അതിഥിപത്രാധിപകുറിപ്പ്

Homeഅതിഥിപത്രാധിപക്കുറിപ്പ്

അതിഥിപത്രാധിപകുറിപ്പ്

ന്ത്യയിലെ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിച്ച് ക്രോഡീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ ഒരു പ്രസ്ഥാനം ഉയര്‍ന്നുവന്നിരിക്കുകയാണ്. മുസ്ലിം സ്ത്രീകളുടെ മുന്‍കൈയിലാണ് അങ്ങനെയൊരാവശ്യം ഉയര്‍ന്നുവന്നത് എന്ന പ്രത്യേകതയും ആ പ്രസ്ഥാനത്തിന് ഉണ്ട്.

ഇന്ത്യയിലെ മുസ്ലിം പിന്തുടര്‍ച്ചാവകാശം 1937 ലെ മുസ്ലിം വ്യക്തിനിയമം ശരീ-അത്ത് ആക്ട് പ്രകാരമാണ്. പുരുഷനാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന ആണ്‍കോയ്മാബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് മുസ്ലിം വ്യക്തിനിയമത്തിലെ പിന്തുടര്‍ച്ചാവകാശങ്ങള്‍. അടിസ്ഥാനപരമായി എല്ലാ മതങ്ങളും ഇതേ ആണ്‍കോയ്മാബോധമാണ് പിന്തുടരുന്നതെങ്കിലും ഇന്ത്യയിലെ ഇതര മതങ്ങളുടെ വ്യക്തി നിയമങ്ങളില്‍ പരിഷ്കരണവും ക്രോഡീകരണവും നടന്നിട്ടുണ്ട്. മത പൗരോഹിത്യത്തിന്‍റെ ശക്തമായ എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് ഇന്ത്യയില്‍ ഹിന്ദുവ്യക്തിനിയമങ്ങള്‍ പരിഷ്ക്കരിച്ച് സ്ത്രീകള്‍ക്ക് സ്വത്തവകാശം ലഭിച്ചതെങ്കില്‍, മേരി റോയ് നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ക്രിസ്ത്യന്‍സ്ത്രീകള്‍ക്ക് കുടുംബത്തില്‍ പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശത്തിലെ തുല്യനീതിക്കു വേണ്ടിയുള്ള ശബ്ദ്ങ്ങള്‍ ഉയര്‍ന്നുവരുമ്പോഴൊക്കെ ഇന്ത്യന്‍ ശരീഅത്ത് ആക്ട് ദൈവദത്തമായ ഒന്നാണെന്നും അതിനെ പരിഷ്കരിക്കാനോ ക്രോഡീകരിക്കാനും മാനവികമായ ഭരണകൂടങ്ങള്‍ക്കും കോടതികള്‍ക്കും അധികാരമില്ലെന്ന വാദവുമായി മതപൗരോഹിത്യവും മതസംഘടനകളും ചേര്‍ന്ന് സമുദായത്തെ നിശ്ശബ്ദമാക്കുകയാണ് ചെയ്തിട്ടുള്ളത്. പാഴ്സി നിയമപണ്ഡിതനായ ഡി.എഫ്.മുള്ള 1937ല്‍ എഴുതപ്പെട്ട മുഹമ്മദന്‍നിയമത്തിന്‍റെ തത്വങ്ങള്‍ (Principles of Mahomedan Law)എന്ന ഗ്രന്ഥത്തിലെ മുന്നൂറ്റി എഴുപത്തഞ്ചോളം വകുപ്പുകള്‍, മതഗ്രന്ഥങ്ങളിലെയും ഹദീസുകളിലെയും ചില പരാമര്‍ശങ്ങള്‍, മുഗള്‍ ഭരണകാലത്തും തുടര്‍ന്നും ഉണ്ടായിട്ടുള്ള കോടതി വിധികള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതും ക്രോഡീകരിക്കേണ്ടതും കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഗോത്രവര്‍ഗ്ഗ സാമൂഹ്യവ്യവസ്ഥിതിയില്‍ നിന്ന് ഏറെ മാറിയ ആധുനിക സാമൂഹ്യവ്യവസ്ഥിതിയില്‍ സ്ത്രീയുടെ സംരക്ഷണ ഉത്തരവാദിത്വം പുരുഷനാണെന്ന വാദം തന്നെ അപ്രസക്തമാണ്. 