്കുമ്പോള്‍ കാണുന്ന ക്ലോസപ്പ് ദൃശ്യത്തില്‍ അമ്മയുടെ മുഖത്ത് ആദ്യമായി വിടരുന്ന മന്ദസ്മിതത്തിനു പത്തരമാറ്റ് തിളക്കമാണ് . രാംപ്രസാദിന്‍റെ വീടിനെ ‘രാമപ്രസാദ് സംഗീത വിദ്യാലയ’മാക്കി മാറ്റി, കുട്ടികളെ ചിരിച്ചു കൊണ്ട് വീട്ടിനുള്ളിലേക്ക് ആനയിക്കുന്ന സുപ്രിയയുടെ ദീപ്തമായ മുഖഭാവത്തിലൂടെ സിനിമ നമ്മളോട് യാത്ര പറയുമ്പോള്‍ നമുക്ക് ഉത്തരം കിട്ടിയിരിക്കുന്നു…ഇനി ‘അമ്മ എന്ത് ചെയ്യും എന്നതിന്. ഒരു സംവിധായികയുടെ ജീവിത വീക്ഷണം തിരക്കഥയുടെ ദിശ എങ്ങിനെ നിര്‍ണ്ണയിക്കുന്നു എന്ന്കൂടി നമ്മള്‍ അറിയുന്നു.മറ്റൊരു തുടര്‍ച്ചയിലേക്കു, മറ്റൊരു വാഴ്വിലേക്കു പ്രതീക്ഷയോടെ നമ്മള്‍ ഉറ്റു നോക്കുന്നു….

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0