Homeചർച്ചാവിഷയം

വേണം ഒരു ഹരിത കരിക്കുലം

കുഞ്ഞുങ്ങള്‍ക്ക് സ്കൂള്‍ അന്യമായ രണ്ടു വര്‍ഷങ്ങളാണ് കടന്നുപോകുന്നത്.സ്കൂള്‍ തുറക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോഴും ചെറിയ ക്ലാസ്സിലെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് പ്രതീക്ഷിക്കുന്നില്ല.അവര്‍ക്കും സ്കൂള്‍ അനുഭവം പ്രധാനമാണ്. ഒന്നിച്ചിരിക്കുക, കളികളിലൂടെ പഠിക്കുക,ടീച്ചറില്‍ നിന്ന് കേട്ടും കണ്ടും മനസ്സിലാക്കുക ഇതൊക്ക നിഷേധിക്കപ്പെടുകയാണ്. കോവിഡ് മഹാമാരി, മുഴുവന്‍ മനുഷ്യരുടെയും സഞ്ചാരത്തിനു നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ അപരരോട് സാമൂഹ്യ അകലം പാലിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ വീടിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ തടവിലാക്കപ്പെട്ടു. പ്രകൃതി ദുരന്തങ്ങള്‍ എന്ന് നമ്മള്‍ സാധാരണ വിവക്ഷിക്കുന്ന അതിവര്‍ഷം, അത്യുഷ്ണം, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം,ഉരുള്‍പൊട്ടല്‍ എന്നിവയെല്ലാം പോലെ മറ്റൊരു പ്രകൃതിദുരന്തം തന്നെയാണ് കോവിഡ് മഹാമാരി.
എന്താണ് തങ്ങളുടെ ജീവിതത്തില്‍, ചുറ്റുപാടില്‍ സംഭവിക്കുന്നത് എന്ന് കുട്ടികള്‍ തിരിച്ചറിയണം.ഈ ഭൂമിയില്‍ തന്‍റെ നിലനില്‍പ്പ് ദുഷ്ക്കരമാക്കുന്ന ഓരോ പ്രതിഭാസത്തേയും തിരിച്ചറിഞ്ഞു തന്നെ ജീവിക്കണം.ചുറ്റുമുള്ള പ്രകൃതിയെ മനസ്സിലാക്കാന്‍, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍,ദുരന്തങ്ങളെ സാധ്യമായിടത്തോളം പ്രതിരോധിക്കാന്‍ തുടങ്ങി അനിവാര്യമായവയെ നേരിടാനും മറികടക്കാനും കുട്ടികളെ പ്രാപ്തരാക്കണം.അതിനു പാഠ്യപദ്ധതിയില്‍ പരിസ്ഥിതിവിഷയം ഗൗരവത്തോടെ ഉള്‍പ്പെടുത്തണം.
യുനെസ്കോ 2021 മെയ് 17 മുതല്‍ 19 വരെ നടത്തിയ കോണ്‍ഫറന്‍സ് (World conference on education for sustainable development ) ന് ശേഷം പുറത്തിറക്കിയ പഠനത്തില്‍ (Learn for your Planet) പരിസ്ഥിതി വിഷയങ്ങള്‍ എങ്ങനെയാണ് വിദ്യാഭ്യാസപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് വിശദമായി ചര്‍ച്ച ചെയ്യുന്നു. യു എന്‍, അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ധരുമായും അധ്യാപകരുമായും സാധാരണ ജനങ്ങളുമായും സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഈ പാന്‍ഡെമിക് കാലത്തും പ്രധാന വിഷയമായി ഭൂരിഭാഗം മനുഷ്യരും വിചാരിക്കുന്നത് കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യ തകര്‍ച്ചയും ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷമാണ് 2020. ലക്ഷക്കണക്കിന് ജീവവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി. മനുഷ്യവര്‍ഗ്ഗം ഇപ്പോഴത്തെ നിലയ്ക്കുള്ള ഉപയോഗം തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും നമ്മുടെ ആവശ്യങ്ങള്‍ക്ക് ഇതുപോലുള്ള മൂന്നു ലോകങ്ങള്‍ വേണ്ടിവരും.അന്ന് ജീവിക്കേണ്ടത് ഇപ്പോഴത്തെ കുട്ടികളാണ്.അവര്‍ ഇപ്പോള്‍ തന്നെ വരാനിരിക്കുന്ന ഭവിഷ്യത്ത് തിരിച്ചറിയണം ഇപ്പോള്‍ തുടരുന്ന ജീവിതരീതി നിലനില്‍പ്പിന് പുതുക്കുന്നതല്ല എന്നും ജീവിതക്രമത്തില്‍ ലോകമാകെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അമിതമായ വ്യവസായവല്‍ക്കരണവും ധനാര്‍ത്തിയുമാണ് എന്നും അറിയണം. മാറ്റം അനിവാര്യമാണ് എന്നിരിക്കെ അത് സാധ്യമാക്കിയത് കൃത്യമായ പരിസ്ഥിതി വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്.
ഓരോ രാജ്യത്തെയും ഭരണകര്‍ത്താക്കള്‍- നയങ്ങള്‍ രൂപീകരിക്കുന്നവര്‍ തുടങ്ങിയവരെല്ലാം വേണ്ടരീതിയില്‍ പരിസ്ഥിതി വിദ്യാഭ്യാസം ലഭിക്കാത്തവരാണ്.ആ പരിമിതി അവരുടെ വികസന കാഴ്ചപ്പാടുകളില്‍ വ്യക്തവുമാണ്.ലോകമാകെ ഒരു ദുരന്ത മുഖത്ത് നില്‍ക്കുമ്പോഴും വമ്പന്‍ പദ്ധതികള്‍ രൂപീകരിക്കുന്നതിനെ പറ്റിയാണ് അധികാരികളുടെ ആലോചന. ആഗോളതാപനത്തിന്‍റെ, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭയാനകമായ ദുരന്തങ്ങള്‍ അനുഭവിച്ചു തുടങ്ങിയിട്ടും അത് തിരിച്ചറിയാനുള്ള വിവേകം അധികാരികള്‍ക്ക് ഉണ്ടാകുന്നില്ല.ഭീമന്‍ നിര്‍മ്മാണങ്ങളില്‍ നിന്ന്- പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്ന് ഒരടി പിറകോട്ടു മാറാന്‍ തയ്യാറാവാതെ നില്‍ക്കുന്ന ഭരണാധികാരികളെ തിരുത്താന്‍ സന്നദ്ധരായ, സജ്ജരായ ഒരു തലമുറ ഉണ്ടായി വരണം.

