Homeചർച്ചാവിഷയം

ഹിന്ദുപിന്‍ന്തുടര്‍ച്ചാവകാശ നിയമവും സ്ത്രീ സമൂഹവും: ഒരു വിചിന്തനം

ലോകരാജ്യങ്ങളില്‍ സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഒട്ടനവധിയായ നിയമങ്ങള്‍ നിലനില്‍ക്കുന്നു. യുഎന്നിന്‍റെ കണക്കുപ്രകാരം പുരുഷനെ അപേക്ഷിച്ച് 1/100 സ്വത്ത് മാത്രമേ സ്ത്രീക്ക് ലഭ്യമായിട്ടുള്ളൂ. ഇന്ത്യയെ സംബന്ധിച്ച് സ്ത്രീകളുടെ സ്വത്തവകാശം പൂര്‍ണ്ണമായും വ്യക്തിനിയമവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ സമുദായത്തിലും അവരുടെ ആചാരങ്ങള്‍ക്കും മതവിശ്വാസങ്ങള്‍ക്കും അനുസൃതമായിട്ടാണ് സ്ത്രീകളുടെ സ്വത്തവകാശം തീരുമാനിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ഹിന്ദുസമുദായത്തില്‍ ഒട്ടനവധിയായ ആചാരങ്ങള്‍ നിലനില്‍ക്കുന്നു. ഒരോ ജാതിയിലെയും ആചാരങ്ങള്‍ സ്ത്രീകളുടെ സ്വത്തവകാശങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ആചാരങ്ങളും അതിനോടൊപ്പം നില്‍ക്കുന്ന നിയമങ്ങളും പലപ്പോഴും അനീതി നിറഞ്ഞതും ലിംഗസമത്വം ഇല്ലാത്തതുമായിരുന്നു എന്ന് കാണാന്‍ സാധിക്കും.

പൗരാണിക ഹിന്ദു നിയമം പരമ്പാരാഗതമായ ശ്രുതി, സ്മൃതി തുടങ്ങിയ സംഹിതകളില്‍ നിന്ന് ഉരുത്തിരുഞ്ഞ് വന്നതാണ് എന്ന് കാണാന്‍ കഴിയും. ആയത് ഒരു ആചാരം എന്ന നിലക്ക് തലമുറകളായി കൈമാറപ്പെട്ട ഒരു തത്വസംഹിതയായിരുന്നു. എഴുതപ്പെട്ട ഒരു നിയമം ഉണ്ടായിരുന്നില്ല.

പുരാണ ഹിന്ദു നിയമത്തില്‍ സ്വത്ത്ദായക്രമവുമായി ബന്ധപ്പെട്ട് മിതാക്ഷര എന്ന ആചാരരീതി പിന്തുടരുന്നവരും ദായഭാഗ ആചാരരീതി പിന്തുടരുന്നവരും ഇന്ത്യക്കകത്ത് ഉണ്ടായിരുന്നു. കേരളത്തില്‍ സ്വത്തുദായക്രമത്തില്‍ പ്രധാനമായും പിന്തുടര്‍ുന്നു വരുന്ന രീതി മിതാക്ഷര നിയമം ആയിരുന്നു. ഗ്രോത്രങ്ങളിലോ, കുടംബങ്ങളിലോ സമൂഹങ്ങളിലോ സ്വത്തുദായക്രമത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ നിലനിന്നു വന്നിരുന്നുവെങ്കില്‍ ആയവ അക്കാര്യത്തെ സംബന്ധിച്ച് നിയമം എന്ന രീതിയില്‍ അനുഷ്ഠിക്കപ്പെട്ടിരുന്നു. ആചാരങ്ങളുടെ അഭാവത്തില്‍ മിതാക്ഷര നിയമം അതുപോലെ തന്നെ സ്വത്തവകാശം തീരുമാനിക്കുന്നതില്‍ ബാധകമായിരുന്നു. ഹിന്ദു മിതാക്ഷര നിയമം വിവക്ഷിക്കുന്നത് കുടുംബകാരണവര്‍ അടക്കമുള്ള നാല് തലമുറയിലുള്ള സന്തതികള്‍ക്ക് മാത്രമേ കൂട്ടുകുംബസ്വത്തില്‍ ജന്മവകാശം ഉണ്ടാവൂ എന്നതാണ്. മേല്‍ പ്രസ്താവിച്ച പരമ്പരാഗതമായ ആചാരസംഹിതയുടെ അടിസ്ഥാനഘടകങ്ങള്‍ താഴെ പ്രസ്താവിക്കുന്നവയാണ്.

