എന്തുകൊണ്ട്  പാഠ്യപദ്ധതിയില്‍ നിന്ന് തുടങ്ങണം?

Homeഅതിഥിപത്രാധിപക്കുറിപ്പ്

എന്തുകൊണ്ട് പാഠ്യപദ്ധതിയില്‍ നിന്ന് തുടങ്ങണം?

രു ജനതയുടെ സാമൂഹ്യനവീകരണസങ്കല്പങ്ങള്‍ പരിണമിക്കുന്നത് വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ്. ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്ന ഏതൊരു മാനുഷികവ്യവഹാരവുമെന്ന പോലെ വിദ്യാഭ്യാസവും ഓരോ കാലഘട്ടത്തിലും കൃത്യമായ സാമൂഹിക ലക്ഷ്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. വ്യത്യസ്ത സമൂഹങ്ങളെ സംഘജീവിതത്തിനുതകുന്ന തരത്തില്‍ പാകപ്പെടുത്താനും പരിശീലിപ്പിക്കാനുള്ള ദീര്‍ഘകാലപ്രക്രിയയായി എക്കാലവും അത് പ്രവര്‍ത്തിച്ചുപോരുകയും ചെയ്തു.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരമ്പരാഗതധാരണയനുസരിച്ച് അതൊരു കൈമാറല്‍ പ്രക്രിയയാണ്. അധികാരവര്‍ഗ്ഗത്തിന്‍റെയോ ഭരണകൂടത്തിന്‍റെയോ താത്പര്യങ്ങള്‍ക്കനുസരിച്ച് ലോകവീക്ഷണങ്ങളെ പരുവപ്പെടുത്താനുള്ള ആസൂത്രിതപദ്ധതിയായി അതിന് പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യും. അതുകൊണ്ടുതന്നെ സ്റ്റേറ്റിന്‍റെ പ്രത്യയശാസ്ത്രോപകരണമെന്ന നിലയില്‍ വിദ്യാഭ്യാസം പൗരരില്‍ പ്രവര്‍ത്തിക്കുന്ന വിധവും അതിന്‍റെ ബലതന്ത്രങ്ങളും വിശകലനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.
വിദ്യാഭ്യാസത്തെ സംബന്ധിച്ച സൈദ്ധാന്തികമായ സങ്കല്പനങ്ങള്‍, വ്യത്യസ്തമായ പഠനസാമഗ്രികള്‍, അവയുടെ ബോധനമാര്‍ഗ്ഗങ്ങള്‍, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഇടപെടലുകള്‍, കലാകായിക പ്രവര്‍ത്തനങ്ങള്‍,മ റ്റ് സന്നദ്ധ സേവനസംഘങ്ങള്‍ തുടങ്ങി കുട്ടി കടന്നുപോകുന്ന എല്ലാ വിദ്യാലയപ്രക്രിയകളുടെയും സമഗ്രരേഖയാണ് പാഠ്യപദ്ധതി. ജനാധിപത്യം എന്ന സമഗ്രജീവിതദര്‍ശനത്തെ പിന്തുടരുന്ന ഒരു പാഠ്യപദ്ധതിക്ക് മാത്രമേ ആധുനികകാലത്ത് എല്ലാ മനുഷ്യര്‍ക്കും നീതിയും പങ്കാളിത്തവും ഉറപ്പു നല്‍കാനാവൂ എന്നുള്ളതുകൊണ്ടാണ് ആധുനികമായ തിരിച്ചറിവുകളുടെയും ലിംഗനീതിയടക്കമുള്ള ജനാധിപത്യ മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിവിധ പഠനമേഖലകളിലെ പാഠ്യപദ്ധതികള്‍ കാലാനുസൃതമായി പരിവര്‍ത്തനം ചെയ്യുകയോ തിരുത്തപ്പെടുകയോ ചെയ്യണമെന്ന ആവശ്യമുയരുന്നത്.
