സംഘടിത ജനുവരി ലക്കം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഒരു പാട് ദുരിതക്കയങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുന്നവരാണ് ഞങ്ങളോരോരുത്തരും .അതോടൊപ്പം ശക്തമായ പോരാട്ടങ്ങളിലൂടെയാണ് ഇന്ന് അനുഭവിക്കുന്ന അവകാശങ്ങളില്‍ പലതും ഞങ്ങള്‍ക്ക് നേടിയെടുക്കാനായിട്ടുള്ളത്. നേടിയെടുത്ത അവകാശങ്ങള്‍ നിലനിര്‍ത്താനും പോരാടേണ്ടിക്കൊണ്ടിരിക്കുന്നവരാണ് ഇന്നും ഞങ്ങള്‍.
പ്രതിസന്ധികളോട് പടവെട്ടി വിജയം വരിച്ചവര്‍ ദുരിതബാധിതരുടെ കൂട്ടത്തില്‍ ഉണ്ട്. ഹോമിയോ ഡോക്ടറായ ശ്രുതിയെപ്പോലെ. തക്ക സമയത്ത് വിദഗ്ദചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ മെച്ചപ്പെടുമായിരുന്ന നിരവധിയാളുകള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ ഞങ്ങള്‍ ഇന്ന് നേരിടുന്ന ഏറ്റവും സങ്കടകരമായ കാര്യം കാസര്‍ഗോഡ് ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തയാണ്. ദുരന്തം വിതച്ച ഭൂമിയില്‍ ഇപ്പോഴും പരസ്പരം സ്നേഹിച്ചും സഹകരിച്ചും ആശ്വസിപ്പിച്ചും മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നിലെത്തിക്കാന്‍ ജാതി , മതം രാഷ്ട്രീയം ഒന്നും നോക്കാതെ തന്നെ വിവിധ നിറക്കൊടികള്‍ ഒരേ വേദിയില്‍ ചേര്‍ത്ത് കെട്ടി കൂടെ നിന്നിട്ടുണ്ടെന്നതും ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. ദുരിതബാധിതരുടെ കണ്ണീരിനൊപ്പം നില്ക്കാന് വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളുംതടസ്സമായിരുന്നില്ലെന്നും മറക്കുന്നില്ല.2013 ല്‍ ഒപ്പുമരച്ചുവട്ടില്‍ 36 ദിവസം നീണ്ടു നിന്ന നിരാഹാരം ,തുടര്‍ന്ന് നടന്ന ജനസമുദ്രം പോലെയുള്ള പരിപാടികളിലൊക്കെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി കൈകോര്‍ത്ത കാഴ്ച ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിഞ്ഞു വരികയാണ്.പൊതു സമൂഹത്തിന്റെ ഇടപെടല്‍ തന്നെയാണ് ദുരിതങ്ങള്‍ക്ക് ചെറിയ രീതിയിലെങ്കിലും അറുതി നേടിത്തന്നത്. ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകള്‍ പൂര്‍ണമായും ഉണക്കാനായില്ലെങ്കിലും വീണു കിട്ടുന്ന കൊച്ചു കൊച്ച് സന്തോഷങ്ങളെ ഉത്സവമാക്കി മുന്നേറാനാണ് ഞങ്ങള്‍ എന്നും ശ്രമിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍പോലും കരിനിഴല്‍ വീഴ്ത്തുന്ന ദുരനുഭവങ്ങളാണ് ഞങ്ങള്‍ നിരന്തരം നേരിടുന്നത്.
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ കാസര്‍കോട് കളക്ട്രേറ്റു മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ വരെ നീണ്ടു നിന്ന നിരവധി പോരാട്ടങ്ങളാണ് ഇന്ന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ങ്ങ ങ്ങ ള്‍ക്ക് നേടിത്തന്നത്. ഞങ്ങളുടെ അമ്മമാരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമരങ്ങള്‍ കുഞ്ഞുങ്ങളുടെ ചികിത്സാ സൗകര്യങ്ങളും പെന്ഷന് ആനുകൂല്യങ്ങളും നിഷേധിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. ‘എന്റെ കാലശേഷം ഈ മക്കള്‍ക്ക് ആരുണ്ട് ‘? അമ്മമാരുടെ പൊള്ളുന്ന ചോദ്യങ്ങള്‍ക്ക് ഇതുവരെ ഒരു ഉത്തരവും സര്‍ക്കാര്‍ തന്നിട്ടില്ല.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുപോലുമില്ല.