1. ഹിന്ദു സമുദായത്തില്‍ മുന്‍പ് കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ആചാരത്തിലും വിശ്വാസത്തിലും ആരാധനയിലും, എന്തിന് ഭക്ഷണത്തിലും വസ്ത്രത്തില്‍ പോലും ഈ വ്യവസ്ഥിതിക്ക് വളരെയധികം സ്വാധീനം ഉണ്ടായിരുന്നു.

2. സ്ത്രീകളും കുട്ടികളും അടക്കമുള്ള എല്ലാ കുടുംബാംഗങ്ങളും കൂട്ടുകുടുംബത്തിന്‍റെ ഭാഗമായിരുന്നതും അവരുടെ പ്രാഥമികമായ ആവശ്യങ്ങള്‍ എല്ലാം തന്നെ കൂട്ടുകുടുംബത്തിലെ ചുമതലപ്പെട്ട കാരണവന്മാര്‍ യഥാവിധി നിര്‍വഹിച്ചു വരുന്നതുമായിരുന്നു.

3. സ്ത്രീകള്‍ക്ക് കൂട്ടുകുടുംബസ്വത്തില്‍ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ കഴിച്ചിലും പ്രാഥമിക ആവശ്യങ്ങളും കൂട്ടുകുടുംബസ്വത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് ബന്ധപ്പെട്ടവര്‍ നിര്‍വഹിച്ചു വരുന്നു.
കേരളത്തില്‍ ബഹുഭൂരിപക്ഷം ആചരിച്ചു വരുന്ന ഈ നിയമം മിതാക്ഷര നിയമം എന്നറിയപ്പെട്ടിരുന്നതും കൂട്ടുകുടുംബത്തിന്‍റെ കാരണവര്‍ അടക്കമുള്ള നാലുതലമുറക്കാര്‍ക്ക് മാത്രമേ കൂട്ടുകുടുംബത്തില്‍ സ്വത്ത് അവകാശം ഉണ്ടായിരുന്നുള്ളൂ. അവര്‍ “Coparcenar” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവര്‍ക്ക് കൂട്ടുകുടുംബസ്വത്തില്‍ ജന്മനാതന്നെ അവകാശം സിദ്ധിക്കുമായിരുന്നു “Coparcenary” യില്‍ ഉള്‍പ്പെട്ട ഒരു മെമ്പറുടെ നിയമിതമായ അവകാശം നിര്‍വചിക്കത്തക്കതായിരുന്നില്ല. കാരണം കുടുംബത്തിലെ ആ സന്തതികളുടെ ജനനം വ്യക്തിപരമായ അവകാശത്തെ കുറക്കുന്നതും അവരുടെ മരണം അവകാശത്തെ കൂട്ടുന്നതുമായിരുന്നു.
അതേസമയം മേല്‍ പ്രസ്താവിച്ച പ്രകാരം സ്ത്രീകള്‍ക്ക് കൂട്ടുകുടുംബസ്വത്തില്‍ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. അവര്‍ക്ക് കാരണവരുടെയും മറ്റും സഹായത്തോടുകൂടി സ്വത്തില്‍ നിന്നുള്ള വരുമാനം അവരുടെ ഇഷ്ടാനുസരണത്തില്‍ തറവാട്ടില്‍ കഴിഞ്ഞു പോകാനുള്ള അവകാശം അതും അവരുടെ വിവാഹം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി ഏതെങ്കിലും നിലക്ക് അവിവാഹിതയായ ഒരു സ്ത്രീക്ക് അവരുടെ ചിലവിനായി കാരണവര്‍ അവരുടെ വല്ല സ്വത്തും മാറ്റി വെക്കുകയുണ്ടായാല്‍ തന്നെ ആയതില്‍ നിന്നും ആദായം എടുത്ത് കഴിയുക എന്നതല്ലാതെ ആയതില്‍ പരിപൂര്‍ണ്ണ അവകാശം ഒരിക്കലും സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നില്ല. വിവാഹശേഷം സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ തറവാട്ടിലെ അംഗങ്ങളായി മാറുകയാണ് ചെയ്യുന്നത്.

