സംഘടിതയുടെ ഈ ലക്കം ‘ചലച്ചിത്ര മേഖലയില്‍ വ്യത്യസ്തങ്ങളായ തൊഴിലിലിടപെടുന്നവരുടെ അനുഭവങ്ങളുടെ സമാഹരണമാണ്.ഈ പങ്കു വയ്ക്കലുകള്‍ കേവലം വൈയക്തികമല്ല. ഓരോ മനുഷ്യരുടെയും തൊഴിലനുഭവങ്ങളില്‍ നമ്മുടെ സാമൂഹിക പരിസരങ്ങള്‍ കൂടി വെളിപ്പെടുന്നുണ്ട്. മറ്റേത് തൊഴിലിലുമെന്നപോലെ സിനിമയിലും സാമ്പ്രദായികതകളുടെ അലിഖിതങ്ങള്‍ ഇത്തിള്‍ക്കണ്ണികളായി തുടരുന്നുണ്ട്. അതു കൊണ്ടു തന്നെ, ഈ അനുഭവ – സംവാദങ്ങളില്‍ സ്വത്വ നിര്‍മ്മിതിക്കുള്ള പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും അധ്വാനം കൂടി വായിച്ചെടുക്കണം.ആണധികാര ഇടത്തിലേക്കുള്ള ധീരമായ കടന്നുവരവുകള്‍, ഇതുവരെ നേരിട്ട സംഘര്‍ഷങ്ങളുടെ അതിജീവനത്തിന്റെ കൂടി പ്രതിഫലനമാണ്.ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലം വന്നതു പോലും പുരോഗമനപരമായ സാമൂഹിക മാറ്റമായി വേണം കരുതാന്‍. ചുരുങ്ങിയ പക്ഷം തൊഴിലിടത്തില്‍ അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളുണ്ട്, അവ പ്രശ്നങ്ങള്‍ തന്നെയെന്ന് സമൂഹം തിരിച്ചറിയുന്നത് നല്ല ലക്ഷണമാണ്.
ഏറ്റവുമധികം മനുഷ്യരെ സ്വാധീനിക്കുന്ന ഒരു കലയുടെ ഭാഗമായി നില്ക്കുന്ന സ്ത്രീകള്‍, ആ മാധ്യമത്തില്‍ എന്ത് / എങ്ങനെ ചെയ്യുന്നു എന്നു നിരീക്ഷിക്കുന്നത് കാലിക പ്രസക്തമാണ്. മാന്യമായ തൊഴില്‍ സാഹചര്യത്തിന്റെ അഭാവം, ലിംഗ അസമത്വം, ചൂഷണം, പ്രതിഫലത്തട്ടിപ്പ്, തരംതാഴ്ത്തല്‍ – ഇങ്ങനെ പലതരം അനീതികളെ കവച്ചു വച്ച് സ്വന്തമിടങ്ങള്‍ സൃഷ്ടിക്കുന്ന സ്ത്രീകളുടെ അധ്വാനത്തെ വിലമതിക്കേണ്ടതുണ്ട്. ക്രിയാത്മകമായ ജോലിക്കുള്ള അവരുടെ സമയം കൂടി ചെറുത്തു നില്പിനു വേണ്ടി ചെലവഴിക്കേണ്ട അവസ്ഥയുണ്ട് എന്നോര്‍ക്കണം. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്ത സംവിധായിക രത്തീനക്കു വരെ അനുഭവം മറിച്ചല്ല. ഓരോ സ്ത്രീകളും പങ്കുവയ്ക്കുന്ന വ്യക്ത്യനുഭവകഥനങ്ങളില്, നിലനില്‍ക്കുന്ന സാമൂഹിക മന:സ്ഥിതിയുടെ മുരടിച്ച കുറ്റികള്‍ കൂടി കണ്ടുപോകേണ്ടി വരും. ഇനിയും