തെക്ക് തെക്ക് -കിഴക്കന്‍ ഏഷ്യയിലെ സ്ത്രീകളും താവഴി സംസ്ക്കാരങ്ങളും

Homeഅതിഥിപത്രാധിപക്കുറിപ്പ്

തെക്ക് തെക്ക് -കിഴക്കന്‍ ഏഷ്യയിലെ സ്ത്രീകളും താവഴി സംസ്ക്കാരങ്ങളും

ധ്യകാലഘട്ട സാമൂതിരിയുടെ പ്രശസ്തിയാര്‍ജ്ജിച്ച തീരദേശ തുറമുഖ നഗരമായ കോഴിക്കോട് കുറ്റിച്ചിറയില്‍ ജനിച്ചു വളര്‍ന്ന വ്യക്തിയെന്ന നിലയില്‍ ഒരുപാട് കൗതുകങ്ങള്‍ ഈ പുരാതന നഗരം എന്‍റെ കണ്ണുകള്‍ക്കും മനസ്സിനും നല്‍കിയിട്ടുണ്ട്. കടല്‍ കടന്നെത്തുന്ന സ്നേഹ ബന്ധങ്ങളുടെയും പ്രതീക്ഷകളുടെയും കരുതലിന്‍റെയും സമ്പത്തിന്‍റെയും പ്രതീകമായി അറബിക്കടല്‍ മുതിര്‍ന്നവരുടെ വാക്കുകളിലും ഇവിടുത്തെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിലും നിറഞ്ഞു നിന്നിരുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആരംഭത്തിലും ഈ പട്ടണ തീരങ്ങളില്‍ അറബികളുടെയും അവര്‍ വന്ന കപ്പലുകളുടെയും സാന്നിധ്യം സാധാരണമായിരുന്നു. അതോടൊപ്പം തന്നെ തീരങ്ങളിലെ കടല്‍പ്പാലങ്ങളും പാണ്ടികശാലകളും ഈ കാലഘട്ടത്തില്‍ ഏറെക്കുറേ സജീവമായിരുന്നു. അറബികളും അവരുടെ കോഴിക്കോട്ടെ കുടുംബങ്ങളും ഈ പ്രദേശത്ത് സാധാരണമായിരുന്നു. സുന്ദരന്മാരായ അറബികള്‍ക്ക് പെണ്‍കുട്ടികള്‍ ‘വാഉന്നത്’ (കല്യാണം കഴിക്കുന്നത്) അക്കാലത്ത് സൗഭാഗ്യമായി കണ്ടു. അറബികള്‍ കല്യാണം കഴിച്ചു കൊണ്ടുപോയ സ്ത്രീകള്‍ അവരുടെ അറബിക്കുട്ടികളുമായി നാട്ടിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതും ഇവിടെ സാധാരണമായിരുന്നു. കൂടാതെ അറബികള്‍ കല്യാണം കഴിച്ച് ഉപേക്ഷിച്ച് പോയ സ്ത്രീകളും കുട്ടികളും ഇവിടെ സാധാരണമായിരുന്നു. അമ്മയുടെ കൂട്ടുകുടുംബങ്ങള്‍ക്കൊപ്പമായിരുന്നു ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നത്. സന്തോഷങ്ങളും സങ്കടങ്ങളും ഇവര്‍ കൂട്ടമായി തന്നെ പങ്ക് വച്ചു.
മധ്യേഷ്യയില്‍ നടന്ന സാമ്പത്തിക വ്യതിയാനങ്ങളുടെ ഭാഗമായി കോഴിക്കോടും അറബ് നാടുകളുമായുള്ള സമുദ്രാനന്തര വ്യാപാരം പിന്നീട് പാടേ നിലച്ചു. ഇത് വെറും വ്യാപാര ബന്ധങ്ങളുടെ നിലയ്ക്കല്‍ മാത്രമായിരുന്നില്ല നൂറ്റാണ്ടുകളായി കോഴിക്കോട് അങ്ങാടിയുമായി അറബികള്‍ നിലനിര്‍ത്തിയിരുന്ന ബന്ധുത്വങ്ങളുടെ അവസാനം കൂടിയായിരുന്നു അത്. യമന്‍, ഇറാന്‍, സൗദി അറേബ്യ, ഒമാന്‍, സോമാലിയ, യുഎഇ തുടങ്ങിയ രാജ്യക്കാരുമായാണ് ഈ പ്രദേശത്തെ സ്ത്രീകള്‍ വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