മേല്‍ പ്രസ്താവിച്ച പുരാതന ആചാരാധിഷ്ഠിതമായ സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കാത്ത ഹിന്ദുനിയമത്തില്‍ ആദ്യമായി നിയമം മൂലം ഒരു മാറ്റം നടപ്പിലായത് “Hindu Women’s Right to Property Act 1937 ” എന്ന നിയമത്തിലൂടെയാണ്. മേല്‍ നിയമം മൂന്നു നിലവാരത്തിലുള്ള വിധവകള്‍ക്ക് അവരുടെ മുന്‍ഗാമിയുടെ മരണത്തോടുകൂടി അവകാശം ലഭിക്കുന്ന തരത്തിലാണ് ഉണ്ടായിരുന്നത്. ഇതുപ്രകാരം കൂട്ടുകുടുംബത്തില്‍ സ്വത്തവകാശമുള്ള ഒരു പുരുഷന്‍ മരണപ്പെട്ടാല്‍ ആ സ്വത്ത് അദ്ദേഹത്തിന്‍റെ വിധവക്കോ, വിധവകള്‍ക്ക് കൂട്ടായോ, ഒരു മകനുള്ളതുപോലുള്ള അവകാശം സിദ്ധിക്കുന്നതാണ്. ഈ നിയമപരമായ ആനുകൂല്യം മരണപ്പെട്ടയാളുടെ മരിച്ച മകന്‍റെ വിധവക്കും ലഭിക്കുന്നതാണ്. വസ്തുവിന്‍റെ ഭാഗം ആവശ്യപ്പെടാനുള്ള അവകാശം ഈ മൂന്ന് തലത്തിലുള്ള വിധവകള്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും മേല്‍ നിയമപ്രകാരം അവര്‍ക്ക് ലഭിച്ച അവകാശം വളരെ പരിമിതവും പൂര്‍ണ്ണമായതല്ലാത്തതും ആയിരുന്നു.

ഇത്തരത്തിലാണ് ഹിന്ദുസമുദായത്തില്‍ സ്ത്രീകള്‍ അനുഭവിച്ചു വരുന്ന വിവേചനം എന്നെന്നേക്കുമായി അവസാനിപ്പിക്കാനും അവര്‍ക്ക് തുല്ല്യാവകാശം ലഭിക്കുവാനുമായി ഭരണഘടനാശില്പിയായ ഡോ: ബി.ആര്‍. അംബേദ്കര്‍ ഭരണഘടന നിര്‍മ്മാണസഭയില്‍ ഹിന്ദു കോഡ് ബില്‍ എന്ന കരടു നിയമം കൊണ്ടുവന്നത്. എന്നാല്‍ ആയതില്‍ അന്ത:സത്തക്ക് നിരക്കുന്ന രീതിയിലുള്ള പ്രോത്സാഹനം ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നു പോലും ലഭിക്കുകയുണ്ടായില്ല. 1947 ഏപ്രില്‍ മാസം 11 തീയ്യതി ഭരണഘടന നിര്‍മ്മാണസഭയില്‍ അവതരിപ്പിച്ച മേല്‍ ബില്‍ ചര്‍ച്ചക്ക് എടുക്കാതെ വളരെ കാലത്തിനു ശേഷം 1948 ഏപ്രില്‍ 9 ന് സെലക്ട് കമ്മിറ്റിക്ക് വിടുകയാണ് ഉണ്ടായത്. നാല് വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കും ആയതിനെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ഡോ.അബേദ്ക്കറുടെ വാക്കുകള്‍ തന്നെ കടം എടുത്താല്‍ അവര്‍ ആ ബില്ലിനെ കരുണയില്ലാതെ കൊല്ലുകയായിരുന്നു.
എന്നാല്‍ പ്രസ്തുത ബില്‍ ഹിന്ദുസമുദായത്തിലെ നിയമപരമായ നവോത്ഥാനത്തിന് വഴിവെക്കുകയും ഹിന്ദുസമുദായത്തില്‍ വ്യക്തിപരമായ അവകാശങ്ങളെ സംബന്ധിക്കുന്ന നാല് സുപ്രധാന നിയമങ്ങളുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കുകയും ചെയ്തു. ആയവ താഴെ പറയുന്നവയാകുന്നു.