ലോകം ഇന്ന് ഏറ്റവും നവീനമായ ലിംഗരാഷ്ട്രീയ ഉണര്‍വ്വുകളിലൂടെ കടന്നു പോവുകയാണ്. അന്താരാഷ്ട്രതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ജെന്‍ഡര്‍ സംവാദങ്ങളുടെ അലകള്‍ ഇന്ത്യന്‍ സാഹചര്യത്തിലും ചലനങ്ങളുണ്ടാക്കിക്കഴിഞ്ഞു. സ്ത്രീ, പുരുഷ, ട്രാന്‍സ്ജെന്‍ഡര്‍, ഇന്‍റര്‍സെക്സ് ശരീരങ്ങളെ രൂപപ്പെടുത്തുന്ന സാമൂഹിക പ്രകടനങ്ങള്‍ എന്ന അര്‍ത്ഥത്തിലേക്ക് ലോകം ലിംഗപദവി എന്ന വാക്കിനെ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ‘മനുഷ്യന്‍’ എന്ന വാക്കിന് തുല്യമായി ‘ആണ്‍’ എന്ന വാക്ക് സ്വീകരിക്കുകയും സ്വാഭാവികമായുപയോഗിക്കുകയും ചെയ്ത ഔപചാരികവും അനൗപചാരികവുമായ എല്ലാ വ്യവസ്ഥകളും തുല്യനീതിയെ സംബന്ധിച്ച കാതലായ ചോദ്യങ്ങള്‍ അഭിമുഖീകരിച്ചുതുടങ്ങി. ആധുനികതയുടെ സ്ഥിരതകളെ ചോദ്യം ചെയ്തുകൊണ്ട് ശരീരത്തെക്കുറിച്ചും ലിംഗപദവിയെക്കുറിച്ചുമുള്ള ഉത്തരാധുനിക നിരീക്ഷണങ്ങള്‍ ഉണ്ടായി.
ഭിന്നവര്‍ഗ്ഗലൈംഗികതയില്‍ അടിസ്ഥാനപ്പെട്ട സമൂഹം അതിശക്തമായ അധികാരപ്രയോഗത്തിലൂടെ ശരീരങ്ങളെ ആണും പെണ്ണുമാക്കി മാറ്റിത്തീര്‍ക്കുകയാണെന്നും ലിംഗം/ലിംഗപദവി വിഭജനം തന്നെ അപ്രസക്തമാണെന്നും ജൂഡിത്ത് ബട്ലറിനെപ്പോലുള്ളവര്‍ പറഞ്ഞു വെച്ചു. സ്ത്രീവാദവും സാമൂഹിക ചിന്തകളും ഡിജിറ്റല്‍ കാലഘട്ടത്തിലേക്കും അവിടെ നിന്ന് പോസ്റ്റ് ഹ്യൂമന്‍ സിദ്ധാന്തങ്ങളിലേക്കും വികസിച്ച കാലത്ത് മനുഷ്യന്‍/ ലിംഗപദവി തുടങ്ങിയ ആശയങ്ങള്‍ പോലും പ്രശ്നവല്‍ക്കരിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. എന്തു തന്നെയായാലും നമ്മുടെ ഔദ്യോഗിക പാഠ്യപദ്ധതികള്‍ പോലും ഇത്തരം നവീനചിന്തകളെ സ്വാംശീകരിക്കാന്‍ ബഹുദൂരം മുന്നേറേണ്ടതുണ്ട്. പാട്രിയാര്‍ക്കല്‍ ധാരണകളുടെയും ആണ്‍മേല്‍ക്കോയ്മയുടെ സ്വാഭാവികതവത്ക്കരണത്തിന്‍റെയും അശാസ്ത്രീയവും അസംബന്ധം നിറഞ്ഞതുമായ മുന്‍വിധികള്‍ പാഠ്യപദ്ധതികളില്‍ നിന്ന് അരിച്ചെടുത്തുപേക്ഷിക്കല്‍ എത്ര വലിയ പരിശ്രമമാണെന്ന് ഈ ചര്‍ച്ചകള്‍ വ്യക്തമാക്കാതിരിക്കില്ല. വൈകിയെങ്കിലും ലിംഗനീതിയെക്കുറിച്ചുള്ള ഭാഷണങ്ങള്‍ക്ക് പ്രാമുഖ്യമുള്ള അന്തരീക്ഷം കേരളത്തിലും സാധ്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസപദ്ധതികള്‍ കാലാനുസൃതവും ഭരണഘടനാനുസൃതവുമായി ലിംഗനീതിബോധ്യത്തോടെ നവീകരിക്കപ്പെടാന്‍ പോവുകയാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പ്രതീക്ഷയുളവാക്കുന്നതാണ്.