ഗ്രേറ്റ തെന്‍ബര്‍ഗ്:
സ്വീഡനിലെ ഗ്രേറ്റ തെന്‍ബര്‍ഗ് എന്ന വിദ്യാര്‍ഥിനി അധികാരത്തിനു നേരെ വിരലുയര്‍ത്താന്‍, ക്ഷോഭിക്കാന്‍ തയ്യാറായി പുതുതലമുറയുടെ പ്രതീക്ഷയായി ഉയര്‍ന്നുവന്നു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ടിനു നേരെ ജ്വലിക്കുന്ന നോട്ടത്തോടെ ഗ്രേറ്റ പ്രതികരിക്കുന്നത് മുഴുവന്‍ മനുഷ്യകുലത്തിനും വേണ്ടിയാണ്.നിങ്ങള്‍ ഞങ്ങളുടെ ഭാവി നശിപ്പിച്ചു കളഞ്ഞു എന്നാണ് ഗ്രേറ്റ മുതിര്‍ന്നവരോട് പ്രതികരിക്കുന്നത്.

ഭാവിയെപ്പറ്റി പ്രതീക്ഷയില്ലാതെ ഞങ്ങളെന്തിന് പഠിക്കണമെന്ന്അവള്‍ ചോദിക്കുന്നു.കുട്ടികള്‍ക്ക് അവകാശപ്പെട്ട ലോകത്തിന് മുതിര്‍ന്നവര്‍ തീയിട്ടിരിക്കുന്നു എന്നാണ് ഗ്രേറ്റ പറഞ്ഞിരിക്കുന്നത്.ഈ അവബോധത്തിലേക്ക് മുഴുവന്‍ മനുഷ്യരെയും എത്തിക്കാനുള്ള ശ്രമമാണ് വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ഉപേക്ഷിച്ച് *Friday’s* *for Future* എന്ന പേരില്‍ നടത്തുന്നത്. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ പ്രാധാന്യം പരിസ്ഥിതി വിഷയങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ നല്‍കേണ്ടതിന്‍റെ ആവശ്യകത നമ്മള്‍ ഉള്‍ക്കൊള്ളണം.