കൈവരിച്ചിട്ടില്ലാത്ത ജനാധിപത്യ സ്ഥലത്തിനായുള്ള പോരാട്ടങ്ങളെയാണ് ഈ സ്ത്രീകള്‍ മുന്നോട്ട് വക്കുന്നത്. അതില്‍ ജയിച്ചെത്തിയവരുടെ ആഹ്ലാദങ്ങളുണ്ട്. തോറ്റു പോകാതിരിക്കാനുള്ള ദൃഢനിശ്ചയങ്ങളുണ്ട്. നാളത്തെ പെണ്ണിടത്തെ കുറിച്ചുള്ള ഉറച്ച ധാരണകളുമുണ്ട്. അഭിനയം മാത്രമല്ല, സംവിധാനം, കലാസംവിധാനം, ഡബിങ്ങ്, സബ്ടൈറ്റിലിങ്ങ്,, ഛായാഗ്രഹണം, മാര്‍ക്കറ്റിങ്ങ്, മേക്കപ്പ്, പാട്ടെഴുത്ത് , സംഘട്ടനം എന്നിങ്ങനെ സിനിമയുടെ ഇതര മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്നവര്‍ സംഘടിതയുടെ ഈ ലക്കത്തില്‍ ഒന്നിച്ചു ചേരുന്നു.
കച്ചവടത്തിനും കയ്യടിക്കും പര്യാപ്തമായ വിധത്തില്‍ ആരാധിച്ചും ആഘോഷിച്ചും സ്ത്രീയെ പ്രകീര്‍ത്തിക്കുന്ന കള്ളത്തരത്തെ പുതിയ സ്ത്രീകള്‍ പൊളിച്ചുകളയുന്നു. വീഴ്ത്തുന്ന വഴികളിലെ ദുഷിപ്പ് ചൂണ്ടിക്കാട്ടി മേലില്‍ ആവര്‍ത്തിക്കരുത് എന്ന് ഉറച്ച സ്വരത്തില്‍ പ്രഖ്യാപിക്കുന്ന സ്ത്രീകള്‍ ഉണ്ടായിക്കഴിഞ്ഞു.കേവലം ഉപരിപ്ലവ വിപണി ആവേശങ്ങളില്‍ അവസാനിക്കേണ്ടതല്ല സ്ത്രീകളുടെ അടയാളപ്പെടുത്തലുകള്‍ എന്ന് സിനിമക്കകത്തും പുറത്തും ശബ്ദങ്ങളുണ്ടിപ്പോള്. അഭിനയം മാത്രമല്ല, സാങ്കേതികവും ക്രിയാത്മകവുമായ സകല മേഖലകളിലും കയ്യും കാലും ചിന്തയുമെടുത്ത് വച്ചാലേ സിനിമയെന്ന തൊഴിലിടത്തില്‍ മാറ്റങ്ങളുണ്ടാകൂ എന്ന് സ്ത്രീകള്‍ മനസിലാക്കിക്കഴിഞ്ഞു. ഈ തൊഴിലിടത്തില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി ഉണ്ടാകേണ്ട പുരോഗതിക്ക് ഓരോരുത്തരും അടിവരയിടുന്നുണ്ട് .സിനിമക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ,സിനിമ ആസ്വദിക്കുന്ന പ്രേക്ഷകരുടെയും ചിന്തയില്‍ അടിഞ്ഞുകൂടിയ അബദ്ധബോധങ്ങളെ തിരുത്താനും സംവാദങ്ങള്‍ ഉണ്ടാകാനും ഈ നേരനുഭവങ്ങള്‍ പര്യാപ്തമാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് വായനക്കാര്‍ക്ക് മുന്നില്‍ സ്നേഹത്തോടെ പങ്കുവക്കുന്നു.

ഡോ.അനു പാപ്പച്ചന്
അധ്യാപിക
എഴുത്തുകാരി
വിമല കോളജ്,തൃശൂര്‍
COMMENTS