1. Hindu Marriage Act 1955 : ഈ നിയമം ഹിന്ദുവിവാഹത്തെയും വിവാഹമോചനത്തെയും സംബന്ധിച്ചുള്ള ബൃഹത്തായ ഒരു നിയമസംഹിതയാണ്. ആയത് ഇന്നും കാലാതിവര്‍ത്തിയായി തുടരുന്നതുമാണ്.

2. Hindu Succession Act 1956 : ഈ നിയമം ഹിന്ദുസമുദായത്തിലെ സ്വത്തു സംബന്ധമായ അവകാശാധികാരങ്ങളെ നിര്‍വചിക്കുന്നതും സര്‍വ്വോപരി സ്ത്രീകള്‍ക്ക് കുടുംബ വസ്തുവില്‍ തുല്യ അവകാശം നല്‍കുന്ന തരത്തിലുള്ള വിപ്ലവകരമായ ഒരു തീരുമാനവും ആയിരുന്നു. മേല്‍ നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം മേല്‍ പ്രസ്താവിച്ച കൂട്ടുകുടുംബത്തില്‍ വിധവ എന്ന നിലയിലോ അല്ലാതെ കഴിച്ചിലിന് വേണ്ടി നല്‍കിയതോ ആയ സ്വത്തില്‍ സ്ത്രീയുടെ വളരെ പരിമിതമായ അവകാശത്തെ പരിപൂര്‍ണ്ണമായ അവകാശമായി മാറ്റുകയാണുണ്ടായത്. Copercener എന്നു വിവക്ഷിക്കുന്ന കൂട്ടുകുടുംബസ്വത്തില്‍ ജന്മാവകാശം ഉണ്ടായിരുന്ന ആ മെമ്പര്‍മാരുടെ മരണത്തോടെ അവരുടെ നിയതമല്ലാത്ത വസ്തുവിലുള്ള അവകാശം മറ്റു Copercener ന് സിദ്ധിക്കാതെ ആയത് പിന്തുടര്‍ച്ചാവകാശമായി അദ്ദേഹത്തിന്‍റെ അവകാശികള്‍ക്ക് സിദ്ധിക്കുന്ന സ്ഥിതി വന്നു. ആയതുപ്രകാരം വസ്തു അവകാശം ഒരു Copercener മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ മരണത്തിന് തൊട്ടു മുന്‍പ് കൂട്ടുകുടുംബസ്വത്തില്‍ എത്ര ഷെയര്‍ ഓഹരി ഉണ്ടെന്ന് കണ്ടെത്തുകയും ആയത് പിന്തുടര്‍ച്ചാവകാശമായി മേല്‍ നിയമത്തിന്‍റെ 8-ാം വകുപ്പില്‍ പ്രതിപാദിച്ചപ്പോലെ അദ്ദേഹത്തിന്‍റെ അവകാശികള്‍ക്ക് വന്ന് അനുഭവിക്കുകയും ചെയ്യും. തല്‍ഫലമായി അദ്ദേഹത്തിന്‍റെ ഭാര്യക്കും മക്കള്‍ക്കും അമ്മക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്ല്യമായി വസ്തു ലഭിക്കുന്ന സാഹചര്യം ഉണ്ടായി.

