പൗരത്വ നിയമത്തിന്‍റെ ഭേദഗതിയുടെയും അതിനെതിരെയുള്ള പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പൗരത്വ സങ്കല്പവും അടുത്ത കാലത്തുണ്ടായ ചില ‘പുരോഗമനപരമായ’ സുപ്രീംകോടതി വിധികളും പരിശോധിക്കാനുള്ള ശ്രമം ആണ് ഈ കുറിപ്പ്. രണ്ടു കാര്യങ്ങളാണ് ഇതില്‍ പറയാന്‍ ശ്രമിക്കുന്നത്. ഒന്ന്, പല വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ ഈ കോടതി വിധികള്‍ ഉത്പാദിപ്പിയ്ക്കുന്ന വ്യക്തി എന്ന സംവര്‍ഗം ഉന്നം വെക്കുന്ന പൗരന്‍ ഹിന്ദു പുരുഷനും സ്ത്രീയുമാണ്. രണ്ടാമതായി, ഈ വിധികളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ലിംഗപദവിയെക്കുറിച്ചുള്ള വ്യവഹാരം ഭൂരിപക്ഷ മതത്തിനെതിരെ, അതായത്, ഹിന്ദുയിസത്തിനെതിരെ നടന്ന രാഷ്ട്രീയ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കു ജൂറിഡിക്കല്‍ രൂപം നല്‍കി ആ മതത്തിനുള്ളിലെ വൈരുദ്ധ്യങ്ങളെ നിര്‍വീര്യമാക്കാനുള്ള ശ്രമം ആണ്.
മൂന്നു വിധികളാണ് ഇതിനായി ഇവിടെ തിരഞ്ഞെടുക്കുന്നത്.
1) പ്രൈവസി വിധിന്യായം
2) സെക്ഷന്‍ 377 ന്‍റെ നീക്കം ചെയ്യല്‍
3) ശബരിമലവിധിന്യായം.
ഈ വിധി ന്യായങ്ങളെല്ലാം തന്നെ ഹിന്ദു മതത്തിനു മുതലാളിത്ത വ്യവസ്ഥയുമായി ഉള്ള വൈരുദ്ധ്യങ്ങളെ പരിഹരിക്കാന്‍ ലക്ഷ്യം വച്ചുള്ളവയാണ്.
മുതലാളിത്തത്തിന്‍റെ യുക്തിയില്‍ വ്യക്തിക്കും വ്യക്തി എന്ന ആശയത്തിനും ഉള്ള ചരിത്രപരമായ സ്ഥാനം ഹിന്ദുമതത്തിന്‍റെ വിജ്ഞാനവിരോധവാദം (obscurantism) ത്തിന് വിരുദ്ധമാണ്. ഈ കുറവ് പരിഹരിക്കുക എന്ന ദൗത്യമാണ് ഈ കോടതി വിധികള്‍ക്കുള്ളത്. ആധുനികതയുമായി ഹിന്ദുയിസത്തിനുള്ള വൈരുദ്ധ്യങ്ങളെ, ജാതിവ്യവസ്ഥക്ക് പരിക്കേല്‍പ്പിക്കാതെ, അതിജീവിക്കാന്‍ പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ഹിന്ദു ഉപരിവര്‍ഗം (സവര്‍ണ, നാഗരിക, ലിബറല്‍) നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണിവ. എന്നാല്‍ മുന്‍പ് നടന്ന ഇത്തരം ശ്രമങ്ങള്‍ സമുദായങ്ങളും അവയുടെ പ്രാതിനിധ്യവും പരിഷ്കരണവും ആയിരുന്നു അവയുടെ object ആയി സ്വീകരിച്ചിരുന്നത്; നിയമനിര്‍മ്മാണവും ജനാധിപത്യപ്രക്രിയയും ഒക്കെ ഇതിന്‍റെ മാധ്യമങ്ങളായി. പ്രാദേശികമായ, ജാതിവിരുദ്ധ, സമുദായ പരിഷ്കരണ ആവേഗങ്ങളെ ക്രമീകരിക്കുകയും ഭരണീയമാക്കുകയും (governable) ചെയ്യുക എന്നതായിരുന്നു ഈ ഉപരിവര്‍ഗം സ്വയം ഏറ്റെടുത്ത ധര്‍മം. എന്നാല്‍ ഈ മണ്ഡലങ്ങളൊക്കെ ഹിന്ദുത്വത്തിന് വിധേയമായതോടു കൂടി പൂര്‍ണമായും അപ്രസക്തരായ ഈ ഹിന്ദു ഉപരിവര്‍ഗം ജൂറിഡിക്കല്‍ പ്രതലത്തിലേക്ക് ചുരുക്കപ്പെട്ടു. ആക്ടിവിസ്റ്റുകളും അക്കാഡമിക്കുകളും മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ വക്കീലന്മാരും ജഡ്ജിമാരും അടങ്ങിയ ഈ വര്‍ഗം ഒന്നാം എന്‍.ഡി.എ. സര്‍ക്കാരിന്‍റെ കാലയളവില്‍ നേടിയെടുത്ത ഈ പുരോഗമന വിധിന്യായങ്ങള്‍ മൊത്തത്തില്‍ ഹിന്ദുത്വം പ്രതിനിധാനം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന regressive സാമൂഹ്യ പ്രവണതകളില്‍ നിന്നജല്പ വ്യതിചലനമായിരുന്നു. എങ്കിലും പിന്‍വായനയില്‍ ഈ വിധിന്യായങ്ങളെ ഹിന്ദു കര്‍തൃത്വത്തിന്‍റെ രൂപീകരണത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന സങ്കേതങ്ങളായി അടയാളപ്പെടുത്താവുന്നതാണ്.
പ്രൈവസി വിധിന്യായം
ആധാറിനെതിരെ പൊതുപ്രവര്‍ത്തകരും ഗവേഷകരും ചേര്‍ന്ന് ഫയല്‍ ചെയ്ത കേസുകള്‍ കേള്‍ക്കുമ്പോളാണ് സ്വകാര്യത ഒരു മൗലികാവകാശമാണോ എന്ന ചോദ്യം സുപ്രീം കോടതിയുടെ മുന്‍പില്‍ ഉയര്‍ന്നു വരുന്നത്. അതൊരു ഭരണഘടനാ പ്രശ്നമായി പരിഗണിച്ച കോടതി ഭരണഘടനാ ബഞ്ച് രൂപീകരിച്ചു ആധാര്‍ കേസുകളില്‍ നിന്ന് അതിനെ വേര്‍പ്പെടുത്തുകയും സ്വകാര്യത ഒരു മൗലികാവകാശം ആണെന്ന് തീര്‍പ്പ് കല്പിക്കുകയും ചെയ്തു. 2017 ല്‍ പുറത്തു വന്ന ഈ വിധിയാണ് സുപ്രീം കോടതിയുടെ ‘പുരോഗമന’ കാലയളവിനു തുടക്കം കുറിച്ചത്. സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് പ്രസ്താവിച്ച കോടതി പക്ഷെ 2018 ല്‍ ആധാര്‍ സ്വകാര്യതയുടെ ലംഘനമല്ല എന്ന് വിധിച്ചു. വ്യക്തിയും വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഭരണകൂടത്തിന്‍റെ പരിമിതികളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കാന്‍ ഇന്ത്യന്‍ ലിബറലുകള്‍ നടത്തിയ പോരാട്ടമായി ഈ കേസുകളെ കാണാവുന്നതാണ്.
