Homeപെൺപക്ഷം

ഹേമാ കമ്മീഷൻ റിപ്പോര്‍ട്ടിന്മേല്‍ എന്തിനീ ഒളിച്ചുകളി?

സിനിമാമേഖല ഉണ്ടായ കാലം മുതല്‍തന്നെ ആ മേഖലയില്‍ കടന്നുവരുന്ന സ്ത്രീകള്‍, നടിമാരോ അനുബന്ധ ആര്‍ടിസ്റ്റുകളോ ആകട്ടെ പ്രൊഡ്യൂസര്‍മാരുടേയും ഡയറക്ടര്‍മാരുടേയും സൂപ്പര്‍താരങ്ങളുടേയും ഏതുവിധത്തിലുമുള്ള ഇംഗിതത്തിനു വഴങ്ങി നിന്നാലേ അവിടെ പിടിച്ചുനില്ക്കാന്‍ പറ്റുകയുള്ളൂ എന്നത് അങ്ങാടിപ്പരസ്യമായ ഒരു രഹസ്യമാണ്. ഈ ഒരു ദുര്‍ഗന്ധം വമിക്കുന്ന അടിമയുടമ ബന്ധത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.

അസാമാന്യ അഭിനയ മികവുള്ള നടിമാര്‍പോലും ഈ അവസ്ഥയില്‍നിന്ന് മുക്തമായിരുന്നില്ല. ഈ ഒരു അന്തരീക്ഷത്തിന്നിടയിലാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത നടി ഭാവനയ്ക്കു നേരെ ക്വട്ടേഷന്‍ സംഘത്തിനെ വിട്ട് അതിനീചമായ ലൈംഗിക ആക്രമണം നടത്തി ദിലീപ് എന്ന സൂപ്പര്‍താരം ചരിത്രം സൃഷ്ടിച്ചത്. സിനിമാലോകത്തെ മാത്രമല്ല, പൊതുസമൂഹത്തെയാകെ പിടിച്ചുകുലുക്കിയ ഈ സംഭവത്തോടെ ആ മേഖലയിലെ താരതമ്മ്യേന ചെറുപ്പക്കാരായ അഭിനേതാക്കളായ സ്ത്രീകള്‍ സടകുടഞ്ഞെഴുന്നേറ്റു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ പ്രത്യേകമായി സംഘടിക്കേണ്ടതിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് ‘വിമെന്‍ ഇന്‍ സിനിമാ കളക്റ്റീവ്’ എന്ന പേരില്‍ സംഘടിച്ചു. അവരുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ ഈ മേഖലയിലെ സ്ത്രീചൂഷണത്തെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ജസ്റ്റിസ് ഹേമാ കമ്മീഷനെ ഏല്പിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് അന്വേഷണങ്ങള്‍ പൂര്‍ണമായി സര്‍ക്കാറിന് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് നല്കുകയും ചെയ്തു.

ഈ റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ പ്രശ്നം. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍, പ്രത്യേകിച്ച് അതിന്‍റെ ശുപാര്‍ശകള്‍ പുറത്തുവിടണമെന്ന് കുറച്ചുമാസങ്ങളായി WCC സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. അപ്പോള്‍ അതാ ഒരു സാങ്കേതിക വിശദീകരണം-ഹേമാ കമ്മീഷനല്ല, കമ്മിറ്റിയാണ്, അതുകൊണ്ടുതന്നെ ഒരു ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റേതുപോലെ പുറത്തുവിടാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമില്ലത്രെ.

അതിനുപകരം ഒരു സമഗ്രമായ നിയമ നിര്‍മ്മാണപ്രക്രിയയിലാണ് സര്‍ക്കാര്‍ എന്നാണ് മറുപടി. കുറേയേറെ നടിമാരും മറ്റ് സ്ത്രീ ആര്‍ടിസ്റ്റുകളും തങ്ങളുടെ ചോരയിലും കണ്ണീരിലും കുതിര്‍ന്ന അനുഭവങ്ങള്‍ ഹേമാ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ ‘മീ റ്റൂ’ പ്രസ്ഥാനത്തിന്‍റെ അന്താരാഷ്ട്രക്കൊടുങ്കാറ്റിന്‍റെ അലയൊലികള്‍ ആ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിച്ചു. അവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ജസ്റ്റിസ് ഹേമയും WCC യും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു വാദം. അപ്പോഴും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വെളിപ്പെടുത്താന്‍ ഈ വാദങ്ങളൊന്നും തടസ്സമാവില്ലല്ലൊ.

സിനിമാനിര്‍മ്മാണം ഒരു വ്യവസായമാണെന്നും അതില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സുരക്ഷിതത്വവും ആത്മാഭിമാനവും ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും ഈ തൊഴിലിടത്ത് ലിംഗനീതി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്‍റെ ചുമതലയാണെന്നും WCC മാത്രമല്ല, ഈ നാട്ടില്‍ ലിംഗനീതി ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും സമര്‍ത്ഥിക്കുന്നു. ‘Posho Act’ എന്ന പേരിലുള്ള നിയമം തന്നെ നീതിപൂര്‍വം നടപ്പിലാക്കപ്പെട്ടാല്‍ മഹാത്ഭുതങ്ങള്‍ പലതും നടക്കും. പക്ഷെ സര്‍ക്കാര്‍ ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടത്തുന്ന ഒളിച്ചുകളിയും ‘Posho Act’ എന്ന ശക്തമായ ഒരു ദേശീയ നിയമം തന്നെയുള്ളപ്പോള്‍ ആ നിയമം സിനിമാമേഖലയിലും കണിശമായി നടപ്പിലാക്കുമെന്ന് പറയാതെ പുതിയ നിയമ നിര്‍മ്മാണത്തെക്കുറിച്ച് ഉത്തരംമുട്ടുമ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും പല ആശങ്കകള്‍ക്കും കാരണമാകുന്നു. ഉടന്‍ ഈ ഒളിച്ചുകളി നിര്‍ത്തി സിനിമാമേഖലയില്‍ വര്‍ഷങ്ങളായി അടിഞ്ഞുകിടക്കുന്ന മാലിന്യക്കൂമ്പാരം തൂത്തുവാരി വൃത്തിയാക്കാന്‍ സ്ത്രീപക്ഷ കേരളമെന്ന് സ്വയം അവകാശപ്പെടുന്ന സര്‍ക്കാര്‍ അടിയന്തരമായി മുന്‍കൈയെടുത്തേ തീരൂ. ഈ നാടകം ഇനിയും തുടര്‍ന്നുകൂടാ.

അജിത കെ.