കേരളരൂപീകരണത്തിന്‍റെ അറുപത്തഞ്ചാം വര്‍ഷത്തിലെങ്കിലും ഉയര്‍ന്നുവന്ന ഈ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് 2021 നവംബര്‍ ലക്കം സംഘടിത, പാഠ്യപദ്ധതിയെ പ്രധാന ചര്‍ച്ചാവിഷയമായി സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ അവലോകനം ചെയ്യുന്ന ചരിത്രകാരനായ കെ.എന്‍.ഗണേശ് ജന്മിസമ്പ്രദായത്തിനും ജാതിവ്യവസ്ഥയ്ക്കും നാടുവാഴിത്തത്തിനുമെതിരായ പോരാട്ടങ്ങളാണ് അറിവിന്‍റെ സാര്‍വ്വത്രികതയെയും പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ച ആശയങ്ങളെയും സാമൂഹ്യമായി വളര്‍ത്തിക്കൊണ്ടു വന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. (അറിവിന്‍റെ വിനിമയം കേരളത്തില്‍-കേരള സാഹിത്യഅക്കാദമി). 1904 ല്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അയ്യങ്കാളി അത് തകര്‍ക്കപ്പെട്ട ശേഷവും വൈകാതെ, വര്‍ധിത വീര്യത്തോടെ പഞ്ചമി എന്ന ദളിത് ബാലികയുടെ കൈയും പിടിച്ച് വിദ്യാലയമുറ്റത്തേക്ക് കയറുന്ന ചിത്രം വിദ്യാഭ്യാസത്തിലെ സവര്‍ണാധിപത്യത്തോടുള്ള തീവ്രപ്രതികരണമായും വിദ്യാഭ്യാസം എന്ന മാനുഷികാവകാശത്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനമായും തന്നെ തിരിച്ചറിയപ്പെടേണ്ടതുണ്ട്. പഠിപ്പു നേടാന്‍ വേണ്ടി പണിമുടക്കാന്‍ തയ്യാറായ അടിസ്ഥാന വര്‍ഗമനുഷ്യരുടെ പ്രതിഷേധവും ഇതിന്‍റെ തുടര്‍ച്ചയാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ മതേതര രാഷ്ട്രത്തിലെ പൗരരുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കുകയും തുല്യനീതി വിഭാവനം ചെയ്യുകയും ചെയ്യുന്ന അതിപ്രധാന രേഖയാണത്.തുല്യനീതിയും വിവേചനവും പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ 14,15,17 എന്നിവയ്ക്കു പുറമേ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന വകുപ്പുകള്‍ വേറെയുമുണ്ട്. ഭരണഘടനയുടെ 45ആം വകുപ്പ് സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം മുഴുവന്‍ പൗരര്‍ക്കും ഉറപ്പ് നല്‍കുന്നു. 2005ല്‍ ബെര്‍ലിനില്‍ നടന്ന അന്താരാഷ്ട്ര ജനാധിപത്യ വിദ്യാഭ്യാസ സമ്മേളനം ജനാധിപത്യ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു.
