Homeപെൺപക്ഷം

ഇന്ത്യന്‍ ജനാധിപത്യം ചില പരിമിതികള്‍…

സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയില്‍ നിലവില്‍ വന്ന ജനാധിപത്യ വ്യവസ്ഥിതി പ്രവര്‍ത്തിക്കുന്നത് ഡോക്ടര്‍ അംബേദ്കര്‍ രൂപംകൊടുത്ത ഭരണഘടനയിലെ മൗലിക അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്ത്രീ-പുരുഷ തുല്യത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന പക്ഷെ, ജനാധിപത്യത്തിന്‍റെ നെടുംതൂണുകളായ പാര്‍ലമെന്‍റിലും നിയമസഭകളിലും ഈ തത്വം നടപ്പിലാക്കണമെന്ന് നിഷ്കര്‍ഷിക്കുന്നില്ല. 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ തത്വം നടപ്പിലാക്കാന്‍ ഇവിടെ ഭരിച്ച ഭരണകര്‍ത്താക്കളാരും തയ്യാറായില്ല. ജനസംഖ്യാനുപാതികമായി സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റു മത- ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഈ സഭകളില്‍ പ്രാതിനിധ്യം വേണമെന്ന പ്രാഥമിക ജനാധിപത്യ സമീപനം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാരും തന്നെ വെറുതെ പോലും ഉരിയാടുന്നില്ല. സ്ത്രീകള്‍ക്ക് 33% പങ്കാളിത്തം പാര്‍ലമെന്‍റിലും നിയമസഭകളിലും നല്കണമെന്നാവശ്യപ്പെടുന്ന ഒരു ബില്‍ ദശകങ്ങളായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ മോക്ഷം തേടി കഴിയുന്നു. കഴിഞ്ഞ യു.പി.ഏ സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭ ആ ബില്‍ പാസാക്കിയെങ്കിലും ലോക്സഭയില്‍ അത് വെളിച്ചം കണ്ടില്ല .നരേന്ദ്രമോഡിയുടെ ആദ്യത്തെ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും അങ്ങനെ ഒരു ബില്‍ ഉള്ളതായേ ഭാവിക്കുന്നില്ല. തങ്ങളുടെ തികച്ചും സ്വേച്ഛാധിപത്യപരമായ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിയമങ്ങള്‍ ആരുടെ സമ്മതമില്ലെങ്കിലും ചൂടപ്പംപോലെ പാസാക്കിയെടുക്കുന്ന ഈ കേന്ദ്ര ഭരണകൂടം ഇങ്ങനെയൊരു ബില്‍ കണ്ടതായേ ഭാവിക്കുന്നില്ല.


നിയമനിര്‍മ്മാണത്തിനുള്ള രാജ്യത്തിന്‍റെ നയതീരുമാനങ്ങളെടുക്കുന്ന ഈ സഭകളില്‍ (പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും) ഈ കാര്യം പരിഗണിക്കുന്നില്ലെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം സ്ത്രീപങ്കാളിത്തം നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ അവകാശമുന്നയിക്കുന്നു. തീരുമാനമെടുക്കുന്ന നിര്‍ണായകമായ പ്രക്രിയകളില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട് സര്‍ക്കാറിന്‍റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ മാത്രം അവകാശമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തുല്യപങ്കാളിത്തം നല്‍കി യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ കബളിപ്പിക്കുകയാണ്. ‘നിങ്ങള്‍ ചായയുണ്ടാക്കിക്കോളൂ, ഞങ്ങള്‍ തീരുമാനമെടുക്കാം’ എന്ന പുരുഷാധിപത്യത്തിന്‍റെ ഈ ജോലി വിഭജനം അംഗീകരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നു. ഇക്കാര്യത്തില്‍ നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാരും തന്നെ ഏറെയൊന്നും വ്യത്യസ്തരല്ല.

എന്തുകൊണ്ട് കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒരു സ്ത്രീക്ക് നല്‍കപ്പെടുന്നില്ല? കഴിവുള്ള സ്ത്രീകള്‍ ഇല്ലാഞ്ഞിട്ടാണോ? അതോ പുരുഷന് അധികാരം വിട്ടുകൊടുക്കാനുള്ള വൈമനസ്യമോ? സ്ത്രീപ്രാതിനിധ്യം ഏതു പാര്‍ട്ടിയുടെ തീരുമാനങ്ങളെടുക്കുന്ന ഉയര്‍ന്നതലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കൂടുതലുള്ളത്. ജനാധിപത്യം എന്നത് വെറും വോട്ട് ചെയ്യാന്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലോ അധികാര സ്ഥാനങ്ങള്‍ പങ്കിടുന്നതിലോ ജനാഭിപ്രായം പരിഗണിക്കപ്പെടുന്നേയില്ല. ഈ ഭരണഘടനയുടെയും പാര്‍ലമെന്‍ററി സമ്പ്രദായത്തിന്‍റെയും അടിത്തറ തന്നെ തകര്‍ത്തുകൊണ്ട് സവര്‍ണ്ണ ഹിന്ദുത്വ ഫാസിസം അതിവേഗം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജനാധിപത്യത്തിന്‍റെ മേല്‍ചൂണ്ടിക്കാണിച്ച പരിമിതികള്‍ ബോധപൂര്‍വ്വം മാറ്റേണ്ടതാണ്, മറികടക്കേണ്ടതാണ്. അല്ലെങ്കില്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇത്തരം പ്രക്രിയകള്‍ക്കൊക്കെ അപ്പുറത്താവാന്‍ ഏറെ താമസമില്ല. ഇന്ത്യയിലെ ഓരോ പൗരനും പൗരയ്ക്കും ഇതെന്‍റെ , നമ്മുടെ ജനാധിപത്യമാണ്, അതിനെ എന്തുവിലകൊടുത്തും സംരക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായി തോന്നണമെങ്കില്‍ അടിസ്ഥാനപരമായ ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്.

 

 

 

 

അജിത കെ.

 

COMMENTS

COMMENT WITH EMAIL: 0