ഭാഷ സംസ്കാരത്തിന്‍റെ അടയാളവും നിര്‍മ്മിതിയുമാണ്. സംസ്കാരത്തെ നിര്‍മ്മിക്കുന്നതും ഭാഷ തന്നെ. സമൂഹത്തിന്‍റെ അബോധം ഭാഷയില്‍ പ്രകടമാകുന്നു. പുരുഷാധിപത്യവ്യവസ്ഥിതി സംസ്കാരത്തെ ഭാഷയിലൂടെ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു / നിര്‍മ്മിച്ചിരിക്കുന്നു എന്നു പരിശോധിക്കുന്നത് നിലനില്‍ക്കുന്ന സമൂഹത്തിന്‍റെ ചേരിതിരിവുകളും പക്ഷപാതങ്ങളും അധികാരനിലകളും മനസ്സിലാക്കുന്നതിന് ഉതകും. അതുപോലെ സംസ്കാരത്തെ അടയാളപ്പെടുത്താന്‍ നാം ഉപയോഗിക്കുന്ന ഭാഷയുടെ അപഗ്രഥനം ഭാഷാപ്രയോഗങ്ങളുടെതന്നെ പരിമിതികളും അധികാരനിലകളും വെളിപ്പെടുത്തും.ലക്കാന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ നാം സൃഷ്ടിക്കുന്ന ഭാഷ നമ്മെയും സൃഷ്ടിക്കുന്നുണ്ട്.
നാം ജീവിതത്തെ പരിചയപ്പെടുന്നതും സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതും ഭാഷാവ്യവഹാരങ്ങളിലൂടെയാണ്. സാമൂഹ്യക്രമത്തിലെ അസന്തുലിതാവസ്ഥകള്‍ ആവിഷ്കരിക്കുകയോ ആഴത്തില്‍ അടയാളപ്പെടുത്തുകയോ ചെയ്യുന്ന ഭാഷാവ്യവഹാരങ്ങളുടെ സ്ത്രീ / ദളിത്/ഗോത്ര / ന്യൂനപക്ഷ/ ട്രാന്‍സ് ജെന്‍ഡര്‍ വായനകള്‍ സമൂഹത്തിലെ അധികാരനിലകളുടെ സൂക്ഷ്മാപഗ്രഥനം സാധ്യമാക്കുന്നു. അതില്‍ത്തന്നെ മുതലാളിത്തസംസ്കാരത്തിന്‍റെ രൂപപ്പെടല്‍കാലം മുതല്‍ നിലവില്‍ വന്നതും ഇന്നും തുടരുന്നതുമായ ഏറ്റവും പഴക്കം ചെന്ന ആധിപത്യവ്യവസ്ഥയായ ആണധികാരവ്യവസ്ഥയുടെ വായനയും അപഗ്രഥനവും സമകാലിക കാലഘട്ടത്തില്‍ ഏറ്റവും അവശ്യവും സുപ്രധാനവുമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണ്.
ഭാഷയുടെ പ്രത്യയശാസ്ത്രവായന സാധ്യമാക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന പഠനങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമാണ് ഈ ലക്കം സംഘടിത ശ്രദ്ധിച്ചിട്ടുള്ളത്. മലയാളി ഫെമിനിസത്തിന്‍റെ താത്വികഭാഷ എന്തായിരിക്കണമെന്ന് പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞ ജെ. ദേവിക ചര്‍ച്ച ചെയ്യുന്നു. സ്ത്രീപദങ്ങളുടെ പരിണാമം, നോവലിന്‍റെയും കാവ്യഭാഷയുടെയും സ്ത്രീപക്ഷാപഗ്രഥനം, സൈബറിടങ്ങളിലെ ഭാഷാപ്രയോഗങ്ങളിലെ സ്ത്രീവിരുദ്ധത, വാമൊഴിമലയാളത്തിന്‍റെ സ്ത്രീപക്ഷവായന, മുസ്ലീം സ്ത്രീഭാഷയുടെയും സാഹിത്യത്തിന്‍റെയും പ്രസക്തി, ഗോത്രഭാഷയുടെ പെണ്‍പക്ഷ നിലപാടുകള്‍, വിവര്‍ത്തനത്തിലെ സ്ത്രീസൈദ്ധാന്തികപരിസരം, ക്ലാസിക് ഭാഷകളുടെ ആണധികാര സ്വഭാവം, സാങ്കേതിക ഭാഷയുടെ ആണ്‍പക്ഷപാത മുഖങ്ങള്‍ ഇങ്ങനെ പല വിഷയങ്ങളിലായി ഒരു കൂട്ടം ഉത്സാഹികളായ സ്ത്രീപക്ഷപഠിതാക്കള്‍ ഗവേഷണാത്മകമായി തങ്ങളുടെ ചിന്തകളും നിരീക്ഷണങ്ങളും പങ്കുവച്ചിരിക്കുന്നു. ഇനിയും വിലയിരുത്തപ്പെടുകയും അപഗ്രഥിക്കുകയും ചെയ്യേണ്ട ഭാഷാവ്യവഹാരമേഖലകള്‍ ഉണ്ട്. ഇതൊരു തുടക്കം മാത്രം. ഭാഷയുടെയും സംസ്കാരത്തിന്‍റെയും സ്ത്രീപക്ഷത്തു നിന്നുള്ള നിരന്തരവായനകളും അപഗ്രഥനങ്ങളും സമൂഹത്തെയും സാഹിത്യസംസ്കാരങ്ങളെയും കുറേക്കൂടി ജനാധിപത്യപരമായി അപനിര്‍മ്മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ ഈ ലക്കം സംഘടിത വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.
ഡോ. സുമി ജോയി ഓലിയപ്പുറം
വകുപ്പധ്യക്ഷ, മലയാള വിഭാഗം
മഹാരാജാസ് കോളേജ് എറണാകുളം
.
COMMENTS