പങ്കാളിത്തത്തിലും നീതിയിലും ജനാധിപത്യത്തിലും അടിയുറച്ചു നില്‍ക്കുന്ന ഒന്നാണ് ജനാധിപത്യവിദ്യാഭ്യാസം. അത് പഠിതാക്കളും അധ്യാപകരും തുല്യരായി പ്രവര്‍ത്തിക്കുന്ന സംവിധാനമായിരിക്കുകയും വേണം. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം, 2009 ലെ ദേശീയ അധ്യാപകവിദ്യാഭ്യാസ ചട്ടക്കൂട് എന്നീ നയരേഖകളെല്ലാം തന്നെ ജാതി/മത/ ലിംഗ/വര്‍ഗ്ഗവ്യത്യാസമില്ലാതെ മുഴുവന്‍ മനുഷ്യരെയും അഭിസംബോധന ചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ ജനാധിപത്യ ബോധവും സമഭാവനയും ശാസ്ത്രാന്വേഷണത്വരയുമുള്ള പൗരരെ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഒപ്പം അധ്യാപകരുടെ അറിവ്, തൊഴില്‍പ്രതിബദ്ധത, സമകാലിക പ്രശ്നങ്ങളോടുള്ള സംവേദനശീലം, ഭരണഘടനാമൂല്യങ്ങളിലുള്ള ധാരണ, ബോധന ശാസ്ത്രപരമായ നൈപുണികള്‍ ഇവയൊക്കെ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും ഇതിന്‍റെ ഭാഗമായി നടക്കുകയുണ്ടായി. നിലവില്‍ രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ പാഠ്യപദ്ധതി നവീകരണം, കരിക്കുലത്തിന്‍റെ ജെന്‍ഡര്‍ ഓഡിറ്റിംഗ് തുടങ്ങിയവ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ കേരളത്തിലെ സ്കൂള്‍/കോളജ്/തൊഴില്‍ വിദ്യാഭ്യാസമേഖലകളിലെ പാഠ്യപദ്ധതികളെ ചിലയിടങ്ങളില്‍ സാമാന്യമായും ചിലപ്പോഴൊക്കെ സൂക്ഷ്മമായും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് ഈ ലക്കത്തിലെ ഉള്ളടക്കം.വളരെ വിശാലമായ ഒരു ഗവേഷണമേഖലയെന്നനിലയില്‍ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തെ ഒരൊറ്റ പതിപ്പില്‍ സമഗ്രമായി ഉള്‍ക്കൊള്ളിക്കുന്നതിന് പരിമിതികളുണ്ടെങ്കിലും അത്തരമൊരു വലിയ ശ്രമമാണ് ഇത്തവണ സംഘടിത നടത്തുന്നത്. ജനാധിപത്യപരവും സാമൂഹ്യനീതിയിലും ലിംഗനീതിയിലും അധിഷ്ഠിതവുമായ വിദ്യാഭ്യാസപദ്ധതികളുടെ മികച്ച മാതൃകകളിലേക്കും അവയുടെ ആസൂത്രണത്തിലേക്കും വികസിക്കാന്‍ ഈ സംവാദങ്ങള്‍ക്ക് കഴിയണം എന്ന് കൂടി ആഗ്രഹിച്ചുകൊണ്ട് സംഘടിതയുടെ പ്രിയപ്പെട്ട വായനക്കാര്‍ക്കു മുമ്പില്‍ ഇതിലെ ലേഖനങ്ങള്‍ അവതരിപ്പിക്കുകയാണ്.