സ്വകാര്യതയെ മൗലികാവകാശമായി കണ്ട കോടതി പക്ഷെ വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നതും മറ്റു ഏജന്‍സികള്‍ക്ക് കൈമാറുന്നതും സ്വകാര്യത ലംഘനമായി കണ്ടില്ല. ആധാറിനെതിരെയുള്ള ഹര്‍ജികളെല്ലാം തള്ളിയ കോടതിയുടെ സന്ദേശം വ്യക്തമാണ്. ഭരണകൂടത്തിന്‍റെ അമിതാധികാരപ്രയോഗങ്ങളെ ചെറുക്കാന്‍ അത് ദുര്‍ബലമായിരിക്കുമ്പോഴും സ്വകാര്യത എന്ന അമൂര്‍ത്തമായ സങ്കല്പ്പത്തിന്‍റെ ബൂര്‍ഷ്വാ വിനിമയ മൂല്യത്തെ അത് മാനിക്കുന്നു. സമുദായങ്ങളും അവയുടെ പ്രാതിനിധ്യവും എന്ന അടിസ്ഥാന പോസ്റ്റ് കൊളോണിയല്‍ സമവായത്തില്‍ നിന്നുള്ള വ്യതിചലനവും കൂടിയാണ് ഈ വിധികള്‍. വ്യക്തി എന്ന മുതലാളിത്ത പദ്ധതിയുടെ ആഗമനം വിളിച്ചറിയിക്കുന്ന ഈ വിധിക്കുള്ളിലെ ‘വ്യക്തി’ക്ക് ഹിന്ദു കര്‍തൃത്വ രൂപീകരണവുമായി ഗാഢമായ ബന്ധമുണ്ട്. സ്വകാര്യതാ വിധിയില്‍ ഹിന്ദു മതത്തിലെ ശ്രുതി സ്മൃതികളിലും ഇസ്ലാമില്‍ ശരിയയിലും ‘സ്വകാര്യത’ എന്ന മൂല്യത്തിനുള്ള പ്രാധാന്യം പരിശോധിക്കുന്ന കോടതി പക്ഷേ ഈ വിധിയിലൂടെ നിര്‍മ്മിക്കുന്ന വ്യക്തി സമുദായബാഹ്യയായി നിലനില്‍ക്കുന്നവരാണ്. ഈ രണ്ടുമതങ്ങളെയും വ്യാഖ്യാനിക്കുന്നതിന് കോടതി അവലംബിക്കുന്ന ലേഖനങ്ങളും ഉറവിടങ്ങളും സ്ത്രീശരീരവും സ്വകാര്യതയുടെ മതപരമായ മൂല്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നുണ്ട്. ലൈംഗികമായ സ്വയംനിര്‍ണ്ണയാവകാശവും ലിംഗ പദവിയും സ്വകാര്യതയും തമ്മിലുള്ള ബന്ധവും പരാമര്‍ശ വിധേയമാകുന്നുണ്ട്. സമുദായബാഹ്യരായോ സമുദായവിരുദ്ധരായോ നിലനില്‍ക്കുന്ന വ്യക്തിയാണ് സ്വകാര്യതാ വിധിയുടെ വിഷയം.