2008-ല്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ സ്ത്രീപഠനത്തില്‍ എംഫില്‍ ഗവേഷണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ‘അറബിക്കല്യാണങ്ങളും മാപ്പിള മുസ്ലിം സ്ത്രീകളും’ എന്ന വിഷയം തീരുമാനിക്കാന്‍ വേറൊന്നും തന്നെ ആലോചിക്കേണ്ടി വന്നില്ല. അറബിക്കല്യാണം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? കോഴിക്കോട് തീരത്ത് അറബിക്കല്യാണം എന്ന പ്രതിഭാസം ഉടലെടുക്കുവാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ എന്തെല്ലാം ആയിരുന്നു? അറബിക്കല്യാണം കൊണ്ട് ഈ പ്രദേശത്ത് ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ്? മാപ്പിള മുസ്ലിം സ്ത്രീകളും അറബികളും തമ്മിലുള്ള വിവാഹബന്ധം എന്ന പ്രതിഭാസത്തിന് അറുതിവരാനുള്ള കാരണങ്ങള്‍ എന്തെല്ലാം ആയിരുന്നു? തുടങ്ങിയവയായിരുന്നു ഗവേഷണ ചോദ്യങ്ങള്‍. അതുവരെ അറബിക്കല്ല്യാണത്തെപ്പറ്റി ആരും തന്നെ പഠിച്ചിട്ടുണ്ടായിരുന്നില്ല. ഇതിന്‍റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കാന്‍ ഞാന്‍ അന്ന് ഉപയോഗിച്ചത് മലബാറിനെ കുറിച്ചറിയാനുള്ള പ്രാഥമിക ചരിത്രരേഖകളായ അര്‍കൈവല്‍ രേഖകളും ഇബിന്‍ ബത്തൂത്ത, ബാര്‍ബോസ തുടങ്ങിയ അക്കാലത്തെ വിദേശസഞ്ചാരികള്‍ എഴുതിയ കുറിപ്പുകളും ആയിരുന്നു. കൂടാതെ മരുമക്കത്തായത്തെ കുറിച്ചും മലബാറിലെ മുസ്ലിംകളെ കുറിച്ചും എഴുതപെട്ട ഇംഗ്ലീഷ്, മലയാളം രചനകളും ആയിരുന്നു. മരുമക്കത്തായം കാലാന്തരത്തില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ചുരുക്കം ചില സ്ത്രീപക്ഷ എഴുത്തുകള്‍ ഒഴിച്ചാല്‍ ഒട്ടു മിക്ക പഠനങ്ങളും അര്‍കൈവല്‍ രേഖകളും പുരുഷന്മാരുടെ അഭിപ്രായങ്ങളെ മാത്രമാണ് പ്രധിനിധീകരിക്കുന്നതെന്നു അന്ന് മനസ്സിലായി. പ്രത്യേകിച്ചും പുരുഷന്മാര്‍ എഴുതിയ മാപ്പിള ചരിത്രഗ്രന്ഥങ്ങളും മറ്റും അറബിക്കല്യാണം എന്ന പ്രതിഭാസത്തെ പറ്റി ഗഹനമായി എഴുതിയിരുന്നില്ല. സാമൂഹിക ഉന്നമന പ്രസ്ഥാനങ്ങളുടെ കാലഘട്ടത്തില്‍ എഴുതിയ ഇത്തരം ഗ്രന്ഥങ്ങള്‍ സമുദായ മഹിമയെ ഉത്ഘോഷിക്കുന്നവയായിരുന്നു. അതുകൊണ്ട് തന്നെ കോഴിക്കോട്ടെ മാപ്പിളമാരെപ്പറ്റിയുള്ള നിലവിലുള്ള പഠനങ്ങള്‍ അപൂര്‍ണ്ണം എന്ന് തന്നെ പറയേണ്ടി വരും. സമൂഹത്തിന്‍റെ വലിയൊരു ഭാഗമായ സ്ത്രീകളുടെ അനുഭവങ്ങള്‍ ഇല്ലാത്ത ചരിത്രത്തെ എങ്ങിനെയാണ് ചരിത്രമെന്ന് വിളിക്കുന്നത്? ഒരു ചരിത്രഗവേഷക എന്ന നിലയില്‍ എന്നെ പലപ്പോഴും അലട്ടിയ ചോദ്യമായിരുന്നു ഇത്.