കേരളത്തിലെ സ്കൂള്‍ കരിക്കുലം തൊട്ട് (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സിലബസുകളിലടക്കം) മെഡിക്കല്‍, നിയമവിദ്യാഭ്യാസം തുടങ്ങി പോലീസ് പരിശീലപദ്ധതിയിലും കലാകായികപഠനമേഖലകളിലുമൊക്കെ പ്രകടമാവുന്ന ലിംഗവിവേചനപരവും സമഭാവനയില്ലാത്തതുമായ ഉള്ളടക്കങ്ങളെ വിമര്‍ശനപരമായി സമീപിക്കുന്നവയാണ് ഈ ലക്കത്തിലുള്ളത്.
ചില പാഠപുസ്തകങ്ങളിലെ കലാചിത്രീകരണങ്ങള്‍/ ഇല്ലസ്ട്രേഷനുകളടക്കം പഠിക്കപ്പെട്ടിട്ടുണ്ട്. കൂടെ, അധ്യാപകപരിശീലനപദ്ധതിയും അധ്യാപക മനോഭാവങ്ങളും വിമര്‍ശനവിധേയമാവുന്നുണ്ട്. ഒപ്പം പരിസ്ഥിതി വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയെക്കുറിച്ചോര്‍മ്മിപ്പിക്കുന്ന ഒരു ലേഖനവുമുണ്ട്. ലിംഗനീതിയോടൊപ്പം സാമൂഹ്യനീതിയെയും പരിസ്ഥിതിയെയും അടിസ്ഥാനമാക്കി നമ്മുടെ വിദ്യാഭ്യാസ പദ്ധതികളെ വിചാരണ ചെയ്യാന്‍ ഈ ലേഖനങ്ങള്‍ക്ക് തീര്‍ച്ചയായും കരുത്തുണ്ട്. കൂടാതെ നമ്മുടെ ഗോത്രവിദ്യാര്‍ത്ഥികളെക്കൂടി അഭിസംബോധന ചെയ്യാന്‍ തുറസ്സുള്ള ഒരു സവിശേഷ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ചുള്ള ആലോചനകളും ഇതിന്‍റെ ഭാഗമാണ്. നിലവില്‍ ലിംഗനീതിയെയും സാമൂഹ്യനീതിയെയും അടിസ്ഥാനമാക്കി പാഠ്യപദ്ധതിയില്‍ നടന്ന ചില ക്രിയാത്മകനീക്കങ്ങളും അതിന്‍റെ ഫീഡ് ബാക്കുകളുമുണ്ട്.
ഈ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രൂപം കൊണ്ട ‘മലയാളപ്പെണ്‍കൂട്ടം’ എന്ന പെണ്‍സംഘം പാഠ്യപദ്ധതിയിലെ ലിംഗനീതിയെ മുന്‍നിര്‍ത്തി വിദ്യാഭ്യാസമന്ത്രിക്കും മറ്റ് ഔദ്യോഗിക വിദ്യാഭ്യാസസംവിധാനങ്ങള്‍ക്കും നല്‍കിയ പാഠ്യപദ്ധതി നവീകരണവുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങളും നിവേദനവുമാണ് ഈ ലക്കത്തിലെ മറ്റൊരുഉള്ളടക്കം. ബഹുസ്വരസ്വഭാവമുള്ള ഒരു വലിയ പെണ്‍കൂട്ടം പൊതുജനപങ്കാളിത്തത്തോടെ കേരളസര്‍ക്കാറിനോട് ലിംഗനീതി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഈ നീക്കത്തിന് ഈ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയുണ്ട്. തങ്ങളുടെ പാഠ്യപദ്ധതികളെപ്പറ്റിയുള്ള വിദ്യാര്‍ത്ഥി പ്രതികരണങ്ങള്‍ മറ്റൊരു വീക്ഷണത്തില്‍ നിന്ന് ഈ വിഷയത്തെ സമീപിക്കാനുള്ള ശ്രമമാണ്. മലയാളത്തിലെ ശ്രദ്ധേയരും വിഷയവിദഗ്ധരുമായ ധാരാളം എഴുത്തുകാരികള്‍ക്കൊപ്പം ആദ്യമായി ഈ വിഷയത്തെ സമീപിക്കുകയും എഴുതിത്തുടങ്ങുകയും ചെയ്യുന്നവരും ഈ പ്രത്യേക പതിപ്പിന്‍റെ ഭാഗമാണെന്നത് ഈ ലക്കത്തിന്‍റെ പത്രാധിപ എന്ന നിലയില്‍ എനിക്ക് വളരെ സന്തോഷവും അഭിമാനവും നല്‍കുന്നുണ്ട്. അതില്‍പ്പലരും ഞാന്‍ കൂടി ഉള്‍പ്പെടുന്ന ‘മലയാളപ്പെണ്‍കൂട്ട’ത്തിലെ അംഗങ്ങളാണെന്നതും വളരെ ആഹ്ലാദകരമാണ്. അതിന് കാരണമാകുന്ന തരത്തില്‍ ഈ ലക്കത്തിന്‍റെ ഉത്തരവാദിത്തം വിശ്വസിച്ചേല്പിച്ച ഡോ.കെ.എം.ഷീബയോട് വലിയ നന്ദിയും സ്നേഹമുണ്ട്. ഒപ്പം അന്വേഷിയുടെയും സംഘടിതയുടെയും നേതൃസ്ഥാനത്തുള്ള ആദരണീയയായ കെ.അജിത, സംഘടിതയുടെ പത്രാധിപസമിതി അംഗങ്ങള്‍ എന്നിവരോടും കൃതജ്ഞത അറിയിക്കുന്നു. അതുപോലെ, പാഠ്യപദ്ധതി ചര്‍ച്ചാവിഷയമായ ഈ ലക്കത്തിലെ എഴുത്തുകാരായ രൂപമഞ്ജരി ഹെഗ്ഡെ, ലക്ഷ്മി ചന്ദ്രന്‍ സി.പി., വിനയ എന്‍.എ., ഡോ.എ.കെ.ജയശ്രീ, കവിതാ ബാലകൃഷ്ണന്‍, ബിലു പദ്മിനി നാരായണന്‍, നയനതാര എന്‍.ജി., എം.സുല്‍ഫത്ത്, ഹമീദ സി.കെ., അശ്വതി കുഞ്ഞുമോന്‍, ഡോ.ആരതി പി.എം., കുസുമം ജോസഫ്, മിത്ര സിന്ധു, രാഖി രാഘവന്‍, ഡോ.ലിസ പുല്‍പറമ്പില്‍, നിഷി ജോര്‍ജ്ജ്, ഡോ.ഷിംന അസീസ്, രജിതാരവി, അനുരാധ കൃഷ്ണന്‍, ജൂലി ഡി.എം., അനീഷാ ജെറാള്‍ഡ്, ദീപ ചിത്രാലയം, സുജിലാറാണി വി.എം., ആശാ സജി, ഷീനാജാനകി, ആതിര ആര്‍. എന്നിവരോടും ഈ ലക്കത്തിന്‍റെ കവര്‍പേജ് ചെയ്തു തന്ന പ്രിയകവിയും ചിത്രകാരിയുമായ ഡോണാമയൂര, ഈ പതിപ്പിലെ മറ്റുകവികളായ സിന്ധു കെ.വി.,അലീന, രേഷ്മ സി. എന്നിവരോടും വളരെ ഭംഗിയായി ഈ ലക്കത്തിന്‍റെ ലേ ഔട്ട് നിര്‍വ്വഹിച്ച സുവിജയോടും സംഘടിതയ്ക്കുവേണ്ടി സ്നേഹാദരങ്ങളും നന്ദിയും അറിയിക്കുന്നു.

 

ഡോ. സ്മിത പന്ന്യന്‍
ഹയര്‍സെക്കന്‍ഡറി അധ്യാപിക
പെരളശ്ശേരി, കണ്ണൂര്‍

COMMENTS

COMMENT WITH EMAIL: 0