ആധാര്‍ സാമൂഹ്യസുരക്ഷാപദ്ധതികളുമായി ലിങ്ക് ചെയ്യുന്നത് കാരണം ഈ പദ്ധതികളില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ട ജനവിഭാഗങ്ങളോ, ആധാര്‍ ഡാറ്റ ഉപയോഗിച്ച് കോര്‍പറേറ്റുകള്‍ നടത്താന്‍ സാധ്യതയുള്ള അഴിമതികളോ ആത്യന്തികമായി സുപ്രീം കോടതിയെ ആധാറിന് അനുമതി നല്‍കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയില്ല. ഒരു ഘട്ടത്തില്‍ ഭരണ കൂടത്തിന്‍റെ സ്വാഭാവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളെ മറികടക്കാന്‍ പ്രൈവസിയെ തന്ത്രപരമായി ഉപയോഗിച്ച ആധാര്‍ ഹര്‍ജിക്കാര്‍ സുപ്രീം കോടതി തന്നെ പ്രൈവസിയെ ഒരു ഭരണഘടനാ പ്രശ്നമായി കണ്ടതോടു കൂടി സ്വകാര്യതാലംഘനങ്ങള്‍ക്കെതിരെ ടെക്നോക്രാറ്റിക് ആയ പരിഹാരങ്ങള്‍ implicit ആയി അംഗീകരിക്കുകയായിരുന്നു. പൗരനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വഴി നേരിട്ടുള്ള ബന്ധം സ്ഥാപിച്ച് പ്രാദേശിക സര്‍ക്കാരുകളെയും,സമുദായങ്ങളെയും അപ്രസക്തമാക്കുക എന്ന ബിജെപിയുടെ governance തന്ത്രത്തിലേക്ക് ആധാര്‍ ചേര്‍ക്കപ്പെടുകയാണുണ്ടായത്. ബിജെപിയുടെ governance ലും developmentalism ലും ഫെഡറല്‍ വിരുദ്ധതയിലും അടിസ്ഥാനപ്പെടുത്തിയ തന്ത്രങ്ങള്‍ക്ക് ആധാര്‍ അത്യന്താപേക്ഷികമായിരുന്നു.
സെക്ഷന്‍ 377 നീക്കംചെയ്യല്‍
അടുത്ത പ്രധാനപ്പെട്ട പുരോഗമന പരമായ വിധി ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‍റെ സെക്ഷന്‍ 377 നീക്കം ചെയ്തതാണ്. സ്വകാര്യതാ വിധിന്യായമായിരുന്നു ഇതിന് പ്രധാനമായും ഉപോദ്ബലകമായി കോടതി ഉപയോഗിച്ചത്. ഈ വിധിയിലും ക്വിയര്‍ സമുദായങ്ങളുടെ അവകാശങ്ങളേക്കാള്‍ വിധിക്കു പ്രേരകമായതും വിഷയമായതും ക്വിയര്‍വ്യക്തികളുടെ അവകാശങ്ങളാണ്. സ്വവര്‍ഗ്ഗരതിയുടെ ക്രിമിനല്‍വത്കരണം എന്നത്, ക്വിയര്‍ സമുദായങ്ങള്‍ നേരിടുന്ന പ്രശ്നത്തേക്കാളുപരി, വ്യക്തികളുടെ ഒരു വിഷയമായി മാറി. സ്വകാര്യഇടത്തില്‍ ഉഭയസമ്മത പ്രകാരമുള്ള രതി നടത്തുന്ന വ്യക്തികളാണ് കോടതിയുടെ വിഷയം. ഉപരിവര്‍ഗ്ഗത്തില്‍പെട്ട സ്വവര്‍ഗ്ഗ പ്രണയികളുടെ അവകാശങ്ങളാണ് വിധിയുടെ കാതല്‍ എന്നും സ്വകാര്യത എന്ന ക്ലാസ്സിസ്റ്റ് ആശയം ഹിജ്റകളെയോ മറ്റു കീഴാള ക്വിയര്‍ സമുദായങ്ങളെയോ അഭിസംബോധന ചെയ്യുന്നില്ല എന്നും ആഷ്ലി ടെല്ലിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിക്വീറാം ആദിത്യ സഹായിയും ലൈംഗികസ്വകാര്യത എന്ന ആശയം റൊമാന്‍റിക് വികാരങ്ങളുടെ നിഘണ്ടുവില്‍ നിന്ന് ക്വിയര്‍ ഉത്തമ- അമൂര്‍ത്ത പൗരന്‍റെ നിര്‍മാണത്തിനായി അടര്‍ത്തിയെടുക്കുകയായിരുന്നു സെക്ഷന്‍ 377 ഉം ആയി ബന്ധപ്പെട്ട കോടതിവിധികള്‍ എന്ന് നിരീക്ഷിക്കുന്നുണ്ട്.
