ആരാണ് ഇന്ദിര ടീച്ചര്‍? എന്തിനവരെ സവിശേഷമായി ഓര്‍ക്കണം? ഇങ്ങനെയൊരു സംശയം ചിലര്‍ക്കെങ്കിലും തോന്നാം. പക്ഷേ സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെങ്കിലും, സ്ത്രീകളുടെ പ്രസാധന സംരംഭങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നവരെങ്കിലും ഇന്ദിര ടീച്ചറെ ഓര്‍മ്മിച്ചേ മതിയാകൂ. കാരണം കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ ദീപ്തമായ ഏടുകളിലൊന്നാണ് ഇന്ദിര ടീച്ചര്‍.
നവോത്ഥാന കാലത്തെ മഹിളാ / വനിതാസമാജങ്ങള്‍ക്കു ശേഷം ആധുനികതയുടെ അവസാന ഘട്ടങ്ങളില്‍ കേരളത്തില്‍ സ്വതന്ത്ര സ്ത്രീ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു. മാനുഷി, പ്രചോദന തുടങ്ങിയവ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അനുബന്ധ സംഘടനകളായിരുന്നില്ല ഇവ. സ്ത്രീകള്‍ക്കു സവിശേഷമായി പ്രശ്നങ്ങളുണ്ടെന്നും അവ സവിശേഷമായിത്തന്നെ പരിഹരിക്കേണ്ടതുണ്ടെന്നും ഉള്ള ബോധ്യത്തില്‍ നിന്നാണ് ഇവയുടെ പ്രവര്‍ത്തനം ചിട്ടപ്പെട്ടത്. ആദ്യഘട്ടത്തില്‍ പൊതു സമൂഹം ഇത്തരം സ്ത്രീ കൂട്ടായ്മകളോടും അവരുന്നയിച്ച പ്രശ്നങ്ങളോടും അവരുടെ പ്രവര്‍ത്തന ശൈലിയോടും ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു. കുടുംബം തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അച്ചടക്കമില്ലാത്ത സ്ത്രീകളായി ഇവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തവരാണ് ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും. എങ്കിലും സ്വന്തം അജണ്ടയുമായി ഈ സ്ത്രീ കൂട്ടായ്മകള്‍ മുമ്പോട്ടു പോവുക തന്നെ ചെയ്തു.
1980 കളുടെ ഉത്തരാര്‍ദ്ധത്തിലാണ് പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളെജില്‍ മാനുഷി രൂപപ്പെട്ടത്. 1985ല്‍ത്തന്നെ അനൗദ്യോഗിക യോഗങ്ങള്‍ നടക്കുകയും 1986 ല്‍ മാനുഷി വാവന്നൂരില്‍ സ്ത്രീകളുടെ ഒരു കൂട്ടായ്മ വിളിച്ചു ചേര്‍ക്കുകയും ചെയ്തു. കേരളത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള നൂറോളം സ്ത്രീകള്‍ ആ യോഗത്തില്‍ പങ്കെടുത്തു
അത് ഒരു ചരിത്ര സംഭവം തന്നെയായിരുന്നു. സ്ത്രീകള്‍ക്കു സവിശേഷമായി പ്രശ്നങ്ങളുണ്ടെന്നംഗീകരിക്കുകയും അവ സവിശേഷമായിത്തന്നെ പരിഹരിക്കണമെന്നഭിപ്രായമുണ്ടാവുകയും ചെയ്ത ഒരു യോഗമായിരുന്നു അത്.
മാനുഷിയുടെ പ്രത്യേകത കോളെജ് ക്യാംപസില്‍ നിന്ന് രൂപപ്പെട്ട ഒരു കൂട്ടായ്മയായിരുന്നു അതെന്നതാണ്. സാറാ ജോസഫ്, ഇന്ദിര, സുമംഗലക്കുട്ടി, പാര്‍വതി എന്നീ നാല് അധ്യാപികമാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുകയും ഏറ്റെടുക്കുകയും ചെയ്ത പ്രസ്ഥാനമാണ് മാനുഷി. എറണാകുളം തൊട്ട് വടക്കോട്ടുള്ള ജില്ലകളില്‍ പലയിടത്തും നാടകങ്ങളും പാട്ടുകളും പ്രസംഗങ്ങളുമായി ഈ അധ്യാപികമാരും വിദ്യാര്‍ഥികളും സഞ്ചരിച്ചു. സ്ത്രീധന പ്രശ്നം ഉന്നയിച്ചു കൊണ്ട് ബസ് സ്റ്റാന്‍റുകളിലും ക്യാംപസുകളിലും അവര്‍ ബോധവത്കരണം നടത്തി. സ്ത്രീകളനുഭവിച്ചുകൊണ്ടിരുന്ന ദൈനന്ദിന പ്രശ്നങ്ങളിലൂടെ സ്ത്രീവാദ രാഷ്ട്രീയത്തിന്‍റെ പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ഉന്നയിക്കുകയായിരുന്നു മാനുഷി ചെയ്തത്. അതിനവര്‍ മാനുഷി എന്ന ഒരു പ്രസിദ്ധീകരണം പുറത്തിറക്കി. നവോത്ഥാന കാലത്തെ ലക്ഷ്മീബായി, ശാരദ മാസികകളുടെ ആധുനികോത്തര തുടര്‍ച്ചയായിരുന്നു മാനുഷി എന്ന പ്രസിദ്ധീകരണം. രണ്ടു ലക്കങ്ങള്‍ക്കു ശേഷം അതു നിന്നു പോയി.