അറിവുല്‍പാദനത്തില്‍/വിജ്ഞാനനിര്‍മ്മാണ പ്രക്രിയയില്‍ പലപ്പോഴും പുരുഷന്‍റെ അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കുമാണ് പ്രാധാന്യം നല്‍കപ്പെടുന്നത്. അവിടെ പുരുഷാധിപത്യ കാഴ്ചപാടില്‍ നിന്നും മോചിതരല്ലാത്ത പുരുഷന്മാരാണ് അറിവുശേഖരിക്കുന്നതും രേഖപെടുത്തുന്നതും. ഇതില്‍ സ്ത്രീകളുടെ അറിവ്/അനുഭവം ഉള്‍കൊള്ളിക്കുന്നില്ല എന്നത് നൂറ്റാണ്ടുകളായി പുരുഷാധിപത്യ ഞ്ജാനവ്യവസ്ഥ കൈക്കൊള്ളുന്ന രീതിയണ്. പലപ്പോഴും സ്ത്രീകളുമായി ബന്ധപെട്ട് കിടക്കുന്ന ഒരു വിഷയം മനസ്സിലാക്കാന്‍ ചരിത്രരേഖകള്‍ പര്യാപ്തമല്ല എന്നിടത്ത് തന്നെ ഇവ പഠിക്കപ്പെടുന്നതിനാവശ്യമായ രീതിശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമായ കാര്യമാണ് എന്ന് അന്ന് മനസിലാക്കി. അതിനാല്‍ത്തന്നെ അറബിക്കല്യാണവും കാലങ്ങളായി ഈ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളും ഈ മാറിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ എങ്ങിനെ അതിജീവിക്കുന്നു എന്നതും സ്ത്രീകളുടെ തന്നെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നോക്കി കാണേണ്ടതുണ്ട് എന്ന ഉള്‍ക്കാഴ്ചയോടുകൂടിയാണ് സ്ത്രീകളുമായുള്ള അഭിമുഖങ്ങളിലൂടെ അറബിക്കല്യണങ്ങളുടെ വാമൊഴിചരിത്രം എഴുതാന്‍ അന്ന് ശ്രമം നടത്തിയത്.
പക്ഷെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള ഇടപെടലുകളായിരുന്നു ഹൈദരാബാദ് സര്‍വകാലശാലയിലെ സ്ത്രീപഠന വകുപ്പിലെ ചില അദ്ധ്യാപകരില്‍ നിന്നും നേരിട്ട പ്രതികരണം. വ്യപാരത്തിന്‍റെ ഭാഗമായി ഉത്ഭവിച്ച അറബി-മാപ്പിളസ്ത്രീ ബന്ധം ഒരു ‘ഫ്ലെഷ് ട്രൈഡ്’ ആയി കാണുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നതായിരുന്നു അവരുടെ വാദം. സാമൂഹിക സാഹചര്യങ്ങളെയും ചരിത്രവിശകലനങ്ങളെയും അടര്‍ത്തി മാറ്റി വിക്ടോറിയന്‍ വ്യവസ്ഥാപിത വിവാഹങ്ങളുടെ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട് സ്ത്രീയുടെ ലൈംഗികതയെ ചൂഷണം ചെയ്യുന്ന ഒരു ഏര്‍പ്പാടായി മാത്രമായാണ് അവരതിനെ കണ്ടത്.
അറബിക്കല്ല്യാണം മലബാര്‍ തീരത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മാതൃപാര്യമ്പര്യത്തിന്‍റെയും അറേബ്യന്‍ മണലാരണ്യങ്ങളില്‍ നിലനിന്നിരുന്ന മാതൃപാരമ്പര്യ രീതികളുടെയും സംഗമമായിരുന്നു. ഇരുദേശങ്ങളിലും ഇത്തരം വിവാഹബന്ധങ്ങള്‍ വഴി ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ കുടുംബസ്വത്ത് ആയാണ് കണക്കാക്കപ്പെടുന്നത്. അവരെ നോക്കി വളര്‍ത്തേണ്ട ചുമതല അമ്മകുടുംബത്തിന്‍റെ കൂട്ടായ ചുമതല ആയിരുന്നു, പ്രത്യേകിച്ചു മാതൃസഹോദരന്‍റെ. വിവാഹബന്ധം വേണ്ടെന്നു വയ്ക്കാനും വേറെ വിവാഹത്തില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് കഴിയുമായിരുന്നു. അറബ് വ്യാപാരികള്‍ ഗുജറാത്ത് തീരങ്ങളിലും, ശ്രീലങ്കയിലും, ഇന്തോനേഷ്യയിലും തായ്ലാണ്ടിലും സമാന രീതിയിലുള്ള വിവാഹങ്ങള്‍ നടത്തിയതായി പഠനങ്ങള്‍ ഉണ്ട്. ഈ പ്രദേശങ്ങളില്‍ ഒക്കെ തന്നെ താവഴി സംസകാരങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. നായര്‍ മരുമക്കത്തായത്തിലെ സംബന്ധം എന്ന സമ്പ്രദായം എത്രത്തോളം പാശ്ചാത്യ/സ്വദേശ പുരുഷ വിമര്‍ശനങ്ങള്‍ക്ക് ഹേതുവായിട്ടുണ്ടോ അതുപോലെ തന്നെ അറബിക്കല്ല്യാണവും ആധുനിക കാലഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ് ചെയ്തത്. ആധുനിക ചിന്താഗതിക്കാരായ മാപ്പിള മുസ്ലിം സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം വിവാഹങ്ങളെ ശക്തിയുക്തം എതിര്‍ത്ത് കളിയാക്കി. അറബിക്കല്ല്യാണവുമായി ബന്ധപെട്ട സ്റ്റീരിയോടൈപ്പ് പ്രകടമാക്കുന്നതിനു ഉദാഹരണമാണ് അന്ന് ചിട്ടപെടുത്തിയ ഒരു മാപ്പിളഗാനം ‘കോഴിക്കോട്ടെ കടപ്പുറത്തടുത്തുന്നു സുഹറബീവിയെ അറബി കെട്ടി. കിളവന്‍ അറബിയുടെ കള്ളതാടി കണ്ടിട്ട് പടച്ചോനെ പെണ്ണിന്‍റെ ഖല്‍ബ് പൊട്ടി’.
മേല്‍പ്രസ്താവിച്ച പോലെ താവഴി സംസ്കാരങ്ങളെ ആധുനികതയുടെ അളവുകോല്‍ കൊണ്ട് അളക്കാനും നോക്കി കാണാനും ആണ് മിക്ക സാമൂഹികപ്രവര്‍ത്തകരും യാഥാസ്ഥിതിക സാമൂഹികശാസ്ത്രജ്ഞന്മാരും അക്കാദമിക മേഖലയിലെ ചില സ്ത്രീകളും ശ്രമിച്ചത്. ചരിത്രവിരുദ്ധമായ ഇത്തരം ബോധങ്ങളെ പുനര്‍വിചിന്തനം ചെയ്യേണ്ടത് അനിവാര്യമായ ഒന്നാണ് എന്ന് കരുതികൊണ്ടാണ് തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലകളിലെ സ്ത്രീകളും താവഴിപാര്യമ്പര്യവും എന്ന പേരില്‍ ലേഖനങ്ങള്‍ സമാഹാരിച്ചത്. മാട്രിലിനി എന്നാല്‍ നായര്‍ മരുമക്കത്തായവും മാപ്പിള മരുമക്കത്തായവുമാണ് അതും തറവാട്, സ്വത്ത് എന്നുള്ള വ്യവഹാരങ്ങള്‍ക്കുള്ളില്‍ നിന്നു മാത്രമേ നമുക്ക് താവഴിസംസ്കാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ എന്നൊക്കെയുള്ള പല വ്യവസ്ഥാപിത ധാരണകളെ തച്ചുടയ്ക്കുന്ന തരത്തിലുള്ളതാണ് ഇതിലുള്ള ലേഖനങ്ങള്‍.
തെക്ക്-തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പ്രബലമായിരുന്ന മാതൃപാരമ്പര്യങ്ങളെയും അതിലെ ദായകക്രമങ്ങളും മറ്റും മലയാളത്തില്‍ അവതരിപ്പിക്കുന്ന ഇരുപത്തിയാറു ലേഖനങ്ങളാണ് ഈ ലക്കം സംഘടിതയിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഈ മേഖലയില്‍ പഠനങ്ങളും അന്വേഷണങ്ങളും അനുഭവങ്ങളും ഉള്ള പെണ്‍കൂട്ടമാണ് ഇത് യാതര്‍ത്യമാക്കിയത്. ഇന്തോനേഷ്യയിലെ മീനങ്കാവ് താവഴിക്രമം മുതല്‍ ലക്ഷദ്വീപിലെ താവഴിക്രമം വരെ അന്വേഷിക്കുന്ന വ്യത്യസ്ഥ മത ജാതി വര്‍ഗ്ഗങ്ങള്‍ക്കിടയിലെ വൈവിധ്യമാര്‍ന്ന മാതൃദായ ക്രമങ്ങളെ വിശദീകരിക്കുന്ന പഠനങ്ങളും അനുഭവങ്ങളും തീര്‍ത്തും