കൂട്ടുകുടുംബ വ്യവസ്ഥിതികളുടെ നിരാസം പ്രതിപാദിക്കുന്ന ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമത്തിലെ പ്രത്യക്ഷത്തില്‍ ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കുന്നില്ല എന്നത് ആയത് ഒരു ന്യൂനതയായി അവശേഷിച്ചു. ഒരു ആണ്‍ അവകാശി മരണപ്പെട്ടാല്‍ മാത്രമേ മേല്‍ പ്രസ്താവിച്ച പ്രകാരം വസ്തു പിന്തുടര്‍ച്ചാവകാശികള്‍ക്ക് ലഭിക്കുന്നുള്ളൂ. എന്നാല്‍ ജീവിച്ചിരിക്കുന്ന മറ്റവകാശികള്‍ അവരുടെ കൂട്ടുകുടുംബവ്യവസ്ഥിതിയും Copercener ഉം മുന്നോട്ടുകൊണ്ടു പോവുകയാണ് ഉണ്ടായത്. ഇതില്‍ പ്രകടമായ ഒരു ലിംഗവിവേചനം നിലനിന്നിരുന്നു എന്നത് വ്യക്തമാണ്. 1956 ലെ ഹിന്ദുപിന്‍തുടര്‍ച്ചാവകാശ നിയമത്തെ തുടര്‍ന്ന് 2005 ആയതിന്‍റെ ഭേദഗതി തുടര്‍ന്ന് ഇത്തരത്തിലുള്ള പുരാതന ഹിന്ദുനിയമങ്ങള്‍ കാലഹരണപ്പെടുകയും കുടുംബസ്വത്തിന്‍റെ കാര്യത്തില്‍ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ Hindu Succession Amendment Act 2005 കൊണ്ടുവന്നത്. മേല്‍ Amendment Act se Sec 6 പ്രകാരം പെണ്‍മക്കള്‍ക്കും ആണ്‍മക്കളെപോലെ കൂട്ടുകുടംബസ്വത്തില്‍ Copercener എന്ന ജന്മനാവകാശം നല്‍കി. ഇതുപ്രകാരം കൂട്ടുകുടുംബവ്യവസ്ഥിതി തുടര്‍ന്നുവരുന്ന കുടുംബങ്ങളില്‍ ആണ്‍മക്കളെ പോലെ പെണ്‍മക്കള്‍ക്കും കൂട്ടുകുടംബവസ്തുവില്‍ തുല്ല്യാവകാശം ജന്മനാ സിദ്ധിക്കാനിടയായി. 2005ല്‍ നിയമസാധുത വന്ന ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ആയതിനു മുമ്പ് ജനിച്ച സ്ത്രീകള്‍ക്കും ഈ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുമോ എന്നുള്ളത് നിയമവൃത്തത്തിലും പൊതുജനങ്ങളിലും ഉള്ള ഗൗരവമായ ചര്‍ച്ചക്ക് കാരണമായി. മുന്‍പുണ്ടായ എതിര്‍ അഭിപ്രായങ്ങളെ മറികടന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ 2005 ലെ ഭേദഗതി നിയമം ആയതിന് മുമ്പ് ജനിച്ച സ്ത്രീകള്‍ക്കും ബാധകമാണെും ആയത് Retro Active ആണെന്നും വിനീത ഷര്‍മ കേസില്‍ പ്രഖ്യാപിച്ചത് ഈ രംഗത്തുള്ള തെറ്റായ വാദങ്ങള്‍ക്കും അറുതി ഉണ്ടാക്കി.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മേല്‍ വിധിപ്രകാരം കൂട്ടുകുടുംബസ്വത്തിലും മറ്റും സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടൊപ്പമുള്ള തുല്ല്യാവകാശം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതുവഴി തുല്ല്യത എന്ന സങ്കല്പം യാഥാര്‍ത്ഥ്യമായി. ഈ നിലയ്ക്ക് ഹിന്ദുസമൂഹത്തില്‍ സ്ത്രീകള്‍ സ്വത്തുപരമായി പുരുഷന്‍മാരോടൊപ്പം എല്ലാനിലക്കും തുല്ല്യാവകാശം കൈവശമുള്ളവരായി മാറി.

മേല്‍നിയമങ്ങളുടെ ആവിര്‍ഭാവത്തിനുമുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തെപ്പറ്റി പരാമര്‍ശിക്കാതെ പോകുന്നത് ഉചിതമല്ല. മരുമക്കത്തായ നിയമപ്രകാരം തറവാട്ടിന്‍റെ കാരണവര്‍സ്ഥാനം അലങ്കരിക്കുന്നത് ഒരു സത്രീയും അവരുടെ കാരണവത്തി നാലു തലമുറ Copercener ആയി കല്പിക്കപ്പെടുന്നത് സ്ത്രീ ജനങ്ങളുടെ സന്തതികള്‍ മാത്രമാണ് എന്ന നിലയുള്ളതും ആയിരുന്നു. മേല്‍ വ്യവസ്ഥിതി ഒന്നുകൊണ്ടു തന്നെ സ്ത്രീകളുടെ കുടുംബസ്വത്തിലും മറ്റും ഉണ്ടായിരുന്നു മേല്‍കോയ്മ എടുത്തു പ്രസ്താവിക്കേണ്ടതാണ്.