അധ്യാപകര്‍ പാഠ്യപദ്ധതിയില്‍ പരിസ്ഥിതി വിഷയം ഉള്‍പ്പെടുത്തിയത് കൊണ്ടുമാത്രം പരിസ്ഥിതിക അവബോധത്തിലേക്കെത്തും എന്ന് വിശ്വസിക്കാനാവില്ല.അതുണ്ടാക്കി തീര്‍ക്കുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്.യഥാര്‍ത്ഥത്തില്‍ അധ്യാപക വിദ്യാര്‍ത്ഥികളുടെ(Teacher’s Training Programme ) കരിക്കുലത്തില്‍ ആണ് ആദ്യം പരിസ്ഥിതി പഠനം ഉള്‍പ്പെടുത്തേണ്ടത്. കാലാവസ്ഥാവ്യതിയാനം എന്താണ്, എത്ര ശക്തമായ പ്രത്യാഘാതങ്ങളുണ്ടാക്കും മുതലായവയെപ്പറ്റിയുള്ള ധാരണ അധ്യാപകര്‍ക്ക് ഉണ്ടായാലേ കുട്ടികളെ പാരിസ്ഥിതിക ജാഗ്രതയിലേക്ക് നയിക്കാന്‍ അവര്‍ക്ക് സാധിക്കൂ. അധ്യാപകരും മറ്റ് സ്കൂള്‍ അധികൃതരും പ്രത്യേക താത്പര്യമെടുത്ത് ക്ലാസ് മുറിക്ക് പുറത്ത് പ്രകൃതി പഠനത്തിന് അവസരം ഒരുക്കണം.ചെറിയ ക്ലാസുകളില്‍ കുട്ടികള്‍ ഇപ്പോള്‍തന്നെ ചുറ്റുമുള്ള പ്രകൃതിയെ പഠിക്കുന്നുണ്ട്. പക്ഷികളെയും, മൃഗങ്ങളെയും, മരങ്ങളെയും,പുഴയെയും ഉള്‍പ്പെടുത്താതെ പഠനം സാധ്യമല്ലല്ലോ. പക്ഷേ തുടര്‍ന്നുള്ള ക്ലാസുകളില്‍ ആനുപാതികമായ വളര്‍ച്ച പരിസ്ഥിതി പഠനത്തില്‍ സംഭവിക്കുന്നില്ല. സസ്യജന്തു ശാസ്ത്രത്തിലും ജോഗ്രഫിയിലും ഉള്‍പ്പെടുന്ന പരിമിതമായ പ്രകൃതി/ പരിസ്ഥിതി വിജ്ഞാനം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമല്ല.
ഓരോ പ്രദേശത്തെയും സൂക്ഷ്മമായ കാലാവസ്ഥ, പ്രകൃതി,കൃഷി,ഭക്ഷ്യവസ്തുക്കള്‍, ജലാശയങ്ങള്‍ ഇവയൊക്കെ നേരിട്ട് കണ്ടറിയാന്‍ അവസരമൊരുക്കണം. മലിനീകരണം നിയന്ത്രിക്കാനും മാലിന്യ സംസ്കരണം ഉറവിടങ്ങളില്‍ തന്നെ നടത്താനും ഉതകുന്ന പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. ഓരോ സ്കൂളും കാലാവസ്ഥാ സൗഹൃദപരമാകണം.അതിനുതകുന്ന ഹ്രസ്വകാല/ ദീര്‍ഘകാല പരിപാടികള്‍ പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണം. പ്രകൃതി അറിവില്‍ പുഴകള്‍ക്കും വനങ്ങള്‍ക്കും ഒപ്പം പ്രകൃതി ദുരന്തം സംഭവിച്ച ഇടങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. മനുഷ്യന്‍റെ ജീവഹാനി കൊപ്പം പക്ഷിമൃഗാദികളുടെ ജീവഹാനിയും ജൈവ വൈവിധ്യത്തകര്‍ച്ചയും മേല്‍മണ്ണു നഷ്ടപ്പെടലും കണ്ടറിയണം. ഗോത്ര സമൂഹത്തിന്‍റെ പരമ്പരാഗതമായ ജൈവവൈവിധ്യ സംരക്ഷണ സംസ്കൃതി മനസ്സിലാക്കാനും ആദരിക്കാനും പഠിക്കണം.
ഒക്ടോബര്‍ 31 COP 26 ഗ്ലാസ്ഗ്രായില്‍ ആരംഭിക്കുകയാണ്. IPPC (Inter Governmental Panal on Climate change) റിപ്പോര്‍ട്ട് വന്ന് മാസങ്ങള്‍ക്ക് ഉള്ളിലാണ് 190 രാജ്യങ്ങളിലെ പ്രമുഖര്‍ COP 26 ല്‍ ഒത്തുചേരുന്നത്.കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ ആഗോളതാപനം കുറച്ചുകൊണ്ടുവരാന്‍ രാജ്യങ്ങള്‍ സ്വീകരിക്കേണ്ട കര്‍ശന നടപടികളാണ് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുന്നത്.അവിടെയും വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരേണ്ട മാറ്റങ്ങള്‍ ചര്‍ച്ചയാവുക തന്നെ ചെയ്യും.

 

 

 

കുസുമം ജോസഫ്
പരിസ്ഥിതി പ്രവര്‍ത്ത
റിട്ട.കോളജധ്യാപിക, മേധാപട്കര്‍ നയിക്കുന്ന NAPM ന്‍റെ കേരളത്തില്‍ നിന്നുള്ള ദേശീയ പ്രതിനിധി.

COMMENTS

COMMENT WITH EMAIL: 0