പുതുമയുള്ളതും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നതുമാണ്. കേരളത്തിലെയും മറ്റ് പ്രദേശങ്ങളിലേയും താവഴികളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ ഇംഗ്ലീഷില്‍ വന്നിട്ടുണ്ട്. ഇതിലെ പല എഴുത്തുകാരും അത്തരം സംരംഭങ്ങളില്‍ ഭാഗവുമാണ്. അവരെയൊക്കെ ഒരുകുടക്കീഴില്‍ മലയാളത്തില്‍ എത്തിക്കുക എന്ന ശ്രമം കൂടി വിജയിച്ചു എന്നതാണ് ഈ ലക്കം അതിഥിപത്രധിപയായി നിര്‍വഹിക്കുമ്പോള്‍ തോന്നുന്നത്. അതിനാല്‍ തന്നെ മലയാളത്തില്‍ വിവിധ സമൂഹങ്ങളിലെ താവഴിക്രമങ്ങളുടെ വേരന്വേഷിക്കുന്ന ഒരു സമാഹാരം അത്യധികം ഉത്സാഹവും ഉണര്‍വുമാണ് ഒരു ഗവേഷക എന്നതരത്തിലും അധ്യാപിക എന്ന തരത്തിലും സമ്മാനിക്കുന്നത്. സംഘടിത ഇതിന് അവസരം നല്‍കുമ്പോള്‍ തുറക്കുന്നത് ബോധപൂര്‍വം വിസ്മൃതിയില്‍ ആഴ്താന്‍ ശ്രമിക്കുന്ന നമ്മുടെ വര്‍ത്തമാന ചരിത്രമാണ് എന്നതില്‍ തര്‍ക്കമില്ല.
വരേണ്യ വ്യവസ്ഥാപിത അക്കാദമിക മേഖല അവഗണിച്ച പല ഘടകങ്ങളും ഈ ലക്കത്തില്‍ ചേര്‍ത്ത് വയ്ക്കാന്‍ സാധിച്ചു എന്നതില്‍ തന്നെ നിറഞ്ഞ ചാരിധാര്‍ത്ഥ്യം നല്‍കുന്നുണ്ട്. ലേഖന സമാഹരണ പ്രക്രിയകളും വിവര്‍ത്തനങ്ങളും തികച്ചും വെല്ലു വിളികള്‍ നിറഞ്ഞതായിരുന്നു. ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ ലേഖനങ്ങള്‍. വെല്ലുവിളികളുടെ മദ്ധ്യത്തില്‍ ലേഖനങ്ങള്‍ തന്നു സഹായിച്ച ഈ ലക്കം സംഘടിതയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്കും വിവര്‍ത്തകാര്‍ക്കും മറ്റു വിലപ്പെട്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്ത അനു ഉഷ, കെ. പി. ഗിരിജ, ഗൗരി എം. കെ., സഫിയസീ സീ. കെ., ശ്രീദേവി, ഷീബ എന്‍. കെ., ജ്യോത്സ്ന കെ. വൈ., സിദ്ദിക്ക് ആര്‍., ഷഹല റഫീക്ക്, റഹിയ ബക്കര്‍, സമീര്‍ ഡയാന, രാജലക്ഷ്മി, സുവിജ കെ. തുടങ്ങിയവര്‍ക്ക് ഞാന്‍ എന്‍റെ ഹൃദയംഗമായ നന്ദി രേഖപെടുത്തുന്നു. നിറഞ്ഞ ക്ഷമയും വിശ്വാസവും എന്നില്‍ അര്‍പ്പിച്ചതിനു സംഘടിതയുടെ എഡിറ്റര്‍ ബഹുമാന്യ ഡോ. ഷീബ കെ. എമ്മിനു ഞാന്‍ എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹം രേഖപെടുത്തുന്നു. അന്വേഷിയും അവിടുത്തെ പെണ്ണുങ്ങളും ഇല്ലാതെ സംഘടിത എന്ന ഇടം സാധ്യമല്ല എന്ന തിരിച്ചറിവോടെ അജിതേച്ചിക്കും അന്വേഷിയിലെ എന്‍റെ പ്രിയപ്പെട്ടവര്‍ക്കും സംഘടിതയുടെ പ്രിയ വായനക്കാര്‍ക്കും, എന്‍റെ ആയിഷമാമയ്ക്കും വരും തലമുറയ്ക്കും, ഞാന്‍ ഈ ലേഖന സമാഹാരങ്ങള്‍ സമര്‍പ്പിക്കുന്നു.

 

 

 

 

 

ഹമീദ സി. കെ.
കോഴിക്കോട്
സര്‍വകലാശാലയിലെ
സ്ത്രീ പഠന
വിഭാഗം അധ്യാപിക

 

 

 

 

 

 

.

COMMENTS

COMMENT WITH EMAIL: 0