ക്വിയര്‍ സ്വത്വം ഭാരതീയമാണെന്നും ഹോമോ ഫോബിയ തുര്‍ക്കികളും മറ്റു ആക്രമണകാരികളും കൊളോണിയല്‍ ഭരണകൂടങ്ങളും ഇറക്കുമതി ചെയ്തതാണെന്നും ആര്‍എസ്എസിന് ഇക്കാര്യത്തില്‍ പുരോഗമന നിലപാട് ആണുള്ളതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ആര്‍എസ്എസ് അംഗം എഴുതിയ ലേഖനം ഈ ഉത്തമ ക്വിയര്‍ പൗരന്‍ സ്വന്തം വീട്ടിലെയോ ഹോട്ടല്‍മുറിയിലെയോ നാലു ചുവരുകള്‍ക്കുള്ളില്‍ രതിയിലേര്‍പ്പെടുന്ന ആള്‍ മാത്രമല്ല, ഒരു ഹിന്ദു കൂടിയാണെന്ന് വ്യക്തമാക്കുന്നു. പലതരത്തിലുള്ള പുരോഗമന പ്രവണതകള്‍ക്കും ഹിന്ദുത്വത്തിനുള്ളില്‍ സ്ഥാനം ഉണ്ടെന്നും ഈ ലേഖനത്തിലൂടെ നമുക്ക് മനസ്സിലാകുന്നു. ഹിന്ദുയിസത്തിന്‍റെ പല obscurantism ങ്ങളും മറി കടക്കാനുള്ള ശേഷി ഹിന്ദുത്വത്തിനുണ്ട് എന്ന് മറ്റു പല സന്ദര്‍ഭങ്ങളിലും എന്നത് പോലെ ഇവിടെയും നാം തിരിച്ചറിയുന്നു.
ശബരിമലവിധി
മൂന്നാമത്തെ ‘പുരോഗമന’ വിധി ന്യായം ശബരിമല വിധി ആണ്. ഇവിടെയും വ്യക്തിയുടെ ആരാധനാസ്വാതന്ത്ര്യവും പൊതുസ്ഥലത്തിനു മേലുള്ള അധികാരങ്ങളും ആണ് കോടതിയുടെ വിഷയം. ഈ വിധിയില്‍ വളരെ തുറന്നു തന്നെ അതിന്‍റെ സമുദായവിരുദ്ധത പ്രകടിപ്പിക്കുന്ന കോടതി സ്ത്രീകള്‍ക്ക് ആരാധനനടത്താനുള്ള തുല്യാവകാശം ഉയര്‍ത്തിപ്പിടിച്ചു. പ്രാദേശികമായ മത-വിശ്വാസ സമുച്ചയങ്ങളെ ലിംഗപദവിയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്‍റെയും ലെന്‍സിലൂടെ നോക്കുക വഴി ഈ വിധി ഉണ്ടാക്കിയ വ്യവഹാരികതയ്ക്കു ശബരിമലയില്‍ കയറുക എന്ന പ്രയോഗികക്രിയയുടെ ആവശ്യം ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ രണ്ടു സ്ത്രീകളുടെ പ്രവേശനം തന്നെ ഈ വ്യാവഹാരികതക്ക് ധാരാളമായിരുന്നു. ജെനി റൊവീന ശബരിമല വിധിയെക്കുറിച്ചുള്ള സംവാദങ്ങളെ ജാതി ഹിന്ദു പരിഷ്കരണമായും ഉത്തമഹിന്ദുവിനെ പുനര്‍നിര്‍ണയിക്കാനുള്ള ജാതി ഹിന്ദു ആധനികതയുടെ ശ്രമമായും അടയാളപ്പെടുത്തുന്നുണ്ട്.
‘വ്യക്തി’ എന്ന സമുദായത്തെയും ജാതികളെയും ഉല്ലംഘിക്കുന്ന ഒരു സംവര്‍ഗത്തിന്‍റെ, ജൂറിഡിക്കല്‍ വഴി ഉപയോഗിച്ചുള്ള, നിര്‍മ്മാണം ‘സ്ത്രീ’ എന്ന സാര്‍വ്വജനിക ലിംഗപദവിയുടെ നിര്‍മ്മാണം കൂടിയാണ്. ഇത് അക്ഷരാര്‍ത്ഥത്തില്‍ പുരോഗമനപരമാണ്.