1937 ലെ മുസ്ലിം പിന്തുടര്‍ച്ചാവകാശത്തിന്‍റെ കാഴ്ചപ്പാടില്‍ നിന്ന് ആധുനിക കുടുംബങ്ങളും ആധുനിക സ്ത്രീപുരുഷന്മാരും വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. മറ്റ് മതങ്ങളിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളില്‍ മാതാപിതാക്കളുടെ എല്ലാ മക്കളും തുല്യരാണ്. എന്നാല്‍ ആണിന് കിട്ടുന്നതിന്‍റെ പകുതി സ്വത്തിന് മാത്രം പെണ്ണിന് അവകാശമുള്ള മുസ്ലിം പിന്തുടര്‍ച്ചയില്‍ ട്രാന്‍സ് വ്യക്തികളുടെ പദവി ഏതെന്ന് ഇനിയും നിര്‍വചിക്കേണ്ടിയിരിക്കുന്നു. ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാ മനുഷ്യരും തുല്യരാണെന്നും തുല്യമായ പദവികളും നീതിയും തങ്ങളുടെ അവകാശമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് മാനവികതയെ കുറിച്ചും സമത്വത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുകയും ലോകത്താകമാനം അതിനായി നിയമനിര്‍മ്മാണങ്ങള്‍ നടക്കുകയും ചെയ്യുമ്പോഴാണ് ഇസ്ലാം മതത്തില്‍ മാത്രം സ്ത്രീകള്‍ക്ക് പിന്തുടര്‍ച്ചാവകാശത്തില്‍ നീതി നിഷേധിക്കപ്പെടുന്നത്. പെണ്‍മക്കള്‍ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്ത് സംരക്ഷണ ഉത്തരവാദിത്വത്തിന്‍റെ പേരില്‍ മാതാപിതാക്കളുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടി വരുന്നതും മാതാപിതാക്കളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അനാഥരാകുന്ന മക്കള്‍ക്കോ മരിച്ചയാളുടെ പങ്കാളിക്കോ മരിച്ചയാളുടെ മാതാപിതാക്കളുടെ സ്വത്ത് പിന്തുടര്‍ച്ചയായി ലഭിക്കുന്നത് നിഷേധിക്കപ്പെടുന്നതും മരിച്ചുപോയ മക്കളുടെ സ്വത്തില്‍ പിതാവിന് കിട്ടുന്നതിന്‍റെ പകുതി മാത്രം മാതാവിന് കിട്ടുന്നതും ഇതേ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ നീതികേടുകളില്‍ ചിലതാണ്. നീതി തേടി കോടതിയില്‍ പോയാല്‍ പോലും പരിഷ്കരിക്കുകയോ ക്രോഡീകരിക്കപ്പെടുകയോ ചെയ്യാത്ത ഈ നിയമം തന്നെ ബാധകമാകുന്ന ദുര്‍വിധിയാണ് ഉള്ളത്.

ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് (FWGJ) എന്ന പേരില്‍ കേരളത്തില്‍ ഒരു കൂട്ടായ്മ രൂപം കൊള്ളുന്നത് ദീര്‍ഘകാല ആലോചനകളുടെയോ ചര്‍ച്ചകളുടെയോ ഒന്നും തുടര്‍ച്ചയായിട്ടല്ല. പിന്തുടര്‍ച്ചാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് ഒരു സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (SLP9546 /2016) സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഖുര്‍-ആന്‍ സുന്നത്ത് സൊസൈറ്റി കൊടുത്ത കേസില്‍ ഹ്യൂമനിസ്റ്റ് സെന്‍റര്‍, നിസ എന്നീ സംഘടനകളും സി.വി. അബ്ദുല്‍സലാം എം.സി. റാബിയ എന്നീ വ്യക്തികളും കക്ഷി ചേര്‍ന്നിട്ടുള്ള കേസാണത്. കേസില്‍ കേരള സര്‍ക്കാരിനോട് സുപ്രിം കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ ഇസ്ലാമിലെ യാഥാസ്ഥിതികരായ ചില ആണ്‍ മതനേതൃത്വങ്ങളെ വിളിച്ചുചേര്‍ത്ത് അഭിപ്രായം ആരാഞ്ഞ സന്ദര്‍ഭത്തിലാണ് നിസ പ്രസിഡന്‍റ് വി.പി.സുഹ്റ ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നതും ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന സംഘടന രൂപം കൊള്ളുന്നതും. പൗരോഹിത്യത്തോട് ഏറ്റുമുട്ടാന്‍ ശേഷിയില്ലാത്തതുകൊണ്ട് നിശബ്ദമായി അനീതി ഏറ്റുവാങ്ങുന്നവര്‍, മതശാസനയെ മറികടക്കാന്‍ ആചാര വിവാഹത്തിന് പുറത്ത് സ്പെഷ്യല്‍ മേരേജ് ആക്ട് വഴി വിവാഹം രജിസ്റ്റര്‍ ചെയ്ത് പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉറപ്പിക്കുന്നവര്‍, പെണ്‍മക്കള്‍ക്കും ഭാര്യക്കും സ്വത്തു വിറ്റതായി രേഖയുണ്ടാക്കുന്നവര്‍, (ശരിയത്ത് പ്രകാരം മൂന്നിലൊന്ന് സ്വത്ത് മാത്രമേ ദാനാധാരം എഴുതാന്‍ അനുവദിക്കുന്നുള്ളൂ) കുടുംബ ബന്ധങ്ങള്‍ ശിഥിലമാവാതിരിക്കാന്‍ നിസ്സഹായരായി നീതി നിഷേധത്തിന്‍റെ ദുരിതം പേറുന്നവര്‍, ദൈവഭയം കൊണ്ട് അനീതിയെ നീതിയായി അംഗീകരിക്കുന്നവര്‍ എന്നിവരൊക്കെ ഈ സമുദായത്തില്‍ ഉണ്ടെന്നുള്ള തിരിച്ചറിവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.

മറ്റെല്ലാ മതങ്ങളിലെയും വ്യക്തി നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. ശക്തമായ എതിര്‍പ്പുകളെ നേരിട്ടു കൊണ്ടാണ് അതതു മതങ്ങളില്‍ പരിഷ്കരണങ്ങള്‍ നടന്നത്. മുസ്ലിം വ്യക്തി നിയമങ്ങളും ആ രീതിയില്‍ പരിഷ്കരിച്ച് ക്രോഡീകരിക്കപ്പെടേണ്ടതുണ്ട് .അത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇന്ത്യയില്‍ മറ്റെല്ലാ മതങ്ങളിലും പരിഷ്കരണങ്ങള്‍ നടന്നത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കികൊണ്ടല്ല. ഇസ്ലാം മതത്തിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങളും പരിഷ്ക്കരിക്കാന്‍ ഏകീകൃത സിവില്‍ കോഡിന്‍റെ ആവശ്യവുമില്ല. തുല്യനീതിയില്‍ അധിഷ്ഠിതമായി ഇന്ത്യയിലെ മുസ്ലിം പിന്തുടര്‍ച്ചാവകാശം പരിഷ്ക്കരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സംഘടിതയുടെ ഈ ലക്കം ഈ വിഷയത്തിലുള്ള ഒരു ചര്‍ച്ചയാണ്.

സുല്‍ഫത്ത് എം.
റിട്ട.പ്രധാനധ്യാപിക
സാമൂഹ്യപ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0