Marumakkathayam Abolition Act, Kerala Joint Family System Abolition Act പ്രകാരവും ഹിന്ദു പിന്തുടര്‍ച്ചവാകാശനിയമത്തിന്‍റെയും ആവിര്‍ഭാവത്തോടുകൂടി അവര്‍ അന്നുവരെ അനുഭവിച്ചു വന്നിരുന്ന അപ്രമാദിത്വം നഷ്ടമായതും ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.

3. Hindu Minority Guardianship Act 1956.
ഈ നിയമം ഹിന്ദു സമുദായത്തിലെ മൈനര്‍മാരുടെ അവകാശങ്ങളെ സംബന്ധിച്ചും അവരുടെ രക്ഷിതാക്കളുടെ അധികാരവകാശത്തെ സംബന്ധിച്ചും ഉള്ള മൈനര്‍മാരെയും അവരുടെ അവകാശങ്ങളെയും നിയമപരമായി സംരക്ഷിക്കാന്‍ ഉതകുന്ന ഒരു പരിപൂര്‍ണ്ണനിയമം ആകുന്നു.

4. Hindu Adoption and Maintinance Act 1956 ഈ നിയമം ഹിന്ദു സമുദായത്തിലെ വ്യക്തികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതും അതുമായി ബന്ധപ്പെട്ട എല്ലാവിധ സംഗതികളെയും സംബന്ധിച്ചിട്ടുള്ള അടിസ്ഥാനപരമായ ഒരു നിയമസംഹിതയാകുന്നു. കൂടാതെ ആയത് കുട്ടികള്‍ക്കും ചിലവിന് നല്‍കേണ്ട സംഗതിയെ സംബന്ധിച്ച് കാര്യങ്ങളിലും ആധികാരികമായി നിര്‍വചനങ്ങള്‍ നടത്തുന്നതുമാണ്. ആയത് പരമപ്രധാനമായ കുടുംബാംഗങ്ങള്‍ക്ക് ചിലവിന് നല്‍കേണ്ടുതായ നിയമപരമായ ഉത്തരവാദിത്വത്തെപ്പറ്റിയും ആയത് ലഭിക്കേണ്ട വ്യക്തികളുടെ അവകാശ സംരക്ഷണത്തിനും നിലകൊള്ളുന്നു.

മേല്‍ പ്രസ്താവിച്ചതില്‍ നിന്ന് നിയമപരമായി ഹിന്ദുസ്ത്രീകള്‍ വസ്തുപരമായും ഒരു വിവേചനം നേരിടുന്നില്ല എന്നത് വ്യക്തമാണ്. ഡോ ബി.ആര്‍. അബേദ്കര്‍ വിഭാവനം ചെയ്ത Hindu Code Bill അംഗീകാരം നേടാന്‍ പരാജയപ്പെട്ടെങ്കിലും മേല്‍ പ്രസ്താവിച്ച നാല് പരമപ്രധാനമായ നിയമനിര്‍മ്മാണം വഴി അദ്ദേഹം വിഭാവനം ചെയ്ത ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നു എന്ന് നമുക്ക് ഉപസംഹരിക്കാവുന്നതാണ്.

സഹായക ഗ്രന്ഥങ്ങള്‍

1.Mayne,Treatise on Hindu Law and Usage, 1986, Twelfth edition, Bharat Law House, New Delhi.
2. S.R. Bhansali, The Constitution of India 2014, Second Edition, Universal Law Publishing Co. pvt .Ltd. New Delhi.

ഡോ.ഡയാന കെ.
അധ്യാപിക
സ്ത്രീപഠന വിഭാഗം,
കോഴിക്കോട് സര്‍വ്വകലാശാല

COMMENTS

COMMENT WITH EMAIL: 0