പുരോഗമനവും ഹിന്ദുത്വവും
പ്രതി-രാഷ്ട്രീയപരമായ ഈ പുരോഗമനപരതയുടെ സമുദായ ബാഹ്യമായ/സമുദായ വിരുദ്ധമായ ചലനാത്മകത അഭൂതപൂര്‍വ്വമാണ്. ഈ ചലനാത്മകത ഹിന്ദുമതത്തിന്‍റെ മതമാകാനുള്ള പരിമിതികളെ അതിജീവിക്കാന്‍ അതിനെ സഹായിക്കുന്നുണ്ട്. ആധുനികതയോടും മുതലാളിത്ത-കമ്പോള വ്യവസ്ഥിതിയോടും സമുദായങ്ങളും ജാതികളും നടത്തിയ കൈമാറ്റങ്ങള്‍ ‘ഹിന്ദു’ എന്ന വിളവ് കൊയ്യാനുള്ള ഉപകരണങ്ങളായി മാറുന്നുണ്ട്. ഈ ജൂറിഡിക്കല്‍ പ്രക്രിയയില്‍ ഏറ്റവും ‘ഏജന്‍സി’ ഉള്ളത് ഹിന്ദു ലിബറലുകള്‍ക്കാണ് എന്ന് കാണാവുന്നതാണ്.
സ്വകാര്യത-വ്യക്തി സ്വാതന്ത്ര്യം-ലിംഗപദവി-സാര്‍വ്വജനികത എന്ന വ്യാവഹാരിക-ജൂറിഡിക്കല്‍ ഇടം ഹിന്ദുമത രൂപീകരണത്തെ സഹായിക്കുന്നത് ഈ സമുദായബാഹ്യതയിലൂടെയാണ്. സമുദായസഞ്ചയം എന്ന അവസ്ഥയില്‍ നിന്ന് മതം എന്ന സാക്ഷാത്ക്കാരത്തിലേക്കുള്ള പ്രയാണം ഹിന്ദുയിസം നടത്തുന്നത് വളരെ പുരോഗമനപരമായാണ് എന്ന് ചുരുക്കം. ഇതിന്‍റെ മറുഭാഗം ഈ ‘മതമാകല്‍’ ഇസ്ലാമിനോ ക്രിസ്തീയതക്കോ അപ്രാപ്യമാണ് എന്നതാണ്, കാരണം അവ മുന്‍പേ തന്നെ മതങ്ങളാണ്. മതം ആയിത്തീരലിന്‍റെ ഈ ജൂറിഡിക്കല്‍ പ്രതലം കൂടുതല്‍ പഠന വിധേയമാക്കേണ്ടതാണ്.
1991 -ലെ സാമ്പത്തിക പരിഷ്കരണങ്ങളും അതുണ്ടാക്കിയ ചലനങ്ങളും പല കീഴാള സമൂഹങ്ങളെയും ഗ്രാമീണമായ ജാതിഅടിമത്തത്തില്‍ നിന്ന് ഭാഗീകമായെങ്കിലും പുറത്തുകടക്കാന്‍ സഹായിച്ചിട്ടുണ്ട്. ചെറു ബിസിനസ്സുകളും നഗരങ്ങളിലെ കൂലിപ്പണിയും തുടങ്ങി പലായനവും കുടിയേറ്റവും ഉള്‍ച്ചേര്‍ന്ന ഈ അതിജീവനപ്രക്രിയകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധിച്ചത് സംഘപരിവാറിനാണ്. ജാതി സമൂഹങ്ങളോടുള്ള ഈ തുടര്‍ച്ചയായ ഇടപെടലും ഇടപാടും ഹിന്ദുത്വം നടത്തുന്നത് വൈരുദ്ധ്യങ്ങളെ കീഴടക്കിയും സ്വന്തമാക്കിയും മാത്രമല്ല, അവയെ പ്രതിനിധാനം ചെയ്തു കൂടിയാണ്. പ്രതിനിധാനം മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സംഘപരിവാര്‍ നിഷേധിക്കു മ്പോള്‍, ആ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍ തന്ത്രപരമായി ഈ ജൂറിഡിക്കല്‍ പ്രതലത്തിലേക്ക് പിന്‍വാങ്ങുകയും ‘ലിബറല്‍’ അല്ലെങ്കില്‍ ഭരണഘടനാവകാശങ്ങള്‍ ആവശ്യപ്പെടുന്ന ‘governable’ ആയ ഒരു സംഘമായി ചുരുങ്ങുകയും ചെയ്യുന്നു.