ഇന്ന് ഞങ്ങള്‍ നേരിടുന്ന ഏറ്റവു വലിയ പ്രതിസന്ധി ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തയാണ്.നിരന്തരം ചികിത്സ ആവശ്യമുള്ളവരാണ് ദുരിതബാധിതര്‍. രോഗികളായ കുഞ്ഞുങ്ങള്‍ ഇപ്പോഴും പിറന്നു കൊണ്ടിരിക്കുന്നു . എന്നില്കേരളത്തില് മെഡിക്കല്‍ കോളേജുകളില്ലാത്ത ഒരേയൊരു ജില്ലയാണ് കാസര്‍ഗോഡ്. ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം നാളിതുവരെ ലഭിച്ചിട്ടില്ലാത്ത ജില്ലയാണ് ഞങ്ങളുടേത്. വിദഗ്ദ ചികിത്സ കിട്ടണമെങ്കില്‍ മംഗലാപുരത്തോമത് ജില്ലകളിലോ പോകണം. ലിസ്റ്റില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ സുപ്രിം കോടതി വിധിച്ചതാണ്. അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ സമരം കൊണ്ട് നേരിടേണ്ടി വരുന്ന അമ്മമാര്‍.എം പാനല്‍ ചെയ്ത 17- ആശുപത്രികളിലാണ് സൗജന്യ ചികിത്സയുള്ളത്. അവിടെ ലഭിക്കാത്ത വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ഞങ്ങള്‍ എങ്ങോട്ടു പോകണം. വേദനയും കടിച്ചമര്‍ത്തി വീടുകളില്‍ ഒതുങ്ങിക്കൂടണോ? ദുരന്തം വിതച്ച മണ്ണില്‍ മൂന്നും നാലും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്ലാന്‍ വിധിക്കപ്പെട്ട അമ്മമാര്‍, ചികിത്സ കിട്ടാതെ കണ്മുന്നില് പിടഞ്ഞു മരിക്കുന്ന കുഞ്ഞുങ്ങള്‍ ,വര്‍ഷാവര്‍ഷം മെഡിക്കല്‍ ക്യാമ്പ് വെക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് കാത്ത് കഴിയുന്ന പട്ടികയ്ക്ക് പുറത്തുള്ള ആയിരക്കണക്കിന് രോഗികള്‍, നടത്തിയ മെഡിക്കല്‍ ക്യാമ്പിലെലിസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്നവര്‍ ,അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ചികിത്സയുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഇനിയും ലഭ്യമാവാത്തവര്‍ ഇപ്പോഴും രോഗബാധിതരായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ … ഇവര്‍ക്ക് സാന്ത്വനമേകാന്‍ ആരാണുള്ളത്.
കരിഞ്ഞു പോയ ഈ ജീവിതത്തിലേക്ക് പ്രകാശപൂരിതമായ ഒരു പുലരി പിറവി കൊള്ളും എന്ന പ്രതീക്ഷ മാത്രമാണ് ഞങ്ങളെ ഇന്നും മുന്നോട്ട് നയിക്കുന്നത്. ആ പ്രതീക്ഷകള്‍ സഫലമാവാനുള്ള ചെറിയൊരു ഇടപെടലാവാന് സംഘടിതയുടെ ഈ ലക്കം സഹായിക്കുമെങ്കില്‍ …. അതും ഒരു പ്രതീക്ഷയാണ്.
ഈ എഡിറ്റോറിയല്‍ എഴുതിത്തുടങ്ങുമ്പോള്‍ ഞങ്ങളുടെ സ്നേഹ വീട്ടിന്റെ ഓമനയായി എന്റെ മടിയിലിരുന്ന് ദിവസവും 5 വയസ്സിന്റെ സ്വപ്നങ്ങള്‍ പങ്കുവെച്ചിരുന്ന കുഞ്ഞാറ്റ എന്ന 5 വയസ്സുകാരി ഇന്നില്ല. സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. അവളെക്കുറിച്ചുള്ള വിങ്ങുന്ന ഓര്‍മ്മകളോടെ ചികിത്സ കിട്ടാതെ ഒരു കുഞ്ഞും മരിക്കാത്ത നാളെയെ പ്രതീക്ഷിച്ചു കൊണ്ട്.
വിങ്ങുന്ന മനസ്സോടെ
മുനീസ അമ്പലത്തറ
COMMENTS