1986, 1987, 1988 കാലങ്ങളില്‍ പട്ടാമ്പിക്കോളെജിനേയും പരിസരങ്ങളെയും ഇളക്കി മറിച്ചു കൊണ്ട് മാനുഷി പ്രവര്‍ത്തിച്ചു. പിന്നീട് അതു നിശബ്ദമായി. മാനുഷി എന്ന പേരില്‍ ഔദ്യോഗികമായ ഒരു സംഘടന ബാക്കിയായില്ലെങ്കിലും അന്നത്തെ മാനുഷിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ പൊതുമണ്ഡലത്തില്‍ ദൂരവ്യാപകമായ ഗുണഫലങ്ങള്‍ ഉണ്ടാക്കി. പില്‍ക്കാലത്ത് പട്ടാമ്പി കോളെജിലൂടെ കടന്നുപോയ ഒരോ സ്ത്രീയിലും അത് ഊര്‍ജസ്രോതസ്സായി വര്‍ത്തിച്ചു. അബോധത്തില്‍ ആഴത്തില്‍ വേരൂന്നിയ സംസ്കാരമായി മാറാന്‍ മാനുഷിയുടെ കുറച്ചു കാലത്തെ പ്രവര്‍ത്തനം തന്നെ ധാരാളമായിരുന്നു.
ആ മാനുഷിയെ നയിച്ച നാല് അധ്യാപികമാരില്‍ ഒരാളായിരുന്നു ഇന്ദിര ടീച്ചര്‍. മുടി പിന്നിയിട്ട്, സാരിത്തുമ്പ് പിന്നിലൂടെ മുമ്പിലേക്കെടുത്തു പിടിച്ചാണ് ഇന്ദിര ടീച്ചര്‍ കോളജില്‍ നടക്കുക. പ്രസാദാത്മകമായ സാന്നിധ്യം. അഗാധമായ പ്രത്യയശാസ്ത്രബോധം. കൂസലില്ലായ്മ, നിര്‍ഭയത്വം ഇതൊന്നും ടീച്ചറെക്കുറിച്ചു പറഞ്ഞാല്‍ അതിശയോക്തി ആകില്ല.’ അകത്തും പുറത്തും നിരന്തര പ്രതിപക്ഷം” എന്നാണ് സാറാ ജോസഫ് ഇന്ദിര ടീച്ചറുടെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്നത്. തന്‍റെ ധീരമായ നിലപാടുകളുടെ ബലം കൊണ്ട് ഇന്ദിര ടീച്ചര്‍ മാനുഷിയെ സദാ താങ്ങി നിര്‍ത്തിക്കൊണ്ടിരുന്നു. മാനുഷിയുമായി ബന്ധപ്പെട്ട ഓരോ പെണ്‍കുട്ടിയെയും അടുത്തറിഞ്ഞ് ചേര്‍ത്തു പിടിച്ചു. അവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്, എത്ര കാലം കഴിഞ്ഞു കണ്ടാലും യാതൊരു പരിചയക്കേടും വിടവുമില്ലാതെ നിര്‍ത്തിയേടത്തു നിന്ന് ടീച്ചറോടു സംസാരിക്കാന്‍ കഴിയുമായിരുന്നു എന്നാണ്. മാനുഷിക്കാലത്തിനു ശേഷം ടീച്ചര്‍ കോളെജില്‍ അത്ര സജീവമായിരുന്നില്ല. എങ്കിലും ഇംഗ്ലീഷ് അധ്യാപികയായിരുന്ന അവര്‍ പട്ടാമ്പിയിലെ ഇംഗ്ലീഷ് – ഹിസ്റ്ററി വിഭാഗത്തിലെ സജീവത തന്നെയായിരുന്നു.
കാന്‍സറിനെ അതിജീവിച്ച ടീച്ചറെഴുതിയ പുസ്തകമാണ് പ്രവാസിയുടെ മകള്‍. പിന്നീട് പെയ്ന്‍ ആന്‍റ് പാലിയേറ്റിവ് കെയറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ടീച്ചര്‍ മുഴുകി. 2020ൽ ടീച്ചർക്ക് പക്ഷാഘാതം ഉണ്ടായി. പിന്നീട് ക്രമേണ ടീച്ചര്‍ പിന്‍ വാങ്ങിത്തുടങ്ങി. അങ്ങനെ 2021 ഡിസംബര്‍ 6 ന് പുലര്‍ച്ചക്ക് ടീച്ചര്‍ ഈ ലോകം വിട്ടു പോയി.
കേരളീയ പൊതുമണ്ഡലത്തെ സ്ത്രീപക്ഷമാക്കുന്നതിന് സജ്ജമായ മാനുഷിയുടെ അമരക്കാരികളില്‍ ഒരാളായ പ്രിയപ്പെട്ട ഇന്ദിര ടീച്ചര്‍ക്ക്, പില്ക്കാലത്ത് മാനുഷിയുടെ ഊര്‍ജം രക്തവും മാംസവുമായി മാറിയ ഒരുവളുടെ
പിങ്ക് സല്യൂട്ട്
പിങ്ക് സല്യൂട്ട്
പിങ്ക് സല്യൂട്ട്
COMMENTS