ഗ്രാമീണജാതി സമൂഹങ്ങളില്‍ മുതലാളിത്തത്തിന്‍റെയും കമ്പോളത്തിന്‍റെയും വികാസം മൂലം ഉണ്ടായ അയവും കീഴാള സമൂഹങ്ങളില്‍ ഉണ്ടായ രാഷ്ട്രീയമായ ഉണര്‍വുകളും ഹിന്ദു (ഇടത്) ലിബറല്‍ ഉപരിവര്‍ഗ്ഗത്തിന്‍റെ താല്‍പര്യങ്ങള്‍ക്കു എതിരായിരുന്നു. മുന്‍പുണ്ടായിരുന്നവിധം മെട്രോപൊളിറ്റന്‍/കേന്ദ്ര ഭരണസംവിധാനങ്ങളില്‍ ഇടം കിട്ടാതായ ഇവര്‍ക്ക് ഹിന്ദുത്വത്തിനോടുള്ള എതിര്‍പ്പും കീഴാള രാഷ്ട്രീയത്തോടുള്ള ഈ ജാതിവെറുപ്പും കൃത്യമായി വേര്‍തിരിക്കാന്‍ കഴിയാറില്ല. അതേസമയം കീഴാള വിമോചന രാഷ്ട്രീയവും കീഴാള ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള സ്പര്‍ശരേഖകളും സുപ്രധാനമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഹിന്ദുലിബറല്‍ ഉപരിവര്‍ഗ്ഗത്തിന്‍റെ അതിബ്രാ ഹ്മണ്യമാണോ ഹിന്ദുത്വമാണോ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് എന്ന് തീരുമാനിക്കുന്നതും കീഴാളജാതി ജനതകളെ സംബന്ധിച്ച് സങ്കീര്‍ണ്ണമായ ഒരു ചോദ്യമാണ് എന്ന് തോന്നുന്നു. ഈ അധികാര സമരത്തില്‍ വിമതസ്വരങ്ങളും ന്യൂന പക്ഷങ്ങളും ഭരണഘടനയെയും നിയമത്തെയും കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുകയും പലപ്പോഴും സ്വന്തം ആഗ്രഹ ത്തിനും സ്വയം നിര്‍വ്വചനത്തിനും (ഉദാഹരണം മാവോയിസ്റ്റുകള്‍) വിരുദ്ധമായി ‘ലിബറല്‍’ ആയിത്തീരുകയും ചെയ്യുന്നുണ്ട്. അധീശ ഇന്ത്യന്‍ ദേശീയതയും ഹിന്ദുത്വവും ലിബറലുകളും തമ്മിലുള്ള ഈ ഇടപാടുകളില്‍ ചിലത് രേഖപ്പെടുത്താനുള്ള ഒരു ശ്രമം ആയിരുന്നു ഈ കുറിപ്പ്.
മൈത്രി പ്രസാദ് – ഏലിയാമ്മ
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ
ഗ്രാജ്വേറ്റ് സെന്‍റര്‍
സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക്
COMMENTS